ലോകത്തെ വീക്ഷിക്കൽ
സ്ത്രീകൾപ്രതികൂലാവസ്ഥയിലാണ്.
“നാട്ടിൻപുറത്തെ സാധു സ്ത്രീകളാണ് ലോകത്തിൽ ഏററം അധികം ഇല്ലായ്മ അനുഭവിക്കുന്നവർ എന്ന് ഐക്യരാഷ്ട്ര പ്രസിദ്ധീകരണമായ യു. എൻ. ക്രോണിക്കിൾ പ്രസ്താവിക്കുന്നു. അവർ പുരുഷൻമാരേക്കാൾ രോഗബാധിതരും അക്ഷരാഭ്യാസമില്ലാത്തവരുമാണ്. തങ്ങളെത്തന്നെ മെച്ചപ്പെടുത്തുന്നതിന് പുരുഷൻമാർക്കുള്ള അവസരങ്ങൾ അവർക്കില്ല.” ലോക ദാരിദ്ര്യത്തെ സംബന്ധിച്ച് രണ്ട് അന്താരാഷ്ട്ര വികസന ഏജൻസികളായ ഐക്യരാഷ്ട്രവികസന പരിപാടിയും ലോക ബാങ്കും 1990-ൽ നടത്തിയ പ്രമുഖ പഠനങ്ങളാണ് വിഷണ്ണമായ ഈ നിഗമനത്തിലെത്തിയത്. “ഏതാണ്ട് അഞ്ചുലക്ഷം സ്ത്രീകൾ ഓരോ വർഷവും പ്രസവത്തോടനുബന്ധിച്ച് മരിക്കുന്നു, അവരിൽ 99 ശതമാനവും വികസ്വര രാജ്യങ്ങളിലാണ്” എന്ന് യു. എൻ. ക്രോണിക്കിൾ റിപ്പോർട്ടുചെയ്യുന്നു. (g91 1⁄8)
പരിസ്ഥിതി പ്രതിജ്ഞ
“നമ്മൾ മനുഷ്യർ നമുക്കുതന്നെ ഒരു അപകടമായിത്തീർന്നിരിക്കുന്നു. സമയം കഴിഞ്ഞുപോകുന്നതിനു മുമ്പ് നാം എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.” ഭീഷണമായ ആ വാക്കുകൾ പരിസ്ഥിതി സംബന്ധിച്ച് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്ക്, തെക്ക് അമേരിക്കാകൾ എന്നിവിടങ്ങളിൽനിന്നായി 22 രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്സിററി അദ്ധ്യക്ഷൻമാർ എടുത്ത ഒരു പ്രതിജ്ഞയുടെ ഭാഗമാണ്. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച് കഴിഞ്ഞ കാലങ്ങളിലേതിനേക്കാൾ കൂടുതൽ പഠിപ്പിക്കുന്നതാണെന്നും, പരിസ്ഥിതി സംബന്ധിച്ച് ഗവേഷണം നടത്താൻ സ്കൂളുകളുടെ വിഭവശേഷി കൂടുതലായി ഉപയോഗിക്കുന്നതാണെന്നും അവർ പ്രതിജ്ഞ ചെയ്തു. ഫ്രാൻസിലെ ററല്ലോറിൽ കഴിഞ്ഞ ഒക്ടോബറിൽ യോഗം ചേർന്ന ഉദ്യോഗസ്ഥൻമാർ പാരിസ്ഥിതികമായി നിലനിൽക്കാൻ കഴിയുന്ന ഒരു ഭാവിക്കുവേണ്ടി പൊതുലക്ഷ്യങ്ങൾ വെക്കുന്നതാണെന്നും പ്രഖ്യാപിച്ചു. (g91 1⁄8)
പുകവലിക്കാർക്കു ദുർവാർത്ത
ഐക്യനാടുകളിലെ രോഗനിയന്ത്രണത്തിനുള്ള കേന്ദ്രം 1990 സെപ്ററംബർ 25-ന് പിൻവരുന്ന റിപ്പോർട്ട് പുറത്തുവിട്ടു. “പുകവലി അവസാനിപ്പിക്കുന്നതിന്റെ ആരോഗ്യപരമായ പ്രയോജനങ്ങൾ: സർജൻ ജനറലിന്റെ റിപ്പോർട്ട്, 1990.” കണ്ടെത്താൻ കഴിഞ്ഞ ചില മുഖ്യ നിഗമനങ്ങൾ: 1) “പുകവലി അവസാനിപ്പിക്കുന്നതിനാൽ എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്ക് ഉടനടിതന്നെ ആരോഗ്യപരമായ ചില പ്രമുഖ പ്രയോജനങ്ങൾ ലഭിക്കുന്നു . . . ; 2) മുൻ പുകവലിക്കാർ പുകവലി തുടങ്ങുന്നവരെക്കാൾ ദീർഘകാലം ജീവിച്ചിരിക്കുന്നു; 3) പുകവലി അവസാനിപ്പിക്കുന്നത് ശ്വാസകോശത്തിലെയും മററു ശരീര ഭാഗങ്ങളിലെയും ക്യാൻസർ, ഹൃദ്രോഗം, തളർച്ച, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ ബാധിക്കാനുള്ള സാദ്ധ്യത കുറക്കുന്നു.” (g91 1⁄8)
