കടലാസില്ലാത്ത ഓഫീസ്—വഴുതിമാറുന്ന ഒരു സ്വപ്നം
ഈ ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള അന്തിമപകർപ്പ് പ്രിന്റ് ചെയ്തെടുത്തതു 11 കടലാസുകളിലായാണ്.a എന്നാൽ ലേഖനം തയ്യാറാക്കി കൊണ്ടിരുന്ന സമയത്ത്, അത് ഏതാണ്ട് 20 തവണ പ്രിന്റ് ചെയ്യേണ്ടതായി വന്നു. അവസാനം, ലോകമെമ്പാടുമുള്ള ഏകദേശം 80 പരിഭാഷാ സംഘങ്ങൾക്ക് ഇത് അയച്ചു കൊടുത്തു. ഓരോ സംഘവും പരിഭാഷയുടെ വിവിധ ഘട്ടങ്ങളിലായി ഇതിന്റെ ആറു പകർപ്പുകളോളം എടുക്കുകയുണ്ടായി. അങ്ങനെ ഈ ഒരൊറ്റ ലേഖനത്തിനു മാത്രം 5,000-ത്തിലധികം കടലാസുകൾ വേണ്ടി വന്നു. ഇതാകട്ടെ, ലേഖനം അച്ചടിശാലയിൽ എത്തുന്നതിനു മുമ്പത്തെ കണക്കാണ്!
ഈ വസ്തുതകൾ കമ്പ്യൂട്ടർ യുഗത്തിന്റെ പുലരിയിൽ ചിലർ നടത്തിയ പ്രവചനങ്ങളെ കാറ്റിൽ പറത്തുന്നു—“കടലാസില്ലാത്ത ഓഫീസ്” പടിവാതിൽക്കൽ ആയിരിക്കുന്നു എന്ന് അന്നു ചിലർ പ്രവചിക്കുകയുണ്ടായി. ഇലക്ട്രോണിക് വേർഡ് പ്രോസസ്സിങ് മെഷീനുകൾ ഉപയോഗിച്ച് ‘എന്തിന്റെയെങ്കിലും പകർപ്പ് കടലാസിൽ എടുക്കുക എന്നുള്ളത് ആ മെഷീനുകളുടെ ഒരു പ്രാകൃതമായ ഉപയോഗമായിരുന്നെന്നു മാത്രമല്ല അവയുടെ പരമമായ ഉദ്ദേശ്യത്തിന് എതിരും കൂടിയായിരുന്നു’ എന്നു ഫ്യുച്ചറിസ്റ്റായ ആൽവിൻ ടോഫ്ളർ ദ തേർഡ് വേവ് എന്ന തന്റെ പുസ്തകത്തിൽ പറയുകയുണ്ടായി. രസകരമെന്നു പറയട്ടെ, 1981-ൽ ഇന്റർനാഷനൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ ആദ്യമായി പേഴ്സനൽ കമ്പ്യൂട്ടറുകൾ ഇറക്കിയപ്പോൾ, അതോടൊപ്പം ഒരു പ്രിന്റർ നൽകാതിരിക്കാനാണ് അവർ താത്പര്യപ്പെട്ടത്. ഒരുപക്ഷേ, കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്കു വിവരങ്ങൾ സ്ക്രീനിൽ നേരിട്ടു വായിക്കാനാകും കൂടുതൽ താത്പര്യം എന്ന് കമ്പനിക്കാർ കരുതിക്കാണുമെന്നു ചിലർ അവകാശപ്പെടുന്നു. ഏതായാലും, ചില ആളുകൾ “കടലാസില്ലാത്ത ഒരു പറുദീസ” ഭാവനയിൽ കണ്ടു. അധികം താമസിയാതെ കടലാസ്, കാഴ്ചബംഗ്ലാവുകളിലും പൊടിപിടിച്ചിരിക്കുന്ന റെക്കോർഡ് സൂക്ഷിപ്പു മുറികളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായി തീരുമെന്നും അവർ ധരിച്ചു.
