കൊളോസിയം—പുരാതന റോമിന്റെ “ഉല്ലാസ”കേന്ദ്രം
ഇററലിയിലെ ഉണരുക! ലേഖകൻ
“കൊളോസിയം, വളരെ വിഖ്യാതമായ റോമിന്റെ പുരാതന കീർത്തിസ്തംഭങ്ങളിൽ ഒന്ന്; അതിന്റെ മുൻ പ്രതാപത്തിന്റെയും അധികാരത്തിന്റെയും ഒരു പ്രതീകവും വൻ ക്രൂരതകളുടെ ഒരു ദൃക്സാക്ഷിയും,” എന്ന് തന്റെ സുഹൃത്തുക്കളായ മാർക്കോയുടെയും പോളൊയുടെയും ഒരു ടൂർഗൈഡായി പ്രവർത്തിക്കുന്ന ലൂക്കാ പറയുന്നു.
ഒരുപക്ഷേ കൊളോസിയത്തേക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളും ആഗ്രഹിച്ചേക്കാം—അത് പണിയപ്പെട്ടതെപ്പോഴെന്നും അവിടെ എന്തു പ്രദർശനങ്ങൾ നടന്നിരുന്നുവെന്നും തന്നെ. ആദിമ ക്രിസ്ത്യാനികളിൽ ആരെങ്കിലും അവിടെ പോയിരുന്നോ? ചിലർ വിശ്വസിക്കുന്നതുപോലെ അവർ അവിടെ മരിക്കുകയും കാട്ടുമൃഗങ്ങളാൽ ചീന്തപ്പെടുകയും ചെയ്തോ? ശരി, തന്റെ സ്നേഹിതരോട് ലൂക്കായ്ക്ക് എന്താണ് പറയാനുള്ളതെന്ന് ശ്രദ്ധിക്കാം.
ലൂക്കാ: “കൊളോസിയം ഫേവ്ളിയ കുടുംബത്തിലെ ചക്രവർത്തിമാരുടെ: വെസ്പേഷ്യന്റെയും ടൈററസിന്റെയും ഡൊമീഷ്യന്റെയും സംയുക്തമായ നിർമ്മാണവേല ആയിരുന്നതുകൊണ്ട് അത് ആദ്യം ഫേവ്ളിയൻ ആംഫിതിയററർ എന്ന് വിളിക്കപ്പെട്ടിരുന്നു. വെസ്പേഷ്യൻ ക്രി.വ. 72 മുതൽ 75 വരെയുള്ള വർഷങ്ങളിൽ നിർമ്മാണവേല തുടങ്ങി, അദ്ദേഹത്തിന്റെ മകനായ ടൈററസ് വേല തുടരുകയും ക്രി.വ. 80ൽ കെട്ടിടം ഉൽഘാടനം ചെയ്യുകയും ചെയ്തു, പിന്നീട് അയാളുടെ സഹോദരനായ ഡൊമീഷ്യൻ അത് പൂർത്തിയാക്കുകയും ചെയ്തു.”
പോളൊ: “എന്നാൽ അത് കൊളോസിയം എന്ന് വിളിക്കപ്പെട്ടതെന്തുകൊണ്ട്?”
ലൂക്കാ: “അത് രസകരമായ ഒരു ചോദ്യമാണ്, എന്നാൽ അതിന് തീർച്ചയായ ഒരു ഉത്തരമില്ല. ക്രി.വ. 8-ാം നൂററാണ്ടുവരെ പോർക്കളം കൊളോസിയം എന്ന് വിളിക്കപ്പെട്ടിരുന്നില്ലെന്നു തോന്നുന്നു. അതിന്റെ ബൃഹത്തായ ആകാരത്തിൽ നിന്നാണ് പേരുവന്നതെന്ന് ചിലർ കരുതുന്നു. അടുത്തുള്ള നീറോയുടെ വൻപ്രതിമ നിമിത്തമാണെന്ന് മററുള്ളവർ പറയുന്നു, നീറോയെ സൂര്യദേവനായി പ്രതിനിധാനം ചെയ്യുന്ന ഏതാണ്ട് 110 അടി ഉയരമുള്ള ബൃഹത്തായ ഒരു പ്രതിമതന്നെ.
“അത് റോമൻ ആംഫീതിയറററുകളിൽ ഏററവും വലുതായിരുന്നുവെന്ന് വെറുതെ പറയുന്നത് കുറെ വിശദീകരണം കൂടാതെ അർത്ഥവത്തായിരിക്കുകയില്ല. ഉദാഹരണത്തിന്, അത് അണ്ഡാകൃതിയിൽ നിർമ്മിക്കപ്പെട്ടു, വലിയ അക്ഷം 188 മീറററും ചെറിയ അക്ഷം 156 മീറററും തന്നെ. അതിന് 527 മീററർ ചുററളവുണ്ട്, അത് 57 മീററർ ഉയരമുള്ളതുമാണ്. വേലക്ക് പതിനായിരക്കണക്കിനു ടൺ ചുണ്ണാമ്പുകല്ലും, സമീപത്തുള്ള ററിവോളി പട്ടണത്തിൽനിന്ന് വെട്ടിയെടുക്കുന്ന ഒരുതരം മാർബിൾ, ആ മാർബിൾ കട്ടകളെ യോജിപ്പിച്ചുനിർത്തുന്നതിന് 300 ടൺ ഇരുമ്പും ആവശ്യമായിരുന്നു. നിർമ്മാതാക്കൾ നാം ഇന്ന് പ്രീഫാബ്രിക്കേററട് എന്നു വിളിക്കുന്ന വസ്തുക്കൾ ധാരാളമായി ഉപയോഗിക്കുകയുണ്ടായി. തൂണുകളും കട്ടകളും മററു സ്ഥലങ്ങളിൽവെച്ച് ഉണ്ടാക്കുകയും നിർമ്മാണ സ്ഥലത്തേക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു. ഇത് കൊളോസിയം നിർമ്മിക്കപ്പെട്ടതിന്റെ വേഗത വിശദമാക്കുന്നു. ചിന്തിച്ചുനോക്കൂ, ഈ ബൃഹത്തായ ഘടന പടുത്തുയർത്തുന്നതിന് അഞ്ചിനും എട്ടിനും ഇടക്ക് വർഷങ്ങളേ വേണ്ടിവന്നുള്ളു.”
മാർക്കോ: “ലൂക്കാ, കൊളോസിയത്തിൽ എത്ര അടിമകൾ വേലചെയ്തിട്ടുണ്ടാകും എന്ന് ഞാൻ ആലോചിക്കുകയായിരുന്നു!”
ലൂക്കാ: “യുദ്ധത്തടവുകാർ ഭാരിച്ച ജോലിക്ക് ഉപയോഗിക്കപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്, അതു മാത്രം. നിർമ്മാണം പൂർത്തീകരിച്ചതിന്റെ വേഗതയും ഉപയോഗിച്ചിരിക്കുന്ന വൈവിദ്ധ്യമാർന്ന ഘടകങ്ങളും വിദഗ്ദ്ധരായ ജോലിക്കാരും ശിൽപികളും ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നു.”
പോളൊ: “കൊളോസിയത്തിന് എത്ര നിലകളുണ്ട്?”
ലൂക്കാ: “തീർത്തും സമാനമായ കമാനങ്ങളോടുകൂടിയ മൂന്നു നിലകൾ പുറമെനിന്നുതന്നെ നിങ്ങൾക്കു കാണാൻ കഴിയും. ആദ്യം ഓരോ കമാനവും ഒരു പ്രതിമകൊണ്ട് അലങ്കരിച്ചിരുന്നു, ഓരോ നിലയിലും 80 കമാനങ്ങളും ഉണ്ടായിരുന്നു. മൂന്നാം നിലയുടെ മുകളിലായി ഭിത്തിയിൽ വലിയ ദീർഘചതുര ജനാലകളോടുകൂടിയ നാലാമതൊരെണ്ണം നിങ്ങൾക്കു കാണാൻ കഴിയും.”
മാർക്കോ: “അതിന് എത്ര കാഴ്ചക്കാരെ ഉൾക്കൊള്ളാൻ കഴിയും?”
