ഒഎസ്സിഇ—അത് എന്താണ്? അത് വിജയിക്കുമോ?
പോർട്ടുഗലിലെ ഉണരുക! ലേഖകൻ
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പാശ്ചാത്യ ജനാധിപത്യ മുതലാളിത്ത രാജ്യങ്ങൾക്കും പൗരസ്ത്യ കമ്മ്യുണിസ്റ്റ് സോവിയറ്റ് ചേരിക്കും ഇടയിൽ അധികാരത്തിനുവേണ്ടിയുള്ള ഒരു വടംവലി നടന്നു. ഓരോ ചേരിയും അവയുടേതായ ഒരു സുരക്ഷിതത്വ സംഘടന വികസിപ്പിച്ചെടുത്തു: പാശ്ചാത്യ ദേശത്ത് ഉത്തര അറ്റ്ലാൻറിക് സന്ധിസംഘടനയും (നാറ്റോ), പൗരസ്ത്യ ദേശത്ത് വാർസോ പാക്റ്റും.
1975-ഓടെ ഐക്യനാടുകളും റഷ്യയും ഉൾപ്പെടെ 35 രാജ്യങ്ങൾ ഹെൽസിങ്കി ഉടമ്പടി എന്നു വിളിക്കപ്പെട്ടയൊന്നിൽ ഒപ്പുവെക്കാൻ തക്കവണ്ണം ശീതയുദ്ധത്തിന് തെല്ലൊരയവു വന്നിരുന്നു. യൂറോപ്പിലെ സുരക്ഷിതത്വവും സഹകരണവും സംബന്ധിച്ച സമിതി (സിഎസ്സിഇ) സ്ഥാപിതമായി. ഇരു ചേരിയും തമ്മിലുള്ള സംഭാഷണങ്ങൾക്കും ഒത്തുതീർപ്പുകൾക്കുംവേണ്ടിയുള്ള ഒരു ബഹുപക്ഷീയ വേദിയായിരുന്നു അത്.
1994-ൽ നടന്ന ബുഡാപെസ്റ്റ് ഉച്ചകോടിയിൽവെച്ച് സിഎസ്സിഇ അതിന്റെ പേര് മാറ്റി പകരം യൂറോപ്പിലെ സുരക്ഷിതത്വത്തിനും സഹകരണത്തിനുംവേണ്ടിയുള്ള സംഘടന (ഒഎസ്സിഇ) എന്ന പേർ സ്വീകരിച്ചു. ഇന്നത് ഐക്യനാടുകൾ, കാനഡ, മുൻ സോവിയറ്റ് യൂണിയനിലെ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ 54 പങ്കാളിത്ത രാഷ്ട്രങ്ങൾ ചേർന്നതാണ്.
അതിന്റെ ലക്ഷ്യം
ഒഎസ്സിഇ-യുടെ അംഗരാഷ്ട്രങ്ങളുടെ ലക്ഷ്യം യൂറോപ്പിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും മനുഷ്യാവകാശങ്ങൾ, നിരായുധീകരണം, ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ, പ്രാദേശിക സംഘട്ടനങ്ങളുടെ നിയന്ത്രണം എന്നിവയുടെ നടപ്പാക്കലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.
1996 ഡിസംബർ 2-3 തീയതികളിൽ പോർട്ടുഗലിലെ ലിസ്ബണിൽവെച്ച് ഒഎസ്സിഇ-യുടെ ഒരു ഉച്ചകോടി സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. ഐക്യനാടുകൾ ഉൾപ്പെടെയുള്ള നാറ്റോയുടെ അംഗരാഷ്ട്രങ്ങൾക്ക്, മധ്യ യൂറോപ്പിൽനിന്നും പൂർവ യൂറോപ്പിൽനിന്നുമുള്ള കൂടുതൽ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തി നാറ്റോയെ വികസിപ്പിക്കുന്നതിനോടു താത്പര്യമുള്ളതുകൊണ്ട് ആദ്യമൊക്കെ നാറ്റോയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്. എന്നാൽ, മുൻ പൗരസ്ത്യ ചേരിയിൽപ്പെട്ട സഖ്യരാഷ്ട്രങ്ങളെ ഉൾപ്പെടുത്താൻ തക്കവണ്ണം നാറ്റോയുടെ വിപുലീകരണത്തെ പിന്താങ്ങുന്നതിനുപകരം റഷ്യയ്ക്കും അതിന്റെ മുൻ പൗരസ്ത്യ സഖ്യരാഷ്ട്രങ്ങൾക്കും ഒഎസ്സിഇ യൂറോപ്പിന്റെ സുരക്ഷിതത്വ സംബന്ധമായ കാര്യങ്ങൾക്കുവേണ്ടിയുള്ള ഒരു വേദിയായിത്തീരുന്നതിലാണു താത്പര്യം.
റഷ്യൻ പ്രധാനമന്ത്രിയായ വിക്ടർ ചെർനമീർഡിൻ ആ യോഗത്തിൽവെച്ച് ഇങ്ങനെ പറഞ്ഞു: “ഒഎസ്സിഇ-യെ ശക്തിപ്പെടുത്തുന്നതിനോടാണു ഞങ്ങൾക്കു താത്പര്യം. കാരണം യൂറോപ്പിൽ എല്ലാ രാജ്യങ്ങൾക്കും ഒത്തു പ്രവർത്തിക്കാൻ കഴിയുന്ന ഒരേയൊരു വേദി അതു മാത്രമാണ്. സുരക്ഷിതത്വത്തെയും പ്രതിരോധത്തെയും സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഏറ്റവും പറ്റിയ ഒരു അന്താരാഷ്ട്ര വേദിയാണത്.”
അതിന്റെ അവ്യക്ത ഫലങ്ങളെക്കുറിച്ച് പത്രങ്ങൾ അഭിപ്രായപ്രകടനങ്ങൾ നടത്തിയെങ്കിലും ഉച്ചകോടിയുടെ സമാപന സമയത്തു കത്തിജ്ജ്വലിച്ച അപരാഹ്നസൂര്യൻ പൊതുവേ ശുഭപ്രതീക്ഷയുടേതായ ഒരന്തരീക്ഷം സൃഷ്ടിച്ചതായി തോന്നി. ഒഎസ്സിഇ-ക്ക് എന്തെല്ലാം ജയാപജയങ്ങൾ ഉണ്ടായാലും, ദൈവരാജ്യ ഭരണത്തിൻകീഴിൽ പെട്ടെന്നുതന്നെ ഭൂവ്യാപകമായി യഥാർഥ സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമെന്ന് എങ്ങുമുള്ള സമാധാനസ്നേഹികൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—സങ്കീർത്തനം 72:1, 7, 8.
[31-ാം പേജിലെ ചിത്രം]
സമ്മേളനം നടത്തപ്പെട്ട, പോർട്ടുഗലിലെ ലിസ്ബണിലുള്ള ബെലെമിലെ സാംസ്കാരിക കേന്ദ്രം