ലോകത്തെ വീക്ഷിക്കൽ
ദീർഘായുസ്സിന്റെ രഹസ്യം
ജപ്പാൻകാർ ദീർഘായുസ്സിൽ ഒരു പുതിയ ലോക റിക്കോർഡ് സ്ഥാപിച്ചിരിക്കുന്നു, ശരാശരി പ്രതീക്ഷിത ആയുർ ദൈർഘ്യം സ്ത്രീകളിൽ 81.77 വർഷവും പുരുഷൻമാരിൽ 75.91 വർഷവുമായിട്ടാണിത്. “ശിശു മരണത്തിന്റെയും മദ്ധ്യവയസ്കർക്കിടയിലെ മരണത്തിന്റെയും നിരക്കു കുറഞ്ഞതിനാലാണ് ഇത്” എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതായി മയിനിച്ചി ഡയിലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ദി ഡെയ്ലി യോമിയൂറി പറയുന്നപ്രകാരം രാജ്യത്തെ ഏററവും പ്രായംകൂടിയ വ്യക്തിയായ വാക്കാ ഷിറഹാമാ 112-ാം വയസ്സിൽ തന്റെ ദീർഘായുസ്സിന്റെ രഹസ്യമായി പറഞ്ഞത് “ചുറുചുറുക്കുള്ളതും പക്വവും വിശ്വസ്തമായതുമായ ഒരു ജീവിതം നയിക്കുക” എന്നായിരുന്നു, രാജ്യത്തു നൂറു വയസ്സു പിന്നിട്ട 3,298 പേരിൽ ഒരാളാണ് ഇവർ. മറെറാരു മുഖാമുഖത്തിൽ അവർ കൂട്ടിച്ചേർത്തു: “ഇഷ്ടമോ അനിഷ്ടമോ കൂടാതെ എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കുക, ധാരാളമായി ഉറങ്ങുക, കൂടാതെ ചിരിക്കുവാൻ മറക്കാതിരിക്കുക.” (g90 12⁄22)
ക്ലോങ്ങുകൾ ശുദ്ധിയാക്കുക
ക്ലോങ്ങുകൾ, തായ്ലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ആകർഷകമായ തിരക്കേറിയ കനാലുകളാണ്. ഇവ ബാങ്കോക്കിനെ പ്രസിദ്ധമാക്കുന്നതിന് സഹായിച്ചിരിക്കുന്നു. ഇവയുടെ തീരങ്ങളിൽ തൂണുകളിൽ നിൽക്കുന്ന വീടുകൾ സ്ഥിതിചെയ്യുന്നു. എന്നാൽ ഏഷ്യാവീക്ക് മാസിക എഴുതിയിരിക്കുന്നത് “ജലപാതകളിൽ ചിലവ ചപ്പുചവറുകളും മലിനജലവും ചേർന്ന് ചീഞ്ഞ കുഴമ്പുപരുവത്തിലായിരിക്കുന്ന മലിനജല ഓടകളായിത്തീർന്നിരിക്കുന്നു” എന്നാണ്. ക്ലോങ്ങുകളുടെ തീരത്തെ വീടുകളിൽ ബഹുഭൂരിപക്ഷവും ബാങ്കോക്കിലെ മലിനജലനിർഗ്ഗമന മാർഗ്ഗങ്ങളോട് ബന്ധപ്പെടുത്തിയിട്ടില്ല, കൂടാതെ ചപ്പുചവറുകൾ നീക്കംചെയ്യുന്ന ട്രക്കുകൾക്ക് ഇവകൾക്കടുത്തെത്തുവാനും സാധ്യമല്ല. ഫലമോ: ഓരോ ദിവസവും 140 ടണ്ണോളം മലിനജലവും ചപ്പുചവറുകളും തായ്ലണ്ടിലെ പ്രഭാവമാർന്ന നദിയായ ചാവോ ഫ്രാവാ നദിയിൽ എത്തുന്നു. ഈ നദിയാണ് ക്ലോങ്ങുകളെ നിലനിർത്തുന്നത്. ചില ക്ലോങ്ങുകൾ അവശിഷ്ടങ്ങൾ നിറഞ്ഞു തടസ്സപ്പെട്ടും ജീവസന്ധാരണത്തിന് അനുപേക്ഷണീയമായ ഓക്സിജൻ ഇല്ലാതെയും നദീതീരത്തു വസിക്കുന്നവർക്ക് അസഹനീയമായ ദുർഗന്ധവും വമിപ്പിക്കുന്നു. അതിനാൽ ക്ലോങ്ങുകളെ ശുദ്ധിയാക്കുവാനായി ഒരു സംഘടിതശ്രമം ആരംഭിക്കപ്പെട്ടിരിക്കുകയാണ്. “സന്നദ്ധസേവകരുടെ സൈന്യങ്ങൾ ആഹ്വാനത്തോടു പ്രതികരിച്ചിരിക്കുന്നു” എന്ന് ഏഷ്യാവീക്ക് റിപ്പോർട്ടുചെയ്യുന്നു. (g90 12⁄22)
വിമാനാപകടങ്ങൾ
ഒരു പ്രധാന വിമാന നിർമ്മാതാക്കളായ ബോയിങ്ങ്, വിമാനാപകടങ്ങളുടെ കാരണങ്ങളെയും ആവൃത്തിയെയും കുറിച്ച് പഠനം നടത്തി വരികയായിരുന്നു. ദി വാൾസ്ട്രീററ് ജേർണൽ പറയുന്ന പ്രകാരം, നിർമ്മാതാക്കൾ 1950 മുതൽ സംഭവിച്ച 850 വൻകിട അപകടങ്ങളെപ്പററി പരിശോധിച്ചു. ബോയിങ്ങ് അവകാശപ്പെടുന്നത് “കഴിഞ്ഞ പത്തു വർഷങ്ങളിൽ നടന്ന അപകടങ്ങളിൽ 72 ശതമാനത്തിലധികവും വിമാനജോലിക്കാർ വരുത്തിയ പിഴവുകൾ മൂലമായിരുന്നു” എന്നാണ്. റിപ്പോർട്ട് പ്രസ്താവിച്ചത് എയൽലൈൻ ഫൈറ്ളറുകൾ ഇപ്പോഴത്തെ നിരക്കിൽ തുടർന്നും വർദ്ധിക്കുകയും അപകടങ്ങളുടെ എണ്ണം വർദ്ധിച്ച ഒരു നിരക്കിൽ കുറക്കുന്നതിൽ പരാജയപ്പെടുകയുമാണെങ്കിൽ അടുത്ത ദശകത്തിന്റെ മദ്ധ്യത്തോടെ പരിണതഫലം “എല്ലാത്തരം വിമാനങ്ങളിലും ഓരോ വർഷവും ശരാശരി 20 പ്രധാന അപകടങ്ങൾ ഉണ്ടാവും . . . , ഇപ്പോഴുള്ളതിൽ നിന്ന് 15 അധികം” എന്നാണ്. (g90 12⁄22)
ജോലിക്കാരുടെ മോഷണം
കുററകൃത്യങ്ങൾ ബ്രിട്ടീഷ് വ്യവസായ മേഖലക്ക് ഓരോ വർഷവും 9,00,00,00,000 ഡോളറിലധികം വ്യയപ്പെടുത്തുന്നതായി കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ജനറലായ ജോൺ ബൻഹം സമർത്ഥിക്കുന്നു. ഈ ആകെ തുകയിൽ 200 കോടി മുതൽ 300 കോടി വരെ ഡോളർ ജോലിക്കാരുടെ മോഷണം മുഖേനയാണ്. അടുത്തയിടെ നടത്തിയ ഒരു സർവേയുടെ ഫലം റിപ്പോർട്ടു ചെയ്തുകൊണ്ട് ലണ്ടൻ ഡെയ്ലി ടെലിഗ്രാഫ് വെളിപ്പെടുത്തിയത് കണ്ടുമുട്ടിയവരിൽ 85 ശതമാനം ആളുകൾ ഒരു സഹപ്രവർത്തകൻ കമ്പനിയിൽനിന്നു നടത്തിയ മോഷണം മേലധികാരിയെ അറിയിക്കുകയില്ല എന്നാണ്. മററു അവിശ്വസ്ത ശീലങ്ങളിൽ മനോഭാവം പ്രായമനുസരിച്ച് വ്യത്യാസപ്പെട്ടുവെന്ന് സർവേ നിരീക്ഷിച്ചു. 