ടെലിവിഷൻ നിങ്ങൾക്കു മാററം വരുത്തിയിരിക്കുന്നുവോ?
“ലോകത്തേക്ക് തുറക്കുന്ന ഒരു ജാലകം.” അങ്ങനെയാണ് ടെലിവിഷനെക്കുറിച്ച് വർണ്ണിക്കപ്പെട്ടിരിക്കുന്നത്. ററ്യൂബ് ഓഫ് പ്ലെൻറി—ദി ഇവലൂഷൻ ഓഫ് അമേരിക്കൻ ടെലിവിഷൻ എന്ന പുസ്തകത്തിൽ ഗ്രന്ഥകർത്താവായ എറിക് ബാർണോ കുറിക്കൊള്ളുന്നത്, 1960കളുടെ തുടക്കംമുതൽ “മിക്ക ആളുകൾക്കും [ടെലിവിഷൻ] ലോകത്തേക്ക് തുറക്കുന്ന ജാലകമായിത്തീർന്നിരിക്കുന്നു. അത് അവതരിപ്പിച്ച ദൃശ്യങ്ങൾതന്നെ സാക്ഷാൽ ലോകം എന്ന് കരുതപ്പെടാനിടയായി. അത് പൂർണ്ണമാണെന്നും സാധുവാണെന്നും കരുതി അവർ അതിനെ ആശ്രയിച്ചുപോന്നു” എന്നാണ്.
എങ്കിലും വെറുമൊരു ജാലകത്തിന് അതു തുറന്നുകാണിക്കുന്ന ദൃശ്യങ്ങളിൻമേൽ ഒരു തെരഞ്ഞെടുപ്പ് നടത്താൻ കഴിയുകയില്ല; അതിന് വെളിച്ചത്തിന്റെ തോതോ നോക്കിക്കാണേണ്ട കോണോ നിശ്ചയിക്കാനാവില്ല; നിങ്ങളുടെ താത്പര്യം പിടിച്ചുനിർത്തുന്നതിനു മാത്രം ഉടനുടൻ ദൃശ്യങ്ങൾ മാററിക്കൊണ്ടിരിക്കാനും അതിന് കഴിയുകയില്ല. ററിവിക്കു കഴിയും. നിങ്ങൾ നോക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് നിങ്ങളിൽ വികാരങ്ങളും നിഗമനങ്ങളും നാടകീയമായി രൂപപ്പെടുത്തുന്നത് ഈ ഘടകങ്ങളാണ്. പക്ഷേ ഇതത്രയും നിയന്ത്രിക്കുന്നത് ററിവി പരിപാടികൾ നിർമ്മിക്കുന്നവരാണ്. അങ്ങേയററം നിഷ്പക്ഷമായ വാർത്താവലോകനങ്ങളാകട്ടെ ഡോക്യൂമെൻററികളാകട്ടെ എത്രതന്നെ ഉദ്ദേശ്യ പൂർവ്വകമല്ലെങ്കിലും ഇത്തരം കൃത്രിമങ്ങൾക്ക് വിധേയമാണ്.a
ഒരു വിദഗ്ദ്ധ പ്രലോഭകൻ
മിക്കപ്പോഴും ടെലിവിഷനെ നിയന്ത്രിക്കുന്ന ആളുകൾ പ്രേക്ഷകരെ നേരിട്ട് സ്വാധീനിക്കാൻ ശ്രമിക്കുന്നു. ദൃഷ്ടാന്തത്തിന് പരസ്യങ്ങളിൽ, വിലകൊടുത്തു വാങ്ങാനുള്ള ഒരു മാനസ്സിക നിലയിൽ നിങ്ങളെ വീഴിക്കാനുള്ള സർവ്വവിധ വശീകരണസൂത്രങ്ങളും ഉപയോഗിക്കാൻ കഴിയുന്ന സമ്പൂർണ്ണ സ്വാതന്ത്ര്യം ഫലത്തിൽ അവർ കയ്യാളുന്നു. നിറം. സംഗീതം. സൗന്ദര്യമുള്ള മനുഷ്യർ. കാമം. പ്രകൃതിരമണീയമായ പ്രദേശങ്ങൾ. അവരുടെ കലവറ വിപുലമാണ്, അത് അവർ അതിവിദഗ്ദ്ധമായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഒരു മുൻ പരസ്യക്കമ്പനിയുടെ ഭരണനിർവാഹകൻ ഈ രംഗത്തെ തന്റെ കഴിഞ്ഞ 15 കൊല്ലത്തെ അനുഭവപരിചയം സംബന്ധിച്ച് എഴുതി: “മാദ്ധ്യമങ്ങളിലൂടെ [ററിവി പോലുള്ള] ആളുകളുടെ ശിരസ്സിലേക്ക് നേരിട്ട് സംസാരിച്ച്, ഒരു മറുലോക മന്ത്രവാദിയെപ്പോലെ, സാധാരണഗതിയിൽ ആളുകൾ ഒരിക്കലും ചെയ്യാനാലോചിക്കാത്ത കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്ന തരം മാനസ്സിക ചിത്രങ്ങൾ അവരിൽ നിക്ഷേപിക്കാൻ സാധിക്കും എന്ന് ഞാൻ മനസ്സിലാക്കി.”
