ലോകത്തെ വീക്ഷിക്കൽ
വിശ്വസ്തമായ അനുസരണക്കേട്
നാഷണൽ കാത്തലിക് റിപ്പോർട്ടർ നടത്തിയ ഒരു സർവ്വേ അനുസരിച്ച്, ഒരു നല്ല കത്തോലിക്കനായിരിക്കുന്നതിന് സഭയുടെ ഔദ്യോഗിക പഠിപ്പിക്കലുകളോടു പററിനിൽക്കേണ്ട ആവശ്യം ഇല്ലെന്നു അനേക കത്തോലിക്കരും വിശ്വസിക്കുന്നു. ദൃഷ്ടാന്തമായി, സർവ്വേക്കു വിധേയമായവരിൽ 70% പേരും ഞായറാഴ്ച പള്ളിയിൽ പോകാതെ തന്നെ അവർക്ക് നല്ല കത്തോലിക്കരായിരിക്കാൻ കഴിയുമെന്നു വിശ്വസിച്ചു. ഒരു കത്തോലിക്കനായിരിക്കുന്നത് ജനനനിയന്ത്രണത്തെ സംബന്ധിച്ച സഭയുടെ പഠിപ്പിക്കൽ അനുസരിക്കാൻ അവരെ ബാദ്ധ്യസ്ഥരാക്കുന്നില്ലെന്ന് 66% പേർക്കു തോന്നിയപ്പോൾ, 57%ന് വിവാഹമോചനവും പുനർവിവാഹവും പോലുള്ള കാര്യങ്ങളോട് അനുസരണം ആവശ്യമില്ലെന്നു തോന്നി. 55% തങ്ങൾ ഒരിക്കലും സഭവിട്ടുപോകില്ല എന്ന് അവകാശവാദം ചെയ്തുവെങ്കിലും 13% മാത്രമാണ് അതു തങ്ങളുടെ ജീവിതത്തിൽ ഏററവും പ്രധാനഭാഗമാണെന്നു പറഞ്ഞത്.
സമുദ്രാശങ്ക
ഒരിക്കൽ, വലിപ്പത്തിൽ ലോകത്തിലെ നാലാമത്തെ തടാകമായിരുന്ന അറാൾ കടലിന്റെ വലിപ്പം അതിന്റെ പോഷക നദികളിൽ നിന്ന് ജലസേചനത്തിനായി വെള്ളം തിരിച്ചുവിടുക നിമിത്തം ഭയാനകമായ വേഗതയിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് സോവിയററ് ശാസ്ത്രകാരൻമാർ റിപ്പോർട്ടു ചെയ്തിരിക്കുന്നു. ആനുകാലിക വസ്തുതകൾ അനുസരിച്ച് കഴിഞ്ഞ 28 വർഷങ്ങൾക്കകം തടാകം 43 അടിയോളം താണുപോയിരിക്കുന്നു. 27,200 ചതുരശ്രമൈൽ ജലവിതാനത്തിന്റെ പകുതിയോടടുത്ത് അപ്രത്യക്ഷമായിരിക്കുന്നു. തത്ഫലമായി ഇപ്പോൾ അത് ലോകത്തിലെ തടാകങ്ങളിൽ ആറാം സ്ഥാനത്താണ്. നാഷണൽ ജോഗ്രഫിക് പ്രകാരം “ജലത്തിന്റെ ലവണത വല്ലാതെ വർദ്ധിച്ചതിനാൽ, നേരത്തെ 60,000 പേർക്കു ജോലി നൽകിയിരുന്ന ഒരു മൽസ്യബന്ധന വ്യവസായം നശിപ്പിക്കത്തക്കവണ്ണം ഇരുപതുതരം മൽസ്യങ്ങൾക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. കടലിന്റെ ഈ ശോഷണത്തിന്റെ ഗതി പിറകോട്ടടിക്കാൻ ഉള്ള വഴികൾ പരിഗണിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അടുത്ത നൂററാണ്ടാകുന്നതോടെ സാഹചര്യം ഏറെ മോശമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ആരോഗ്യത്തിനുവേണ്ടി ഉറക്കം
