പാടുന്ന പക്ഷികൾ—ഗ്രാഹ്യത്തെ വെല്ലുവിളിക്കുന്ന സംഗീതജ്ഞൻമാർ
“നഗരത്തിലെ ശബ്ദങ്ങൾ മാത്രം കേട്ടു തഴമ്പിച്ചിരുന്ന എന്റെ കർണ്ണങ്ങൾക്ക് വിചിത്രമായിത്തോന്നിയ ശബ്ദങ്ങളാൽ ഞാൻ പുലർച്ചെക്കു മുമ്പേ ഉണർത്തപ്പെട്ടു. വിചിത്രം, എന്നാൽ ഇമ്പകരം. അതു പക്ഷികളുടെ ഗാനമായിരുന്നു. വെറുതെ ഒന്നോ രണ്ടോ അല്ല, പലത്. അനേകം പക്ഷികൾ, ചിലത് അരികത്ത് ചിലത് കുറേക്കൂടെ അകലെ, അവയെല്ലാം പാടുകയാണ്. കിടക്കയിൽ നിന്ന് ഞാൻ അതു ശ്രദ്ധിച്ചപ്പോൾ വർദ്ധിച്ചു വരുന്ന ആശ്ചര്യം എന്നെ ഗ്രസിച്ചു. ഞാൻ എഴുന്നേററ് ജനാലക്കടുത്തേക്കു ചെന്ന് അതു തുറന്നിട്ടു. ജനൽപ്പടിയിൽ കൈമുട്ടുകൾ ഊന്നി ഞാൻ മുട്ടിൻമേൽ നിന്നു. ഇപ്പോൾ അതു വളരെ അടുത്തായിരുന്നു. ആ പ്രദേശമെല്ലാം സംഗീതത്താൽ സജീവമാക്കപ്പെടുമാറ് സ്വരഘനം ഉയരുന്നതു ഞാൻ കേട്ടു. സ്വന്തം ഗാനങ്ങൾ പാടുന്ന അനേകം പക്ഷികൾ എന്നാൽ അവയെല്ലാം കൂടിക്കലർന്ന് ഒന്നാംതരം ഒരു സംഘഗാനം. അന്തരീക്ഷത്തിന്റെ ശൈത്യം ഞാൻ അവഗണിച്ചു. ഞാൻ അത്ര ഹഠാതാകർഷിക്കപ്പെട്ടു.”
മേൽപ്പറഞ്ഞത് ന്യൂയോർക്കു നഗരത്തിൽനിന്നുള്ള ഒരു മനുഷ്യൻ ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷയറിലെ തന്റെ സുഹൃത്തുക്കളെ സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവമാണ്. അവരുടെ ഭവനം തുറസ്സായ സ്ഥലങ്ങളാലും കാടുകളാലും പക്ഷികളാലും ചുററപ്പെട്ട ഒന്നായിരുന്നു. അന്നു പ്രഭാതത്തിൽ അയാൾ തന്റെ ആതിഥേയനെയും ആതിഥേയയേയും അഭിസംബോധന ചെയ്തപ്പോൾ അയാൾ വലിയ ഉത്സാഹത്തിലായിരുന്നു. അന്നു രാവിലെ അയാൾ കേട്ടത് പക്ഷികളുടെ ‘പ്രഭാത ഗീത’മാണ് എന്ന് അവർ വിശദീകരിച്ചു. എല്ലാ വസന്തകാലത്തും തുടർന്നു വേനൽക്കാലത്തും അതു കേൾക്കാൻ കഴിയുന്നു. ഒരു ‘സന്ധ്യാഗീത’വുമുണ്ട്. അത് ഇത്രതന്നെ ഉച്ചത്തിലല്ല, എങ്കിലും അതു മതിപ്പുളവാക്കുന്നതാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇതു വിരളമായേ കേൾക്കാൻ കഴിയുന്നുള്ളു; മററു പ്രദേശങ്ങളിൽ അതു കേൾക്കാനേയില്ല.
അറിയപ്പെടുന്ന ഏതാണ്ട് 9,000 വ്യത്യസ്തയിനം പക്ഷികളുണ്ട്. അവയിൽ ഏതാണ്ട് 5,000 ഇനങ്ങൾ ഒസിനസ്സ് എന്ന ഉപവർഗ്ഗത്തിൽ പെടുന്ന പാടുന്ന പക്ഷികളാണ്. ചില പെൺപക്ഷികൾ പാടുമെന്നിരിക്കെ രാവിലെയും വൈകിട്ടും ആർഭാടകരമായ ഈ സംഗീതപരിപാടി അവതരിപ്പിക്കുന്നത് ആൺപക്ഷികളാണ്. തങ്ങളുടെ സ്വന്തം പ്രദേശത്തിൻമേലുള്ള അവകാശം പിടിച്ചുകൊള്ളാനും ഇണകളെ തങ്ങളോടൊപ്പം നിർത്താനുംവേണ്ടിയാണ് അവ പാടുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ സംഗീതം ആലപിക്കുന്നത് അവ ആസ്വദിക്കുന്നുണ്ടെന്നും വരാം. ഏതായാലും പ്രഭാതഗീതം ഉച്ചസ്ഥായിയിലെത്തുകയും ആ നിലയിൽ 30 മിനിററ് തുടരുകയും ചെയ്യുമ്പോൾ ആ പാട്ടുകാർ ഉല്ലാസത്തിമർപ്പിന്റെ അത്യുച്ചിയിൽ എത്തി നിൽക്കുന്നതായി തോന്നുന്നു.
