പൂർവ യൂറോപ്പിലെ യഹോവയുടെ സാക്ഷികൾ
ബർലിൻ മതിൽ 1989-ൽ നിലംപതിച്ചപ്പോൾ, ഈസ്ററ്ബർലിൻ അതിർത്തി തുറന്നശേഷമുള്ള രണ്ട് ദിവസംകൊണ്ട് ഏതാണ്ട് 20 ലക്ഷം കിഴക്കൻ ജർമ്മൻകാർ തങ്ങളുടെ വിഭജിത രാജ്യത്തിന്റെ പശ്ചിമാർദ്ധഭാഗത്തേക്ക് പ്രവഹിച്ചു. അവരുടെ ദൗത്യമെന്തായിരുന്നു?
കൂടുതൽ സമ്പൽസമൃദ്ധിയുള്ളവരെ സംബന്ധിച്ചടത്തോളം അത് സാധനങ്ങൾ വാങ്ങാനുള്ള ഒരു ഉല്ലാസയാത്രയായിരുന്നു. മററുള്ളവരെ സംബന്ധിച്ചടത്തോളം അത് മുഖ്യമായി കടകളുടെ ജനാലകളിലൂടെ നോക്കി നടക്കാനും പുതുതായി കണ്ടെത്തിയ തങ്ങളുടെ സ്വാതന്ത്ര്യം ആസ്വാദിക്കാനുമായിരുന്നു. അനേകർ ബർലിനിലെയും മററു നഗരങ്ങളിലെയും തെരുവുകളിൽ യഹോവയുടെ സാക്ഷികളെ കണ്ടെത്തുകയും അവരിൽനിന്ന് സാഹിത്യം വാങ്ങുകയും ചെയ്തു. അതിനുശേഷം, ശ്രദ്ധേയമായ ചില പ്രതികരണങ്ങൾ പ്രകടമാക്കിക്കൊണ്ട് ചിലർ ഫ്രാങ്ക്ഫേർട്ട് ആം മെയ്ന് സമീപമുള്ള സെൽറേറഴ്സിലെ വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചാഫീസിലേക്ക് എഴുതിയിട്ടുണ്ട്.
ഒരു കത്ത് ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ എന്റെ ജീവിതത്തിലാദ്യമായി വെസ്ററ് ബർലിൻ സന്ദർശിച്ചപ്പോൾ തെരുവിൽ നിന്നിരുന്ന യഹോവയുടെ സാക്ഷികളുടെ ഒരു സമ്മാനമായി ഞാൻ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി സ്വീകരിച്ചു. അതിനുശേഷം ഞാൻ വീണ്ടും ബൈബിൾ പരിശോധിക്കാൻ തുടങ്ങിയിരിക്കുകയാണ്. എനിക്ക് അനേകമനേകം പ്രശ്നങ്ങളുണ്ടെങ്കിലും വീണ്ടും എനിക്ക് ജീവിതത്തിൽ പ്രത്യാശയും സന്തോഷവും നൽകുന്ന ആരോ ഉണ്ട്. നിങ്ങളുടെ യൗവനം—അത് പരമാവധി ആസ്വദിക്കുക എന്ന പുസ്തകം വായിക്കാൻ കഴിയുകയാണെങ്കിൽ ഞാൻ വളരെ സന്തുഷ്ടനായിരിക്കും. യഹോവയുടെ സാക്ഷികളുമായി സമ്പർക്കം പുലർത്താനും ഞാൻ ഇഷ്ടപ്പെടുന്നു.”
മറെറാരു സന്ദർശകൻ ഇങ്ങനെ എഴുതി: “ന്യൂറെംബേർഗ്ഗിലെ പ്രധാന സ്റേറഷനിലേക്ക് ഞാൻ തുരങ്കത്തിലൂടെ പോയപ്പോൾ ഒരു സ്ത്രീ എനിക്ക് ഉണരുക!യുടെയും വീക്ഷാഗോപുരത്തിന്റെയും പ്രതികൾ തന്നു. അവ വായിച്ചപ്പോൾ ഞാൻ പുളകിതനായി. കുറെ ദിവസങ്ങളിൽ ഞാൻ ദിവസവും വീണ്ടും ബൈബിൾ ഉപയോഗിച്ചുകൊണ്ടിരുന്നു.”
യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകൾ 1990-ൽ പൂർവ യൂറോപ്പിലെങ്ങുമുള്ള മുഖ്യ നഗരങ്ങളിൽ നടത്തപ്പെട്ടു. മുമ്പ് വെസ്ററ്ബർലിൻ ആയിരുന്നടത്തെ ഒളിംബിയാ സ്റേറഡിയമായിരുന്നു കിഴക്കൻ ജർമ്മനി ഉൾപ്പെടെ അനേകം രാജ്യങ്ങളിൽനിന്നുള്ള സാക്ഷികൾ ഹാജരായ ഒരു കൺവെൻഷൻസ്ഥലം. ഹാജരായ 44,532 പേരിൽ ഏതാണ്ട് 30,000 പേരും കിഴക്കൻ ജർമ്മനിയിൽനിന്നായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 1,017 പുതിയ സാക്ഷികൾ ഒളിംബിക്ക് നീന്തൽകുളത്തിൽ സമ്പൂർണ്ണമായ ജല നിമജ്ജനത്താൽ സ്നാപനമേററുവെന്നും ഈ രീതിയിൽ പങ്കെടുത്തവർ “ആദിമ ക്രിസ്ത്യാനികളുടെ മാതൃകയോട് അടുത്തു പററിനിന്നുവെന്നും” ബർലിനർ മോർജൻ പോസ്ററ് റിപ്പോർട്ടുചെയ്തു.
കിഴക്കൻ ജർമ്മനിയിൽ കാര്യങ്ങൾക്ക് എങ്ങനെ മാററം വന്നിരിക്കുന്നു? 1990 മാർച്ചിൽ ഈസ്ററ് ജർമ്മൻ പത്രങ്ങൾ യഹോവയുടെ സാക്ഷികളുടെ നിയമപരമായ അംഗീകരണം പ്രഖ്യാപിച്ചു. ഈസ്ററ്ജർമ്മൻ പത്രമായ മിററൽഡെററ്ഷ് സീററംഗ് “യഹോവയുടെ സാക്ഷികൾ വീണ്ടും നിയമസാധുതയുള്ളവർ” എന്ന തലക്കെട്ടിൽ ഇങ്ങനെ പ്രസ്താവിച്ചു: “നാലു ദശാബ്ദക്കാലം നീണ്ടുനിന്ന നിരോധനം മാർച്ച് 14ന് അവസാനിച്ചു. അന്നേ ദിവസം യഹോവയുടെ സാക്ഷികളുടെ ജർമ്മൻ പ്രതിനിധികൾക്ക് ജർമ്മൻ ജനാധിപത്യ റിപ്പബ്ലിക്കിന്റെ സഭാകാര്യങ്ങൾക്കുവേണ്ടിയുള്ള സംസ്ഥാന സെക്രട്ടേറിയററിൽനിന്ന് ജി.ഡി.ആറിന്റെ (ജർമ്മൻ ജനാധിപത്യ റിപ്പബ്ലിക്ക്) ഭരണപ്രദേശത്ത് തങ്ങളുടെ സമുദായത്തിന് സ്വതന്ത്രമായ മതാരാധന അനുവദിക്കുന്ന ഒരു ഔദ്യോഗിക പ്രമാണവും പോക്കററിലിട്ടുകൊണ്ട് ഇറങ്ങിപ്പോകാൻ കഴിഞ്ഞു.”
കഴിഞ്ഞ വസന്തത്തിൽ ലീപ്സിഗ്ഗിലെ ഒരു സാക്ഷിയിൽനിന്ന് കിട്ടിയ ഒരു എഴുത്ത് ഇങ്ങനെ കഥ വിവരിക്കുന്നു: “ഒരു വാരം മുമ്പും ഞങ്ങൾ രഹസ്യമായി ചെറിയ അളവുകളിൽ ആത്മീയാഹാരം ഇറക്കുമതി ചെയ്തുകൊണ്ടിരുന്നു. ഇപ്പോൾ, [1990 മാർച്ച്] ഞങ്ങൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു! പെട്ടെന്നുതന്നെ ഞങ്ങൾ നാലു ടൺ സാഹിത്യം കയററിയിരിക്കുന്ന ഒരു ട്രക്ക് ഇറക്കും!” യഥാർത്ഥത്തിൽ, കിഴക്കൻ ജർമ്മനിയിലേക്കുള്ള ആദ്യ ട്രക്കിൽ 25 ടൺ ബൈബിൾസാഹിത്യം കയററിയിരുന്നു. അടുത്ത രണ്ടു മാസങ്ങളിൽ 250 ടൺകൂടെ അയക്കപ്പെട്ടു. 40 വർഷക്കാലം സ്വാതന്ത്ര്യമില്ലാതിരുന്ന ആ സാക്ഷികളുടെ ആത്മീയ വിശപ്പ് അത്രയധികമായിരുന്നു!
നാസിസവും (1933-45) കമ്മ്യൂണിസവും ജർമ്മനിയിലെ സാക്ഷികളുടെ വേലയെ തുടച്ചുനീക്കാൻ ശ്രമിച്ചതായി നാം അനുസ്മരിക്കുമ്പോൾ അവരുടെ കഴിഞ്ഞ കാലത്തെയും ഇപ്പോഴത്തെയും ഊർജ്ജിതമായ പ്രവർത്തനങ്ങൾ അവരുടെ നിർമ്മലതയുടെയും അവരുടെമേലുള്ള ദൈവത്തിന്റെ അനുഗ്രഹത്തിന്റെയും നല്ല സാക്ഷ്യമായി നിലകൊള്ളുന്നു.
