ഒരു യുഗാന്ത്യം—ഭാവിക്കുള്ള പ്രത്യാശയോ?
ജർമനിയിലെ ഉണരുക! ലേഖകൻ
റിക്ടർ സ്കെയിലിൽ 6.9-ഓ അതിലധികമോ അളവുള്ള ഭൂകമ്പങ്ങൾ 1987-നും 1990-നും ഇടയിൽ അർമേനിയ, ഇക്വഡോർ, ഇറാൻ, ഐക്യനാടുകൾ, ചൈന, ഫിലിപ്പീൻസ് എന്നിവയുടെ ഭാഗങ്ങളെ പിടിച്ചുലച്ചു. ഏതാണ്ട് 70,000 ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിനാളുകൾക്കു പരിക്കേൽക്കുകയും ലക്ഷങ്ങൾ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു. ശതകോടികളുടെ നാശനഷ്ടമുണ്ടായി.
എന്നാൽ ഈ ഭൂകമ്പങ്ങളൊന്നും, അതേ സമയത്തുതന്നെ ലോകത്തെ പിടിച്ചുകുലുക്കിയ മറ്റൊരു ഭൂകമ്പത്തിന്റെയത്രയും ആളുകളിൽ ഞെട്ടലുളവാക്കുകയോ ശക്തമായിരിക്കുകയോ ചെയ്തില്ല. ഒരു യുഗത്തിനു സമാപ്തികുറിച്ച ഒരു രാഷ്ട്രീയ ഭൂകമ്പമായിരുന്നു അത്. എന്നാൽ അങ്ങനെ ചെയ്യുകവഴി അതു കോടികളുടെ ഭാവിയെ മാറ്റിമറിച്ചു.
അത്തരമൊരു പ്രമുഖ സംഭവത്തിലേക്കു നയിച്ചത് എന്താണ്? അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കും?
ഗ്ലാസ്നോസ്തും പെരിസ്ത്രോയിക്കയും
മിഖായെൽ ഗോർബച്ചേവ് 1985 മാർച്ച് 11-ന് സോവിയറ്റ് യൂണിയനിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നാമകരണം ചെയ്യപ്പെട്ടു. സോവിയറ്റ് പൗരൻമാരും മിക്ക ലോകനിരീക്ഷകരും അദ്ദേഹത്തിന്റെ ഭരണകാലത്തു പ്രമുഖമായ രാഷ്ട്രീയ മാറ്റങ്ങളൊന്നും പ്രതീക്ഷിച്ചില്ല.
അതുകഴിഞ്ഞ് ഒരു വർഷമാകുന്നതിനുമുമ്പ്, സോവിയറ്റ് വിദേശ മന്ത്രിയുടെ ഒരു മുൻ രാഷ്ട്രീയ ഉപദേശകനും അഞ്ചുവർഷം ഐക്യരാഷ്ടങ്ങളുടെ ഉപ സെക്രട്ടറി-ജനറലുമായിരുന്ന അർക്കാഡ്യ ഷെവ്ചെങ്കൊ പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പ്രത്യേക ഉൾക്കാഴ്ചയോടെ സംസാരിക്കുകയായിരുന്നു: “യു.എസ്.എസ്.ആർ. ഒരു വഴിത്തിരിവിലാണ്. സമ്മർദജനകമായ സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങൾ സമീപഭാവിയിൽ ലഘൂകരിക്കപ്പെടുന്നില്ലെങ്കിൽ അതിന്റെ സാമ്പത്തിക വ്യവസ്ഥയിലെ കൂടുതലായ ശോഷണം തടയാനാവാത്തതാണ്, അങ്ങനെ ദീർഘകാലംകൊണ്ട് അതിന്റെ അതിജീവനം തന്നെ അപകടത്തിലാകുന്നു. . . . ഗോർബച്ചേവ് നിശ്ചയമായും ഒരു പുതിയ ശൈലിക്കു തുടക്കമിട്ടിരിക്കുന്നു . . . എന്നാൽ അദ്ദേഹത്തിന്റെ കാര്യാധീശത്വം യു.എസ്.എസ്.ആർ.-ന് ഒരു പുതിയ യുഗം തുറന്നുകൊടുക്കുമോയെന്നു കാണേണ്ടിയിരിക്കുന്നു. . . . ഏറെക്കുറെ അജയ്യമായ പ്രശ്നങ്ങളാണ് അദ്ദേഹം അഭിമുഖീകരിക്കുന്നത്.”