വൈവിധ്യമാർന്ന ഗാനങ്ങൾ
അവ ആലപിക്കുന്ന ഗാനങ്ങൾ ചിലതു ലളിതമാണെങ്കിൽ മററു ചിലതു സങ്കീർണ്ണവും വേറെ ചിലതു അതിവിപുലവുമാണ്. വെള്ളക്കിരീടം ധരിച്ച കുരുവികൾ ലളിതമായ ഒരു ഗാനംകൊണ്ടുമാത്രം തൃപ്തരായിരിക്കുന്നതായി തോന്നുന്നു, അതു നിറുത്താതെ ആവർത്തിക്കുന്നു. പാടുന്ന കുരുവികൾക്ക് കുറച്ചുകൂടെ വിപുലമായ ഒരു ഗാനശേഖരമുണ്ട്. റെൻ വർഗ്ഗത്തിൽപെട്ട പക്ഷികൾക്ക് നൂറുകണക്കിന് ഗാനങ്ങളറിയാം. മോക്കിംഗ് ബേർഡ് എന്ന ഇനത്തിൽപെട്ട പക്ഷികൾക്കാകട്ടെ ശ്രുതിമധുരമായ അവയുടെ ഗാനങ്ങൾ മണിക്കൂറുകളോളം തുടരാൻ കഴിയും. എന്നിരുന്നാലും ഗാനങ്ങളുടെ എണ്ണം പരിഗണിക്കുകയാണെങ്കിൽ, ബ്രൗൺ ത്രാഷർ എന്ന ഇനം പക്ഷികൾക്ക് 2000ത്തിലധികം ഗാനങ്ങളുണ്ട്. രാപ്പാടികുരുവികൾ, ത്രഷസ്, ത്രാഷേർസ്, ഫിഞ്ചസ്, റോബിൻസ്, മെഡോലാർക്ക്സ്, ബ്ലാക്ക്ബേർഡ്സ്, വർബ്ലർകൾ, കാർഡിനൽസ്, സുപ്പേർബ് ലയർ ബേർഡ്സ്, റോബിൻ ചാററ്സ്, സ്കൈലാർക്ക്സ് എന്നിവക്കും ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മററ് അനേകം പക്ഷികൾക്കും അനുഗ്രഹീത കലാകാരൻമാർ എന്ന ഖ്യാതി അവകാശപ്പെടാവുന്നതാണ്.
പുലർകാലത്തും സന്ധ്യാസമയത്തും ആലപിക്കുന്ന പ്രാഥമിക സംഘഗാനങ്ങൾ കൂടാതെ ഈ പക്ഷികൾക്ക് മററു പല ഗാനങ്ങളുമറിയാം. അവ “പതിഞ്ഞ സ്വരത്തിൽ” പാടുന്ന പാട്ടുകൾ വിശേഷാൽ താത്പര്യജനകമാണ്. അവ പ്രാഥമിക ഗാനങ്ങളുടെ ചില ഭാഗങ്ങൾ സ്വരംതാഴ്ത്തിയും ഏതാനും വാര അകലെ മാത്രം കേൾക്കാവുന്ന വിധത്തിൽ ചില വ്യതിയാനങ്ങളോടെയും ആലപിക്കുന്നതാണ്. മുട്ടയുടെ മുകളിൽ അടയിരിക്കുമ്പോഴോ ഇടതൂർന്നു വളരുന്ന കുററിച്ചെടികൾക്കിടയിലെ സ്വകാര്യസ്ഥാനങ്ങളിൽ മറഞ്ഞിരിക്കുമ്പോഴോ ആണ് ഈ ഗാനങ്ങൾ ആലപിക്കുന്നത്. ആൺപക്ഷിയും പെൺപക്ഷിയും പാടുന്ന അടക്കിയ സ്വരത്തിലുള്ള ഈ ഗാനം ശാന്തമായ സംതൃപ്തിയെ പ്രതിഫലിപ്പിച്ചേക്കാം.
