കളകൂജനം—കേവലം മറെറാരു മനോജ്ഞ നാദമോ?
കലാ പരിപാടിക്കായി ഭംഗിയായി ഉടുത്തൊരുങ്ങി, സംഗീതക്കച്ചേരിയംഗങ്ങൾ ആസനസ്ഥരായപ്പോൾ അകലെയുള്ള സ്റേറജു വിളക്ക് അവരുടെമേൽ വെളിച്ചം വിതറാൻ തുടങ്ങി. കുടുംബ പാരമ്പര്യമനുസരിച്ചു ശൈശവം മുതൽ അഭ്യസിപ്പിക്കപ്പെട്ട അവ ഓരോന്നും അനായാസേന ഉള്ളുതുറന്നു പാടുന്നു. അവയിൽ ഏതാനും എണ്ണം നവീനവും വിഭിന്നവുമായ നാദങ്ങൾ താനേ സൃഷ്ടിച്ചുകൊണ്ട്, സംഗീതം ഏറെ ഇമ്പകരമാക്കുന്ന കലയിൽ നിപുണരായി പോലും കാണപ്പെടുന്നു.
എവിടെയാണ് ഈ സംഗീതപരിപാടി നടത്തപ്പെടുന്നത്? അത് ഏതെങ്കിലും വിശ്വ പ്രസിദ്ധമായ സംഗീതശാലയിലല്ല. പിന്നെയോ, തൂവൽധാരികളായ ചെറുജീവികളുടെ ഒരു വലിയ നിരയെ അനാവൃതമാക്കിക്കൊണ്ടു നിശാന്ധകാരത്തിന്റെ തിരശീല ഉയരുന്നു. വൃക്ഷങ്ങളിലും വേലികളിലും ടെലിഫോൺ കമ്പികളിലും ഇരിക്കുന്ന പല ഇനങ്ങളിലുള്ള ഗായകപ്പക്ഷികൾ ലോകത്തിലെ ഏററവും ഇമ്പകരമായ സമൂഹഗാനങ്ങളിലൊന്നിൽ അവയുടെ നാദങ്ങൾ ലയിപ്പിക്കുന്നു. അവയുടെ സ്വരകമ്പനങ്ങളും അലങ്കാരശ്രുതികളും ചൂളംവിളികളും ഓടക്കുഴൽ സമാനമായ നാദങ്ങളും ഒരു പുതുദിനത്തിന് ഉല്ലാസഭരിതമായ അഭിവാദ്യം മുഴക്കുന്നു.
എന്നാൽ ഇവ വെറും മധുര സ്വരങ്ങൾ മാത്രമല്ല. ഈ കളകൂജനങ്ങളിൽ കാതിനു കേൾക്കാവുന്നതിലധികമായി വളരെക്കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. കിളികൾ പാടുന്നതെന്തുകൊണ്ടാണ്? ഈ പാട്ടുകൾക്ക് അർഥമുണ്ടോ? കിളികൾ എങ്ങനെയാണ് അവയുടെ പാട്ടുകൾ പഠിക്കുന്നത്? അവ എപ്പോഴെങ്കിലും പുതിയ പാട്ടുകൾ പഠിക്കുന്നുണ്ടോ?
