‘മതിൽ ഇടിഞ്ഞുവീണു’
“അത് ആർ വിശ്വസിക്കുമായിരുന്നു?” “എന്റെ ജീവിതകാലത്ത് ഞാൻ അതു കാണുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല!” ഈ പ്രസ്താവനകൾക്കിടയാക്കിയതെന്താണ്? 1989a നവംബറിൽ തുടങ്ങിയ കുപ്രസിദ്ധമായ ബർലിൻമതിലിന്റെയും അതു പ്രതിനിധാനംചെയ്ത സകലത്തിന്റെയും നാശം. ഈസ്ററ് ബർലിൻനിവാസികൾ വെസ്ററ്ബർലിനിലേക്കു പ്രവഹിച്ചു, ചിലർ മുതലാളിത്തത്തിന്റെ ചെലവേറിയ ഉല്ലാസങ്ങൾ ആസ്വദിക്കുന്നതിനും മററു ചിലർ കുടുംബങ്ങളുമായി വീണ്ടും കൂടിച്ചേരുന്നതിനും.
ചിറയിലെ വിള്ളൽ ജലകവാടങ്ങൾ തുറന്നുവിട്ടു. പൂർവ യൂറോപ്പ് ഇനിയൊരിക്കലും പഴയതുപോലെയായിരിക്കുകയില്ലെന്ന് വിചാരിക്കപ്പെട്ടു.
ശീതസമരം അവസാനിച്ചു?
ബർലിൻമതിലിന്റെ പതനത്തെക്കാൾ വളരെയധികം പ്രാധാന്യമർഹിക്കുന്നതായിരുന്നു കിഴക്കിനെയും പടിഞ്ഞാറിനെയും തമ്മിൽ വേർപെടുത്തിയ പ്രത്യയശാസ്ത്രപരമായ മതിലിന്റെ തകർച്ച. പെട്ടെന്ന് ഫലത്തിൽ ശീതസമരമില്ലാതായി. റിട്ടയർചെയ്ത യു.എസ്. ആർമി കേണൽ ഡേവിഡ് ഹാക്ക്വേർത്ത് ന്യൂസ്വീക്കിൽ എഴുതിയതുപോലെ: “ശീതസമരം തീർന്നു. കമ്യൂണിസ്ററ് വിരോധികൾ പോലും അത് തീർന്നെന്ന് ഇപ്പോൾ സമ്മതിക്കുന്നു.”
സ്ററട്ട്ഗാർട്ടർ സീററംഗ് എന്ന ജർമ്മൻപത്രം പറയുന്നതനുസരിച്ച് നേറേറാ (നോർത്ത് അററ്ലാൻറിക്ക് ട്രീററി ഓർഗനൈസേഷൻ) പോലും 1990 ജൂലൈയിൽ ലണ്ടനിൽ നടന്ന ഒരു മീററിംഗിൽ ശീതസമരത്തിന്റെ അവസാനത്തെ അംഗീകരിച്ചു. “അററ്ലാൻറിക് സഖ്യം ശീതസമരയുഗത്തോട് അന്തിമമായി വിടപറയുന്നു” എന്ന ശീർഷകത്തിൽ ദി ജർമ്മൻ ട്രിബ്യൂൺ സ്ററട്ട്ഗാർട്ട് പത്രം ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കുന്നു: “[സോവ്യററ് ചേരിയിലുള്ള രാഷ്ട്രങ്ങളുമായുള്ള] 41 വർഷത്തെ ഏററുമുട്ടലിനുശേഷം 16 നേറേറാ നേതാക്കൻമാർ ഒരു പുതിയ നയത്തിന് വഴിയൊരുക്കുകയും ശീതസമരയുഗത്തോട് അവസാനമായി വിടപറയുകയുംചെയ്തു. . . . ശത്രുതയുടെ സ്ഥാനത്ത് പങ്കാളിത്തം വരണമായിരുന്നു. . . . സുരക്ഷിതത്വത്തിനും സ്ഥിരതക്കും ഉറപ്പുലഭിക്കേണ്ടത് മേലാൽ മുഖ്യമായി സൈനികമുഖാന്തരങ്ങളാലല്ല, പിന്നെയോ സമനിലയുടെയും സംഭാഷണത്തിന്റെയും അഖില യൂറോപ്യൻ സഹകരണത്തിന്റെയും നയത്തിലൂടെയായിരുന്നു.” സമാധാനഭീഷണിയുയർത്തുന്ന പോരാട്ടത്തിന്റെ വേദി യൂറോപ്പിൽനിന്ന് ഇപ്പോൾ മദ്ധ്യപൂർവദേശത്തേക്കു മാറി.