ലൂക്കാ: “ഏതാണ്ട് 45,000 പേർക്ക് ഇരിക്കാനും 5,000 പേർക്ക് നിൽക്കാനും കഴിയുമായിരുന്നുവെന്ന് ഭൂരിപക്ഷം പരാമർശ ഗ്രന്ഥങ്ങളും സൂചിപ്പിക്കുന്നു. അതിന് 70,000-ത്തിലധികം കാഴ്ചക്കാരെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നുവെന്ന് ചില ഉറവുകൾ അവകാശപ്പെടുന്നു. ഏതായാലും അതിന് ഗണ്യമായ ഒരു ശേഷിയുണ്ടായിരുന്നു. പോർക്കളത്തിന്റെ ഇരിപ്പിടഭാഗം മൂടുന്ന ഒരു വലിയ ആവരണത്താൽ അഥവാ വെലേറിയത്താൽ സദസ്സ് സംരക്ഷിക്കപ്പെട്ടിരുന്നു.
“പതിമൂന്നു മീററർ കനമുള്ള ഒരു കോൺക്രീററ് പീഠത്തിലാണ് ആംഫീതിയററർ പണിയപ്പെട്ടിരുന്നത്, നൂററണ്ടുകളിലൂടെയുള്ള അതിന്റെ നിലനിൽപിന് അതു കാരണമായി. എന്നിരുന്നാലും കൊളോസിയത്തിന്റെ ഏററവും വലിയ ശത്രുക്കൾ നാന കാലഘട്ടത്തിലെയും ബരോക്ക് കാലഘട്ടത്തിലെയും നിർമ്മാതാക്കൾ ആയിരുന്നു, അവർ ചുണ്ണാമ്പുകല്ലും മാർബിളും എളുപ്പം ചെലവുകുറഞ്ഞവിധത്തിൽ എടുക്കാവുന്ന ഒരു ഉറവായി അതിനെ ഉപയോഗിച്ചു. അവിടെനിന്നും എടുത്ത വസ്തുക്കൾ ഉപയോഗിച്ച് റോമിലെ ചില കെട്ടിടങ്ങൾ നിർമ്മിക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്തു. എന്നാൽ നമുക്ക് ഇപ്പോൾ അകത്തേക്കു പോകാം.”
പോളാ: “മനസ്സിനെ വശീകരിക്കുന്ന ശൂന്യശിഷ്ടങ്ങൾ! ആ കേന്ദ്രഭാഗത്ത് എന്താണ് നടന്നിരുന്നതെന്ന് എന്നോടു പറയൂ, ലൂക്കാ”
ലൂക്കാ: “അത് പ്രദർശനങ്ങൾക്കുള്ള സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഭൂഗർഭപ്രദേശമാണ്. സ്റേറജ് ദൃശ്യങ്ങൾ അവിടെ സൂക്ഷിച്ചിരുന്നു, കാട്ടുമൃഗങ്ങൾക്കും ആയുധങ്ങൾക്കും ഗോദായിലേക്ക് മല്ലയുദ്ധം നടത്തുന്നതിനുള്ള മൃഗങ്ങളെയും മനുഷ്യരെയും പൊക്കിക്കൊണ്ടുവരുന്നതിനുള്ള ലിഫ്ററുകൾക്കുമുള്ള ഗുഹകളും അവിടെയായിരുന്നു. ഭൂഗർഭ പ്രദേശത്തെ മൂടുന്ന പോർക്കളം മരംകൊണ്ടുണ്ടാക്കിയതായിരുന്നു. അതിന്റെ അവശിഷ്ടമൊന്നും കാണാത്തത് എന്തുകൊണ്ടെന്ന് അതു വിശദമാക്കുന്നു. പോർക്കളത്തിനു ചുററും ഉയരത്തിലുള്ള ലോഹംകൊണ്ടുള്ള വല കെട്ടിയിരുന്നു. തൂണുകൾ നാട്ടിനിർത്തിയിരുന്ന ഈ വലയിൽ കാട്ടുമൃഗങ്ങൾ കയറുന്നതു തടഞ്ഞിരുന്ന ആണികളും ആനക്കൊമ്പുകൊണ്ടുള്ള ഉരുളുകളും ഉണ്ടായിരുന്നു. കൂടുതൽ ജാഗ്രതയ്ക്കായി അനവധി വില്ലാളികളെയും പോർക്കളത്തിനു ചുററും നിർത്തിയിരുന്നു.”
പോളൊ: “കാഴ്ചക്കാർക്ക് അകത്തു പ്രവേശിക്കാൻ ഫീസ് കൊടുക്കണമായിരുന്നോ?”