പലയിനങ്ങളിലുംപെട്ട ഇണപ്പക്ഷികൾ യുഗ്മഗാനങ്ങൾ ആലപിക്കുന്നു. അവ ഒരുമിച്ച് ഒരേ ഗാനമോ വ്യത്യസ്ത ഗാനങ്ങളോ അല്ലെങ്കിൽ ഒരേ ഗാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ മാറിമാറിയൊ ആലപിക്കുന്നതിനാൽ ഒരു പക്ഷിയാണ് പാടുന്നതെന്നേ തോന്നുകയുള്ളു. ഒരു പക്ഷി പാടിനിർത്തുന്നതിനും മറേറതു പാട്ട് ആരംഭിക്കുന്നതിനുമിടക്കുള്ള വേള മില്ലിസെക്കൻറുകളിലേ അളക്കാൻ കഴിയുകയുള്ളു. രണ്ടു പക്ഷികളാണ് പാടുന്നത് എന്ന് കൃത്യമായി തിരിച്ചറിയാൻ കഴിയണമെങ്കിൽ നാം അവ രണ്ടിന്റെയും ഇടക്കായിരിക്കണം. ദക്ഷിണ അമേരിക്കയിലെ ഏററം ശ്രദ്ധേയരായ യുഗ്മഗാനാലാപകർ റെൻ വർഗ്ഗത്തിൽപെട്ട പക്ഷികളാണ്. വനത്തിൽ കേൾക്കാൻ കഴിയുന്ന ഏററം സുന്ദരമായ ഗാനങ്ങളാണ് അവയുടേത് എന്ന് കരുതപ്പെടുന്നു.
നിർലജ്ജമായ ചോരണം
മററു ശബ്ദങ്ങൾ അനുകരിക്കുക എന്നത് പലയിനം പക്ഷികളുടെയും ഒരു വിനോദമാണ്. മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രതിഭാസം എന്നാണ് പക്ഷിശാസ്ത്രജ്ഞൻമാർ അതിനെപ്പററി പറയുന്നത്. പക്ഷികൾ എന്തിന് അങ്ങനെ ചെയ്യുന്നു എന്നതാണ് മനസ്സിലാകാത്തത്. എന്നാൽ പക്ഷികൾ വിനോദത്തിലേർപ്പെടുകയാണെന്ന് ഒരു ഗവേഷകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. വടക്കേ അമേരിക്കയിൽ മോക്കിംഗ് ബേർഡ് എന്ന പക്ഷി അതിൽ മികവ് കാട്ടുന്നു. അതിന്റെ ശാസ്ത്രനാമമായ മൈമൂസ് പോളിഗ്ലോട്ടോസ് എന്നതിന്റെ അർത്ഥം “അനേക നാവുകളുള്ള മിമിക്രിക്കാരൻ” എന്നാണ്. ഒരു ഗാനാലാപത്തിനിടയിൽ ഒരു പക്ഷി 55 ഇനം പക്ഷികളെ അനുകരിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ മിമിക്രിയിൽ മോക്കിംഗ് ബേർഡുകൾക്ക് കുത്തകയൊന്നും അവകാശപ്പെടാൻ പററില്ല. ആസ്ത്രേലിയായിലെ സുപ്പേർബ് ലയർ പക്ഷിയുടേത് “പക്ഷിഗാനങ്ങളിൽ ഏററവും ശക്തവും താളാത്മകവുമായ ഒന്നാണ്.” എന്നിരുന്നാലും “തന്റെ ഗാനത്തോട് അതു ചുററുപാടുമുള്ള മറെറല്ലാ ഇനം പക്ഷികളുടെ ഗാനങ്ങളും കൂട്ടിച്ചേർക്കുന്നു.” ബവർ പക്ഷികൾ, മാർഷ് വാർബറ്ളുകൾ, കാനറികൾ എന്നിവയുടെ മിമിക്രിയെപ്പററി റോബർട്ട് ബർട്ടൺ ബേർഡ് ബിഹേവിയർ എന്ന തന്റെ പുസ്തകം, 130-1 പേജുകളിൽ റിപ്പോർട്ടു ചെയ്യുന്നു. ആസ്ത്രേലിയൻ ബവർ പക്ഷികൾ പൂച്ചയുടെയും നായയുടെയും ഒരു കോടാലികൊണ്ട് തടിവെട്ടുന്നതിന്റെയും മോട്ടോർ ഹോണിന്റെയും ശബ്ദങ്ങളും വേലിക്കമ്പികളുടെ ഞാണൊലിയും അനേകം ഇനം പക്ഷികളുടെ ശബ്ദങ്ങളും അനുകരിക്കുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു ബവർ പക്ഷി ഒരു പരുന്തിന്റെ ശബ്ദം അനുകരിച്ചതിനാൽ ഒരു തള്ളക്കോഴിയും അതിന്റെ കുഞ്ഞുങ്ങളും ഒളിക്കാനിടയായി. തീർച്ചയായും ഈ ബവർ പക്ഷികൾ തടിവെട്ടുന്ന കോടാലിയുമായി ഇണ ചേരാനോ ഞാണൊലി മുഴക്കുന്ന വേലിക്കമ്പികളെ അവയുടെ പ്രദേശത്തു നിന്ന് ആട്ടിപ്പായിക്കാനോ വേണ്ടിയല്ല ഇത്തരം ശബ്ദങ്ങൾ പുറപ്പെടുവിച്ചത്! ഒരു പക്ഷേ അവയെ ശ്രദ്ധിക്കുന്ന മനുഷ്യരെപ്പോലെ അവയും വിനോദം ആസ്വദിക്കുകയാണ്.