സോവ്യററ് യൂണിയനിലെ യഹോവയുടെ സാക്ഷികൾ
ആയിരത്തിത്തൊള്ളായിരത്തിഎൺപത്തൊൻപത് ഡിസംബറിൽ മിഖായേൽ ഗോർബച്ചേവ് ജോൺ പോൾ II-മൻ പാപ്പായെ വത്തിക്കാനിൽ ചെന്നു കണ്ടു. ഈ സംഭാഷണത്തെക്കുറിച്ച് ഗോർബച്ചേവ് പിൻവരുന്ന പ്രകാരം പറഞ്ഞതായി പ്രവ്ദാ റിപ്പോർട്ടുചെയ്തു: “ഞങ്ങൾ ആഴത്തിൽ അർത്ഥവത്തായ ഒരു സംഭാഷണം നടത്തി. . . . ഞങ്ങൾ മതത്തെക്കുറിച്ചും യൂറോപ്പിലും ലോകത്തിലും സോവ്യററ്യൂണിയനിലും നടന്നുകൊണ്ടിരിക്കുന്ന പ്രസക്തമായ നടപടികളെക്കുറിച്ചും സംസാരിച്ചു.” ഗോർബച്ചേവ് തന്റെ പ്രസംഗത്തിൽ പാപ്പായോട് “സോവ്യററ്യൂണിയനിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും യഹൂദൻമാരും ബുദ്ധമതക്കാരും മററുള്ളവരും ഉൾപ്പെടെ അനേകം മതവിശ്വാസങ്ങളിൽപെട്ട ആളുകൾ ജീവിക്കുന്നു. അവർക്കെല്ലാം തങ്ങളുടെ ആത്മീയാവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള അവകാശമുണ്ട്. അടുത്തുതന്നെ ഞങ്ങളുടെ രാജ്യത്ത് മനഃസാക്ഷിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിയമം പാസാക്കപ്പെടും” എന്നു പറഞ്ഞതായി ഔദ്യോഗിക വത്തിക്കാൻ പത്രമായ എൽ ഒസ്സേർവറേറാർ റൊമാനോ റിപ്പോർട്ടുചെയ്തു.
ആ വാക്കു പാലിച്ചുകൊണ്ട് 1990 സെപ്ററംബറിൽ സോവ്യററ് നിയമനിർമ്മാണസഭ മനഃസാക്ഷിസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഒരു നിയമം അംഗീകരിച്ചു. ആ നിയമത്തിന്റെ 3-ാം വകുപ്പ് ഇങ്ങനെ പ്രസ്താവിക്കുന്നു: “മനഃസാക്ഷിസ്വാതന്ത്ര്യത്തിന്റെ അവകാശത്തിന് ചേർച്ചയായി, ഓരോ പൗരനും മതത്തോടുള്ള തന്റെ ബന്ധം സ്വയം തീരുമാനിക്കുന്നു. ഒററക്കോ മററുള്ളവരോടുചേർന്നോ ഏതു മതവും ആചരിക്കാനും അല്ലെങ്കിൽ ഒന്നും ആചരിക്കാതിരിക്കാനും തന്റെ മതത്തോടു ബന്ധപ്പെട്ട ബോദ്ധ്യങ്ങൾ പ്രകാശിപ്പിക്കാനും പ്രചരിപ്പിക്കാനും അയാൾക്കവകാശമുണ്ട്.”
മതസ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന് നോക്കിപ്പാർത്തിരിക്കുന്ന ആയിരക്കണക്കിന് യഹോവയുടെ സാക്ഷികൾ സോവ്യററ് യൂണിയനിലുണ്ട്. (22-ാം പേജ് കാണുക.) 1990-ലെ “നിർമ്മലഭാഷാ” കൺവെൻഷനുകൾക്ക് സോവ്യററ് യൂണിയനിലെങ്ങും ചിതറിപ്പാർക്കുന്ന സാക്ഷികളെയെല്ലാം പ്രതിനിധാനംചെയ്തുകൊണ്ട് 17,000ൽപരം പ്രതിനിധികൾ അവിടെനിന്ന് വാഴ്സോയിലെ റഷ്യൻ സെഷനുകൾക്ക് ഹാജരായി. അവർ സോവ്യററ് യൂണിയനിൽ കൺവെൻഷനുകൾ നടത്താൻ സാദ്ധ്യമാകുന്ന നാളിലേക്ക് നോക്കിപ്പാർത്തിരിക്കുകയാണ്.