ടെലിവിഷന് ആളുകളുടെമേൽ ഇത്ര ശക്തമായ സ്വാധീനമുണ്ടെന്ന് 1950കളിൽ തന്നെ വ്യക്തമായിരുന്നു. പ്രതിവർഷം 50,000 ഡോളർ ഉണ്ടാക്കുന്ന ഒരു ലിപ്സ്ററിക് കമ്പനി യു.എസ്സ്. ടെലിവിഷനിൽ പരസ്യം ചെയ്യാൻ തുടങ്ങി. വെറും രണ്ടുവർഷംകൊണ്ട് വിൽപ്പന 45,00,000 ഡോളറായി കുതിച്ചുയർന്നു! സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു ടെലിവിഷൻ പരിപാടിയിൽ ഒരു ബാങ്ക് അതിന്റെ സേവനങ്ങൾ പരസ്യപ്പെടുത്തിയപ്പോൾ ഡെപ്പോസിററായി 1,50,00,000 ഡോളറിന്റെ പെട്ടെന്നുള്ള പ്രവാഹമുണ്ടായി.
ഇന്ന് ഒരു ശരാശരി അമേരിക്കക്കാരൻ പ്രതിവർഷം 3200 പരസ്യപരിപാടികൾ കാണുന്നുണ്ട്. പരസ്യങ്ങൾ വികാരങ്ങളെ സ്വാധീനിക്കത്തക്കവിധം പ്രവർത്തിക്കുന്നു. ബോക്സ്ഡ് ഇൻ—ദി കൾച്ചർ ഓഫ് ററിവി എന്ന പുസ്തകത്തിൽ മാർക്ക് ക്രിസ്സിൻ മില്ലർ എഴുതിയതുപോലെ: “നാം എന്തു കാണുന്നുവോ അതിനാൽ നമ്മൾ നിയന്ത്രിക്കപ്പെടുന്നു എന്നത് സത്യമാണ്. അനുദിനജീവിതം മുഴുവൻ വ്യാപരിക്കുന്ന പരസ്യപരിപാടികൾ നമ്മെ തുടർച്ചയായി സ്വാധീനിക്കുന്നു.” “ഈ സ്വാധീനം അപകടകരമാണ്, കാരണം, കൃത്യമായും അതു തിരിച്ചറിയാൻ പലപ്പോഴും പ്രയാസമാണെന്നതും അതുകൊണ്ടുതന്നെ നാം അതു തിരിച്ചറിഞ്ഞുവരുവോളം അവയുടെ ലക്ഷ്യത്തിന് വീഴ്ചഭവിക്കുകയില്ല എന്നതുമാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷേ, ടെലിവിഷൻ, ലിപ്സ്ററിക്കും രാഷ്ട്രീയ വീക്ഷണങ്ങളും സംസ്കാരവും മാത്രമല്ല വിററഴിക്കുന്നത് അത് ധാർമ്മികമൂല്യങ്ങൾ—അല്ലെങ്കിൽ അതിന്റെ അഭാവം വിൽക്കുന്നു.
ററിവിയും ധാർമ്മികമൂല്യങ്ങളും
അമേരിക്കൻ ററിവിയിൽ ലൈംഗികക്രിയകൾ അധികമധികമായി ചിത്രീകരിക്കുന്നു എന്നറിയുന്നതിനാൽ അത്ഭുതപ്പെടുന്നവർ ചുരുങ്ങും. പ്രൈം റൈറം ററിവിയുടെ ശൃംഖലയുടെ 66 മണിക്കൂറുകളിൽ വ്യംഗ്യമായോ വാഗ്രൂപേണയോ അല്ലെങ്കിൽ പച്ചയായി ചിത്രീകരിച്ചുകൊണ്ടോ ഉള്ള ലൈംഗികക്രിയകളുടെ 722 സന്ദർഭങ്ങൾ ഉണ്ടായിരുന്നതായി 1989ൽ ജേർണലിസം ക്വാർട്ടേർലി എന്ന പത്രികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ദൃഷ്ടാന്തങ്ങൾ കാമാർത്തമായ സ്പർശനം മുതൽ ലൈംഗികബന്ധം, സ്വയംഭോഗം, സ്വവർഗ്ഗരതി, അഗമ്യഗമനംവരെ നീളുന്നവയായിരുന്നു. ശരാശരി കണക്ക് ഓരോ മണിക്കൂറിലും 10.94 സംഭവങ്ങൾ എന്നായിരുന്നു!
ഈ കാര്യത്തിൽ അമേരിക്കൻ ഐക്യനാടുകൾ ഒരിക്കലും ഒററക്കല്ല. പ്രഞ്ച് ററിവി ചിത്രങ്ങൾ നഗ്നമായ ലൈംഗികസ്വഭാവമുള്ള ക്രൂരവിനോദങ്ങൾ ചിത്രീകരിക്കാറുണ്ട്. നടികൾ വിവസ്ത്രരായി നടിക്കുന്ന പരിപാടികൾ ഇററാലിയൻ ററിവിയിൽ പ്രത്യക്ഷപ്പെടുന്നു. സ്പാനിഷ് ററിവിയുടെ പാതിരാപരിപാടികൾ അക്രമപൂരിതവും കാമാർത്തവും ആയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. പട്ടിക അങ്ങനെ നീണ്ടുനീണ്ടുപോകുന്നു.
