എയർകണ്ടീഷനിംഗ് നിങ്ങൾക്ക് ആവശ്യമാണോ?
ചൂടുപിടിച്ചു വേവുന്ന ഒരു ദിവസം. ജോലിക്കുശേഷം വലിഞ്ഞിഴഞ്ഞ് നിങ്ങൾ വീട്ടിലെത്തുന്നതിനിടെ, സൂര്യൻ നിർദ്ദാക്ഷിണ്യം നിങ്ങളെ പ്രഹരിക്കുന്നു. എന്നാൽ നിങ്ങളുടെ വീടിന്റെ മുൻവാതിൽ നിങ്ങൾ തുറക്കുമ്പോൾ ഉൻമേഷം നൽകുന്ന തണുത്ത വായുവിന്റെ ഒരു അല നിങ്ങളെ സ്വാഗതം ചെയ്യുന്നു. ആഹ്-ഹ്-ഹ്-ഹ്, എയർ കണ്ടീഷനിംഗ്! അത് എത്ര ആശ്വാസകരമായിരിക്കും!
എന്നാൽ അത് ഒരു തണുത്ത ശീതകാല ദിനമാണെന്നിരിക്കട്ടെ. നിങ്ങൾ നിങ്ങളുടെ വീടിന്റെ കതകു തുറക്കുമ്പോൾ സാന്ത്വനപ്പെടുത്തുന്ന ചൂടു വായുവിന്റെ ഒരു അല നിങ്ങളെ സ്വാഗതം ചെയ്താലോ? നന്ദിയോടെ നിങ്ങൾ നിങ്ങളോടുതന്നെ പറയുമോ: ‘ആഹ്-ഹ്-ഹ്-ഹ്, എയർകണ്ടീഷനിംഗ്’?
ഒരു പക്ഷേ ഇല്ലായിരിക്കും. എന്നിരുന്നാലും അനുയോജ്യമായ ഒരു പ്രതികരണമായിരിക്കും അത്. വേൾഡ്ബുക്ക് എൻസൈക്ലോപ്പീഡിയ വിശദീകരിക്കുന്നു: “എയർകണ്ടീഷനിംഗ്, അന്തരീക്ഷം ചൂടായിരിക്കുമ്പോൾ വായുവിനെ തണുപ്പിക്കുന്നു. അന്തരീക്ഷം തണുത്തിരിക്കുമ്പോൾ അത് വായുവിനെ ചൂടാക്കുന്നു.”
എന്നിരുന്നാലും “എയർകണ്ടീഷനിംഗ്” എന്ന പദം സാധാരണയായി പ്രയോഗിക്കപ്പെടുന്നത് അടച്ചുകെട്ടപ്പെട്ട ഒരു പരിസ്ഥിതിയിലെ വായുവിനെ തണുപ്പിക്കുന്നതിനാണ്; അത് ഒരു വീടോ ഓഫീസ് കെട്ടിടമോ ഒരു ഓഡിറേറാറിയമോ സിനിമാശാലയോ ഒരു കാറോ ഒരു ബസോ ഒരു ട്രെയിനോ അതുമല്ലെങ്കിൽ അടച്ചുകെട്ടപ്പെട്ട മററു ചിലടമോ ഒക്കെയാകാം. എന്നാൽ എയർകണ്ടീഷനിംഗ് വായുവിന്റെ താപത്തിൽ വ്യതിയാനം വരുത്തുന്നതിലുമധികമായി ചിലത് ചെയ്യുന്നു; അത് വായുവിന്റെ ചലനത്തെയും ശുദ്ധിയെയും അതിലടങ്ങിയിരിക്കുന്ന ഈർപ്പത്തിന്റെ അളവിനെയുമൊക്കെ നിയന്ത്രിക്കുന്നു.
