ലോകത്തെ വീക്ഷിക്കൽ
“മഹത്തായ നിയോഗം” അവഗണിക്കുന്നു
സകല രാഷ്ട്രങ്ങളിലെയും ആളുകളെ ശിഷ്യരാക്കാൻ തന്റെ അനുഗാമികളോടുള്ള യേശുവിന്റെ കൽപ്പനയെ “മഹത്തായ നിയോഗ”മെന്ന് ക്രൈസ്തവലോകം അനേക വർഷങ്ങളായി പരാമർശിക്കുന്നു. എന്നിരുന്നാലും, യു.എസ്.എ.-യിൽ നോർത്ത് കരോളിന യൂണിവേഴ്സിററിയിലെ സാമൂഹിക ശാസ്ത്ര ഗവേഷണ ഇൻസ്ററിററ്യൂട്ട് നടത്തിയ അടുത്തകാലത്തെ ഒരു അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച് ഈ നിയോഗത്തെ വളരെ പ്രധാനപ്പെട്ട ഒന്നായി വീക്ഷിക്കുകയെങ്കിലും ചെയ്യുന്ന “ക്രിസ്ത്യാനികളു”ടെ എണ്ണം ഐക്യനാടുകളിൽ കുറഞ്ഞു കുറഞ്ഞു വരുകയാണ്. പരമ്പരാഗതമായി കൂടുതൽ മതഭക്തിയുള്ള തെക്കൻ സംസ്ഥാനങ്ങൾക്കു വെളിയിൽ ക്രിസ്ത്യാനികളായി സ്വയം കണക്കാക്കുന്നവരിൽ 32 ശതമാനത്തിനുമാത്രമേ മററുള്ളവരെ തങ്ങളുടെ വിശ്വാസത്തിലേക്കു മാററുന്നത് സഭയുടെ “വളരെ പ്രധാനപ്പെട്ട” ഒരു ഉത്തരവാദിത്വമാണെന്നു തോന്നിയുള്ളൂ. തെക്ക് ആ സംഖ്യ വെറും 52 ശതമാനമായിരുന്നു.
പുക എവിടെയുണ്ടോ അവിടെ തീയുമുണ്ട്
പുകവലിയുണ്ടാക്കുന്ന കുപ്രസിദ്ധമായ അനേകം വിപത്തുകളിൽ പലപ്പോഴും ശ്രദ്ധയിൽപ്പെടാതെപോകുന്ന ഒന്നുണ്ട്: തീപിടുത്തം. യു.എസ്. ദേശീയ അഗ്നി സംരക്ഷണ സമിതി പറയുന്നതനുസരിച്ച് 1991-ൽ തന്നെ കത്തിച്ച പുകയില ഉത്പന്നങ്ങൾ 951 പേരെ കൊലപ്പെടുത്തിക്കൊണ്ട് (അഗ്നിശമന പ്രവർത്തകരെ കൂടാതെ) ഐക്യനാടുകളിൽ 1,87,000-ഓളം തീപിടുത്തങ്ങൾക്ക് ഇടയാക്കി. അങ്ങനെ, ആ വർഷം വീടുകളിലുണ്ടായ എല്ലാ തീപിടുത്തമരണങ്ങളുടെയും 25 ശതമാനം പുകവലിമൂലമുള്ളതായിരുന്നു—തീപിടുത്തത്തിനുള്ള മററു കാരണങ്ങൾ ഇടയാക്കിയതിലും കൂടുതൽ മരണങ്ങൾ. പുകവലി സംബന്ധമായ തീപിടുത്തങ്ങൾ അതേ വർഷം തന്നെ 3,381 അപകടങ്ങളും 55.2 കോടി ഡോളറിന്റെ വസ്തുനാശവുമുണ്ടാക്കി. ഏററവും കൂടുതൽ തീക്കിരയായത് തുണിതറച്ച വീട്ടുസാമാനങ്ങൾ, മെത്തകൾ, കിടക്കകൾ എന്നിവയാണ്.
