ദൈവം കഷ്ടപ്പാട് അനുവദിച്ചതിന്റെ കാരണം
“തന്റെ കാലടികളെ നേരെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല. യഹോവേ, എന്നെ തിരുത്തേണമേ.”—യിരെമ്യാവ് 10:23, 24
ഈ വാക്കുകൾ മനുഷ്യരെ സൃഷ്ടിച്ചതിനുശേഷം ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞ് രേഖപ്പെടുത്തപ്പെട്ടു. ദൈവം നമ്മുടെ ആദ്യമാതാപിതാക്കൾക്ക് ഒരു നല്ല തുടക്കം ഇട്ടതിനോടുള്ള താരതമ്യത്തിൽ മാനുഷചരിത്രം തന്റെ നാൾ വരെ ദുഃഖാത്മകമായിരുന്നുവെന്ന് യിരെമ്യാവ് തിരിച്ചറിഞ്ഞു.
യിരെമ്യാവിന്റെ കാലത്തിനുശേഷമുള്ള മാനുഷചരിത്രത്തിന്റെ കൂടുതലായ 2,500 വർഷങ്ങളിലെ രേഖ യിരെമ്യാവിന്റെ നിരീക്ഷണത്തെ കൂടുതൽ ഉറപ്പിക്കുന്നു. മാനുഷ ദുരന്തം പിന്നെയും വഷളായി. എന്തു കുഴപ്പമാണുണ്ടായത്?
സ്വതന്ത്രമായ ഇച്ഛാശക്തിയുടെ തെററായ ഉപയോഗം
നമ്മുടെ ആദ്യമാതാപിതാക്കൾക്ക് അവർ ദൈവത്തോടും അവന്റെ നിയമങ്ങളോടും അന്യപ്പെട്ട് അഭിവൃദ്ധിപ്പെടാൻ സൃഷ്ടിക്കപ്പെട്ടവരല്ല എന്ന വസ്തുതസംബന്ധിച്ച കാഴ്ചപ്പാട് നഷ്ടപ്പെട്ടു. അവർ ദൈവത്തിൽനിന്ന് സ്വതന്ത്രരായാൽ തങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്നുള്ള വിചാരത്തിൽ അവർ അങ്ങനെ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അത് അവരുടെ സ്വാതന്ത്ര്യത്തിന്റെ ഒരു ദുരുപയോഗമായിരുന്നു. അവർ ദൈവനിയമിതമായ സ്വതന്ത്ര ഇച്ഛാശക്തിയെ മറികടന്നു.—ഉൽപ്പത്തി, അദ്ധ്യായം 3.
ദൈവം ആദാമിനെയും ഹവ്വായെയും നശിപ്പിച്ചിട്ട് വേറൊരു മാനുഷജോടിയെയും കൊണ്ട് തുടക്കമിടാതിരുന്നതെന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ അവന്റെ അഖിലാണ്ഡപരമാധീശത്വവും അവന്റെ ഭരണവിധവും ചോദ്യംചെയ്യപ്പെട്ടിരുന്നു. അവൻ സർവശക്തനും സകല സൃഷ്ടികളുടെയും സ്രഷ്ടാവുമായിരിക്കുന്നുവെന്ന വസ്തുത അവന് അവരുടെമേൽ ഭരിക്കുന്നതിനുള്ള അവകാശം കൊടുക്കുന്നു. അവൻ സർവജ്ഞാനിയായിരിക്കുന്നതിനാൽ സകല സൃഷ്ടികൾക്കും അവന്റെ ഭരണമാണ് ഏററവും മെച്ചം. എന്നാൽ ദൈവഭരണം ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടു.
