“എറുമ്പിന്റെ അടുക്കലേക്കു പോകുക”
“മടിയാ, എറുമ്പിന്റെ അടുക്കലേക്കു പോകുക” എന്ന് ശലോമോൻരാജാവ് എഴുതി. “അതിന്റെ വഴികൾ കാണുകയും ജ്ഞാനിയായിത്തീരുകയും ചെയ്യുക.” മടിയനായ ആൾക്ക്—അങ്ങനെ ഏതൊരാൾക്കും—എറുമ്പിൽനിന്ന് എന്തു പഠിക്കാൻ കഴിയും? ശലോമോൻ ഇങ്ങനെ തുടർന്നു: “അതിന് അധിപതിയോ തലവനോ ഭരണാധിപതിയോ ഇല്ലെങ്കിലും അത് വേനലിൽത്തന്നെ അതിന്റെ ആഹാരം തയ്യാറാക്കുന്നു; അത് കൊയ്തുകാലത്തുതന്നെ ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ചിരിക്കുന്നു.”—സദൃശവാക്യങ്ങൾ 6:6-8.
ജ്ഞാനിയായ ശലോമോൻ പ്രത്യക്ഷത്തിൽ കൊയ്ത്തുകാരൻ എറുമ്പിനെ (ധാന്യങ്ങൾ ശേഖരിക്കുന്ന ഒരിനം എറുമ്പ്) പരാമർശിക്കുകയായിരുന്നു. മററനേകം സ്ഥലങ്ങളിലെപ്പോലെ, ഇസ്രായേലിൽ, ഒരു കൊയ്ത്തുകാരൻ എറുമ്പ് അതിന്റെതന്നെ വലിപ്പമുള്ള ഒരു വിത്തും വഹിച്ചുകൊണ്ട് ബദ്ധപ്പെട്ട് അങ്ങുമിങ്ങും നടക്കുന്നത് സാധാരണകാഴ്ചയാണ്. (മുകളിൽ ഇടത്ത് കാണുക) ശേഖരിക്കപ്പെടുന്ന ഭക്ഷ്യം അത് മണ്ണിനടിയിലെ സംഭരണസ്ഥലത്തേക്ക് കൊണ്ടുപോകുന്നു.
മണ്ണിനടിയിലായതുകൊണ്ട് “ധാന്യപ്പുര”ക്ക് മഴക്കാലത്ത് തീർത്തും നനവുള്ളതായിത്തീരാൻ കഴിയും. ശ്രദ്ധിച്ചില്ലെങ്കിൽ വിത്തുകൾ മുളക്കുകയോ പുപ്പുപിടിക്കുകയോ ചെയ്യും. അതുകൊണ്ട് എറുമ്പുകൾക്ക് കൂടുതലായ ജോലി ചെയ്യേണ്ടതുണ്ട്. സൂര്യൻ വെളിക്കുവന്നാലുടനെ വേലക്കാരൻ എറുമ്പ് തുറസ്സായ വായുവിൽ വിത്തുകൾ ഉണക്കിയെടുക്കുന്നതിന് അവയെ ഉപരിതലത്തേക്കു കൊണ്ടുവരുന്നു. (മുകളിൽ കാണുക) സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് എറുമ്പുകൾ സകല വിത്തുകളും തിരിച്ചുകൊണ്ടുപോകേണ്ടിയിരിക്കുന്നു. ചില എറുമ്പുകൾ വിത്തുകൾ ശേഖരിച്ചാലുടനെ അല്ലെങ്കിൽ അവ മുളച്ചുതുടങ്ങുമ്പോൾ അവയുടെ മുളഭാഗം കടിച്ചുകളയാൻതക്കവണ്ണം സാമർത്ഥ്യമുള്ളവയാണ്.
എറുമ്പിന്റെ ജോലി ഭക്ഷ്യം ഒരുക്കുന്നതോടെ അവസാനിക്കുന്നില്ല. അവക്ക് കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്ന ജോലിയുമുണ്ട്. ഒതുങ്ങിയ പടലകളായി മുട്ടകൾ നിക്ഷേപിക്കണം. വിരിയുന്ന മുട്ടകളിൽനിന്നുള്ള ലാർവാകളെ തീററണം. പൂപ്പാകളെ പരിചരിക്കണം. ചില എറുമ്പുകൾ എയർകണ്ടീഷനിംഗ്സേവനങ്ങൾ പോലും പ്രദാനംചെയ്യുന്നു. പകൽസമയത്ത് ചൂടേറിവരുമ്പോൾ അവ പൂപ്പാകളെ കൂട്ടിലെ ആഴമേറിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്നു. സന്ധ്യാതണുപ്പ് ആഗതമാകുമ്പോൾ അവ പൂപ്പാകളെ തിരിച്ചുകൊണ്ടുവരുന്നു. ജോലി ധാരാളം, അല്ലേ?