45 വയസ്സിനുമേൽ പ്രായമുള്ളവരിൽ പകുതിയിലധികം ജോലിക്കാരും കമ്പനി വക ടെലിഫോൺ സ്വകാര്യ വിളികൾക്കുപയോഗിക്കുന്നത് സ്വീകാര്യമല്ല എന്നു കരുതിയപ്പോൾ 16 മുതൽ 24 വരെ പ്രായക്കാരിൽ നാലിൽ ഒന്നിൽ താഴെ മാത്രമേ അങ്ങനെ കരുതിയുള്ളു. കൂടാതെ, ജോലിസമയം കമ്പനി ബിസിനസ്സിനോട് ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കാനായി ഉപയോഗിക്കുന്നത് “സമയ മോഷണ”മാണെന്ന് കരുതിയത് യുവജനങ്ങളുടെ ഈ ഗണത്തിലെ 19 ശതമാനം മാത്രമാണ്. (g90 11⁄22)
സമ്പത്തു സംരക്ഷിക്കാൻ ബുദ്ധൻമാർ
ജപ്പാനിലെ സ്വർണ്ണ വ്യാപാരികൾ റിപ്പോർട്ടു ചെയ്യുന്നത് അവരുടെ ഏററവുമധികം വിററഴിയപ്പെടുന്ന വസ്തക്കളിൽ ബുദ്ധന്റെ സ്വർണ്ണപ്രതിമ ഉൾപ്പെടുന്നു എന്നാണ്. എന്തുകൊണ്ട്? ഒരു പുതിയ നികുതി സമ്പ്രദായം അവതരിപ്പിക്കപ്പെട്ടതു മുതൽ സ്വർണ്ണനിർമ്മിത വസ്തുക്കൾക്ക് വില കുറഞ്ഞു. കൂടുതലായി ഈ മതപരമായ പ്രതിമകൾ അനന്തരാവകാശ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന് ഒരു പൊതുജനവിശ്വാസവുമുണ്ട്. എന്നിരുന്നാലും അവയുടെ മതപരമായ പ്രാമുഖ്യത്തെയും ഉപയോഗത്തെയുംകാൾ അധികമായി നിയമത്തെ ഒഴിഞ്ഞുപോകാനായി വാങ്ങപ്പെട്ട ബുദ്ധ പ്രതിമകൾക്ക് നികുതി ഈടാക്കും എന്ന് ടാക്സ് ഏജൻസി ഭീഷണി മുഴക്കുന്നു. സ്വർണ്ണ വ്യാപാരികളും ചൂണ്ടിക്കാട്ടുന്നത് ഒരു ബുദ്ധനെ രൂപപ്പെടുത്തിയെടുക്കുന്നതിലുൾപ്പെട്ടിരിക്കുന്ന പ്രയത്നം അതിന്റെ വിലയെ അതിലടങ്ങിയിരിക്കുന്ന സ്വർണ്ണത്തിന്റെ വിലയുടെ 75 ശതമാനത്തോളം വർദ്ധിപ്പിക്കുന്നു എന്നതിനാൽ ഇത് ബുദ്ധിപരമല്ലാത്ത ഒരു നിക്ഷേപം ആണെന്നാണ്. (g90 11⁄22)
പാററായെ നിയന്ത്രിക്കൽ