ററിവിയിലെ അധാർമ്മികതയുടെ മറെറാരു രൂപമാണ് അക്രമം. ഐക്യനാടുകളിൽ ടൈം മാസികയുടെ ഒരു ററിവി നിരൂപകൻ, ഒരു പററം ഭീകര ചലച്ചിത്രങ്ങളിലെ “ഭീഭത്സമായ നർമ്മരസ”ത്തെ പ്രകീർത്തിച്ചു. ശിരഃച്ഛേദം, അംഗവിച്ഛേദം ആണിതറക്കൽ, ഭൂതബാധ എന്നിവയുടെ രംഗങ്ങൾ ആ പരമ്പര ചിത്രീകരിച്ചു. തീർച്ചയായും ററിവിയിലെ അക്രമങ്ങൾ മിക്കവയും താരതമ്യേന കുറഞ്ഞ ക്രൂരതയാണ് കാണിക്കുന്നത്—അവ എളുപ്പം ഒരു സാധാരണ സംഗതിയായി കാണപ്പെടുകയും ചെയ്യുന്നു. അടുത്ത കാലത്ത് പശ്ചിമാഫ്രിക്കയിലെ കോട്ടേ ഡിൽവിയർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പാശ്ചാത്യ ടെലിവിഷൻ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ അന്ധാളിച്ചുപോയ ഒരു വൃദ്ധന് ഇങ്ങനെ മാത്രമെ ചോദിക്കാനായുള്ളു: “വെള്ളക്കാർ എന്തുകൊണ്ടാണിങ്ങനെ എപ്പോഴും അന്യോന്യം കുത്തുകയും വെടിവെക്കുകയും ഇടിക്കുകയും ചെയ്യുന്നത്?”
പ്രേക്ഷകർ എന്തു കാണാനിഷ്ടപ്പെടുന്നുവോ അതവരെ കാണിക്കാൻ ടെലിവിഷൻ നിർമ്മാതാക്കളും അവരുടെ സ്പോൺസർമാരും ആഗ്രഹിക്കുന്നു എന്നതാണ് തീർച്ചയായും ഉത്തരം. അക്രമം കാണികളെ ആകർഷിക്കുന്നു. രതിയും അങ്ങനെതന്നെ. അതുകൊണ്ട് ഈ രണ്ടിന്റെയും വേണ്ടുവോളം അംശം ററിവി ഒരുക്കിക്കൊടുക്കുന്നു—വലിയ അളവിൽ വളരെ വേഗതയിൽ ഒരുക്കുകയല്ല അങ്ങനെ ചെയ്താൽ കാണികളെ അകററാൻ മാത്രമെ അതുപകരിക്കൂ. അത് പ്രൈം ടൈം, ഔവർ ടൈമിൽ ഡോണാ മക്രോഹൻ സൂചിപ്പിച്ചതുപോലെ: “മിക്ക പ്രമുഖ പരിപാടികളും ഭാഷ, ലൈംഗികത, അക്രമം, കഥാതന്തു എന്നിവയുടെ എല്ലാം കാര്യത്തിൽ തങ്ങളാൽ ആവുന്ന പരിധിയോളം പോകും; അനന്തരം, പരിധിയിലെത്തി കഴിയുമ്പോൾ, ആ പരിധി എടുത്തുകളയുന്നു. അതേ തുടർന്ന് ജനം ഒരു പുതിയ പരിധിയോളം പോവാൻ സന്നദ്ധരായിത്തീരുന്നു.”
ഉദാഹരണത്തിന് സ്വവർഗ്ഗരതിയുടെ വിഷയം ടെലിവിഷന്റെ ഉത്തമ അഭിരുചിയുടെ “പരിധി”ക്ക് അപ്പുറമാണെന്ന് ഒരു കാലത്ത് കരുതിപ്പോന്നിരുന്നു. പക്ഷേ കാണികൾ അതിനോടു പൊരുത്തപ്പെട്ടു കഴിഞ്ഞപ്പോൾ അതിലധികം ഉൾക്കൊള്ളാൻ അവർ ഒരുക്കമായി. ഒരു ഫ്രഞ്ച് പത്രപ്രവർത്തകൻ ഉറപ്പിച്ചു പറഞ്ഞതുപോലെ: “സ്വവർഗ്ഗരതിയെ ഒരു വഴിപിഴച്ച കാര്യമായി അവതരിപ്പിക്കാൻ ഒരിക്കലും ഒരു നിർമ്മാതാവും ധൈര്യപ്പെടുകയില്ല . . . മറിച്ച് ഇന്ന് വിചിത്രമായി കാണുന്നത് സമൂഹത്തെയും അതിന്റെ സഹിഷ്ണുതയില്ലായ്മയെയുമാണ്.” അമേരിക്കൻ കേബിൾ ടെലിവിഷനിൽ, 1990ൽ 11 നഗരങ്ങളിലായി ‘ഗേ സോപ് ഓപ്പറാ’ അവതരിപ്പിക്കപ്പെട്ടു. പുരുഷൻമാർ ഒരുമിച്ചു ശയിക്കുന്ന രംഗങ്ങളാണ് പരിപാടി വിശേഷമായി അവതരിപ്പിച്ചത്. “പ്രേക്ഷകരെ പരുവപ്പെടുത്തിയെടുത്ത് ഞങ്ങളും മറെറല്ലാവരെയും പോലെയാണ് എന്ന് ജനം തിരിച്ചറിയാനിടയാക്കുന്നതിനാണ്” അത്തരം രംഗങ്ങൾ രൂപകൽപ്പന ചെയ്തത് എന്നാണ് പരിപാടിയുടെ നിർമ്മാതാവ് ന്യൂസ്വീക്ക് മാസികയോടു പറഞ്ഞത്.
