ലോകത്തെ വീക്ഷിക്കൽ
മലിനീകരണവും കുട്ടികളിലെ അർബുദവും
ഒരു മലിനീകരണ സ്രോതസ്സിൽനിന്ന് അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിൽ ജനിക്കുന്ന കുട്ടികൾ മറ്റുകുട്ടികളെക്കാൾ രക്താർബുദവും ഇതര ശൈശവാർബുദങ്ങളും നിമിത്തം മരണമടയാനുള്ള അപകട സാധ്യത 20 ശതമാനം കൂടുതലുള്ളതായി ബ്രിട്ടീഷുകാരായ 22,400 കുട്ടികളെക്കുറിച്ചുള്ള 27 വർഷത്തെ ഒരു പഠനം അപഗ്രഥിച്ചശേഷം ഒരു സംഘം സാംക്രമികരോഗ ശാസ്ത്രജ്ഞൻമാർ കണ്ടെത്തി. മിക്ക ശൈശവാർബുദ കേസുകൾക്കുമുള്ള “ഏറ്റവും സാധാരണമായ ഘടകം” വായുജന്യ മാലിന്യകാരികൾക്ക് വിധേയമാകുന്നതാണെന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. എണ്ണ ശുദ്ധീകരണശാലകൾ, മോട്ടോർ വാഹന ഫാക്ടറികൾ, ആണവേതര വൈദ്യുതനിലയങ്ങൾ, ഉരുക്കു നിർമാണശാലകൾ, സിമന്റു ഫാക്ടറികൾ തുടങ്ങിയ വ്യവസായശാലകളിൽനിന്നു വമിക്കുന്ന പെട്രോൾ ധൂമങ്ങളോ ബാഷ്പശീലമുള്ള മറ്റു കാർബണിക രാസവസ്തുക്കളോ ആണ് മാലിന്യകാരികൾ എന്നു കരുതുന്നു. ഹൈവേകളിൽനിന്നും റെയിൽപ്പാതകളിൽനിന്നും നാലുകിലോമീറ്റർ ചുറ്റുവട്ടത്തിനുള്ളിൽ ജനിക്കുന്ന കുട്ടികളിലും അർബുദം നിമിത്തം കൂടുതൽ മരണം നടക്കുന്നെന്നു പ്രസ്തുത പഠനം റിപ്പോർട്ടു ചെയ്യുന്നു. പെട്രോൾ, ഡീസൽ ഇന്ധനങ്ങളാണ് ഇതിനു കാരണമെന്ന് ഈ റിപ്പോർട്ട് തയ്യാറാക്കിയവർ അവകാശപ്പെടുന്നു.
ബ്രസീലിലെ മതം
“99 ശതമാനം ബ്രസീലുകാരും ദൈവത്തിൽ വിശ്വസിക്കുന്ന”തായി അടുത്തകാലത്തു നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നെന്ന് ഇഎൻഐ ബുള്ളറ്റിൻ റിപ്പോർട്ടു ചെയ്യുന്നു. ഏതാണ്ട് 2,000 പേർ പങ്കെടുത്ത ആ സർവേയിൽ 72 ശതമാനം കത്തോലിക്കരാണെന്നും 11 ശതമാനം പ്രൊട്ടസ്റ്റന്റുകാരാണെന്നും അവകാശപ്പെട്ടു. എന്നാൽ 9 ശതമാനം പേർ തങ്ങൾ ഏതെങ്കിലും പ്രത്യേക മതാനുഭാവികളാണെന്ന് അവകാശപ്പെട്ടില്ല. ശേഷിച്ചവർ ബ്രസീലിയൻ മതങ്ങളോ ആഫ്രിക്കൻ പാരമ്പര്യമുള്ള ബ്രസീലിയൻ മതങ്ങളോ അനുവർത്തിക്കുന്നവരായിരുന്നു. “തലേ വാരാന്തത്തിൽ ഏതെങ്കിലും ദേവാലയത്തിലോ മതസ്ഥാപനത്തിലോ പോയിരുന്നോ എന്ന ചോദ്യത്തിന് അവരിൽ 57 ശതമാനവും ഇല്ല എന്ന് മറുപടി പറഞ്ഞു” എന്ന് ഇഎൻഐ റിപ്പോർട്ടു ചെയ്യുന്നു. 44 ശതമാനം മാത്രമേ നിത്യദണ്ഡനത്തിൽ വിശ്വസിക്കുന്നുള്ളൂ. 69 ശതമാനം ബ്രസീലുകാർ സ്വർഗത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും കേവലം 32 ശതമാനത്തിനേ അവിടെ പോകുമെന്ന പ്രതീക്ഷയുള്ളൂ.