ധാരാളം വിശ്രമം ലഭിക്കുന്നത് രോഗത്തെ ചെറുക്കുന്നതിന് ശരീരത്തെ സഹായിക്കുമോ? ഉവ്വ് എന്നു ശാസ്ത്രകാരൻമാർ പറയുന്നു! അവർ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിനും ഗാഢനിദ്രക്കും തമ്മിൽ ഒരു സുനിശ്ചിതബന്ധം കണ്ടു പിടിച്ചിരിക്കുന്നു. അമേരിക്കൻ ഹെൽത്ത് പറയും പ്രകാരം മ്യുറാമിൽ ചെപ്റൈറഡ്സ് എന്നറിയപ്പെടുന്ന സൂക്ഷ്മ മാംസ്യങ്ങൾ ഏററവും വിശ്രമദായകമായ തരത്തിലുള്ള ഗാഢ, സ്വപ്നരഹിത നിദ്രക്ക് പ്രേരകമാണെന്നും “ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയുടെ ഒരു സുപ്രധാന നിർമ്മാണ ഘടകമായ ഇൻറർല്യൂകിൻ 1ന്റെ ഉൽപ്പാദനത്തെ ത്വരിതപ്പെടുത്തുമെന്നും” അവർ കണ്ടെത്തിയിരിക്കുന്നു. ഗവേഷകനായ ഡോ. ജയിംസ് എം ക്രൂഗർ, “ഒരു ദിവസത്തെ പ്രവർത്തനത്തിൽ നിന്നുള്ളതോ ഒരു അസുഖത്തിൽ നിന്നുള്ളതോ ആയാലും ആരോഗ്യപുന:സ്ഥാപന പ്രക്രിയയിൽ ഉറക്കം ഒരു പങ്കു വഹിച്ചേക്കാം” എന്നു വിശ്വസിക്കുന്നു.
സമുദ്രത്തിൽ നഷ്ടപ്പെട്ടു
1988-ൽ 7,000ത്തോളം ചത്ത കടൽനായകൾ നോർത്ത് സീയുടെ തീരങ്ങളിൽ വന്നടിഞ്ഞു. ന്യൂമോണിയാ പോലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസായിരുന്നു മരണകാരണം. മനുഷ്യൻ ഉത്തരവാദിയാണോ? ഓരോ വർഷവും നോർത്ത് സീയിലേക്ക് ദശലക്ഷക്കണക്കിനു ടൺ വ്യാവസായിക അവശിഷ്ടങ്ങൾ, കളനാശിനികൾ, എണ്ണ ചപ്പുചവറുകൾ ഇവ മനുഷ്യൻ വർഷിക്കുന്നത് നിരീക്ഷിച്ചിട്ടുള്ള ശാസ്ത്രകാരൻമാർ ആണ് ഈ ചോദ്യം ഉന്നയിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി കടൽ നായയുടെ ധാരാളമായ കൊഴുപ്പിൽ തങ്ങിയിട്ടുള്ള വ്യാവസായിക രാസികങ്ങൾ അവയുടെ പ്രതിരോധവ്യവസ്ഥയെ തകർത്തേക്കാമെന്നും അവയെ വൈറസിന്റെ ആക്രമണത്തിനു മുമ്പിൽ നിസ്സഹായരായി വിടുന്നു എന്നും ദ എക്കണോമിസ്ററ് റിപ്പോർട്ടു ചെയ്യുന്നു. ഒരു ദശാബ്ദത്തിലേറെയായി PCB (പോളി ക്ലോറിനേററഡ് ബൈഫനിൽസ്) നിരോധിക്കപ്പെട്ടിരിക്കയാണെങ്കിലും അവ ജലത്തിലും കടൽ നായയുടെ കൊഴുപ്പിലും കാണപ്പെടുന്നു. എന്നിരുന്നാലും കടൽ നായകൾ ചത്തൊടുങ്ങിയതും സമുദ്രത്തെ മലിനീകരിക്കുന്ന ആയിരക്കണക്കിന് രാസികങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം ശാസ്ത്രജ്ഞർ കൃത്യമായി മനസ്സിലാക്കുന്നതുവരെ സത്യം “സമുദ്രത്തിൽ നഷ്ടപ്പെട്ടതായി” അവശേഷിക്കുന്നു എന്ന് ദ എക്കണോമിസ്ററ് കുറിക്കൊണ്ടു.