മിഥ്യാസങ്കൽപ്പങ്ങൾ യാഥാർത്ഥ്യത്തിനെതിരെ
അവിഹിതമായ ലൈംഗികബന്ധങ്ങളുടെ പ്രത്യാഘാതങ്ങൾ ററിവി മിക്കവാറും ഒരിക്കലും കാണിക്കാത്തതുകൊണ്ട് “ഇക്കിളിപ്പെടുത്തുന്ന ലൈംഗിക ദൃശ്യങ്ങളുടെ നിരന്തരമായ അവതരണം” ഒരു വ്യാജവിവരപ്രചരണമായി ഭവിക്കുന്നു എന്ന് ജേർണലിസം ക്വാട്ടേർലിയിൽ പ്രസിദ്ധം ചെയ്ത പഠനത്തിന്റെ രചയിതാക്കൾ കുറിക്കൊണ്ടു. അവിവാഹിതരായ പങ്കാളികൾക്കുള്ളതാണ് രതി, അതിൽനിന്ന് ആർക്കും ഒരു രോഗം പിടിപെടുന്നില്ല എന്ന സന്ദേശമാണ് സർവോപരിയായി ററിവി സോപ്പ് ഓപ്പറാകൾ വിളിച്ചറിയിക്കുന്നത് എന്ന് നിഗമനം ചെയ്ത മറെറാരു പഠനത്തിലേക്ക് അവർ വിരൽ ചൂണ്ടി.
ഈ ലോകം നിങ്ങളറിയുന്നപോലുള്ള ഒന്നാണോ? കൗമാര ഗർഭധാരണങ്ങളോ ലൈംഗികമായി പകരുന്ന രോഗങ്ങളോ ഇല്ലാതെയുള്ള വിവാഹപൂർവ രതിയോ? എയ്ഡ്സ് രോഗബാധയുടെ ഭീഷണിയില്ലാതുള്ള സ്വവർഗ്ഗരതിയോ ഉഭയവർഗ്ഗരതിയോ? കഥാനായകൻമാരെ ജേതാക്കളും വില്ലൻമാരെ നിന്ദിതരും ആയി ശേഷിപ്പിക്കുന്ന—പക്ഷേ വിചിത്രമെന്നു തോന്നുമാറ് ഇരുവർക്കും ക്ഷതങ്ങളൊന്നും ഏൽക്കാതെയുള്ള—അക്രമവും അംഗച്ഛേദനവുമോ? പ്രവൃത്തികൾ പ്രത്യാഘാതങ്ങളെ നേരിടേണ്ടതില്ലാത്തവിധം അനുഗൃഹീതമായിരിക്കുന്ന ഒരു മായികലോകത്തെ ററിവി സൃഷ്ടിക്കുന്നു. മനസ്സാക്ഷിയുടെയും സദാചാരബോധത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും നിയമങ്ങളെ മാററി തൽസ്ഥാനത്ത് ക്ഷണികമായ മോഹസംതൃപ്തിയുടെ പ്രമാണങ്ങൾ സ്ഥാപിച്ചിരിക്കുന്നു.
വ്യക്തമായി ടെലിവിഷൻ “ലോകത്തേക്ക് തുറക്കുന്ന ഒരു ജാലക”മല്ല—കുറഞ്ഞപക്ഷം യഥാർത്ഥലോകത്തേക്ക് അത് തുറക്കുന്നില്ല. വാസ്തവത്തിൽ അടുത്തകാലത്ത് ഇറങ്ങിയ ടെലിവിഷനെക്കുറിച്ചുള്ള ഒരു പുസ്തകത്തിന് ദി അൺ റിയാലിററി ഇൻഡസ്ട്രി (മിഥ്യാവ്യവസായം) എന്ന് നാമകരണം ചെയ്യുകയുണ്ടായി. അതിന്റെ എഴുത്തുകാർ നമ്മുടെ ജീവിതത്തിൽ ററിവി “വളരെ ശക്തമായ സ്വാധീനങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നു. യാഥാർത്ഥ്യം എന്തെന്ന് ററിവി നിശ്ചയിക്കുന്നതു കൂടാതെ അതിനെക്കാൾ പ്രധാനമായി അല്ലെങ്കിൽ അതിലേറെ അസ്വസ്ഥത ജനിപ്പിക്കുമാറ് യഥാർത്ഥവും അയഥാർത്ഥവും ആയ കാര്യങ്ങൾക്കിടയിലുള്ള വ്യത്യാസം അല്ലെങ്കിൽ വേർതിരിവിൻരേഖതന്നെ ററിവി മായിച്ചുകളയുന്നു. എന്നതാണ് പരിണതഫലം” എന്നവകാശപ്പെടുന്നു.