ഒളിഞ്ഞിരിക്കുന്ന സന്ദേശങ്ങൾ
ഏററവും ഉൻമേഷഭരിതമായ പ്രണയസംഗീതക്കച്ചേരി നടക്കുന്നതു പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ആണ്. സാധ്യതയനുസരിച്ച് ആ പാട്ടുകച്ചേരിയിൽ ആൺശബ്ദങ്ങളാണ് നിങ്ങൾ ഏറെയും കേൾക്കാനിടയുള്ളത്. അവയുടെ സന്ദേശം ഇരട്ടധ്വനിയുള്ളതാണ്. മററ് ആണുങ്ങൾക്ക് അതു പ്രാദേശിക അതിരുകൾ കടക്കാതിരിക്കുന്നതിനുള്ള ഒരു ശക്തമായ മുന്നറിയിപ്പാണ്. പെൺപക്ഷികളെ സംബന്ധിച്ചടത്തോളം അത് അഭികാമ്യരായ അവിവാഹിതരിൽ നിന്നുള്ള ഒരു ക്ഷണം ആണ്. ഒരു ഭാഷ തന്നെ വ്യത്യസ്തമായ നീട്ടോടും കുറുക്കോടും കൂടെ ഉച്ചരിച്ചേക്കാവുന്നതുപോലെ, പാട്ടുകാരായ പക്ഷികൾ അവയുടെ തന്നെ പ്രാദേശിക ഗാനങ്ങൾ വികസിപ്പിച്ചെടുക്കുന്നു. ഇണചേരൽ ഗാനത്തിന്റെ സവിശേഷ ഭാഷ പാട്ടുകാരന്റെ സ്വന്ത പരിസരത്തുള്ള പെൺപക്ഷികളെ മാത്രമേ ആകർഷിക്കൂ. ഏററവും ഊർജസ്വലവും സങ്കീർണവുമായ ഗാനാലാപനം ഇണചേരൽ കാലത്തു ശ്രവിക്കാവുന്നതാണ്—വനിതകളെ വശീകരിക്കാനായുള്ള ഒരു പ്രദർശനം.
തന്റെ സ്വരത്തിലൂടെ പാട്ടുകാരൻ ശത്രുവിനെയും മിത്രത്തെയും ഒരുപോലെ തന്റെ സങ്കേതം എവിടെ എന്ന് അറിയിച്ചുപോവുന്നു. അതുകൊണ്ട് വർണശോഭയുള്ള പക്ഷികളും തുറസ്സായ സ്ഥലങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നവയും വേണ്ടാത്ത ശ്രദ്ധ പിടിച്ചുപററാനിടയാക്കുന്ന കോലാഹല സംഗീതം ബുദ്ധിപൂർവം ഒഴിവാക്കുന്നു. നേരെ മറിച്ച്, നല്ല ശത്രു ചതിയൻമാരായ കിളികൾക്കും ഇടതൂർന്ന വനപ്രദേശങ്ങളിൽ പാർക്കുന്നവക്കും തങ്ങളുടെ ഒളിപ്പിടം കണ്ടുപിടിക്കപ്പെടും എന്ന ശങ്കകൂടാതെ തിമർത്തു പാടാൻ കഴിയുന്നു.
ചിലപ്പോൾ നിങ്ങൾ കേൾക്കുന്നത് നമ്മുടെ ചിറകുധാരികളായ സുഹൃത്തുക്കളുടെ സാക്ഷാൽ സംഗീതം ആയിരിക്കണമെന്നില്ല, പിന്നെയോ അത് ഇണകൾ തമ്മിലുള്ള സമ്പർക്കം സ്ഥാപിക്കുന്നതിനോ ഒരു പററത്തെ ഒന്നിച്ചു നിർത്തുന്നതിനോ വേണ്ടിയുള്ള വെറുമൊരു വിളിമാത്രം ആയിരിക്കാം. അത് ആസന്നമായ അപകടത്തെ വിളിച്ചറിയിക്കുന്ന ആപത്സൂചനാ ധ്വനിയോ പൂച്ചയെയോ മറേറതെങ്കിലും നുഴഞ്ഞുകയററക്കാരനെയോ വളയുന്നതിനുള്ള ആഹ്വാനമോ ആയിരിക്കാം. പക്ഷികൾ അവയുടെ ശബ്ദത്തിലൂടെ തങ്ങളുടെ വരണയോഗ്യതപോലെതന്നെ മനോനിലയും—അവ കുപിതരാണോ ചകിതരാണോ ക്ഷുഭിതരാണോ എന്നൊക്കെ—വിളിച്ചറിയിക്കുന്നു.