ജനാധിപത്യത്തിന് അതിന്റെ വിലയുണ്ട്
ജനങ്ങളുടെ സ്വതന്ത്ര തെരഞ്ഞെടുപ്പ് എന്നു വിളിക്കപ്പെടുന്ന ജനാധിപത്യമാണ് ഏററവുമൊടുവിലത്തെ രാഷ്ട്രീയ ഫാഷ്യൻ. മിക്കവാറും എല്ലാവരുംതന്നെ അതിനുവേണ്ടി നിലകൊള്ളുകയാണ്. എന്നാൽ അതിന് ഒരു വില കൊടുക്കേണ്ടതുണ്ട്. കിഴക്കും പടിഞ്ഞാറും അതിന്റെ മുതലാളിത്ത ജനാധിപത്യവും തമ്മിലുള്ള ഊഷ്മളതയേറിയ ബന്ധങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കുന്നില്ല. ഏഷ്യാവീക്കിലെ ഒരു മുഖപ്രസംഗം ഇങ്ങനെ അഭിപ്രായപ്പെട്ടു: “മേലാൽ സോവ്യററ് ചേരിയെന്ന് വിളിക്കാൻകഴിയാത്ത രാജ്യങ്ങൾ സാമ്പത്തികകുഴപ്പത്തിലാണ് . . . ജനാധിപത്യത്തിന് ഒരു വില കൊടുക്കണം. ജനാധിപത്യത്തിന് അനേകം ഗുണങ്ങളുണ്ട്, എന്നാൽ പൂർണ്ണമായ സ്ഥിരത അവയിലൊന്നല്ല.” ഏറെ സ്വാതന്ത്ര്യമുള്ള ജനാധിപത്യസമുദായത്തിലേക്കുള്ള—അങ്ങനെയാണ് അത് വിളിക്കപ്പെടുന്നത്—ഈ മാററങ്ങളുടെ വില കൊടുക്കുന്നത് ആരാണ്?
ഒരു കേന്ദ്രനിയന്ത്രിത സമ്പദ്ഘടനയിൽനിന്ന് സ്വതന്ത്ര കമ്പോളത്തിലേക്കുള്ള നീക്കം പ്രാരംഭത്തിൽ തൊഴിലില്ലായ്മയും വിപത്തും കൈവരുത്തുന്നുവെന്ന് പോളണ്ടിലും കിഴക്കൻ ജർമ്മനിയിലും മററു ചിലടങ്ങളിലുമുള്ള ദശലക്ഷങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. വ്യവസായങ്ങൾ ക്രമവൽകൃതമാക്കാനും കൂടുതൽ മത്സരാത്മകമാക്കാനും ശ്രമിക്കുമ്പോൾ അതിസമൃദ്ധി ഉണ്ടാകുന്നു. സമുദായത്തിന്റെ മററു മേഖലകളും—സൈനികവും ആയുധനിർമ്മാണപരവുമായ വ്യവസായം—ബാധിക്കപ്പെടുന്നു. എങ്ങനെ?
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പരസ്പരഭയവും ശത്രുതയും ഇല്ലാതാകുമ്പോൾ വമ്പിച്ച സൈന്യങ്ങളുടെ ആവശ്യവും ഇല്ലാതാകുന്നു. ശതസഹസ്രക്കണക്കിന് പടയാളികളും അവരുടെ കുടുംബങ്ങളും പൗരജീവിതത്തോടും അതിന്റെ സമ്മർദ്ദങ്ങളോടും പൊരുത്തപ്പെടേണ്ടിവരും. പ്രതിരോധ ബജററുകൾ കുറയ്ക്കപ്പെട്ടേക്കാം. ആയുധനിർമ്മാണഫാക്റററികൾക്കുള്ള ഓർഡറുകൾ മന്ദഗതിയിലായേക്കാം. വ്യവസായികൾ വൈവിധ്യവൽക്കരിക്കേണ്ടിവന്നേക്കാം. തൊഴിലാളികൾ മററു മണ്ഡലങ്ങളിലേക്കു നീങ്ങുകയും പുതിയ തൊഴിൽവൈദഗ്ദ്ധ്യങ്ങൾ നേടുകയും ചെയ്യേണ്ടതുണ്ടായിരിക്കാം.