ഗോർബച്ചേവിന്റെ ഇപ്പോഴത്തെ സ്ഥാനം, 1971-ൽത്തന്നെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്ന ഒരു നയം സോവിയറ്റ് സമൂഹത്തിൽ കൊണ്ടുവരുന്നതിന് അദ്ദേഹത്തിന് ആവശ്യമായിരിക്കുന്ന രാഷ്ട്രീയ സ്വാധീനം പ്രദാനം ചെയ്തു. “പൊതുജന വിജ്ഞാനം” എന്നർഥമുള്ള ഗ്ലാസ്നോസ്ത് ആണ് അത്. അത് സോവിയറ്റ് പ്രശ്നങ്ങൾ സംബന്ധിച്ച ഔദ്യോഗിക നിഷ്പക്ഷതാ നയത്തെ പ്രതിനിധീകരിച്ചു. സോവിയറ്റ് പൗരൻമാർക്കും പത്രപ്രവർത്തകർക്കും കൂടുതലായ അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്ന കൂടുതൽ തുറന്ന ഒരു സമൂഹമാണ് അതു ശുപാർശചെയ്തത്. ഒടുവിൽ, ഗ്ലാസ്നോസ്ത് ഗവൺമെൻറിന്റെയും അതിന്റെ ചില നടപടികളുടെയും പൊതു വിമർശനത്തിനു വഴിതുറന്നുകൊടുത്തു.
ഗോർബച്ചേവ് ദീർഘനാളായി ഉപയോഗിച്ചിരുന്ന മറ്റൊരു പദമായിരുന്നു “പുനഃനിർമാണം” എന്ന് അർഥമുള്ള “പെരിസ്ത്രോയിക്ക.” കാർഷിക മേഖലയിൽ “ഉചിതമായ മനഃശാസ്ത്ര പുനഃനിർമാണം വരുത്തേണ്ടതിന്റെ ആവശ്യത്തെ”ക്കുറിച്ച് 1982-ൽ പ്രസിദ്ധീകരിച്ച ഒരു ഉപന്യാസത്തിൽ അദ്ദേഹം സംസാരിച്ചു.
സാമ്പത്തിക നടത്തിപ്പിന്റെ പുനഃനിർമാണവും ഒരു അത്യാവശ്യ സംഗതിയാണെന്നു സോവിയറ്റ് യൂണിയന്റെ നേതാവായി കഴിഞ്ഞപ്പോൾ ഗോർബച്ചേവിനു ബോധ്യമായി. അതു നിർവഹിക്കുക എളുപ്പമായിരിക്കുകയില്ലെന്നും രാഷ്ട്രീയ പരിവർത്തനം കൂടെ നടത്താത്തപക്ഷം ഒരുപക്ഷേ അസാധ്യംപോലുമാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.
ഗ്ലാസ്നോസ്തിന്റെയും പെരിസ്ത്രോയിക്കയുടെയും നയങ്ങൾ നടപ്പാക്കുന്നതിൽ ഗോർബച്ചേവ് തീക്ഷ്ണത കാണിച്ചതുകൊണ്ട് അദ്ദേഹത്തിനു കമ്മ്യുണിസത്തെ നശിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നെന്ന് അർഥമില്ല. സംഗതി നേരെ മറിച്ചാണ്. ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം വിശദീകരിക്കുന്നു: “മുകളിൽനിന്നു നിയന്ത്രിക്കപ്പെടുന്ന ഒരു വിപ്ലവം തുടങ്ങണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സോവിയറ്റ് വ്യവസ്ഥയ്ക്കു തുരങ്കം വെക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല, അതിനെ കൂടുതൽ ഫലപ്രദമാക്കാനേ അദ്ദേഹം ആഗ്രഹിച്ചുള്ളൂ.”
