ഉത്തരം പറയേണ്ട ആവശ്യമുള്ള ചോദ്യങ്ങൾ
നിങ്ങളുടെ ജീവിതത്തിലെ ചില സമയങ്ങളിൽ നിങ്ങൾ ഇപ്രകാരം ചോദിച്ചിരിക്കാം: ‘ദൈവം സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ അവൻ ഇത്രയധികം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്? അവൻ അത് ഇത്ര ദീർഘകാലത്തേക്ക്, മുഴു മാനുഷ ചരിത്രത്തിലും, അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്? കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?
അത്തരം ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ കിട്ടാത്തതിനാൽ, അനേകരും രോഷാകുലരായിത്തീരുന്നു. ചിലർ ദൈവത്തിലുള്ള വിശ്വാസത്തിൽനിന്ന് മാറിപ്പോകുകപോലും ചെയ്യുന്നു, അല്ലെങ്കിൽ അവർ തങ്ങളുടെ ദൗർഭാഗ്യത്തിന് അവനെ കുററപ്പെടുത്തുന്നു.
ദൃഷ്ടാന്തത്തിന്, രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളാലുള്ള ദശലക്ഷക്കണക്കിനു ആളുകളുടെ കൂട്ടക്കൊലയെ അതിജീവിച്ച ഒരു മനുഷ്യൻ അത്യന്തം രോഷാകുലനായിത്തീർന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾക്ക് എന്റെ ഹൃദയത്തെ നക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളെ വിഷലിപ്തമാക്കും.” ഒന്നാം ലോകമഹായുദ്ധത്തിൽ സ്നേഹിതരുടേയും കുടുംബാംഗങ്ങളുടെയും മരണത്തിനിടയാക്കിയ വംശീയ പീഡനത്തിന്റെ ഫലമായി കഷ്ടപ്പാടനുഭവിച്ച വേറൊരു മനുഷ്യൻ കയ്പ്പോടെ ഇപ്രകാരം ചോദിച്ചു: “നമുക്ക് ദൈവത്തെ ആവശ്യമായിരുന്നപ്പോൾ അവൻ എവിടെയായിരുന്നു?”
അങ്ങനെ അനേകം ആളുകൾ കുഴപ്പിക്കപ്പെടുന്നു. അവരുടെ വീക്ഷണത്തിൽ ഇത്ര ദീർഘമായ കാലഘട്ടത്തേക്ക് ദുഷിച്ച കാര്യങ്ങൾ സംഭവിക്കുന്നതിന് അനുവദിക്കുന്നത് നൻമയുടെയും സ്നേഹത്തിന്റെയും ദൈവത്തിന് യോജിച്ചതല്ല.
ആളുകൾ ചെയ്തിട്ടുള്ളത്
ആളുകൾ നൂററാണ്ടുകളായി—യഥാർത്ഥത്തിൽ ആയിരക്കണക്കിനു വർഷങ്ങളായി—മററുള്ളവർക്കെതിരായി വളരെയധികം ദുഷ്ടത ചെയ്തിട്ടുണ്ട് എന്നത് നിശ്ചയമായും സത്യമാണ്. ഇതിന്റെയെല്ലാം വൈപുല്യവും ഭീകരതയും ഭാവനയെ അമ്പരിപ്പിക്കുന്നു.
സങ്കൽപ്പിക്കപ്പെടുന്നതുപോലെ സംസ്കാരം പുരോഗമിക്കവെ, മനുഷ്യർ മററുള്ളവരെ നശിപ്പിക്കുകയൊ അംഗഭംഗപ്പെടുത്തുകയൊ ചെയ്യുന്നതിന് മുമ്പെന്നത്തേതിലും ഭീതിദമായ ഉപകരണങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു: പീരങ്കികൾ, യന്ത്രത്തോക്കുകൾ, യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, മിസൈലുകൾ, അഗ്നിക്ഷേപിണികൾ, രാസ-ആണവ ആയുധങ്ങൾ. അതിന്റെ ഫലമായി ഈ നൂററാണ്ടിൽത്തന്നെ രാഷ്ട്രങ്ങളുടെ യുദ്ധങ്ങൾ ഏതാണ്ട് പത്തുകോടിയാളുകളെ കൊന്നൊടുക്കിയിരിക്കുന്നു! വേറെ ശതസഹസ്രക്കണക്കിന് ആളുകൾ പരുക്കേൽപ്പിക്കപ്പെടുകയൊ മററു വിധങ്ങളിൽ കഷ്ടപ്പെടുകയൊ ചെയ്തിരിക്കുന്നു. കൂടാതെ ഭവനങ്ങളും സ്വത്തുകളും പോലെയുള്ള വസ്തുക്കളുടെ നാശത്തിന്റെ അളവ് കണക്കാക്കാനാവാത്തതാണ്.