കടലാസില്ലാത്ത ഓഫീസ്—വാഗ്ദാനങ്ങളും യാഥാർഥ്യവും
കടലാസില്ലാത്ത ഓഫീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായകമാകുമെന്നു കരുതിയ അതേ യന്ത്രമാണ് ഇപ്പോൾ കടലാസ് കൂമ്പാരത്തിൽ നമ്മെ പൂഴ്ത്തിക്കളയുന്നത് എന്നതാണു യാഥാർഥ്യം. സമീപവർഷങ്ങളിൽ കടലാസിന്റെ മൊത്തത്തിലുള്ള ഉപയോഗം വർദ്ധിച്ചിട്ടുണ്ട് എന്നു ചിലർ കണക്കാക്കുന്നു. ഇന്റർനാഷണൽ ഡേറ്റാ കോർപ്പറേഷനിലെ വിശകലന വിദഗ്ധനായ സ്കോട്ട് മക്രീഡി പറയുന്നു: “ഓഫീസുകൾ യന്ത്രവത്കരിച്ചതു വഴി കടലാസുകൾ കൂമ്പാരംകൂട്ടാനുള്ള നമ്മുടെ പ്രാപ്തി കൂടുകയാണു ചെയ്തത്. ഇതാകട്ടെ, പ്രതിവർഷം 25 ശതമാനത്തിലധികം എന്ന നിരക്കിൽ വർധിക്കുകയാണു താനും.” പേഴ്സനൽ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ഫാക്സ് മെഷീനുകൾ, ഇ-മെയ്ൽ, പകർപ്പെടുക്കുന്നതിനുള്ള മെഷീനുകൾ, ഇന്റർനെറ്റ് എന്നിവ, അനേകം ആളുകൾ ദിവസവും കൈകാര്യം ചെയ്യുകയും പ്രിന്റ് ചെയ്യുകയും ചെയ്യുന്ന വിവരങ്ങളുടെ അളവ് വളരെയധികം വർധിപ്പിച്ചിരിക്കുന്നു. കാപ്പ് വെൻച്വർസ് ഇൻകോർപ്പറേറ്റഡ് പറയുന്നപ്രകാരം, 1998-ൽ ലോകവ്യാപകമായി 21.8 കോടി പ്രിന്ററുകൾ, 6.9 കോടി ഫാക്സ് മെഷീനുകൾ, പ്രിന്റു ചെയ്യാനും സ്കാൻ ചെയ്യാനും പകർപ്പെടുക്കാനും ഉള്ള സൗകര്യം ഒത്തുചേർന്ന 2.2 കോടി മെഷീനുകൾ, 1.6 കോടി സ്കാനറുകൾ, പകർപ്പെടുക്കുന്നതിനുള്ള 1.2 കോടി മെഷീനുകൾ എന്നിവ ഉപയോഗത്തിലുണ്ടായിരുന്നു.
1990-ൽ പ്രസിദ്ധീകരിച്ച പവർഷിഫ്റ്റ് എന്ന തന്റെ പുസ്തകത്തിൽ ടോഫ്ളർ, ഐക്യനാടുകൾ ഓരോ വർഷവും ഒരുലക്ഷത്തിമുപ്പതിനായിരം കോടി ഡോക്യുമെന്റുകൾ ഉത്പാദിപ്പിക്കുന്നു എന്നു കണക്കാക്കുകയുണ്ടായി. അതായത് ഗ്രാന്റ് കാന്യോൺ 107 തവണ പൊതിയാൻ ആവശ്യമായ അത്രയും ഡോക്യുമെന്റുകൾ! റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഇങ്ങനെ പ്രിന്റുചെയ്തു കൂട്ടുന്ന കടലാസുകളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു എന്നാണ്. 1995 ആയപ്പോഴേക്കും ഐക്യനാടുകൾ പ്രതിദിനം ഏകദേശം നാലു ലക്ഷംകോടി ഡോക്യുമെന്റുകൾ ഉത്പാദിപ്പിക്കുന്നുണ്ടായിരുന്നു എന്നാണ് ഒരു പ്രസിദ്ധീകരണം പറയുന്നത്. അതായത്, 270 കിലോമീറ്റർ നീളമുള്ള ഒരു ഫയൽവലിപ്പ് ദിവസേന നിറയ്ക്കാൻ മതിയാകുന്ന അത്രയും ഡോക്യുമെന്റുകൾ! 2000-ാം ആണ്ട് ആയാൽ പോലും ഈ അവസ്ഥയ്ക്കു മാറ്റം സംഭവിക്കും എന്നതിനു കാര്യമായ തെളിവൊന്നുമില്ല. മിക്ക വിവരങ്ങളും ഇപ്പോഴും കടലാസിലൂടെ തന്നെയാണു കൈമാറ്റം ചെയ്യപ്പെടുന്നത്.