ലൂക്കാ: “ഇല്ല, കൊളോസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. ഇത് ആളുകളെ നിയന്ത്രണത്തിൽ നിർത്തുന്നതിന് സൗജന്യവിനോദം പ്രദാനം ചെയ്തിരുന്ന ചക്രവർത്തിമാരുടെ നയത്തിന്റെ ഭാഗമായിരുന്നു. യഥാർത്ഥത്തിൽ, ഈ പ്രദർശനങ്ങൾ ജനത്തിന്റെ മനഃസാക്ഷിയെ ദുഷിപ്പിച്ച ഒരു മയക്കുമരുന്നുപോലെ ആയിരുന്നു. തിന്നാനും സുഖിക്കാനും വേണ്ടി ജീവിച്ചിരുന്ന റോമൻ ജനതയുടെ സ്വഭാവത്തെക്കുറിച്ച് അനുശോചിച്ചുകൊണ്ട് റോമൻ കവിയായിരുന്ന ജൂവെനൽ പാനെം എററ് സെർസെൻസെസ്, ‘അപ്പവും സർക്കസും’ എന്ന പ്രസിദ്ധമായ ശൈലി ഉപയോഗിച്ചു.
“റോമൻ സമുദായം വർഗ്ഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു, പോർക്കളത്തിലെ ഇരിപ്പിടങ്ങളുടെ വിഭജനം സൂചിപ്പിക്കുന്നതുപോലെ തന്നെ. മുൻ ഇരിപ്പിടങ്ങൾ സെനററർമാർക്കായി കരുതിവെക്കപ്പെട്ടിരുന്നു. അതിന്റെ പിന്നിൽ മാന്യൻമാർക്കായുള്ള ഇരിപ്പിടങ്ങളും ശേഷിക്കുന്ന മുകളിലേക്കുള്ളവ സ്ത്രീകൾക്കും അടിമകൾക്കും വേണ്ടിയുള്ളതും ആയിരുന്നു.”
മാർക്കോ: “മല്ലയുദ്ധം നടത്തിയിരുന്നവർ പൊരുതിയിരുന്നത് ഇവിടെ ആയിരുന്നോ?”
ലൂക്കാ: “അതെ. മുഖ്യമായും രണ്ടുതരം പ്രദർശനങ്ങൾ ഉണ്ടായിരുന്നു, രണ്ടു പോരാളികൾ തമ്മിലുള്ള പോരാട്ടമാകുന്ന മുനേറയും കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന വെനേഷൻസും. കൂടാതെ, നിരായുധരായി പോരാളികളുടെ മുമ്പിലേക്ക് വിട്ടുകൊടുത്തുകൊണ്ടോ കാട്ടുമൃഗങ്ങൾക്ക് എറിഞ്ഞുകൊടുത്തുകൊണ്ടോ കുററപ്പുള്ളികളെ ഇവിടെ കൊലചെയ്തിരുന്നു. അവരുടെ മരണം പൊതുജനങ്ങളുടെ ‘ഉല്ലാസ’ത്തിനുവേണ്ടി ഭീകരമായ ഒരു കാഴ്ച പ്രദാനംചെയ്തു.”
പോളൊ: “എന്റെ ഓർമ്മ ശരിയാണെങ്കിൽ പോരാളികൾ അടിമകൾ ആയിരുന്നു, ശരിയാണോ?”
ലൂക്കാ: “അതെ, അധികവും തങ്ങളുടെ ജീവൻ രക്ഷിക്കാൻവേണ്ടി ഏതു ജോലിയും സ്വീകരിച്ചിരുന്ന യുദ്ധത്തടവുകാരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അടിമകൾതന്നെ. ചിലർ മരണശിക്ഷ ഒഴിവാക്കാൻ മല്ലയുദ്ധങ്ങളിൽ കുറച്ചുകൂടെ നല്ല അവസരത്തിനായി നോക്കിയിരുന്ന കുററപ്പുള്ളികളായിരുന്നു. മററുള്ളവർ പോരാളികളായി സ്വമേധയാ അർപ്പിച്ചവരായിരുന്നു. അവരുടെ തൊഴിൽ ആരംഭിക്കുന്നതിനുമുമ്പ് അവരെ പരിശീലിപ്പിക്കുന്ന സ്കൂളുകൾ ഉണ്ടായിരുന്നു. പോരാട്ടത്തിന് വാൾ അഥവാ കുന്തവും പരിചയും അഥവാ വലയും മുപ്പല്ലിയും ഉപയോഗിക്കാൻ അവരെ അനുവദിച്ചിരുന്നു. അവ ലൂദി ഗ്ലാഡിയേറെറാറി, ദ്വന്ദ്വയുദ്ധ കളികൾ എന്ന് വിളിക്കപ്പെട്ടിരുന്നെങ്കിൽ പോലും അത്തരം ഏററുമുട്ടലുകൾ പലപ്പോഴും മൽസരികളിൽ ഒരാളുടെ മരണത്തിൽ ചെന്നവസാനിക്കുന്ന ദാരുണദൃശ്യങ്ങൾ ആയിരുന്നു.”
