മാനുഷ ഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
ഭാഗം 9 മാനുഷ ഭരണം അതിന്റെ പാരമ്യത്തിലെത്തുന്നു!
ദേശീയാതീത രാഷ്ട്രീയ വ്യവസ്ഥിതികൾ: സാമ്രാജ്യങ്ങൾ, സഖ്യങ്ങൾ, കോൺഫെഡറേഷനുകൾ അല്ലെങ്കിൽ ദേശീയ അതിർവരമ്പുകൾക്കോ അധികാരത്തിനോ താൽപര്യങ്ങൾക്കോ അതീതമായ പൊതു ലക്ഷ്യങ്ങളെ പിന്തുടരുന്ന താത്കാലികമോ സ്ഥിരമോ ആയ അടിസ്ഥാനത്തിൽ ദേശീയ സംസ്ഥാനങ്ങൾക്കിടയിൽ രൂപവൽക്കരിക്കപ്പെടുന്ന ഫെഡറേഷനുകൾ.
പൊ.യു.മു. 539, ഒക്ടോബർ 5 ബാബിലോൺ നഗരം ഒരു ആഘോഷാവസ്ഥയിൽ ആയിരിക്കുന്നതു കണ്ടു. ഒരായിരം ഉന്നത ഗവൺമെൻറുദ്യോഗസ്ഥൻമാർ ബേൽശസ്സർ രാജാവിൽ നിന്നുള്ള ഒരു സായാഹ്ന ക്ഷണം സ്വീകരിച്ചിരുന്നു. കടന്നാക്രമിക്കുന്ന മേദ്യരുടെയും പാർസ്യരുടെയും സൈന്യങ്ങളാൽ ഭീഷണിപ്പെടുത്തപ്പെട്ടെങ്കിലും ബേൽശസ്സറിന്റെയും അയാളുടെ സഹ രാജ്യതന്ത്രജ്ഞൻമാരുടെയും സമാധാനം ഭഞ്ജിക്കപ്പെട്ടിരുന്നില്ല. എന്തായിരുന്നാലും നഗരമതിലുകൾ അഭേദ്യമായിരുന്നു. ഭയപ്പെടുന്നതിനു സത്വര കാരണമൊന്നുമില്ലായിരുന്നു.
അപ്പോൾ, യാതൊരു മുന്നറിയിപ്പുമില്ലാതെ, ആഘോഷങ്ങൾക്കിടയിൽ ശരീരബന്ധമററ ഒരു മാനുഷകൈ കൊട്ടാരഭിത്തിയിൽ അമംഗളസൂചകമായ ഈ വാക്കുകൾ എഴുതാൻ തുടങ്ങി: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. രാജാവിന്റെ കാൽമുട്ടുകൾ വിറക്കാനും മുഖം വിളറാനും തുടങ്ങി.—ദാനിയേൽ 5:5, 6, 25.
ബേൽശസ്സറും അയാളുടെ സഹപ്രവർത്തകരും വെറുത്തിരുന്ന ദൈവത്തിന്റെ ആരാധകനായ ദാനിയേൽ എന്ന ഇസ്രായേല്യനെ വിശദീകരിക്കുന്നതിന് വിളിച്ചുവരുത്തി. “കാര്യത്തിന്റെ അർത്ഥമാവിതു,” ദാനിയേൽ പറഞ്ഞു, “മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു. തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ് എന്നുച്ചൊൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.” പ്രവചനം സൂചിപ്പിച്ചത് തീർച്ചയായും നല്ലതൊന്നുമല്ല. നിവൃത്തിയായി “രാത്രിയിൽതന്നെ കൽദയ രാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.”—ദാനിയേൽ 5:26-28, 30
ഒററ രാത്രികൊണ്ട് ഒരു രൂപത്തിലുള്ള മാനുഷഭരണം മറെറാന്നിനാൽ മാററിപ്രതിഷ്ഠിക്കപ്പെട്ടു! ഈ അടുത്ത കാലത്തെ കിഴക്കൻ യൂറോപ്പിലെ സമാനമായ സംക്ഷോഭങ്ങളുടെ വീക്ഷണത്തിൽ ബേൽശസ്സറിന് സംഭവിച്ചതിന് നമ്മുടെ നാളുകൾക്കായി അർത്ഥമുണ്ടായിരിക്കുമോ എന്നറിയാൻ നാം ആഗ്രഹിച്ചേക്കാം. മുഴു മാനുഷഭരണം സംബന്ധിച്ചും ഇതിന് അശുഭസൂചകമായി എന്തെങ്കിലും ഉണ്ടായിരിക്കുമോ? ഇതിന് സഗൗരവ ചിന്ത നൽകുന്നതിനു നമുക്കു സകല കാരണങ്ങളുമുണ്ട്, എന്തെന്നാൽ, “സകല സംസ്കാരങ്ങളും നശിക്കുക തന്നെ ചെയ്യുന്നു” എന്നു കൊളംബിയ യൂണിവേഴ്സിററിയിലെ പ്രൊഫസ്സർ ജാക്സ് ബാർസൺ പറയുന്നു, “ഗ്രീസിന്റെയോ റോമിന്റെയോ ഭയങ്കര അന്തങ്ങൾ കെട്ടുകഥകളല്ല” എന്നു കൂട്ടിച്ചേർത്തുകൊണ്ടുതന്നെ.