ടെലിവിഷന്റെ സ്വാധീനത്തിന് തങ്ങൾ അതീതരാണ് എന്നു കരുതുന്നവർക്ക് ഇത് വെറുതെ ഭയപ്പെടുത്താൻ പറയുന്നതാണ് എന്ന് തോന്നിയേക്കാം. ‘ഞാൻ കാണുന്ന കാര്യങ്ങളെല്ലാം ഞാൻ വിശ്വസിക്കുന്നില്ല’ എന്ന് ചിലർ വാദിച്ചേക്കാം. നമ്മൾ ററിവിയെ ആശ്രയിക്കാതിരിക്കാൻ പ്രവണത കാട്ടിയേക്കാം എന്നതു നേരുതന്നെ. പക്ഷേ ആർക്കും അറിയാവുന്ന തരത്തിലുള്ള ഈ സംശയഭാവത്തിനൊന്നും നമ്മുടെ വികാരങ്ങളുടെമേൽ ററിവി ചെലുത്തുന്ന ഗൂഢമായ സ്വാധീനവിധങ്ങളിൽനിന്ന് നമ്മെ സംരക്ഷിക്കാൻ കഴിയാതിരുന്നേക്കാം. ഒരു എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: “ററിവിയുടെ ഏററവും ഫലവത്തായ അടവുകളിലൊന്ന് നമ്മുടെ മാനസ്സികപ്രക്രിയയെ അത് എത്രത്തോളം സ്വാധീനിക്കുന്നു എന്നതു സംബന്ധിച്ച് നമ്മെ എപ്പോഴും അജ്ഞരാക്കി സൂക്ഷിക്കുക എന്നതാണ്.”
സ്വാധീനത്തിന്റെ ഒരു യന്ത്രം
ബ്രിട്ടാനിക്കാ ബുക്ക് ഓഫ് ദി ഈയർ 1990 പറയുന്നതനുസരിച്ച് ഓരോ ദിവസവും ശരാശരി ഏഴു മണിക്കൂർ രണ്ടു മിനിററ് വീതം അമേരിക്കക്കാർ ററിവി കാണുന്നുണ്ട്. കുറേക്കൂടി യാഥാസ്ഥിതികമായ ഒരു നിർണ്ണയം ഈ സമയത്തെ പ്രതിദിനം 2 മണിക്കൂർ ആക്കിയിരിക്കുന്നു. പക്ഷേ അതുപോലും ഒരു ജീവായുസ്സിൽ ടെലിവിഷൻകാഴ്ചയുടെ ഏഴ് വർഷങ്ങളിലേക്ക് കൊണ്ടെത്തിക്കും! ടെലിവിഷന്റെ അത്ര വമ്പിച്ച ഡോസുകൾക്ക് എങ്ങനെയാണ് ആളുകളുടെമേൽ സ്വാധീനം ഇല്ലാതെ പോവുക?
ററിവിയും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകാത്ത ആളുകളെപ്പററി നാം വായിക്കുമ്പോൾ തെല്ലും ആശ്ചര്യം തോന്നാറില്ല. യാഥാർത്ഥ്യം സംബന്ധിച്ച് തങ്ങളുടെ ആഗ്രഹങ്ങളെന്തോ അതുതന്നെയാണ് യാഥാർത്ഥ്യം എന്ന് ചിന്തിക്കാൻ തക്കവണ്ണം ചില ആളുകളുടെ ചിന്താശക്തികൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് “യഥാർത്ഥലോകത്തെക്കുറിച്ചുള്ള ഒരു ബദലായ കാഴ്ചപ്പാട്” സ്ഥാപിക്കാൻ അവരെ ററിവി തീർച്ചയായും പ്രേരിപ്പിക്കുന്നുണ്ട് എന്ന് മീഡിയാ കൾച്ചർ ആൻറ് സൊസൈററി എന്ന ബ്രിട്ടീഷ് ജേർണൽ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തുകയുണ്ടായി. യു.എസ്സ്. ദേശീയ മാനസ്സികാരോഗ്യ ഇൻസ്ററിററ്യൂട്ട് ക്രോഡീകരിച്ചതുപോലുള്ള മററു പഠന റിപ്പോർട്ടുകളും ഈ കണ്ടെത്തലുകളെ പിന്താങ്ങുന്നതായി തോന്നുന്നു.