അസ്വസ്ഥത ഉളവാക്കുന്നു
എന്നാൽ അടച്ചുകെട്ടപ്പെട്ട ഒരു പരിസ്ഥിതിയിൽ അമിത താപവും ജലാംശവും ഉണ്ടാക്കുന്നത് എന്താണ്? തീർച്ചയായും താപത്തിന്റെ പ്രധാന ശ്രോതസ്സ് മിക്കവാറും സൂര്യൻതന്നെയാണ്. എന്നാൽ നിങ്ങളും നിങ്ങളോടൊപ്പം വീട്ടിലോ ഓഫീസിലോ വാഹനത്തിലോ അല്ലെങ്കിൽ മറേറതെങ്കിലും അടച്ചുകെട്ടപ്പെട്ട സ്ഥലത്തോ ആയിരിക്കുന്ന മററുള്ളവരും ഉത്തരവാദികളാണ്. എന്തുകൊണ്ടെന്നാൽ നമ്മൾ മനുഷ്യർ താപവും ജലാംശവും ഉൽപ്പാദിപ്പിക്കുന്ന യന്ത്രങ്ങളാണ്. നാം നമ്മെത്തന്നെ എത്രയധികം ആയാസപ്പെടുത്തുന്നുവോ അത്രയധികം താപവും ജലാംശവും നാം ഉൽപ്പാദിപ്പിക്കുന്നു. നാം സ്വസ്ഥമായി ഇരിക്കുമ്പോൾപോലും ചെറിയ തോതിൽ താപവും ജലാംശവും നമ്മുടെ ശരീരം ഉൽപ്പാദിപ്പിക്കാറുണ്ട്.
അതിനാൽ നമുക്കു സുഖദമായിരിക്കണമെങ്കിൽ നാം പുറന്തള്ളുന്ന താപവും ജലാംശവും അതു പുറന്തള്ളപ്പെടുന്ന അതേ തോതിൽതന്നെ നീക്കപ്പെടുകയും വേണം. അത് അമിതവേഗത്തിൽ നീക്കപ്പെട്ടാൽ നമുക്കു വളരെ തണുപ്പുതോന്നും. അതു നീക്കപ്പെടുന്നതു വളരെ സാവധാനമാണെങ്കിൽ നമുക്കു കൂടുതൽ ചൂട് അനുഭവപ്പെടുകയും ചെയ്യും. ഒരു വലിയ മുറിയിൽ സ്വസ്ഥരായിരിക്കുന്ന നൂറാളുകൾ ഉണ്ടാക്കുന്ന താപവും ജലാംശവും നീക്കുന്നതിന്, സാങ്കേതിക പദങ്ങളിൽ, ഏതാണ്ടു മൂന്നു ടൺ തണുപ്പിക്കൽ അഥവാ 36,000 ബിററിയു [ബ്രിട്ടീഷ് തെർമൽ യൂണിററുകൾ] ഒരു മണിക്കൂറിൽ ആവശ്യമായിരിക്കുന്നു.
കത്തുന്ന ഒരു തീപ്പെട്ടിക്കൊള്ളി ഉളവാക്കുന്ന താപത്തിന് ഏറെക്കുറെ സമാനമാണ് ഒരു ബിററിയു. (ഒരു താരതമ്യത്തിനായി, 252 കലോറി ഒരു ബിററിയുവിലെ താപത്തിനു തുല്യമായ താപത്തെ കുറിക്കുന്നു.) അങ്ങനെ, നിശ്ചലനായിരിക്കുന്ന ഒരു വ്യക്തി പുറത്തുവിടുന്ന താപം കത്തുന്ന 360 തീപ്പെട്ടിക്കൊള്ളികൾ വമിപ്പിക്കുന്ന താപത്തോട് ഏതാണ്ടു തുല്യമായിരിക്കുന്നു! എന്നാൽ അടച്ചുകെട്ടപ്പെട്ട ഒരു സ്ഥലത്ത് കൂടിയിരിക്കുന്ന ആളുകൾ പുറന്തള്ളുന്ന താപത്തോട് ലൈററുകളും പ്രവർത്തിക്കുന്ന മററു വൈദ്യുതോപകരണങ്ങളും ഉൽപ്പാദിപ്പിക്കുന്ന താപവും കൂട്ടപ്പെടുന്നു. അതിനാൽ എയർകണ്ടീഷനിംഗിന്റെ പ്രയോജനം എളുപ്പം കാണാൻ കഴിയും.