ചിന്തനീയമായ എല്ലാത്തരം ഗവൺമെൻറുകളും മനുഷ്യൻ കണ്ടുപിടിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വർഷങ്ങളിലെ ശ്രമിക്കലിന്റെയും പിഴക്കലിന്റെയും മാർഗ്ഗങ്ങൾ പരീക്ഷിച്ചു പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചതിന്റെ ഫലങ്ങളേവയാണ്? മാനുഷഭരണം തൃപ്തികരമായിരുന്നിട്ടുണ്ടോ? മനുഷ്യവർഗ്ഗത്തിന്റെ കുമിഞ്ഞുകൂടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ അതിനു കഴിയുമോ?
വാഗ്ദാനങ്ങൾ, വാഗ്ദാനങ്ങൾ!
ഇൻഡ്യയിൽ ബോംബെയിലുള്ള ഒരുന്നത ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്റററായ ബക്കൂൽ രജനി പട്ടേൽ ഭാഗികമായ ഒരുത്തരം നൽകുന്നു. രാജ്യതന്ത്രജ്ഞരെ “ശുദ്ധ കപടവേഷക്കാർ” എന്നു കുററപ്പെടുത്തിക്കൊണ്ടു അവർ പറയുന്നു: “ഇൻഡ്യയിലും മററു മൂന്നാം ലോക രാജ്യങ്ങളിലും സ്റേറജിൽ കയറി നിന്നുകൊണ്ട് ‘വികസന’ത്തെക്കുറിച്ചും ‘പുരോഗതി’യേക്കുറിച്ചും ആവേശമുണർത്തുന്ന വാചകക്കസർത്ത് നടത്തുന്നത് നേതാക്കൻമാർക്ക് ഒരു പരിഷ്കാരമായിത്തീർന്നിരിക്കുകയാണ്. എന്തു വികസനവും പുരോഗതിയും? ആരെയാണ് നാം വിഡ്ഢികളാക്കുന്നത്? മൂന്നാം ലോകത്തോടു ബന്ധപ്പെട്ട ഭീകരമായ സ്ഥിതിവിവരക്കണക്കുകൾ ഒരുവൻ എടുത്തുനോക്കുകയേ വേണ്ടു: തടയാവുന്ന രോഗങ്ങൾ മൂലം ഓരോ ദിവസവും 40,000 കുട്ടികളാണ് മരണമടയുന്നത്.” കുറഞ്ഞത് 80 ദശലക്ഷം കുട്ടികൾ വികലപോഷിതരോ എല്ലാ ദിവസവും വിശന്നുറങ്ങാൻ പോകുന്നവരോ ആണെന്ന് അവർ കൂട്ടിച്ചേർക്കുന്നു.
‘എന്നാൽ ഒരു നിമിഷം,’ നിങ്ങൾ പ്രതിഷേധിച്ചേക്കാം. ‘കുറഞ്ഞപക്ഷം ശ്രമിക്കുന്നതിനെങ്കിലും രാജ്യതന്ത്രജ്ഞർക്ക് അംഗീകാരം നൽകൂ. ലോകത്തെ അഭിമുഖീകരിക്കുന്ന ഇന്നത്തെ ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഒരു ഗവൺമെൻറ് ആവശ്യമാണല്ലോ.’ ശരിയാണ്, എന്നാൽ ചോദ്യമിതാണ്: അതൊരു മനുഷ്യനിർമ്മിത ഗവൺമെൻറായിരിക്കണമോ അതോ അതു ദൈവനിർമ്മിതമായിരിക്കണമോ?
ദൈവം ഇതിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്ന് അനേകം ആളുകൾ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്നതിനാൽ ഈ ചോദ്യത്തെ ലാഘവം എന്നു കരുതി തള്ളിക്കളയരുത്. പരമാവധി നന്നായി സ്വയം ഭരിക്കാൻ ദൈവം മനുഷ്യരെ അനുവദിച്ചിരിക്കുകയാണെന്ന് പ്രത്യക്ഷത്തിൽ പോപ്പ് ജോൺ പോൾ രണ്ടാമനും ചിന്തിക്കുന്നു. കാരണം, ഏതാണ്ട് പത്തു വർഷം മുമ്പ് കെനിയ സന്ദർശിക്കവെ അദ്ദേഹം “രാഷ്ട്രിയ ജീവിതമാണ് ക്രിസ്ത്യാനിയുടെ മുഖ്യ വെല്ലുവിളികളിലൊന്ന്” എന്നു പറഞ്ഞു. അദ്ദേഹം തുടർന്നു: “അതിൽ പങ്കെടുക്കാനുള്ള ഒരവകാശവും ഉത്തരവാദിത്വവും രാഷ്ട്രത്തിലുള്ള ഓരോ പൗരനുമുണ്ട്. . . . ജീവിതത്തിന്റെ ഈ മണ്ഡലങ്ങളിൽ വ്യക്തിഗതമായ രീതിയിൽ ഒരു ക്രിസ്ത്യാനി ഉൾപ്പെടരുതെന്നു ചിന്തിക്കുന്നതു അബദ്ധമായിരിക്കും.”
മിക്കപ്പോഴും മതപരമായ പിന്തുണയോടെ ഈ ആശയത്തിൽ മുന്നോട്ടു ഗമിച്ചുകൊണ്ട് പൂർണ്ണതയുള്ള ഗവൺമെൻറിനുവേണ്ടി മനുഷ്യർ ദീർഘകാലം അന്വേഷിച്ചിരിക്കുന്നു. പുതിയ തരത്തിലുള്ള ഓരോ ഗവൺമെൻറും മഹത്തായ വാഗ്ദാനങ്ങളാൽ അകമ്പടിസേവിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഏററവും ആകർഷകമായ വാഗ്ദാനം പോലും പാലിക്കപ്പെടാതെ വരുമ്പോൾ അപസ്വരമുയരുന്നു. (17-ാം പേജിലുള്ള “വാഗ്ദാനങ്ങൾ യാഥാർത്ഥ്യങ്ങൾക്കു വിരുദ്ധം” കാണുക.) മനുഷ്യർ മാതൃകായോഗ്യമായ ഗവൺമെൻറ് നേടിയിട്ടില്ല എന്നതു വ്യക്തമാണ്.
