ടെലിവിഷൻ നിങ്ങളെ നിയന്ത്രിക്കുന്നതിനുമുമ്പ് അതിനെ നിയന്ത്രിക്കുക
ടെലിവിഷന് അമ്പരിപ്പിക്കുന്ന സാദ്ധ്യതകളാണുള്ളത്. ററിവിയെ ദത്തെടുക്കാൻ വികസ്വര രാജ്യങ്ങളെ പ്രേരിപ്പിക്കവെ അമേരിക്കൻ ററിവി വ്യവസായലോകം മായികമായൊരു ററിവിസ്വർഗ്ഗലോകത്തിന്റെ ദർശനങ്ങൾ അവരുടെ മുമ്പാകെ വെച്ചുനീട്ടി. ലോകത്തിലെ സകല രാജ്യങ്ങളും അതിവിദൂരഭാഗത്ത് ഒററപ്പെട്ട് കിടക്കുന്ന പ്രദേശങ്ങൾപോലും ക്ലാസ്സ്മുറികളായി മാററപ്പെട്ട് കാർഷികവിദ്യകൾ, മണ്ണുസംരക്ഷണം, കുടുംബാസൂത്രണം എന്നിവപോലുള്ള ജീവൽപ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ പരിപാടികളുമായി ബന്ധിപ്പിക്കപ്പെടാനാകുമായിരുന്നത്രെ. കുട്ടികൾക്ക് ഭൗതികശാസ്ത്രവും രസതന്ത്രവും പഠിക്കാനും വ്യാപകമായ സാംസ്കാരിക കൈമാററത്തിൽനിന്ന് പ്രയോജനം അനുഭവിക്കാനും കഴിയുമായിരുന്നു.
പിറകെ വന്ന കച്ചവട ടെലിവിഷൻ എന്ന യാഥാർത്ഥ്യത്തിൽ തട്ടി ഈ ദർശനങ്ങൾ മിക്കവാറും ബാഷ്പമായി മറഞ്ഞു—മൊത്തത്തിലൊട്ടല്ലതാനും. ടെലിവിഷന് “ഒരു വിശാലമായ പാഴിടം” എന്ന് പേരിട്ട ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാൻ ന്യൂട്ടൻ മിനോ പോലും തന്റെ അതേ 1961ലെ പ്രസംഗത്തിൽ, ചില മഹത്തായ നേട്ടങ്ങളുടെയും ആനന്ദദായകമായ വിനോദപരിപാടികളുടെയും ബഹുമതി ററിവിക്ക് അവകാശപ്പെടാനാകും എന്ന് സമ്മതിച്ചു പറഞ്ഞു.
തീർച്ചയായും അത് ഇന്നും സത്യമായി നിലനിൽക്കുന്നു. ററിവി വാർത്താപ്രക്ഷേപണങ്ങൾ ലോകസംഭവങ്ങൾ സംബന്ധിച്ച് നമ്മെ അറിവുള്ളവരായി കാക്കുന്നു. ററിവിയുടെ പ്രകൃതിപരിസ്ഥിതി സംബന്ധിച്ച പരിപാടികൾ നമ്മൾ മററുപ്രകാരത്തിൽ ഒരിക്കലും കാണാൻ ഇടവരാത്ത പിൻവരുന്നതരം കാര്യങ്ങളുടെ ദൃശ്യങ്ങൾ നമുക്ക് ഒരുക്കിത്തരുന്നു: ഹമ്മിംഗ് പക്ഷി വായുവിൽ നീന്തുന്ന പ്രതീതിജനിപ്പിക്കുമാറ് അത് പറക്കുന്നതിന്റെ കുറഞ്ഞവേഗതയിലുള്ള ചിത്രത്തിന്റെ പ്രത്യേക ഭംഗി; അല്ലെങ്കിൽ മണ്ണിൽനിന്ന് വർണ്ണശബളിമയോടെ പെട്ടെന്ന് പൊങ്ങിവരുന്ന പുഷ്പ പരവതാനികളുടെ വിചിത്രമായ നൃത്തം ടൈം-ലാപ്സ് ഫോട്ടോഗ്രാഫിയിലൂടെ അവതരിപ്പിച്ചിരിക്കുന്നതും മററും. കൂടാതെ, ബാലെ, സംഗീതക്കച്ചേരികൾ, ഓപ്പറാകൾ എന്നിങ്ങനെയുള്ള സാംസ്കാരിക പരിപാടികളും ഉണ്ട്. അതോടൊപ്പംതന്നെ നാടകങ്ങളും ചലച്ചിത്രങ്ങളും മററിനങ്ങളും—ചിലത് ആഴമേറിയതും ഉൾക്കാഴ്ച വർദ്ധിപ്പിക്കുന്നതും, മററുള്ളവ കേവലം നല്ല വിനോദം എന്ന നിലക്കുള്ളതും.