കടലാസിന്റെ ഉപയോഗം തുടരുന്നതിന്റെ കാരണം
ഇലക്ട്രോണിക് ഉപകരണങ്ങൾ കടലാസിന്റെ ഉപയോഗംതന്നെ ഇല്ലാതാക്കിത്തീർക്കും എന്ന പ്രവചനം ഫലിക്കാതെ പോയതിന്റെ കാരണം എന്തായിരിക്കാം? അന്താരാഷ്ട്ര കടലാസ് കമ്പനിയുടെ ഊഹം ഇതാണ്: “കീ ബോർഡിൽ ഏതാനും തവണ വിരൽ അമർത്തിയിട്ടു വിവരങ്ങൾ വായിക്കാൻ ആളുകൾക്കു താത്പര്യമില്ല. മറിച്ച്, അവർക്കു വിവരങ്ങൾ കൈയിൽ തന്നെ കിട്ടണം. അവ അവർക്ക് സ്പർശിക്കാൻ കഴിയണം, ചുരുട്ടാനും അറ്റം മടക്കിവെക്കാനും കഴിയണം. മാത്രമല്ല, ഫാക്സ് ചെയ്യാനും പകർപ്പെടുക്കാനും ആവശ്യം വരുമ്പോഴൊക്കെ എടുത്തുനോക്കാനും പാകത്തിന് ആയിരിക്കുകയും വേണം. ഇനി, ചിലർക്ക് അവയുടെ മാർജിനുകളിൽ കുത്തിക്കുറിക്കണം അല്ലെങ്കിൽ അവ പെട്ടെന്ന് കാണാൻ പാകത്തിന് ഫ്രിഡ്ജിന്റെ കതകിൽ ഒട്ടിച്ചു വെക്കണം. എല്ലാറ്റിലും ഉപരി, അവർക്ക് അവ പ്രിന്റു ചെയ്ത് എടുക്കണം—നൊടിയിടയിൽ, യാതൊരു ന്യൂനതയും ഇല്ലാതെ, ആരും കൊതിച്ചു പോകുന്ന വർണങ്ങളിൽ.”
കടലാസിന് അതിന്റേതായ മേന്മകൾ ഉണ്ടെന്ന കാര്യം സമ്മതിച്ചേ മതിയാവൂ. കൊണ്ടുനടക്കാൻ എളുപ്പം, തുച്ഛമായ വില, ഈടുനിൽക്കും, പഴയ വിവരങ്ങൾ സൂക്ഷിച്ചു വെക്കാൻ എളുപ്പം, പിന്നെ, പുനഃസംസ്കരണത്തിലൂടെ അതു വീണ്ടും ഉപയോഗപ്പെടുത്തുകയും ചെയ്യാം. വിവരങ്ങൾ കടലാസിൽ വായിക്കുക വളരെ എളുപ്പമാണ്. നിങ്ങൾ ഏതു പേജാണു വായിക്കുന്നത്, ഇനി എത്ര പേജു കൂടി വായിക്കാനുണ്ട് എന്നൊക്കെ എളുപ്പം തിട്ടപ്പെടുത്താൻ കഴിയും. ഓഫീസിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വിൽക്കുന്ന ഒരു കമ്പനിയുടെ പ്രതിനിധിയായ ഡാൻ കോക്ക്സ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ആളുകൾ കടലാസിനെ അത്രയ്ക്കങ്ങു സ്നേഹിച്ചുപോയിരിക്കുന്നു. അവർക്ക് അത് എപ്പോഴും കൈയിൽ വേണം.” അരിസോണ ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറീസ്, ആർക്കൈവ്സ് ആൻഡ് പബ്ലിക് റെക്കോർഡ്സിലെ റെക്കോർഡ്സ് വിശകലന വിദഗ്ധനായ ജെറി മാലെറി ഇപ്രകാരം പറയുന്നു: “കടലാസില്ലാത്ത ഓഫീസ് ഒരു യാഥാർഥ്യമാക്കി തീർക്കാൻ ആളുകൾ ശ്രമിക്കുന്നതു ഞങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ, ഞങ്ങൾ കണ്ടിട്ടുള്ള ആയിരക്കണക്കിനു കമ്പ്യൂട്ടറുകൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്: അവ ചുരുങ്ങിയത് ഒരു പ്രിന്ററുമായിട്ട് എങ്കിലും ബന്ധിപ്പിച്ചിട്ടുണ്ടാവും.”