തയ്യാറെടുപ്പ്
ന്യൂക്ലിയർ ശാസ്ത്രജ്ഞനായ ഹാരോൾഡ് ഉറേയ്ക്ക് ഉത്തരമുണ്ടായിരുന്നോ? “മുഴുഭൂതലത്തിലും നിയമം സ്ഥാപിക്കാൻ കഴിവുള്ള അന്തിമമായ ഒരു ലോകഗവൺമെൻറല്ലാതെ ലോകത്തിലെ പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ ഒരു പരിഹാരവുമില്ല” എന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ഇതു നടക്കുമെന്ന് അനേകർക്കും ഉറപ്പില്ല. കഴിഞ്ഞ കാലത്ത്, അന്താരാഷ്ട്ര സമൂഹങ്ങളിലെ അംഗങ്ങൾക്കിടയിൽ ഫലകരമായ സഹകരണം പ്രായോഗികമായി അപ്രാപ്യമായിരുന്നു. മികച്ച ഒരു ദൃഷ്ടാന്തം ശ്രദ്ധിക്കുക.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1920 ജനുവരി 16-ന് 42 രാജ്യങ്ങൾ അംഗങ്ങളായുണ്ടായിരുന്ന സർവ്വരാജ്യസഖ്യം എന്ന ഒരു ദേശീയാതീത സ്ഥാപനം നിലവിൽ വന്നു. എന്നാൽ ഒരു ലോകഗവൺമെൻറിന്റെ ഘടനയുള്ളതായിരിക്കുന്നതിനു പകരം മുഖ്യമായും പരമാധികാര രാഷ്ട്ര-സംസ്ഥാനങ്ങൾക്കിടയിലുള്ള വഴക്കുകൾ തീർക്കുകവഴി യുദ്ധത്തെ ഒഴിവാക്കിക്കൊണ്ടു ലോക ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംവിധാനം ചെയ്തിരിക്കുന്ന ഒരു ലോകനിയമനിർമ്മാണസഭ ആയിരിക്കാനാണ് അത് ഉദ്ദേശിക്കപ്പെട്ടിരുന്നത്. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിനാല് ആയതോടെ അതിന്റെ അംഗസംഖ്യ 58 രാഷ്ട്രങ്ങളായി വർദ്ധിച്ചിരുന്നു.
എന്നിരുന്നാലും ഈ സഖ്യം ഉറപ്പില്ലാത്ത അടിത്തറയിലായിരുന്നു സ്ഥാപിതമായിരുന്നത്. “ഉയർന്ന പ്രതീക്ഷകൾ ഉയർത്തിക്കൊണ്ടാണ് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത്. എന്നാൽ ആ മിഥ്യാബോധത്തിൽ നിന്നു പുറത്തുകടക്കാൻ അധികനാൾ വേണ്ടി വന്നില്ല” എന്നാണ് ദി കൊളംബിയ ഹിസ്റററി ഓഫ് ദി വേൾഡ് വിശദീകരിക്കുന്നത്. “സർവ്വരാജ്യസഖ്യത്തെ കേന്ദ്രീകരിച്ചുള്ള പ്രതീക്ഷകൾ വഞ്ചനാത്മകമെന്നു തെളിഞ്ഞു.”
ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയൊമ്പതു സെപ്ററംബർ 1-ന് ഈ സഖ്യത്തെ നിഷ്ക്രിയത്വത്തിന്റെ ഗർത്തത്തിലേക്കു തള്ളിയിട്ടുകൊണ്ടു 2-ാം ലോകമഹായുദ്ധം ആരംഭിച്ചു. ആയിരത്തിത്തൊള്ളായിരത്തി നാൽപത്തിയാറ് ഏപ്രിൽ 18 വരെ ഔദ്യോഗികമായി അതു പിരിച്ചുവിടപ്പെട്ടിരുന്നില്ലെങ്കിലും 20 വർഷം പോലും പഴക്കം ചെല്ലാതെ ഒരു “കൗമാരപ്രായക്കാര”നെന്ന നിലയിൽ അതു പരമാർത്ഥത്തിൽ ജീവനററതായി. അതിന്റെ ഔദ്യോഗിക ശവസംസ്കാരത്തിനു മുമ്പ് 51 അംഗരാഷ്ട്രങ്ങളോടുകൂടെ 1945 ഒക്ടോബർ 24-നു രൂപം കൊണ്ട ഐക്യരാഷ്ട്രങ്ങൾ എന്ന മറെറാരു ദേശീയാതീത സ്ഥാപനത്താൽ അത് മാററി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ഈ പുതിയ തയ്യാറെടുപ്പ് എങ്ങനെ ഭവിക്കുമായിരുന്നു?
ഒരു രണ്ടാം ശ്രമം
സഖ്യം പരാജയപ്പെട്ടത് അതിന്റെ സംവിധാനത്തിലെ അപാകത മൂലമാണെന്നാണ് ചിലർ പറയുന്നത്. മറെറാരു വീക്ഷണം മുഖ്യമായി കുററപ്പെടുത്തുന്നത് സഖ്യത്തെയല്ല മറിച്ച് അതിന് ശരിയായ പിന്തുണ കൊടുക്കാൻ വിമുഖത കാട്ടിയ ഒററയൊററയായ ഗവൺമെൻറുകളെയാണ്. രണ്ടു വീക്ഷണങ്ങളിലും കുറേശ്ശെ യാഥാർത്ഥ്യമുണ്ടെന്നുള്ളതിൽ സംശയമില്ല. എന്തായാലും, ഐക്യരാഷ്ട്രങ്ങളുടെ സ്ഥാപകർ സഖ്യത്തിന്റെ ഫലശൂന്യതയിൽ നിന്നു പഠിക്കുന്നതിനും, സഖ്യം പ്രകടിപ്പിച്ചിരുന്ന ചില കുറവുകൾ പരിഹരിക്കുന്നതിനും ശ്രമിച്ചു.
