മാനുഷ ഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
ഭാഗം 8 ഇരുമ്പിന്റെയും ഈർപ്പമുള്ള കളിമണ്ണിന്റെയും ഒരു രാഷ്ട്രീയ മിശ്രിതം
ദേശീയത്വം: ഒരു ദേശത്തെ മറെറല്ലാററിനേക്കാളും മേലായി ഉയർത്തുകയും അതിന്റെ സംസ്കാരത്തിന്റെയും താല്പര്യത്തിന്റെയും ഉന്നമനം മററുള്ളവയുടെ മുമ്പിൽവെക്കുകയും ചെയ്യുന്ന ദേശീയ ബോധത്തിന്റെ ഒരു മനോഭാവം; 18-ാം നൂററാണ്ടിന്റെ അവസാനത്തിങ്കൽ ആദ്യമായി പ്രത്യക്ഷമായതും എന്നാൽ 20-ാം നൂററാണ്ടിൽ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നതുമായ ഒരു സങ്കല്പനം.
പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് നിസ്സഹായമായി പ്രാഞ്ചിപ്പൊയ്ക്കൊണ്ട് മാനുഷിക ഗവൺമെൻറുകൾ മനുഷ്യ സമുദായത്തിന് ഭദ്രത കൈവരുത്തുന്നതിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുൻ അമേരിക്കൻ പ്രസിഡൻറ് ജിമ്മി കാർട്ടറുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന സിഗ്നേവ് ബ്രെസിൻസ്കി പറയുന്നതനുസരിച്ച് ഈ സാഹചര്യം ഉടനെയെങ്ങും മാറുകയില്ല.
“നമ്മുടെ ശിഥിലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകം” എന്ന തലക്കെട്ടിൽ 1985-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം തയ്യാറാക്കിക്കൊണ്ടിരുന്നപ്പോൾ പത്രപ്രവർത്തകയായ ജോർജ്ജി ആൻ ഗെയർ മററ് ലോകനേതാക്കളോടൊപ്പം ബ്രെസിൻസ്കിയുമായും അഭിമുഖസംഭാഷണം നടത്തി. അതിൽ ബ്രെസിൻസ്കി ഇങ്ങനെ പറഞ്ഞതായി അവർ ഉദ്ധരിച്ചു: “അന്തർദ്ദേശീയ അസ്ഥിരതയുളവാക്കുന്ന ഘടകങ്ങൾ കൂടുതൽ സംഘടിതമായ സഹകരണത്തിനായി പ്രവർത്തിക്കുന്ന ശക്തികളുടെമേൽ ചരിത്രപരമായ ആധിപത്യം നേടിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ചായ്വുകളെക്കുറിച്ചുള്ള ഏത് സ്വതന്ത്ര അപഗ്രഥനത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത നിർണ്ണയം, ഈ നൂററാണ്ടിന്റെ ശേഷിച്ച കാലത്ത് സാമൂഹിക പ്രക്ഷുബ്ധതകളും രാഷ്ട്രീയ അസ്വാസ്ഥ്യങ്ങളും സാമ്പത്തിക പ്രതിസന്ധികളും അന്തർദ്ദേശീയ ഉരസലുകളും കൂടുതൽ വ്യാപകമാകാനാണ് സാധ്യത എന്നതാണ്.”
തീർച്ചയായും നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രവചനം തന്നെ, എന്നാൽ ബൈബിൾ വിദ്യാർത്ഥികളെ അതിശയിപ്പിക്കുന്ന ഒന്നല്ല. ഇതേ സാഹചര്യം തന്നെ വളരെ മുമ്പ് പ്രവചിക്കപ്പെട്ടിരുന്നു. എപ്പോൾ? എവിടെ?