യു. എസ്സ്. അഗ്രിക്കൾച്ചർ റിസേർച്ച് സർവീസിലെ റിച്ചാർഡ് ബ്രണ്ണർ പറയുന്നു: “മനുഷ്യർക്കു സഹിക്കാവുന്നതിലധികം അളവിലുള്ള അണുവികിരണം സഹിച്ചു നിൽക്കാൻ പാററാകൾക്കു കഴിയും. എന്നാൽ അവക്ക് ശരീര താപനില നിയന്ത്രിക്കാൻ സാധ്യമല്ല, അതിനാൽ നമുക്കു സഹിക്കാൻ കഴിയുന്ന ചൂട്—കാരണം നമ്മുടെ ശരീരോഷ്മാവു കുറക്കാൻ നാം വിയർക്കുന്നു—അവയെ കൊല്ലും.” ഇപ്പോൾ കാലിഫോർണിയയിലെ ഒരു കീടനിയന്ത്രണ കമ്പനി വീടുകളിൽനിന്ന് പാററാകളെയും മററുകീടങ്ങളെയും തുരത്തുവാൻ ഈ വസ്തുത ഉപയോഗപ്പെടുത്തുന്നു. ഒരു കീടബാധിത ഭവനം ഒരു കാൻവാസ് കൂടാരത്താൽ മൂടപ്പെടുന്നു. പ്രൊപ്പേൻ കത്തിക്കുന്ന ബർണ്ണറുകളും ഫാനുകളും ഉള്ളിൽ സ്ഥാപിക്കുകയും ഊഷ്മാവ് 150 ഡിഗ്രി ഫാറൻ ഹീറേറാളം ഉയർത്തുകയും ചെയ്യുന്നു. “ഈ ഊഷ്മാവിൽ നാലു മണിക്കൂർ കഴിയുമ്പോൾ വീടിന്റെ ഓരോ ഭാഗങ്ങളും 50 ഡിഗ്രി സെൽഷിയസ് [122 ഡിഗ്രി ഫാറൻഹീററ്] ഊഷ്മാവിൽ എത്തിയിരിക്കും, പാററാകളെയും ഉറുമ്പുകളെയും ഈച്ചകളെയും മൂട്ടകളെയും ഈയാംപാററകളെയും ചിതലുകളെയുംപോലും കൊല്ലുവാൻ ഈ ഊഷ്മാവു മതിയാകും” എന്ന് ന്യൂ സയൻറിസ്ററ് പറയുന്നു. (g90 11⁄22)
“ഗുണത്തിനോ ദോഷത്തിനോ”
“വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നതായി പറയപ്പെടുന്നു,” ഇന്ത്യാ ടുഡേ പ്രസ്താവിക്കുന്നു. “എന്നാൽ പത്താൻ ഗ്രാമത്തിലെ രണ്ടു ദമ്പതികൾക്ക് വിവാഹം ഭൂമിയിൽ അഴിക്കപ്പെട്ടതായി തോന്നുന്നു.” രണ്ടു വ്യത്യസ്ത വിവാഹ പാർട്ടികൾ അവരുടെ വിവാഹത്തിന് ഒരേ സമയത്തെത്തിയപ്പോഴാണ് ഇതു സംഭവിച്ചത്. രണ്ടുകൂട്ടരും വളരെ തിരക്കിലായിരുന്നു, അതിനാൽ കർമ്മങ്ങൾ വളരെ വേഗത്തിൽ നടത്തി. മണവാട്ടികളുടെ മുഖങ്ങൾ മറച്ചിരുന്ന നീണ്ട മൂടുപടം മാററുകയും മണവാട്ടികളുടെ ഒരു കൂടിക്കുഴയൽ കണ്ടുപിടിക്കപ്പെടുകയും ചെയ്തപ്പോഴാണ് യഥാർത്ഥ ഞെട്ടൽ സംഭവിച്ചത്. ഇന്ത്യാ ടുഡേ പറയുന്നു: “ഈ ആൾമാറാട്ടത്തിൽ മണവാട്ടികൾ ഭയചകിതരായെങ്കിലും ചെയ്തുപോയ കാര്യം തിരിച്ചു ചെയ്യുവാൻ സാധിക്കുകയില്ല എന്ന് ബന്ധുക്കൾ നിർബന്ധം പിടിച്ചു. അതിനാൽ ഇപ്പോൾ ദമ്പതികൾ ഗുണത്തിനോ ദോഷത്തിനോ മരണം അവരെ വേർപിരിക്കുന്നതു വരെ ചേർന്നു പോയേ മതിയാകൂ.” (g90 11⁄22)