ഈ നയങ്ങളുടെ ഫലമായി നിയന്ത്രണങ്ങളിലുണ്ടായ അയവ് ചില സോവിയറ്റ് യൂണിയൻ നേതാക്കളുടെയിടയിൽ അസ്വാസ്ഥ്യമുളവാക്കി. ചില പൗരസ്ത്യ സഖ്യരാഷ്ട്രങ്ങളുടെ നേതാക്കളുടെ കാര്യത്തിലും അതുതന്നെ സത്യമായിരുന്നു. സാമ്പത്തിക പുനഃനിർമാണത്തിന്റെ ആവശ്യം അവരിൽ പലരും അംഗീകരിച്ചപ്പോൾ രാഷ്ട്രീയ മാറ്റങ്ങൾ അത്യാവശ്യമോ അഭിലഷണീയമോ ആണെന്ന് എല്ലാവരും സമ്മതിച്ചില്ല.
എന്നിരുന്നാലും, പെരിസ്ത്രോയിക്ക പരിപാടികൾ സ്വന്തമായി പരീക്ഷിച്ചുനോക്കാൻ അവർ സ്വാതന്ത്ര്യമുള്ളവരാണെന്നു ഗോർബച്ചേവ്, പൗരസ്ത്യ യൂറോപ്പിലുള്ള അദ്ദേഹത്തിന്റെ സഖ്യകക്ഷികളെ അറിയിച്ചു. അതേസമയം, പരിഷ്കരണങ്ങൾ ആവശ്യമായിരിക്കുമ്പോൾത്തന്നെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആധിപത്യപരമായ പങ്കു കുറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നു ഗോർബച്ചേവ് ബൾഗേറിയയ്ക്കും വാസ്തവത്തിൽ മറ്റെല്ലാ പൗരസ്ത്യ സഖ്യരാഷ്ട്രങ്ങൾക്കും മുന്നറിയിപ്പു നൽകി.
പാളിച്ച തുടങ്ങുന്നു
സോവിയറ്റ് യൂണിയനിലെയും പൗരസ്ത്യ സഖ്യരാഷ്ട്രങ്ങളിലെയും കമ്മ്യുണിസത്തെക്കുറിച്ചുള്ള വിമർശനം വർഷങ്ങൾക്കൊണ്ടു വർധിച്ചിട്ടുണ്ട്. ഹംഗറിയിലെ വാരംതോറുമുള്ള വാർത്താമാസികയായ എച്ച്വിജി (ഹിറ്റി വില്ലാഗ്ഗസ്ഡഷാഗ്) കമ്മ്യുണിസ്റ്റു പാർട്ടിയെ നേരിട്ടു വിമർശിച്ചില്ലെങ്കിലും 1980-കളുടെ തുടക്കംമുതൽ യാഥാസ്ഥിതിക കമ്മ്യുണിസ്റ്റ് വീക്ഷണങ്ങളെ ആക്രമണപരമായി വെല്ലുവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പൗരസ്ത്യ സഖ്യത്തിലെ ആദ്യത്തെ സ്വതന്ത്ര തൊഴിലാളി യൂണിയനായ സോളിഡാരിറ്റി 1980-ൽ പോളണ്ടിൽ സ്ഥാപിക്കപ്പെട്ടു. എന്നിരുന്നാലും, ഒരു കൂട്ടം വിമതർ തൊഴിലാളികളുടെ ഒരു പ്രതിരോധ കമ്മിറ്റി രൂപീകരിച്ച 1976-ലായിരുന്നു അതിന്റെ ഉത്ഭവം. 1981-ന്റെ തുടക്കമായപ്പോൾ സോളിഡാരിറ്റിയിൽ അംഗങ്ങളായി ഏതാണ്ട് ഒരു കോടി തൊഴിലാളികളുണ്ടായിരുന്നു. ആവശ്യങ്ങൾക്കു പിൻബലമായി ചിലപ്പോൾ സമരങ്ങൾ നടത്തിക്കൊണ്ട്, അതു സാമ്പത്തിക പരിഷ്കാരങ്ങൾക്കും സ്വതന്ത്ര തിരഞ്ഞെടുപ്പുകൾക്കുംവേണ്ടി ഉത്സാഹിച്ചു. സോവിയറ്റ് ഇടപെട്ടേക്കാമെന്ന ഭീഷണി ഭയന്നു പോളണ്ടിലെ ഗവൺമെൻറ് ഒടുവിൽ യൂണിയനെ വിഘടിപ്പിച്ചു, എങ്കിലും അതു രഹസ്യമായി പ്രവർത്തനം തുടർന്നു. ഗവൺമെൻറ് അംഗീകാരം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളുടെ ഫലമായി 1989-ൽ യൂണിയൻ വീണ്ടും നിയമാനുസൃതമാക്കപ്പെട്ടു. 1989 ജൂണിൽ സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ നടത്തുകയും അനേകം സോളിഡാരിറ്റി സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കമ്മ്യുണിസ്റ്റുകാരനല്ലാത്ത ഒരു പ്രധാനമന്ത്രി ആഗസ്റ്റിൽ സേവനം ആരംഭിച്ചു, പോളണ്ടിൽ ഏതാണ്ട് 40 വർഷത്തിലാദ്യമായുള്ള സംഭവമായിരുന്നു അത്.