ഒരു സ്വപ്നത്താൽ സ്തബ്ധൻ
നമ്മുടെ പൊതുയുഗത്തിനു മുമ്പ് 624 മുതൽ 582 വരെ ബാബിലോൻ രാജാവായിരുന്ന നെബുഖദ്നേസർ ഒരു സ്വപ്നത്താൽ അസ്വസ്ഥനാക്കപ്പെട്ടു. അതിൽ അവൻ വലിപ്പമേറിയ ഒരു പ്രതിമ കണ്ടു; അതിന്റെ തല തങ്കം കൊണ്ടും നെഞ്ചും കൈകളും വെള്ളി കൊണ്ടും വയറും തുടകളും താമ്രം കൊണ്ടും കാലുകൾ ഇരുമ്പു കൊണ്ടും കാൽപാദങ്ങളും കാൽവിരലുകളും ഇരുമ്പും കളിമണ്ണും കൂടിക്കലർന്ന മിശ്രിതംകൊണ്ടും ഉള്ളതായിരുന്നു. ദൈവത്തിന്റെ പ്രവാചകനായിരുന്ന ദാനിയേൽ നെബുഖദ്നേസറിനോട് പ്രതിമയുടെ സൂചിതാർത്ഥം ഇങ്ങനെ വിശദീകരിച്ചു: “രാജാവേ . . . പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ. തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറെറാരു രാജത്വവും സർവ്വ ഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രം കൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.” അതുകൊണ്ട്, വ്യക്തമായും ആ പ്രതിമക്ക് മാനുഷിക ഗവൺമെൻറുകളുമായി ബന്ധമുണ്ടായിരുന്നു.—ദാനിയേൽ 2:37-39.
ദാനിയേലിന്റെ കാലത്തിനു മുമ്പ് ഈജിപ്ററും അശ്ശൂരും ബൈബിളിന്റെ ഗ്രന്ഥകർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രയേലിനെ പീഡിപ്പിച്ചിരുന്നു. (പുറപ്പാട് 19:5) ബൈബിളിന്റെ പശ്ചാത്തലത്തിൽ ഇത് അവയെ ലോകശക്തികളാക്കി, വാസ്തവത്തിൽ, ബൈബിൾ പ്രതിപാദിക്കുന്ന ഏഴെണ്ണത്തിന്റെ ഒരു പരമ്പരയിൽ ആദ്യത്തേവ തന്നെ. (വെളിപ്പാട് 17:10) അതിനുശേഷം, ദാനിയേലിന്റെ നാളുകളിൽ ഇസ്രയേല്യരെ പരദേശികളാകാൻ നിർബന്ധിതരാക്കിക്കൊണ്ട് ബാബിലോൻ യെരൂശലേമിനെ നശിപ്പിച്ചു. അങ്ങനെ ബാബിലോൻ ഈ ലോകശക്തികളിൽ മൂന്നാമത്തേതായി, ഈ വിഷയത്തിൽ “തങ്കം കൊണ്ടുള്ള തല” എന്ന് കൃത്യമായും പരാമർശിക്കപ്പെട്ടുകൊണ്ടു തന്നെ. അതിനുശേഷം വരേണ്ടിയിരുന്ന ലോകശക്തികൾ മേദോ-പേർഷ്യയും, ഗ്രീസും, റോമും, അന്തിമമായി ആംഗ്ലോ-അമേരിക്കയും ആണെന്ന് ബൈബിളും ലൗകിക ചരിത്രവും തിരിച്ചറിയിക്കുന്നു.a
ഈ രാഷ്ട്രങ്ങളെ ബൈബിൾ ലോകശക്തികളായാണ് തരം തിരിക്കുന്നത്, കാരണം അവക്ക് ദൈവജനവുമായി ഇടപാടുണ്ടായിരുന്നു, ദൈവത്തിന്റെ ഈ ദാസൻമാർ പിന്തുണച്ച ദിവ്യഭരണത്തെ അവ എതിർക്കുകയും ചെയ്തിരുന്നു. തന്റെ രാജ്യത്തിന്റെ അന്ത്യത്തിനുശേഷംപോലും ദിവ്യപരമാധികാരത്തിനെതിരെ മാനുഷിക ഗവൺമെൻറുകൾ എങ്ങനെ തുടർന്നുപ്രവർത്തിക്കുമെന്ന് നെബൂഖദ്നേസർ കണ്ട പ്രതിമ നന്നായി ചിത്രീകരിച്ചു. പ്രതിമയുടെ വിവിധ ഭാഗങ്ങളാൽ ചിത്രീകരിക്കപ്പെട്ട ലോകശക്തികളുടെ ക്രമം തലയിൽനിന്നു തുടങ്ങി താഴേക്ക് വന്നു. ദാനിയേൽ പ്രകടമാക്കിയതുപോലെ, യുക്ത്യാനുസൃതം അപ്പോൾ പാദങ്ങളും വിരലുകളും “അന്ത്യകാലത്ത്” സ്ഥിതി ചെയ്യാനിരുന്ന മാനുഷിക ഭരണത്തിന്റെ വെളിപ്പെടുത്തലുകളെ പ്രതീകപ്പെടുത്തുമായിരുന്നു. അപ്പോൾ നാം എന്തു പ്രതീക്ഷിക്കണം?—ദാനിയേൽ 2:41, 42; 12:4.