ടിവി അക്രമം അളക്കപ്പെടുന്നു
അമേരിക്കൻ ടിവിയിലെ അക്രമം സംബന്ധിച്ച ഇക്കണ്ട എല്ലാ അമർഷവും അതു നിയന്ത്രിക്കാനുള്ള ടിവി ശൃംഖലകളുടെ പല വാഗ്ദാനങ്ങളും ഉണ്ടായിരുന്നിട്ടും ടിവിയിലെ അക്രമം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി വാസ്തവത്തിൽ വർധിച്ചിരിക്കുകയാണെന്ന് വിമർശനാത്മകമായ ഒരു പുതിയ പഠനം അവകാശപ്പെടുന്നു. മാധ്യമങ്ങളുടെയും പൊതു കാര്യങ്ങളുടെയും കേന്ദ്രമാണ് പഠനം നടത്തിയത്. ഒരു ദിവസത്തെ പരിപാടി പത്തു സ്റേറഷനുകളിൽ വീക്ഷിച്ച് അതിന്റെ ഉള്ളടക്കം രണ്ടു വർഷത്തിനുമുമ്പ് അതേ തീയതിയിൽ നടന്ന പരിപാടിയുമായി താരതമ്യം ചെയ്താണ് അതിന്റെ നിഗമനങ്ങളിൽ എത്തിച്ചേർന്നത്. ശാരീരിക ദ്രോഹത്തിലും വസ്തുനാശത്തിലും കലാശിക്കുന്ന മനഃപൂർവമായ ബലപ്രയോഗങ്ങൾ എന്നു നിർവചിക്കപ്പെടുന്ന അക്രമ പ്രവർത്തനങ്ങൾ രണ്ടു വർഷംകൊണ്ട് 41 ശതമാനം വർധിച്ചെന്ന് അതു കണ്ടെത്തി. ഗുരുതരമായ അക്രമ പ്രവർത്തനങ്ങൾ ജീവനു ഭീഷണിയോ ഗുരുതരമായ പരിക്കുണ്ടാക്കാൻ സാധ്യതയുള്ളവയോ ആയി നിർവചിക്കപ്പെട്ടിരിക്കുന്നു. ഇവയുടെ എണ്ണം 67 ശതമാനം വർധിച്ചിരിക്കുന്നു. “ഒരു മണിക്കൂറിൽ ഒരു ചാനലിൽ കൂടി കടന്നുപോകുന്ന അക്രമദൃശ്യങ്ങളുടെ ശരാശരി നിരക്ക് 10-ൽനിന്ന് ഏതാണ്ട് 15 ആയി വർധിച്ചിരിക്കുന്നു” എന്ന് ടിവി ഗൈഡ് റിപ്പോർട്ടു ചെയ്യുന്നു.
ആഗോള വികലപോഷണം
ആഗോളമായി, വികലപോഷണം സംബന്ധിച്ച സദ്വാർത്തകളും ദുർവാർത്തകളുമുണ്ട്. ഗ്ലോബൽ ചൈൽഡ് ഹെൽത്ത് ന്യൂസ് & റിവ്യൂ പറയുന്നതനുസരിച്ച് അഞ്ചു വയസ്സിനു താഴെ വികലപോഷണം അനുഭവിക്കുന്ന എല്ലാ കുട്ടികളുംകൂടെ 1975-ൽ 42 ശതമാനം ആയിരുന്നതിൽനിന്ന് 1990-ൽ 34 ശതമാനം ആയി കുറഞ്ഞു. എന്നിരുന്നാലും, വികലപോഷണമുള്ള കുട്ടികളുടെ മൊത്ത സംഖ്യ വർധിച്ചിരിക്കുകയാണ്. വികസ്വര രാജ്യങ്ങളിൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ ഏതാണ്ട് 19.3 കോടിക്ക് മിതമോ ഗുരുതരമോ ആയ രീതിയിൽ തൂക്കക്കുറവുണ്ട്. അവരിൽ ഏതാണ്ട് മൂന്നിൽ ഒന്ന് ഗുരുതരമായ രീതിയിൽ വികലപോഷിതരുമാണ്. ഒരു കുട്ടി നേരിയതോതിൽ വികലപോഷിതനാകുമ്പോൾ രോഗത്താലുള്ള മരണസാധ്യത ഇരട്ടിയാകുന്നുവെന്നു പത്രം സൂചിപ്പിക്കുന്നു. മിതമായ തോതിൽ വികലപോഷിതനായ കുട്ടിക്ക് ഈ സാധ്യത മൂന്നിരട്ടിയാണ്. ഗുരുതരമായ തോതിൽ വികലപോഷിതനായ ഒരു കുട്ടിക്ക് രോഗത്താലുള്ള മരണസാധ്യത 11 ഇരട്ടി കൂടുതലാണ്. വ്യവസായവൽകൃത രാജ്യങ്ങളിൽ കുട്ടികളുടെ വികലപോഷണത്തിന്റെ ഏററവും സാധാരണമായ രൂപം പൊണ്ണത്തടിയാണെന്ന് പത്രം റിപ്പോർട്ടുചെയ്യുന്നു. ഉദാഹരണത്തിന്, വടക്കേ അമേരിക്കയിൽ കുട്ടികൾക്ക് ഊർജത്തിന്റെ 50 ശതമാനം കൊഴുപ്പിൽനിന്നാണു ലഭിക്കുന്നത്—അത് “ശുപാർശചെയ്യപ്പെട്ടിരിക്കുന്ന അനുപാതത്തിന്റെ ഇരട്ടി”യാണ്.