ഗ്ലാസ്നോസ്തും പെരിസ്ത്രോയിക്കയും അതോടൊപ്പം കമ്മ്യുണിസ്റ്റു ലോകത്തു നേരിട്ട പ്രശ്നങ്ങളും വ്യക്തമായും മുഴു പൗരസ്ത്യ സഖ്യത്തെയും വീണ്ടും രൂപപ്പെടുത്തുകയായിരുന്നു.
രാഷ്ട്രീയ പെരിസ്ത്രോയിക്ക വിപ്ലവത്തിലേക്കു നയിക്കുന്നു
“1987 ജൂലൈവരെ എല്ലാം മിഖായേൽ ഗോർബച്ചേവിന്റെ വിധത്തിൽ നീങ്ങുന്നതായി കാണപ്പെട്ടു” എന്ന് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ മാർട്ടിൻ മകോളി എഴുതുന്നു. മോസ്കോയിലെ 19-ാം കമ്മ്യുണിസ്റ്റ് പാർട്ടി സമ്മേളനം നടന്ന 1988 ജൂൺവരെ ഗോർബച്ചേവിന് “തന്റെ പരിപാടികൾക്കു വിപുലമായതോ ഇടയ്ക്കിടയ്ക്ക് ഇടത്തരമോ ആയ അംഗീകാരം” ലഭിച്ചിരുന്നതായി റിപ്പോർട്ടുചെയ്യപ്പെട്ടു. എന്നാൽ, കമ്മ്യുണിസ്റ്റ് പാർട്ടിയെയും സോവിയറ്റ് ഗവൺമെൻറിനെയും പുനഃനിർമിക്കുന്നതിൽ അദ്ദേഹം വൈഷമ്യങ്ങളെ നേരിടുകയായിരുന്നുവെന്നതു സ്പഷ്ടമായിരുന്നു.
1988-ൽ, നിലവിലുള്ള പരമോന്നത സോവിയറ്റിനുപകരം യു.എസ്.എസ്.ആർ കോൺഗ്രസ് ഓഫ് പീപ്പിൾസ് ഡെപ്യൂട്ടീസ് കൊണ്ടുവരുന്നതിനു ഭരണഘടനാപരമായ മാറ്റങ്ങൾ അനുമതി നൽകി. അതിന്റെ 2,250 അംഗങ്ങൾ ഒരു വർഷത്തിനുശേഷം സ്വതന്ത്ര തിരഞ്ഞെടുപ്പുകൾവഴി തിരഞ്ഞെടുക്കപ്പെട്ടു. ക്രമത്തിൽ ഈ ഡെപ്യൂട്ടിമാർ 271 അംഗങ്ങൾ വീതമുള്ള രണ്ടു ചേമ്പറുകളോടുകൂടിയ ഒരു നിയമനിർമാണസമിതി അവരുടെയിടയിൽനിന്നുതന്നെ തിരഞ്ഞെടുത്തു. ബോറിസ് യെൽറ്റ്സിൻ ഈ നിയമനിർമാണസമിതിയിലെ ഒരു പ്രമുഖ അംഗമായിത്തീർന്നു. പെട്ടെന്നുതന്നെ അദ്ദേഹം പെരിസ്ത്രോയിക്കയുടെ വിജയത്തിന്റെ അഭാവം ചൂണ്ടിക്കാണിക്കുകയും അദ്ദേഹത്തിന് ആവശ്യമായി തോന്നിയ പരിഷ്കാരങ്ങളിലേക്കു ശ്രദ്ധതിരിക്കുകയും ചെയ്തു. അങ്ങനെ, പുതുക്കാനും ശക്തിപ്പെടുത്താനും ഗോർബച്ചേവ് ആഗ്രഹിച്ച ഒരു സ്ഥാനമായ പ്രസിഡന്റുസ്ഥാനത്തേക്ക് അദ്ദേഹം 1988-ൽ അവരോധിക്കപ്പെട്ടെങ്കിലും അദ്ദേഹത്തോടുള്ള എതിർപ്പു വളർന്നുകൊണ്ടേയിരുന്നു.