‘പത്ത് കാൽവിരലുകൾ’
ഒരു ലോകശക്തിയാൽതന്നെ പീഡിപ്പിക്കപ്പെടാൻ കഴിയത്തക്കവണ്ണം ദൈവത്തിന്റെ ദാസൻമാർ മേലാൽ ഒരു ദേശത്തോ ഒരു സ്ഥലത്തോ ആയി പരിമിതപ്പെട്ടിരിക്കുന്നില്ല. (പ്രവൃത്തികൾ 1:8; 10:34, 35) എല്ലാ ദേശങ്ങളിലെയും അംഗങ്ങളെന്ന നിലയിൽ, എല്ലാത്തരം ഗവൺമെൻറിലെയും പൗരൻമാരെന്ന നിലയിൽ അന്ത്യകാലം ആരംഭിച്ചിരിക്കുന്നെന്നും മാനുഷിക ഭരണത്തിന് അവസരം കഴിഞ്ഞെന്നും പെട്ടെന്നു തന്നെ ദിവ്യഭരണത്താൽ മാററിപ്രതിഷ്ഠിക്കപ്പെടുമെന്നും അവർ ഉത്സാഹത്തോടെ വിളംബരം ചെയ്യുന്നു.b അങ്ങനെ, അവർ പ്രഖ്യാപിക്കുന്ന ഈ ധീരമായ സന്ദേശത്തെ നിലവിലിരിക്കുന്ന എല്ലാ രാഷ്ട്രീയ ശക്തികളും അഭിമുഖീകരിക്കുന്നു. ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം “പത്ത്” എന്ന സംഖ്യ ഉചിതമായും ഭൗമിക കാര്യങ്ങൾ സംബന്ധിച്ചുള്ള പൂർണ്ണതയെ സൂചിപ്പിക്കുന്നു. അതുകൊണ്ട്, യുക്ത്യാനുസൃതം അന്ത്യകാലത്ത് ദിവ്യ പരമാധികാരത്തോട് ഏകീകൃതമായി എതിർത്തിട്ടുള്ള എല്ലാ രാഷ്ട്രീയ മാനുഷ ഭരണങ്ങളെയുമാണ് പ്രതിമയുടെ ‘പത്തു കാൽവിരലുകൾ’ പ്രതിനിധീകരിക്കുന്നത്.