യുദ്ധം വരുത്തിക്കൂട്ടിയിട്ടുള്ള കടുത്ത സങ്കടത്തെയും യാതനയെയും കണ്ണുനീരിനെയും കുറിച്ചു ചിന്തിക്കുക! ഒട്ടുമിക്കപ്പോഴും നിരപരാധികളായ ആളുകളാണ് കഷ്ടപ്പാട് അനുഭവിച്ചിട്ടുള്ളത്: വൃദ്ധൻമാരും വൃദ്ധമാരും കുട്ടികളും കുഞ്ഞു കുട്ടികളും. ഒട്ടുമിക്കപ്പോഴും ദുഷ്ടത ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെട്ടിട്ടില്ല.
ലോകവ്യപകമായ കഷ്ടപ്പാട് ഈ നിമിഷംവരെ തുടർന്നിരിക്കുന്നു. ഓരോ ദിവസവും ആളുകൾ കൊല്ലപ്പെടുകയൊ മററു പ്രകാരത്തിൽ കുററകൃത്യത്തിന്റെ ഇരകളായിത്തീരുകയൊ ചെയ്യുന്നു. അവർക്ക് കൊടുങ്കാററ്, വെള്ളപ്പൊക്കങ്ങൾ, ഭൂകമ്പങ്ങൾ എന്നിവപോലുള്ള ‘പ്രകൃതിയുടെ പ്രവർത്തനങ്ങൾ’ ഉൾപ്പെടെയുള്ള അപകടങ്ങളാൽ പരുക്കേൽക്കുകയൊ മരണം ഭവിക്കുകയോ ചെയ്യുന്നു. അവർ അനീതി, മുൻവിധി, ദാരിദ്ര്യം, വിശപ്പ്, രോഗം മുതലായവയാൽ അല്ലെങ്കിൽ മററ് അനേകം വിധങ്ങളിൽ കഷ്ടത അനുഭവിക്കുന്നു.
നല്ലവനായ ഒരു ദൈവത്തിന് നൂററാണ്ടിനു പിന്നാലെ നൂററാണ്ടുകളിൽ ഇത്ര ഭയങ്കരമായി, ഇത്ര കൂടെക്കൂടെ, കഷ്ടതയനുഭവിച്ച എന്തിനെയെങ്കിലും—മനുഷ്യവർഗ്ഗത്തെ—എങ്ങനെ സൃഷ്ടിക്കാൻ കഴിയുമായിരുന്നു?
മനുഷ്യശരീരത്തിലെ ഒരു വിഷമസ്ഥിതി
ഈ വിഷമസ്ഥിതി മനുഷ്യശരീരത്തിൽപോലും പ്രതിഫലിക്കുന്നു. മനുഷ്യശരീരത്തെക്കുറിച്ച് പഠിച്ചിട്ടുള്ള ശാസ്ത്രജ്ഞൻമാരും മററുള്ളവരും അത് അത്ഭുതകരമായി, മഹനീയമായി ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്ന് സമ്മതിക്കുന്നു.