മാർക്കോ: “വാസ്തവത്തിൽ, പോരാളികൾ പോർക്കളത്തിലേക്ക് പ്രവേശിക്കുമ്പോൾ അവർ ‘കൈസർ ജയജയ, മരിക്കാൻ പോകുന്നവർ നിന്നെ സല്യൂട്ട് ചെയ്യട്ടെ’ എന്നർത്ഥമുള്ള ‘ആവെ, കൈസർ, മൊറിടൂറി ററി സല്യൂട്ടൻറ്’ എന്ന വാക്കുകളോടെ ചക്രവർത്തിയെ വന്ദിച്ചിരുന്നതായി ഞാൻ ഓർക്കുന്നു.”
പോളൊ: “പരാജയപ്പെടുന്ന പോരാളിയെ മരണത്തിനു വിധിക്കുന്നതിന് ചക്രവർത്തി തള്ളവിരൽ കീഴോട്ടാക്കി കൈ നീട്ടുന്ന ചലച്ചിത്രത്തിലെ രംഗത്തെ സംബന്ധിച്ചെന്ത്—അത് യഥാർത്ഥത്തിൽ സംഭവിച്ചിരുന്നോ?”
ലൂക്കാ: “ഉവ്വ്, അതു സംഭവിച്ചിരുന്നു. ആദിമ കാലങ്ങളിൽ ജയിക്കുന്നയാളാണ് പരാജയപ്പെടുന്നവരുടെ വിധി നിർണ്ണയിച്ചിരുന്നത്. പിൽക്കാലത്ത് ഈ അവകാശം ചക്രവർത്തിക്കുതന്നെ നൽകപ്പെട്ടു, ജനങ്ങളുടെ വിധി അറിഞ്ഞശേഷം അദ്ദേഹം തീരുമാനമെടുത്തിരുന്നു. പരാജയമടഞ്ഞയാൾ ധീരമായി പൊരുതിയെന്ന് കാണികൾ കരുതുന്നെങ്കിൽ അവർ തള്ളവിരൽ ഉയർത്തി അയാളുടെ ജീവൻ രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ‘മിറെറ’ (അവനെ വിടുക!) എന്ന് അലറുമായിരുന്നു. ചക്രവർത്തിയും തള്ളവിരൽ ഉയർത്തിക്കാണിക്കുന്നെങ്കിൽ പരാജിതൻ ജീവിക്കാൻ അനുവദിക്കപ്പെട്ടിരുന്നു. പകരം, പരാജിതൻ ഭീരുത്വം കാണിച്ചതായി കാണികൾ കരുതുന്നെങ്കിൽ അവർ തള്ളവിരൽ താഴ്ത്തി ‘ഇഗുലാ’ (അവനെ കൊല്ലുക) എന്ന് അലറുമായിരുന്നു. ചക്രവർത്തിയും അതേ ആംഗ്യം ആവർത്തിക്കുന്നെങ്കിൽ പരാജയപ്പെട്ട പോരാളിയുടെ മരണവിധി ഉച്ചരിക്കപ്പെട്ടിരിക്കും. വധനിർവഹണത്തിന് വിജയിയുടെ മുമ്പാകെ തന്റെ കഴുത്തു നീട്ടിക്കൊടുക്കുക മാത്രമേ അയാൾക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളു. ഇതെല്ലാം ജനക്കൂട്ടത്തിന്റെ കയ്യടിയുടെയും പുകഴ്ത്തലിന്റെയും മദ്ധ്യേ ആയിരുന്നു. അതിനുശേഷം വിജയിക്ക് വിലപിടിച്ച സമ്മാനങ്ങളും സ്വർണ്ണനാണയങ്ങളും നൽകിയിരുന്നു.”
മാർക്കോ: “എന്തൊരു ക്രൂരമായ പ്രദർശനം!”
