ലോകത്തെ വീക്ഷിക്കൽ
നിലപാടു മാററാൻ തീവണ്ടിക്കമ്പനി നിർബന്ധിതമായി
ബ്രസീലിലെ ഒരു വലിയ തീവണ്ടിക്കമ്പനി വെടിക്കോപ്പുകൾ ഉപയോഗിക്കുന്നതിൽ കാവൽക്കാർക്കു പരിശീലനം നൽകുന്നതിനുള്ള ഒരു പുതിയ പരിപാടി ആരംഭിച്ചപ്പോൾ അവിടത്തെ രണ്ടു ജോലിക്കാർ ഒരു മനഃസാക്ഷി പ്രശ്നത്തെ അഭിമുഖീകരിച്ചു. മാരകായുധങ്ങളുടെ ഉപയോഗത്തിൽ പരിശീലനം സിദ്ധിക്കുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം തെററാണെന്ന് ‘മേലാൽ യുദ്ധം അഭ്യസിക്കയില്ല’ എന്ന ബൈബിൾ കൽപ്പന അനുസരിച്ചു ജീവിക്കുന്ന യഹോവയുടെ സാക്ഷികൾക്ക് ശക്തമായി തോന്നി. (യെശയ്യാവ് 2:4, NW) അത്തരം ഒരു നിലപാട് സ്വീകരിച്ചതിലെ അവരുടെ “അവിധേയത്വം” നിമിത്തം അവരെ പെട്ടെന്നുതന്നെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. തങ്ങളെ മുമ്പുണ്ടായിരുന്ന സ്ഥാനങ്ങളിൽ നിലനിർത്തിക്കൊണ്ട് പരിശീലന പരിപാടിയും അതോടൊപ്പം വരുന്ന സ്ഥാനക്കയററവും കേവലം ഒഴിവാക്കാനുള്ള അവരുടെ അപേക്ഷയും കമ്പനി തിരസ്കരിച്ചു. എന്നിരുന്നാലും ബ്രസീലിന്റെ ഭരണഘടന പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: “മനഃസാക്ഷി സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും അലംഘനീയമാണ്. മതാചരണത്തിനുള്ള സ്വാതന്ത്ര്യം നിയമരൂപത്തിൽ ഉറപ്പാക്കപ്പെട്ടിട്ടുണ്ട്.” “ന്യായമായ കാരണ”മില്ലാതെ അവരെ ജോലിയിൽനിന്നു പിരിച്ചുവിട്ട തീവണ്ടിക്കമ്പനി കുററക്കാരാണെന്നു പ്രാദേശിക തൊഴിൽക്കോടതി കണ്ടെത്തുകയും അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനായി കമ്പനിയെ നിർബന്ധിക്കുകയും ചെയ്തു.
നിദ്രാരോഗവും രക്ഷ വ്യവസായവും
പരാദം മൂലം ഉണ്ടാകുന്നതും വർഷങ്ങളിലെ നിദ്രാവസ്ഥയ്ക്കുശേഷം ഹൃദയത്തിനു തകരാറുണ്ടാക്കുന്നതുമായ ഈ രോഗം ഇപ്പോൾ ഏതാണ്ട് 1 കോടി 80 ലക്ഷം ലാററിൻ അമേരിക്കക്കാരെ ആക്രമിക്കുന്നു. ഫലപ്രദമാംവിധം പരിശോധന നടത്തിയിട്ടില്ലാത്ത രക്തത്തിന്റെ പകർച്ചയിലൂടെയാണ് ഈ രോഗം പലപ്പോഴും സംക്രമിക്കുന്നത്. ബൊളീവിയൻ ടൈംസ് അടുത്തകാലത്ത് ഇപ്രകാരം വിശദീകരിക്കുകയുണ്ടായി: “ലോകവ്യാപക അടിസ്ഥാനത്തിലുള്ള വാണിജ്യവത്കരണമാണ് രക്തം അരിച്ചെടുക്കാത്തതിനുള്ള കാരണങ്ങളിലൊന്ന്. ഏതെങ്കിലും രോഗമുണ്ടോയെന്നറിയാൻ രക്തം പരിശോധിച്ച് അപഗ്രഥിക്കുമ്പോൾ കിട്ടുന്ന ലാഭം കുറഞ്ഞുപോകുന്നു.” 1993, ഡിസംബർ 24-ന് ലാ പാസ് പത്രത്തിൽ എൽ ഡീയാറ്യോ ഇപ്രകാരം പ്രസ്താവിച്ചു: “ബൊളീവിയൻ റെഡ് ക്രോസ്സ് മുന്നറിയിപ്പു നൽകുന്നതനുസരിച്ച് രാജ്യത്തു നടക്കുന്ന രക്തപ്പകർച്ചകളിൽ 50 ശതമാനവും നിദ്രാരോഗം, മലമ്പനി, ഹെപ്പറൈറററിസ്, സിഫിലിസ്, എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾ ബാധിച്ചതാണ്.”