ഇനി, പഴയ ശീലങ്ങൾ അത്രവേഗം ഉപേക്ഷിക്കാൻ പറ്റില്ല എന്ന വസ്തുതയുമുണ്ട്. ഇന്നത്തെ ബിസിനസുകാരെല്ലാം ആദ്യം വായന പഠിച്ചത് അച്ചടിച്ച താളുകൾ ഉപയോഗിച്ചാണ്. ഇപ്പോഴാകട്ടെ, മൗസിൽ ഒന്നു വിരൽ അമർത്തിയാൽ ഒരു ഡോക്യുമെന്റോ ഇ-മെയിലോ നിഷ്പ്രയാസം പ്രിന്റു ചെയ്തെടുക്കാൻ കഴിയും. അതു പിന്നീട്, സൗകര്യം പോലെ എവിടെവെച്ചു വേണമെങ്കിലും വായിക്കാവുന്നതേ ഉള്ളൂ. മിക്ക കമ്പ്യൂട്ടറുകളും സൗകര്യപ്രദമായി വെക്കാൻ പറ്റാത്ത ഇടങ്ങളിൽ—കിടക്കയിലോ ബാത്ടബ്ബിലോ ബീച്ചിലോ എവിടെയാണെങ്കിലും ശരി—പ്രിന്റു ചെയ്തെടുത്ത കടലാസുകൾ കൊണ്ടുപോകാൻ കഴിയും!
ഇനി, മറ്റൊരു ഘടകം പരിചിന്തിക്കുക. മുമ്പൊക്കെ അച്ചടിയിൽ വൈദഗ്ധ്യം നേടിയവർക്കു മാത്രം ഉണ്ടാക്കാൻ കഴിഞ്ഞിരുന്ന തരത്തിലുള്ള ഡോക്യുമെന്റുകൾ ഇപ്പോൾ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു നിഷ്പ്രയാസം തയ്യാറാക്കാൻ കഴിയും. എന്തിന്റെയെങ്കിലും മുഴു വർണ കോപ്പികൾ, ആദ്യപകർപ്പുകൾ, റിപ്പോർട്ടുകൾ എന്നിവയിൽ തുടങ്ങി സചിത്ര പ്രദർശനങ്ങൾ, ചാർട്ടുകൾ, ഗ്രാഫുകൾ, ബിസിനസ് കാർഡുകൾ, പോസ്റ്റ് കാർഡുകൾ വരെയുള്ളവ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയും. മാത്രമല്ല, ഇത്തരം വൈവിധ്യമാർന്ന കാര്യങ്ങൾ ചെയ്യാനുള്ള സൗകര്യം കമ്പ്യൂട്ടറിൽ ഉള്ളപ്പോൾ അവ ഉപയോഗപ്പെടുത്തി പരീക്ഷണങ്ങൾ നടത്താനും ആളുകൾ ചായ്വു കാട്ടും. അങ്ങനെ, ഒരു ഡോക്യുമെന്റ് പ്രിന്റു ചെയ്തെടുത്തു കഴിയുമ്പോഴാകും അതിന്റെ ഡിസൈനും ലിപിയുടെ ആകാരവും ഒന്നു മാറ്റിയാൽ കൊള്ളാം എന്നു തോന്നുക. ഉടനെ വേറൊന്നു പ്രിന്റു ചെയ്യുകയായി. അതു കൈയിൽ കിട്ടുമ്പോഴാണ്, അതു കുറച്ചു കൂടി ഭംഗിയാക്കിയെടുക്കാൻ തോന്നുക. എന്തിനേറെ പറയുന്നു, പ്രിന്റു ചെയ്ത കടലാസുകൾ കുമിഞ്ഞുകൂടുകയായി!
ഇങ്ങനെ ഒരു അവസ്ഥാവിശേഷം ഉടലെടുക്കുന്നതിൽ ഇന്റർനെറ്റും ഒരു പങ്കു വഹിച്ചിട്ടുണ്ട്. അന്തമില്ലാത്ത വിവരങ്ങളുടെ ലോകത്തിലേക്കാണ് അത് ഒരുവനെ കൂട്ടിക്കൊണ്ടു പോകുക.b ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ തങ്ങളുടെ ഗവേഷണഫലങ്ങൾ മിക്കപ്പോഴും കടലാസിൽ പ്രിന്റു ചെയ്ത് എടുക്കാറുണ്ട്. ഇതു തീർച്ചയായും കടലാസിന്റെ ഉപയോഗം വർധിക്കുന്നതിന് ഇടയാക്കുന്നു.