യൂറോപ്പിലെ മാർഷ് വാർബ്ലർ മററുള്ളവരിൽനിന്ന് വളരെയധികം തട്ടിയെടുക്കുന്നു. “അവയുടെ ചോരണത്തിന്റെ വൈപുല്യം ബെൽജിയത്തിൽ നടത്തപ്പെട്ട ഒരു പഠനത്തിലൂടെ മാത്രമാണ് തിരിച്ചറിയിക്കപ്പെട്ടത്. അവയുടെ ഗാനശേഖരം മുഴുവനായും തന്നെ സാദ്ധ്യതയനുസരിച്ച് അനുകരണത്തിലൂടെ സമ്പാദിച്ചതാണെന്ന് അവയുടെ ശബ്ദാപഗ്രഥനം വെളിപ്പെടുത്തി. ഏതാണ്ട് നൂറിനം യൂറോപ്യൻ പക്ഷികളുടെ ശബ്ദങ്ങൾ മാത്രമല്ല മാർഷ് വാർബറ്ളുകളുടെ ശൈത്യകാല പാർപ്പിടങ്ങളിൽ അവ കേട്ട നൂറോളം ആഫ്രിക്കൻ പക്ഷികളുടെ ശബ്ദങ്ങളും സോണാഗ്രാമുകളിൽ വേർതിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.”
ക്യാനറി പക്ഷികൾ “വിവേചനയില്ലാതെ എന്തും അനുകരിക്കും, അതാണ് കൂട്ടിൽ വളർത്തപ്പെടുന്ന പക്ഷികളെന്ന നിലയിൽ അവക്ക് ഇത്രയധികം ജനപ്രീതി നേടിക്കൊടുത്തിരിക്കുന്നത്. ഈ നൂററാണ്ടിന്റെ പ്രാരംഭഘട്ടത്തിൽ ‘ഗോഡ് സേവ് ദി കിംഗ്’ എന്ന ഗാനം ചൂളമടിക്കാൻ പഠിപ്പിക്കപ്പെട്ട യൂറേഷ്യൻ ബുൾ ഫിഞ്ചിന്റെ ദൃഷ്ടാന്തം വളരെ പ്രസിദ്ധമാണ്. ഒരു വർഷം കൊണ്ട് അടുത്ത മുറിയിലുണ്ടായിരുന്ന ഒരു കാനറിപക്ഷി ഈ ററ്യൂൺ പഠിച്ചു. മൂന്നാമത്തെ ലൈനിന്റെ അവസാനം ബുൾഫിഞ്ച് പാട്ടു തുടരാൻ താമസിച്ചപ്പോൾ ക്യാനറി ഇടക്കുകയറി പാടി ലൈൻ പൂർത്തിയാക്കി.”
വിവിധയിനം പക്ഷികൾക്ക് ഏതു തരം പ്ലാററ്ഫോമിൽ നിന്ന് തങ്ങളുടെ പരിപാടി അവതരിപ്പിക്കണം എന്നതു സംബന്ധിച്ച് ഇഷ്ടാനിഷ്ടങ്ങളുണ്ട്. ചിലത് നിലത്തുനിന്നുകൊണ്ടു പാടുന്നു, മററു ചിലത് ചെടികളുടെ തുഞ്ചത്തിരുന്നുകൊണ്ട്, ഇനിയും ചിലത് മരങ്ങളുടെ മുകളിലെ ഇലച്ചില്ലകളിൽ കയറിയിരുന്നുകൊണ്ട് പാടുന്നു. മോക്കിംഗ് ബേർഡുകൾ വളരെ ഉയരത്തിൽ അത്തരം തുറസ്സായ സ്ഥലങ്ങളിലിരുന്നു പാടാനാണ് ഇഷ്ടപ്പെടുന്നത്. ഇടക്കിടെ അവ 10 മുതൽ 20 വരെ അടി [3-6 മീ.] ഉയരത്തിലേക്ക് പറന്നുപൊങ്ങുകയും വീണ്ടും മരച്ചില്ലകളിൽ വന്നിരിക്കുകയും ചെയ്യുന്നു. അപ്പോഴെല്ലാം അവ നിറുത്താതെ പാടിക്കൊണ്ടിരിക്കും. തുറസ്സായ സ്ഥലങ്ങളിൽ കൂടുകൂട്ടുന്ന പക്ഷികൾ തങ്ങളുടെ വാസസ്ഥലത്തിന്റെ മുകളിലൂടെ പറന്നു നടക്കുമ്പോൾ പാടുന്നു. “ഓഡ് ററു ഏ സ്കൈലാർക്ക്” എന്ന തന്റെ സുന്ദരമായ കാവ്യത്തിൽ ഷെല്ലി പ്രകടമാക്കിയിട്ടുള്ളതുപോലെ സ്കൈലാർക്കുകൾ അത്തരം പക്ഷികളാണ്. ആ “സന്തുഷ്ട ആത്മാവ്” പറന്നു പൊന്തുന്നതിനെ സംബന്ധിച്ചും “സ്വാത്മ പ്രചോദിതവും സമൃദ്ധവുമായ രാഗധാരയിൽ അതിന്റെ ഹൃദയം പകരുന്നതിനെ” സംബന്ധിച്ചും അദ്ദേഹം സംസാരിക്കുന്നു.