കിഴക്കൻ യൂറോപ്പിലെ അവിശ്വസനീയവും പ്രക്ഷുബ്ധവുമായ ഈ തിരിയൽ അടിസ്ഥാനപരമായി പുതിയ ഒരു അന്താരാഷ്ട്ര സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ഇതെല്ലാം എങ്ങനെ സംഭവിച്ചു?
നിർണ്ണായകമായ വാക്കുകൾ, നിർണ്ണായകമായ മാററങ്ങൾ
സോവ്യററ് യൂണിയൻ പ്രകടമാക്കിയ, ഇടപെടാതെ മാറിനിൽക്കുന്ന പരിഷ്കൃതമനോഭാവം ഈ മാററങ്ങളിൽ നിർണ്ണായകമായിരുന്നിട്ടുണ്ട്. കഴിഞ്ഞ കാലത്തെ ഹംഗറിയുടെയും (1956) ചെക്കോസ്ലൊവേക്യയുടെയും (1968) സോവ്യററ് ആക്രമണങ്ങളുടെ ഭൂതം കിഴക്കൻ യൂറോപ്പിലെ നവീകരണശക്തികളെ തടഞ്ഞുനിർത്തി. എന്നാൽ സോളിഡാരിററി പ്രസ്ഥാനത്തിന്റെ വെല്ലുവിളിയോടെയും കൂടുതൽ ജനാധിപത്യപരമായ ഭരണകൂടത്തിലേക്കുള്ള ജനതയുടെ ക്രമേണയുള്ള നീക്കത്തോടെയും 1980കളിൽ പോളണ്ടിനുണ്ടായ അനുഭവം സൈനികമായ ഇടപെടലിന്റെ മുൻ സോവ്യററ് നയത്തിന് മാററമുണ്ടായിട്ടുണ്ടെന്ന് പ്രകടമാക്കി. കമ്മ്യൂണിസ്ററ് ഏകരൂപഘടനയിൽ വിള്ളലുകൾ സ്ഥിതിചെയ്യുന്നുണ്ടെന്നും സമാധാനപരവും ക്രമാനുഗതവുമായ മാററം നേടിയെടുക്കാൻ കഴിയുമെന്നും പോളണ്ടിന്റെ അനുഭവം സൂചിപ്പിച്ചു. അതിന് ഒരു വില കൊടുക്കണം. എന്നാൽ ഇതെല്ലാം സാദ്ധ്യമാക്കിയതെന്തായിരുന്നു?
ചില ഭാഷ്യകാരൻമാർ പറയുന്നതനുസരിച്ച്, കിഴക്കൻ യൂറോപ്പിലെ മാററങ്ങൾക്കെല്ലാം അടിസ്ഥാനപരമായിട്ടുള്ളത് യു.എസ്.എസ്.ആർ പ്രസിഡണ്ടായ മിഖായേൽ ഗോർബച്ചേവിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിലുള്ള സോവ്യററ് യൂണിയനിലെ നേതൃത്വത്തിന്റെ പ്രായോഗിക നയമാണ്. 1990 ഫെബ്രുവരിയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സോവ്യററ് കമ്മ്യൂണിസ്ററ് പാർട്ടി പെരിസ്ട്രോയിക്കായിക്ക് [സാമുദായികപുനഃസംഘടന] തുടക്കമിടുകയും അതിന്റെ ആശയവും നയവും ഉളവാക്കുകയുംചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് സകല ജീവിതമണ്ഡലങ്ങളെയും ജനതതിയുടെ സകല വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വിപ്ലവകരമായ ഗംഭീര മാററങ്ങൾ സമാരംഭിച്ചിരിക്കുന്നു. . . . അസാധാരണവ്യാപ്തിയും തൻമയത്വവുമുള്ള സത്വര മാററങ്ങൾ പെരിസ്ട്രോയിക്കയുടെ ചട്ടക്കൂടിനുള്ളിൽ നടന്നുകൊണ്ടാണിരിക്കുന്നത്.”