അതിന്റെ അത്ഭുതകരമായ ചുരുക്കം ചില സവിശേഷതകൾമാത്രം പരിചിന്തിക്കുക: ഒരു ക്യാമറായിക്കും പകർത്താൻ കഴിയാത്ത അവിശ്വസനീയമായ മാനുഷനേത്രം; ഏററവും പുരോഗമിച്ച കമ്പ്യൂട്ടറിനെ പ്രാകൃതമാക്കി കാണിക്കുന്ന ഗംഭീരമായ തലച്ചോറ്; നമ്മുടെ ബോധപൂർവകമായ ശ്രമമില്ലാതെ സങ്കീർണ്ണമായ ശരീരഭാഗങ്ങൾ സഹകരിക്കുന്ന വിധം; ഗാഢമായി സ്നേഹിക്കപ്പെടുന്ന ഒരു കുട്ടിയെ—അതിന്റെ മാതാപിതാക്കളുടെ ഒരു പകർപ്പിനെ—കേവലം ഒൻപതു മാസം കൊണ്ട് ഉൽപ്പാദിപ്പിക്കുന്ന ജനനത്തിന്റെ അത്ഭുതം. രൂപസംവിധാനത്തിന്റെ ഈ ശ്രേഷ്ഠമായ ഉൽപ്പന്നമായ മാനുഷശരീരം ഒരു വിദഗ്ദ്ധ രൂപസംവിധായകനാൽ—സർവശക്തനായ ദൈവമായ സ്രഷ്ടാവിനാൽ—സൃഷ്ടിക്കപ്പെടേണ്ടിയിരുന്നു എന്ന് അനേകർ നിഗമനം ചെയ്യുന്നു.
എന്നാൽ, സങ്കടകരമായി, അത്ഭുതകരമായ അതേ ശരീരം അധഃപതിക്കുന്നു. ക്രമേണ രോഗവും വാർദ്ധക്യവും മരണവും അതിനെ പിടികൂടുന്നു. അന്തിമമായി അത് തകർന്ന് പൊടിയായിത്തീരുന്നു. എത്ര ദയനീയം! ഒരു വ്യക്തി ദശാബ്ദങ്ങളിലെ അനുഭവപരിചയത്തിൽനിന്ന് പ്രയോജനം അനുഭവിക്കുകയും ജ്ഞാനിയായിത്തീരുകയും ചെയ്യേണ്ടപ്പോൾ ശരീരം തകരുന്നു. ശരീരത്തിന് അതിന്റെ ആരംഭത്തിൽ ഉണ്ടായിരുന്ന ആരോഗ്യത്തിന്റെയും ഓജസ്സിന്റെയും സൗന്ദര്യത്തിന്റെയും പ്രതീക്ഷയിൽനിന്ന് എത്ര വ്യത്യസ്തം!
സ്നേഹവാനായ ഒരു സ്രഷ്ടാവ് ഇത്ര പരിതാപകരമായി അവസാനിക്കാൻ മാത്രം മാനുഷശരീരത്തെപ്പോലെ അതിഗംഭീരമായ ഒന്ന് ഉണ്ടാക്കുന്നതെന്തിന്? വളരെയധികം വീര്യത്തോടെ വളരെ നന്നായി തുടക്കമിട്ടിട്ട് ഇത്ര സങ്കടകരമായി അവസാനിക്കുന്ന ഒരു യന്ത്രസംവിധാനം അവൻ എന്തുകൊണ്ട് സൃഷ്ടിക്കണം?
ചിലർ ഇതിനെ വിശദീകരിക്കുന്ന വിധം
ദുഷ്ടതയും കഷ്ടപ്പാടും, പ്രാതികൂല്യങ്ങളിലൂടെ നമ്മുടെ സ്വഭാവത്തെ നന്നാക്കുന്നതിനുള്ള ദൈവത്തിന്റെ ഉപകരണങ്ങളാണെന്ന് ചിലർ പറഞ്ഞിരിക്കുന്നു. ഒരു മെതോഡിസ്ററ് പുരോഹിതൻ ഇപ്രകാരം തറപ്പിച്ചുപറഞ്ഞു: “തിൻമക്ക് നൻമ കൊടുക്കുന്നത് രക്ഷക്കുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്.” സ്വഭാവം മെച്ചപ്പെടുത്തി രക്ഷപ്രാപിക്കുന്നതിന്, ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമെന്ന നിലയിൽ നല്ല ആളുകൾ ദുഷ്ടൻമാരുടെ പ്രവൃത്തികളിൽനിന്ന് കഷ്ടതയനുഭവിക്കണമെന്നാണ് അദ്ദേഹം അർത്ഥമാക്കിയത്.