റിമോട്ട് കൺട്രോളിന്റെ നിയന്ത്രണം ആർക്ക്?
ഇറ്റലിയിൽ യൂറിസ്പെസിലെ (സാമുദായിക, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പഠനസ്ഥാപനം) ഗവേഷകർ, ടിവി കാണൽ ശീലം സംബന്ധിച്ചുള്ള ഒരു പഠനത്തിന്റെ ഫലങ്ങൾ അടുത്തകാലത്തു പ്രസിദ്ധീകരിക്കുകയുണ്ടായി. ഏകദേശം 2,000 ഇറ്റാലിയൻ കുടുംബങ്ങളുമായി അഭിമുഖം നടത്തി. മറ്റു ചോദ്യങ്ങൾക്കൊപ്പം, ഭവനത്തിൽ ടിവി റിമോട്ട് കൺട്രോൾ—ഒരു വർത്തമാനപ്പത്രത്തിലെ ലേഖനം അതിനെ ഭവനത്തിലെ ആധുനിക ചെങ്കോലായി വിശേഷിപ്പിക്കുകയുണ്ടായി—മിക്കവാറും പിടിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ആരാണെന്നു ചോദിച്ചു. മിക്കവാറുമെല്ലാ ഭവനങ്ങളിലും പിതാവായിരുന്നു നിയന്ത്രിച്ചിരുന്നത്. ചാനൽ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കുട്ടികൾക്കായിരുന്നു രണ്ടാം സ്ഥാനം. റിമോട്ട് കൺട്രോൾ പിടിക്കാനുള്ള കുടുംബത്തിലെ അധികാര വടംവലിയിൽ ഏറ്റവും പിമ്പിൽ വന്നതാകട്ടെ അമ്മയും.
കൗമാരപ്രായക്കാരുടെ ലൈംഗികത
നൈജീരിയയിലെ വർത്തമാനപ്പത്രമായ വീക്കെൻഡ് കോൺകോർഡ് പറയുന്നതനുസരിച്ച്, “ലോകത്തേറ്റവും കൂടുതൽ ലൈംഗിക തൃഷ്ണയുള്ളവരിൽ നൈജീരിയക്കാരായ കൗമാരപ്രായക്കാർ ഉൾപ്പെടുന്നു”വെന്ന് അടുത്തകാലത്തു നടത്തിയ ഒരു പഠനം കണ്ടെത്തി. “താരുണ്യത്തിലെത്തി അധികം താമസിയാതെ” തങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായി 14-നും 19-നുമിടയ്ക്കു പ്രായമുള്ള ഏകദേശം 68 ശതമാനം ആൺകുട്ടികളും 43 ശതമാനം പെൺകുട്ടികളും സമ്മതിച്ചു പറഞ്ഞു. ഇത് അനേകം അനഭിലഷണീയ ഗർഭധാരണങ്ങൾക്ക് ഇടയാക്കിയിരിക്കുന്നു. “നൈജീരിയയിൽ 19 വയസ്സിൽ താഴെയുള്ള യുവതികളുടെ മരണത്തിന്റെ 71 ശതമാനവും ഗർഭച്ഛിദ്ര സംബന്ധമായ പ്രശ്നങ്ങളോടു ബന്ധപ്പെട്ടതായിരുന്നു” എന്ന് മറ്റൊരു പഠനം പ്രകടമാക്കുന്നതായി കോൺകോർഡ് പറയുന്നു.