“സമാധാനം, സഹകരണം, നിയമം, മനുഷ്യാവകാശങ്ങൾ എന്നിവ നിലവിലുള്ള ലോകക്രമം സൃഷ്ടിക്കുന്നതിലുള്ള കഴിവിന്റെ കാര്യത്തിൽ പഴയ സഖ്യത്തെക്കാൾ മേൻമയുള്ളതാണ്” ഐക്യരാഷ്ട്രങ്ങൾ എന്ന് എഴുത്തുകാരനായ ആർ. ബാൾഡ്വിൻ പ്രഖ്യാപിക്കുന്നു. വാസ്തവത്തിൽ, ഡബ്ലിയൂ എച്ച് ഒ (ലോകാരോഗ്യ സംഘടന), യുനിസെഫ് (കുട്ടികൾക്കായുള്ള ഐക്യരാഷ്ട്രങ്ങളുടെ ഫണ്ട്) എഫ് എ ഒ (ഭക്ഷണത്തിനും കൃഷിക്കുമുള്ള സംഘടന) എന്നിവയടങ്ങുന്ന അതിന്റെ ചില പ്രത്യേകവൽകൃത ഏജൻസികൾ സ്തുത്യർഹമായ ലക്ഷ്യങ്ങൾക്കായി വ്യഗ്രതയോടെ പ്രയത്നിക്കുകയും ഒരളവിൽ വിജയം പ്രാപിക്കയും ചെയ്തിട്ടുണ്ട്. കൂടാതെ, സഖ്യത്തിന്റെ ആയുസ്സിന്റെ ഇരട്ടിയിലധികം കാലം, 45 വർഷമായി, ഐക്യരാഷ്ട്രങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത ബാൾഡ്വിൻ പറഞ്ഞത് ശരിയാണെന്നു സൂചിപ്പിക്കുന്നതായി തോന്നുന്നു.
യു എൻ-ന്റെ ഒരു മുന്തിയ നേട്ടം, പത്രപ്രവർത്തകനായ റിച്ചാർഡ് ഐവർ പറയുന്നപ്രകാരം “കുറഞ്ഞപക്ഷം മററു പ്രകാരത്തിൽ ആയിരിക്കുമായുരുന്നതിനെക്കാൾ അല്പം കൂടെ ക്രമീകൃത”മാക്കിക്കൊണ്ടുള്ള കോളനിനിർമ്മാർജ്ജനത്തിന്റെ ത്വരിതപ്പെടുത്തലിലാണ്. കൂടാതെ, ഈ സംഘടന “ശീതസമരത്തെ വാചകക്കസർത്തിന്റെ രണഭൂമിയിൽ മാത്രമായി ഒതുക്കാനും സഹായിച്ചിരിക്കുന്നു” എന്ന് അദ്ദേഹം അവകാശപ്പെടുന്നു. അതിന്റെ സഹായത്തോടെ ഉളവായ “ആഗോളപരമായ ഔദ്യോഗിക സഹകരണത്തിന്റെ മാതൃക”യേയും അദ്ദേഹം പുകഴ്ത്തുന്നു.
തീർച്ചയായും, ചൂടുപിടിക്കുന്നതിൽ നിന്നു ശീതയുദ്ധത്തെ തടയുന്നതിൽ ന്യൂക്ലിയർയുദ്ധഭീഷണിയാണ് ഐക്യരാഷ്ട്രങ്ങളെക്കാൾ അധികം പ്രവർത്തിച്ചതെന്നു ചിലർ വാദിക്കുന്നു. രാഷ്ട്രങ്ങളുടെ ഐക്യപ്പെടുത്തൽ എന്ന അതിന്റെ പേരിലുൾക്കൊണ്ടിരിക്കുന്ന വാഗ്ദത്തത്തെ നിറവേററുന്നതിനുപകരം പരസ്പരം അനൈക്യത്തിലായിരിക്കുന്ന രാഷ്ട്രങ്ങൾ തമ്മിൽ പൊടുന്നനെ ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്ന ഒരു മദ്ധ്യവർത്തിയായി സേവിക്കുന്നതിനേക്കാൾ അധികമായി ഈ സംഘടന മിക്കപ്പോഴും ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നുള്ളതാണ് വാസ്തവം. ഒരു മദ്ധ്യസ്ഥന്റെ ഈ റോളിൽ പോലും അതെല്ലായ്പോഴും വിജയപ്രദമായിരുന്നിട്ടില്ല. ഗ്രന്ഥകാരനായ ബാൾഡ്വിൻ വിശദീകരിക്കുംപ്രകാരം, പഴയ സഖ്യംപോലെ, “കുററമാരോപിക്കപ്പെട്ട ഒരു അംഗരാഷ്ട്രം കരുണാപൂർവ്വം അനുവദിക്കുന്നതിനപ്പുറം ചെയ്യാൻ ഐക്യരാഷ്ട്രങ്ങൾ അശക്തമാണ്.”