കരിങ്കടലോ “ചാവു”കടലോ?
“കരിങ്കടൽ ലോകത്തിൽ ഏററവും മാലിന്യമുള്ള കടലായിത്തീർന്നിരിക്കുന്നു. അത് നീറിപ്പുകഞ്ഞ് നശിച്ചുകൊണ്ടിരിക്കയാണ്.” റഷ്യൻ പത്രമായ റോസിസ്കയ ഗസീററ അങ്ങനെയാണു റിപ്പോർട്ടു ചെയ്യുന്നത്. കഴിഞ്ഞ 30 വർഷമായി കരിങ്കടൽ “യൂറോപ്പിന്റെ പകുതിയെ സംബന്ധിച്ചിടത്തോളം ഒരു അഴുക്കുചാലായിത്തീർന്നിരിക്കുന്നു—അതിന്റെ തീരത്തു വസിക്കുന്ന 160 ദശലക്ഷം ആളുകൾക്ക് ഫോസ്ഫറസ് സംയുക്തങ്ങളും മെർക്കുറിയും ഡിഡിററിയും എണ്ണയും മററു വിഷലിപ്തമായ അവശിഷ്ടങ്ങളും വൻതോതിൽ നിക്ഷേപിക്കാനുള്ള ഒരു സ്ഥലം” എന്ന് അതു കുറിക്കൊള്ളുന്നു. മലിനീകരണം ഞെട്ടിക്കുന്ന ചില രോഗലക്ഷണങ്ങൾ ഉളവാക്കിയിട്ടുണ്ട്. മുമ്പ് 1960-കളിൽ മത്സ്യത്തൊഴിലാളികൾ കരിങ്കടലിൽനിന്നു പിടിക്കാറുണ്ടായിരുന്ന 26 ഇനം മത്സ്യങ്ങളിൽ 5 എണ്ണം മാത്രമേ ശേഷിച്ചിട്ടുള്ളൂ. കടലിലെ ഡോൾഫിന്റെ (സസ്തനം) സംഖ്യാബലം ഒരിക്കൽ കരുത്തുള്ള 10,00,000 ആയിരുന്നത് 2,00,000 ആയി കുത്തനെ താണിരിക്കുന്നു. ശേഷിച്ചിരിക്കുന്ന ഡോൾഫിനുകളിൽ പലതിനെയും പന്നിപ്പനി ബാധിച്ചിരിക്കുന്നു. പല പന്നിവളർത്തൽകേന്ദ്രങ്ങളും ഡന്യൂബ് നദീമുഖത്തേക്ക് അഴുക്കുകൾ തള്ളിവിടുന്നു എന്നതാണു കാരണം.