ശിശു വിപത്തുകൾ
വിഷവസ്തുക്കൾ വിഴുങ്ങുന്ന “മുട്ടിലിഴയുന്ന പ്രായക്കാരായ” കുഞ്ഞുങ്ങളുടെ എണ്ണം ഈ അടുത്തകാലത്ത് ജപ്പാനിൽ ഗണ്യമായി വർധിച്ചിരിക്കുന്നതായി ആരോഗ്യക്ഷേമ മന്ത്രാലയം റിപ്പോർട്ടു ചെയ്യുന്നു. 1992-ൽ കുഞ്ഞുങ്ങൾ അകത്താക്കിയ മുഴു വിഷ പദാർഥങ്ങളുടെയും ഏതാണ്ടു പകുതി സിഗരററാണ്. ചില കുഞ്ഞുങ്ങൾ ഗ്ലാസ്സുകളിലോ ദ്രാവകം അടങ്ങിയിട്ടുള്ള സിഗരററ് ചാരപ്പാത്രങ്ങളിലോ കിടന്നിരുന്ന സിഗരററു കുററികളുടെയും ചാരത്തിന്റെയും മിശ്രിതം കുടിക്കുകയുണ്ടായി. കുഞ്ഞുങ്ങൾ വിഴുങ്ങിയ അപകടകരങ്ങളായ മററു പദാർഥങ്ങളിൽ അവയുടെ ഏററക്കുറച്ചിലനുസരിച്ച് ഔഷധങ്ങൾ, കളിപ്പാട്ടങ്ങൾ, നാണയങ്ങൾ, ആഹാരപദാർഥങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുൾപ്പെടുന്നു. പലതും ഗുരുതരമായ രോഗങ്ങളിൽ കലാശിച്ചു. കുട്ടികളെ ശ്രദ്ധിക്കാൻ പററിയ വിധത്തിൽ കുടുംബാംഗങ്ങളിൽ കൂടുതൽ പേരും വീട്ടിലുണ്ടായിരിക്കുന്ന വൈകുന്നേരം 5:00 മുതൽ 9:00 വരെയുള്ള സമയത്താണ് ഈ അപകടങ്ങളിൽ അമ്പരപ്പിക്കുന്ന വലിയ ശതമാനം സംഭവിക്കുന്നതെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകുന്നു.
സ്നാപന വിവാദം
ക്രിസ്ത്യാനിത്വത്തിന്റെ മുഖ്യ സുവിശേഷപ്രചരണ കേന്ദ്രങ്ങളിൽ ഒന്നായിത്തീർന്ന യു.എസ്.എ., കൊളറാഡോ സ്പ്രിങ്സ് ഈ അടുത്തകാലത്ത് കുട്ടികളെ മതം മാററുന്നതു സംബന്ധിച്ച രീതികളെക്കുറിച്ചുള്ള വിവാദത്താൽ ആകെ കലങ്ങിമറിഞ്ഞു. ദ ഡെൻവെർ പോസ്ററ് പറയുന്നതനുസരിച്ച് കുട്ടികളെ തിരഞ്ഞ് പ്രദേശം ചുററിക്കറങ്ങുന്നതിനുവേണ്ടി കോർണർസ്റേറാൺ ബാപ്ററിസ്ററ് ചർച്ച് 16 ബസ്സുകൾ ഉപയോഗിക്കുന്നു. മിഠായി, മധുരപാനീയം എന്നിവ നൽകാമെന്നും കാഴ്ചകാണാൻ കൊണ്ടുപോകാമെന്നും ഉള്ള വാഗ്ദാനങ്ങൾ ബസ്സിൽ കയറാൻ കുട്ടികൾക്ക് ഉത്സാഹം പകരുന്നു. പല മാതാപിതാക്കളും കുട്ടികളെ പോകാൻ അനുവദിക്കുന്നു. എന്നാൽ സ്നാപനത്തിന്റെ കഥകളുമായി വീടണയുന്ന കുട്ടികൾ അവരെ സങ്കടകരമാംവിധം വിസ്മയിപ്പിക്കുന്നു. കുട്ടികളെ സ്നാപനപ്പെടുത്തുന്നതിനു മുമ്പ് “ഇവാഞ്ചലിസ്ററുകൾ” സാധാരണമായി മാതാപിതാക്കളെക്കൊണ്ട് ഒരു സമ്മത പത്രത്തിൽ ഒപ്പിടുവിക്കുക പതിവാണ്. എന്നാൽ ഈ നയത്തിന് ഇടയ്ക്കിടെ അയവു വന്നിട്ടുണ്ട്. പോസ്ററ് പറയുന്നതനുസരിച്ച് സഭാ ശുശ്രൂഷകൻ സമ്മത പത്രത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: “അത് ഞങ്ങൾക്കു താമസം വരുത്തുന്നു.”