കൈകഴുകൽ പ്രതിസന്ധി
ഫ്രഞ്ച് വൈദ്യശാസ്ത്രപത്രമായ ലെ കോട്ടിഡ്യൻ ഡ്യു മെഡിസനിൽ അടുത്തകാലത്തുവന്ന ഒരു ലേഖനം, വർധിച്ചുവരുന്നതായി കാണപ്പെടുന്ന ഉപദ്രവകരമായ ഒരു പ്രവണതയെ എടുത്തുകാട്ടി—ആഹാരം കഴിക്കുന്നതിനു മുമ്പോ കക്കൂസിൽ പോയശേഷമോ കൈകഴുകാതിരിക്കൽ. ഡോ. ഫ്രെഡറിക് സാൽഡ്മാൻ പറയുന്നതനുസരിച്ച്, വ്യക്തിപരമായ ശുചിത്വം പാലിക്കുന്നതിലുള്ള ഈ ചെറിയ വീഴ്ച സങ്കീർണമായ ഭക്ഷ്യജന്യ രോഗങ്ങളിൽ കലാശിക്കുന്നു, ഇതു വിപുലവ്യാപകവുമാണ്. ഇംഗ്ലണ്ടിലെ അംഗീകൃത ഭക്ഷണശാലകളിലെ കടലപ്പാത്രങ്ങളിൽ 12 വ്യത്യസ്ത വ്യക്തികളുടെ മൂത്രകണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തിയ ഒരു പഠന റിപ്പോർട്ടിനെക്കുറിച്ച് ആ ലേഖനം പരാമർശിക്കുകയുണ്ടായി. ഒരു അധ്യാപകന്റെ മേൽനോട്ടത്തിൽ നടത്തിയ ക്രമമായ കൈകഴുകൽ, ദഹനസംബന്ധമായ പ്രശ്നങ്ങൾ നിമിത്തം സ്കൂളിൽ ഹാജരാകാതിരിക്കുന്ന കുട്ടികളുടെ എണ്ണം 51 ശതമാനമായും ശ്വസനസംബന്ധമായ പ്രശ്നങ്ങൾനിമിത്തം ഹാജരാകാതിരിക്കുന്ന കുട്ടികളുടെ എണ്ണം 23 ശതമാനമായും കുറച്ചെന്ന് അമേരിക്കയിലെ ഒരു സ്കൂളിൽ നടത്തിയ മറ്റൊരു പഠനം വെളിപ്പെടുത്തി. ശൈശവംമുതലേ കുട്ടികളെ ശുചിത്വത്തിന്റെ ഇത്തരം അടിസ്ഥാന നിയമങ്ങൾ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിക്കൊണ്ട് പ്രസ്തുത ലേഖനം ഉപസംഹരിക്കുന്നു.
വർധിക്കുന്ന സാമ്പത്തികസ്ഥിതിയും ദാരിദ്ര്യവും
1975 മുതൽ 1985 വരെയുള്ള കാലയളവിൽ ആഗോള സാമ്പത്തികസ്ഥിതി 40 ശതമാനം ഉയർന്നെങ്കിലും “ലോകവ്യാപകമായി ദരിദ്രരുടെ എണ്ണം 17% വർധിച്ച”തായി മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിൽനിന്നുള്ള ഔദ്യോഗിക വിജ്ഞാപനമായ എച്ച്സിഎച്ച്ആർ ന്യൂസ് പ്രസ്താവിക്കുന്നു. 89 രാജ്യങ്ങളിൽ, പത്തോ അതിലേറെയോ വർഷംമുമ്പ് ഉണ്ടായിരുന്നതിനെക്കാൾ ശോചനീയമാണ് ആളുകളുടെ ഇന്നത്തെ സാമ്പത്തികാവസ്ഥ. 70 വികസ്വരരാജ്യങ്ങളിലെ വരുമാനനിലവാരം 20-ഓ ചിലപ്പോൾ 30-ഓ വർഷംമുമ്പ് ഉണ്ടായിരുന്നതിനെക്കാൾപോലും കുറവാണ്. സാമ്പത്തിക വളർച്ച “ഒരു ന്യൂനപക്ഷം രാജ്യങ്ങൾ”ക്കു മാത്രമേ പ്രയോജനം ചെയ്തിട്ടുള്ളുവെന്ന് എച്ച്സിഎച്ച്ആർ ന്യൂസ് ഉപസംഹരിക്കുന്നു.