കുട്ടികൾക്കുള്ള വിദ്യാഭ്യാസപരിപാടികളും ഉണ്ട്. അക്രമനിർഭരമായ ററിവി പരിപാടിയിൽ നിന്ന് അക്രമം പഠിക്കാൻ കുട്ടികൾക്കാകുന്നതുപോലെ പരോപകാരപ്രിയരും സൗഹൃദഭാവമുള്ളവരും ആത്മനിയന്ത്രണമുള്ളവരും ആയിത്തീരാൻ ടെലിവിഷനിലെ ഉത്തമ ദൃഷ്ടാന്തങ്ങളിൽനിന്ന് അവർക്കു പഠിക്കാനും കഴിയും. അടിയന്തിരഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം എന്ന് പഠിപ്പിക്കുന്ന പരിപാടികൾ കുട്ടികളുടെ ജീവനെ രക്ഷിക്കുകവരെ ചെയ്തിട്ടുണ്ട്. അതുകൊണ്ട്, ഔവർ എൻഡെയ്ഞ്ചേർഡ് ചിൽഡ്രൻ എന്ന പുസ്തകത്തിൽ വാൻസ് പക്കാർഡ് ഇങ്ങനെ എഴുതുന്നു: “തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ നിയന്ത്രണാതീതമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ലെങ്കിൽ സഹികെട്ടവരോ ദുർവാശി നേരിടേണ്ടിവന്നവരോ ആയ മാതാപിതാക്കൾ ററിവി സെററുകളെ മുകൾതട്ടുകളിൽ എടുത്തുവെക്കുന്നത് ഒരു പക്ഷേ അധികപ്പററായിരുന്നേക്കാം.”
നിയന്ത്രണം എടുക്കൽ
നാം കുട്ടികളെക്കുറിച്ചു പറഞ്ഞാലും മുതിർന്നവരെക്കുറിച്ചു പറഞ്ഞാലും താക്കോൽ ഒന്നുതന്നെ—നിയന്ത്രണം. നാം ററിവിയെ നിയന്ത്രിക്കുന്നുവോ? അതോ ററിവി നമ്മെ നിയന്ത്രിക്കുന്നുവോ? മി. പക്കാർഡ് അഭിപ്രായപ്പെട്ടതുപോലെ ചിലരെ സംബന്ധിച്ചടത്തോളം ററിവിയെ നിയന്ത്രിക്കാനുള്ള ഏകമാർഗ്ഗം അതിനെ ഇല്ലായ്മ ചെയ്യുക എന്നതാണ്. പക്ഷേ മററു ചിലർ ററിവിയുടെ മുതൽക്കൂട്ടായ കാര്യങ്ങൾ ഉപയുക്തമാക്കിക്കൊണ്ടുതന്നെ അതിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു. പിൻവരുന്നവയാണ് ചില നിർദ്ദേശങ്ങൾ.
✔ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് നിങ്ങളുടെ കുടുംബത്തിന്റെ ററിവി കാണൽസംബന്ധിച്ച് ഒരു സൂക്ഷ്മരേഖ സൂക്ഷിക്കുക. കാലയളവിന്റെ ഒടുവിൽ മണിക്കൂറുകൾ കൂട്ടിനോക്കിയിട്ട് ററിവി അപഹരിക്കുന്ന സമയം അതിനായി ഉപയോഗിക്കാൻ മൂല്യമുള്ളതാണൊ എന്ന് നിങ്ങളോടുതന്നെ ചോദിക്കുക.
✔ കേവലം ററിവി അല്ല—ററിവി പരിപാടികളെ നിരീക്ഷിക്കുക. ററിവിയുടെ കാര്യപരിപാടി പരിശോധിച്ചുകൊണ്ട് കാണാൻ തക്ക മൂല്യമുള്ള എന്തെങ്കിലും ഉണ്ടോ എന്നു കാണുക.
✔ കുടുംബ സംസാരത്തിനും കൂട്ടായ്മക്കുംവേണ്ടി ചില നേരങ്ങൾ സംവരണം ചെയ്തു സംരക്ഷിക്കുക.