സമർഥരും വിദഗ്ധരുമായ സംഗീതജ്ഞർ
പാട്ടുകാരായ പക്ഷികളുടെ പാടാനുള്ള പ്രാപ്തികൾ തീർച്ചയായും അനന്യസാധാരണമാണ്. ചിലതിന് ഒരു സമയത്ത് മൂന്നോ നാലോ സ്വരങ്ങൾ ആലപിക്കാൻ കഴിയും. മററു ചിലതിന് സെക്കൻഡിൽ 80 സ്വരങ്ങൾ വരെ ഉത്പാദിപ്പിക്കാൻ കഴിയും. മനുഷ്യകർണത്തിന്, ഇവ ഒരു സ്വരത്തിന്റെ തുടർച്ചപോലെ തോന്നും, എന്നാൽ സൂക്ഷ്മമായ ശ്രവണ ശക്തി നിമിത്തം കിളികൾക്ക് അവ വേർതിരിച്ചറിയുവാൻ കഴിയും.
ഇത്ര കൃത്യമായി സംഗീതം ശ്രവിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും കിളികൾക്ക് ഒരു കാതുണ്ടോ എന്നു ഗവേഷകർ അത്ഭുതം കൂറിയിട്ടുണ്ട്. കിളികൾക്കു ബാഷിന്റെ ഓർഗൻ സംഗീതവും സ്ട്രാവിൻസ്കിയുടെ “റൈററ് ഓഫ് സ്പ്രിങും” തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയുമോ? യഥാർഥ സംഗീത രചയിതാവിനെ തിരിച്ചറിയിക്കാൻ രണ്ടു ഡിസ്ക്കുകളിൽ ഒന്നു കൊത്തിയെടുത്തു പ്രതിഫലമായി തീററി വാങ്ങാൻ ഗവേഷണ വിദഗ്ധർ നാലു പ്രാവുകളെ പരിശീലിപ്പിച്ചു. താമസിയാതെ ആ പ്രാവുകൾക്ക് ബാഷിന്റെ 20-മിനിററു സംഗീതത്തിന്റെ ഏതൊരു ഖണ്ഡവും ശ്രവിച്ചിട്ടു ശരിയായ തകിടു തിരഞ്ഞെടുക്കാൻ കഴിഞ്ഞു. നിസ്സാരമായ തടസ്സങ്ങളോടെ, മററു സംഗീതജ്ഞർ രചിച്ച സമാനമായ ശൈലിയോടു കൂടിയ സംഗീതങ്ങൾപ്പോലും തമ്മിൽ വേർതിരിച്ചറിയാൻ അവയ്ക്കു കഴിഞ്ഞു.
ഉഷ്ണമേഖലാപ്രദേശങ്ങളിലെ ചില കിളികൾ യുഗ്മഗാനങ്ങൾ ആവിഷ്കരിക്കാനും അവതരിപ്പിക്കാനും പ്രാപ്തരാണ്. മാറിമാറി അല്ലെങ്കിൽ ഗാനപ്രതിഗാന രീതിയിൽ പാടുന്ന ഗാനശകലങ്ങൾ ഇണക്കിച്ചേർത്ത തനിമയുള്ള ഒരു സംഗീതം രൂപപ്പെടുന്നതുവരെ ഇണകൾ പരിശീലനം നടത്തുന്നതായിത്തോന്നുന്നു. പരിശീലിതമല്ലാത്ത ഒരു കാതിന് ഒററക്കൊരു പക്ഷിപാടിയ ഒരു തുടർച്ചയായ ഗാനം പോലെ തോന്നുമാറ് അത്ര കൃത്യതയോടെ അവ പാടുന്നു. ഓരോ പങ്കാളിക്കും അതിന്റെ ഇണയുടെ അസാന്നിധ്യത്തിൽ മുഴു ഗാനവും തനിയെ പാടാൻ കഴിയുന്നു. ഈ അനന്യമായ കഴിവു പക്ഷികളെ ഇടതൂർന്ന മഴക്കാടുകളിൽ തങ്ങളുടെ സ്വന്തം ഇണകളെ കണ്ടുപിടിക്കുന്നതിനും തിരിച്ചറിയുന്നതിനും വ്യക്തമായും സഹായിക്കുന്നു.