പോളണ്ടിലെ പുരോഗതി
യഹോവയുടെ സാക്ഷികൾ 1989 മെയ്യിൽ പോളണ്ടിൽ നിയമപരമാക്കപ്പെട്ടു. അതിനുശേഷം ഒരു ബ്രാഞ്ചാഫീസ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്, വാഴ്സോയിക്കടുത്തു വിപുലമായ സൗകര്യങ്ങൾ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുമ്പ് ക്രിസ്തീയനിഷ്പക്ഷതയുടെ വിവാദവിഷയത്തിൻപേരിൽ നൂറുകണക്കിന് യുവസാക്ഷികൾ തടവിലാക്കപ്പെട്ടിരുന്നു. ഇപ്പോൾ അവർ ഉചിതമായ ഒരു സർട്ടിഫിക്കററ് ഹാജരാക്കുന്നപക്ഷം സൈനികസേവനത്തിൽനിന്നും ശിക്ഷയിൽനിന്നും ഒഴിവാക്കപ്പെടുന്നു.
പോളണ്ടിൽ 1989-ലും 1990-ലും നടത്തപ്പെട്ട കൺവെൻഷനുകൾ അവിടത്തെ സാക്ഷികൾക്ക് ഒരു വലിയ പ്രചോദനമായിരിക്കുന്നു. പോളണ്ടിലെ സജീവസാക്ഷികളുടെ എണ്ണം ഓരോ മാസത്തിലും ഉയർന്നതായും 97,000ത്തിൽപരം എന്ന പുതിയ അത്യുച്ചത്തിലെത്തിയതായും ഒരു റിപ്പോർട്ട് പ്രസ്താവിക്കുന്നു. അടുത്തതായി പോളണ്ട് 1,00,000ത്തിൽപരം സാക്ഷികളുള്ള 12-ാമത്തെ രാഷ്ട്രമായിത്തീരുമെന്നുള്ളതിന് സംശയമില്ല.a ക്രിസ്തുവിന്റെ മരണത്തിന്റെ ഏപ്രിലിൽ നടന്ന സ്മാരകത്തിലെ ഹാജർ 1,88,861 ആയിരുന്നു.
റുമേനിയായിലെ മതസ്വാതന്ത്ര്യം
തങ്ങളുടെ അസോസിയേഷൻ 1990 ഏപ്രിലിൽ നിയമപരമായി അംഗീകരിക്കപ്പെട്ടുവെന്ന് കേട്ടപ്പോൾ റുമേനിയയിലെ സാക്ഷികൾ പുളകപ്രദരായി. (13-ാം പേജിലെ ചതുരം കാണുക.) പെട്ടെന്നുതന്നെ ആ രാഷ്ട്രത്തിലെങ്ങും സർക്കിട്ട് സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഒരു പരമ്പരയിൽ 44,000 പേർ ഹാജരുണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് ആ രാജ്യത്ത് 19,000 സാക്ഷികളേ ഉണ്ടായിരുന്നുള്ളു. തീർച്ചയായും അനേകം റുമേനിയക്കാർ രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നുണ്ട്.
“നിർമ്മലഭാഷ”യെന്ന ലോകവ്യാപക വിഷയമുണ്ടായിരുന്ന 1990-ലെ ഡിസ്ത്രിക്ററ് കൺവെൻഷനുകൾ ബ്രാസോ, ക്ലുജ്-നപ്പോക്കാ എന്നീ നഗരങ്ങളിൽ നടത്തപ്പെട്ടു. പരിപാടി റുമേനിയൻ, ഹംഗേറിയൻ എന്നീ ഭാഷകളിൽ അവതരിപ്പിക്കപ്പെട്ടു. 36,000ത്തിലധികം പേർ ഹാജരായി. 1,445 പേർ സ്നാപനമേററു.
റുമേനിയൻഭാഷയിലുള്ള വീക്ഷാഗോപുരം 1991 ജനുവരി 1-ലെ ലക്കം മുതൽ ഇംഗ്ലീഷുമായി ഒരേ കാലത്ത് മുഴുവർണ്ണത്തിൽ പ്രസിദ്ധപ്പെടുത്താൻ തുടങ്ങി.
പൗരസ്ത്യ ഓർത്തഡോക്സ് മതത്തിന് പ്രാബല്യമുള്ള അടുത്തുള്ള ബൽഗേറിയായിൽ സാക്ഷികൾക്ക് ഇപ്പോഴും നിയമപരമായ അംഗീകാരമില്ല. എന്നാൽ അവർ തങ്ങളുടെ സഭാമീററിംഗുകൾ നടത്താൻ മുറികൾ വാടകക്കെടുക്കുകയാണ്. ബൽഗേറിയനിലും ഗ്രീക്കിലും നടത്തപ്പെട്ട “നിർമ്മല ഭാഷാ”കൺവെൻഷന് ഇരുനൂറിൽപരം പേർ ഗ്രീസിലെ സലോനിക്കയിലേക്ക് യാത്രചെയ്തു.