മരിഹ്വാനയും ഓർമനഷ്ടവും
ഓസ്ട്രേലിയയിലെ ദ സിഡ്നി മോർണിങ് ഹെറാൾഡ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “അനേകം ആളുകളും ദീർഘനാളായി സംശയിച്ചിരുന്ന കാര്യം—അതായത് മരിഹ്വാന വലിക്കുന്നതു നിമിത്തമുണ്ടാകുന്ന ഓർമനഷ്ടവും ശ്രദ്ധക്കുറവും ആളുകൾ ആ മയക്കുമരുന്നിന്റെ ഉപയോഗം നിർത്തി ദീർഘനാൾ കഴിഞ്ഞും നിലനിൽക്കുന്നുവെന്ന്—സിഡ്നി ഗവേഷകർ ലോകത്തിൽ ആദ്യമായി തെളിയിച്ചിരിക്കുന്നു.” മരിഹ്വാന ഉണ്ടാക്കുന്ന ഹാനി വലിക്കുന്ന അളവിനും അതിന്റെ ദൈർഘ്യത്തിനും ആനുപാതികമാണെന്ന് മക്ക്വാരി യൂണിവേഴ്സിററിയിൽ നടത്തിയ ഗവേഷണം സ്ഥിരീകരിച്ചു. വാർത്ത പിന്നെയും മോശമാണ്: “ഈ വൈകല്യങ്ങൾ നീക്കംചെയ്യാൻ കഴിയാത്തവയായിരിക്കാം.” ഇപ്പോൾ മരിഹ്വാന വലിക്കുന്നവരിൽ ഉണ്ടായിരിക്കുന്നതായി “തിരിച്ചറിയപ്പെട്ട” അതേ “വൈകല്യങ്ങൾതന്നെ” മുമ്പ് മരിഹ്വാന വലിച്ചിരുന്നവരും അനുഭവിക്കുന്നതായി പഠനം പ്രകടമാക്കി. വിശേഷിച്ച് അഞ്ചോ അതിലധികമോ വർഷം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവർക്ക് ഓർമ മാത്രമല്ല ബാധിക്കപ്പെട്ടത്. വിവരങ്ങൾ പരിശോധിച്ചു നിഗമനങ്ങളിൽ എത്തുന്നതിൽ അത്തരം വ്യക്തികൾക്കു താമസമുള്ളതായി കാണപ്പെട്ടു. കൂടാതെ ശ്രദ്ധ കേന്ദ്രീകരിക്കാനും ശൈഥല്യങ്ങൾ ഒഴിവാക്കാനും അവർക്കു പ്രാപ്തി കുറവായിരുന്നു. ഈ തെളിവുകളെല്ലാം കൂട്ടിച്ചേർത്താൽ മരിഹ്വാന വലി മസ്തിഷ്കത്തിന്റെ പ്രകൃതിയെത്തന്നെ യഥാർഥത്തിൽ മാററിമറിക്കുന്നുവെന്നു റിപ്പോർട്ട് ഉപസംഹരിക്കുന്നു.
കൗമാരപ്രായക്കാരും അശ്ലീല വീഡിയോകളും
ജപ്പാനിലെ ഹൈസ്കൂൾ പ്രായക്കാരായ ആൺകുട്ടികളുടെ ഞെട്ടിക്കുന്ന 77 ശതമാനവും പെൺകുട്ടികളുടെ 24 ശതമാനവും അശ്ലീല വീഡിയോകൾ കണ്ടിരിക്കുന്നതായി ജപ്പാന്റെ ഭരണ ഏകോപന ഏജൻസി നടത്തിയ ഒരു സർവേ പ്രകടമാക്കുന്നു. 13-ഓ 14-ഓ മാത്രം വയസ്സുള്ള ജൂണിയർ ഹൈസ്കൂൾ ആൺകുട്ടികളിൽപോലും 25 ശതമാനം അത്തരം വീഡിയോകൾ കണ്ടിരിക്കുന്നു. ഫലങ്ങളോ? “മുതിർന്നവർക്കു മാത്രമുള്ള വീഡിയോകൾ കണ്ടിട്ടുള്ള വിദ്യാർഥികൾക്ക് ലൈംഗിക കുററകൃത്യങ്ങൾ സംബന്ധിച്ച് അവികസിതമായ ഒരു മനഃസാക്ഷി ബോധവും അത്തരം കുററകൃത്യങ്ങൾക്ക് ഇരയായവരുടെ വികാരങ്ങൾ സംബന്ധിച്ച് അവമതിപ്പും ആണുള്ളതെന്ന് സർവേ സൂചിപ്പിക്കുന്നു” എന്നു മൈനിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്തു. മാതാപിതാക്കൾ ഇതറിഞ്ഞിരുന്നോ? സർവേ ചെയ്യപ്പെട്ട വിദ്യാർഥികളുടെ മാതാപിതാക്കളിൽ 12 ശതമാനം മാത്രം തങ്ങളുടെ കുട്ടികൾ അശ്ലീല വീഡിയോകൾ കണ്ടിരുന്നതായി അറിയുകയോ സംശയിക്കുകയോ ചെയ്തിരുന്നുവെന്ന് അതേ സർവേ വെളിപ്പെടുത്തി.