രചയിതാക്കളും കള്ളപകർപ്പുകാരും
കേവലം എങ്ങനെയാണു പക്ഷികൾ പാട്ടുകൾ പഠിക്കുകയും പുതിയ പാട്ടുകൾ കണ്ടുപിടിക്കുകയും ചെയ്യുന്നതെന്നത് ഇപ്പോഴും അന്വേഷണവിധേയമായിരിക്കുന്ന ഒരു വിഷയമാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്: അവയുടെ പഠനരീതികൾ അനവധിയും വിവിധവുമാണ്. ഇവിടെ പക്ഷി ലോകത്തിൽ കണ്ടുവരുന്ന പഠന വൈവിധ്യത്തിന്റെ ഒരു മാതൃക താഴെ വിവരിച്ചിരിക്കുന്നു.
ആൺ ചാഫിഞ്ചിന്റെ പാട്ട് ജനനസമയത്തു ഭാഗികമായിട്ടെങ്കിലും അതിന്റെ തലച്ചോറിൽ നിവേശിപ്പിച്ചിട്ടുണ്ട്. മററു പക്ഷികളിൽ നിന്നു തികച്ചും ഒററപ്പെട്ടു വളർന്നുവന്നാലും അതിന്റെ പാട്ടിന് അതു ലക്ഷണമൊത്തതായില്ലെങ്കിലും അപ്പോഴും തുല്യ എണ്ണം സ്വരങ്ങളുണ്ടായിരിക്കും, സാധാരണ ചാഫിഞ്ചു ഗാനത്തിന്റെ അത്രയോളംതന്നെ ദൈർഘ്യവും ഉണ്ടായിരിക്കും. എന്നിരുന്നാലും, പാട്ടിന്റെ ആലാപനം കൃത്യമായി വികസിപ്പിച്ചെടുക്കുന്നതിന്, അവൻ പാടാൻ പ്രായമാകുന്നതിനു മുമ്പു മററു ആൺ ചാഫിഞ്ചുകളുടെ പാട്ടു കേൾക്കുകയും അടുത്ത വസന്തത്തിൽ അതു വീണ്ടും കേൾക്കുകയും വേണം. അപ്പോൾ, ഒരു ഔദ്യോഗിക സംഗീതജ്ഞനെപ്പോലെ, തലച്ചോറിലുള്ള രാഗത്തോടു തന്റെ യൗവനയുക്തമായ നാദത്തെ അനുരൂപപ്പെടുത്താനായി വീണ്ടും വീണ്ടും പണിപ്പെട്ടുകൊണ്ട്—പരിശീലനത്തിൻമേൽ പരിശീലനംകൊണ്ട് ഈ തൂവൽധാരിയായ സംഗീത വിദഗ്ധനു തന്റെ പാട്ടു കുററമററതാക്കിയേ പററൂ.
ഒറിജൻ ജുംഗോക്ക് അതിന്റെ നാട്ടിലെ പാട്ടു കേൾക്കാനായില്ലെങ്കിൽ അതു സ്വന്തമായ പാട്ടുകൾ ഉണ്ടാക്കും. എന്നാൽ അതു വ്യക്തവും ലളിതവും ആയ ജുംഗോ ഗാനം ഒരിക്കൽ കേട്ടുകഴിഞ്ഞാൽ കണ്ടുപിടുത്തം നിർത്തിവച്ചു മറെറല്ലാത്തിനെയുംപോലെതന്നെ സ്വരം പുറപ്പെടുവിക്കും. നേരെമറിച്ച്, അരിസോണാ ജുംഗോയുടെ സൃഷ്ടിപരമായ വാസനകൾ ഒരു മുതിർന്ന ജുംഗോ പാടുന്നതു കേൾക്കുമ്പോൾ ഉത്തേജിതമാകുന്നു. അതു കേൾക്കുന്നതു പകർത്തുകയില്ല, എന്നാൽ അതു തനതായ വിശിഷ്ട ഗാനം കണ്ടുപിടിക്കാൻ പ്രേരിതമായിത്തീരുന്നു.
