“ഉറുമ്പിന്റെ അടുക്കൽ ചെല്ലുക”
“അസാധാരണമായ ഉറുമ്പുകൾ”—യഹോവയുടെ സാക്ഷികളുടെ ഒരു ശീഘ്രനിർമിത രാജ്യഹാളിനെക്കുറിച്ച് ഏതാനും വർഷങ്ങൾക്കു മുമ്പ് ഒരു പത്രലേഖനത്തിൽ വന്ന വിചിത്രമായ തലക്കെട്ടായിരുന്നു അത്. അങ്ങനെയൊരു തലക്കെട്ടു കൊടുക്കാൻ കാരണമെന്തായിരുന്നു? അത്തരമൊരു നിർമാണസ്ഥലത്തിന്റെ ആകാശത്തുനിന്നെടുത്ത ചിത്രത്തിൽ നോക്കുകയാണെങ്കിൽ അതു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. അതേ പത്രലേഖനത്തിലെ ഒരു ഉപശീർഷകം ഇങ്ങനെ വിശദീകരിച്ചു: “ഒരു നിർമാണസ്ഥലത്ത് അഞ്ഞൂറ് യഹോവയുടെ സാക്ഷികൾ—വിചിത്രമായ ഒരു ഉറുമ്പിൻകൂട്.”
ഈ താരതമ്യം ഉചിതമാണ്, ഒരുപക്ഷേ റിപ്പോർട്ടർ മനസ്സിലാക്കിയതിനെക്കാളും. വളരെ ഉയരത്തിൽനിന്നു നോക്കുമ്പോൾ, ഒരു നിർമാണസ്ഥലത്തു തകൃതിയായി പ്രവർത്തിക്കുന്ന നൂറുകണക്കിനാളുകൾ ഒരു ഉറുമ്പിൻകൂട്ടിലെ ഉറുമ്പുകൾ പോലെ തോന്നിയേക്കാം. എന്നാൽ ഇക്കാര്യത്തിൽ സമാനത പുറമേ കാണുന്നതിനെക്കാളധികമാണ്. എന്തുകൊണ്ടാണത്? സദൃശവാക്യങ്ങൾ 6:6-ലെ ബൈബിളിന്റെ ബുദ്ധ്യുപദേശം യഹോവയുടെ സാക്ഷികൾ ഗൗരവമായെടുക്കുന്നു: “ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക” എന്ന് അവിടെ പറയുന്നു. ഉറുമ്പുകളെ നോക്കി ഒരുവന് എങ്ങനെ ബുദ്ധി പഠിക്കാൻ കഴിയും?
ഒരു സംഗതി, ഉറുമ്പുകൾ വളരെയധികം ചെയ്തുതീർക്കുന്നു എന്നതാണ്. ബൈബിൾ വിജ്ഞാനകോശമായ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “ഭാവിയിലേക്കായി കരുതാനുള്ള അവയുടെ സഹജവാസന മാത്രമല്ല ശ്രദ്ധേയമായിരിക്കുന്നത്, അവയുടെ സ്ഥിരോത്സാഹവും ദൃഢതീരുമാനവും കൂടിയുണ്ട്. പലപ്പോഴും അവ അവയുടെതന്നെ ഭാരത്തിന്റെ ഇരട്ടിവരുന്ന വസ്തുക്കൾ വഹിച്ചുകൊണ്ടുപോകുകയോ മടുത്തുപോകാതെ വലിച്ചിഴച്ചുകൊണ്ടുപോകുകയോ ചെയ്യുന്നു. അവയുടെ നിർദിഷ്ട ജോലി പൂർത്തിയാക്കാനാവശ്യമായ സകലതും അവ ചെയ്യുന്നു. വീഴുകയോ വഴുതുകയോ ചെരിഞ്ഞ പ്രതലത്തിലൂടെ ഉരുണ്ടുപോകുകയോ ചെയ്താൽപ്പോലും അവ പിന്തിരിയാറില്ല.”a
സമാനമായി, യഹോവയുടെ സാക്ഷികൾ തങ്ങളുടെ ശരീരഭാരത്തിന്റെ ഇരട്ടി ഭാരമുള്ള നിർമാണസാമഗ്രികൾ വലിച്ചുകൊണ്ടുപോകാറില്ലെങ്കിൽപോലും തങ്ങളുടെ നിർമാണ പ്രോജക്ററുകളിൽ താരതമ്യേന ചെറിയൊരു സമയംകൊണ്ടു കൈവരിക്കുന്ന നേട്ടത്താൽ പലപ്പോഴും തങ്ങളുടെ അയൽക്കാരെ അമ്പരപ്പിക്കാറുണ്ട്. അവരുടെ രാജ്യഹാളുകൾ അടിത്തറ ഇടുന്നതുമുതൽ രണ്ടോ മൂന്നോ ദിവസംകൊണ്ടു പൂർത്തിയാകുന്നത് അസാധാരണമല്ല!