ഉച്ചത്തിലുള്ള സംഗീതത്തിന്റെ ഫലം
തങ്ങളുടെ മക്കൾ ഉച്ചത്തിലുള്ള പാട്ടു ശ്രദ്ധിക്കുന്നതിനെക്കുറിച്ച് സാധാരണയായി മാതാപിതാക്കൾ പ്രയാസപ്പെടുമ്പോൾ, യുവജനങ്ങൾ ഇപ്പോൾ മറെറാരുറവിൽ നിന്ന്—സംഗീതജ്ഞരിൽ നിന്നുതന്നെ മുന്നറിയിപ്പുകൾ കേട്ടുകൊണ്ടിരിക്കുന്നു. കാരണം? “അധികമധികം കച്ചേരിക്കാരും തങ്ങളുടെ കേൾവിക്ക് സ്ഥിരമായ കേടുവരുന്നതായി കണ്ടെത്തിക്കൊണ്ടിരിക്കയാണ്” എന്ന് ടൈം മാസിക റിപ്പോർട്ടു ചെയ്യുന്നു. ആന്തരിക കർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ശബ്ദവാഹകരായ രോമങ്ങൾ സ്ഥിരമായി 100 ഡെസിബല്ലിനു മുകളിലുള്ള ശബ്ദത്തിന് വിധേയമാവുമ്പോഴാണ് കുഴപ്പം ആരംഭിക്കുന്നത്—റോക്ക് കച്ചേരികൾ സാധാരണ ഏതാണ്ട് 120 ഡെസിബൽ ആണ്. (g89 1/8)
പ്രത്യേക അനുഗ്രഹങ്ങൾ
ദിവ്യ സെൻറ് ജോണിന്റെ ന്യൂ യോർക്ക് നഗരത്തിലെ കത്തീഡ്രൽ ഒരു വാർഷിക കാഴ്ചയുടെ കേന്ദ്രമായിത്തീർന്നിരിക്കയാണ്—മൃഗങ്ങളുടെ അനുഗ്രഹത്തിന്റെ എപ്പിസ്ക്കോപ്പൽ ബിഷപ്പായ പോൾമൂർ അനുഗ്രഹിച്ച മൃഗങ്ങളിൽ ഒരു ടർക്കികോഴിയും കഴുകനും ഒരു മലമ്പാമ്പും ഒരു മീനും ഒരു ളാമയും ഒരു റാക്കൂണും ഒരു ആമയും 8,000 റാത്തൽ തൂക്കമുള്ള ഒരു ആനയും ഉൾപ്പെട്ടിരുന്നു. അദ്ദേഹം ഒരു ഫ്ളാസ്കിലെ നൂറുകോടിയോളം കടൽ പോച്ചയെപ്പോലും അനുഗ്രഹിച്ചു! “വിശുദ്ധ” ഫ്രാൻസിസ് പക്ഷികളോടു പ്രസംഗിച്ചു എന്ന ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ആചാരം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഓരോ വർഷവും നഗരത്തിലുടനീളമുള്ള ശതക്കണക്കിനു വൽസലമൃഗങ്ങളുടെ ഉടമസ്ഥർ ഒരു പ്രത്യേക അനുഗ്രഹത്തിനായി തങ്ങളുടെ മൃഗങ്ങളെ കത്തീഡ്രലിലേക്കു കൊണ്ടുവരുന്നു.
ബഹിരാകാശത്തിൽ എട്ടാമത്
ഇസ്രയേൽ അതിന്റെ പ്രഥമ ബഹിരാകാശ ഉപഗ്രഹവിക്ഷേപണം വിജയകരമായി നിർവ്വഹിച്ചതോടെ അത് ആ കഴിവുള്ള എട്ടാമത്തെ രാജ്യമായി (ഐക്യനാടുകൾ, സോവിയററ് യൂണിയൻ, ഫ്രാൻസ്, ചൈന, ജപ്പാൻ, ഇൻഡ്യ, ബ്രിട്ടൻ എന്നിവയാണ് മററുള്ളവ). ഒഫേക്ക്-1 എന്നു പേരുള്ള ഈ യിസ്രായേലി ഉപഗ്രഹം ഭൂമിയുടെ കാന്തികക്ഷേത്രത്തെ സംബന്ധിച്ചും ബഹിരാകാശ അവസ്ഥകൾ സംബന്ധിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടതാണെന്ന് പറയപ്പെടുന്നു.
