വ്യായാമത്തിന് നിങ്ങൾക്ക് എന്തു പ്രയോജനം ചെയ്യാൻ കഴിയും?
ഹാർവാർഡ് വിദ്യാർത്ഥികളായിരുന്ന 17,000 പേരിൽ നടത്തിയ ഒരു സുപ്രധാന പഠനം, കായികവ്യായാമം അകാല മരണത്തിലേക്കുള്ള ഒരു പാരമ്പര്യ ചായ്വിനെതിരെ പ്രവർത്തിച്ചേക്കാമെന്ന് കാണിക്കുന്നു എന്ന് നാലു വർഷം മുമ്പ് ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ വിവരിച്ചു. ആ പഠനത്തിന്റെ ഡയറക്ടർ ആയിരുന്ന ഡോ. റാൾഫ് എസ്. പഫൻബർജർ ജൂണിയർ, “നിങ്ങൾ പ്രവർത്തനനിരതനാകയാൽ നിങ്ങൾ ആരോഗ്യവാനാണ്” എന്ന് നിഗമനം ചെയ്തു.
ദി ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ 1989 ജൂണിൽ ഇപ്രകാരം പറഞ്ഞു: “കായിക പ്രവർത്തനം, ധമിനീസംബന്ധമായ ഹൃദ്രോഗം, ഉയർന്ന രക്ഷ സമ്മർദ്ദം, . . . മാനസികാരോഗ്യ പ്രശ്നങ്ങൾ മുതലായ അനേകം വൈദ്യശാസ്ത്ര സംബന്ധമായ അവസ്ഥകളുടെ തടയലിനോടും നിയന്ത്രണത്തോടും ബന്ധപ്പെട്ടിരിക്കുന്നു.” അത് ഇപ്രകാരം കൂട്ടിച്ചേർത്തു: “ധമിനീസംബന്ധമായ രോഗം വികാസം പ്രാപിക്കാൻ ഒരു കായികപ്രവർത്തകനായ വ്യക്തിയേക്കാൾ കായികമായി നിഷ്ക്രിയനായ ഒരു വ്യക്തിയിൽ 1.9 പ്രാവശ്യം അധികം സാധ്യതയുണ്ട്. ഈ ബന്ധം മതിപ്പുളവാക്കത്തക്കതാണ്.”
ഇതേ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം 1989 നവംബറിൽ 13,344 വിഷയങ്ങൾ അടങ്ങുന്ന ഒരു പഠനം പ്രസിദ്ധീകരിച്ചു, വ്യായാമത്തിന്റെ മൂല്യം കൂടുതലായി കാണിക്കുകയും ചെയ്തു. സമഗ്രമായ പഠനം, കുറഞ്ഞ വ്യായാമം—ദിവസത്തിലൊരു പ്രാവശ്യം ചുറുചുറുക്കോടെയുള്ള അരമണിക്കൂർ നടത്തം പോലെ—പോലും ഒരു വിപുല ശ്രേണിയിലുള്ള കാരണങ്ങളാലുള്ള മരണത്തിൽ നിന്ന് കാര്യമായ സംരക്ഷണത്തിൽ കലാശിക്കുന്നു എന്ന് വെളിപ്പെടുത്തി.
ഡള്ളാസിലെ ടെക്സാസ് സൗത്ത് വെസ്റേറൺ മെഡിക്കൽ സ്കൂളിനോടൊത്ത് പ്രവർത്തിക്കുന്ന, ഉയർന്ന രക്തസമ്മർദ്ദം സംബന്ധിച്ച് ആധികാരികതയുള്ള, ഡോ. നോർമാൻ എം. കാപ്ലാൻ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ചികിത്സയിൽ വ്യായാമത്തിനുള്ള മൂല്യം സംബന്ധിച്ച തന്റെ അഭിപ്രായത്തിന് മാററം വരുത്തിയതായി പറയുന്നു. “കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിൽ കുന്നുകൂടിയ തെളിവുകൾ കണ്ടതിനാൽ ഞാൻ ആളുകളെ വ്യായാമത്തിന് പ്രോത്സാഹിപ്പിക്കുന്നവനായിത്തീർന്നിരിക്കുന്നു.”
ഡോ. കാപ്ലാൻ ഇപ്പോൾ ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ശുദ്ധ വായുവിലുള്ള വ്യായാമം നിർദ്ദേശിക്കുന്നു. “ഞാൻ എന്റെ രോഗികളോട് അവരുടെ നാഡീസ്പന്ദന നിരക്ക് ഉയർത്താൻ പറയുന്നു,” അദ്ദേഹം വിശദീകരിക്കുന്നു. “ഞാൻ രോഗികളോട് സാവകാശം തുടങ്ങാൻ പറയുന്നു. അതിലേക്ക് എടുത്തു ചാടരുത്. നടത്തയും സാവകാശമായ ഓട്ടവും കൊണ്ട് തുടക്കമിട്ടശേഷം അഭിവൃദ്ധിപ്പെടുത്തുക. നിങ്ങൾ ഏതെങ്കിലും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നെങ്കിൽ പിന്നോക്കം പോവുക.” ആരോഗ്യപരമായി യഥാർത്ഥ പ്രയോജനമായിരിക്കുന്നതിന് ക്രമമായി വ്യായാമം ചെയ്യണം, ഓരോ പ്രാവശ്യവും 20 മുതൽ 30 വരെ മിനിറേറാ അതിലധികമോ എന്ന കണക്കിന് ആഴ്ചയിൽ മൂന്നോ നാലോ തവണ എന്നതാണ് അഭികാമ്യം. (g90 10⁄22)