എന്നാൽ സ്നേഹവാനായ ഒരു മാനുഷപിതാവ് ഒരു ദുഷ്ടനായ കുററവാളിയുടെ ഇരയാകാൻ തന്റെ മക്കളെ അനുവദിക്കാൻ പദ്ധതിയിട്ടുകൊണ്ട് അവരുടെ സ്വഭാവം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമോ? അനേകം യുവജനങ്ങൾ അപകടങ്ങളിൽ മരിക്കുകയൊ യുദ്ധത്തിൽ കൊല്ലപ്പെടുകയൊ മരിക്കുകയൊ ചെയ്യുന്നു എന്നതും പരിചിന്തിക്കുക. ആ യുവ ബലിയാടുകൾ മരിക്കുന്നതിനാൽ അവർക്ക് തങ്ങളുടെ സ്വഭാവം മെച്ചപ്പെടുത്താൻ കൂടുതലായ അവസരം കിട്ടുന്നില്ല. അതുകൊണ്ട് സ്വഭാവം മെച്ചപ്പെടുത്താൻ കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നു എന്ന ആശയത്തിന് യാതൊരു അർത്ഥവുമില്ല.
ന്യായബോധവും സ്നേഹവുമുള്ള യാതൊരു മാനുഷപിതാവും തന്റെ പ്രിയപ്പെട്ടവർക്ക് കഷ്ടപ്പാടോ ദുരന്തമോ വരാൻ ആഗ്രഹിക്കുകയില്ല. യഥാർത്ഥത്തിൽ തന്റെ പ്രിയപ്പെട്ടവർ ‘സ്വഭാവരൂപവത്ക്കരണത്തിനുവേണ്ടി’ കഷ്ടപ്പെടാൻ ആസൂത്രണം ചെയ്യുന്ന ഒരു പിതാവ് അയോഗ്യൻ, മാനസികസമനിലയില്ലാത്തവൻ എന്നുപോലും പരിഗണിക്കപ്പെടും.
അപ്പോൾ, സ്നേഹവാനായ പരമോന്നതപിതാവ്, അഖിലാണ്ഡത്തിന്റെ സർവജ്ഞാനിയായ സ്രഷ്ടാവായ ദൈവം, ‘രക്ഷക്കുള്ള തന്റെ പദ്ധതി’യുടെ ഭാഗമെന്ന നിലയിൽ മനഃപൂർവം കഷ്ടപ്പാട് ക്രമീകരിച്ചുവെന്ന് ന്യായമായി പറയാൻകഴിയുമോ? അത് അങ്ങേയററം ക്രൂരവും ബീഭത്സവുമായ ഒരു ഗുണവിശേഷം അവനോടു ബന്ധപ്പെടുത്തുകയായിരിക്കും, അത് താഴ്ന്ന മനുഷ്യരിൽപോലും അസ്വീകാര്യമെന്ന് നമ്മളെല്ലാം കണ്ടെത്തുന്ന ഒരു ഗുണവിശേഷം ആയിരിക്കും.
ഉത്തരങ്ങൾ കണ്ടെത്തൽ
ദൈവം കഷ്ടപ്പാടും ദുഷ്ടതയും അനുവദിച്ചിരിക്കുന്നതിനോട് ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് നമുക്ക് എങ്ങോട്ടു തിരിയാൻ കഴിയും? ഈ ചോദ്യങ്ങളിൽ ദൈവം ഉൾപ്പെടുന്നതുകൊണ്ട്, അവൻതന്നെ ഉത്തരങ്ങളുടെ രൂപത്തിൽ പ്രദാനംചെയ്തിരിക്കുന്നവ കാണുന്നത് അർത്ഥവത്താണ്.