ലൂക്കാ: “ഓ, അതെ! അക്ഷരാർത്ഥത്തിൽ മാനുഷരക്തം ഒഴുകി, കൊല്ലപ്പെട്ട വന്യമൃഗങ്ങളുടെ രക്തത്തിന്റെ കാര്യം പറയുകയും വേണ്ട. മൃഗങ്ങൾ ഉൾപ്പെട്ട പ്രദർശനങ്ങൾ പലപ്പോഴും ആധുനിക നാളിലെ ഒരു സർക്കസ് കൂടാരത്തിൽ നാം കാണുന്നതുപോലെ പരിശീലകന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന പരിശീലിത മൃഗങ്ങളുടെ ലളിതമായ പ്രകടനങ്ങൾ ആയിരുന്നു. എന്നാൽ അതിലും അധികമായി കാട്ടുമൃഗങ്ങൾ അന്യോന്യം പോരാടുകയോ പിൻതുടർന്ന് കൊല്ലപ്പെടുകയോ ചെയ്തിരുന്നു. അത് യഥാർത്ഥത്തിൽ കുരുതിതന്നെയായിരുന്നു. ആലോചിച്ചു നോക്കൂ, കൊളോസിയം ഉൽഘാടനം ചെയ്യപ്പെട്ടപ്പോൾ ഒററ ദിവസം 5,000 കാട്ടുമൃഗങ്ങൾ കൊല്ലപ്പെട്ടു!”
പോളൊ: “ആളുകൾക്ക് എങ്ങനെ അത്തരം കാര്യങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് ഞാൻ അതിശയിക്കുകയാണ്.”
ലൂക്കാ: “കൊള്ളാം, ഇന്നത്തെ ബോക്സിങ് മൽസരങ്ങളെക്കുറിച്ചു ചിന്തിക്കുക. പരാജിതനെ ബോധരഹിതനായി ഇടിച്ചു തറയിൽ വീഴിക്കുന്നതും അയാളുടെ മുഖത്തുകൂടെ രക്തം ചീററുന്നതും കാണുമ്പോൾ സദസ്സ് അംഗീകാരത്തോടെ ആർത്തട്ടഹസിക്കുന്നു. അഥവാ രക്തവും മരണവും കുത്തിക്കീറലും കാണിക്കുന്നതിനാൽ പൊതുജനങ്ങളെ പുളകംകൊള്ളിക്കാൻ ശ്രമിക്കുന്ന ചലച്ചിത്രങ്ങളാൽ ആകർഷിക്കപ്പെടുന്ന ആളുകളെ സംബന്ധിച്ചെന്ത്? ആളുകൾ ഇന്ന് ഒട്ടും വേദകത്വമുള്ളവരല്ല.
“അതുകൊണ്ട് പോർക്കളങ്ങൾ അക്രമത്തിന്റെയും അഴിമതിയുടെയും സ്ഥലങ്ങൾ ആയിരുന്നു. ഇക്കാരണത്താൽ ആദിമ ക്രിസ്ത്യാനികൾ അവിടെ സന്ദർശിക്കാതിരിക്കാൻ ശ്രദ്ധയുള്ളവരായിരുന്നു. വാസ്തവത്തിൽ, മൂന്നാം നൂററാണ്ടിലെ എഴുത്തുകാരനായിരുന്ന തെർത്തുല്യൻ ഡി സ്പെക്ററാക്കുലിസ് എന്ന തന്റെ ഗ്രന്ഥത്തിൽ, പോർക്കളത്തിൽ നടന്നിരുന്നത് ‘മ്ലേച്ഛത’ യായി നിർവചിക്കുകയും പോർക്കളം ക്രിസ്ത്യാനികൾക്ക് തീർത്തും അന്യമായിരുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു.”
മാർക്കോ: “പോർക്കളത്തിൽ ചില ക്രിസ്ത്യാനികൾ രക്തസാക്ഷിമരണം വരിച്ചിരിക്കാൻ ഇടയുണ്ടോ?”
ലൂക്കാ: “ക്രിസ്ത്യാനികൾ നിസംശയമായും റോമൻ പോർക്കളങ്ങളിൽ മരിച്ചിട്ടുണ്ട്, കാട്ടുമൃഗങ്ങളാൽ ചീന്തപ്പെട്ടിട്ടുണ്ട്. ചരിത്രരേഖകൾ ഇതു തെളിയിക്കുന്നു. എഫേസൂസിലെ പോർക്കളത്തിൽ മൃഗയുദ്ധം ചെയ്തതിനെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 15: 32ൽ പറയുന്നത് അതായിരിക്കാം.