വസന്തകാലത്തും വേനൽക്കാലത്തിന്റെ ആദ്യഘട്ടത്തിലുമാണ് പുലർച്ചക്കും സന്ധ്യാസമയങ്ങളിലും പക്ഷികൾ സംഘഗാനം ആലപിക്കുന്നത്. പക്ഷികൾക്ക് പാടാനുള്ള പ്രത്യേക കാലം ഇന്നതാണെന്നു ബൈബിൾ പോലും പ്രകടമാക്കുന്നു. ശൈത്യകാലം കഴിഞ്ഞ് പൂക്കൾ വിടരുമ്പോൾ മരങ്ങളിൽ കനികൾ പ്രത്യക്ഷമാവുമ്പോൾ ശൈത്യകാലത്തു നാടുവിട്ടുപോയ പക്ഷികൾ മടങ്ങി വന്നശേഷം “നമ്മുടെ നാട്ടിൽ പക്ഷികൾ പാടുകയും കുറിപ്രാവിന്റെ കൂജനം കേൾക്കുകയും” ചെയ്യുന്നതിനെപ്പററി ശലോമോന്റെ ഉത്തമഗീതം സംസാരിക്കുന്നു. (2:11, 12, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) എന്നാൽ പല പക്ഷികളും വസന്തകാലവും വേനൽക്കാലവും കഴിഞ്ഞ്, ഇണചേരലും കൂടുകെട്ടലും കഴിഞ്ഞുപോലും അവയുടെ ഗാനം തുടരുന്നു.
പക്ഷികളുടെ പാട്ടിനെ സംബന്ധിച്ച വളരെയധികം കാര്യങ്ങൾ കുഴപ്പിക്കുന്നതാണ് എന്ന് ഒരു എഴുത്തുകാരൻ പറയുന്നു. “ഇത്ര സങ്കീർണ്ണമായ സംഗീതം ആലപിക്കാനുള്ള പ്രാപ്തി പരിണമിച്ചുണ്ടായത് എന്തിന് എന്നതാണ് ഏററം വലിയ രഹസ്യം.” അത് “എന്തെങ്കിലും ഉദ്ദേശ്യത്തിന് ഉപകരിക്കാവുന്നതിലെല്ലാം സങ്കീർണ്ണമാണ്” ഈ “സങ്കീർണ്ണമായ ഗാനാലാപന രീതി” പരിണമിച്ചുണ്ടായതല്ല എന്നും കുരുവികളോടും കൂട്ടിലിരിക്കുന്ന തള്ള പക്ഷികളോടും പരിഗണനയുള്ള യഹോവയായ ദൈവം അവയെ സൃഷ്ടിച്ചപ്പോൾ ഈ സംഗീതവാസനയോടുകൂടെ അവയെ സൃഷ്ടിച്ചു എന്നും ഒരു പക്ഷേ അയാൾ ഗൗനിക്കേണ്ടതുണ്ടായിരിക്കാം. (ആവർത്തനം 22:6, 7; മത്തായി 10:29) അതിന്റെ ഒരു ഉദ്ദേശ്യം പക്ഷികൾക്ക് ആസ്വാദനം നൽകുക എന്നതായിരിക്കാം. മോക്കിംഗ് ബേർഡുകളും മററു ചിലയിനങ്ങളും രാത്രി വളരെ വൈകുന്നതുവരെ ഗാനമാലപിക്കുന്നു. അത് അവയുടെ തന്നെയും നമ്മുടെയും ആസ്വാദനത്തിനല്ല എന്ന് ആർക്ക് പറയാൻ കഴിയും?
അതെങ്ങനെ എന്നത് ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു
“ഏററം വലിയ രഹസ്യം” അവ ഇത്തരം സങ്കീർണ്ണങ്ങളായ ഗാനങ്ങൾ ആലപിക്കുന്നത് എന്തുകൊണ്ട് എന്നതല്ല; അവ എങ്ങനെ അതു ചെയ്യുന്നു എന്നതായിരിക്കാം. അവ സംബന്ധിച്ച വിവിധ സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. ഊർജ്ജിതമായ ശാസ്ത്രീയ ഗവേഷണങ്ങൾക്കുശേഷം ഇപ്പോൾ പോലും ഏകകണ്ഠമായ യോജിപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷികളുടെ സ്വനപേടകത്തെ സിറിങ്ക്സ് എന്നാണ് വിളിക്കാറ്—അതു പ്രത്യേക പേശികളാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥിതിഗമായ ചർമ്മപത്രങ്ങളോടു കൂടിയതും അസ്ഥി നിർമ്മിതമായ പെട്ടിപോലുള്ളതും ശബ്ദം പ്രതിധ്വനിപ്പിക്കുന്നതുമായ ഒരു അറയാണ്. വിവിധ വർഗ്ഗത്തിൽപ്പെട്ട പക്ഷികളിൽ അവ വളരെ വ്യത്യസ്തമായിരിക്കും, എന്നാൽ അവയുടെ ഏററം സങ്കീർണ്ണമായ രൂപങ്ങൾ കാണപ്പെടുന്നത് പാടുന്ന പക്ഷികളിലാണ്. അതു ശ്വാസനാളത്തിന്റെ താഴത്തെ അററത്താണ് സ്ഥിതിചെയ്യുന്നത്, അവക്ക് ശബ്ദങ്ങളുടെ രണ്ട് വ്യത്യസ്ത ഉറവിടങ്ങളുണ്ട്. ഈ ഓരോ ശബ്ദ ഉറവിടങ്ങൾക്കും അതിന്റേതായ നാഡികളും പേശികളും ചർമ്മപത്രങ്ങളുമുണ്ട്. അതുകൊണ്ടാണ് പാടുന്ന പക്ഷികൾക്ക് രണ്ട് ശബ്ദങ്ങളുണ്ട് എന്ന് പറയപ്പെടുന്നത്. ചർമ്മപത്രങ്ങളിൻമേൽ പേശിബലം മാറിമാറി പ്രയോഗിച്ചുകൊണ്ടും വായൂമർദ്ദം വ്യതിയാനപ്പെടുത്തിക്കൊണ്ടും പക്ഷികൾ അവയുടെ ശബ്ദത്തിന്റെ ഘനവും സ്ഥായിയും വ്യത്യാസപ്പെടുത്തുന്നു. സ്വനപേടകത്തിൽ കൂടുതൽ പേശികളുള്ള പക്ഷികൾക്ക് കൂടുതൽ സങ്കീർണ്ണമായ സംഗീതമോ സ്വരമോ പുറപ്പെടുവിക്കാൻ കഴിവുണ്ട്. തൂവലുള്ള ഈ സംഗീതജ്ഞരിൽ ഏററം സമർത്ഥരായവർക്ക് ഏഴുമുതൽ ഒൻപതുവരെ ജോഡി പേശികളുണ്ട്.
പാട്ടുപാടുന്നതിനുള്ള പക്ഷികളുടെ അത്ഭുതകരമായ പ്രാപ്തി നമ്മുടെ ഗ്രാഹ്യത്തിന് അതീതമായിരിക്കുന്നത് എന്തുകൊണ്ട് എന്ന് ബേർഡ് ബിഹേവിയർ എന്ന തന്റെ പുസ്തകത്തിൽ റോബർട്ട് ബേർട്ടൺ കാണിച്ചുതരുന്നു. “റീഡ് വാർബറ്ളും ബ്രൗൺ ത്രാഷറും പോലുള്ള പക്ഷിവർഗ്ഗങ്ങളിൽ ശബ്ദോൽപാദനം അതിന്റെ പരകോടിയിലെത്തുന്നു. അവക്ക് രണ്ടു രാഗങ്ങൾ ഒരേ സമയത്ത് സ്വനപേടകത്തിന്റെ രണ്ടുഭാഗങ്ങളിൽനിന്നായി അവ വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. ബ്രൗൺ ത്രാഷറാകട്ടെ അതിന്റെ പാട്ടിന്റെ ഇടക്ക് ഒരേ സമയത്ത് നാലു വ്യത്യസ്ത സ്വരങ്ങൾ പുറപ്പെടുവിക്കുന്നു. ഇത് എങ്ങനെ സാധിക്കുന്നു എന്നത് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.”
കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ പക്ഷികൾ പാടുന്നത് എങ്ങനെ എന്നതു സംബന്ധിച്ച സിദ്ധാന്തം സ്വനപേടകത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഒരു സമയത്ത് സ്വതന്ത്രമായി പരസ്പരം ബന്ധമില്ലാത്ത രണ്ടു രാഗങ്ങൾ ആലപിക്കുന്നതിനു കഴിവുള്ള അവയുടെ ‘രണ്ടു സ്വരങ്ങളാണ്’ പക്ഷിഗാനങ്ങളുടെ ഗുണമേൻമക്കും വ്യതിയാനങ്ങൾക്കും പൂർണ്ണമായും ഉത്തരവാദിത്വം വഹിക്കുന്നത് എന്ന് പറയപ്പെട്ടിരുന്നു. ഈ രണ്ടു സ്വരങ്ങൾ സ്വനപേടകത്തിൽ നിന്നു പുറപ്പെട്ടാൽ ചുണ്ടിലൂടെ പുറത്തു വരുന്നതിനുമുമ്പ് അത് ശ്വാസനാളത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്നിരുന്നാലും സംഗീതാത്മകമായ സ്വരം പുറപ്പെടുവിക്കുന്നതിൽ ശ്വാസനാളത്തിനും അതിലെ പ്രതിധ്വനിക്കും എന്തെങ്കിലും പങ്കുള്ളതായി കരുതപ്പെട്ടിരുന്നില്ല.