യാഥാർത്ഥ്യം സംബന്ധിച്ച ജനങ്ങളുടെ സാമാന്യ സങ്കൽപ്പങ്ങളെ ററിവി സ്വാധീനിക്കുന്നുണ്ടെങ്കിൽ ആളുകളുടെ ജീവിതങ്ങളെയും പ്രവർത്തനങ്ങളെത്തന്നെയും സ്വാധീനിക്കാൻ അതെങ്ങനെ പരാജയപ്പെടും? അത് പ്രൈം ടൈം, ഔവർ ടൈം എന്ന പ്രസിദ്ധീകരണത്തിൽ പിൻവരുന്ന പ്രകാരം എഴുതിയ ഡോണാ മക്ക്റോഹന്റെ അഭിപ്രായത്തോട് യോജിക്കുന്നു: “മികച്ച നിലവാരം പുലർത്തുന്ന ററിവി പരിപാടികൾ അന്ധവിശ്വാസങ്ങളെയും ഭാഷാ തടസ്സങ്ങളെയും തകർക്കുന്നതു കാണുമ്പോൾ അവയെ സ്വയം തകർക്കാനുള്ള വലിയ സ്വാതന്ത്ര്യം നമുക്ക് അനുഭവപ്പെടുന്നു. ഇതുപോലെ തന്നെ കുത്തഴിഞ്ഞ ജീവിതരീതി ഒരു സാധാരണപ്രമാണമായി അവതരിപ്പിക്കപ്പെടുമ്പോഴോ ഒരു പൗരുഷം മുററിയ കഥാപാത്രം ഗർഭനിരോധന ഉറകൾ താനെങ്ങനെ ഉപയോഗിക്കുന്നെന്ന് വർണ്ണിക്കുമ്പോഴോ . . . നാം സ്വാധീനിക്കപ്പെടുന്നു. ഇപ്പോൾതന്നെ നാം ആരാണെന്ന ബോധ്യം നമുക്ക് വെച്ചുപുലർത്താനാകുമോ എന്നതിന്റെയും അതുകൊണ്ടുതന്നെ നമുക്ക് ഏറെക്കുറെ ആരായിത്തീരാൻ കഴിയുമോ അതിന്റെയും ചിത്രം പ്രതിഫലിപ്പിക്കുന്ന ഒരു ദർപ്പണമെന്ന നിലയിൽ—ഒരു സാവകാശമുള്ള ശൈലിയിൽ ററിവി പ്രവർത്തിക്കുന്നു.”
തീർച്ചയായും ററിവി യുഗത്തിന്റെ പ്രായമേറിവരുന്നതോടൊപ്പം അധാർമ്മികതയുടെയും അക്രമത്തിന്റെയും വർദ്ധനവ് കാണപ്പെടുന്നു. യാദൃച്ഛിക സംഭവമോ? അശേഷമല്ല. മൂന്നു രാജ്യങ്ങളിൽ അക്രമത്തിന്റെയും പാതകത്തിന്റെയും തോത് വർദ്ധിച്ചത് ഈ ഓരോ രാജ്യത്തും ററിവി പ്രചാരത്തിലായതിനുശേഷം മാത്രമായിരുന്നു എന്ന് ഒരു പഠനം പ്രകടമാക്കി. എവിടെയെല്ലാം നേരത്തെ ററിവി അവതരിപ്പിക്കപ്പെട്ടുവോ അവിടെയെല്ലാം അക്രമനിരക്ക് നേരത്തെ വർദ്ധിച്ചു.
ഒട്ടനവധി ആളുകൾ കരുതിപ്പോന്നിരിക്കുന്നതുപോലെ ററിവി സംഘർഷമുക്തി പകരുന്ന ഒരു ഒഴിവുകാല വിനോദോപാധിയുടെ നിലവാരത്തിൽപ്പോലും എത്തുന്നില്ല. പതിമൂന്നു വർഷത്തിലധികം നീണ്ട ഒരു കാലയളവിൽ 1200ലധികം പേരിൽ നടത്തിയ പഠനങ്ങൾ കണ്ടെത്തിയത് എല്ലാ നേരമ്പോക്കുകളിലും വെച്ച് ആളുകൾക്ക് പിരിമുറുക്കത്തിൽനിന്ന് തീരെ കുറവ് അയവു നൽകുന്നത് ടെലിവിഷൻ വീക്ഷിക്കലാണ് എന്നാണ്. പകരം അത് ആളുകളെ നിരുൻമേഷരും എന്നാൽ പിരിമുറുക്കത്തിന് അയവു കൈവന്നിട്ടില്ലാത്തവരും ശ്രദ്ധ ഏകാഗ്രമാക്കാൻ അപ്രാപ്തരുമായി അവശേഷിപ്പിക്കുന്നു. നീണ്ട വീക്ഷണവേളകൾ വിശേഷിച്ച് ആളുകളെ അവർ ററിവി കാണാൻ ആരംഭിച്ചതിനെക്കാൾ മോശമായ മാനസ്സികനിലയിൽ എത്തിച്ചിരുന്നു. വായന അതിനു വിപരീതമായി, ആളുകളെ ഏറെ അയവുള്ളവരും നല്ല വൈകാരിക സ്ഥിതിയിലുള്ളവരും ശ്രദ്ധ ഏകാഗ്രമാക്കാൻ ഏറെ പ്രാപ്തരുമായി അവശേഷിപ്പിച്ചു!
