കടലാസ് നിർമ്മാണത്തിൽ, ഈജിപ്റ്റുകാർ വെറും അടിമകളായിരുന്നു
പൊതുയുഗത്തിനുമുമ്പ് മൂന്നാം സഹസ്രാബ്ദത്തിൽ കടലാസ് നിർമ്മാണം ഈജിപ്റ്റുകാർ ആരംഭിച്ചു എന്നു പറയപ്പെടുന്നു. പേപ്പിറസ് എന്നു വിളിക്കപ്പെടുന്ന ജലസസ്യത്തിന്റെ തണ്ടുകളിൽ നിന്നും അവർ കാമ്പുകൾ ഉരിച്ചെടുത്തു. അവശേഷിച്ച മാംസളമായ നാരുകൾ മുറിച്ചെടുത്ത് അതിനുമേലെ അല്പാൽപം ലംബമായി നിരത്തിവച്ചു. ഒരു നേർത്ത കുഴമ്പ് പുരട്ടിയ ശേഷം മറ്റൊരു പേപ്പിറസ് നാരുകളുടെ തട്ട് തിരശ്ചീനമായി ആദ്യത്തെ തട്ടിനു മേലെ വച്ചു. ഈ തട്ടുകൾ രണ്ടും പിന്നീട് ഒരു ചുറ്റിക കൊണ്ട് അടിച്ചു സംയോജിപ്പിക്കുന്നു. വെയിലത്ത് ഉണക്കി കുറച്ച് പോളീഷിംഗും കഴിഞ്ഞാൽ ഷീറ്റുകൾ എഴുതുന്നതിനു തയ്യാറായിക്കഴിഞ്ഞു. പുരാതന എഴുത്തു വസ്തുക്കളിലെല്ലാം വച്ച് പേപ്പിറസ് കടലാസിനോട് വളരെ സാമ്യം ഉള്ളതായിരുന്നു.
എന്തായിരുന്നാലും, കടലാസ് നിർമ്മാണത്തിൽ ഈജിപ്റ്റുകാർ പിൻഗാമികളായിരുന്നു.—അനേക സഹസ്രാബ്ദങ്ങൾക്കു പിന്നിൽതന്നെ. കടലാസ് നിർമ്മാണത്തിൽ ഒന്നാം സ്ഥാനത്ത് കടലാസ് കടന്നലുകൾ തന്നെയാണ്. ഏറ്റവും വലിയവ യൂറോപ്പിലെ വെസ്പാ ക്രാബോയും (Vespa Crabo) വടക്കേ അമേരിക്കയിലെ വെസ്പാ മാക്കൂലേറ്റയും—(Vespa Maculata) ആണ്. കടലാസ് കൂട് ചെറുതായി ആരംഭിക്കുന്നത് ഒരൊറ്റ പെണ്ണിന്റെ ജോലിയായിട്ടാണ്. അതവസാനിക്കുമ്പോഴേക്ക് ഒന്നോരണ്ടോ അടി വ്യാസമുള്ള ഒരു കടലാസ് കൂട് ആയിത്തീരുന്നു. ഇത് ആയിരങ്ങളുടെ പ്രവർത്തനശേഷിയുടെ ഫലമാണ്. ജോലി ഈ ഏക പെണ്ണിനാൽ അഥവാ രാജ്ഞിയാലാണ് ആരംഭിക്കുന്നത്. ഒരു നിർമ്മാണ സ്ഥലം തെരഞ്ഞെടുത്തശേഷം (സാധാരണയായി ഒരു വൃക്ഷമായിരിക്കും) അവൾ ഉണങ്ങിയ മൂത്തതടിയുടെ കഷണങ്ങൾ ചുരണ്ടിയെടുത്ത് അതിൽ തന്റെ ഉമിനീര് കലർത്തി പൾപ്പുണ്ടാക്കുന്നു.
