ഇഗ്വാക്കു ജലപാതങ്ങൾ—ഹരിത വിതാനത്തിലെ രത്നങ്ങൾ
ബ്രസീലിലെ ഉണരുക! ലേഖകൻ
“തെക്കെ അമേരിക്കയിലെ പ്രകൃതിയുടെ ഏററവും ശ്രദ്ധേയമായ അത്ഭുതങ്ങളിലൊന്ന്” എന്നുപറഞ്ഞുകൊണ്ടാണ് ഒരു സർവവിജ്ഞാനകോശം, അർജൻറീനയുടെയും ബ്രസീലിന്റെയും പരാഗ്വേയുടെയും അതിർത്തികൾ സന്ധിക്കുന്നതിനു സമീപം സ്ഥിതിചെയ്യുന്ന പ്രമുഖമായ ഈ വെള്ളച്ചാട്ടങ്ങളെക്കുറിച്ചുള്ള വിവരണം തുടങ്ങുന്നത്. അവയെ പ്രത്യേകിച്ച് ആകർഷകമാക്കുന്നത് അവയുടെ സ്വാഭാവിക പശ്ചാത്തലമാണ്—ഒരു തൊടാത്ത ഉഷ്ണമേഖലാ വനം. സത്യത്തിൽ പച്ചവിരിച്ച പശ്ചാത്തലത്തിൽ സ്ഥാപിച്ചിരിക്കുന്ന രത്നങ്ങൾ. തെക്കെ അമേരിക്കയിലെ വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുക എന്നത് ഒഴിച്ചുകൂടാൻപററാത്ത ഒന്നായിരിക്കുന്നതിൽ അതിശയമില്ല!
ഗുറാനി ഭാഷയിൽ “ഇഗാക്കു” എന്നാൽ “വലിയ വെള്ളം” എന്നാണർത്ഥം. അത് വലുതുമാണ്, എന്തുകൊണ്ടന്നാൽ വെള്ളച്ചാട്ടങ്ങളുടെ ഇടിമുഴക്കംപോലുള്ള ശബ്ദം 30 കിലോമീററർ അകലെ കേൾക്കാൻ കഴിയും. വർഷത്തിലെ ഋതുക്കൾക്കനുസരിച്ച് ഒരുവന്, ഒരു വലിയ ചെങ്കുത്തിലൂടെ 300 വ്യത്യസ്ത വെള്ളച്ചാട്ടങ്ങൾ കീഴോട്ടു നിപതിക്കുന്നത് എണ്ണാൻ കഴിയും. ചില ജലപാതങ്ങൾ ഒരു ചെരിവിലൂടെ ആയിരിക്കുമ്പോൾ മററുള്ളവ പകുതി താഴെയായി ഉന്തിനിൽക്കുന്ന തിട്ടയിൽ പതിച്ചശേഷം മലയിടുക്കിന്റെ അടിയിലേക്ക് മറെറാരു പതനം സംഭവിക്കത്തക്കവണ്ണം ആയിരിക്കുന്നു. മഴക്കാലത്ത്, ഒരു സെക്കൻറിൽ 10,000 ഘനമീററർ വെള്ളം ഈ വെള്ളച്ചാട്ടങ്ങളിലൂടെ ഘോരശബ്ദത്തോടെ നിപതിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ഫലമായി താഴെ കുട്ടകംപോലെ വിസ്തൃതമായ ഭാഗത്ത് മൂടൽമഞ്ഞിന്റെയും ജലകണങ്ങളുടെയും കൂട്ടം ഉളവാക്കപ്പെടുന്നു, അത് വെയിലുള്ള ഒരു ദിവസം പകൽ മുഴുവൻ വർണ്ണാഭമായ മഴവില്ലുകളുടെ ഒരു പരമ്പര കാഴ്ചവെക്കുന്നു.
ഈ അത്ഭുതകരമായ പ്രദർശനത്തിന്റെ മുഖ്യ ഭാഗം, ഒരു വിനോദയാത്രാ ലഘുപത്രികയിൽ “മുഴു പ്രദർശനത്തിന്റെയും ഏററവും പ്രൗഢിയേറിയ ദൃശ്യ”മെന്ന് വർണ്ണിച്ചിരിക്കുന്ന, “ഏകദേശം 90 മീററർ ഉയരമുള്ള തൂക്കായ പാറകളിൽ കൂട്ടിയിടിക്കുന്ന പതിനാലു ജലപാതങ്ങളുടെ വൃത്തം,” പ്രസിദ്ധമായ ഗാർഗാണ്ടാ ഡോ ഡയാബൊ (പിശാചിന്റെ തൊണ്ട, അല്ലെങ്കിൽ മലയിടുക്ക്) ആണ്.
ഈ ജലപാതങ്ങൾ കാണുന്നതിനുള്ള ഏററവും നല്ല മാർഗ്ഗം ഹെലികോപ്ററർ ഉപയോഗിക്കുന്നതാണ്. അത്തരത്തിലുള്ള ഒരു യാത്രക്കുശേഷം, ഒരു വിനോദസഞ്ചാരി പറഞ്ഞു: ‘താഴത്തെ മനോഹരദൃശ്യത്തെ സംബന്ധിച്ചുള്ള ഞങ്ങളുടെ വിലമതിപ്പ് ഞങ്ങളുടെ പൈലററ് മനസ്സിലാക്കിയതായി തേന്നി. അദ്ദേഹം മിക്കപ്പോഴും ചെയ്യുന്നതിൽ നിന്നു വിഭിന്നമായി, വീക്ഷണതലത്തിൽനിന്ന് ദൂരെപോകുന്നതിനു പകരം ആ മലയിടുക്കിന്റെ മുഴുനീളവും അങ്ങോട്ടും ഇങ്ങോട്ടും പലപ്രാവശ്യം കടന്നുപോയി. യഹോവയുടെ സൃഷ്ടിക്രിയകളുടെ ഈ അത്ഭുതകരമായ പ്രദർശനം മുദ്രണം ചെയ്തുകൊണ്ട് ഞങ്ങളുടെ ക്യാമറാകളും വീഡിയോകളും സ്ഥിരമായി ഉപയോഗത്തിലായിരുന്നു.’
മററു സന്ദർശകർ തങ്ങൾക്കുവേണ്ടി തയ്യാറാക്കപ്പെട്ടിരുന്ന പല വഴികളിൽകൂടിയും മാർഗ്ഗങ്ങളിൽകൂടിയും കേവലം അലസഗമനം ചെയ്യുന്നതുകൊണ്ട് തൃപ്തരായിരുന്നു. ബ്രസ്സീലിന്റെ ഭാഗത്തുനിന്ന് ഒരുവന് ജലപാതങ്ങളുടെ ഒരു പൂർണ്ണ, വിശാലദൃശ്യം ലഭിക്കും, അതേസമയം അർജൻറീനയുടെ ഭാഗത്തുനിന്ന് ഓരോ ജലപാതത്തിന്റെയും നെടുകെ സഞ്ചരിക്കാനും ചില സ്ഥലങ്ങളിൽ ഒരു ഭൂഭാഗത്തുനിന്ന് മറെറാന്നിലേക്ക് കുറുകെ കോൺക്രീററ് ചെയ്തിരിക്കുന്ന നടപ്പാതയിലൂടെ കടക്കാനും കഴിയും. മിക്ക സന്ദർശകരും, വിദൂരതയിലെ ചക്രവാളത്തിലേക്ക് വ്യാപിച്ചുകിടക്കുന്ന ഇടതൂർന്ന മഴവനങ്ങളുടെ ആഡംബരപൂർവകമായ ഹരിതവർണ്ണത്താൽ പശ്ചാത്തലമൊരുക്കപ്പെട്ട ദൃശ്യത്താൽ തങ്ങളുടെ കണ്ണുകൾക്ക് വിരുന്നേകിക്കൊണ്ടും തങ്ങളുടെ ക്യാമറാകൾ പ്രവർത്തിപ്പിച്ചുകൊണ്ടും രണ്ടും ചെയ്യുന്നു.