ഒരു നല്ല പുസ്തകത്തിന്റെ വായന എത്രമേൽ പരിപുഷ്ടിദായകമായിരുന്നാലും ററിവി എന്ന വിരുതനായ സമയംകൊല്ലി എളുപ്പത്തിൽ പുസ്തകങ്ങളെ രംഗത്തുനിന്ന് മാററിക്കളയും. ന്യൂയോർക്ക് നഗരിയിൽ ടെലിവിഷൻ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഉടൻ പുസ്തകങ്ങളുടെ വിതരണത്തിൽ ഇടിവു സംഭവിച്ചതായി പബ്ലിക്ക്ലൈബ്രറികൾ റിപ്പോർട്ടു ചെയ്തു. മനുഷ്യവർഗ്ഗം വായന ഉപേക്ഷിക്കാറായിരിക്കുന്നു എന്ന് ഇതിന് തെല്ലും അർത്ഥമില്ല. എങ്കിലും ആളുകൾ ഇന്ന് മിന്നിമറയുന്ന ഉജ്ജ്വല രൂപദൃശ്യങ്ങളുടെ ഒരു ശരവർഷംതന്നെ തങ്ങൾക്ക് ഒരുക്കിയിട്ടില്ലെങ്കിൽ തങ്ങളുടെ ശ്രദ്ധ പാറിപ്പറന്നുപോകുമാറ് അവർക്ക് ഇന്നു വായിക്കുമ്പോഴുള്ള ക്ഷമ കുറഞ്ഞുപോയിരിക്കുന്നു. ഈ അവ്യക്തമായ ആശങ്കകളെ സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും ഒരുപക്ഷേ സമർത്ഥിച്ചില്ലെന്നു വന്നേക്കാം. എങ്കിലും ഏററവും കുറഞ്ഞ ശ്രദ്ധാപരിധിപോലും പിടിച്ചുനിർത്തുമാറ് നിമിഷത്തോടുനിമിഷം വിദഗ്ദ്ധമായി രൂപാവിഷ്ക്കാരം നൽകിയിരിക്കുന്ന ററിവി വിനോദങ്ങളുടെ സ്ഥിരമായ പ്രവാഹം നമ്മെ അമിതമായി ലാളിക്കത്തക്കവണ്ണം അതിനെ ആശ്രയിച്ചാൽ നമ്മുടെ വ്യക്തിപരമായ മൂല്യത്തിന്റെ ആഴം അച്ചടക്കം എന്നിവയുടെ സംഗതിയിൽ നമുക്കു നഷ്ടമാകുന്നതെന്താണ്?
പേടകത്തിൽ മോദിക്കുന്ന കുട്ടികൾ
കുട്ടികളുടെ കാര്യത്തിലാണ് ടെലിവിഷൻ എന്ന വിഷയം സത്യത്തിൽ അടിയന്തര ശ്രദ്ധ അർഹിക്കുന്നത്. പൊതുവെ പറഞ്ഞാൽ ററിവിക്ക് മുതിർന്നവരോട് എന്തുചെയ്യാൻ കഴിയുമോ അതിന് കുട്ടികളോടും അതുതന്നെ ചെയ്യാൻ കഴിയും—അധികമാകാനേ ഇടയുള്ളു. തങ്ങൾ ററിവിയിൽ കാണുന്ന കാൽപ്പനികലോകങ്ങളിൽ കുട്ടികളാണ് കൂടുതൽ വിശ്വസിക്കാൻ സാദ്ധ്യത. കുട്ടികൾ മിക്കപ്പോഴും “യഥാർത്ഥ ജീവിതത്തെ തങ്ങൾ ററിവിയിൽ കാണുന്നതിൽനിന്ന് വേർതിരിച്ചറിയാൻ അപ്രാപ്തരാണ്. അയഥാർത്ഥലോകത്തെ യഥാർത്ഥലോകത്തിലേക്ക് അവർ മാററി പ്രതിഷ്ഠിക്കുന്നു” എന്ന് കണ്ടെത്തിയ അടുത്തസമയത്തു നടന്ന ഒരു പഠനത്തെ ജർമ്മൻ പത്രമായ റിനിഷർ മെർക്കുർ⁄ക്രിസ്ററ് അൺട് വെൽററ് ഉദ്ധരിച്ചു സംസാരിച്ചു.
ആക്രമനിർഭരമായ ടെലിവിഷൻ പരിപാടികൾക്ക് കൗമാരപ്രായക്കാരുടെമേലും കുട്ടികളുടെമേലും ദ്രോഹകരമായ സ്വാധീനഫലമാണുണ്ടായിരിക്കുക എന്ന നിഗമനത്തെ പതിററാണ്ടുകൾ നീണ്ട ഗവേഷണങ്ങൾക്കിടയിൽ നടത്തപ്പെട്ട 3000ത്തിലധികം ശാസ്ത്രീയപഠനങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നു. അമേരിക്കൻ അക്കാദമി ഓഫ് പിഡിയാട്രിക്സ്, ദ നാഷനൽ ഇൻസ്ററിററ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത്, ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ എന്നീ പ്രശസ്ത സ്ഥാപനങ്ങൾ എല്ലാം ററിവിഅക്രമം കുട്ടികളിൽ അക്രമാസക്തവും സാമൂഹ്യവിരുദ്ധവുമായ സ്വഭാവരീതിക്ക് വഴിതെളിക്കുന്നു എന്നതിനോട് യോജിക്കുന്നു.