ഈ മുൻകൂട്ടിപ്പറയപ്പെട്ട കാലയളവിന്റെ ആരംഭത്തിലുണ്ടായിരുന്ന രാഷ്ട്രീയ സ്ഥിതി എന്തായിരുന്നു? 1800-ൽ യൂറോപ്യൻ രാജ്യങ്ങൾ ഭൂമിയുടെ ഉപരിതലത്തിന്റെ 35 ശതമാനത്തെ നിയന്ത്രിച്ചു, എന്നാൽ 1914-ൽ ആ സംഖ്യ 84 ശതമാനത്തിലധികമായി വർദ്ധിച്ചു! ദി കോളിൻസ് അററ്ലസ് ഓഫ് വേൾഡ് ഹിസ്റററി ഇങ്ങനെ കുറിക്കൊണ്ടു, “1914-ലെ യുദ്ധത്തിന് തൊട്ടുമുമ്പ്, ഒരുപററം വൻശക്തികൾക്കിടക്കുള്ള ലോകത്തിന്റെ വിഭജനം മിക്കവാറും പൂർത്തിയായതായി തോന്നി.” വാസ്തവത്തിൽ, “അധികം താമസിയാതെ അര ഡസൻ ശക്തികളാൽ മുഴുലോകവും ഭരിക്കപ്പെടും” എന്നു തോന്നിയതായി ഇംഗ്ലണ്ടിലുള്ള യൂണിവേഴ്സിററി ഓഫ് എസ്സെക്സിലെ ചരിത്രാദ്ധ്യാപകനായ ഹഗ് ബ്രോഗൻ പറയുന്നു.
അക്ഷരാർത്ഥത്തിൽ വെറും “അര ഡസനിൽ” അധികം വരാത്ത ലോക ഗവൺമെൻറുകളുടെ ആകെത്തുകയെ ചിത്രീകരിക്കാൻ ‘പത്തു കാൽവിരലുകളെ’ ഉപയോഗിക്കുന്നത് ഒട്ടും തന്നെ യുക്തിപൂർവമാണെന്നു തോന്നുന്നില്ല. അതുകൊണ്ട്, പ്രവചനത്തിന്റെ നിവൃത്തിയെന്നവണ്ണം ഈ ‘പത്തു കാൽവിരലുകൾ’ക്ക് ഒരു യഥാർത്ഥ അർത്ഥം ലഭിക്കണമായിരുന്നെങ്കിൽ 1914-ൽ സ്ഥിതിചെയ്തിരുന്ന രാഷ്ട്രീയ സാഹചര്യം മാറേണ്ടിയിരുന്നു.
ആയിരത്തിത്തൊള്ളായിരങ്ങൾ ഉദിച്ചുയർന്നപ്പോൾ, ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏററവും വലിയ സാമ്രാജ്യമായ ബ്രിട്ടീഷ് സാമ്രാജ്യം ഭൂമിയിലുള്ള ഓരോ നാലുപേരിലും ഒരാളെ വെച്ച് ഭരിച്ചു. മററു യൂറോപ്യൻ സാമ്രാജ്യങ്ങൾ വേറെ ദശലക്ഷങ്ങളെയും നിയന്ത്രിച്ചു. എന്നാൽ ഒന്നാം ലോകമഹായുദ്ധം ദേശീയത്വത്തിന്റെ വിജയത്തിൽ കലാശിച്ചു. യേൽ യൂണിവേഴ്സിററിയിലെ ചരിത്രപ്രൊഫസറായ പോൾ കെന്നടി വിശദീകരിക്കുന്നു: “യൂറോപ്പിലെ ഏററവും വിസ്മയാവഹമായ മാററം മേഖലാ-നിയമസംബന്ധമായ അടിസ്ഥാനത്തിൽ പരിഗണിച്ചാൽ ഹബ്സ്ബേർഗ്, റൊമാനോവ്, ഹോഹെൻസോളെൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്ന ദേശങ്ങളുടെ സ്ഥാനത്ത് ഒരുകൂട്ടം രാഷ്ട്രങ്ങളുടെ—പോളണ്ട്, ചെക്കോസ്ലൊവാക്യ, ഓസ്ട്രിയ, ഹംഗറി, യുഗോസ്ലാവ്യ, ഫിൻലൻറ്, എസ്തോണിയ, ലാത്ത്വിയ, ലിത്ത്വേനിയ എന്നിവയുടെ—ആവിർഭാവമായിരുന്നു.”