ദൈവത്താൽ ഭരിക്കപ്പെടുന്നതിലും മെച്ചമായി മനുഷ്യർക്ക് ഭരിക്കപ്പെടാമോ? സ്രഷ്ടാവിന് നിശ്ചയമായും ആ ചോദ്യത്തിന് ഉത്തരം അറിയാമായിരുന്നു. മനുഷ്യർ അത് മനസ്സിലാക്കുന്നതിനുള്ള ഒരു സുനിശ്ചിത മാർഗ്ഗം അവർ ആഗ്രഹിച്ച അപരിമിതമായ സ്വാതന്ത്ര്യം അവർക്ക് അനുവദിക്കുകയെന്നതായിരുന്നു. അതുകൊണ്ട് ദൈവം ദുഷ്ടതയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നതിന്റെ ഒരു കാരണം അവനിൽ നിന്ന് സ്വതന്ത്രമായിട്ടുള്ള മാനുഷഭരണത്തിന് വിജയിക്കാൻ കഴിയുമോയെന്ന് സംശയാതീതമായി തെളിയിക്കുകയെന്നതാണ്.a
ആദാമും ഹവ്വായും അവർക്കുതന്നെയും അവരുടെ സന്താനങ്ങൾക്കും കഷ്ടപ്പാട് വരുത്തിവെച്ചു. അവർ ‘തങ്ങൾ വിതച്ചതു കൊയ്തു.’ (ഗലാത്യർ 6:7) “അവർ തങ്ങളുടെതന്നെ ഭാഗത്ത് വിനാശകരമായി പ്രവർത്തിച്ചിരിക്കുന്നു; അവർ [ദൈവത്തിന്റെ] സന്താനങ്ങളല്ല, ന്യൂനത അവരുടെ സ്വന്തമാകുന്നു.”—ആവർത്തനം 32:5.
ദൈവത്തിന്റെ ഭരണത്തെ വിട്ടുള്ള സ്വാതന്ത്ര്യം നമ്മുടെ ആദ്യമാതാപിതാക്കളുടെ മരണത്തിൽ കലാശിക്കുമെന്ന് അവർക്ക് മുന്നറിയിപ്പു കൊടുക്കപ്പെട്ടിരുന്നു. (ഉൽപ്പത്തി 2:17) അത് സത്യമെന്ന് തെളിഞ്ഞു. ദൈവത്തെ ഉപേക്ഷിച്ചുകൊണ്ട് അവർ തങ്ങളുടെ ആരോഗ്യത്തിന്റെയും ജീവന്റെയും ഉറവിൽനിന്ന് വിട്ടുമാറി. അവരെ മരണം പിടികൂടുന്നതുവരെ പടിപടിയായി ക്ഷയിച്ചുകൊണ്ടിരുന്നു.—ഉൽപ്പത്തി 3:19.
അതിനുശേഷം മാനുഷകുടുംബം രൂപം കൊടുക്കുന്ന ഏതെങ്കിലും രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥിതിക്ക് തികച്ചും തൃപ്തികരമെന്ന് തെളിയിക്കാൻ കഴിയുമോ എന്ന് പൂർണ്ണമായി പ്രകടമാക്കുന്നതിന് ദൈവം ആവശ്യത്തിന് സമയം അവർക്ക് അനുവദിച്ചു. ഈ വ്യവസ്ഥിതിയിലേതെങ്കിലും കുററകൃത്യത്തിൽനിന്നും യുദ്ധത്തിൽനിന്നും വിമുക്തമായ സന്തോഷവും സമാധാനവുമുള്ള ഒരു ലോകം ആനയിക്കുമോ? ഏതെങ്കിലുമൊന്ന് എല്ലാവർക്കും ഭൗതികസമൃദ്ധി കൈവരുത്തുമോ? ഏതെങ്കിലുമൊന്ന് രോഗത്തെയും വാർദ്ധക്യത്തെയും മരണത്തെയും കീഴടക്കുമോ? ദൈവത്തിന്റെ ഭരണം ഇവയെല്ലാം സാധിക്കാൻവേണ്ടി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.—ഉൽപ്പത്തി 1:26-31.
സമയത്തിന്റെ കടന്നുപോക്ക് പഠിപ്പിക്കുന്നത്
ചരിത്രം പെട്ടെന്നുതന്നെ റോമർ 5:12-ന്റെ സത്യം പൂർണ്ണമായും ബോധ്യപ്പെടുത്തി: “മരണം സകല മനുഷ്യരിലേക്കും വ്യാപിച്ചു.” ഈ വാക്യം, “ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിലേക്കു പ്രവേശിച്ചു” എന്ന് വിശദീകരിക്കുന്നു. നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവത്തിന്റെ ഭരണത്തിനെതിരെ മത്സരിച്ചപ്പോൾ, അവർ ന്യൂനതയുള്ളവർ, അപൂർണ്ണർ ആയിത്തീർന്നു. അവർക്ക് ആകെക്കൂടി തങ്ങളുടെ സന്താനങ്ങളിലേക്ക് കടത്തിവിടാൻ കഴിയുമായിരുന്നത് ഈ ന്യൂനതയായിരുന്നു. അതിന്റെ ഫലമായി നാമെല്ലാം ന്യൂനതയുള്ളവരായി, രോഗത്തിനും മരണത്തിനും വിധേയരായി, ജനിച്ചിരിക്കുന്നു.