സഭാ നിയമങ്ങൾ മാററപ്പെടുന്നു
“അമേരിക്കയുടെ ഏററവും പഴക്കമേറിയ പെന്തക്കോസ്തു സഭാവിഭാഗമായ ദൈവസഭ, സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നതും സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതും സിനിമക്കു പോകുന്നതും പോലും വ്യക്തിഗത വിശുദ്ധിയുമായി പൊരുത്തപ്പെടുത്താൻ കഴിയും എന്ന് തീരുമാനിച്ചിരിക്കുന്നു” എന്ന് ദ ക്രിസ്ത്യൻ സെഞ്ചുറി പറയുന്നു. ഇത് 1911-ൽ രൂപീകരിച്ച സഭയുടെ ധാർമ്മിക സംഹിതയിലുള്ള ഒരു പ്രമുഖ മാററമാണ്. അതിൽ സ്ത്രീകളുടെ മുടി നീളം കുറക്കുന്നതും കുടുംബാംഗങ്ങളല്ലാത്ത എതിർ ലിംഗത്തിൽപെട്ട ആളുകളോടൊപ്പം നീന്തുന്നതും നിരോധിച്ചിരുന്നു. മാററം എന്തുകൊണ്ട്? എന്തെന്നാൽ സഭ വിദേശത്തേക്കു വ്യാപിപ്പിച്ചപ്പോൾ “പ്രത്യക്ഷതയിലും പെരുമാററങ്ങളിലുമുള്ള നിയന്ത്രണങ്ങൾ നഗരപരിസരങ്ങളിലും വിദേശ സംസ്കാരങ്ങളിലും മനസ്സിലാക്കപ്പെടുന്നില്ല” എന്ന് റിപ്പോർട്ടു പറയുന്നു. 9,200 അംഗങ്ങളുള്ള അററ്ലാൻറ പള്ളിയിൽ “വീണ്ടും ജനനം പ്രാപിച്ച കൗമാര പ്രായക്കാരെ വെള്ളിയാഴ്ച രാത്രികളിൽ ക്രിസ്തീയ റോക്ക് വാദ്യമേളങ്ങൾ ശ്രദ്ധിക്കാൻ അതിന്റെ ഓഡിറേറാറിയങ്ങളിലേക്ക് പള്ളി ക്ഷണിക്കുന്നു.”
സംഗീതത്തിന്റെ ആക്രമണം
ഒരു കാർ ഡ്രൈവർ മനസ്സിലാവുന്ന ഈരടികളുള്ള സംഗീതം ശ്രദ്ധിച്ചുകൊണ്ടിരുന്നാൽ അയാൾ കൂടുതൽ അക്രമാസക്തനാവുമെന്ന് പശ്ചിമ ബർലിനിലെ ഒരു സംഗീത ഗവേഷകൻ അവകാശപ്പെടുന്നു. “തലച്ചോറിന്റെ ഇരു ഭാഗങ്ങളും (ഇടതു വശം സംസാരം രേഖപ്പെടുത്തുന്നു, വലതു വശം സംഗീതവും) ഒരേ സമയം ഭാരപ്പെടുത്തപ്പെടുന്നതാണ് ഇതിനു കാരണമെന്ന് ജർമ്മൻ വർത്തമാനപത്രമായ സദ്വീഷ് സീതങ്ങ് വിശദീകരിക്കുന്നു. ഉപകരണ സംഗീതത്തിന് ഈരടികൾ ഇല്ലാത്തതിനാലും ഒരു വിദേശഭാഷയിലെ സംഗീതങ്ങൾ അധികം ഡ്രൈവർമാർക്കും മനസ്സിലാവാത്തതിനാലും അത്തരം സംഗീതമായിരിക്കും ഭേദം. എന്നിരുന്നാലും സംഗീതത്തിന്റെ സ്ഥായിയും ഡ്രൈവിങ്ങ് ശീലങ്ങളെ സ്വാധീനിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. അതെത്ര ഉച്ചത്തിലായിരിക്കുന്നുവോ, ഡ്രൈവറുടെമേലുള്ള സമ്മർദ്ദവും അത്ര വലുതായിരിക്കും.