ചില പാട്ടുകൾ ജനിതകമായി നിർണയിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതിന് ഏററവും ശക്തമായ തെളിവ് “മുട്ടവിരിഞ്ഞു പുറത്തുവരുന്ന പരാദങ്ങളു”ടേതാണ്. ഉദാഹരണത്തിന്, കുയിൽ പോററമ്മയപ്പൻമാരായി വർത്തിക്കുന്ന മററിനം കിളികളുടെ കൂടുകളിൽ മുട്ടയിടുന്നു. മുട്ട വിരിയുമ്പോൾ താൻ തന്റെ പോററപ്പനെപ്പോലെതന്നെയല്ല ഇരിക്കുന്നതെന്നും അവനെപ്പോലെ പാടരുതെന്നും കുയിൽക്കുഞ്ഞ് എങ്ങനെയാണ് അറിയുന്നത്? കുയിൽ ഗീതം ജനനസമയത്ത് അതിന്റെ തലച്ചോറിൽ സന്നിവേശിതമായിരിക്കണം.
അതുകൊണ്ടു മിക്ക കേസുകളിലും പക്ഷിയുടെ പാട്ട് ജനിതകസിദ്ധിയായി കാണപ്പെടുന്നു. ഒരു പക്ഷി അതിന്റെ വർഗസംഗീതം ഒരിക്കലും പഠിക്കുന്നില്ലെങ്കിൽക്കൂടി അതു മറെറാരു വർഗത്തിന്റെ ഗാനം പകർത്തുകയോ സ്വീകരിക്കുകയോ ചെയ്യുകയില്ല. നൈസർഗിക ഗാനത്തിന്റെ ഒരു മങ്ങിയ മാതൃക അതിന്റെ തലച്ചോറിൽ ഉണ്ടെന്നും കേൾക്കുന്നതു സൂക്ഷ്മനിരീക്ഷണം നടത്താനും ആ മാതൃകയോട് ഏററവും സദൃശമായിരിക്കുന്ന ശബ്ദം പകർത്താനും അതിനു കഴിയുമെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.
എന്തൊരു അത്ഭുതകരമായ തലച്ചോറാണ് അവയ്ക്കുള്ളത്. ശാസ്ത്രജ്ഞനായ ഫെർനാൻഡോ നെയ്ററബോം പാട്ടുകാരായ പക്ഷികളുടെ തലച്ചോറു പാർശ്വങ്ങളിലായാണ്, അതായത് ഓരോന്നും തനതായ പ്രത്യേക ധർമങ്ങളോടുകൂടി ഇടതുവശത്തും വലതുവശത്തും ആയിട്ടാണു സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന വിസ്മയകരമായ കണ്ടുപിടിത്തം നടത്തി. അദ്ദേഹം പാട്ടു പഠിക്കാനുള്ള കഴിവു പക്ഷികളുടെ തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തു നിക്ഷിപ്തമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ആൺ കാനറിയിൽ ഈ ഭാഗം, അടുത്തു വരാനിരിക്കുന്ന ഇണചേരൽ സമയത്തു പുതിയ സ്വരങ്ങൾ പഠിക്കാനുള്ള അതിന്റെ ആവശ്യം അനുസരിച്ചു വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു. കാനറികൾ ജീവിതാരംഭത്തിൽ പാടാൻ ശ്രമിക്കുന്നു, എന്നാൽ ഈ സംഗീതവിദ്വാൻമാർപോലും, എട്ടോ ഒൻപതോ മാസം പ്രായമാകുന്നതുവരെ പ്രാപ്തിയുടെ തികവിൽ എത്തുന്നില്ല.