ഇറ്റലിയിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ
ഭൂകമ്പങ്ങൾനിമിത്തം ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ ഇറ്റലിയിൽ 1,20,000-ത്തിലധികം പേർ മരണമടഞ്ഞു. എന്നിട്ടും ഏതാണ്ട് 2.5 കോടി ഇറ്റലിക്കാർ വസിക്കുന്ന മേഖലകളിലെ “64 ശതമാനം കെട്ടിടങ്ങൾക്കും ഭൂകമ്പപ്രതിരോധ സംവിധാനങ്ങളില്ല,” കൊറീയെറേ ദേല്ലാ സേറാ റിപ്പോർട്ടു ചെയ്യുന്നു. സുരക്ഷിതമല്ലാത്ത രീതിയിൽ നിർമിച്ചിട്ടുള്ള കെട്ടിടങ്ങളിൽ ആശുപത്രികൾ, അഗ്നിശമന കേന്ദ്രങ്ങൾ എന്നിങ്ങനെ ആപത്തുണ്ടാകുന്നപക്ഷം അടിയന്തിര സഹായ കേന്ദ്രങ്ങളാകേണ്ട കെട്ടിടങ്ങളും ഉൾപ്പെടുന്നു. പ്രകൃതിവിപത്തുകളും വ്യാവസായിക ദുരന്തങ്ങളും നിമിത്തമുണ്ടാകുന്ന കേടുപാടുകൾ പോക്കാനായി ഇറ്റലിയിൽ ഓരോ വർഷവും ശരാശരി 7,00,000 കോടി ലിറ (400 കോടി അമേരിക്കൻ ഡോളർ) ചെലവഴിക്കുന്നു. “അപകട സാധ്യതയേറിയ അതേ സ്ഥലത്ത്, അതേവിധത്തിൽ [കെട്ടിടങ്ങൾ] പുനർനിർമിക്കാനാണ് . . . വിനാശങ്ങളുടെ വാലിൽക്കെട്ടുന്ന ഈ ഭീമമായ തുക മിക്കപ്പോഴും വിനിയോഗിക്കുന്ന”തെന്ന് ഒരു വിദഗ്ധൻ വിശദീകരിക്കുന്നു.
രക്തവും എച്ച്ഐവി രോഗബാധയും
ലോകവ്യാപകമായി എച്ച്ഐവി/എയ്ഡ്സ് രോഗബാധിതരായ ഏകദേശം 2.2 കോടിയാളുകളിൽ, 90 ശതമാനത്തിലധികവും വസിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്. “വികസ്വര രാജ്യങ്ങളിലെ പുതിയ എച്ച്ഐവി രോഗബാധകളുടെ ഏതാണ്ട് പത്തു ശതമാനത്തിനും കാരണം രക്തപ്പകർച്ചയാണ്,” ലണ്ടൻ ആസ്ഥാനമായുള്ള ഒരു വിജ്ഞാപന കേന്ദ്രമായ പാനോസ് റിപ്പോർട്ടു ചെയ്യുന്നു. മിക്ക രാജ്യങ്ങളിലും രക്തശേഖരം സുരക്ഷിതമല്ല, കാരണം പരീക്ഷണശാലകളിൽവെച്ച് എച്ച്ഐവി കണ്ടെത്താനുള്ള ഉപാധികൾ പൂർണമായും ആശ്രയയോഗ്യമല്ല. ഉദാഹരണത്തിന്, പാകിസ്ഥാനിൽ പകുതിയിൽ കുറവ് രക്തബാങ്കുകളിലേ എച്ച്ഐവി നിർണയ സംവിധാനമുള്ളൂ. തത്ഫലമായി അവിടെ, പുതിയ എച്ച്ഐവി രോഗബാധകളുടെ 12 ശതമാനത്തിനും കാരണം രക്തപ്പകർച്ചയാണ്. 15-ലധികം വർഷംമുമ്പ് എയ്ഡ്സിന്റെ ആദ്യത്തെ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടശേഷം ലോകവ്യാപകമായി ഏകദേശം മൂന്നു കോടി ആളുകളെ പ്രസ്തുത രോഗത്തിനിടയാക്കുന്ന എച്ച്ഐവി വൈറസ് ബാധിച്ചിരിക്കുന്നു.