അത്ഭുതമോ അണുജീവികളോ?
“കത്തോലിക്കാ സഭയിൽ ഏററവും വിശ്രുതമായ അത്ഭുതങ്ങളിലൊന്ന് ദിവ്യമായിരിക്കുന്നതിനെക്കാൾ അണുജീവിപരമായിരിക്കാനാണു സാധ്യത” എന്ന് ന്യൂ സയൻറിസ്ററ് മാസിക അടുത്തകാലത്തു റിപ്പോർട്ടുചെയ്തു. 1263-ൽ ഒരു ബൊഹെമിയൻ പുരോഹിതൻ കുർബാന നടത്തുന്നതിനായി കൂദാശ അപ്പം എടുത്തപ്പോഴായിരുന്നു “ബോൾസെനയിലെ” ഈ “അത്ഭുതം.” ഐതിഹ്യമനുസരിച്ച്, പുരോഹിതൻ കത്തോലിക്കാ സഭ പഠിപ്പിക്കുന്നതുപോലെ അപ്പം യഥാർഥത്തിൽ ക്രിസ്തുവിന്റെ ശരീരമായി മാറുമോ എന്ന് ചിന്തിക്കുകയായിരുന്നു. അപ്പോഴതാ, അദ്ദേഹത്തെ അത്ഭുതപ്പെടുത്തുമാറ്, രക്തംപോലെ എന്തോ അപ്പത്തിൽനിന്ന് ഒലിക്കുന്നു! എന്നാൽ, ഈ പ്രതിഭാസത്തിനു കാരണം ചൂടുള്ള കാലാവസ്ഥകളിൽ അന്നജാഹാരങ്ങളിൽ വർധിച്ചുപെരുകുന്നതും പൊടിപൊടിയായി നിലത്തുവീഴുന്നതുമായ തിളങ്ങുന്ന ചുമപ്പുനിറത്തിലുള്ള ഒരു ഫംഗസാണെന്നു ശാസ്ത്രജ്ഞൻമാർ ദീർഘനാളായി വിചാരിച്ചിരുന്നു. യു.എസ്.എ.-യിലെ വെർജിനിയയിലുള്ള ജോർജ് മേസൻ യൂണിവേഴ്സിററിയിലെ ജോഹന കലൻ മധ്യകാലത്ത് അന്നുണ്ടായിരിക്കാൻ സാധ്യതയുള്ള അവസ്ഥകൾ വീണ്ടും സൃഷ്ടിച്ച് സംശയാസ്പദമായ ഈ ബാക്ടീരിയയെ ഒരു കൂദാശ അപ്പത്തിൽ വളർത്തിയെടുത്തു. പെട്ടെന്നുതന്നെ അതു രക്തംപോലെ ചുവന്നു.
എയ്ഡ്സ് രക്തത്തിൽനിന്നോ?