ഹംഗറിയിൽനിന്ന് സുവാർത്ത
ഹംഗറിയിലെ സാക്ഷികൾക്ക് 1989 ജൂൺ 27 ഒരു ചരിത്രപ്രധാനമായ വർഷമായിരുന്നു. മാഗ്യാർ നെംസെററ് എന്ന പത്രം ഇങ്ങനെ പ്രഖ്യാപിച്ചു: “മതസ്വാതന്ത്ര്യത്തെ തുടർന്നുള്ള നിയമപ്രകാരം സഭാകാര്യങ്ങൾക്കായുള്ള സംസ്ഥാന ആഫീസ് യഹോവയുടെ സാക്ഷികളുടെ മതസമൂഹത്തെ നിയമാംഗീകാരമുള്ള ഒരു മതവിശ്വാസമായി പ്രഖ്യാപിച്ചു.” ഈ വാർത്ത റേഡിയോയിലും ടെലിവിഷനിലും പ്രഖ്യാപിക്കപ്പെട്ടു. ജെഹോവാ ററാനൂയ്ക്ക് (യഹോവയുടെ സാക്ഷികൾക്ക്) ഒടുവിൽ തങ്ങളുടെ വേലക്ക് നിയമപരമായ അംഗീകാരം കിട്ടിയതായി ഹംഗറിക്കാർ മനസ്സിലാക്കി.
രാജ്യത്തിലെ മുഖ്യ പ്രദേശങ്ങളെ ഉൾപ്പെടുത്തുന്നതിന് പെക്സിലും മിസ്കോൾക്കിലും ഡബ്രിസനിലും ബുഡാപെസ്ററിലും “നിർമ്മലഭാഷാ”കൺവെൻഷനുകൾ നടത്തപ്പെട്ടു. ഹംഗേറിയൻഭാഷ സംസാരിക്കുന്ന ഏതാണ്ട് 2,000 പേർ ചെക്കോസ്ലൊവേക്യയിൽനിന്നും സോവ്യററ് യൂണിയനിൽനിന്നും വന്നു. യഹോവയുടെ സാക്ഷികളുടെ സാർവദേശീയമായ ഐക്യത്തിന് അടിവരയിടുന്നതിന് 700 സന്ദർശകപ്രതിനിധികളുടെ ഒരു കൂട്ടം ഫിൻലണ്ടിൽനിന്ന് ഹാജരായി. ഹംഗറിയിലെ മൊത്തം ഹാജർ 21,568 ആയിരുന്നു. അവരിൽ 2,000ത്തിൽപരം റുമേനിയൻ പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു.
ജനുവരി, 1990 മുതൽ ഹംഗറിയിലെ സാക്ഷികൾക്ക് മൂല ഇംഗ്ലീഷ്ഭാഷയിൽനിന്ന് ഒരേ സമയത്ത് ഭാഷാന്തരംചെയ്യപ്പെടുന്ന തങ്ങളുടെ മുഴുവർണ്ണ മാസികകൾ കിട്ടിക്കൊണ്ടാണിരിക്കുന്നത്.
ചെക്കോസ്ലൊവേക്യയിൽ മുന്നോട്ട്
പരുക്കൻ പർവതങ്ങളോടും ഫലഭൂയിഷ്ഠമായ സമതലങ്ങളോടുംകൂടിയ ഈ മനോഹരമായ രാജ്യത്ത് യഹോവയുടെ സാക്ഷികൾ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “വേല പരസ്യമായിത്തന്നെ നിർവഹിക്കപ്പെടുന്നുണ്ട്, വലിയ യോഗങ്ങൾ നടത്തപ്പെടുന്നു.” നിയമാംഗീകാരം പെട്ടെന്നുതന്നെ പ്രതീക്ഷിക്കപ്പെടുന്നു.