അതേസമയം, രണ്ടു വൻശക്തികളായ സോവിയറ്റ് യൂണിയനും ഐക്യനാടുകളും സൈനികശക്തി കുറയ്ക്കുന്നതിലും ആണവ ഭീഷണി ലഘൂകരിക്കുന്നതിലും പ്രമുഖമായ മുന്നേറ്റങ്ങൾ കൈവരിക്കുകയായിരുന്നു. ചെയ്ത ഓരോ കരാറും ലോകസമാധാനം നേടാൻ കഴിയുമെന്നുള്ള പുതുക്കപ്പെട്ട പ്രത്യാശ ഉണർത്തി—എഴുത്തുകാരനായ ജോൺ എൽസൺ 1989 സെപ്റ്റംബറിൽ അഭിപ്രായപ്പെട്ട അളവോളം തന്നെ: “80-കളുടെ അവസാന ദിവസങ്ങൾ പല വ്യാഖ്യാതാക്കൾക്കും ആയുധങ്ങളോടുള്ള ഒരു തരം വിടചൊല്ലലിനെ പ്രതിനിധീകരിക്കുന്നു. ശീതസമരം മിക്കവാറും അവസാനിച്ചതായി കാണുന്നു; ലോകത്തിന്റെ പല ഭാഗങ്ങളിലും സമാധാനം ഉദയംചെയ്യുന്നതായി തോന്നുന്നു.”
1989 നവംബർ 9. ഭൗതികമായി അപ്പോഴും കേടുതട്ടാത്തതായിരുന്നെങ്കിലും, ബർലിൻ മതിൽ ഏതാണ്ട് 28 വർഷങ്ങൾക്കുശേഷം തുറക്കപ്പെടുകയും പെട്ടെന്നുതന്നെ പൗരസ്ത്യർക്കും പാശ്ചാത്യർക്കുമിടയിലെ ഒരു പ്രതീകാത്മക പ്രതിബന്ധം അല്ലാതായിത്തീരുകയും ചെയ്തു. പൗരസ്ത്യ യൂറോപ്യൻ രാഷ്ട്രങ്ങൾ ഒന്നിനു പുറകെ ഒന്നായി വേഗത്തിൽ സോഷ്യലിസ്റ്റ് ഭരണം ഉപേക്ഷിച്ചു. “ചരിത്രപ്രധാനമായ ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്ന്: പ്രവർത്തകരുടെ കാലശേഷം വളരെനാളത്തേക്കും നിരീക്ഷകർ രംഗത്തുനിന്ന് അപ്രത്യക്ഷമായശേഷവും തുടരുന്ന ഫലങ്ങളോടുകൂടിയ ജനാധിപത്യപരവും തീർച്ചയായും സോഷ്യലിസ്റ്റ് വിരുദ്ധവുമായ ഒരു വിപ്ലവം” എന്ന് കറുത്ത വീരന്റെ ചരമം—പൗരസ്ത്യ യൂറോപ്പ്, 1987-90 (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡേവിഡ് സെൽബോൺ അതിനെ വിളിച്ചു.
സമാധാന വിപ്ലവം കൊടുമ്പിരികൊണ്ടശേഷം പെട്ടെന്നുതന്നെ അവസാനിച്ചു. ചെക്കോസ്ലോവാക്യയിലെ പ്രാഗിലുള്ള സൂചകപലക അതിനെ പിൻവരുന്ന പ്രകാരം സംക്ഷേപിച്ചു: “പോളണ്ട്—10 വർഷം; ഹംഗറി—10 മാസം; പൂർവ ജർമനി—10 ആഴ്ച; ചെക്കോസ്ലോവാക്യ—10 ദിവസം. ഒരാഴ്ചത്തെ ഭീതിക്കുശേഷം, റൊമാനിയ—10 മണിക്കൂർ.”