ഏഷ്യാവീക്ക് അഭിപ്രായപ്പെട്ട പ്രകാരം, “ചില പരാജയങ്ങൾ ഉണ്ടായിട്ടും [ഗോർബച്ചേവിന്റെ] ഗ്ലാസ്നോസ്ററിനും (തുറന്ന ഇടപെടൽ) പെരിസ്ട്രോയിക്കായിക്കും (പുനഃസംഘടന) വേണ്ടിയുള്ള പ്രസ്ഥാനങ്ങൾ ഹംഗറിയിലും പോളണ്ടിലും സോവ്യററ് ചേരിയിലുടനീളവുമുള്ള നവീകരണപ്രവർത്തകരെ പ്രോൽസാഹിപ്പിച്ചിരിക്കുന്നു.” ഗോർബച്ചേവ് 1985-ൽ ഭരണമേറെറടുത്തശേഷം ഗ്ലാസ്നോസ്ററ് എന്നും പെരിസ്ട്രോയിക്കാ എന്നുമുള്ള ഈ രണ്ട് നിർണ്ണായക റഷ്യൻപദങ്ങൾ ലോകത്തിന്റെ പദസംഹിതയിൽ കടന്നുകൂടിയിരിക്കുകയാണ്. അവ കമ്മ്യൂണിസ്ററ്ലോകത്തിൽ ഭരണകൂടത്തോടുള്ള ഒരു പുതിയ മനോഭാവത്തെ പ്രതിനിധാനംചെയ്തിരിക്കുന്നു.
രാഷ്ട്രീയവ്യാഖ്യാതാവായ ഫിലിപ്പ് മാർക്കോവിക്കി യാഥാസ്ഥിതിക ഫ്രഞ്ച് പത്രികയായ ലേ ക്വോററിഡിയൻ ഡെ പാരീസൽ എഴുതിക്കൊണ്ട് ചെക്കോസ്ലൊവേക്യയിലെ മാററങ്ങൾ “മോസ്ക്കോയുടെ സഹായത്താലാണ്” ഉണ്ടായതെന്ന് പറഞ്ഞു, “എന്തുകൊണ്ടെന്നാൽ ഒരു സംഗതി വ്യക്തമാണ്: സോവ്യററുകൾ അതു വെറുതെ സംഭവിക്കാൻ അനുവദിച്ചതല്ല; മററു ജനകീയ ജനാധിപത്യങ്ങൾപോലെ ചെക്കോസ്ലൊവേക്യ അത് ബന്ധിതമായിരുന്ന ഞെരുക്കാവസ്ഥയിൽനിന്ന് കുതറിമാറുമെന്ന് അവർ ഉറപ്പുവരുത്തി. . . . പ്രേഗിലും ഈസ്ററ്ബർലിനിലും ബഹുജനപ്രകടനങ്ങൾ മാററങ്ങൾക്കു പ്രേരിപ്പിച്ചു; തെരുവുകളിലേക്കിറങ്ങിയ ജനങ്ങൾ കീഴടങ്ങാനും വിട്ടുപോകാനും അധികാരികളെ പ്രേരിപ്പിച്ചു.”
ഒരു രാഷ്ട്രീയ സെൻറ് ഹെലൻസ് മല സ്ഫോടനംചെയ്യുന്നതുപോലെ, ചുരുക്കം ചില മാസങ്ങൾക്കുള്ളിൽ പൂർവ യൂറോപ്പിലെല്ലാം ജനാധിപത്യവും സ്വാതന്ത്ര്യവും ഇരച്ചുകയറി—പോളണ്ടിലും കിഴക്കൻ ജർമ്മനിയിലും ഹംഗറിയിലും ചെക്കോസ്ലൊവോക്യയിലും ബൽഗേറിയായിലും റുമേനിയായിലും.