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഈ പ്രവണത ത്വരിതഗതിയിലായി. ദേശീയത്വം മുഴുശക്തിയോടും കൂടെ പൊട്ടിത്തെറിച്ചു. പ്രത്യേകിച്ചും 1950-കളുടെ മദ്ധ്യത്തിനുശേഷം ഈ പ്രവണത പിന്നോട്ടു തിരിച്ചുവിടാൻ കഴിയാത്ത ഒന്നായിത്തീർന്നു. അഞ്ചു നൂററാണ്ടുകളിലെ യൂറോപ്യൻ വികസനം നിപതിച്ച കോളനി സാമ്രാജ്യങ്ങളുടെ ഒരു കൽക്കൂമ്പാരത്തിൽ ചെന്നവസാനിക്കുകയായിരുന്നു. ആഫ്രിക്ക, ഏഷ്യ, മദ്ധ്യപൂർവ്വദേശം എന്നിവിടങ്ങളിലുള്ള രാഷ്ട്രങ്ങളുടെ എണ്ണം നാടകീയമായി വർദ്ധിച്ചു.
ഈ “വികസനം രാഷ്ട്രീയ ചിന്തയിൽ അതിനുമുമ്പത്തെ 2,000 വർഷങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന സങ്കല്പനങ്ങൾക്ക് കടകവിരുദ്ധമായിട്ടാണ് സംഭവിച്ചത്” എന്ന് ദ ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു. “ഈ സമയം വരെ മനുഷ്യൻ പൊതുവും സാർവ്വത്രികവുമായവക്ക് സാധാരണ ഊന്നൽ നൽകുകയും ഐക്യം അഭികാമ്യമായ ഒരു ലക്ഷ്യമായി കരുതുകയും ചെയ്തിരുന്ന”ടത്ത്, ദേശീയത്വം ഇപ്പോൾ ദേശീയ ഭിന്നതകൾക്ക് ഊന്നൽ കൊടുത്തു. ഐക്യപ്പെടുന്നതിന് പകരം അത് ഭിന്നിക്കുന്നതിന് പ്രവണത കാട്ടി.
ഇരുമ്പും ഈർപ്പമുള്ള കളിമണ്ണും
പ്രതിമയുടെ പാദങ്ങളും വിരലുകളും “പാതി ഇരുമ്പും പാതി വാർത്തെടുത്ത കളിമണ്ണും” എന്ന് ബൈബിൾ വർണ്ണിക്കുന്നത് ശ്രദ്ധിക്കുക. അതിങ്ങനെയും കൂട്ടിച്ചേർക്കുന്നു: “അത് ഒരു ഭിന്ന രാജത്വമായിരിക്കും, . . . രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതുമായിരിക്കും . . . അവ തമ്മിൽ ചേരാതിരിക്കും.” (ദാനിയേൽ 2:33, 41-43) കോളനിഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിത്തുടങ്ങുകയും ദേശീയത്വം വളർന്ന് പരിപുഷ്ടി പ്രാപിക്കുകയും വികസ്വര രാജ്യങ്ങൾക്ക് സ്ഥാനം ലഭിക്കുകയും ചെയ്തപ്പോൾ ഐക്യത്തിലുള്ള അവരുടെ ചേരായ്മ പ്രകടമായിത്തീർന്നു. ഈ ഭൂഗോളം ഝടുതിയിൽ രാഷ്ട്രീയ വിഭജനത്തിലേക്ക് തെന്നിവീഴുകയായിരുന്നു.