അതിർകടന്ന ഫുട്ബോൾ അഭിനിവേശം
ഇംഗ്ലണ്ടിലെ ചില ഫുട്ബോൾ പ്രേമികൾ തങ്ങളുടെ അഭിനിവേശം അസാധാരണമായ ഒരു അളവോളം കാണിച്ചിരിക്കുന്നു: മരിച്ചുകഴിയുമ്പോൾ തങ്ങളുടെ ചാരം തങ്ങൾക്ക് ഏററവും ഇഷ്ടപ്പെട്ട ടീമിന്റെ കളിസ്ഥലത്ത് വിതറണമെന്ന് അവർ അഭ്യർഥിക്കുന്നു. പേരുകേട്ട ഒരു ടീമിന് ഓരോ വർഷവും അത്തരത്തിലുള്ള 25 അപേക്ഷകളോളം ലഭിക്കുന്നു. അത്തരം മനുഷ്യാവശിഷ്ടങ്ങൾ നിക്ഷേപിക്കേണ്ട വിധം സംബന്ധിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസ്സിയേഷൻ ഫുട്ബോൾ ക്ലബ്ബുകൾക്ക് മുന്നറിയിപ്പു കൊടുക്കത്തക്കവണ്ണം ആ നടപടി അത്രമാത്രം വിപുല വ്യാപകമായിത്തീർന്നിരിക്കുന്നു. ദ മെഡിക്കൽ പോസ്ററ് പറയുന്നതനുസരിച്ച് അവരുടെ ഉപദേശത്തിൽ പിൻവരുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു: “മുഴുവൻ ചാരവും വിതറേണ്ട ആവശ്യമില്ല. ഒരു അംശം മാത്രം തൂകിയാൽ മതി. വലിയ കൂനയിട്ടാൽ പുല്ലു നശിച്ചുപോകും. . . . കനംകുറഞ്ഞ് ഒരുപോലെ പരന്നുകിടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ചാരം ഒരു ചൂലുകൊണ്ട് അടിക്കുകയും വേണം.”