യു. എൻ-ന്റെ അംഗങ്ങളുടെ അർദ്ധഹൃദയത്തോടെയുള്ള പിന്തുണ, സംഘടന തുടർന്നു പ്രവർത്തിക്കുന്നതിനാവശ്യമായ പണം നൽകുന്നതിൽ അവർക്ക് ചിലപ്പോഴൊക്കെയുള്ള വിമുഖതയിൽ പ്രതിഫലിച്ചുകാണാം. ഉദാഹരണത്തിന്, ഇസ്രയേലിന് അപകടകരവും പലസ്തീന് അനുകൂലവുമെന്നു പരിഗണിക്കപ്പെട്ട ഒരു പ്രമേയം കാരണം എഫ്. എ. ഒ-ക്ക് നൽകേണ്ടിയിരുന്ന തങ്ങളുടെ വിഹിതം അമേരിക്ക പിടിച്ചുവെച്ചു. പന്നീട്, യു. എൻ-ന്റെ ഈ മുഖ്യ സാമ്പത്തിക പിന്തുണക്കാരൻ തങ്ങളുടെ വോട്ട് നിലനിർത്താൻമാത്രം ആവശ്യമായത് നൽകാമെന്നു സമ്മതിച്ചെങ്കിലും കടത്തിൽ മൂന്നിൽരണ്ടിലധികം ഭാഗവും കൊടുക്കാതിരുന്നു.
ഐക്യരാഷ്ട്രങ്ങളെ നിഷേധിക്കുന്ന, “നിയമം നോക്കാതെ വധം നടത്തുന്ന പൊതു പാർട്ടിയിൽ ചേരുന്നതിന്” താൻ വിസമ്മതിക്കുന്നുവെന്നു യുനിസെഫിന്റെ മുൻ ഡെപ്യുട്ടി ഡയറക്ടറായിരുന്ന വരീന്ദ്ര താർസീ വിററാച്ചി 1988-ൽ എഴുതി. സ്വയം “ഒരു വിശ്വസ്ത നിരൂപകൻ” എന്നു വിളിച്ചുകൊണ്ട്, “ഐക്യരാഷ്ട്രങ്ങൾ ‘അണഞ്ഞുപോയ ഒരു വിളക്കാ’ണെന്നും, അതിന്റെ തന്നെ ഉന്നത ആദർശങ്ങൾക്കൊത്തു അതു വർത്തിച്ചിട്ടില്ലെന്നും, സമാധാനപാലനത്തിനുള്ള അതിന്റെ നിയോഗം നിറവേററിയിട്ടില്ലെന്നും, ചുരുക്കം ചിലതൊഴിച്ചാൽ അതിന്റെ വികസന സമിതികൾ അവയുടെ അസ്തിത്വത്തെ നീതീകരിച്ചിട്ടില്ലെന്നും പറയുന്ന ആളുകൾ വ്യാപകമായ ഒരാക്രമണം നടത്തുകയാണെന്ന്” അദ്ദേഹം സമ്മതിച്ചുപറയുന്നു.
“യു.എൻ.ന് മറെറന്തെല്ലാം ചെയ്യാൻ കഴിഞ്ഞാലും അതു പാതകത്തെ നിർമ്മൂലമാക്കില്ല. എന്നാൽ, അന്താരാഷ്ട്രതലത്തിൽ പാതകം ചെയ്യുന്നതു ദുഷ്കരമാക്കാൻ അതിനു കഴിയും, പാതകിയെ അതു കൂടുതൽ കണക്കു ബോധിപ്പിക്കേണ്ടവനാക്കുകയും ചെയ്യും. എന്നാൽ അതു രാജ്യങ്ങളെ നയിക്കുന്ന ആളുകളുടെയോ അവയിലുൾപ്പെടുന്ന ആളുകളുടെയോ ഹൃദയത്തിനും മനസ്സിനും പരിവർത്തനം വരുത്തുന്നതിൽ ഇതുവരെയും വിജയിച്ചിട്ടില്ല”എന്നു ഗ്രന്ഥകാരൻ ഐവർ എഴുതുമ്പോൾ ഐക്യരാഷ്ട്രങ്ങളുടെ മുഖ്യ ബലഹീനതയെയാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.—ഇററാലിക്സ് ഞങ്ങളുടേത്.
അങ്ങനെ, ഐക്യരാഷ്ട്രങ്ങളുടെ ന്യൂനത സകല മാനുഷഭരണരൂപങ്ങളുടെയും ന്യൂനത തന്നെയാണ്. അവയ്ക്കൊന്നിനും വിജയത്തിനുള്ള മുൻഉപാധികളായ നീതിക്കുവേണ്ടിയുള്ള നിസ്വാർത്ഥസ്നേഹമോ തെററിനോടുള്ള വെറുപ്പോ അധികാരത്തോടുള്ള ആദരവോ ആളുകളുടെ ഹൃദയത്തിൽ സ്ഥാപിക്കാൻ കഴിയില്ല. നീതിയുള്ള തത്വങ്ങളാൽ നയിക്കപ്പെടുന്നതിന് ആളുകൾ മനസ്സുള്ളവരായിരുന്നെങ്കിൽ എത്രയോ ആഗോളപ്രശ്നങ്ങൾ ലഘൂകരിക്കപ്പെടുമായിരുന്നുവെന്നു ചിന്തിച്ചുനോക്കൂ! ഉദാഹരണത്തിന്, ആസ്ത്രേലിയായിലെ മലിനീകരണത്തെക്കുറിച്ചുള്ള ഒരു പത്രറിപ്പോർട്ടു പറയുന്നത്, “അജ്ഞത മൂലമല്ല, മനോഭാവം മൂലമാണ്” ആ പ്രശ്നം സ്ഥിതി ചെയ്യുന്നത് എന്നാണ്. അത്യാഗ്രഹം ഒരടിസ്ഥാന കാരണമാണെന്നു കാണിച്ചുകൊണ്ട്, “ഗവൺമെൻറുനയം പ്രശ്നത്തെ രൂക്ഷമാക്കിയിരിക്കുന്നെ”ന്ന് ആ ലേഖനം പറയുന്നു.