പ്രതിമയുടെ പാദങ്ങളിലും വിരലുകളിലുമുള്ള ഇരുമ്പും കളിമണ്ണും അനായാസം കൂടിച്ചേരാത്തതിന് സമാനമായി ചില ഗവൺമെൻറുകൾ ഇരുമ്പുപോലെയും—പ്രാമാണികമോ ക്രൂരമോ—മററുള്ളവ കളിമണ്ണിന് സമാനവും—കൂടുതൽ വഴങ്ങുന്നതോ ജനാധിപത്യപരമോ—ആയിരുന്നു. മനസ്സിലാക്കാൻ കഴിയുന്നതുപോലെ, അവക്ക് ലോകൈക്യത്തിൽ ഒന്നിച്ചുചേരാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ കാലത്ത് ഇത് എടുത്തുകാട്ടിക്കൊണ്ട്, ജർമ്മൻ പുസ്തകമായ അൺസേർവ് വെൽററ്—ജെസ്റേറൺ, ഹ്യൂട്ട്, മോർഗെൻ; 1800-2000 (നമ്മുടെ ലോകം—ഇന്നലെ, ഇന്ന്, നാളെ; 1800-2000) ഇങ്ങനെ പറയുന്നു: “19-ാം നൂററാണ്ടോടുകൂടി ജനാധിപത്യ സ്വാതന്ത്ര്യം എല്ലാ പരിഷ്കൃത രാജ്യങ്ങളിലും തന്നെ നിലവിൽ വന്നതായും ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടുകൂടി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രയത്നം അന്തിമ വിജയത്തിലേക്ക് സമീപിച്ചതായും തോന്നി . . . 1917-ൽ റഷ്യയിലുണ്ടായ വിപ്ലവത്തോടെ സ്വേച്ഛാധിപത്യം വീണ്ടും ഉയർന്നു വന്നു. അപ്പോൾ മുതൽ 20-ാം നൂററാണ്ട് സ്വേച്ഛാധിപത്യവും ജനാധിപത്യവും തമ്മിലുള്ള സഹവർത്തിത്വത്താലും സംഘട്ടനത്താലും വിശേഷവത്ക്കരിക്കപ്പട്ടിരിക്കുകയാണ്.”—ഇററാലിക്സ് ഞങ്ങളുടേത്.
ജനശക്തി
‘പത്ത് കാൽവിരലുകളു’ടെ ഭരണകാലത്ത്, “മനുഷ്യവർഗ്ഗത്തിലെ സന്തതികൾ” ആയ സാമാന്യ ജനങ്ങൾ ഗവൺമെൻറുകളിൽ വർദ്ധിച്ച അളവിൽ ഉൾപ്പെടും എന്നത് ശ്രദ്ധിക്കുക. ചരിത്രവസ്തുതകൾ ഈ പ്രവചനത്തെ പിന്താങ്ങുന്നുണ്ടോ?—ദാനിയേൽ 2:43.
ആയിരത്തിത്തൊള്ളായിരത്തിഇരുപതുകളിലും 1930-കളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനാധിപത്യ ഭരണങ്ങൾ സ്വേച്ഛാധിപത്യത്താൽ മാററി പ്രതിഷ്ഠിക്കപ്പെട്ടെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെ തന്നെ ജനങ്ങളാലുള്ള ഭരണം, ജനാധിപത്യം അങ്ങേയററം പ്രശസ്തമായിത്തീർന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, കോളനിവാഴ്ചയിൽനിന്നുള്ള വിമുക്തി ഒരിക്കൽകൂടി അനവധി പുതിയ ജനാധിപത്യ രാജ്യങ്ങളെ ഉളവാക്കി. പിന്നീട്, 1960-കളിലും 1970-കളിലും മുൻ കോളനികളിൽ അനേകവും പ്രാമാണികസ്വഭാവമുള്ള ഗവൺമെൻറുകളെ തിരഞ്ഞെടുത്തു.
എന്നിരുന്നാലും, 20-ാം നൂററാണ്ടിൽ, രാജഭരണത്തെയും ഏകാധിപത്യഭരണത്തെയും ജനാധിപത്യഭരണങ്ങളാൽ അഥവാ ജനങ്ങളുടെ ഗവൺമെൻറുകളാൽ മാററി പ്രതിഷ്ഠിക്കാനാണ് പ്രവണത. പൂർവ്വ യൂറോപ്പിലെ കഴിഞ്ഞ വർഷത്തെ വിപ്ലവകരമായ മുന്നേററങ്ങളെ “ജനങ്ങളുടെ വർഷം” എന്നാണ് ടൈം മാസിക വർണ്ണിച്ചത്. കൂടാതെ ബർലിൻ മതിൽ അന്തിമമായി വീണപ്പോൾ ജർമ്മൻ വാർത്താപത്രികയായ ഡർ സ്പീഗൽ അതിന്റെ പുറംചട്ടയിൽ “ദാസ് വോക്ക് സീഗ്ത്ത്—ജനങ്ങൾ ജയിക്കുന്നു! എന്ന് അലങ്കരിച്ച് എഴുതിയിരുന്നു.