താവോമതം കുതിച്ചുകയററത്തിൽ
“ചരിത്രത്തിൽ വെച്ച് അതിശ്രേഷ്ഠം.” ഒരു താവോമത അനുഷ്ഠാനമായ ലോഷെൻ മഹാ പ്രാർഥനാ ചടങ്ങിന്റെ 1993 സെപ്ററംബറിലെ ആഘോഷത്തെ ചൈനാ ടുഡേ എന്ന മാഗസിൻ വിവരിച്ചത് അങ്ങനെയാണ്. ബെയ്ജിങ്ങിലെ വൈററ് ക്ലൗഡ് ക്ഷേത്രത്തിൽവെച്ചായിരുന്നു ആഘോഷം. ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, തയ്വാൻ, ഐക്യനാടുകൾ എന്നിവിടങ്ങളിലെ താവോമത ക്ഷേത്രങ്ങളിൽനിന്നുള്ള ആളുകൾ ഇതിൽ പങ്കെടുത്തു. മാഗസിൻ പറയുന്നതനുസരിച്ച് “ലോകമെമ്പാടുമുള്ള ആളുകൾക്ക് സന്തുഷ്ടി പ്രദാനം ചെയ്യാൻ സ്വർഗത്തോട് അപേക്ഷിക്കുകയായിരുന്നു” ആഘോഷത്തിന്റെ “മുഖ്യ ഉദ്ദേശ്യം.” പതിനൊന്ന് യാഗപീഠങ്ങൾ സ്ഥാപിക്കപ്പെട്ടു, വേദവാക്യങ്ങൾ ജപിക്കപ്പെട്ടു, തങ്ങളുടെ ജീവിതത്തിൽ വിധി വരുത്തി വയ്ക്കുന്ന കഷ്ടപ്പാടുകളിൽനിന്ന് ആളുകളെ രക്ഷിക്കുന്നതായി കരുതപ്പെടുന്ന “രക്ഷാ”ദൈവം ഉൾപ്പെടെ നൂറുകണക്കിനു ദൈവങ്ങൾക്ക് ഭക്തി അർപ്പിക്കുകയും ചെയ്തു. താവോമതം ലൗകികതക്ക് അതീതമാണെന്നും അതുകൊണ്ട് അതിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും ഹോങ്കോംഗിലെ ഒരു ക്ഷേത്രാധിപതി സദസ്സിനോടു പറഞ്ഞു. താവോമതം ദേശഭക്തിയും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് തയ്വാനിലെ ഒരു താവോമത ക്ഷേത്രത്തിലെ അധ്യക്ഷൻ പത്രലേഖകരോടു പറഞ്ഞു.
ആപത്ത് ഒഴിവാക്കാൻ ഒടുക്കേണ്ട വില
അനേകം ശാസ്ത്രജ്ഞൻമാരും ഭയപ്പെടുന്ന ആഗോള കാലാവസ്ഥയിലുണ്ടാകുന്ന ആപത്കരമായ മാററം ഒഴിവാക്കുന്നതിന് എന്തു ചെലവു വരും? ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അതു ചെയ്യാൻ കഴിയുമെന്ന് ഹന്നോവർ, ജർമനിയിലെ എഡ്വാർട്ട് പെസ്റെറൽ ഇൻസ്ററിററ്യൂട്ട് ഫോർ സിസ്ററം റിസർച്ചിന്റെ നേതാവായ ക്ലൗസ്-പേററർ മോളർ കണക്കാക്കിയിരിക്കുന്നു. കൽക്കരി, എണ്ണ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം 75 ശതമാനം കുറച്ചിട്ട് അവയ്ക്കു പകരം കാർബൺഡയോക്സൈഡ് പുറത്തുവിടാത്ത മററ് ഇന്ധനങ്ങൾ ഉപയോഗിക്കാൻ മോളറിന്റെ പദ്ധതി ആവശ്യപ്പെടുന്നതായി ജർമൻ പത്രമായ സ്യൂററ്ഡോയിച്ച് ററ്സൈററുങ് പറയുന്നു. ഇതിന്റെ ചെലവോ? മോളറിന്റെ കണക്കുകൂട്ടലനുസരിച്ച് അതിന് 22.5 ലക്ഷം കോടി ഡോളർ ചെലവു വരും. അഥവാ ഇന്നു ജീവിച്ചിരിക്കുന്ന ഓരോ പുരുഷനും സ്ത്രീയും കുട്ടിയും 4,000-ത്തോളം ഡോളർ എന്ന നിരക്കിൽ ചെലവഴിക്കേണ്ടിവരും. പത്രം നിഗമനം ചെയ്യുന്നതനുസരിച്ച് ഈ കൃത്യം നിർവഹിക്കാൻ “മനുഷ്യവർഗം ഒററക്കെട്ടായി അവിശ്വസനീയമായ അളവിലുള്ള ഒരു സാഹസം കാട്ടേണ്ടിവരും.”
അവനെ ആദ്യം കണ്ടതാര്?