ജാഗ്രതയുള്ളവരായിരിക്കുന്നവർ, മീവൽപക്ഷികൾ ജലകണികകളുടെ മേഘത്തിനുള്ളിലേക്കും പുറത്തേക്കും പിന്നീട് കീഴോട്ട് പറക്കുന്നതിനു മുമ്പ് വൃക്ഷങ്ങളുടെ മുകളിലേക്കും ദ്രുതചലനംചെയ്യുന്നത് കാണും. അല്ലെങ്കിൽ അവർ, പരുക്കൻസ്വരത്തിൽ പാടുന്ന പച്ചത്തത്തകളുടെ കൂട്ടം, ജലപാതത്തിന്റെ മുകളിൽ വളരെ ആഴമില്ലാത്ത ഭാഗത്ത് ഊളിയിടുന്നതും ഉന്തിനിൽക്കുന്ന പാറയിൽ അള്ളിപ്പിടിച്ചിരിക്കയും പെട്ടെന്നുതന്നെ പുനഃപ്രത്യക്ഷപ്പെടുകയും മരങ്ങളുടെ മുകളിലേക്ക് പറക്കുകയും അവിടെ അവ തങ്ങളുടെ കൊക്കുകൾകൊണ്ട് തൂവലുകൾ മിനുക്കുകയും ചെയ്യുന്നതും കാണും. സന്ദർശകർ കൂടുതൽ അടുത്തു വീക്ഷിക്കുന്നെങ്കിൽ, ചുവന്ന പൃഷ്ഠഭാഗത്തോടുകൂടിയ കാസിക്ക് എന്ന ഒരിനം ഏളപ്പക്ഷിയുടെ തൂങ്ങിക്കിടക്കുന്ന നീണ്ട കൂടുകൾ കാണും. ഈ പക്ഷികൾ കോളനികളിൽ വസിക്കുന്നു, നീണ്ട പുൽനാരുകൊണ്ടു നിർമ്മിച്ച അവയുടെ കൂടുകൾ വൃക്ഷത്തിന്റെ താഴത്തെ വലിയ ശിഖരങ്ങളിൽ തൂങ്ങിക്കിടക്കുന്നു. അനേകം ഇനങ്ങളിൽപെട്ട ചിത്രശലഭങ്ങളോടൊന്നിച്ച് ഇവയെല്ലാം ജലപാതങ്ങളിലേക്കുള്ള സന്ദർശനത്തിന് ഒരു പുളകപ്രദമായ അനുഭവം പ്രദാനംചെയ്യുന്നു.
യഥാർത്ഥത്തിൽ, ഇഗ്വാക്കു ജലപാതങ്ങൾ പൂർണ്ണമായി വിലമതിക്കുന്നതിന് അതു കാണുകയും കേൾക്കുകയും തന്നെ ചെയ്യണം. പ്രകൃതി സൗന്ദര്യത്തിന്റെ ഈ അത്യത്ഭുതകരമായ പ്രദർശനത്തിനു പശ്ചാത്തലമൊരുക്കുന്ന, 1939-ൽ സ്ഥാപിക്കപ്പെട്ട ബ്രസ്സീലിന്റെ ഇഗ്വാക്കു നാഷനൽ പാർക്കിൽ ഓരോ വർഷവും ആയിരക്കണക്കിനു വിനോദ സഞ്ചാരികൾ സന്ദർശിച്ചുകൊണ്ടിരിക്കുന്നു. അവർ നിരാശിതരായിത്തീരുന്നില്ല, തെക്കെ അമേരിക്കയിലേക്കുള്ള നിങ്ങളുടെ അടുത്ത യാത്രയിൽ ഇത് ഉൾപ്പെടുത്തുന്നുവെങ്കിൽ നിങ്ങളും നിരാശിതരാകയില്ല. (g91 1/22)
[10,11 പേജുകളിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഇഗ്വാക്കു ജലപാതങ്ങൾ
പരാഗ്വേ
അർജൻറീന
ബ്രസീൽ