പ്രസംഗം ദീർഘം, പ്രവൃത്തി ചുരുക്കം
ജനശക്തി രാഷ്ട്രീയ പരിവർത്തനത്തിന് നിർബന്ധം ചെലുത്തിയിട്ടുള്ള സകല പൂർവ്വ യൂറോപ്യൻ രാജ്യങ്ങളിലും ഒന്നിലധികം രാഷ്ട്രീയ പാർട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്നതായിരുന്നു ആവശ്യം. ഇപ്പോഴത്തെ രീതിയിൽ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ചത് 19-ാം നൂററാണ്ടിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ്. 20-ാം നൂററാണ്ടിന്റെ പകുതി മുതൽ അവ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ഇന്ന് അവ മുമ്പെന്നത്തേക്കാളും വലുതും ദൃഢവും നന്നായി സംഘടിപ്പിക്കപ്പെട്ടവയുമാണ്. അവയും തൊഴിൽ യൂണിയനുകളും സ്വാധീന ശക്തികളും പരിസ്ഥിതി സംഘങ്ങളും മററ് എണ്ണമററ പൗരൻമാരും പ്രത്യേക താൽപ്പര്യമുള്ള സംഘങ്ങളും മുഖേന ജനശക്തി ഇന്ന് മറെറന്നത്തേക്കാളും കൂടുതലായും ഉച്ചത്തിലും സംസാരിച്ചുകൊണ്ടിരിക്കുന്നു.
എന്നിരുന്നാലും, രാഷ്ട്രീയ നടപടിയിൽ ഉൾപ്പെട്ടിരിക്കുന്ന ജനങ്ങൾ കൂടുന്നതനുസരിച്ച് രാഷ്ട്രീയമായ അഭിപ്രായൈക്യം നേടുന്നതിനുള്ള പ്രയാസവും വർദ്ധിക്കുന്നു. തർക്കവിഷയങ്ങളായ അനേകം ആശയങ്ങളുടെയും താല്പര്യങ്ങളുടെയും ഇടയിൽ മിക്കപ്പോഴും ന്യൂനപക്ഷ ഗവൺമെൻറുകൾ വരാനിടയാക്കുന്നു. ഇങ്ങനെ സ്തംഭനാവസ്ഥയിലുള്ള ഗവൺമെൻറുകൾ ദീർഘമായി പ്രസംഗിക്കുന്നു എന്നാൽ ചുരുക്കമായി പ്രവർത്തിക്കുന്നു.
ഇരുമ്പും ഈർപ്പമുള്ള കളിമണ്ണും പോലെ 1914 മുതൽ മുഴു ലോക രാഷ്ട്രീയ സമ്മിശ്രങ്ങളും ഉടഞ്ഞുപോകുന്നതായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, ഗവൺമെൻറ് സംബന്ധമായ കാര്യങ്ങൾക്കായി ആളുകൾ ദിവ്യമാർഗ്ഗനിർദ്ദേശം തേടിയ നാളുകൾ കഴിഞ്ഞുപോയിരിക്കുന്നു. ദി കൊളംബിയ ഹിസ്റററി ഓഫ് ദി വേൾഡ് ഇങ്ങനെ നിഗമനം ചെയ്തു: “അങ്ങനെ പാശ്ചാത്യ സംസ്കാരമുള്ളവർ പൂർണ്ണമായും തങ്ങളിലേക്ക് തന്നെ തിരിഞ്ഞതായും സ്വയം കുറവുള്ളവരായും കണ്ടെത്തുന്നു.”