ഈ കടലാസ് പൾപ്പുകൊണ്ട് അവൾ വളരെ ചെറിയ ഒരു മധുകോശം ഉണ്ടാക്കി ഒരു ശാഖയിലോ മറ്റോ ഉറപ്പിക്കുന്നു. പൾപ്പ് പെട്ടെന്ന് ഉണങ്ങുന്നു. അനേക കടലാസ് നിരകളാൽ ഒരു സംരക്ഷണ കവചം ഉണ്ടാക്കി അവൾ ഈ കോശത്തെ ചുറ്റുന്നു. ഈ നിരകൾ വായു നിബദ്ധ സ്ഥലങ്ങളാൽ പ്രത്യേകം ഒന്നോടൊന്ന് വേർതിരിച്ചിരിക്കും. ഈ ആവരണം മധുകോശത്തെ സ്പർശിക്കുന്നില്ല. ഇതിനു മുകളിലുള്ള ശാഖകളോ കൊമ്പുകളോ ഒരു താങ്ങായിരിക്കത്തക്കവണ്ണം അത് പിണച്ചുവച്ചിരിക്കുന്നു. പൊള്ളയായ ഈ പേപ്പർ ചുരുളിന് ഏക പ്രവേശനകവാടം അതിനിടയിലുള്ള ഒരു ദ്വാരം മാത്രമാണ്. ഈ മധുകോശത്തിലുള്ള അധോമുഖമായ ഷഡ്ഭുജ അറകളിൽ ഓരോന്നിലും അവൾ മുട്ടയിടുന്നു.
കുറച്ചു ദിവസങ്ങൾക്കകം മുട്ടകൾ വിരിയുന്നു. രാജ്ഞി ലാർവയെ തീറ്റുന്നു—അവ അറകളുടെ ഭിത്തികളിൽ ഉരച്ചു ശബ്ദങ്ങളുണ്ടാക്കി ഭക്ഷണത്തിനുവേണ്ടി യാചിക്കുന്നു. മൂന്നാഴ്ചകൊണ്ട് ലാർവ സിൽക്കുകൊണ്ടുള്ള ഒരു പടലം നെയ്തുണ്ടാക്കി അറകളുടെ കവാടം മൂടികൊണ്ട് തങ്ങളെത്തന്നെ അറയ്ക്കകത്തുള്ള ചേമ്പറിൽ അടച്ചു പൂട്ടുന്നു. മൂന്നാഴ്ചകൾ കൂടെ കഴിഞ്ഞശേഷം പൂർണ്ണവളർച്ച എത്തിയ കടന്നലുകൾ പടലം തുളച്ച് പുറത്തേക്കു വരുന്നു. അവർ ജോലിക്കു പോകാൻ തയ്യാറായിക്കഴിഞ്ഞു. രാജ്ഞിയാകട്ടെ കടലാസ് നിർമ്മാണത്തിൽ നിന്നും മൂട്ടയിടലിൽ നിന്നും വിരമിക്കുന്നതിനും തയ്യാറായിരിക്കുന്നു.
പേപ്പർ നിർമ്മാണം കൂടുതൽ ഊർജ്ജസ്വലമായി തുടരണമെന്നാണ് ഇതർത്ഥമാക്കുന്നത്. കൂടുതൽ അറകൾ അതിന്റെ അഗ്രങ്ങൾക്ക് ചുറ്റുമായി കൂട്ടിച്ചേർക്കുമ്പോൾ ആദ്യ അറയുടെ ചുറ്റളവ് വർദ്ധിക്കുന്നു. വലിയതും പുതിയതുമായ അറ അതിന്റെ അടിയിൽ തൂങ്ങിക്കിടക്കത്തക്കവണ്ണം സ്തംഭാകൃതിയുള്ള താങ്ങുകൾ താഴോട്ടു തൂക്കുന്നു. വലിപ്പമേറിയ കൂടുതൽ അറകൾ എട്ടോ അതിലധികമോ ഉണ്ടാക്കപ്പെടുന്നു.
മനുഷ്യർ അടിത്തറമുതൽ മേലോട്ടു പണിയുന്നു; കടന്നലുകൾ മുകളിൽ നിന്നു താഴോട്ടു പണിയുന്നു. മനുഷ്യരുടെ തറകൾ താഴെയുള്ള ഒന്നിനുമീതെ മറ്റൊന്നായി ഉറപ്പിക്കുന്നു. കടന്നലുകളുടേത് മീതെയുള്ള ഒന്നിൽ നിന്നും താഴോട്ട് തൂക്കുന്നു. ഈ ആന്തരീക വികസനത്തിന് ഉൾമതിലുകൾ പൊളിച്ച് പുറം മതിലുകൾ ചേർക്കുന്നു. കുടുംബം വർദ്ധിക്കുമ്പോൾ കൂട് വീർത്തുവരുന്നു ഒരു ബലൂൺ പോലെയായിത്തീരുന്നു.