കിഴക്കൻ യൂറോപ്പിൽ 1989ന്റെ ഒടുവിൽ തുടങ്ങിയ നാടകീയ മാററങ്ങൾക്കുശേഷം ചെക്കോസ്ലൊവേക്യയിലെ സാക്ഷികൾ വളരെ പെട്ടെന്നുതന്നെ പ്രതികരിക്കുകയും 1990 ഏപ്രിൽ മുതൽ ജൂൺവരെയുള്ള മാസങ്ങളിൽ സർക്കിട്ട് സമ്മേളനങ്ങളുടെ ഒരു പരമ്പര സംഘടിപ്പിക്കുകയും ചെയ്തു. തത്ഫലമായി, ഇദംപ്രഥമമായി സാക്ഷികളെസംബന്ധിച്ച് ക്രിയാത്മകമായ റിപ്പോർട്ടുകൾ വന്നു. ഇപ്പോൾ ചെക്കോസ്ലൊവേക്യയിൽ 21,000ത്തിൽപരം സാക്ഷികളുണ്ട്. 1990-ൽ ക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് 40,295 പേർ ഹാജരുണ്ടായിരുന്നു. സഭകളിൽ പകുതിയിലധികവും തങ്ങൾക്ക് മീററിംഗുകൾ നടത്താൻകഴിയുന്ന സ്ഥലങ്ങൾ വാടകക്കെടുത്തുകഴിഞ്ഞു. 12 സഭകൾക്ക് തങ്ങളുടെ സ്വന്തം രാജ്യഹാളുകൾപോലുമുണ്ട്.
പ്രേഗിൽ 1990 ഓഗസ്ററിൽ ഒരു കൺവെൻഷൻ നടത്തപ്പെട്ടു. 23,876 പേർ ഹാജരുണ്ടായിരുന്നു. 1,824 പേർ സ്നാപനമേററു. സ്റേറഡിയം കൺവെൻഷൻ നടത്താൻ കൊള്ളാവുന്നതാക്കുന്നതിന് 9,500ലധികം സാക്ഷികൾ ശുചീകരണവും പെയ്ൻറിംഗും നടത്തുന്നതിന് 58,000ൽപരം മണിക്കൂറുകൾ സ്വമേധയാ ചെലവഴിച്ചു. ചെക്കോസ്ലൊവേക്യ ററിവിയുടെ ഒരു പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞങ്ങൾ അനേകം സാമൂഹിക സംഭവങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ സ്റേറഡിയത്തിലെ നിങ്ങളുടെ ക്രമീകരണത്തെ ഞങ്ങൾ വിലമതിക്കുന്നു. നിങ്ങൾ ഇങ്ങനെയൊരു കൂടിവരവ് ആദ്യമായി സംഘടിപ്പിക്കുകയാണെന്ന് ഞങ്ങൾക്ക് അശേഷം വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു സന്ദർശകൻ ഇങ്ങനെ പറയുകയുണ്ടായി: “നിങ്ങളുടെ സഹോദരൻമാരുടെ ഇടയിലെ ആത്മീയ അന്തരീക്ഷത്തെയും ആത്മാർത്ഥമായ ബന്ധങ്ങളെയും സ്നേഹത്തെയും ഞാൻ പുകഴ്ത്തുന്നു. ഒരു സുഹൃത്തെന്ന നിലയിലാണ് ഞാൻ വന്നത്; അതിലും വലിയ ഒരാളായി ഞാൻ പോകുന്നു.”
ചെക്ക്ഭാഷയിലും സ്ലൊവാക്ക് ഭാഷയിലും വീക്ഷാഗോപുരവും ഉണരുക!യും പ്രസിദ്ധീകരിക്കുന്നുണ്ട്, രണ്ടു ഭാഷകളിലും വീക്ഷാഗോപുരം ഇംഗ്ലീഷുമായി ഏക കാലത്ത് പ്രസിദ്ധീകരിക്കുന്നു. വെറും 2 വർഷം മുമ്പത്തെ മർദ്ദകസാഹചര്യത്തെ നാം ഓർക്കുമ്പോൾ ശ്രദ്ധേയമായ മാററങ്ങൾ ഉണ്ടാകുന്നുണ്ട്.
ഭാവിപ്രതീക്തകൾ
പുതിയ തലമുറകൾ നിരീശ്വരത്വത്തിൽ വളർത്തപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ പ്രസംഗിക്കുന്ന സാക്ഷികളുടെ പ്രതീക്ഷകൾ എന്താണ്? ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “ബൈബിളിനെയും ദൈവത്തെയും സംബന്ധിച്ച ഒരു വലിയ ഇരുട്ടുണ്ട്. എന്നിരുന്നാലും പരിത്യജിക്കേണ്ട വ്യാജമതോപദേശങ്ങളാൽ ആളുകൾ കുഴപ്പിക്കപ്പെട്ടിട്ടില്ലെന്നുള്ളതാണ് ക്രിയാത്മകവശം. കൊയ്ത്ത് വലുതായിരിക്കുമെന്ന് കാണപ്പെടുന്നു.”