✔ കുട്ടികൾക്കോ ഇളം കൗമാരത്തിലുള്ളവർക്കോ അവരുടെ സ്വന്തം മുറിയിൽ ററിവി വെച്ചുകൊടുക്കുന്നതിനെതിരെ വിദഗ്ദ്ധർ താക്കീതു നൽകുന്നു. ഒരു കുട്ടി നിരീക്ഷിക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കാൻ മാതാപിതാക്കൾ പ്രയാസപ്പെടേണ്ടിവരും.
✔ സാമ്പത്തികമായി നിങ്ങൾക്ക് താങ്ങാനാകുമെങ്കിൽ ഒരു വിസിആർ (വീഡിയോകാസെററ് റെക്കോർഡർ)-ന് സഹായിക്കാൻ കഴിഞ്ഞേക്കും. നല്ല വീഡിയോടേപ്പുകൾ വാടകക്ക് എടുത്തുകൊണ്ടോ ഗുണമേൻമയുള്ള പരിപാടികൾ ടേപ്പുചെയ്തു സൗകര്യംപോലെ വീക്ഷിച്ചുകൊണ്ടോ നിങ്ങളുടെ സ്വന്ത ററിവിയിൽ—നിങ്ങളുടെ ററിവി ഓൺ ചെയ്തിരിക്കുമ്പോൾ—ഉള്ളതെന്തോ അതിനെ നിയന്ത്രിക്കാൻ കഴിയും. പക്ഷേ ഒരു താക്കീത്. നിയന്ത്രണം വിട്ടാൽ വിസിആർ ആ ട്യൂബിന്റെ മുമ്പാകെ ചെലവഴിച്ച സമയത്തിന്റെ അളവ് വർദ്ധിപ്പിക്കുകയേ ചെയ്യുകയുള്ളു. അതല്ലെങ്കിൽ അധാർമ്മികമായ വീഡിയോ ടേപ്പുകൾക്ക് വഴിയൊരുക്കുകയും ചെയ്തേക്കാം.
നിങ്ങളുടെ ഗുരു ആർ?
ഒരു മനുഷ്യജീവി വാസ്തവത്തിൽ ഒരു പഠിച്ചുകൊണ്ടിരിക്കുന്ന യന്ത്രമാണ്. ഓരോ നിമിഷവും നമ്മുടെ മസ്തിഷ്കത്തിലേക്ക് 10,00,00,000 വിവരശകലങ്ങളുടെ ഒരു പ്രളയംതന്നെ അയച്ചുകൊടുത്തുകൊണ്ടു നമ്മുടെ ബോധേന്ദ്രിയങ്ങൾ സദാ വിവരങ്ങൾ ഒപ്പിയെടുത്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ ബോധേന്ദ്രിയങ്ങളെ എന്തു വിവരങ്ങൾകൊണ്ട് പോഷിപ്പിക്കേണം എന്ന് നിശ്ചയിച്ചുകൊണ്ട് ഒരളവോളം നമുക്ക് ഉള്ളടക്കം നിയന്ത്രിക്കാനാകും. നാം തിന്നുകയോ കുടിക്കുകയോ ചെയ്യുന്ന കാര്യങ്ങളാൽ ശരീരം എങ്ങനെ മലീമസമാകുന്നുവോ അത്രതന്നെ എളുപ്പത്തിൽ നാം വീക്ഷിക്കുന്ന കാര്യങ്ങൾകൊണ്ട് മനുഷ്യമനസ്സും ആത്മാവും മലീമസമായേക്കാം എന്ന് ററിവിയുടെ കഥ വ്യക്തമായി വർണ്ണിക്കുന്നു.