അപൂർണ്ണമനുഷ്യർക്ക് കേവലം പൂർണ്ണതയുള്ള ഗവൺമെൻറുകൾ രൂപവൽക്കരിക്കാൻ കഴിയില്ല. എഴുത്തുകാരനായ തോമസ് കാർലൈൽ 1,843-ൽ സൂചിപ്പിച്ചതുപോലെ: “കാലക്രമത്തിൽ ഓരോ ഗവൺമെൻറും ജ്ഞാനവും അജ്ഞാനവുമുള്ള അതിലെ ജനങ്ങളുടെ തനിപ്രതീകമാണ്.” അതുപോലുള്ള യുക്തിക്കെതിരെ വാദിക്കാൻ ആർക്കു കഴിയും?
“ഛിന്നഭിന്നമാകട്ടെ!”
ഇപ്പോൾ, ഈ 20-ാം നൂററാണ്ടിൽ, മാനുഷഭരണം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. എന്നും നിലനിന്നിരിക്കുന്ന ദിവ്യഭരണത്തിനെതിരെ, അങ്ങേയററം ലജ്ജാഹീനവും ഉദ്ധതവുമായ ഗൂഢാലോചന നടത്താൻ മാനുഷഗവൺമെൻറുകൾ പദ്ധതിയിട്ടിരിക്കുന്നു. (യെശയ്യാവ് 8:11-13 താരതമ്യം ചെയ്യുക.) ആദ്യം സർവ്വരാജ്യസഖ്യത്തെയും പിന്നീട് ഐക്യരാഷ്ട്രങ്ങളെയും സൃഷ്ടിച്ചുകൊണ്ട് ഒന്നല്ല, രണ്ടു പ്രാവശ്യം അവർ അങ്ങനെ ചെയ്തിരിക്കുന്നു. അതിന്റെ ഫലത്തെ “കാട്ടുമൃഗത്തിന്റെ പ്രതിമ”യെന്നു വെളിപ്പാട് 13:14, 15 വിളിക്കുന്നു. അത് ഉചിതമാണ്, കാരണം അത് ഭൂമിയിലെ മുഴു മനുഷ്യരാഷ്ട്രീയ വ്യവസ്ഥിതിയുടെയും പ്രതിബിംബമാണ്. ഒരു കാട്ടുമൃഗത്തേപ്പോലെ, ഈ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഘടകങ്ങൾ ഭൂമിയിലെ നിവാസികളെ ഇരയാക്കുകയും അവർണ്ണനീയമായ ദുരിതം വരുത്തിക്കൂട്ടുകയും ചെയ്തിരിക്കുന്നു.
സഖ്യം 1939-ൽ വിപൽക്കരമായി അവസാനിച്ചു. അതേ അന്തമാണ്, “അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും” എന്ന ബൈബിൾ പ്രവചനനിവൃത്തിയനുസരിച്ച് ഐക്യരാഷ്ട്രങ്ങൾക്കും ഭവിക്കാനിരിക്കുന്നത്.—യെശയ്യാവ് 8:9, 10.
“കാട്ടുമൃഗത്തിന്റെ പ്രതിമ” പ്രതിഫലിപ്പിക്കുന്ന മാനുഷ ഭരണവ്യവസ്ഥിതിയോടൊപ്പം അത് അന്തിമമായി തകർക്കപ്പെടുന്നത് എപ്പോഴായിരിക്കും? തന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന മാനുഷഭരണത്തെ യഹോവ എന്നായിരിക്കും അവസാനിപ്പിക്കുക? ഒരു നിശ്ചിത തീയതി ബൈബിൾ പറയുന്നില്ല, എങ്കിലും, ‘പെട്ടെന്നു തന്നെ’ എന്നു ബൈബിൾ പ്രവചനവും ലോകസംഭവങ്ങളും പറയുന്നു.—ലൂക്കോസ് 21:25-32.
നോക്കാൻ കൂട്ടാക്കുന്ന എല്ലാവരാലും കാണപ്പെടേണ്ടതിനു ചുവരിലെ കൈയെഴുത്തു അവിടെയുണ്ട്. ബേൽശസ്സറിന്റെ രാജത്വം തുലാസ്സിൽ തൂക്കി കുറവുള്ളവതെന്നു കണ്ടതുപോലെതന്നെ തീർച്ചയായും മുഴുമാനുഷഭരണവും ന്യായം വിധിക്കപ്പെടുകയും കുറവുള്ളതായി കാണപ്പെടുകയും ചെയ്തിരിക്കുന്നു. അതു രാഷ്ട്രീയ അഴിമതി അനുവദിച്ചുകൊടുക്കുകയും യുദ്ധങ്ങൾക്കായി വെല്ലുവിളിക്കുകയും കാപട്യത്തിനും എല്ലാത്തരത്തിലുമുള്ള സ്വാർത്ഥതക്കും ഒത്താശ ചെയ്യുകയും അതിന്റെ പിന്തുണക്കാർക്കു മതിയായ ഭവനം, ഭക്ഷണം, വിദ്യാഭ്യാസം, വൈദ്യസംരക്ഷണം എന്നിവ പ്രദാനം ചെയ്യുന്നത് അവഗണിക്കുകയും ചെയ്യുന്നു.