അവഗണിക്കാൻ പാടില്ലാത്ത മറ്റൊരു വസ്തുത കൂടിയുണ്ട്. സമീപ കാലങ്ങളിൽ കമ്പ്യൂട്ടർ സോഫ്റ്റുവെയറുകളുടെയും സാമഗ്രികളുടെയും ഒരു കുത്തൊഴുക്കു തന്നെ ഉണ്ടായിരിക്കുകയാണ്. ഇതുമൂലം ഇവയുടെ പ്രവർത്തനരീതികൾ വിശദീകരിക്കുന്ന പുസ്തകങ്ങളുടെ ആവശ്യവും വർധിച്ചിരിക്കുന്നു. കമ്പ്യൂട്ടറുകളുടെ വൻപ്രചാരം കമ്പ്യൂട്ടർ മാന്യുവെലുകളുടെയും മാസികകളുടെയും ഒരു പ്രളയത്തിനു തന്നെ ഇടയാക്കിയിരിക്കുകയാണ്.
എന്നിരുന്നാലും, ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന്—പഴയതരം സ്ക്രീനുകളാണെങ്കിൽ പ്രത്യേകിച്ചും—നേരിട്ടു വായിക്കുന്നതിന് അതിന്റേതായ കുഴപ്പങ്ങൾ ഉണ്ട് എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിൽ ചിലർ കണ്ണു വേദനയെ കുറിച്ചു പരാതി പറയാറുണ്ട്. എങ്ങനെയാണെങ്കിലും പഴയതരം സ്ക്രീനുകളുടെ റെസല്യൂഷൻ ഇപ്പോഴുള്ളതിലും പതിന്മടങ്ങു വർധിപ്പിച്ചാലെ ദൃശ്യവിവരങ്ങൾ ഏറ്റവും മികച്ചവയാകൂ.
ഇനി ചിലർക്കാണെങ്കിൽ, കാര്യങ്ങൾ കടലാസിൽ പ്രിന്റുചെയ്തു ലഭിക്കുമ്പോൾ അവയ്ക്കു വളരെയധികം ഗൗരവവും പ്രാധാന്യവും കൈവരുന്നതായി അനുഭവപ്പെടുന്നു. മാത്രമല്ല, സ്ക്രീനിൽ നിന്നു വായിക്കുന്നതിനെക്കാൾ കൂടുതൽ അടിയന്തിരതാബോധത്തോടെ അവർ കടലാസിലുള്ളതിനെ വീക്ഷിക്കുന്നു. പ്രിന്റു ചെയ്തെടുത്ത ഒരു ഡോക്യുമെന്റ് വാസ്തവത്തിൽ ഒരുവന്റെ പ്രയത്നത്തിനും ജോലിക്കും ഒരു മൂർത്തഭാവം നൽകുന്നു. മാത്രമല്ല, ഒരുവന്റെ മേലധികാരിക്കോ ഇടപാടുകാരനോ ഒരു ഇലക്ട്രോണിക് സന്ദേശം അയയ്ക്കുന്നതിനു പകരം അതു കടലാസിൽ പ്രിന്റു ചെയ്തു നൽകുമ്പോൾ അദ്ദേഹം അതിനോടു വേഗത്തിൽ പ്രതികരിക്കാനും അതിനു കൂടുതൽ ശ്രദ്ധ കൊടുക്കാനും ചായ്വു കാട്ടിയേക്കാം.
ഇനി, കമ്പ്യൂട്ടർ ഉപയോഗിക്കുന്ന അനേകർക്കും പൊതുവെ ഉള്ള ഒരു ഭയം തങ്ങൾ സംഭരിച്ചുവെച്ചിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെടുമോ എന്നതാണ്. മിക്കപ്പോഴും അത്തരം ഭയത്തിന് അടിസ്ഥാനമുണ്ടുതാനും, അതിവികസിതമായ അനേകം ബാക്ക്-അപ്പ് സംവിധാനങ്ങളൊക്കെ ഇന്നു നിലവിലുണ്ടെങ്കിലും. വൈദ്യുത പ്രവാഹത്തിലെ പെട്ടെന്നുള്ള ഒരു വർധനവോ ഡിസ്ക് തകരാറോ അതുമല്ലെങ്കിൽ കീ ബോർഡിൽ വിരൽ അമർത്തുന്നതിനിടയിൽ സംഭവിച്ച ഒരു പാകപ്പിഴയോ, ഇതിൽ ഏതെങ്കിലും ഒന്നു മതി അനേകം മണിക്കൂർ നേരത്തെ പരിശ്രമം പാഴായിപ്പോകാൻ. വിവരങ്ങൾ കടലാസിൽ എഴുതി സൂക്ഷിക്കുന്നതാണു കൂടുതൽ സുരക്ഷിതം എന്നു മിക്കവരും കരുതുന്നതിൽ തെല്ലും അതിശയമില്ല. രസകരമെന്നു പറയട്ടെ, അമ്ലം കലരാത്ത കടലാസിൽ എഴുതിയിരിക്കുന്ന വിവരങ്ങൾക്കു 200 മുതൽ 300 വരെ വർഷം ആയുസ്സുള്ളപ്പോൾ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ താരതമ്യേന തീരെ ചെറിയ കാലം മാത്രമേ അതുപടി വായിച്ചെടുക്കാനാകൂ എന്നു ചില വിദഗ്ധർ അവകാശപ്പെടുന്നു. ഇലക്ട്രോണിക് വിവരങ്ങൾ പെട്ടെന്നൊന്നും നശിക്കില്ല എന്നതു സത്യമാണ്. എന്നാൽ ഇപ്പോൾ, നോക്കിനിൽക്കുന്നനേരം കൊണ്ടാണു സാങ്കേതിക വിദ്യ പുരോഗമിക്കുന്നത്. താരതമ്യേന പഴഞ്ചനായ ഹാർഡ്വെയറുകളും സോഫ്റ്റ്വെയറുകളും ഉപയോഗത്തിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കവെ, അത്തരത്തിലുള്ളവ ഉപയോഗിച്ചു ശേഖരിച്ച വിവരങ്ങൾ വായിച്ചെടുക്കുക എന്നത് കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായിത്തീർന്നേക്കാം.