അസ്വസ്ഥതയുണ്ടാക്കുന്ന മററ് ഫലങ്ങളെ പഠനങ്ങൾ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. ഉദാഹരണത്തിന് ബാലജനങ്ങളുടെ ശരീരം ക്രമംവിട്ട് ചീർക്കുന്നതും പരിധിവിട്ടുള്ള ററിവി കാണലുംതമ്മിൽ ബന്ധിക്കപ്പെട്ടിരക്കുന്നു. ഒററനോട്ടത്തിൽ രണ്ടു കാരണങ്ങളുണ്ട്. (1) ഉൻമേഷത്തോടെ പോയി കളിക്കുന്നതിനുള്ള മണിക്കൂറുകളാണ് നിരുൻമേഷത്തോടെ പെട്ടിയുടെ മുമ്പിൽ ചെലവിടുന്ന നാഴികകൾ. (2) പോഷകമൂല്യം തുലോം പരിമിതമായ ശരീരം ചീർപ്പിക്കുന്ന ചവററുഭക്ഷ്യങ്ങൾ കുട്ടികളെ കാട്ടി പ്രലോഭിപ്പിക്കുന്ന ഒരു എളുപ്പപ്പണിയാണ് ററിവി പരസ്യപരിപാടികൾ ചെയ്യുന്നത്. അമിതമായ അളവിൽ ററിവി കാണുന്ന കുട്ടികൾ സ്കൂളിൽ മോശമായ പ്രകടനം കാഴ്ചവെക്കുന്നു എന്ന് മറെറാരു ഗവേഷണം അഭിപ്രായപ്പെട്ടു. നിഗമനം ഏറെ വിവാദജനകമാണെന്നുവരികിലും, കുട്ടികളുടെ വായനാപ്രാപ്തിയിലും സ്കൂളിലെ പൊതുവിലുള്ള പ്രകടനത്തിലും ഒരു വ്യാപകമായ അധഃപതനം സംഭവിക്കുന്നതിന് പല മനോരോഗവിദഗ്ദ്ധൻമാരും അദ്ധ്യാപകരും ററിവിയെ പഴിചാരി എന്നാണ് ടൈം മാസിക അടുത്തയിടെ റിപ്പോർട്ടു ചെയ്തത്.
വീണ്ടും സമയം ഒരു നിർണ്ണായക ഘടകമാണ്. ഒരു അമേരിക്കക്കാരനായ കുട്ടി ഹൈസ്കൂളിൽനിന്ന് ബിരുദമെടുത്ത് പുറത്തുവരുന്നതോടെ അവൻ സ്കൂളിൽ ചെലവഴിച്ച 11000 മണിക്കൂറുകളോടുള്ള താരതമ്യത്തിൽ 17000 മണിക്കൂർ ററിവിയുടെ മുമ്പിൽ ചെലവഴിച്ചിരിക്കും. പല കുട്ടികൾക്കും ററിവിയാണ് തങ്ങളുടെ ഒഴിവുസമയത്തെ മുഖ്യ പരിപാടി. ദി നാഷനൽ പിററിഎ ടക്ക് ററു ചിൽഡ്രൻ: ഹൗ ററു ഗെററ് ദി ബസ്ററ് എഡ്യൂക്കേഷൻ ഫോർ യുവർ ചൈൽഡ് എന്ന പുസ്തകം മൊത്തം അഞ്ചാം ഗ്രേഡുകാരിൽ (പത്തു-വയസ്സുകാർ) പകുതിപ്പേർ വീട്ടിൽ വായിക്കാൻ നാലു മിനിററും പക്ഷേ, ററിവി കാണാൻ 130 മിനിററും ചെലവിടുന്നു എന്ന് കുറിക്കൊള്ളുന്നു.
അന്തിമ വിശകലനത്തിൽ ററിവി കുട്ടികൾക്കും മുതിർന്നവർക്കും അത്ര യഥാർത്ഥ അപകടങ്ങൾക്ക് ഇടയാക്കുന്നില്ല എന്ന് ഗൗരവപൂർവം വാദിക്കുന്നവർ സാദ്ധ്യതയനുസരിച്ച് നന്നേ ചുരുക്കമാകാനാണ് സാദ്ധ്യത. പക്ഷേ അതിന്റെ കാരണം എന്താണ്? ററിവി കാണൽ മാതാപിതാക്കൾ വീട്ടിൽ നിരോധിക്കണമോ? ജനങ്ങൾ പൊതുവിൽ അതിനെ എറിഞ്ഞുകളയുകയോ തട്ടിൻമുകളിൽ കൊണ്ടുവെക്കുകയോ ചെയ്തുകൊണ്ട് തങ്ങളെത്തന്നെ അതിന്റെ സ്വാധീനത്തിൽനിന്ന് സംരക്ഷിക്കണമോ? (g91 5/22)
[അടിക്കുറിപ്പുകൾ]
a ഓഗസ്ററ് 22, 1990ലെ ഉണരുക!യിലെ, “നിങ്ങൾക്ക് യഥാർത്ഥത്തിൽ വാർത്തകളെ വിശ്വസിക്കാൻ കഴിയുമോ” എന്ന ലേഖനം കാണുക
[7-ാം പേജിലെ ആകർഷകവാക്യം]
“വെള്ളക്കാർ എപ്പോഴും അന്യോന്യം കുത്തുകയും വെടിവെയ്ക്കുകയും ഇടിക്കുകയും ചെയ്യുന്നത് ഏന്തുകൊണ്ടാണ്?”
[9-ാം പേജിലെ ചിത്രം]
ററിവി അടയ്ക്കൂ, പുസ്തകം തുറക്കൂ