മാനുഷഭരണം നീങ്ങിപ്പോകുമ്പോൾ ഒരു രാത്രിയിലെന്നപോലെ അതു നീങ്ങിപ്പോകും. ഇന്നുണ്ട്, നാളെ പൊയ്പോയിരിക്കും—അവസാനമായി പൂർണ്ണതയുള്ള ഗവൺമെൻറായ ദൈവരാജ്യത്താൽ മാററിപ്രതിഷ്ഠിക്കപ്പെട്ടുകൊണ്ടുതന്നെ! (g90 12⁄8)
[17-ാം പേജിലെ ചതുരം]
വാഗ്ദാനങ്ങൾ യാഥാർത്ഥ്യങ്ങൾക്കു വിരുദ്ധം
അരാജകത്വം പരിധിയില്ലാത്ത, സമ്പൂർണ്ണ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു; യാഥാർത്ഥ്യമോ, ഗവൺമെൻറില്ലാതെ വ്യക്തികൾക്കു പരസ്പരപ്രയോജനത്തിനായി സഹകരിക്കുന്നതിനു നിയമങ്ങളുടെയോ തത്വങ്ങളുടെയോ ചട്ടക്കൂട് ഇല്ലെന്നുള്ളതാണ്; പരിധിവിട്ട സ്വാതന്ത്ര്യം കലാപത്തിൽ കലാശിക്കുന്നു.
രാജഭരണം ഒരൊററ ഭരണകർത്താവിന്റെ ഭരണത്തിൻ കീഴിൽ സുസ്ഥിരതയും ഐക്യവും വാഗ്ദാനം ചെയ്യുന്നു; യാഥാർത്ഥ്യമോ, പരിമിതമായ അറിവുള്ള, മാനുഷാപൂർണ്ണതകളും ദൗർബ്ബല്യങ്ങളും തടസ്സം നില്ക്കുന്ന, ഒരു പക്ഷേ തെററായ ആന്തരങ്ങളാൽ നയിക്കപ്പെടുകപോലും ചെയ്യുന്ന മാനുഷഭരണകർത്താക്കൾ മർത്ത്യരാണ് എന്നുള്ളതാണ്; അതുകൊണ്ട്, ഏതു സ്ഥിരതയും ഐക്യവും അല്പായുസ്സാണ്.
പ്രഭുജനഭരണങ്ങൾ ഭരണകർത്താക്കളിൽ അത്യുത്തമരായവരെ പ്രദാനം ചെയ്യുമെന്നു വാഗ്ദാനം ചെയ്യുന്നു; യാഥാർത്ഥ്യം, തങ്ങൾക്കു ധനമോ, പ്രത്യേക വംശപാരമ്പര്യമോ, അധികാരമോ ഉള്ളതുകൊണ്ടാണ് അല്ലാതെ അവശ്യം ജ്ഞാനമോ ഉൾക്കാഴ്ചയോ മററുള്ളവരോട് സ്നേഹമോ പരിഗണനയോ ഉള്ളതുകൊണ്ടല്ല അവർ ഭരിക്കുന്നത്; രാജഭരണം നടത്തുന്ന അസമർത്ഥനായ ഒരു വ്യക്തി പ്രമാണികളായ പല കുലീന ഭരണാധിപൻമാരാൽ പ്രതിസ്ഥാപിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്.
ജനാധിപത്യഭരണം, സകലരുടെയും പ്രയോജനത്തിനുവേണ്ടി സകല ജനങ്ങളും തീരുമാനമെടുക്കുമെന്നു വാഗ്ദാനം ചെയ്യുന്നു; യാഥാർത്ഥ്യം, പൊതുനൻമക്കായി യോജിപ്പോടെ ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനാവശ്യമായ അറിവും ശുദ്ധമായ ആന്തരങ്ങളും ജനങ്ങൾക്ക് ഇല്ലെന്നതാണ്; “വൈവിധ്യവും ക്രമരാഹിത്യവും നിറഞ്ഞതും തുല്യർക്കും അതുല്യർക്കുമെല്ലാം ഒരുപോലെ സമത്വം കൊടുക്കുന്നതുമായ ആകർഷണീയമായ ഒരു ഭരണരൂപം” എന്നാണ് ജനാധിപത്യത്തെ പ്ലേറേറാ വർണ്ണിച്ചത്.
ഏകാധിപത്യം അനാവശ്യമായി വൈകിക്കാതെ കാര്യങ്ങൾ ചെയ്യുമെന്നു വാഗ്ദാനം ചെയ്യുന്നു; യാഥാർത്ഥ്യം, പത്രപ്രവർത്തകനായ ഓട്ടോ ഫ്രെഡറിക്ക് എഴുതുന്നതുപോലെ, “അങ്ങേയററം സദുദ്ദേശ്യമുള്ള മനുഷ്യർപോലും, ഒരിക്കൽ ശക്തിരാഷ്ട്രീയമാകുന്ന കാട്ടിൽ പ്രവേശിച്ചാൽ സാധാരണ സാഹചര്യങ്ങളിൽ തങ്ങൾ അധാർമ്മികമെന്നു വിളിക്കാൻ ചായ്വു കാട്ടുന്ന കാര്യങ്ങൾ ചെയ്യാൻ തങ്ങൾതന്നെ ആജ്ഞാപിക്കേണ്ട ആവശ്യത്തെ നേരിടേണ്ടിവരുന്നു”; അങ്ങനെ, “നല്ല” ഏകാധിപതികൾ വ്യക്തിപരമായ അധികാര തൃഷ്ണയുടെയോ സ്വാർത്ഥ താൽപര്യങ്ങളുടെയോ ബലിപീഠത്തിൽ തങ്ങളുടെ പ്രജകളുടെ താൽപര്യങ്ങൾ ബലികഴിക്കാൻ മനസ്സുള്ള, അധികാരപ്രേരിതരായ ഭരണകർത്താക്കളായി മാറുന്നു.