സമയത്തിന്റെ കടന്നുപോക്ക്, പാപഭാരമുള്ള ആളുകൾ അന്യോന്യം എത്ര നീചമായി പെരുമാറുന്നു എന്നും വെളിപ്പെടുത്തി. എണ്ണിപ്പറയാൻ കഴിയാത്ത വിധം നിരവധി ദുഷ്ട യുദ്ധങ്ങളും വംശീയവും മതപരവുമായ വിദ്വേഷങ്ങളും മതവിചാരണകളും എല്ലാത്തരത്തിലുമുള്ള ഭയങ്കര കുററകൃത്യങ്ങളും സ്വാർത്ഥതയുടെയും അത്യാഗ്രഹത്തിന്റെയും പ്രവർത്തനങ്ങളും ഉണ്ടായിരുന്നിട്ടുണ്ട്. കൂടാതെ ദാരിദ്ര്യവും വിശപ്പും എണ്ണമററ ദശലക്ഷങ്ങളെ ഇരയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആയിരക്കണക്കിനു വർഷങ്ങളിൽ മനുഷ്യവർഗ്ഗം സങ്കൽപ്പിക്കാവുന്ന സകല തരത്തിലുമുള്ള ഗവൺമെൻറുകൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. എന്നിരുന്നാലും മനുഷ്യവർഗ്ഗത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ ഒന്നിനുപിറകെ മറെറാന്നായി അവ പരാജയപ്പെട്ടിരിക്കുന്നു. അടുത്ത കാലത്ത്, അനേകം രാജ്യങ്ങളിൽ കമ്മ്യൂണിസ്ററ് ഗവൺമെൻറുകൾ ത്യജിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യ രാഷ്ട്രങ്ങളിൽ അനിയന്ത്രിതമായ കുററകൃത്യവും ദാരിദ്ര്യവും സാമ്പത്തികമായ അസ്ഥിരതയും അഴിമതിയും ഉണ്ട്. യഥാർത്ഥത്തിൽ എല്ലാത്തരത്തിലുമുള്ള മാനുഷഗവൺമെൻറുകൾ കുറവുള്ളവയെന്ന് തെളിഞ്ഞിരിക്കുന്നു.
കൂടാതെ, ദൈവം ശാസ്ത്രീയമായും ഭൗതികമായുമുള്ള തങ്ങളുടെ നേട്ടത്തിന്റെ അത്യുച്ചത്തിൽ വരുന്നതിന് മനുഷ്യർക്ക് സമയം അനുവദിച്ചിരിക്കുന്നു. അമ്പിനും വില്ലിനും പകരം ആണവമിസൈലുകൾ വരുമ്പോൾ അത് യഥാർത്ഥ പുരോഗതിയാണോ? ആളുകൾക്ക് ശൂന്യാകാശത്തിലേക്ക് സഞ്ചരിക്കാനാവുമെങ്കിലും ഭൂമിയിൽ സമാധാനത്തോടെ ഒരുമിച്ചു വസിക്കാൻ കഴിയാത്തപ്പോഴും ദശലക്ഷക്കണക്കിന് ആളുകൾ കുററകൃത്യംനിമിത്തം രാത്രിയിൽ വെളിയിൽ പോകാൻ ഭയപ്പെടുമ്പോഴും അത് യഥാർത്ഥ പുരോഗതിയാണോ?
മനുഷ്യർക്ക് ആഹാരവും ജലവും വായുവും കൂടാതെ ജീവിക്കാൻ സാധിക്കാത്തതുപോലെ, വിജയകരമായി ‘തങ്ങളുടെ സ്വന്തം കാലടികളെ നയിക്കാൻ’ ഒരിക്കലും സാധ്യമല്ല എന്നാണ് കാലം പ്രകടമാക്കുന്നത്. നാം ആഹാരത്തെയും ജലത്തെയും വായുവിനെയും ആശ്രയിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുപോലെ സുനിശ്ചിതമായി, നാം നമ്മുടെ നിർമ്മാതാവിന്റെ മാർഗ്ഗനിർദ്ദേശത്തെ ആശ്രയിക്കാൻ രൂപകൽപ്പനചെയ്യപ്പെട്ടിരിക്കുന്നു.—മത്തായി 4:4.