“തീർച്ചയായും, റോമിൽ എവിടെയെങ്കിലും ക്രിസ്ത്യാനികൾ രക്തസാക്ഷിമരണം അനുഭവിച്ചിട്ടുണ്ടാകും, എന്നാൽ അവർ കൊളോസിയത്തിൽ കൊല്ലപ്പെട്ടുവെന്നു പറയുക അസാദ്ധ്യമാണ്. യൂണിവേഴ്സൽ എൻസൈക്ലോപീഡിയാ വാല്യം 4, ഇപ്രകാരം പറയുന്നു: ‘കൊളോസിയം ക്രിസ്തീയ രക്തസാക്ഷിമരണത്തിന്റെ സ്ഥലമായിരുന്നുവെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല.’ എന്നിരുന്നാലും, പല കത്തോലിക്കാ ഗ്രന്ഥകാരൻമാരും അങ്ങനെയായിരുന്നുവെന്ന് അവകാശപ്പെടുന്നു. അവർ കാലാകാലങ്ങളിൽ ഉടലെടുത്തതും കത്തോലിക്കാ പുരോഹിതൻമാർ അംഗീകരിച്ചതുമായ കെട്ടുകഥകളിൽ തങ്ങളുടെ ആശയങ്ങൾ അടിസ്ഥാനപ്പെടുത്തുന്നു.
“എന്നുവരികിലും, ക്രിസ്തുവിന്റെ പുരാതന അനുഗാമികൾ ഒരു അക്രമാസക്ത ലോകത്തിൽ നിഷ്പക്ഷരായി നിലകൊള്ളുന്നതിൽ മരണത്തോളം വിശ്വസ്തരായിരുന്നു എന്ന വസ്തുതയാണ് ഇന്ന് ക്രിസ്ത്യാനികളെ പരിപുഷ്ടിപ്പെടുത്തുന്നത്. അവരുടെ രക്തസാക്ഷിമരണം എവിടെ സംഭവിച്ചുവെന്ന് അറിയുന്നതല്ല പിന്നെയോ അവർ പൂർണ്ണമായി നിർമ്മലത പാലിച്ചുവെന്ന് അറിയുന്നതാണ് പ്രധാന കാര്യം.
“റോമൻ ശിൽപകലയുടെ ഈ വമ്പൻ സൗധത്തിലെ നിങ്ങളുടെ സന്ദർശനം നിങ്ങൾ ആസ്വദിച്ചോ?”
“തീർച്ചയായും, താങ്കളുടെ നല്ല വിശദീകരണങ്ങൾക്കും നന്ദി”, പോളൊയും മാർക്കോയും ഉത്തരം നൽകുന്നു.
ചരിത്രത്തിലൂടെ നമ്മോടു സംസാരിക്കുന്ന കല്ലുകൾക്ക് രസകരമായ പല കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയും. കൊളോസിയം ശിൽപകലയുടെയും നിർമ്മാണത്തിന്റെയും മണ്ഡലത്തിൽ പുരാതന റോമാക്കാരുടെ അസാധാരണമായ താലന്തുകൾ വിശേഷവൽക്കരിക്കുന്നു. അവർ പാലങ്ങളുടെയും റോഡുകളുടെയും അക്വിഡക്ററുകളുടെയും നാടകശാലകളുടെയും പോർക്കളങ്ങളുടെയും ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും നിർമ്മാതാക്കളായിരുന്നു. എന്നിരുന്നാലും, ക്രിസ്ത്യാനികൾ കഴിഞ്ഞകാലത്തും ഇക്കാലത്തും കാണികളായിട്ടോ പങ്കെടുക്കുന്നവരായിട്ടോ പങ്കുപററാൻ വിസമ്മതിക്കുന്ന ബീഭൽസമായ പ്രദർശനങ്ങളുടെ രംഗമായിരുന്നു കൊളോസിയം. (g91 4/8)
[28-ാം പേജിലെ ചിത്രം]
ഇന്ന് കൊളോസിയത്തിന്റെ ഉൾഭാഗം
[29-ാം പേജിലെ ചിത്രം]
കൊളോസിയം അതിന്റെ മങ്ങിയ പ്രതാപത്തിൽ