തീവ്രമായ ശാസ്ത്രീയ ഗവേഷണങ്ങളുടെ ഫലമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു പുതിയ സിദ്ധാന്തം ഉരുത്തിരിഞ്ഞിട്ടുണ്ട്. അതനുസരിച്ച് സ്വനപേടകത്തിലെ “രണ്ടു ശബ്ദ ഉറവുകൾ തമ്മിൽ സഹകരണവും സംയോജനവും” അതുപോലെ ശ്വാസനാളത്തിലെ പ്രതിധ്വനിയും ആവശ്യമാണ്. ഈ സിദ്ധാന്തത്തിലൂടെ ഉരുത്തിരിയുന്ന ചിത്രത്തിൽ സ്വനപേടകത്തിന്റെ പ്രവർത്തനങ്ങളും ശ്വാസനാള വിന്യാസവും തമ്മിലുള്ള അടുത്ത സഹകരണം ഉൾപ്പെട്ടിരിക്കുന്നു. “സ്വനപേടകത്തിൽ നിന്ന് വരുന്ന ശബ്ദത്തിന്റെ മാറിമാറി വരുന്ന മാതൃകയോടുള്ള പൊരുത്തത്തിൽ, മിക്കപ്പോഴും വളരെ വേഗത്തിലും കൃത്യതയോടെയും പ്രതിധ്വനിയുടെ പുനഃക്രമീകരണം സാധിക്കുന്നതിനാണ് ഈ സഹകരണം രൂപകൽപന ചെയ്തിരിക്കുന്നത്.” ഓരോ “ശബ്ദവും” വെവ്വേറെയായി ശ്രദ്ധിക്കുമ്പോൾ സംയുക്തമായി പുറത്തു വരുന്ന ഗാനത്തിലെ പല ശബ്ദങ്ങളും കേൾക്കാൻ കഴിയുന്നില്ല.
പാടുന്ന ഒരു പക്ഷിക്ക് അതിന്റെ ശബ്ദ അരിപ്പയിൽ മാററം വരുത്താനുള്ള പ്രാപ്തിയെ സംബന്ധിച്ച് നേച്ചർ മാസികയിലെ ഒരു ലേഖനത്തിൽ സ്ററീഫൻ നോവിക്കി ചർച്ചചെയ്തിട്ടുണ്ട്: “ഒരു പക്ഷിക്ക് പല വിധങ്ങളിൽ അതിന്റെ ശബ്ദ അരിപ്പക്ക് മാററം വരുത്താൻ കഴിയും: ഉദാഹരണത്തിന് ശ്വാസനാളത്തിന്റെ ദൈർഘ്യം വ്യത്യാസപ്പെടുത്തിക്കൊണ്ട്, സ്വനപേടകം ചുരുക്കിക്കൊണ്ട്, തൊണ്ടയും ചുണ്ടും വികസിപ്പിച്ചുകൊണ്ട്, അത്തരം വിന്യാസവ്യതിയാനങ്ങൾക്കൊത്താണ് പക്ഷികൾ ഗാനമാലപിക്കുന്നതിനിടയിൽ തല ചലിപ്പിക്കുന്നതായി കാണപ്പെടുന്നത്.” നോവിക്കി ഇപ്രകാരം ഉപസംഹരിക്കുന്നു: “പല മുൻ സിദ്ധാന്തങ്ങൾക്കും വിപരീതമായി പക്ഷികളുടെ ഗാനം യോജിപ്പിൽ പ്രവർത്തിക്കുന്ന പല ചലനയന്ത്ര വ്യവസ്ഥകളുടെ സംയുക്ത ഉൽപ്പന്നമായി വീക്ഷിക്കപ്പെടണം.”
പക്ഷികളുടെ സ്വരങ്ങളും പാടുന്ന പക്ഷികളുടെ വ്യക്തമായ ചൂളം വിളികളും തമ്മിൽ ഗവേഷകർ വ്യത്യാസം കാണുന്നു. പക്ഷികളുടെ ഗാനങ്ങളിലെ ചൂളംവിളിശബ്ദം സ്വനപേടകത്തിലെ പ്രകമ്പനം ചെയ്യുന്ന ചർമ്മപത്രങ്ങളിൽ നിന്ന് വരുന്നതായി തോന്നുന്നില്ല, അതു തികച്ചും വ്യത്യസ്തമായ ഒരു യന്ത്രസംവിധാനത്തിൽ നിന്ന്, സാദ്ധ്യതയനുസരിച്ച് “ചലിക്കുന്ന പ്രതലങ്ങളുടെ സഹായം കൂടാതെ വായു ചലനത്തിന്റെ ഫലമായി മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്നു” എന്ന് ജേർണൽ ഓഫ് തിയറെററിക്കൽ ബയോളജിൽ എഴുതവേ എൻ. എച്ച്. ഫ്ളെചർ പറയുന്നു. ആ സംഗീതജ്ഞരിൽ ചിലർ ഉപയോഗിക്കുന്ന ശ്രവണമധുരമായ ദ്രവസ്വരങ്ങൾ ഇപ്പോഴും ഗ്രാഹ്യത്തെ വെല്ലുവിളിക്കുന്നു.