അവർ ഇതെല്ലാം ചെയ്തുതീർക്കുന്നത് എങ്ങനെയാണ്? മറെറാരു പ്രധാനപ്പെട്ട കാര്യത്തിൽ ഉറുമ്പിനെ അനുകരിച്ചുകൊണ്ട്. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച ഉറുമ്പുകളെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ശ്രദ്ധേയമാംവിധം സഹകരണസ്വഭാവമുള്ള അവ അവയുടെ കൂടുകൾ വളരെ വൃത്തിയായി സൂക്ഷിക്കുകയും സഹജോലിക്കാരിൽ താത്പര്യമെടുക്കുകയും ചെയ്യുന്നു. പരിക്കേൽക്കുകയോ ക്ഷീണിച്ചുവലയുകയോ ചെയ്ത ഉറുമ്പിനെ കൂട്ടിലേക്കു വരാൻ ചിലപ്പോൾ സഹായിക്കുകയും ചെയ്യുന്നു.” മേൽ പരാമർശിച്ച റിപ്പോർട്ടർ സാക്ഷികളുടെ ഇടയിലെ സമാനമായ സഹകരണമനോഭാവത്തെ വളരെ വിലമതിച്ചതായി തോന്നി. അദ്ദേഹം ഇങ്ങനെ വിവരിക്കുകയുണ്ടായി, “നിർമാണരംഗത്തെ എല്ലാ തുറകളെയും പ്രതിനിധീകരിക്കുന്ന ഏതാണ്ട് 80 വിദഗ്ധരെ 400 സ്വമേധയാസേവകർ സഹായിച്ചപ്പോൾ ആയാസരഹിതമായ ഒരു ചുററുപാടിൽ വമ്പിച്ച ഒരു നേട്ടം ഒരു പുഞ്ചിരിയോടെ കൈവരിക്കാനായി.”
എന്നിരുന്നാലും, രാജ്യഹാളുകൾ പണിതുയർത്തുന്നതിൽ യഹോവയുടെ സാക്ഷികളുടെ ഭാഗത്തെ കഠിനവേലയും സഹകരണവുമെല്ലാം തുടർന്നുവരുന്ന വർഷങ്ങളിൽ ആ ഹാളുകൾക്കുള്ളിൽ നടക്കുന്നതിന്റെ ഒരു സൂചന മാത്രമാണ്. അവിടെ അവർ തുടർന്നും കഠിനാധ്വാനം ചെയ്യുകയും ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു, തങ്ങളുടെ പഠിപ്പിക്കൽ–പ്രസംഗവേല സംഘടിപ്പിച്ചുകൊണ്ടും കെട്ടുപണിചെയ്യുന്നതും വിദ്യാഭ്യാസപരവുമായ യോഗങ്ങൾ നടത്തിക്കൊണ്ടും തന്നെ. അതിലുമേറെ പ്രധാനമായി, യേശു ഭൂമിയിലായിരുന്നപ്പോൾ തന്റെ അനുഗാമികളോടു കാട്ടിയ അതേ തരത്തിലുള്ള സ്നേഹപുരസ്സരമായ താത്പര്യം അന്യോന്യം പ്രകടമാക്കാൻ അവർ പ്രയത്നിക്കുകയും ചെയ്യുന്നു.—യോഹന്നാൻ 13:34, 35.
യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാൾ എന്നെങ്കിലും കണ്ടിട്ട് അതിനുള്ളിൽ എന്താണു നടക്കുന്നതെന്നു നിങ്ങൾ ആശ്ചര്യപ്പെട്ടിട്ടുണ്ടോ, എങ്കിൽ നിങ്ങൾത്തന്നെ നേരിട്ടുവന്നു കാണാൻ ഞങ്ങൾ ഊഷ്മളമായി ക്ഷണിക്കുന്നു. നിങ്ങൾക്കു ഹൃദ്യമായ ഒരു സ്വാഗതം ലഭിക്കുമെന്നും നിങ്ങളുടെ സന്ദർശനം പ്രബോധനാത്മകമായിരിക്കുമെന്നും ആത്മവിശ്വാസത്തോടെ ഞങ്ങൾ നിങ്ങൾക്ക് ഉറപ്പു തരുന്നു.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്
[31-ാം പേജിലെ ചിത്രം]
ഫ്രാൻസിലെ ഓറിയക്കിലുള്ള ഒരു ശീഘ്രനിർമിത രാജ്യഹാൾ
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Line drawings: Pharaoh’s ant. Lydekker