ശീതസമരം അവസാനിപ്പിക്കുന്നു
ഗ്രന്ഥകാരനായ സെൽബോൺ ഇപ്രകാരം പറയുന്നു: “പൂർവ യൂറോപ്യൻ വ്യവസ്ഥയുടെ പതന രീതി അസാധാരണമാംവിധം ഐകരൂപ്യമുള്ളതായിരുന്നു.” എന്നിട്ട് അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “വ്യക്തമായും, സാധാരണമായ ജനകീയ വിപ്ലവങ്ങളുടെ സമയത്തു പൂർവയൂറോപ്യൻ ഭരണകൂടങ്ങൾക്കു സോവിയറ്റ് സഹായവും ഇടപെടലും സംബന്ധിച്ചുണ്ടായിരുന്ന ഉറപ്പ് വിനാശകരമാംവിധം ഇല്ലാതാക്കിയ, 1985 മാർച്ചിലെ മോസ്കോയിൽവെച്ചുള്ള ഗോർബച്ചേവിന്റെ അധികാര കയ്യേറ്റവും ‘ബ്രെഷ്നെവ് സിദ്ധാന്ത’ത്തിന്റെ അവസാനിപ്പിക്കലുമായിരുന്നു ഉൽപ്രേരകം.”
“യൂറോപ്പിന്റെ രാഷ്ട്രീയ ചട്ടക്കൂടിന്റെ രൂപം മാറ്റുകയും ശീതസമരത്തിന്റെ അവസാനത്തിനു തുടക്കം കുറിക്കുകയും ചെയ്ത, 1989-ന്റെ അവസാനത്തിലെയും 1990-ലെയും സംഭവ പരമ്പരകളുടെ ഏറ്റവും പ്രധാനപ്പെട്ട ഏക തുടക്കക്കാരൻ” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഗോർബച്ചേവിനെ വിളിക്കുന്നു.
തീർച്ചയായും, ഗോർബച്ചേവിന് ശീതസമരം ഒറ്റയ്ക്ക് അവസാനിപ്പിക്കാൻ കഴിയുമായിരുന്നില്ല. ഉടൻതന്നെ എന്തു സംഭവിക്കുമെന്നതിന്റെ സൂചനയെന്നോണം, ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മാർഗരറ്റ് താച്ചർ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയശേഷം ഇങ്ങനെ പറഞ്ഞു: “എനിക്ക് ശ്രീ. ഗോർബച്ചേവിനെ ഇഷ്ടമാണ്. ഞങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയും.” മാത്രമല്ല, താച്ചറും അമേരിക്കൻ പ്രസിഡന്റായ റെയ്ഗനും തമ്മിൽ ആസ്വദിച്ച അസാധാരണമായ വ്യക്തിബന്ധം, ഗോർബച്ചേവിനോടു സഹകരിക്കുന്നതാണ് ജ്ഞാനമാർഗമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ അവരെ പ്രാപ്തയാക്കി. ഗോർബച്ചേവ്—ലോകത്തെ പിടിച്ചുലച്ച മനുഷ്യനെ രൂപപ്പെടുത്തിയത് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരനായ ഗേയിൽ ഷീഹി ഇപ്രകാരം നിഗമനം ചെയ്യുന്നു: “‘വളരെ യഥാർഥമായ ഒരു അർഥത്തിൽ, റെയ്ഗൻ-ഗോർബച്ചേവ് ബന്ധത്തിന്റെ തലതൊട്ടമ്മ’യായിരിക്കുന്നതിൽ താച്ചറിന് സ്വയം അഭിനന്ദിക്കാൻ കഴിയും.”
ചരിത്രത്തിൽ പലപ്പോഴും സംഭവിച്ചിട്ടുള്ളതുപോലെ, മാറ്റങ്ങൾ വരുത്താൻ തക്കവണ്ണം പ്രധാനപ്പെട്ട ആളുകളൊക്കെ തക്കസമയത്തു വേണ്ടപ്പെട്ട സ്ഥാനത്ത് ഉണ്ടായിരുന്നു. അല്ലാത്തപക്ഷം ഈ മാറ്റങ്ങളൊക്കെ സംഭവിക്കുകയില്ലായിരുന്നിരിക്കാം.
