യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു
1 ഈ വ്യവസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് നീതി വസിക്കുന്ന ഒരു പുതിയലോകം ആനയിക്കുന്ന യഹോവയുടെ ദിവസത്തിന്റെ വരവിനായി ക്രിസ്ത്യാനികൾ കാത്തിരിക്കുന്നു. (2 പത്രൊ. 3:11,13) എന്നാൽ ആ ദിവസം എന്നു വരുമെന്നു കൃത്യമായി നമുക്കറിയില്ല. അതിനാൽ നാം ജാഗ്രതയോടെ ഇരിക്കുകയും മറ്റുള്ളവരെ അതിനു സഹായിക്കുകയും വേണം. (യെഹെ. 33:7-9; മത്താ. 24:42-44) ദൈവത്തിന്റെ പ്രാവചനിക വചനത്തെക്കുറിച്ചു ധ്യാനിക്കുന്നത് “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു” എന്നുള്ള നമ്മുടെ ബോധ്യത്തെ ശക്തിപ്പെടുത്തും.—സെഫ. 1:14.
2 ലോകശക്തികളുടെ പ്രയാണം: വെളിപ്പാടു 17:9-11-ൽ യോഹന്നാൻ അപ്പൊസ്തലൻ ‘ഏഴു രാജാക്കന്മാരെ’ക്കുറിച്ചു പറയുന്നു. ഇവ ഒന്നിനു പുറകെ ഒന്നായി രംഗപ്രവേശം ചെയ്യുന്ന ഏഴു ലോകശക്തികളെ ചിത്രീകരിക്കുന്നു. ‘എട്ടാമത്തെ’ രാജാവിനെക്കുറിച്ചും യോഹന്നാൻ പറയുന്നുണ്ട്, അത് ഇന്നത്തെ ഐക്യരാഷ്ട്രങ്ങളെ കുറിക്കുന്നു. ഇനിയും മറ്റ് ഏതെങ്കിലും ലോകശക്തികൾ രംഗപ്രവേശം ചെയ്യുമെന്നു നാം പ്രതീക്ഷിക്കേണ്ടതുണ്ടോ? ഇല്ല. പ്രവചനം പറയുന്നപ്രകാരം ഈ എട്ടാമത്തെ രാജാവ് “നാശത്തിലേക്കു പോകുന്നു,” അതിനുശേഷം മാനുഷ രാജാക്കന്മാരെക്കുറിച്ചുള്ള പരാമർശം ഇല്ല. കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്നു കാണാൻ ഈ പ്രവചനം നിങ്ങളെ സഹായിക്കുന്നില്ലേ?
3 യഹോവയുടെ ദിവസത്തിന്റെ വരവിനെക്കുറിച്ചു മനസ്സിലാക്കാൻ ദാനീയേൽ 2:31-45 സഹായിക്കുന്നു. ആ പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന, നെബൂഖദ്നേസർ സ്വപ്നത്തിൽ കാണുന്ന കൂറ്റൻ പ്രതിമ ലോകശക്തികളുടെ പിന്തുടർച്ചയെ കുറിക്കുന്നു. ഈ ലോകശക്തികൾ ഓരോന്നും ഇതിനോടകം രംഗപ്രവേശം ചെയ്തുകഴിഞ്ഞു. ചരിത്രപ്രവാഹത്തിൽ നാം ഇപ്പോൾ ഏതു ലോകശക്തിയുടെ കാലത്താണ്? പ്രതിമയുടെ കാൽപ്പാദങ്ങൾ പ്രതിനിധാനം ചെയ്ത കാലഘട്ടത്തിലാണു നാം. അടുത്തതായി എന്തു സംഭവിക്കുമെന്നു പ്രവചനം വ്യക്തമായി വിവരിക്കുന്നു. “ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വ”ത്തിനു വഴിയൊരുക്കിക്കൊണ്ട് മാനുഷഭരണം നിശ്ശേഷം തുടച്ചുനീക്കപ്പെടും. യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നെന്ന് ഇതു വ്യക്തമാക്കുന്ന വിധം നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ?
4 മറ്റു തെളിവുകൾ: യഹോവയുടെ ദിവസം അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ മറ്റു തെളിവുകൾക്കു നാം ദൃക്സാക്ഷികളാണ്. ‘അന്ത്യകാലത്തെ’ ആളുകളുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളുടെ നിവൃത്തി നാം കാണുന്നു. (2 തിമൊ. 3:1-5) അന്ത്യം വരുന്നതിനുമുമ്പ് നിർവഹിക്കപ്പെടേണ്ട ആഗോള സാക്ഷീകരണവേലയിൽ നാം പങ്കുപറ്റുന്നു. (മത്താ 24:14) പിൻവരുന്ന ദൂത പ്രഖ്യാപനത്തിലെ അടിയന്തിരത ശ്രദ്ധിക്കുക: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.” നമ്മുടെ പരസ്യശുശ്രൂഷയിൽ ആ അടിയന്തിരത തുടർന്നും പ്രതിഫലിക്കട്ടെ.—വെളി. 14:6, 7.