ജർമ്മൻ പുനരേകീകരണം—അനുഗ്രഹമോ ശാപമോ
ഇത് യൂറോപ്പിലെ അനേകരും ഇപ്പോൾ തൂക്കിനോക്കുന്ന ഒരു പ്രശ്നമാണ്. രണ്ട് ജർമ്മനികളും 1990 ജൂലൈയിൽ നാണയസംബന്ധമായ ഐക്യം സ്ഥാപിക്കയും ഒക്ടോബറിൽ രാഷ്ട്രീയ ഐക്യം നേടുകയുംചെയ്തു. ഇത് ദശലക്ഷങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നിരിക്കെ, അത് യൂറോപ്പിലെ അനേകരെ വിറകൊള്ളിക്കുകയും ചെയ്യുന്നു. അതിൽ പശ്ചിമ ജർമ്മനിയിലെ മുൻ ഉടമസ്ഥർക്ക് തങ്ങളുടെ വീടുകൾ വിട്ടുകൊടുക്കേണ്ടിവന്നേക്കാവുന്ന പൂർവജർമ്മനിയിലെ ചിലർ ഉൾപ്പെടുന്നു. ചില ബ്രിട്ടീഷ്നേതാക്കൾ വൈമനസ്യം പ്രകടമാക്കിയെങ്കിലും “നാം നവജാത ജർമ്മനിയെ വിശ്വസിക്കേണ്ടിയിരിക്കുന്നു”വെന്ന് ഒരു ബ്രിട്ടീഷ് പത്ര ശീർഷകം പ്രസ്താവിക്കുകയുണ്ടായി.
നെപ്പോളിയന്റെയും (1812) ഹിററ്ലറുടെയും (1941) ഭയങ്കരവും നഷ്ടം വരുത്തിയതുമായ ആക്രമണങ്ങൾ അനുഭവിച്ചശേഷം സോവ്യററ് യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ കിഴക്കൻ യൂറോപ്പിൽ ഒരു സുരക്ഷിത മദ്ധ്യമേഖലയാൽ അതിന്റെ ഭദ്രത ഉറപ്പവരുത്താൻ ആഗ്രഹിച്ചു. അങ്ങനെ, എട്ട് പൂർവ യൂറോപ്യൻ കമ്മ്യൂണിസ്ററ് രാജ്യങ്ങൾ 1945നു ശേഷം ചുരുക്കം ചില വർഷങ്ങൾക്കകം രൂപവൽക്കരിക്കപ്പെട്ടു.b ഇപ്പോൾ സോവ്യററ് യൂണിയന് ജർമ്മനിയിൽനിന്നോ ഐക്യനാടുകളിൽനിന്നോ കുറഞ്ഞ ഭീഷണിയാണനുഭവപ്പെടുന്നത്. അവളുടെ മുൻ ഉപഗ്രഹങ്ങളുടെമേലുള്ള അവളുടെ ഇറുകിയ പിടുത്തം അയഞ്ഞിരിക്കുകയാണ്. ചർച്ചിൽ 1946-ൽ പ്രഖ്യാപിച്ച ഇരുമ്പുമറ ഉരുകി പുതിയ വെളിച്ചം പ്രവേശിക്കാൻ അനുവദിച്ചിരിക്കുന്നതായി തോന്നുന്നു.
ഈ മാററങ്ങൾക്ക് നിങ്ങളെ ബാധിക്കാൻ കഴിയുന്ന വിധം
ഈ മാററങ്ങൾക്ക് അനേകം രാജ്യങ്ങളുടെമേലുള്ള സാമ്പത്തിക സ്വാധീനങ്ങൾ നാം ശ്രദ്ധിച്ചുകഴിഞ്ഞു—പുതിയ ജോലികൾ, പുതിയ രംഗവിധാനങ്ങൾ, ചിലർക്ക് പുതിയ തൊഴിൽവൈദഗ്ദ്ധ്യങ്ങൾ. മററനേകർക്ക് തൊഴിലില്ലായ്മയും പോരാട്ടവും ഉണ്ടായിരിക്കും. അത് സ്വതന്ത്ര കമ്പോള തത്വശാസ്ത്രത്തിന്റെ ഒരു ഉപോൽപ്പന്നമാണ്—അർഹതമായതിന്റെ അതിജീവനം.