തലച്ചോറിന് ഉറക്കം
നമുക്ക് ഉറക്കം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഫ്രാൻസിലെ സ്ട്രാസ്ബർഗ്ഗിൽ അടുത്തകാലത്ത് നടത്തപ്പെട്ട ഒരു സമ്മേളനത്തിൽ തർക്കവിഷയമായ ഒരു സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു. ഉറക്കം തലച്ചോറിന് കൈവരുത്തുന്നതിനേക്കാൾ കുറഞ്ഞ പ്രയോജനമേ ശരീരത്തിന് ചെയ്യുന്നുള്ളു എന്ന് പറയപ്പെടുന്നു. പകലത്തെ പ്രയത്നങ്ങളിൽനിന്ന് ഉറക്കത്തിലൂടെയാണ് അത് മോചിതമാകുന്നത്. “ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് പല ദിവസങ്ങളോളം ഉറക്കമില്ലാതെ നിർബാധം തുടരാൻ കഴിയുമെന്ന്” പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നതായി ഡിയേ സിററ് റിപ്പോർട്ടുചെയ്യുന്നു, എന്നാൽ തലച്ചോറ് അതിൽനിന്ന് വ്യത്യസ്തമാണ്. പരീക്ഷണങ്ങളിൽ ഉറക്കം ലഭിക്കാതെ വന്നപ്പോൾ “ശ്രദ്ധയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും കുറയുക, ഓർമ്മ നശിക്കുക, ചിന്താപ്രക്രിയ സാവധാനത്തിലാവുക, ശരിയായ രീതിയിൽ ചിന്തിക്കാൻ കഴിയാതാവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ” ആളുകൾക്ക് അനുഭവപ്പെട്ടു. (g91 1⁄8)
ബാബിലോന്റെ പുനർനിർമ്മാണം സ്തംഭനാവസ്ഥയിൽ
പുരാതന ബാബിലോൺ തൂങ്ങിനിൽക്കുന്ന ഉദ്യാനങ്ങൾ സഹിതമുള്ള നെബുഖദ്നേസർ രാജാവിന്റെ വിഖ്യാതമായ നഗരം 2,500-ലധികം വർഷങ്ങൾക്ക് മുമ്പ് ആക്രമണങ്ങളുടെ ഫലമായി തകർന്നുപോയി. അതിലും വളരെ ചെറിയ ഒരു ബാബിലോൺ ക്രി. വ. നാലാം നൂററാണ്ടു വരെ നിലനിന്നു, ആ കാലമായപ്പോഴേക്ക് അതു പൂർണ്ണമായി ഒരു നാശ ശിഷ്ടമായിത്തീർന്നിരുന്നു. ആധുനിക ഇറാക്ക് സമീപകാലത്ത് രാജകീയാധികാരത്തിന്റെ ആ പഴയ കോട്ടയെ അതിന്റെ പുരാതന മഹത്വത്തിൽ പുനർനിർമ്മിക്കാൻ ആസൂത്രണം ചെയ്തു. എന്നിരുന്നാലും മദ്ധ്യ പൂർവദേശത്തെ സമീപകാല സംഭവ വികാസങ്ങൾ ആ നിർമ്മാണപ്രവർത്തനങ്ങളുടെമേൽ ഒരു നിയന്ത്രണം ചെലുത്തിയിരിക്കുന്നതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്യുന്നു. ബാബിലോന്റെ നാശം സംബന്ധിച്ച് “അവൾ ഒരിക്കലും അധിവസിക്കപ്പെടുകയില്ല, തലമുറ തലമുറയായി അവൾ നിലനിൽക്കുകയുമില്ല” എന്ന് പ്രസ്താവിച്ചുകൊണ്ട് യെശയ്യാവ് 13:19, 20 രസാവഹമായ ഒരു പ്രവചനം ഉച്ചരിച്ചിരിക്കുന്നു. (g91 1⁄8)