“പുനരുത്ഥാന ശേഷം മററാർക്കും പ്രത്യക്ഷപ്പെടുന്നതിനും ദൂതൻ സ്ത്രീകളെ വിവരം അറിയിക്കുന്നതിനും മുമ്പ് യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് കന്യാമറിയത്തിനാണ്” എന്ന ഐതിഹ്യത്തെ പിന്തുണച്ചുകൊണ്ട് പോപ്പ് ജോൺ പോൾ II ഈയിടെ സംസാരിച്ചതായി കോരീരെ ഡെല്ലാ സെരാ പ്രസ്താവിക്കുന്നു. സുവിശേഷങ്ങളാൽ ഒട്ടും പിന്താങ്ങപ്പെടാത്ത ഈ വീക്ഷണം ചിലരുടെയിടയിൽ വളരെയധികം കുഴച്ചിലിനിടയാക്കിയിട്ടുണ്ട്. പോപ്പിന്റെ അഭിപ്രായങ്ങളെയും കത്തോലിക്കാ പാരമ്പര്യത്തിലെ മറിയയുടെ പങ്കിനെയും കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഇററാലിയൻ കത്തോലിക്കാ ലേഖകനായ സെർഷോ ക്വിൻസ്യോ പറയുന്നു: മറിയയോടുള്ള “ലോകവ്യാപക ഭക്തി വിശുദ്ധ തിരുവെഴുത്തുകൾ നമുക്ക് അറിയിച്ചുതന്നിരിക്കുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക്” കത്തോലിക്കരെ നയിക്കാൻ എല്ലായ്പോഴും ചായ്വു കാണിച്ചിരിക്കുന്നു. ഏററവും അടുത്തകാലത്തെ ഈ “അധികാരപരമായ പ്രസ്താവന തിരുവെഴുത്തുകളിലില്ലാത്ത കാര്യങ്ങൾ വ്യാഖ്യാനിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“തവള-നക്കലി”നുശേഷം ഇപ്പോൾ “തവള-പുകക്കൽ”
ചിലതരം വിഷത്തവളകൾ അവയുടെ ത്വക്കിൽനിന്ന് ബ്യൂഫറെറനീൻ എന്നു പറയുന്ന മയക്കുന്ന ഒരു രാസവസ്തു സ്രവിപ്പിക്കുന്നതായി ദീർഘനാൾ മുമ്പുതന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ചിലർ മനസ്സിലാക്കിയിരുന്നു എന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നു. എന്നാൽ ഈ രാസവസ്തു ഒരു വിഷം കൂടിയാണ്. ആ വിഷം വിഷത്തവളയെ പിടിച്ചു തിന്നുന്ന നായ്ക്കളെ ചിലപ്പോൾ കൊല്ലുക പോലും ചെയ്യുന്നു. അതുകൊണ്ട് മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിലർ ‘തവളയെ നക്കാൻ’ ഭയപ്പെടുന്നതായും ‘തവള-പുകക്കലി’ലേക്കു തിരിഞ്ഞിരിക്കുന്നതായും ദ വാൾ സ്ട്രീററ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ചൂടേൽക്കുമ്പോൾ വിഷം ഇല്ലാതായിക്കൊള്ളുമെന്ന് ന്യായവാദം ചെയ്തുകൊണ്ട് അവർ വിഷത്തവളയുടെ വിഷമുള്ള സ്രവം ഉണക്കിയെടുത്ത് കത്തിച്ച് പുക വലിക്കുന്നു. എങ്ങനെയായാലും, വിഷത്തവള ദുരുപയോഗം ഇപ്പോൾ നിയമവിരുദ്ധമാണ്. ബ്യൂഫറെറനീൻ ഐക്യനാടുകളിലെ അപകടകരവും നിയമവിരുദ്ധവുമായ മയക്കുമരുന്നുകളുടെ പട്ടികയിൽ വരുന്നു. കുറഞ്ഞത് ഒരു ഇടപാടുകാരനെങ്കിലും അറസ്ററുചെയ്യപ്പെട്ടിട്ടുണ്ട്. ജേർണൽ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് അദ്ദേഹത്തിന്റെ വിഷത്തവളകൾ പിടികൂടപ്പെട്ടു.
