ഇരുപതാംനൂററാണ്ടിന്റെ ഫാക്സ്
ന്യൂയോർക്കിൽനിന്നു ടൊറൊൻന്റോയിലേക്ക് ഒരു മിനിററിൽ കുറഞ്ഞസമയംകൊണ്ട്. അതാണ് ഫാക്സിന്റെ വേഗം. എന്താണത്? ലളിതമായി പറഞ്ഞാൽ അതു വിദൂര ഫോട്ടോകോപ്പി സംപ്രേക്ഷണം ആണ്—ഒരു വാക്കുപോലും ഉച്ചരിക്കാതെയുള്ള വാർത്താവിനിമയം. അമേരിക്കയിൽമാത്രം ഓരോ മാസവും ഒരു ലക്ഷത്തിലധികം ഫാസിമിലി യന്ത്രങ്ങൾ വാങ്ങുന്നു.
ഡോക്ടർമാർ വൈദ്യശാസ്ത്രറിപ്പോർട്ടുകൾ അയക്കുന്നു, നിയമജ്ഞർ നിയമപരമായ കുറിപ്പുകൾ കൈമാറുന്നു, പലചരക്കുവ്യാപാരികൾ ഭക്ഷ്യവസ്തുക്കൾക്ക് ഓർഡറുകൾ ശേഖരിക്കുന്നു; ശ്രോതാക്കളിൽനിന്നു പാട്ടുകൾക്കുള്ള അഭ്യർത്ഥനകൾ റേഡിയോനിലയങ്ങളിലെത്തുന്നു, എല്ലാം ഫാക്സ് മുഖേന. കാലിഫോർണിയക്കാരിയായ ഒരു മാതാവ് അവളുടെ ശിശു ജനിച്ച് ഒരു മണിക്കൂറിനകം മറെറാരു സംസ്ഥാനത്തു വസിക്കുന്ന വല്യപ്പനും വല്യമ്മക്കും വേണ്ടി ശിശുവിന്റെ പാദമുദ്ര ഫാക്സ്ചെയ്തു.
അത് എങ്ങനെ പ്രവർത്തിക്കുന്നു?
വളരെ ലളിതമാണത്. നിങ്ങൾക്കുവേണ്ടത് ഒരു ടെലഫോൺ, ഭിത്തിയിലുറപ്പിക്കുന്ന ഒരു പ്ലഗ്ഗ്, ഒരു ഫാക്സ്മെഷീൻ എന്നിവയാണ്. ഒരു പ്രമാണം യന്ത്രത്തിലേക്കു നൽകപ്പെടുന്നു, അതിനുള്ളിൽവെച്ച് ഒരു സ്കാനിംഗ് സംവിധാനം ആ പേജിലുള്ള എല്ലാ ഇരുണ്ടഭാഗങ്ങളും വായിച്ച് അവയെ വൈദ്യുത ആവേഗങ്ങളായി തർജ്ജമ ചെയ്യുകയും ഒരു ടെലഫോൺ ലൈനിലൂടെ അവയെ പ്രേക്ഷണം ചെയ്യുകയും ചെയ്യുന്നു. സ്വീകരിക്കുന്ന ഒരു ഫാക്സ് യന്ത്രം ആവേഗങ്ങളെ വീണ്ടും ഇരുണ്ട ഷേഡുകളാക്കി കൃത്യമായി ഒരു പകർപ്പ് അച്ചടിക്കുന്നു.
ഈ സാങ്കേതികവിദ്യ ഉത്ഭവിച്ചതെവിടെ?
ആയിരത്തി എണ്ണൂററി നാല്പത്തിമൂന്നിൽ സ്കോട്ട്ലണ്ടിലെ ഒരു ക്ലോക്കുനിർമ്മാതാവും കണ്ടുപിടുത്തക്കാരനുമായ അലക്സാണ്ടർ ബെയിൽ ആദ്യത്തെ ഫാക്സ് വികസിപ്പിക്കുകയും പേററൻറ് സമ്പാദിക്കുകയും ചെയ്തു. ഇന്നത്തെ നിലവാരങ്ങൾപ്രകാരം അതു പ്രാകൃതമായ ഒരു സ്കാനിംഗ് യന്ത്രമായിരുന്നു. ചലിക്കുന്ന ഒരു പെൻഡുലത്തിന്റെ അഗ്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന വൈദ്യുതിവയർ ബന്ധമുള്ള ഒരു മുന ലോഹ അച്ചിന്റെ ഒരു ബ്ലോക്കിനു മുകളിൽ മുന്നോട്ടും പിന്നോട്ടും ചലിച്ചുകൊണ്ടു വൈദ്യുത സ്പന്ദനങ്ങൾ ടെലഗ്രാഫ്കമ്പികളിലൂടെ അയച്ചു. വൈദ്യുതവയർബന്ധമുള്ള മറെറാരു പെൻഡുലം വൈദ്യുതസംവേദകത്വമുള്ള കടലാസിൽ ഒരോ സ്പന്ദനവും ഒരു കറുത്ത ബിന്ദുവായി തർജ്ജമചെയ്തു.