ദൈവം ദുഷ്ടതയും കഷ്ടപ്പാടും അനുവദിച്ചതിനാൽ സ്വതന്ത്രമായ ഇച്ഛാശക്തിയെ ദുർവിനിയോഗം ചെയ്യുന്നതിന്റെ സങ്കടകരമായ ഫലങ്ങൾ എല്ലാ കാലത്തേക്കുമായി പ്രകടമാക്കിയിരിക്കുന്നു. ദൈവം സ്വതന്ത്രമായ ഇച്ഛാശക്തിയെ എടുത്തുകളയുന്നതിനു പകരം അതിന്റെ ദുരുപയോഗം എന്തർത്ഥമാക്കുന്നു എന്നു കാണാൻ അനുവദിച്ചത് വളരെ വിലയേറിയ സമ്മാനമാണ്.
സ്വതന്ത്രമായ ഇച്ഛാശക്തിയെ സംബന്ധിച്ച് “സ്റേറററ്മെൻറ് ഓഫ് പ്രിൻസിപ്പിൾസ് ഓഫ് കൺസർവേററീവ് ജൂഡേയിസം” എന്ന പ്രസിദ്ധീകരണം ഇപ്രകാരം പറയുന്നു: “നൻമയെയും തിൻമയെയും അഭിമുഖീകരിക്കുമ്പോൾ ആളുകൾക്ക് തെററായ തിരഞ്ഞെടുപ്പിനുള്ള യഥാർത്ഥ സാധ്യതയില്ലെങ്കിൽ തിരഞ്ഞെടുപ്പിന്റെ മുഴു സങ്കൽപ്പനവും നിരർത്ഥകമാണ്. . . . ലോകത്തിലെ മിക്ക കഷ്ടപ്പാടും നമുക്കു അനുവദിച്ചിരിക്കുന്ന സ്വതന്ത്രമായ ഇച്ഛാശക്തിയുടെ ദുരുപയോഗത്തിന്റെ നേരിട്ടുള്ള ഫലമാണ്.”
യിരെമ്യാവ് ഇപ്രകാരം പറഞ്ഞത് ശരിയായിരുന്നു: “തന്റെ കാലടികളെ നേരെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.” “മനുഷ്യൻ തന്റെ ദ്രോഹത്തിനായി മനുഷ്യന്റെമേൽ അധികാരം നടത്തിയിരിക്കുന്നു”വെന്ന് ശലോമോൻ പറഞ്ഞതും ശരിയായിരുന്നു.—സഭാപ്രസംഗി 8:9.
അത് കഷ്ടപ്പാടുകൾ നീക്കുന്നതിനുള്ള മമനുഷ്യന്റെ കഴിവില്ലായ്മയെ സുശക്തമായി ചിത്രീകരിക്കുന്നു. ശലോമോനുപോലും തന്റെ സകല ജ്ഞാനത്തോടും സമ്പത്തോടും ശക്തിയോടും കൂടെ മാനുഷഭരണത്തിൽനിന്ന് ഉത്ഭൂതമാകുന്ന ദുരിതത്തെ നേരെയാക്കാൻ കഴിഞ്ഞില്ല.
അപ്പോൾ, ദൈവം എങ്ങനെ കഷ്ടപ്പാടിന് അന്തം വരുത്തും? അവൻ എപ്പോഴെങ്കിലും മനുഷ്യരുടെ കഴിഞ്ഞകാല കഷ്ടപ്പാടിന് പരിഹാരം വരുത്തുമോ? (g90 10⁄8)
[അടിക്കുറിപ്പുകൾ]
a ഉൾപ്പെട്ടിരിക്കുന്ന എല്ലാ വിവാദങ്ങളുടെയും ഒരു പൂർണ്ണമായ ചർച്ചക്ക് വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ഇൻഡ്യാ പ്രസിദ്ധീകരിച്ചിരിക്കുന്ന, നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 11-ഉം 12-ഉം അദ്ധ്യായങ്ങൾ കാണുക.
[9-ാം പേജിലെ ചിത്രം]
ദൈവം മനുഷ്യന് ഒരു പൂർണ്ണതയുള്ള തുടക്കം കൊടുത്തു, എന്നാൽ ദൈവത്തിൽനിന്ന് അന്യപ്പെട്ടുകൊണ്ട് മനുഷ്യന് വിജയകരമായി ‘തന്റെ കാലടികളെ നയിക്കാൻ സാധ്യമല്ല’ എന്ന് ചരിത്രം കാണിക്കുന്നു