മററു പാട്ടുകാരായ പക്ഷികൾ നിലവിലുള്ള ഒരു പാട്ടു കടമെടുത്ത് അതിൽ വിശദാംശങ്ങൾ ചേർത്തുകൊണ്ടോ അതിന്റെ രാഗങ്ങളുടെയോ പ്രാസങ്ങളുടെയോ ക്രമം മാററിക്കൊണ്ടോ ഒരു സംഗീതത്തിൽ വ്യതിയാനങ്ങൾ വരുത്തുന്നതിൽ വൈദഗ്ധ്യം നേടുന്നു. ഇത്തരത്തിലുള്ള അനുകരണ വിദഗ്ധരായ കിളികൾ, പ്രത്യേകിച്ച് “സംസാരിക്കാ”നും മനുഷ്യ ശബ്ദങ്ങൾ അനുകരിക്കാനുമായി അവയുടെ പ്രാപ്തികൾ ഉപയോഗിക്കുന്ന കിളികൾ വളരെക്കാലമായി നമുക്കു കൗതുകമായിരുന്നിട്ടുണ്ട്. പക്ഷി ലോകത്തിലെ പകർപ്പു പാട്ടുകാരിൽ ആസ്ട്രേലിയായിലെ ലൈർബേർഡും യൂറോപ്പിലെ മാർഷ് വാർബ്ളറും സ്ററാർലിങ്ങും വടക്കേ അമേരിക്കയിലെ മഞ്ഞമാറുള്ള ചാററും മോക്കിങ്ങ് ബേർഡും ഉൾപ്പെടുന്നു. ഒടുവിൽ പറഞ്ഞതിന് തവളയുടെയോ വിട്ടിലിന്റെയോ പോലും ശബ്ദാനുകരണം ഉൾക്കൊള്ളുന്ന ഡസൻ കണക്കിനു പാട്ടുകൾ അതിന്റെ ശേഖരത്തിലുണ്ട്. മോക്കിങ്ങ് ബേർഡുകൾ പാടുന്ന, പക്ഷിലോകത്തിലെ വിഖ്യാതസംഗീത ശകലങ്ങളുടെ ആനന്ദമധുരമായ ആലാപനം ശ്രദ്ധിക്കുന്നതു തീർച്ചയായും നമ്മെ ആശ്ചര്യാതിരേകത്തിലാഴ്ത്തുന്നു.
ഈ തൂവൽധാരികളായ സൃഷ്ടികൾ തങ്ങളുടെ മധുരഗാനങ്ങൾ ആലപിക്കുമ്പോൾ നിങ്ങൾക്കു ശ്രവിക്കാൻ മാത്രമല്ല പിന്നെയോ വിലമതിപ്പോടെ ശ്രദ്ധിക്കാനും കഴിയും. നാളത്തെ സംഗീതപരിപാടി വെളുപ്പിനേ തുടങ്ങുന്നതാണ്. നിങ്ങൾ അത് ആസ്വദിക്കുമോ? (g93 6⁄22)
[19-ാം പേജിലെ ചതുരം]
പരിചിതമായ ഒരു മണിനാദം
ബ്രിട്ടനിലെ ഒരു ശാസ്ത്രജ്ഞൻ അനവധി സോങ് ത്രഷുകളുടെ ഗാനങ്ങളിൽ പരിചിതമായ ഒരു മണിനാദം ശ്രദ്ധിക്കുകയുണ്ടായി. അദ്ദേഹം ആ ഗാനം ആലേഖനം ചെയ്തു വൈദ്യുത വിശകലനം നടത്തിനോക്കി. അദ്ദേഹത്തിന് അത്ഭുതം തോന്നുമാറ്, അതു ബ്രിട്ടനിലെ ഫോൺ കമ്പനിയായ ടെലികോം വിതരണം ചെയ്തിരുന്ന ട്രിംഫോണിന്റെ വൈദ്യുത മണിനാദത്തോടു വളരെ സമാനമായിരുന്നു. പാട്ടുകാരായ പക്ഷികൾ ആ സ്വരം കേട്ടുപഠിച്ച് അവയുടെ ശേഖരത്തിൽ ചേർത്തതാണെന്നുള്ളതു വ്യക്തമാണ്. സംഗീതക്കച്ചേരി നടത്തുന്ന ഈ ഗായകപ്പക്ഷികൾ സംശയം തോന്നാത്ത ബ്രിട്ടീഷുകാരെ കൗശലപൂർവം ഫോണിന്റെ അടുത്തേക്കു പലപ്പോഴും ഓടിച്ചിരുന്നിരിക്കാൻ നല്ല സാധ്യതയുണ്ട്.
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Camerique/H. Armstrong Roberts
T. Ulrich/H. Armstrong Roberts