കിഴക്കൻ യൂറോപ്പിലെ ജനങ്ങൾക്ക് ബൈബിളിൽനിന്ന് സമർപ്പിക്കാൻ യഹോവയുടെ സാക്ഷികൾക്കുള്ള സന്ദേശമെന്താണ്? അടുത്ത ലേഖനം ഉത്തരം നൽകും. (g91 1⁄8)
[അടിക്കുറിപ്പുകൾ]
a മററ് 11 എണ്ണം ബ്രസീൽ, ബ്രിട്ടൻ, കാനഡാ, ഫ്രാൻസ്, ജർമ്മനി, ഇററലി, ജപ്പാൻ, മെക്സിക്കോ, നൈജീറിയാ, ഫിലിപ്പീൻസ്, ഐക്യനാടുകൾ എന്നിവയാണ്.
[8, 9 പേജുകളിലെ ചതുരം]
ഒടുവിൽമതസ്വാതന്ത്ര്യം!
ബർലിനിൽ 1990 ജൂലൈയിൽ “നിർമ്മല ഭാഷാ”കൺവെൻഷന് ഹാജരായ മുൻ കിഴക്കൻ ജർമ്മനിയിൽനിന്നുള്ള സാക്ഷികളുടെ പ്രസ്താവനകളാണ് ചുവടെ ചേർത്തിരിക്കുന്നത്.
“എന്റെ പേർ ലിദിയ എന്നാണ്. എനിക്ക് എട്ടു വയസ്സുണ്ട്. ഞാൻ ജർമ്മൻ ജനാധിപത്യ റിപ്പബ്ലിക്കിൽ (ജി.ഡി.ആർ) നിന്നുള്ളവളാണ്. ഒരു വർഷം മുമ്പ് അതിർത്തികൾ തുറന്നിട്ടില്ലാഞ്ഞതുകൊണ്ട് ഈ ഡിസ്ത്രിക്ററ് കൺവെൻഷന് ഹാജരായതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഞങ്ങൾ രഹസ്യമായി സ്മാരകം ആഘോഷിക്കേണ്ടിയിരുന്നു. ഈ പ്രാവശ്യം സ്വാതന്ത്ര്യമുണ്ട്! എല്ലാവരും പാടിത്തുടങ്ങുമ്പോൾ കണ്ണുനീർവരുന്നു. ഞാൻ വളരെ ആവേശഭരിതയായതുകൊണ്ട് എനിക്ക് ഇതിനെക്കുറിച്ച് സ്കൂളിൽ പറയണം!”
“ഇവിടെ ബർലിനിൽ ഒരു സാർവദേശീയ സഹോദരവർഗ്ഗത്തിന്റെ ഇടയിൽ യഹോവയുടെ അതിഥികളായിരിക്കുന്നതിൽ ഞാൻ നന്ദികൊണ്ടും വിലമതിപ്പുകൊണ്ടും നിറഞ്ഞിരിക്കുന്നു.”—ബേണ്ട്
“ജി.ഡി.ആറിലെ സഹോദരൻമാരും പരിപാടിയിലുണ്ടായിരുന്നുവെന്നത് ഒരു പ്രത്യേക സവിശേഷതയിലേക്കു വിരൽചൂണ്ടുന്നു: തന്റെ ജനം നിരോധനത്തിലായിരിക്കുമ്പോൾപോലും യഹോവ അവരെ പരിശീലിപ്പിക്കുകയും യോഗ്യരാക്കുകയും ചെയ്യുന്നു.”—ഗോട്ട്ഫ്രൈഡ്.
“കരഘോഷവും ഗാനാലാപവും എല്ലാവരും സന്തുഷ്ടരായിരുന്നുവെന്ന് പ്രകടമാക്കി. ഒരുവനെ ആന്തരികമായി അടിച്ചുനീക്കിയത് ഒരു ഗർജ്ജനശബ്ദമായിരുന്നു. യഹോവ എത്ര സന്തോഷിച്ചിരിക്കണം!”—ഇഗോൺ.
“എന്റെ സ്നാപനത്തിനുശേഷം, വെള്ളത്തിന് വളരെ തണുപ്പായിരുന്നോ എന്ന് സഹോദരൻമാർ ചോദിച്ചു. എനിക്ക് അറിയാൻപാടില്ലായിരുന്നുവെന്നേ എനിക്ക് മറുപടിപറയാൻ കഴിഞ്ഞുള്ളു. യഹോവയുടെ അനുഗ്രഹം വളരെ ഊഷ്മളമായിരുന്നതുകൊണ്ട് വെള്ളത്തിന്റെ താപം ഞാൻ അശേഷം ഗൗനിച്ചേയില്ല.”—ഹെയ്ഡ്രൻ.
“ഡോർമിറററിയിലെ അന്തരീക്ഷം അവർണ്ണനീയമായിരുന്നു! ഡൻമാർക്ക്, മൊസാംബിക്ക്, ഇംഗ്ലണ്ട്, കാലിഫോർണിയാ, തെക്കൻ ജർമ്മനി, സ്പെയ്ൻ, ജി.ഡി.ആർ എന്നിവിടങ്ങളിൽനിന്നെല്ലാം എത്തിയ ഞങ്ങളെല്ലാം ഒത്തുചേർന്നു പാടി, ഞങ്ങളെല്ലാം നിർമ്മല ഭാഷ സംസാരിച്ചിരുന്നു.”—ജട്ടാ.