ഫാസിസ്ററു ഗവൺമെൻറുകൾ പൊതുനൻമക്കായി സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുമെന്നു വാഗ്ദാനം ചെയ്യുന്നു; യാഥാർത്ഥ്യമിതാണ്: വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ബലികഴിച്ചുകൊണ്ടും എന്നാൽ കാര്യമായ വിജയപ്രാപ്തി കൂടാതെയുമായിരിക്കും അവർ ഇതു ചെയ്യുക; മുസ്സോളിനിയുടെ കീഴിലെ ഇററലിയെയും ഹിററ്ലറുടെ കീഴിലെ ജർമ്മനിയെയും പോലെ യുദ്ധത്തെയും ദേശീയത്വത്തെയും പ്രകീർത്തിച്ചുകൊണ്ട് അവർ രാഷ്ട്രീയ വൈകൃതങ്ങൾ സൃഷ്ടിക്കുന്നു.
കമ്മ്യൂണിസ്ററു ഗവൺമെൻറുകൾ നിയമത്തിന്റെ മുമ്പിൽ പൂർണ്ണ സമത്വം ആസ്വദിക്കുന്ന പൗരൻമാരുൾക്കൊള്ളുന്ന വർഗ്ഗരഹിത ഒരു സമൂഹം, ഒരു കുററമററ സാങ്കല്പികരാഷ്ട്രം സൃഷ്ടിക്കാമെന്നു വാഗ്ദാനം ചെയ്യുന്നു; വർഗ്ഗങ്ങളും അസമത്വങ്ങളും ഇപ്പോഴും സ്ഥിതിചെയ്യുന്നുവെന്നും അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാർ സാമാന്യ ജനത്തെ കൊള്ളയടിക്കുന്നുവെന്നതുമാണ് യാഥാർത്ഥ്യം. ഫലം കമ്മ്യൂണിസ്ററു സങ്കല്പനത്തിന്റെ വ്യാപകമായ പുറന്തള്ളലും അതിന്റെ ശക്തിദുർഗ്ഗങ്ങളെ ശിഥിലീകരിക്കുമെന്നുള്ള ദേശീയത്വ വിഘടനവാദ പ്രസ്ഥാനങ്ങളുടെ ഭീഷണിയുമായിരുന്നിട്ടുണ്ട്.
[17-ാം പേജിലെ ചതുരം]
ഐക്യരാഷ്ട്രങ്ങളെ സംബന്ധിച്ച്
◼ യു. എൻ-ന് ഇപ്പോൾ 160 അംഗങ്ങളുണ്ട്. അതിലുൾപ്പെടാത്ത, സാമാന്യം വലിപ്പമുള്ള രാജ്യങ്ങൾ രണ്ടു കൊറിയകളും സ്വിററ്സർലാൻറും മാത്രമാണ്; സ്വിററ്സർലാൻറിൽ 1986 മാർച്ചിൽ നടന്ന ഒരു ജനഹിതപരിശോധനയിലൂടെ ഒന്നിനെതിരെ മൂന്ന് എന്ന വ്യത്യാസത്തിൽ അംഗത്വം ആ രാജ്യം തള്ളിക്കളഞ്ഞു.
◼ അതിന്റെ മുഖ്യ സംഘടനക്കു പുറമെ പ്രത്യേക സമിതികൾ, മനുഷ്യാവകാശ കമ്മീഷനുകൾ, സമാധാനപാലനപ്രവർത്തനങ്ങൾ എന്നിങ്ങനെ വേറെ 55 സംഘടനകൾ അതു പ്രവർത്തിപ്പിക്കുന്നുണ്ട്.
◼ ഓരോ അംഗരാഷ്ട്രത്തിനും ജനറൽ അസംബ്ലിയിൽ ഒരു വോട്ടുവീതം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഏററവും ജനസംഖ്യ കുറവുള്ള അംഗമായ സെൻറ് കിററ്സ്-നെവിസിലുള്ള ഒരു വ്യക്തിക്ക് 22,000 പേർ വീതമുണ്ട് ഏററവും കൂടിയ ജനസംഖ്യയുള്ള ചൈനയിൽ.
◼ ഐക്യരാഷ്ട്രങ്ങളുടെ അന്തർദ്ദേശീയ സമാധാനവർഷത്തിന്റെ 1986-ലെ ആഘോഷവേളയിൽ, ലോകത്തിൽ 37 സായുധയുദ്ധങ്ങൾ നടന്നു. ഇതു രണ്ടാം ലോകമഹായുദ്ധതിനുശേഷമുള്ള ഏതു സമയത്തേതിലുമധികമായിരുന്നു.
◼ യു.എൻ-ന്റെ മൊത്തം അംഗരാഷ്ട്രങ്ങളിൽ 37 ശതമാനത്തിനു യഹോവയുടെ സാക്ഷികളുടെ ഏകീകൃത അന്തർദ്ദേശീയ “ജനത”യേക്കാൾ കുറഞ്ഞ പൗരൻമാരേയുള്ളു; 59 ശതമാനത്തിന് 1990-ലെ ക്രിസ്തുവിന്റെ മരണസ്മാരകാഘോഷത്തിന് ഹാജരായവരെക്കാൾ കുറഞ്ഞ പൗരൻമാരേയുള്ളു.
[18-ാം പേജിലെ ചിത്രങ്ങൾ]
സർവ്വരാജ്യസഖ്യം
ഐക്യരാഷ്ട്രങ്ങൾ
പൂർണ്ണതയുള്ള ഗവൺമെൻറ് പ്രദാനം ചെയ്യുകയെന്നതു മാനുഷകഴിവിനപ്പുറമായിരിക്കയാണ്