‘വാളുകളെ വാളുകളായി അടിച്ചുതീർക്കൽ’
കഴിഞ്ഞതിന്റെ മുമ്പിലത്തെ വർഷം ഐക്യനാടുകളും സോവിയററ് യൂണിയനും ഒപ്പുവെച്ച ദി ഐ എൻ എഫ് ഉടമ്പടി (മാദ്ധ്യസീമക ആണവ ശക്തികൾ) “ഓരോ ജനതക്കും അതിന്റെ ആയുധ ശേഖരത്തിലുള്ള ന്യൂക്ലിയർ ബോംബുകളുടെ എണ്ണത്തിൽ ഒരെണ്ണത്തിന്റെപോലും കുറവു വരുത്തുന്നില്ല” എന്ന് പരേഡ് മാസിക പറയുന്നു. ഉടമ്പടി 2,612 മിസൈലുകൾ നശിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഓരോ പക്ഷവും ആദ്യം ആ മിസൈലുകളിൽ നിന്ന് ന്യൂക്ലിയർ യുദ്ധശീർഷകങ്ങൾ നീക്കം ചെയ്യാനും അവയെ പുതിയ ആയുധ പദ്ധതികളിലേക്കു മാററാനും . . . അല്ലെങ്കിൽ പീരങ്കിക്ഷേപണികൾക്കൊ വിവിധതരം ബോംബുകൾക്കൊ അനുയോജ്യമാക്കിത്തീർക്കാനും അനുവദിക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് “വാളുകളെ തിരികെ വാളുകളായി അടിച്ചു തീർക്കുന്നതിന്” സമാനമാണ്. “ആയുധ മൽസരത്തെ പിന്തിരിപ്പിക്കുന്നതിൽ യാതൊരു ദീർഘകാല പുരോഗതിയും വരുത്തിയിട്ടില്ലായിരിക്കുമെന്ന്” അത് അർത്ഥമാക്കുന്നു എന്ന് ബ്രിട്ടനിലെ മാഞ്ചസ്ററർ ഗാർഡൻ വീക്ക്ലി അഭിപ്രായപ്പെടുന്നു. വിഘടനം ചെയ്യാവുന്ന വസ്തുക്കൾ സാദ്ധ്യമായ “ആയുധങ്ങളുടെ ഒരു പുതിയ തലമുറ”ക്ക് ലഭ്യമാക്കുന്നത് “ഒരു ആയുധ ലഘൂകരണ ഉടമ്പടിയിലൂടെ നാം നേടാൻ ആശിക്കുന്നതിന് കടക വിരുദ്ധമാണ്.”
ലോഹ ഭ്രാന്ത്
അലൂമിനിയത്തിന്റെ വില 1986-നു ശേഷം മൂന്നിരട്ടിയിലധികമായതുകൊണ്ട് കൊള്ളക്കാർ അക്ഷരീയമായി “അമേരിക്കയിലെ പെരുവഴികളിൽ പൊളിച്ചുമാററൽ നടത്തുകയാണ്” എന്ന് ദി വാൾസ്ട്രീററ് ജേണൽ റിപ്പോർട്ടു ചെയ്യുന്നു. വമ്പിച്ച വിലകൾകൊണ്ട് പണമാക്കാനുള്ള ആകാംക്ഷയിൽ കഴിഞ്ഞ വർഷം കള്ളൻമാർ കാലിഫോർണിയയിലെ പെരുവഴികളിൽ നിന്ന് 30ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ചു. റാത്തലിന് 55 സെൻറിന് തുണ്ടുലോഹമായി വിൽക്കുന്നതിന് മോഷ്ടിച്ചെടുത്ത ഇനങ്ങളിൽ പെരുവഴികളിൽ അലൂമിനിയം കൊണ്ടുണ്ടാക്കി സ്ഥാപിച്ചിരുന്ന ബോർഡുകളും ഗാർഡ് റെയിലുകളും ഉൾപ്പെടുന്നു. എയർഫോഴ്സ് വിമാനഭാഗങ്ങളും കാർഷിക ജലസേചന കുഴലുകളും ഒഴിഞ്ഞ വീടുകളുടെ അലൂമിനിയം പാർശ്വഭാഗങ്ങളും നിർമ്മാണസ്ഥലങ്ങളിൽ നിന്നുള്ള ചട്ടക്കൂടുകളും മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഒരു ഇല്ലിനോയി ഗതാഗതവകുപ്പിന്റെ വക്താവ് “ആരെങ്കിലും ഒരു വിളക്കുകാൽ ഇടിച്ചു വീഴിച്ചശേഷം ആ അപകടരംഗത്ത് ജോലിക്കാർ സത്വരം വന്നെത്തുന്നില്ലെങ്കിൽ ലൈററുകാലുകളും അപ്രത്യക്ഷപ്പെടുന്നുവെന്ന്” പറഞ്ഞതായി ജേണൽ റിപ്പോർട്ടു ചെയ്യുന്നു. (g89 1/22)