നേരെമറിച്ച്, ജനാധിപത്യവൽക്കരണത്തിലേക്കുള്ള മാററം ആളുകളുടെ കൂടുതൽ സ്വതന്ത്രമായ ചലനം അനുവദിക്കുന്നു. അതിന്റെ അർത്ഥം അന്താരാഷ്ട്ര വിനോദസഞ്ചാരമെന്നാണ്. മററു രാജ്യങ്ങൾ (ദൃഷ്ടാന്തത്തിന്, സ്പെയിനും ഇററലിയും) കഴിഞ്ഞ 30 വർഷക്കാലത്ത് കണ്ടുപിടിച്ചിട്ടുള്ളതുപോലെ, വിദേശ ട്യൂറിസത്തിന് ഏതു ഗവൺമെൻറിലും അടവുമിച്ചത്തിന്റെ പ്രശ്നത്തിൽ ഒരു വലിയ വ്യത്യാസമുളവാക്കാൻ കഴിയും. പടിഞ്ഞാറുള്ള ദശലക്ഷങ്ങൾ പൂർവയൂറോപ്പിലെ ചരിത്രപ്രധാനമായ നഗരങ്ങൾ, കഴിഞ്ഞുപോയ പ്രതാപകാലത്തിന്റെ ഓർമ്മ ഉണർത്തുന്ന നഗരങ്ങൾ, സന്ദർശിക്കാൻ ആകാംക്ഷയുള്ളവരാണ്.—ബുഡാപെസ്ററ്, പ്രേഗ്, ബുക്കാറസ്ററ്, വാഴ്സോ, ലീപ്സിഗ്, എന്നിവ ചുരുക്കം മാത്രം. ലെനിൻഗ്രാഡും മോസ്ക്കോയും ഒഡേസ്സായും യഥേഷ്ടം സന്ദർശിക്കാനും ആളുകൾ ആഗ്രഹിക്കുന്നു. അതുപോലെതന്നെ, പൂർവയൂറോപ്പിലെ ആളുകൾ പടിഞ്ഞാറൻ രാജ്യങ്ങൾ സന്ദർശിക്കാനാഗ്രഹിക്കുന്നു. തീർച്ചയായും, അന്താരാഷ്ട്ര വിനോദസഞ്ചാരം മുൻവിധിയുടെയും അജ്ഞതയുടെയും ചില പ്രതിബന്ധങ്ങളെ തകർക്കാൻ പ്രയോജകീഭവിക്കുന്നു. ഒട്ടനവധി വിനോദപര്യാടകർ കണ്ടുപിടിച്ചിട്ടുള്ളതുപോലെ, മുൻശത്രുക്കളെന്നു വിളിക്കപ്പെടുന്നവരുമായുള്ള ഒരു ബീച്ചിലെ സഹവാസത്തിന് പെട്ടെന്ന് ശത്രുതയെ ഉരുക്കിക്കളയാൻ കഴിയും.
ദശലക്ഷക്കണക്കിനാളുകളെ ആകർഷിക്കുന്നതായി വീണുപോയ മതിലിന്റെ മറെറാരു വശമുണ്ട്—മററു രാഷ്ട്രങ്ങളിലെ തങ്ങളുടെ സഹ മതവിശ്വാസികളുമായുള്ള സ്വതന്ത്രസഹവാസത്തിന്റെ സാദ്ധ്യത. ഇത് എത്രത്തോളം സാദ്ധ്യമായിരിക്കും? പൂർവ യൂറോപ്പിൽ മതമണ്ഡലത്തിൽ എന്ത് മാററങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്? അടുത്ത ലേഖനം ഇവയും മററു പ്രശ്നങ്ങളും പരിചിന്തിക്കും. (g91 1⁄8)
[അടിക്കുറിപ്പുകൾ]
a പൂർവ, പശ്ചിമ ബർലിനുകളെ വേർപെടുത്തുന്ന 47 കിലോമീററർ ദൈർഘ്യമുള്ള ബർലിൻമതിൽ അഭയാർത്ഥികളുടെ പടിഞ്ഞാറോട്ടുള്ള പുറപ്പാടിനെ തടയുന്നതിന് 1961-ൽ കിഴക്കൻ ജർമ്മനി നിർമ്മിച്ചതാണ്.
b എട്ട് രാജ്യങ്ങൾ ചെക്കോസ്ലൊവേക്യ, ഹംഗറി, റുമേനിയാ, ബൽഗേറിയാ, പോളണ്ട്, ഈസ്ററ് ജർമ്മനി, അൽബേനിയാ, യൂഗോസേവ്ളിയാ എന്നിവയായിരുന്നു.
[5-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ജർമ്മനി
ബർലിൻ
പോളണ്ട്
യു.എസ്.എസ്.ആർ
ചെക്കോസ്ലൊവേക്യ
ഹംഗറി
റുമേനിയാ
യൂഗോസേവ്ള്യ
ബൾഗേറിയാ
അൽബേനിയാ