കൊളോസിയവും ബൈബിൾ പ്രവചനവും
ഇറ്റലിയിലെ ഉണരുക! ലേഖകൻ
ഇറ്റലിയിലെ റോമൻ കൊളോസിയത്തിൽ കാണപ്പെട്ട ഒരു പുരാതന ശിലാലേഖനം യെരുശലേമിന്റെ നാശം സംബന്ധിച്ച ഒരു ബൈബിൾ പ്രവചനത്തെ പരോക്ഷമായി സ്ഥിരീകരിച്ചേക്കാം. ഈ ശിലാലേഖനം സ്പഷ്ടമായും പ്രസ്തുത കൊളോസിയത്തിന്റെ പൊ.യു. (പൊതുയുഗം) 80-ലെ നിർമാണത്തെയും ഉത്ഘാടനത്തെയും കുറിച്ചുള്ളതാണ്. ജർമനിയിലെ ഹെയിഡെൽബെർഗ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഗെസാ അൽഫോൾഡിനാൽ പുനഃസംഘടിപ്പിക്കപ്പെട്ടതനുസരിച്ച് ആ ശിലാലേഖനം ഇങ്ങനെ വായിക്കപ്പെടുന്നു: “ടൈറ്റസ് വെസ്പാസിയൻ സീസർ അഗസ്റ്റസ് ചക്രവർത്തി കൊള്ളമുതൽക്കൊണ്ടു പുതിയ അണ്ഡാകാരനടനശാല കെട്ടിപ്പടുത്തു.” ഏതു കൊള്ളമുതൽ?
“യെഹൂദൻമാർക്കെതിരായ യുദ്ധത്തിൽ ടെറ്റസ് പിടിച്ചെടുത്ത അളവറ്റ കൊള്ളമുതലിനെ, പ്രത്യേകിച്ചും” യെരുശലേമിലെ ആലയത്തിന്റെ “സ്വർണ അലങ്കാരങ്ങളെ കുറിച്ചാണു ഞങ്ങൾ പ്രതിപാദിക്കുന്നത്” എന്ന് അൽഫോൾഡി പറയുന്നു. ഈ ആലയം യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയായി നശിപ്പിക്കപ്പെട്ടു. (മത്തായി 24:1, 2; ലൂക്കൊസ് 21:5, 6) യെഹൂദയുദ്ധത്തിൽ പിടിച്ചെടുത്ത കൊള്ളമുതൽ വഹിക്കുന്ന റോമൻ ജേതാക്കളെ ചിത്രീകരിക്കുന്ന പ്രശസ്തമായ ടൈറ്റസിന്റെ കമാനത്തോടൊപ്പം, പ്രസ്തുത കൊളോസിയം റോമാക്കാരുടെ ആ ചരിത്ര വിജയത്തിന്റെ ഒരു സ്മാരകസ്തംഭമാണെന്ന് അൽഫോൾഡി നിഗമനംചെയ്യുന്നു.