ശുഭാപ്തിവിശ്വാസത്തിനുള്ള സാധ്യത
“വ്യതിരിക്തമെങ്കിലും ബന്ധമുള്ള ഈ എല്ലാ സംഭവങ്ങളും ഈ 20-ാം നൂററാണ്ടിന്റെ രണ്ടാം പകുതിയിൽ സംഭവിച്ചിരിക്കുന്നത് എന്തുകൊണ്ടായിരിക്കണം? ഇതേ വരെയുള്ള മമനുഷ്യന്റെ മുഴു ചരിത്രത്തിലും വെച്ചേററവും കൂടുതൽ ശാസ്ത്രീയ നേട്ടങ്ങളും ജ്ഞാനവും നേടിയിരിക്കുന്ന ഈ കാലഘട്ടത്തിൽതന്നെ കൃത്യമായി ലോക തകർച്ചയുടെ ഈ ഭീഷണികൾ ആവിർഭവിച്ചിരിക്കുന്നത് എന്തുകൊണ്ട്?” പത്രപ്രവർത്തകയായ ഗേയർ മുന്നോട്ട് വെച്ച ഈ ചോദ്യങ്ങൾ ചിന്തോദ്ദീപകമാണ്. പക്ഷേ ആർക്കെങ്കിലും ഇതിന് ഉത്തരമുണ്ടോ?
ഏതാണ്ട് പത്തു വർഷങ്ങൾക്കു മുമ്പ് ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ ശുഭാപ്തിവിശ്വാസത്തോടെ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നമ്മുടെ കാലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരുപക്ഷേ മറേറതു മുൻതലമുറയേക്കാളും നമുക്ക് കൂടുതൽ സാദ്ധ്യതയുണ്ട്.” എന്നാൽ ഇപ്പോൾ ഒരു പതിററാണ്ടിന് ശേഷം 1990-കളുടെ ആരംഭത്തിൽ ഇനിയും ശുഭാപ്തിവിശ്വാസത്തിന് ഇടമുണ്ടോ? ശീതസമരത്തിന്റെ അന്ത്യവും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വർദ്ധിച്ച സഹകരണവും ലോകനിരായുധീകരണത്തിലുണ്ടായ പ്രസക്തമായ പുരോഗതിയും ചൂണ്ടിക്കാട്ടിക്കൊണ്ട് ‘ഉണ്ട്,’ എന്ന് നിങ്ങൾ പറഞ്ഞേക്കാം.
അവർ അങ്ങനെ ചെയ്യുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. ബൈബിൾ ചരിത്രത്തിലെ ഏഴാമത്തെ ലോകശക്തിയുടെ ഭരണകാലത്ത് ഒരു സമകാലീന എട്ടാം ശക്തി രാഷ്ട്രങ്ങളെ ഐക്യപ്പെടുത്തുന്നതിന് പ്രത്യേകമായി സ്ഥാപിക്കപ്പെടുമെന്ന് അത് സൂചിപ്പിക്കുന്നു. (വെളിപ്പാട് 17:11) എന്നാൽ അത് വിജയിക്കുമോ? “മാനുഷഭരണം തുലാസ്സിൽ തൂക്കപ്പെട്ടിരിക്കുന്നു” എന്നതിന്റെ 9-ാം ഭാഗം ഉത്തരം നൽകും. (g90 11/22)
[അടിക്കുറിപ്പുകൾ]
a ദ വാച്ച്ടവറിന്റെ 1988 ഫെബ്രുവരി 1 മുതൽ ജൂൺ 1 വരെയുള്ള ലക്കങ്ങളിൽ ബൈബിൾ ചരിത്രത്തിലെ ലോകശക്തികളായ ഇവയിലോരോന്നിനെയുംകുറിച്ച് അൽപ്പം ദീർഘമായി വിശദീകരിച്ചിരുന്നു.
b ബൈബിൾതെളിവിനായി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യയാൽ 1982-ൽ പ്രസിദ്ധീകരിക്കപ്പെട്ട നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയ എന്ന പുസ്തകത്തിന്റെ 16-ഉം 18-ഉം അദ്ധ്യായങ്ങൾ കാണുക.
[16-ാം പേജിലെ ആകർഷകവാക്യം]
“ഒരു രാജ്യം തന്നിൽതന്നേ ചിദ്രിച്ചുവെങ്കിൽ ശൂന്യമാകും.”—മത്തായി 12:25
[16-ാം പേജിലെ ആകർഷകവാക്യം]
“ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി.”—സങ്കീർത്തനം 46:6