റോക്ക്ഫെല്ലർ യൂണിവേഴ്സിററിയുടെ കീഴിലുള്ള പഠനകേന്ദ്രത്തിലെ ജെഫ്രി സിങ്ക്സ് തഴെപറയുന്ന വിശിഷ്ട വിവരം നൽകുന്നു: “ശബ്ദസ്ഥായിയുടെ സംഗതിയിൽ പാടുന്ന പക്ഷികൾക്ക് പൂർണ്ണ വൈദഗ്ദ്ധ്യം അവകാശപ്പെടാൻ കഴിയും എന്നു മനസ്സിലാക്കുമ്പോൾ വായനക്കാർക്ക് സന്തോഷം തോന്നുകയോ അവർ വിനയാന്വിതരായിത്തീരുകയോ ചെയ്തേക്കാം . . . ഞാനും എന്റെ സഹപ്രവർത്തരും ശബ്ദസ്ഥായി ഗ്രഹണം സംബന്ധിച്ച് പലയിനം പക്ഷികളിൽ പരീക്ഷണം നടത്തിനോക്കി, അവയുടെ ഈ പ്രാപ്തി വ്യാപകമാണെന്ന് കണ്ടെത്തുകയും ചെയ്തു.”
സുന്ദരം, അവക്കും നമുക്കും
മ്യൂസിക്ക് പെർസെപ്ഷൻ എന്ന കൃതിയിൽ സ്ററീഫൻ നോവിക്കിയും പീററർ മാരിയറും ഇപ്രകാരം എഴുതി: “മൃഗങ്ങളുടെ പെരുമാററം സംബന്ധിച്ച പഠനം നടത്തുന്ന ശാസ്ത്രജ്ഞൻമാരെന്ന നിലയിൽ പക്ഷിഗാനങ്ങളുടെ ആശയവിനിമയപരമായ പ്രായോഗിക മൂല്യത്തിലും പരിണാമപരമായ പ്രാധാന്യത്തിലും ഞങ്ങൾ മുഴുകിപ്പോകുന്നതിനാൽ ഒരുതരം സ്വാഭാവിക സംഗീതം എന്ന നിലയിൽ അതിനുള്ള കലാപരമായ മൂല്യം ഞങ്ങൾ വിസ്മരിച്ചുപോകുന്നു.” ചില ശാസ്ത്രജ്ഞൻമാർ 1920കളിലും അതിനുശേഷവും “പക്ഷികളുടെ ഗാനത്തെ അവയുടെ വീക്ഷണത്തിലും നമ്മുടെ വീക്ഷണത്തിലും സുന്ദരമായ പൗരാണിക കലയായി വീക്ഷിക്കേണ്ടതാണ് എന്ന് നിർദ്ദേശിച്ചതായി” അവർ തുടർന്ന് അനുസ്മരിക്കുന്നു.
അടയിരിക്കുന്ന തള്ളപക്ഷിയുടെ അടക്കിയ സ്വരത്തിലുള്ള ഗാനം വനാന്തരത്തിലെ റെൻ പക്ഷികളുടെ യുഗ്മഗാനങ്ങൾ, സ്കൈലാർക്കുകളുടെ സ്വാത്മപ്രേരിതമായ നിലയ്ക്കാത്ത ഗാനധാര, തള്ളക്കോഴിയും കുഞ്ഞുങ്ങളും ഓടി ഒളിക്കാനിടയാക്കത്തക്കവണ്ണം ബവർപക്ഷി പരുന്തിനെ അനുകരിക്കുന്നത്, മോക്കിംഗ് ബേർഡുകളുടെ പുലർച്ചക്കു മുമ്പേയുമുള്ള ഗാനാലാപം ഇവക്കെല്ലാം മകുടം ചാർത്തുമാറ് ചുററുപാടുകളെയെല്ലാം ഉണർത്തി സജീവമാക്കുന്ന മഹത്തായ പ്രഭാത സംഘഗാനം! തീർച്ചയായും ഇവയെല്ലാം വെറും സ്ഥിതിവിവരകണക്കുകൾക്കും ശബ്ദരേഖകൾക്കും അപ്പുറമാണ്. പക്ഷികളുടെ കലാപരിപാടി അവ അതു എങ്ങനെ നിർവഹിക്കുന്നു എന്നതു സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തെ വെല്ലുവിളിച്ചേക്കാം, എന്നാൽ ആ നിഗൂഢത ആ അത്ഭുത കലാകാരൻമാരോടും അവയെ സൃഷ്ടിച്ച ദൈവത്തോടുമുള്ള നമ്മുടെ ഹൃദയംഗമായ വിലമതിപ്പ് വർദ്ധിപ്പിക്കുകയത്രേ വേണ്ടത്! (g91 5/22)
[16, 17 പേജുകളിലെ ചിത്രങ്ങൾ]
മുകളിൽ വലത്, പ്രദിക്ഷണമായി റെഡ് ബ്രൗഡ് ഫിഞ്ച് സാററിൻ ബവർ പക്ഷി പാടുന്ന സ്പാരോ, റെൻപക്ഷി പൗരസ്ത്യ മെഡോ ലാർക്ക്
[കടപ്പാട്]
Philip Green
[കടപ്പാട്]
Philip Green
[കടപ്പാട്]
J. P. Myers/VIREO/H. Armstrong Roberts
[കടപ്പാട്]
Philip Green
[കടപ്പാട്]
T. Ulrich/H. Armstrong Roberts
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Paul A. Berquist