ചക്രവാളത്തിൽ ഇരുണ്ട മേഘങ്ങൾ
ശീതസമരം അവസാനിക്കാറായെന്നറിഞ്ഞു പൗരസ്ത്യ-പാശ്ചാത്യ രാജ്യങ്ങൾ സന്തോഷിച്ചപ്പോൾ ഭീഷണിപ്പെടുത്തുന്ന മേഘങ്ങൾ മറ്റുള്ളിടങ്ങളിൽ പ്രത്യക്ഷമാകുകയായിരുന്നു. 1988-ൽ വംശീയ അക്രമത്തിന്റെ പൊട്ടിപ്പുറപ്പെടലിൽ ബുറുണ്ടിയിൽ അനേകായിരങ്ങൾ മരിച്ചെന്നുള്ള വാർത്ത ആഫ്രിക്കയിൽനിന്നു കേട്ടപ്പോൾ ലോകം അതു കാര്യമായി എടുത്തില്ല. 1945-നു ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ വംശീയ അക്രമത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ യൂഗോസ്ലാവിയയിൽനിന്നു വന്നപ്പോൾ അവയ്ക്കു കാര്യമായ ശ്രദ്ധയും കൊടുത്തില്ല. അതേസമയം, സോവിയറ്റ് യൂണിയനിൽ പ്രകടമായിരുന്ന കൂടുതലായ സ്വാതന്ത്ര്യം വ്യാപകമായ ആഭ്യന്തര പ്രക്ഷോഭത്തിന് ഇടയാക്കി. ചില റിപ്പബ്ലിക്കുകൾ സ്വാതന്ത്യം നേടാനുള്ള ശ്രമങ്ങൾ തുടങ്ങുകപോലും ചെയ്തു.
1990 ആഗസ്റ്റിൽ കുവൈറ്റിലേക്കു നീങ്ങിയ ഇറാക്ക് സേനകൾ 12 മണിക്കൂർക്കൊണ്ട് അതു പിടിച്ചെടുത്തു. ബർലിൻ മതിലിന്റെ പതനത്തിനുശേഷം ഒരു വർഷം ആകുന്നതിനുമുമ്പു ജർമൻകാർ ജർമൻ ഏകീകരണം ആഘോഷിച്ചുകൊണ്ടിരുന്നപ്പോൾ ഇറാക്ക് പ്രസിഡൻറ് ഇപ്രകാരം വീമ്പിളിക്കി: “കുവൈറ്റ് ഇറാക്കിന്റേതാണ്, അതിനുവേണ്ടി 1,000 വർഷം യുദ്ധം ചെയ്യേണ്ടിവന്നാലും ഞങ്ങൾ അത് ഒരിക്കലും വിട്ടുകൊടുക്കില്ല.” ഐക്യരാഷ്ട്രങ്ങൾ നവംബറിൽ രംഗത്തിറങ്ങുകയും ഇറാക്ക് കുവൈറ്റിൽനിന്നു പിൻമാറിയില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോകം ഒരിക്കൽക്കൂടി സാധ്യതയുള്ള ഒരു വിപത്തിന്റെ വക്കിലെത്തിയിരുന്നു. എണ്ണ ശേഖരങ്ങളുടെ നിയന്ത്രണമായിരുന്നു അടിസ്ഥാന പ്രശ്നം.
അതുകൊണ്ട്, ശീതസമരം അവസാനിച്ചപ്പോൾ ഉണർത്തപ്പെട്ട, സമാധാനത്തെയും സുരക്ഷിതത്വത്തെയും സംബന്ധിച്ച പ്രത്യാശകൾ സഫലീകരിക്കപ്പെടുംമുമ്പ് അണയുകയായിരുന്നോ? ഇതിനെക്കുറിച്ചു ഞങ്ങളുടെ അടുത്തലക്കത്തിലെ “‘പുതിയ ലോകക്രമം’—ദുർബലമായ ഒരു തുടക്കത്തോടെ ആരംഭിക്കുന്നു” എന്ന ലേഖനത്തിൽ വായിക്കുക.
[15-ാം പേജിലെ ചിത്രം]
ബർലിൻ മതിൽ പെട്ടെന്നുതന്നെ പൗരസ്ത്യർക്കും പാശ്ചാത്യർക്കുമിടയിലെ ഒരു പ്രതീകാത്മക പ്രതിബന്ധം അല്ലാതായിത്തീർന്നു
[12-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Gorbachev (left) and Reagan: Robert/Sipa Press