കടലാസില്ലാത്ത ഓഫീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നാൽ ഒന്നു വ്യക്തമാണ്, മാർക്ക് ട്വെയ്നിന്റെ ശൈലിയിൽ പറഞ്ഞാൽ, കടലാസിന്റെ അന്ത്യത്തെ കുറിച്ചുള്ള ഇപ്പോഴത്തെ റിപ്പോർട്ടുകൾ ഒരുപക്ഷേ വേണ്ടതിലേറെ ഊതിപെരുപ്പിച്ചിരിക്കുന്നവയാണ്.
വൃക്ഷങ്ങളെ മുഴുവൻ നാം വെട്ടിമുടിക്കുമോ?
ഒരു വൃക്ഷത്തിൽ നിന്ന് എത്ര ഷീറ്റ് കടലാസുകൾ ഉണ്ടാക്കാൻ സാധിക്കും? കടലാസ് ഷീറ്റുകളുടെ എണ്ണം പല ഘടകങ്ങളെ—വൃക്ഷത്തിന്റെ വലിപ്പം, തരം എന്നിവയെ മാത്രമല്ല ഉത്പാദിപ്പിക്കപ്പെടേണ്ട കടലാസിന്റെ തരം, കനം എന്നിവയെയും—ആശ്രയിച്ചിരിക്കുന്നു.എങ്കിലും സാധാരണഗതിയിൽ കടലാസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു വൃക്ഷത്തിൽ നിന്ന്, എഴുതാൻ അല്ലെങ്കിൽ പ്രിന്റു ചെയ്യാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഏതാണ്ട് 12,000 കടലാസുകൾ ഉത്പാദിപ്പിക്കാൻ കഴിയും. അങ്ങനെയാണെങ്കിൽ പോലും, കടലാസിന്റെ ഇപ്പോഴുള്ള ഭീമമായ ഉപയോഗം നമ്മുടെ കണ്മുമ്പിൽ കൊണ്ടുവരുന്ന ഭീതിജനകമായ ഒരു ചിത്രമുണ്ട്. മുമ്പ് വനമായിരുന്ന സ്ഥലങ്ങൾ, തരിശായി കിടക്കുന്നതിന്റെ ഹൃദയഭേദകമായ ചിത്രം. നാം വാസ്തവത്തിൽ ഒരു പാരിസ്ഥിതിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുകയാണോ?