നാം എങ്ങനെ അവന്റെ ഉത്തരങ്ങൾ കണ്ടുപിടിക്കുന്നു? മനുഷ്യർക്കുവേണ്ടിയുള്ള ഒരു വഴികാട്ടിയായി താൻ രചിച്ചതെന്ന് ദൈവം പറയുന്ന ആധാരഗ്രന്ഥത്തിലേക്ക്—പരിശുദ്ധ തിരുവെഴുത്തുകളായ ബൈബിളിലേക്ക്—പോകുന്നതിനാൽ. ഒരുവൻ ആ പ്രമാണത്തെ സംബന്ധിച്ച് എന്തു വിചാരിച്ചാലും, അത് പരിശോധനക്കു തക്ക മൂല്യമുള്ളതാണ്, എന്തുകൊണ്ടെന്നാൽ അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും . . . കാര്യങ്ങൾ നേരെയാക്കുന്നതിന് പ്രയോജനപ്രദവുമാകുന്നു.” (2 തിമൊഥെയോസ് 3:16) അവൻ ഇങ്ങനെയും എഴുതി: “നിങ്ങൾ ഞങ്ങളിൽനിന്നു കേട്ട ദൈവവചനം ലഭിച്ചപ്പോൾ നിങ്ങൾ അതിനെ മനുഷ്യരുടെ വചനമായിട്ടല്ല, എന്നാൽ സത്യത്തിൽ അതായിരിക്കുന്നതുപോലെതന്നെ, ദൈവത്തിന്റെ വചനമായി നിങ്ങൾ അതിനെ അംഗീകരിച്ചു.”a—1 തെസ്സലോനിക്യർ 2:13.
കഷ്ടപ്പാടിന്റെ അനുവാദത്തെ സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നത് കേവലം ബുദ്ധികൊണ്ടുള്ള ഒരു അഭ്യാസത്തെക്കാൾ ഉപരിയാണ്. ഇപ്പോൾത്തന്നെ ലോകരംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്നതും ആസന്നഭാവിയിൽ എന്തു സംഭവിക്കുമെന്നതും നാം ഓരോരുത്തരും ബാധിക്കപ്പെടുന്ന വിധവും സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന് ഉത്തരങ്ങൾ നിർണ്ണായകമാണ്.
മാനുഷകുടുംബത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ സന്ദേശമായ ബൈബിൾതന്നെ സംസാരിക്കാൻ അനുവദിക്കുന്നതിന് നമുക്ക് നമ്മോടുതന്നെ കടപ്പാടുണ്ട്. അപ്പോൾ, കഷ്ടപ്പാട് തുടങ്ങിയ വിധവും ദൈവം അത് അനുവദിക്കുന്നതിന്റെ കാരണവും സംബന്ധിച്ച് അത് എന്തു പറയുന്നു?
ഉത്തരം ഗ്രഹിക്കുന്നതിനുള്ള ഒരു താക്കോലിന് നാം മാനസികമായും വൈകാരികമായും എങ്ങനെ ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്നതിനോട് ബന്ധമുണ്ട്. മനുഷ്യർ എന്ന നിലയിലുള്ള നമ്മുടെ ഘടനയിൽ സ്രഷ്ടാവ് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വാഞ്ഛ എന്ന നിർണ്ണായക ഗുണം ഉൾനട്ടുവെന്ന് ബൈബിൾ കാണിക്കുന്നു. നമുക്ക് മമനുഷ്യന്റെ സ്വതന്ത്രമായ ഇച്ഛാശക്തിയിൽ കേവലം എന്ത് ഉൾപ്പെട്ടിരിക്കുന്നു എന്നും ഇത് ദൈവം കഷ്ടപ്പാട് അനുവദിച്ചതിനോട് ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും പരിചിന്തിക്കാം. (g90 10⁄8)
[അടിക്കുറിപ്പുകൾ]
a ബൈബിൾ ദിവ്യമായി നിശ്വസ്തമാക്കപ്പെട്ടതാണ് എന്നതിനുള്ള തെളിവിനെ സംബന്ധിച്ച വിശദീകരണത്തിന് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി പ്രസിദ്ധീകരിച്ച, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകം കാണുക.