ഒരു രക്തപ്പകർച്ചയിൽനിന്നോ രക്തോത്പന്നങ്ങളിൽനിന്നോ എയ്ഡ്സ് ബാധിക്കാനുള്ള സാധ്യതകൾ എന്തെല്ലാമാണ്? ജോഹാനസ്ബെർഗിലെ ദ സ്ററാർ എന്ന പത്രം പറയുന്നതനുസരിച്ച് എയ്ഡ്സ് തിരിച്ചറിയപ്പെട്ടതുമുതൽ ലോകവ്യാപകമായി 6,00,000 ആളുകൾക്ക്—അല്ലെങ്കിൽ രോഗബാധിതരുടെ 15 ശതമാനത്തിന്—എയ്ഡ്സ് വൈറസ് ബാധയേററതു രക്തത്തിൽനിന്നോ രക്ഷ ഉത്പന്നങ്ങളിൽനിന്നോ ആണ്. ഇന്ന് എച്ച്ഐവി ഉണ്ടോ എന്നു നോക്കാനായി രക്തം പരിശോധിക്കുന്നതു സമയനഷ്ടം വരുത്തുന്നതും ചെലവേറിയതുമാണ്. രക്തം കുറഞ്ഞത് വ്യത്യസ്തമായ ഏഴു പരിശോധനകൾക്കു വിധേയമാക്കണമെന്നു ചിലർ നിഗമനം ചെയ്യുന്നു. ഈ പരിശോധനകൾ പ്രയോജനപ്പെടുത്താനുള്ള സമ്പദ്സ്ഥിതിയോ പരിശീലനമോ വികസ്വരരാജ്യങ്ങൾക്കു പലപ്പോഴുമില്ല. പരിശോധനകൾ നടത്തുന്ന സമ്പൽസമൃദ്ധമായ രാജ്യങ്ങളിൽപ്പോലും പിശകുകൾ പററുന്നു. ഡച്ച് രക്തപ്പകർച്ചാ സേവനത്തിന്റെ വൈദ്യ തലവനായ പോൾ സ്ട്രെഞ്ചഴ്സ് ഇപ്രകാരം സമ്മതിക്കുന്നു: “ഏതെങ്കിലും രക്തോത്പന്നം എച്ച്ഐവി വൈറസോ ഹെപ്പറൈറററിസോ സംബന്ധിച്ച് 100 ശതമാനം സുരക്ഷിതമാണെന്ന് നമുക്കു പറയാൻ കഴിയില്ല.”
വല്ലപ്പോഴുമുള്ള ഒരു സന്ദർശകൻ
ഓസ്ട്രേലിയയിലെയും ഫ്രാൻസിലെയും ജ്യോതിശ്ശാസ്ത്രജ്ഞർ 1993 മാർച്ചിൽ കണ്ടെത്തിയ ഒരു വാൽനക്ഷത്രത്തെ അന്തർദേശീയ ജ്യോതിശ്ശാസ്ത്ര യൂണിയൻ അടുത്തുവന്ന ജനുവരിയിൽ ഔദ്യോഗികമായി അംഗീകരിച്ച് മക്നോട്ട്റസൽ എന്ന പേരിട്ടു. എന്നാൽ ചൈനയിലെ ജ്യോതിശ്ശാസ്ത്രജ്ഞർ സാധ്യതയനുസരിച്ച് അതിനെ 14 നൂററാണ്ടുകൾക്കു മുമ്പ് ആദ്യം കണ്ടിരുന്നിരിക്കാം! ന്യൂ സയൻറിസ്ററ് മാഗസിൻ പറയുന്നതനുസരിച്ച് സൂര്യനെ ഭ്രമണം ചെയ്യാൻ ഈ വാൽനക്ഷത്രം അസാധാരണമാംവിധം ദീർഘസമയം എടുക്കുന്നതായി ഒരു ജ്യോതിശ്ശാസ്ത്രജ്ഞൻ കണക്കാക്കി: അതായത് 1,419 വർഷം. രസാവഹമായി, ചൈനയിലെ ജ്യോതിശ്ശാസ്ത്രജ്ഞർ അലഞ്ഞുതിരിയുന്ന ഒരു “നക്ഷത്ര”ത്തെ കണ്ടതായി പുരാതന രേഖകൾ കാണിക്കുന്നു, സാധ്യതയനുസരിച്ച് അത് ഈ വാൽനക്ഷത്രം തന്നെയായിരിക്കാം. ജീൻ ഡീ എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ മൂന്നാമത്തെ വർഷത്തിലെ ചാന്ദ്രമാസത്തിൽ വൂ വൂ ദിവസം—അല്ലെങ്കിൽ പൊ.യു. 574 ഏപ്രിൽ 4-ന്—അതിനെ കണ്ടതായി അവർ രേഖപ്പെടുത്തി. ഈ വാൽനക്ഷത്രം 3412-ാമാണ്ടാകുമ്പോഴേക്കും സൗരയൂഥത്തിലെ നമ്മുടെ അയൽപ്രദേശത്ത് അടുത്തസന്ദർശനം നടത്തേണ്ടതാണ്.