“ഞങ്ങൾ എല്ലായ്പ്പോഴും ഞങ്ങളുടെ മക്കളോട് 1958-ലെയും 1960-ലെയും ബർലിൻകൺവെൻഷന്റെ ഓർമ്മകളെക്കുറിച്ച് പറഞ്ഞിരുന്നു, ഞങ്ങൾക്ക് സംബന്ധിക്കാൻ കഴിഞ്ഞ അവസാനത്തെ കൺവെൻഷനുകൾ അവയായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത് ഞങ്ങളുടെ സകല ഓർമ്മകളെയും പ്രതീക്ഷകളെയും കവിയുന്നതായിരുന്നു.”—വോൾഫ്ഗാംഗ്.
“ആയിരങ്ങൾ വിശേഷിച്ച് സമാപനഗീതത്തിനും പ്രാർത്ഥനക്കും പാടാനും സ്തുതിക്കാനും എഴുന്നേററുനിന്നപ്പോൾ ഞങ്ങൾക്ക് മേലാൽ ഞങ്ങളുടെ സന്തോഷാശ്രു പിടിച്ചുനിർത്താൻകഴിഞ്ഞില്ല എന്നുള്ളതാണ് എന്നിൽ ഏററവുമധികം മതിപ്പുളവാക്കിയത്.”—മോനിക്കയും റീനാഡും.
[13-ാം പേജിലെ ചതുരം]
“ഒരു അനീതി തിരുത്തപ്പെട്ടു”
ററിനെറെററുൽ ലൈബർ എന്ന (സ്വതന്ത്രയുവത) റുമേനിയൻ പത്രികയുടെ 1990 ഓഗസ്ററ് 11-ലെ ലക്കത്തിൽ മുകളിലത്തെ തലക്കെട്ടോടെ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു. അതിങ്ങനെ പ്രസ്താവിച്ചു: “ഉവ്വ്, ഒരു അനീതി തിരുത്തപ്പെട്ടു. 40-ൽപരം വർഷം ക്രിസ്തുവിന്റെ അനുഗാമികളെന്ന നിലയിൽ നിർമ്മലത പാലിച്ചിരിക്കുന്ന ‘യഹോവയുടെ സാക്ഷികൾ’ എന്ന വളരെയധികം അധിക്ഷേപിക്കപ്പെടുന്ന മതസ്ഥാപനം നിയമപരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, ഒരു നിയമപരമായ സ്ഥാപനത്തിന്റെ ചാർട്ടറും നേടിയിരിക്കുന്നു. ഈ സ്ഥാപനം 210 രാജ്യങ്ങളിലും ദീപുകളിലും സജീവമായി പ്രവർത്തിക്കുന്ന ഒരു ലോകവ്യാപകസ്ഥാപനമെന്ന നിലയിൽ ഭരണസംഘത്തിന്റെ മേൽനോട്ടത്തിലും അധികാരത്തിൻകീഴിലും അതിന്റെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകുന്നു.” ബ്രാസോവിലെയും ക്ലുജ്-നപ്പോക്കായിലെയും കൺവെൻഷനുകൾ പ്രഖ്യാപിച്ചുകൊണ്ട് വാർത്ത ഉപസംഹരിച്ചു.
[9-ാം പേജിലെ ചിത്രങ്ങൾ]
കൺവെൻഷൻ പ്രവർത്തനങ്ങൾ: (ഇടതുവശത്ത് താഴെനിന്ന്) വാഴ്സോയിൽ പുതിയ ലഘുപത്രിക അവതരിപ്പിക്കുന്നു; ബുഡാപെസ്ററിലെ ഹംഗേറിയൻ, റുമേനിയൻ, ഭാഷകളിലെ പ്ലാററ്ഫോമുകൾ; ബർലിൻ, കുറിപ്പുകൾ എഴുതുന്നു; പ്രേഗിൽ സ്റേറഡിയം നന്നാക്കിയെടുക്കുന്നു
[10-ാം പേജിലെ ചിത്രങ്ങൾ]
കൺവെൻഷൻ പ്രവർത്തനങ്ങൾ: (ഇടതുവശത്തുനിന്ന് വലത്തോട്ട്) റുമേനിയ, സ്നാപനം; പ്രേഗ്, സ്റേറഡിയം; ബർലിനിൽ “ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം” പുസ്തകവുമായി കുടുംബം; ബുഡാപെസ്ററിൽ പ്രസംഗകൻ; പോളണ്ടിൽ ബൈബിൾ പരിശോധിക്കുന്നു