എന്നാൽ ഈ കാര്യത്തെ പ്രതി അത്ര ഉത്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല എന്നാണു കടലാസ് നിർമാതാക്കൾ പറയുന്നത്. അതിനു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത ഇതാണ്: കടലാസിന്റെ ഒരു നല്ല പങ്കും—ചില രാജ്യങ്ങളിൽ 50 ശതമാനത്തോളം പോലും—ഇപ്പോൾ ഉത്പാദിപ്പിക്കപ്പെടുന്നത് തടിയറപ്പുമില്ലുകളിലെ പാഴ്വസ്തുക്കളായ ചെത്തുപൂളുകളിൽ നിന്നാണ്. കടലാസ് നിർമിക്കാൻ ഇവ ഉപയോഗിക്കുന്നില്ലെങ്കിൽ പിന്നെ അതു നിലം നികത്താൻ മാത്രമേ കൊള്ളുകയുള്ളു. അതു മാത്രമല്ല, ചെത്തുപൂളുകൾ അഴുകാൻ തുടങ്ങുമ്പോൾ അവ മീതേൻ എന്ന വാതകം പുറന്തള്ളുന്നു. ഒരു ഹരിതഗൃഹവാതകമായ ഇത് ആഗോളതപനത്തിന് ഇടയാക്കിയേക്കാം. അതുകൊണ്ട് കടലാസ് നിർമാണം മൂലം ഈ പാഴ്വസ്തു ഒരു നല്ല രീതിയിൽ ഉപയോഗിക്കപ്പെടുകയാണ്. എന്നാൽ, കടലാസ് വ്യവസായം മലിനീകരണത്തിലും വനനശീകരണത്തിലുമാണു കലാശിക്കുന്നത് എന്നു പരിസ്ഥിതി-ഉപഭോക്തൃ സംഘങ്ങൾ തിരിച്ചടിക്കുന്നു. അവരുടെ വാദം, കടലാസ് നിർമിക്കാൻ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ ഹരിതഗൃഹവാതകങ്ങൾ ഉത്പാദിപ്പിക്കുന്നു എന്നാണ്! അതുപോലെ, ഉപയോഗശൂന്യമായ കടലാസുകൾ അഴുകുമ്പോഴും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളപ്പെടുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും, പ്രകൃതി വിഭവങ്ങൾ കാലിയാക്കാതെ തന്നെ ആവശ്യത്തിനുള്ള കടലാസ് ഉത്പാദിപ്പിക്കാൻ സാധിക്കും എന്ന നിഗമനത്തിലാണ് വേൾഡ് ബിസിനസ് കൗൺസിൽ ഫോർ സസ്റ്റെയ്നബിൾ ഡെവലപ്പ്മെന്റ് നടത്തിയ ഒരു പഠനം ചെന്നെത്തിയത്. അതിന്റെ ഒരു കാരണം ഇതാണ്. വെട്ടിക്കളഞ്ഞാലും വൃക്ഷങ്ങൾ വീണ്ടും നട്ടുവളർത്താവുന്നതാണ്, അതുപോലെ കടലാസാണെങ്കിൽ പുനരുപയോഗയോഗ്യവുമാണ്. എന്നാൽ പോലും, “കടലാസ് പരിവൃത്തിയിൽ—വൃക്ഷങ്ങൾ വെട്ടിയിടൽ, പൾപ്പിന്റെയും കടലാസിന്റെയും നിർമാണം, കടലാസിന്റെ ഉപയോഗം, കടലാസ് പുനഃസംസ്കരിക്കൽ, ഊർജം പുനഃസ്ഥാപിക്കൽ, അവസാനം ഉപയോഗശൂന്യമായ കടലാസ് പുറന്തള്ളൽ—ഉൾപ്പെട്ടിരിക്കുന്ന ഓരോ ഘട്ടത്തിലെയും വ്യാവസായിക നടപടിക്രമങ്ങൾക്കു കൂടുതലായ വ്യതിയാനങ്ങൾ വരുത്തേണ്ടതുണ്ട്” എന്ന് ആ പഠനം നടത്തിയവർ ഊന്നിപ്പറയുകയുണ്ടായി. ആദായകരമായും പരിസ്ഥിതിക്ക് ഹാനി തട്ടാത്ത വിധത്തിലും പൾപ്പ് ഉണ്ടാക്കുന്നതിന് കടലാസ് വ്യവസായം ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ട മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, വളരെ വേഗം വളരുന്ന മരങ്ങൾ, ഗോതമ്പിന്റെ കച്ചി, ചോളം, ചണം എന്നിവയിൽ നിന്നു പൾപ്പ് ഉണ്ടാക്കിയെടുക്കാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇത്തരം മാർഗങ്ങൾ എത്രത്തോളം പ്രയോഗത്തിൽ വരുത്തുമെന്നും അവ എത്രമാത്രം ഫലപ്രദമാകുമെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a പരാമർശങ്ങളും ചിത്രങ്ങൾ സംബന്ധിച്ച നിർദേശങ്ങളും ഉൾപ്പെടെ ആണ് ഇത്.
b ഉണരുക!യുടെ 1997 ജൂലൈ 22 ലക്കത്തിലെ “ഇന്റർനെറ്റ്—അതു നിങ്ങൾക്കുള്ളതോ?” എന്ന ലേഖനപരമ്പര കാണുക.