കടന്നലുകൾ ഈ പുറം നിരകൾ ആവരണത്തിൻമീതെ കൂട്ടിച്ചേർക്കുന്നതായി കാണാൻ കഴിയും. അവ നന്നായി ചവച്ചരച്ച കടലാസ് പൾപ്പിന്റെ ചെറിയ ഉണ്ടകൾ കൊണ്ടുവന്ന് പുറകോട്ടു നടക്കുമ്പോൾ ഈ ഉണ്ടകൾ തുണ്ടുകളാക്കി വലിച്ചു നീട്ടുന്നു. ഈ തുണ്ടുകളുടെ മേൽ വീണ്ടും തൂണ്ടുകളുണ്ടാക്കി വക്കുന്നു. പൂർത്തിയാക്കിയ ആവരണത്തിൻമേൽ ഈ സംയോജിപ്പിക്കപ്പെട്ട തുണ്ടുകൾ കാണാൻ കഴിഞ്ഞേക്കും. കടന്നലിന്റെ ഉമിനീര് പേപ്പർ പൾപ്പിൽ ഒരു പശയായി പ്രവർത്തിക്കുന്നു. രസകരമായും—അതിശയകരമായും—കടന്നലിന് അതിന്റെ കടലാസിലെ നാരുകളുടെ സ്ഥാനം നിയന്ത്രിക്കുന്നതിനു കഴിയും. ഭിത്തിയുടെ നിരകൾക്കുവേണ്ടി ഷീറ്റുകളാക്കാനുള്ള നാരുകൾ കൂടുതൽ ശക്തിക്കു വേണ്ടി പിണച്ചു വയ്ക്കുമ്പോൾ ഒരു ക്രമം തെറ്റിയ മാതൃകയായി രൂപാന്തരപ്പെടുന്നു. ഈജിപ്റ്റുകാർ പേപ്പിറസിന്റെ ഉണ്ടകൾ കൊണ്ട് ചെയ്തിരുന്നതുപോലെ തന്നെ. എന്നാൽ ആദ്യത്തെ മധുകോശം ഒരു ശാഖയിൽ തൂക്കിയിടുന്നതിനോ അല്ലെങ്കിൽ കൂടുതൽ അറകൾ തൂക്കിയിടുന്നതിനോ വേണ്ടിയുള്ള ഈണുകളോ താങ്ങുകളോ നിർമ്മിക്കുന്നതിനാണ് കടലാസെങ്കിൽ എല്ലാതടി നാരുകളും ഒരു സമാന്തര രൂപത്തിൽ ക്രമീകരിക്കപ്പെടുന്നു. ഇത് കൂടിന് വളരെ ഭാരം കൂടിയ നിർമ്മിതികൾ പിടിച്ചുകൊള്ളുന്നതിന് വർദ്ധിച്ച ശക്തി നൽകുന്നു. ഒരു പ്രാമാണിക രേഖ ഇപ്രകാരം പരാമർശിക്കുന്നു: “എല്ലാ തടി നാരുകളും ലംബമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നതിനാൽ ഗണ്യമായി ഭാരം വഹിക്കാനുള്ള ശക്തി നേടാൻ കഴിയുന്നു.—സമ്മർദ്ദം നേരിടുന്ന ദിശയിൽ ബന്ധിപ്പിക്കുന്ന ധാതുക്കളുടെ നാരുകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നതിനാൽ മാംസപേശികളുടെ തന്തുക്കൾക്ക് അപാരമായ ദാർഢ്യം ആർജ്ജിക്കാൻ കഴിയുന്നതുപോലെതന്നെ.
സാന്ദർഭികമായി സൂചിപ്പിക്കട്ടെ, ഈ കടന്നൽ തൂണുകളുടെയും മാനുഷ തന്തുക്കളുടെയും സാമ്യം ഒരു പരിണാമപരമായ ബന്ധം തെളിയിക്കുന്നുവോ? സാമ്യം ബന്ധം തെളിയിക്കുന്നുവെന്നാണ് പരിണാമ വാദികൾ പതിവായി വാദിക്കുന്നത്. സംശയലേശമെന്യ സാമ്യം പറ്റാതെ വരുമ്പോൾ, അവർ തങ്ങൾക്കു തോന്നിയതുപോലെയും സൗകര്യപൂർവ്വവും അത് ഒരു യാദൃഛിക സംഭവമായി തള്ളിക്കളയുന്നു. മനുഷ്യർ സമാന തത്വങ്ങൾ വിപുലമായ വ്യത്യസ്ത കണ്ടുപിടുത്തങ്ങളിൽ പ്രയോഗിക്കുന്നതുപോലെ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ് ചെയ്തിരിക്കുന്നു; അതും മനുഷ്യർ ചെയ്യുന്നതിനു വളരെ മുമ്പുതന്നെ. വാസ്തവത്തിൽ ദൈവദത്തമായ നൈസർഗ്ഗീകതയാൽ കടന്നലുകൾ ഭിന്ന നിർമ്മിതികൾക്കുവേണ്ട വ്യത്യസ്തമായ ശക്തിയുടെ ആവശ്യകതകൾ പരിഗണിക്കുകയും പൾപ്പിലെ തടി നാരുകൾ അതിനനുസരിച്ച് ക്രമീകരിക്കയും ചെയ്യുന്നു.