കോളണി വളരുമ്പോൾ പുതിയ മുറികൾ നിർമ്മിക്കണം. വേലക്കാരായ എറുമ്പുകൾ മണ്ണു കുഴിക്കാനും പുറത്തുകൊണ്ടുപോകാനും അവയുടെ താടി ഉപയോഗിക്കുന്നു. ഒരു മഴപെയ്ത് മണ്ണിന് മാർദ്ദവമുള്ളപ്പോഴാണ് അവ സാധാരണയായി ഇതു ചെയ്യുന്നത്. അവ അവയുടെ സിവിൽ എൻജിനിയറിംഗ് പദ്ധതികൾക്കുവേണ്ടി മണ്ണ് “ഇഷ്ടികകളാ”യും വാർത്തെടുക്കുന്നു—അവയുടെ ഭൂഗർഭ തുരങ്കങ്ങൾക്കും അറകൾക്കും ചുവരുകളും സീലിംഗും നിർമ്മിക്കാൻതന്നെ.
എറുമ്പുകൾ ഇതു ചെയ്യുന്നത് “അധിപതിയോ തലവനോ ഭരണാധിപതിയോ” ഇല്ലാതെയാണ്. രാജ്ഞിയെ സംബന്ധിച്ചെന്ത്? അവൾ യാതൊരു ആജ്ഞയും കൊടുക്കുന്നില്ല. അവൾ മുട്ടയിടുക മാത്രമേ ചെയ്യുന്നുള്ളു. കോളണിയുടെ മാതാവ് അവളാണെന്നുള്ള അർത്ഥത്തിലാണ് അവൾ രാജ്ഞിയായിരിക്കുന്നത്. (മുകളിൽ കാണുക.) എറുമ്പുകളെ പരിശോധിക്കാൻ മേലാവോ തള്ളിവിടാൻ ഫോർമാനോ ഇല്ലെങ്കിൽപോലും അവ അക്ഷീണം ജോലിചെയ്തുകൊണ്ടിരിക്കുന്നു. ഒരു എറുമ്പ് രാവിലെ ആറുമണി മുതൽ രാത്രി പത്തു മണി വരെ ജോലിചെയ്യുന്നതായി കാണപ്പെട്ടു!
എറുമ്പിനെ നിരീക്ഷിക്കുന്നതിൽനിന്ന് നിങ്ങൾക്ക് ഒരു പാഠം പഠിക്കാൻ കഴിയുമോ? നിങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ കഠിനവേല ചെയ്യുകയും നിങ്ങളുടെ വേല മെച്ചപ്പെടുത്താൻ കഠിനശ്രമംചെയ്യുകയും ചെയ്യുന്നുവോ? (സദൃശവാക്യങ്ങൾ 22: 29) നിങ്ങളുടെ മുതലാളി ശ്രദ്ധിക്കുന്നില്ലെങ്കിലും ഒടുവിൽ നിങ്ങൾക്ക് പ്രതിഫലം ലഭിക്കും. നിങ്ങൾക്ക് ശുദ്ധമായ ഒരു മനഃസാക്ഷിയും വ്യക്തിപരമായ സംതൃപ്തിയും ആസ്വദിക്കാൻ കഴിയും. ശലോമോൻ നിരീക്ഷിച്ചതുപോലെ “സേവിക്കുന്ന ഒരുവൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം മധുരമാണ്.”—സഭാപ്രസംഗി 5:12.
എറുമ്പിൽനിന്ന് നമുക്കു പഠിക്കാവുന്നത് അതു മാത്രമല്ല. സഹജജ്ഞാനത്താലാണ് എറുമ്പുകൾ കഠിനവേല ചെയ്യുന്നത്. യഥാർത്ഥത്തിൽ, ചില എറുമ്പുകൾ മററുള്ളവ പിന്നിൽ തെളിച്ചിട്ട പാതയിലൂടെ അന്ധമായി പിന്തുടരുന്നത് കാണപ്പെടുന്നു. അവ ഒരു വൃത്തത്തിൽ ചുററിച്ചുററിക്കറങ്ങുകയും ഒടുവിൽ വീണുചാകുകയും ചെയ്യുന്നു.
നിങ്ങൾ എല്ലായ്പ്പോഴും തിരക്കോടെ വട്ടംകറങ്ങുന്നതായും എങ്ങും എത്തുപെടാതിരിക്കുന്നതായും വിചാരിക്കുന്നുവോ? അങ്ങനെയെങ്കിൽ നിങ്ങളുടെ കഠിനവേലയുടെ ഉദ്ദേശ്യം പരിശോധിക്കുന്നതും നിങ്ങളുടെ ലക്ഷ്യങ്ങളുടെ യഥാർത്ഥ മൂല്യം തിട്ടപ്പെടുത്തുന്നതിനുമുള്ള സമയമാണത്. ശലോമോൻരാജാവിന്റെ ജ്ഞാനോപദേശം ഓർക്കുക: “സത്യദൈവത്തെ ഭയപ്പെടുകയും അവന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുക. എന്തെന്നാൽ മമനുഷ്യന്റെ മുഴുകടപ്പാടും ഇതാണ്.”—സഭാപ്രസംഗി 12:13. (g90 6⁄8)