[27-ാം പേജിലെ ചതുരം]
ഓഫീസിൽ കടലാസിന്റെ പാഴ്ചെലവു കുറയ്ക്കാൻ കഴിയുന്ന വിധം
✔ പ്രിന്റു ചെയ്യുന്ന കടലാസുകളുടെ എണ്ണം എത്രയും കുറയ്ക്കാമോ അത്രയും കുറയ്ക്കുക. ഡോക്യുമെന്റുകൾ സ്ക്രീനിൽ തന്നെ വായിച്ചു തിരുത്തലുകൾ വരുത്താൻ ശ്രമിക്കുക. അങ്ങനെയാകുമ്പോൾ പ്രിന്റു ചെയ്ത് എടുക്കുന്ന കടലാസുകളുടെയും ആദ്യപകർപ്പുകളുടെയും എണ്ണം പരമാവധി കുറയ്ക്കാൻ കഴിയും.
✔ വലിയ ഡോക്യുമെന്റുകൾ ആണെങ്കിൽ, വായനയ്ക്ക് തടസ്സം സൃഷ്ടിക്കാത്ത വിധം, ലിപികളുടെ വലിപ്പം കുറയ്ക്കുക.
✔ ഓൺ ചെയ്യുമ്പോഴോ എന്തെങ്കിലും പ്രിന്റു ചെയ്യാൻ ആരംഭിക്കുമ്പോഴോ നിങ്ങളുടെ പ്രിന്റർ ഒരു ബാനർ പേജോ പരീക്ഷണാടിസ്ഥാനത്തിൽ ഒരു പേജോ പ്രിന്റ് ചെയ്യുന്നുണ്ടെങ്കിൽ, ഈ സംവിധാനം പ്രവർത്തനക്ഷമമല്ലാതാക്കി തീർക്കുക.
✔ ഉപയോഗം കഴിഞ്ഞ കടലാസ് പുനഃസംസ്കരിക്കാൻ ശ്രദ്ധിക്കുക.
✔ ഒരു വശം മാത്രം പ്രിന്റു ചെയ്ത കടലാസുകൾ പുനഃസംസ്കരിക്കുന്നതിനു മുമ്പ്, അവ പിന്നീട് ആദ്യപകർപ്പുകൾ പ്രിന്റു ചെയ്യാനും അതുമിതും ഒക്കെ കുത്തിക്കുറിക്കാനും ഉപയോഗപ്പെടുത്തുക.
✔ സാധ്യമാകുമ്പോൾ എല്ലാം, കടലാസിന്റെ ഇരുപുറവും പ്രിന്റു ചെയ്യാൻ ശ്രമിക്കുക.
✔ ഡോക്യുമെന്റുകൾ പ്രിന്റു ചെയ്യുമ്പോൾ, ഓഫീസിലുള്ള ഓരോരുത്തർക്കും ഓരോ പ്രതി വീതം ഉണ്ടാക്കുന്നതിനു പകരം അവ കൈമാറാൻ ശ്രമിക്കുക.
✔ ഫാക്സ് സന്ദേശങ്ങൾ അയയ്ക്കുമ്പോൾ അവ കടലാസിൽ പ്രിന്റു ചെയ്യാതെ നേരിട്ട് കമ്പ്യൂട്ടറിലേക്ക് അയയ്ക്കാൻ ശ്രമിക്കുക. എന്നാൽ കടലാസിൽ ഫാക്സ് ചെയ്യേണ്ടി വരുമ്പോൾ, കടലാസ് ലാഭിക്കുന്നതിനു വേണ്ടി കവർ ഷീറ്റ് ഉപയോഗിക്കാതിരിക്കുക.
✔ ഇ-മെയിൽ സന്ദേശങ്ങൾ അനാവശ്യമായി പ്രിന്റു ചെയ്യുന്നത് ഒഴിവാക്കുക.
[24-ാം പേജിലെ ചിത്രം]
കടലാസില്ലാത്ത ഓഫീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായകമാകുമെന്നു കരുതിയ അതേ യന്ത്രമാണ് ഇപ്പോൾ കടലാസ് കൂമ്പാരത്തിൽ നമ്മെ പൂഴ്ത്തിക്കളഞ്ഞിരിക്കുന്നത് എന്നു ചിലർ വാദിക്കുന്നു
[26-ാം പേജിലെ ചിത്രം]
ചിലപ്പോഴൊക്കെ, കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നു നേരിട്ടു വായിക്കുന്നതിനെക്കാൾ എളുപ്പം പ്രിന്റു ചെയ്ത ഒരു കടലാസിൽ നിന്നു വായിക്കുന്നതാണ്