നൈസർഗ്ഗീക ജ്ഞാനത്താൽ തന്നെയാണ് കടന്നലുകൾ തങ്ങളുടെ കൂടുകളിൽ 86 ഡിഗ്രി ഫാരൻഹീറ്റിൽ (30C) ഒരു സ്ഥിരമായ ഊഷ്മാവ് നിലനിർത്തുന്നത്. സ്ഥിരമായ ഊഷ്മാവ് നിലനിർത്തുന്നതിന് കൂടിനുള്ളിലെ ഇടയ്ക്കു വായുനിബദ്ധമായ ശൂന്യസ്ഥലങ്ങളോടുകൂടിയ കടലാസ് നിരകൾ വലുതായി സഹായിക്കുന്നു.—മനുഷ്യർ ഉഷ്ണ വാതായനങ്ങൾ ഉണ്ടാക്കുന്നതുപോലെ തന്നെ. ഒരു പ്രാമാണികൻ ഇങ്ങനെ സൂചിപ്പിച്ചു: “ഈ ബാഹ്യമതിൽ ഒരു 16 ഇഞ്ച് ഇഷ്ടിക മതിൽ പോലെ ചൂടിനും തണുപ്പിനും എതിരേ ഒരു ഫലപ്രദമായ സംരക്ഷണ കവചമായിരിക്കുന്നു.
ഇതുപോലും എപ്പോഴും മതിയാകുന്നില്ല. ഊഷ്മാവ് 86C) ഫാരൻ ഹീറ്റിൽ നിന്നും താഴുമ്പോൾ പണിക്കാരികളായ കടന്നലുകളുടെ ഒരു കൂട്ടം തങ്ങളുടെ ചിറകുകൾ ചലിപ്പിക്കാതെ പറക്കൽ കോശങ്ങൾ ത്വരിതഗതിയിൽ പ്രവർത്തിപ്പിക്കുന്നു. അതായത് ന്യൂട്ടറിൽ നിർത്തിക്കൊണ്ട് ഒരു വാഹനത്തിന്റെ എഞ്ചിൻ പ്രവർത്തിപ്പിക്കുന്നതുപോലെ. ഈ മാംസപേശി പ്രവർത്തനം താപം ഉല്പാദിപ്പിക്കുന്നു. ചൂടു വളരെ ആകുന്നെങ്കിൽ അറകൾ ഈർപ്പം ഉള്ളതാക്കുന്നതിന് കടന്നലുകൾ ജലം കൊണ്ടുവരികയും ആ ജലം ബാഷ്പ്പീകരിക്കുന്നതിന് അവയുടെ ചിറകുകൾ കൊണ്ട് വീശുകയും ചെയ്യുന്നു. അങ്ങനെ കൂട് തണുപ്പിക്കുന്നു. ഒരു കാറിൽ റേഡിയേറ്റർ എഞ്ചിനെ തണുപ്പിക്കുന്നതുപോലെതന്നെ.
ഇപ്പോൾ ദയവായി, അതെങ്ങനെ നടന്നെന്നതിനോ എപ്രകാരം കഴിഞ്ഞുവെന്നതിനോ യാതൊരു തെളിവും കൂടാതെ ഈ ജ്ഞാനമെല്ലാം കേവലം യാദൃച്ഛികതയാൽ സംഭവിച്ചെന്ന് ഞങ്ങളോട് പറയാതിരിക്കുക. ഈ അതിശയിപ്പിക്കുന്ന കടലാസ് നിർമ്മാതാക്കൾ അവയിൽ ഈ ജ്ഞാനം സംവിധാനം ചെയ്തു സൃഷ്ടിക്കപ്പെട്ട ഏകദേശം യന്ത്രമനുഷ്യർ തന്നെയാണ്. “അവ നൈസർഗ്ഗീകമായി ജ്ഞാനമുള്ളവയാകുന്നു.”—സദൃശവാക്യങ്ങൾ 30:24
കടലാസ് നിർമ്മാണത്തിലേക്കു വരുമ്പോൾ അവ ഈജിപ്റ്റുകാരെ ആയിരക്കണക്കിനു വർഷങ്ങൾ പിന്തള്ളിയിരിക്കുന്നു. (g86 5/22)