ഫ്രഞ്ച് സ്ത്രീകളുടെയിടയിൽ കാൻസർ പെരുകുന്നു
ഫ്രാൻസിൽ എന്നത്തെക്കാളുമധികമായി ഇന്നു സ്ത്രീകൾ പുകവലിക്കുന്നു. യുവജനങ്ങളായ പുകവലിക്കാരുടെയിടയിൽ ഇപ്പോൾ പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളെ കടത്തിവെട്ടുന്നു. അമിതമായി പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം (ദിവസം 20-തിലധികം സിഗരററുകൾ) 1977-നു ശേഷം ഇപ്പോൾ ഇരട്ടിയിലധികമായിരിക്കുകയാണ്. അതുകൊണ്ട് പുകവലിയുമായി ബന്ധപ്പെട്ട കാൻസറുള്ള സ്ത്രീകളുടെ എണ്ണവും വർധിച്ചു തുടങ്ങുന്നതിൽ അതിശയമില്ല. ഫ്രാൻസിൽ ഓരോ വർഷവും ശ്വാസകോശാർബുദത്തിന്റെ 20,000 കേസുകളും ലോകമെമ്പാടും 8,00,000-ത്തിലധികം കേസുകളും പുതുതായി ഉണ്ടാകുന്നതായി പാരീസ് പത്രമായ ല ഫീഗാറോ റിപ്പോർട്ടു ചെയ്യുന്നു. ശ്വാസനാള കാൻസറിൽനിന്നുള്ള സ്ത്രീ മരണം ഐക്യനാടുകൾ, കാനഡ എന്നിവിടങ്ങളിൽ മൂന്നിരട്ടിയും ബ്രിട്ടൻ, ജപ്പാൻ, സ്വീഡൻ എന്നിവിടങ്ങളിൽ ഇരട്ടിയിലധികവും ആയിരിക്കുന്നു. “പുകവലിയുമായി ബന്ധപ്പെട്ട കാൻസറുകൾക്കെതിരെയുള്ള” ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽവെച്ച് “ഏററവും ഫലപ്രദമായ ആയുധം പുകവലി നിർത്തുന്നതാണെ”ന്ന് ശ്വസനേന്ദ്രിയ കാൻസറിനെപ്പററി ഈയിടെ പാരീസിൽ നടന്ന ഒരു യോഗത്തിൽ ഡോക്ടർമാർ ഊന്നിപ്പറഞ്ഞു.
നെതർലൻഡ്സിലെ സഭയുടെ അധഃപതനം
ഇപ്പോഴുള്ള പ്രവണതകൾ തുടരുകയാണെങ്കിൽ 2020-ാമാണ്ട് ആകുമ്പോഴേക്കും ഡച്ച് ജനതയുടെ നാലിൽ മൂന്ന് ഒരു സഭയിലും പെടാത്തവരായിരിക്കും എന്ന് ഡച്ച് ഗവൺമെൻറിന്റെ ഔദ്യോഗിക പത്രമായ സ്ററാററ്സ്കൂറാൻറ് പറയുന്നു. “നെതർലൻഡ്സിലെ മതേതരത്വം 1966-1991” എന്ന പേരിൽ നടന്ന അടുത്തകാലത്തെ ഒരു പഠനം ഡച്ച് ജനതയുടെയിടയിൽ മുഖ്യമായ നാലു വിഭാഗത്തെ കണ്ടെത്തി: മതപരമായ ഒരു പശ്ചാത്തലവുമില്ലാത്ത 28 ശതമാനം; മതത്തിൽ വളർത്തപ്പെട്ടെങ്കിലും സഭ വിട്ടുപോന്ന 33 ശതമാനം; മതത്തിൽ വളർത്തപ്പെട്ടെങ്കിലും ഇപ്പോൾ വല്ലപ്പോഴും മാത്രം പള്ളിയിൽ പോകുന്ന അല്ലെങ്കിൽ ഒരിക്കലും പോകാത്ത 28 ശതമാനം; പള്ളിയിൽ ക്രമമായി പോകുന്ന വെറും 11 ശതമാനം. സഭകളിൽ നിന്നുള്ള അകൽച്ച റോമൻ കത്തോലിക്കരുടെ ഇടയിലാണ് ഏററവുമധികമുള്ളത് എന്നു പറഞ്ഞിട്ട് സ്ററാററ്സ്കൂറാൻറ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “റോമൻ കത്തോലിക്കരുടെ വീക്ഷണങ്ങൾ അവരുടെ ആത്മീയ നേതാക്കൻമാരുടേതിന് വിരുദ്ധമായി കാണപ്പെടുന്നു. സഭാംഗങ്ങൾ അവരുടെ അധികാരത്തെ അവഗണിക്കുക പോലും ചെയ്യുന്നതായി കാണപ്പെടുന്നു.”