ബൈബിൾ ചരിത്രത്തിലെ വൻ ലോകശക്തികൾ അവയുടെ അന്ത്യത്തിലേക്ക് മാർച്ച് ചെയ്യുന്നു!
ചരിത്രം മുൻകൂട്ടി എഴുതുന്നതിനെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ‘അസാദ്ധ്യം,’ എന്ന് നിങ്ങൾ പറയുന്നുവോ? എന്നിരുന്നാലും ചരിത്രം മുൻകൂട്ടി പറയുകതന്നെ ചെയ്ത ഒരു പുസ്തകം ഉണ്ട്—സംഭവങ്ങൾ നടന്നതിന് നൂറുകണക്കിന്, ചിലപ്പോൾ ആയിരക്കണക്കിന് വർഷങ്ങൾ പോലും മുമ്പ്! ആ പുസ്തകം ബൈബിളാണ്.
ബൈബിൾ പുരാതന സംഭവങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക മാത്രമല്ല, പിന്നെയോ ഏററവും അത്ഭുതാവഹമായ ഒരു വിധത്തിൽ അത് 2,500-ൽ പരം വർഷങ്ങൾക്കു മുമ്പ് പുരാതന ബാബിലോനിന്റെ കാലം മുതൽ നമ്മുടെ ആധുനിക കാലം വരെയും അതിനപ്പുറവുമുള്ള ദൈവജനത്തെ ബാധിക്കുന്ന ലോകചരിത്രത്തിന്റെ പ്രമുഖ ബാഹ്യരൂപങ്ങൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്.
നമ്മുടെ പൊതുയുഗത്തിനു മുമ്പ് ആറാം നൂററാണ്ടിൽ ജീവിച്ചിരുന്ന ഒരു പ്രവാചകനായ ദാനിയേലിന് ലോകചരിത്രത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന നാലു വ്യത്യസ്ത വെളിപ്പാടുകൾ നൽകപ്പെട്ടു. അവന് തന്റെ വിവരങ്ങൾ എവിടെനിന്നു കിട്ടി? ദാനിയേൽ പറഞ്ഞു: “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗങ്ങളിൽ സ്ഥിതിചെയ്യുന്നുണ്ട്.” (ദാനിയേൽ 2:28) പുരാതന ലോകശക്തികൾ ശേഷിപ്പിച്ച അവശിഷ്ടങ്ങൾ അനാച്ഛാദനം ചെയ്യുന്ന പുരാവസ്തുഗവേഷകർ ചരിത്രത്തിന്റെയും ബൈബിളിൽ കാണുന്ന പ്രവചനത്തിന്റെയും സത്യതയുടെ അത്ഭുതപ്പെടുത്തുന്ന തെളിവ് കണ്ടെത്തിയിരിക്കുന്നു.
ബൈബിൾ ചരിത്രത്തിലെ വൻ ലോകശക്തികളിൽ രണ്ടെണ്ണമായിരുന്ന ഈജിപ്ററും അസ്സീറിയായും ദാനിയേലിന്റെ കാലത്തിന് വളരെ മുമ്പ് സ്ഥിതിചെയ്തിരുന്നു. ബാബിലോൻ ദാനിയേലിന്റെ നാളിൽ ഭരണം നടത്തിക്കൊണ്ടിരുന്നു, പിന്നാലെ വന്ന രണ്ടു ലോകശക്തികളുടെ പേര് പ്രവാചകന് വെളിപ്പെടുത്തപ്പെട്ടു. (ദാനിയേൽ 2:47, 48; 8:20, 21) ഇവയെ തുടർന്നു വരാനിരുന്ന മററ് രണ്ടെണ്ണം നമ്മെ ഈ ആധുനിക കാലം വരെ എത്തിക്കുന്നു.
എത്ര എണ്ണം?
ബൈബിളനുസരിച്ച് അത്തരത്തിലുള്ള എത്ര ലോകശക്തികൾ ഉണ്ടായിരിക്കും? ഉത്തരം വൃദ്ധനായ യോഹന്നാന് നൽകപ്പെട്ടു, അത് കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്ന് കാണിക്കുകയും ചെയ്യുന്നു. ഒരു ദൂതൻ യോഹന്നാനോട് ഇപ്രകാരം പറഞ്ഞു: “ഏഴു രാജാക്കൻമാരുണ്ട്: അഞ്ചുപേർ വീണുപോയി, ഒരുത്തൻ ഉണ്ട്, മററവൻ ഇതുവരെ വന്നിട്ടില്ല.”—വെളിപ്പാട് 17:10.