കറങ്ങുന്ന ഒരു സിലിണ്ടറും അതിൻമേൽ ചുററിയിരിക്കുന്ന കടലാസിൽനിന്നു സാധാരണ അച്ചടി വായിച്ചെടുക്കാൻ പര്യാപ്തമായ ഒരു ഫോട്ടോ ഇലക്ട്രിക്ക് സെല്ലും ഉപയോഗിച്ചുകൊണ്ടുള്ള ഫാക്സുകൾ 1907-ൽ വികസിപ്പിച്ചെടുത്തു. എന്നാൽ റേഡിയോ സിഗ്നലുകളിലൂടെ പ്രേക്ഷണം ചെയ്യുന്നത് മന്ദ ഗതിയിലായിരുന്നു, മിക്കപ്പോഴും പ്രതിബന്ധങ്ങൾക്കു വിധേയവുമായിരുന്നു.
ഫൈബർ ഒപ്ററിക്സ്, ഡിജിററൽ ട്രാൻസ്മിഷൻ സിഗ്നൽ കംപ്രഷൻ എന്നിവ ഉപയോഗപ്പെടുത്തിയ 1980കളിലെ സാങ്കേതികവിദ്യ പ്രത്യേക സാഹചര്യങ്ങളിൽ, ഒരു പേജിനു മൂന്നു സെക്കൻറ് എന്ന വേഗത്തിൽ വായിക്കുന്നതിനും പ്രേക്ഷണം ചെയ്യുന്നതിനും കഴിയുന്ന ഫാക്സുകൾ നിർമ്മിക്കാൻ സഹായിച്ചു. ഇപ്പോൾ ഏററവും വ്യാപകമായി ഉപയോഗത്തിലിരിക്കുന്നതരം യന്ത്രങ്ങൾക്ക് പ്രായോഗികമായി ഒരു പേജിനു 45 സെക്കൻറ് എന്നക്രമത്തിൽ പ്രേക്ഷണവേഗമുണ്ട്.
ഫാക്സ് എങ്ങനെ ഉപയോഗിക്കുന്നു?
പതിവായി, തൊട്ടടുത്ത ദിവസം കൊറിയർ മുഖേനയോ തപാൽ മുഖേനയോ എത്തിച്ചുകൊണ്ടിരുന്ന സമയസംവേദകമായ വിവരങ്ങൾ ഇപ്പോൾ ചുരുക്കം മിനിററുകൾക്കകം എത്തിച്ചുകൊടുക്കാൻ കഴിയുന്നു. ഒരു കവറിൽ മേൽവിലാസമെഴുതി സ്ററാമ്പ് ഒട്ടിച്ച് അയക്കാനെടുക്കുന്ന അതേസമയംകൊണ്ടുതന്നെ പ്രധാന പ്രമാണങ്ങൾ ഒരു രണ്ടാം കക്ഷിയുടെ കൈകളിലേക്ക് ഫാക്സ് ചെയ്യപ്പെടാൻ കഴിയും.
അടുത്തയിട കാനഡായിൽ ഒരു ബാലന് രക്ഷ ചികിത്സ ആവശ്യമായി വരത്തക്കവണ്ണം ഗുരുതരവും മാരകവുമായ രോഗമുള്ളതായി ഡോക്ടർമാർ മനസ്സിലാക്കി. യഹോവയുടെ സാക്ഷികൾ ആയിരുന്നതുകൊണ്ട് യാതൊരു സാഹചര്യത്തിലും രക്തം ഉപയോഗിക്കരുതെന്ന് അവന്റെ മതാപിതാക്കൾക്കു മതപരമായ ദൃഢനിശ്ചയം ഉണ്ടായിരുന്നു. വൈദ്യശാസ്ത്രഗവേഷകരുമായി ബന്ധപ്പെട്ടു, മിനിററുകൾക്കകം പകരമുള്ള രക്തരഹിത ചികിത്സാവിദ്യകളെ വിലയിരുത്തുന്നതിൽ മെഡിക്കൽ ടീമിനെ സഹായിക്കുന്നതിനുള്ള വിവരങ്ങൾ ചികിത്സിക്കുന്ന ഡോക്ടർക്കു ഫാക്സ് ചെയ്യപ്പെട്ടു. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ മാനിക്കപ്പെടുകയും കുട്ടിയുടെ ചികിത്സ വിജയകരമാകുകയും ചെയ്തു. ഈ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘങ്ങൾ വൈദ്യശാസ്ത്രരേഖകൾ കൈമാറുന്നതിന് ഇപ്പോൾ ഫാക്സ് ഉപയോഗിക്കുന്നു എന്നതിൽ പ്രസ്തുത കുടുംബത്തിനു മതിപ്പുളവായി.