നമ്മുടെ ചുററുമുള്ള ലോകത്തെപ്പററി നാം എങ്ങനെ ഗ്രഹിച്ചറിയും? ഏതെല്ലാം വിവരസ്രോതസ്സുകളാണ് നാം തെരഞ്ഞെടുക്കുക? ആര് അല്ലെങ്കിൽ എന്തായിരിക്കും നമ്മുടെ ഗുരു? ഇതിനോടുള്ള ബന്ധത്തിൽ യേശുവിന്റെ വാക്കുകൾ ഒരു ബോധം ഉദിപ്പിക്കുന്ന ആശയം നൽകുന്നു: “ഒരു വിദ്യാർത്ഥി ഗുരുവിന് മീതെയല്ല, പക്ഷേ പൂർണ്ണമായി പരിശീലനം സിദ്ധിച്ചവനോ ഗുരുവിനെപ്പോലെ ആകും.” (ലൂക്കോസ് 6:40, ന്യൂ ഇൻറർനാഷനൽ വേർഷൻ) നാം ടെലിവിഷനെ നമ്മുടെ ഗുരുവാക്കി അതുമായി വളരെയധികം സമയം ചെലവിടുന്നെങ്കിൽ, നമ്മൾ അതിനെ അനുകരിക്കാൻ തുടങ്ങും—അത് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെയും നിലവാരങ്ങളെയും ആശ്ലേഷിക്കുന്നതിന് ഇട വന്നേക്കാം. സദൃശവാക്യങ്ങൾ 13:20 പറയുംപോലെ: “ജ്ഞാനികളോടൊത്തു നടക്കുന്നവൻ ജ്ഞാനിയായിത്തീരും. എന്നാൽ മൂഢനോട് ഇടപെടുന്നവനോ ദോഷം ഭവിക്കും.”
ററിവി, മൂഢരോ ധർമ്മവിരുദ്ധരോ ആയ കഥാപാത്രങ്ങളെ നമ്മുടെ വീട്ടിനുള്ളിലേക്ക് കൊണ്ടുവരുന്നില്ലെങ്കിൽപോലും നിർണ്ണായകമായ ചില കാര്യങ്ങളിൽ അതിന് പോരായ്മയുണ്ട്. ഓരോ മനുഷ്യജീവിക്കും പൊതുവിലുള്ള ഒരു ആവശ്യം സംബന്ധിച്ച് ററിവി പരിപാടികൾ അത്ര ഗൗനിക്കാറില്ല. ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ചുതന്നെ. ഈ ലോകം എത്ര പരിതാപകരമായ ഒരു വ്യാമിശ്രമായിരിക്കുന്നു എന്നു കാണിച്ചുതരാൻ ററിവി വളരെ നല്ലതാണ്, പക്ഷേ മനുഷ്യന് അവനെത്തന്നെ ഭരിക്കാൻ കഴിയാത്തതായി തോന്നുന്നതിന് കാരണം എന്തെന്ന് നമുക്കു പറഞ്ഞുതരാൻ അതെന്തു ചെയ്യുന്നു? സൃഷ്ടിയുടെ ഭംഗി നമുക്ക് കാണിച്ചുതരുന്നതിൽ അത് നന്നായി പ്രവർത്തിക്കുന്നു, പക്ഷേ നമ്മുടെ സ്രഷ്ടാവിനോട് നമ്മെ അടുപ്പിക്കാൻ അതെന്തു ചെയ്യുന്നു? അതു നമ്മെ ഭൂഗോളത്തിന്റെ നാലു മൂലകളിലേക്ക് കൊണ്ടെത്തിച്ചേക്കാം, പക്ഷേ മനുഷ്യൻ അവിടെ സമാധാനത്തോടെ എന്നെങ്കിലും വസിക്കുമോ എന്ന് അതിന് നമ്മോട് പറയാൻ കഴിയുമോ?
അത്തരം ജീവത്പ്രധാന ആത്മീയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ യാതൊരു, “ലോകത്തേക്കു തുറക്കുന്ന ജാലകവും” പൂർണ്ണമായിരിക്കുകയില്ല. അതുതന്നെയാണ് ബൈബിളിനെ അത്യന്തം വിലയേറിയതാക്കുന്നതും. അത് നമ്മുടെ സ്രഷ്ടാവിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് “ലോകത്തേക്കു തുറക്കുന്ന ജാലകം” പ്രദാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിനും ഭാവിയിലേക്കായി ഒരു ഈടുററ പ്രത്യാശ നമുക്ക് നൽകുന്നതിനും ആണ് അത് രൂപകൽപ്പനചെയ്യപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ അത്യന്തം അസ്വസ്ഥത ജനിപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം അനായാസം ലഭ്യമാണ്. ബൈബിളിന്റെ അനന്തവശ്യമായ ഏടുകളിൽ നാം വായിക്കുന്നതു പ്രതീക്ഷിച്ച് അവ കാത്തിരിക്കുന്നു.
എന്നാൽ നാം ററിവിയെ നിയന്ത്രിക്കുന്നില്ലെങ്കിൽ എവിടെന്നു സമയം കണ്ടെത്തും? (g91 5/22)