യോഹന്നാന്റെ നാളായപ്പോഴേക്ക് വരികയും പോകുകയും ചെയ്ത അഞ്ചു ലോകശക്തികൾ ഏവയായിരുന്നു? ഈജിപ്ററ്, അസ്സീറിയ, ബാബിലോൻ, മേദോ-പേർഷ്യ, ഗ്രീസ് എന്നിവ. അപ്പോഴും സ്ഥിതിചെയ്തിരുന്നതേതാണ്? റോം. “അതുവരെ വരാതിരുന്ന” ശക്തി ഏതായിരുന്നു? നമ്മുടെ നാളിലെ ആംഗ്ലോ-അമേരിക്കൻ ലോകശക്തി. പുരാതനകാലത്തെയും ആധുനികനാളിലെയും ദൈവജനങ്ങളോട് മുഖ്യമായി ബന്ധപ്പെട്ട ലോകശക്തികൾ ഇവയാണ്.
വിശേഷാൽ പ്രധാനമായ ഒരു വസ്തുത ഇതാണ്: അത്തരത്തിലുള്ള ഏഴുലോകശക്തികളുടെ പിന്തുടർച്ചയെ ഉണ്ടായിരിക്കുമായിരുന്നുള്ളു! ഏഴാമത്തേതിന്റെ നാളുകളിൽ ഏഴിന്റെയും ശേഷിപ്പുകൾ ഉൾപ്പെടുന്ന ഒരു സമകാലീന എട്ടാം ശക്തി ഒരു ചുരുങ്ങിയ കാലത്തേക്ക് സ്ഥിതിചെയ്യുമെന്ന് പ്രവചിക്കപ്പെട്ടു. (വെളിപ്പാട് 17:10, 11) ഇതിന്റെ അർത്ഥം മനുഷ്യരാൽ ഭരിക്കപ്പെടുന്ന വൻ ലോകശക്തികളിൽ അവസാനത്തേതിന്റെ കാലത്താണ് നാം ജീവിക്കുന്നത് എന്നാണ്. കൂടുതലായി ഇനി ഒന്നും ഉണ്ടായിരിക്കയില്ല!
ഇപ്പോൾ പെട്ടെന്ന്, ലോകശക്തികൾക്ക് അവയുടെ നാൾ അവസാനിക്കും. ഈ മാനുഷവ്യവസ്ഥിതികൾ തകർക്കപ്പെടുകയും ‘കാററിനാൽ അടിച്ചുനീക്കപ്പെടുകയും ചെയ്യും’ എന്ന് ദാനിയേൽ പ്രവചിച്ചു. (ദാനിയേൽ 2:35) അവയുടെ സ്ഥാനത്ത് എന്തു വരും? വളരെ മെച്ചപ്പെട്ട ഒന്ന്! ദാനിയേൽ റിപ്പോർട്ട് ചെയ്യുന്നു: “ആ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. . . . അത് ഈ രാജ്യങ്ങളെയെല്ലാം തകർത്തുനശിപ്പിക്കുകയും അതു തന്നെ അനിശ്ചിത കാലത്തേക്ക് നിലനില്ക്കുകയും ചെയ്യും,” എന്നേക്കും. (ദാനിയേൽ 2:44) അതുകൊണ്ട്, ദൈവരാജ്യത്തിൽ കുറഞ്ഞ യാതൊന്നും ഈ മാനുഷ ലോകശക്തികൾക്കു പകരം വരികയില്ല. ലോകഭരണത്തിൽ എത്ര അത്ഭുതകരമായ പുരോഗതി!
നിങ്ങൾക്ക് ലോകശക്തികളേക്കുറിച്ച് ചിലത് അറിയാമെന്നുള്ളതിന് സംശയമില്ല. എന്നാൽ അവരുടെ ആചാരങ്ങളും അവരുടെ മതവും, ദൈവജനങ്ങളും ബൈബിൾ പ്രവചനവുമായുള്ള അവരുടെ ബന്ധവും സംബന്ധിച്ച കൂടുതൽ അറിവ് തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ മനുഷ്യ ചരിത്രത്തെ സംബന്ധിച്ച് കൂടുതലായി അറിയാൻ നിങ്ങളെ സഹായിക്കയില്ലേ?
ഉവ്വ്, തീർച്ചയായും. അതുകൊണ്ട് ഈ ലക്കം മുതൽ ലോകശക്തികളെ സംബന്ധിച്ച എട്ടു ലേഖനങ്ങളുടെ ഒരു പരമ്പര പ്രസിദ്ധീകരിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ ലേഖനങ്ങൾ, ബൈബിളിൽ വിവരിച്ചിട്ടുള്ള ചരിത്രം ആശ്രയയോഗ്യവും വിശ്വസനീയവും ആണെന്ന് ബോധ്യപ്പെടാൻ നിങ്ങളെ സഹായിക്കും. അവ ബൈബിൾ പ്രവചനങ്ങൾ വിശ്വസ്തവും സത്യവുമാണെന്നുള്ള വസ്തുതയിലുള്ള നിങ്ങളുടെ വിശ്വാസത്തെയും ശക്തിപ്പെടുത്തേണ്ടതാണ്. (w88 2/1)