ദൈവത്തോടുള്ള അതിരുകവിഞ്ഞ ഭയം
അടുത്തകാലത്തു നടത്തിയ ഒരു പഠനത്തിൽ, സമ്മർദം നിമിത്തം കഷ്ടതയനുഭവിക്കുന്ന ബ്രസീലുകാരായ കുട്ടികളെ അഭിമുഖം നടത്തുകയുണ്ടായി. ഇഎൻഐ ബുള്ളറ്റിൻ പ്രസ്താവിച്ചതനുസരിച്ച്, അവരിൽ ഒരു വലിയ സംഖ്യ ദൈവത്തോടുള്ള അതിരുകവിഞ്ഞ ഭയംനിമിത്തം അങ്ങേയറ്റം ഉത്കണ്ഠ അനുഭവിക്കുന്നതായി കണ്ടെത്തി. 25 ശതമാനം കുട്ടികൾ കുടുംബപ്രശ്നങ്ങളോ ഒരു ബന്ധുവിന്റെ മരണമോ നിമിത്തം ആകുലത അനുഭവിച്ചപ്പോൾ 75 ശതമാനം കുട്ടികളാകട്ടെ, ശിക്ഷിക്കാൻ തീരുമാനിച്ചുറച്ച ഒരു പ്രതികാരദാഹിയാണ് ദൈവം എന്നു കരുതുന്നതിനാൽ ഉത്കണ്ഠയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ആ പഠനം “ദൈവം തങ്ങളെ സഹായിക്കുന്നവനും മനസ്സിലാക്കുന്നവനും ആണെന്ന് കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ച”തായി ഇഎൻഐ റിപ്പോർട്ടു ചെയ്യുന്നു.
ആനകളുടെ ആശയവിനിമയം
ആനയുടെ സ്വനനാളികൾ സെക്കൻഡിൽ 20-ഓ അതിൽക്കുറവോ അടിസ്ഥാന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കത്തക്കവണ്ണം അത്ര വലുതാണ്. ആ ശബ്ദം മനുഷ്യനു കേൾക്കാൻ കഴിയുന്നതിലും വളരെ താഴ്ന്ന നിലയിലുള്ളതാണ്. അത്തരം വളരെ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദം കൂടുതൽ ദൂരം സഞ്ചരിക്കുന്നു. ഒന്നര കിലോമീറ്റർ അകലെവെച്ചുപോലും ആനകൾക്കതു തിരിച്ചറിയാനാകും. 150-ഓളം വ്യത്യസ്ത ആനകളിൽനിന്നുള്ള ശബ്ദം ഗ്രഹിച്ച് കുടുംബാംഗങ്ങളിൽനിന്നും തന്റെ കൂട്ടത്തിലെ അംഗങ്ങളിൽനിന്നുമുള്ള ശബ്ദത്തോടു ക്രിയാത്മകമായി പ്രതികരിക്കാനും അവയ്ക്കാകും. പൊതുവേ ഒരാന അപരിചിതരായ മറ്റാനകളുടെ ശബ്ദത്തെ അവഗണിക്കുകയോ ചിലപ്പോൾ ഇടയുകയോ ചെയ്തേക്കാം. കെനിയയിലെ ആംബോസെലി ദേശീയ പാർക്കിൽവെച്ചു നടത്തിയ ഗവേഷണങ്ങൾക്കുശേഷം, “ശബ്ദത്തിലൂടെയുള്ള ആശയവിനിമയത്തിന്റെ ഇത്തരം വ്യാപകമായ ശൃംഖല മറ്റൊരു സസ്തനിയിലും പ്രകടമല്ല” എന്ന് മൃഗങ്ങളുടെ സ്വഭാവചേഷ്ടകളെക്കുറിച്ചു പഠിക്കുന്ന, ബ്രിട്ടനിലെ സസ്സെകസ് സർവകലാശാലയിലെ ഡോ. കാരെൻ മകോം വിശദീകരിച്ചതായി ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.