വാർത്താമാദ്ധ്യമങ്ങളും ഫാക്സ് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ചൈനയിലെ ബെയ്ജിംഗ് ടിയാനൻമെൻ സ്ക്വയറിൽ 1989-ൽ നടന്ന വിദ്യാർത്ഥിലഹള ചൈനീസ് സൈന്യം അടിച്ചമർത്തിയപ്പോൾ ടെലിവിഷനിലും റേഡിയോയിലും അച്ചടിയിലും വാർത്ത അയക്കുന്നത് ഗവൺമെൻറ് നിയന്ത്രിച്ചു. സാർവദേശീയ വ്യാപാരബന്ധങ്ങൾക്കായി ടെലഫോൺലൈനുകൾ തുറന്നിട്ടിരുന്നു. അവയിലൂടെ റിപ്പോർട്ടർമാർ വാർത്തകളും ചിത്രങ്ങളും ചൈനയിലും പുറം ലോകത്തുമുള്ള ജനങ്ങൾക്കു ഫാക്സ് ചെയ്തു.
പരസ്യവ്യവസായവും ഈ സാങ്കേതികവിദ്യകൊണ്ടു പണമുണ്ടാക്കി. ഫാക്സിൽ പരസ്യങ്ങൾ അയക്കുമ്പോൾ “സന്ദേശങ്ങൾക്ക് ഒരു അടിയന്തിരതാബോധം ഉണ്ടാകുന്നു. ഉടൻതന്നെ അവ വായിക്കപ്പെടുന്നു”വെന്ന് ഒരു മാർക്കററിംഗ് മാനേജർ പ്രസ്താവിച്ചു. എന്നാൽ അനേകം ഫാക്സ് ഉടമകളെസംബന്ധിച്ചും ഇത്തരം വിലകുറഞ്ഞ ഫാക്സ് അവരുടെ യന്ത്രങ്ങളെ കുരുങ്ങിപ്പോകാനിടയാക്കുന്നു, അവരുടെ ബിസിനസ് സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങൾ സ്വീകരിക്കുന്നതിനു തടസ്സമുണ്ടാക്കുകയും ചെയ്യുന്നു.
മേൽ സൂചിപ്പിച്ചതുപോലെ, നിങ്ങളുടെ ഭാവിയുടെ പരിമിതി മാത്രമെ ഫാക്സ് ഉപയോഗത്തിനുള്ളു. എങ്കിലും മിക്ക പുതിയ സാങ്കേതികവിദ്യയുംപോലെ ഇതും ചിലർ ദുരുപയോഗപ്പെടുത്തിയേക്കാം.
ഫാക്സിന്റെ ഭാവിയെന്ത്?
ഫാക്സുകൾ കൂടുതൽ വേഗതയും കാര്യക്ഷമതയും ഉള്ളവയാകുമെന്ന് ഒരു കമ്പ്യൂട്ടർ എഞ്ചിനിയർ പ്രതീക്ഷിക്കുന്നു. മേശപ്പുറത്തുവെക്കാവുന്ന യന്ത്രങ്ങൾ വ്യാപാരത്തിൽ സാധാരണമാകുന്നതോടെ തപാലുരുപ്പടികൾ എത്തിച്ചുകൊടുക്കുന്നതിനു പകരം ഫാക്സ് ആ ജോലി ഏറെറടുക്കും. പൂർണ്ണവർണ്ണ ഫാസിമിലികളും കൊണ്ടുനടക്കാവുന്ന ഫാക്സ് യന്ത്രങ്ങളും വികസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു പേഴ്സനൽ കമ്പ്യൂട്ടർകൊണ്ടു നിയന്ത്രിക്കപ്പെടുന്ന കോപ്പിയർ⁄പ്രൻറർ⁄ഫാക്സ് മെഷീൻ ശ്രേണിയും ഒരു ഭാവിപ്രതീക്ഷയാണ്. ഒരു കുറിപ്പുബുക്കിന്റെ വലിപ്പമുള്ള പേഴ്സനൽ ഫാക്സ് മെഷീനുകൾ നൂറുഡോളർ വിലക്കു ലഭ്യമാകുമെന്ന് ഒരു പ്രമുഖ നിർമ്മാതാവ് മുൻകൂട്ടിപ്പറയുന്നു.
വാക്കുകളിൽ നേരെയുള്ള വാർത്താവിനിയമം ടെലഫോൺ ഇപ്പോഴും സാദ്ധ്യമാക്കുന്നുവെങ്കിലും അത്തരം സന്ദേശങ്ങൾ ചിലപ്പോൾ തെററായി ഉദ്ധരിക്കപ്പെടുകയോ വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുന്നു. ഫാക്സിന് കൃത്യമായ സന്ദേശം അച്ചടിച്ച് വേഗം എത്തിക്കാൻ കഴിയും. അത് ഇപ്പോൾ നമ്മുടെ ജീവിതത്തിലെ ഒരു സുപ്രധാനവാർത്താവിനിമയോപധിയാണ്. ഫാക്സ് കാര്യക്ഷമമായി വികസിച്ചുകഴിഞ്ഞു. അതു പ്രയോജനകരമാകുകയും ചെയ്യും. (g91 1⁄22)