ഗുണങ്ങളും ദോഷങ്ങളും
കൂടുതൽ സുഖകരമായ ഒരു പരിസ്ഥിതി ഉള്ളിൽ സൃഷ്ടിക്കുന്നതു കൂടാതെ എയർകണ്ടീഷനിംഗ് നിങ്ങളുടെ ആരോഗ്യത്തിനും ഉത്തമമായേക്കാം, പ്രത്യേകിച്ച് ഈ ഉപകരണം ശരിയായി ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്യുകയാണെങ്കിൽ ഇതു ചൂടുകുരുക്കളെ ഇല്ലാതാക്കിയേക്കാം. കൂടാതെ ഇവ പൂമ്പൊടികളെ അരിച്ചുമാററുന്നതിനാൽ ‘ഹേ ഫീവർ’ (അലർജിമൂലം ഉണ്ടാകുന്ന ഒരു തരം പനി) മൂലം കഷ്ടപ്പെടുന്നവർക്ക് ഇത് ആശ്വാസം നൽകിയേക്കാം. താപത്തിന്റെ അതിരുകളെ മിതപ്പെടുത്തുന്നത് പ്രായമായവർക്ക് പ്രത്യേകിച്ച് ആരോഗ്യത്തിന് ഉത്തമമാണ്. എയർകണ്ടീഷനിംഗ് പഴകിയ വായുവും ചെളിയും നീക്കി പുതിയ വായു കടത്തിവിടുകയും ചെയ്യുന്നതിനാലും ഇത് അങ്ങനെതന്നെയാണ്.
എന്നിരുന്നാലും ശീതീകരണം ഉപയോഗിക്കുന്ന ആധുനിക എയർകണ്ടീഷനിംഗ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പുറത്തു നൂറു ഡിഗ്രി ഫാറൻ ഹീററ് താപവും ഉള്ളിൽ എയർകണ്ടീഷനിംഗ് മൂലം ഉളവാക്കപ്പെടുന്ന 78 ഡിഗ്രി ഫാറൻഹീററിൽ താഴെയുള്ള താപവും തമ്മിലുള്ള വലിയ അന്തരം നിമിത്തം പലർക്കും രോഗം പിടിപെടാറുണ്ട്. ഇതേ കാരണംനിമിത്തം ചിലർ ആധുനിക എയർകണ്ടീഷനറുകൾ ഉപയോഗിക്കാതെ സീലിംഗ് ഫാനുകൾ ഉപയോഗിക്കുകയും പ്രയോജനം നേടുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്.
മറുവശത്ത്, ഓഫീസ്ജോലിക്കാരിൽ, എയർകണ്ടീഷനിംഗ് വർദ്ധിച്ച ഉൽപ്പാദനക്ഷമത ഉണ്ടാക്കുന്നതായി പറയപ്പെടുന്നു. ഇൻഡോർ അരീനയിലോ ഓഡിറേറാറിയത്തിലോ നടത്തപ്പെടുന്ന കൺവെൻഷനുകളിൽ സംബന്ധിക്കുന്നവരെ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുവാനും ഇതു സഹായിക്കുന്നു. അത്തരം സ്ഥലങ്ങൾ ചൂടുപിടിച്ചതും ശ്വാസം മുട്ടിക്കുന്നതുമായിരിക്കുമ്പോൾ ശ്രദ്ധ പിടിച്ചുനിർത്തുന്നതിന് കഠിനശ്രമം ചെയ്യണമെന്ന് നിങ്ങളും സമ്മതിക്കും എന്നുള്ളതിനു സംശയമില്ല.
പല വ്യവസായങ്ങളുടെയും വിജയകരമായ പ്രവർത്തനത്തിന് എയർകണ്ടീഷനിംഗ് അത്യന്താപേക്ഷിതമായിരിക്കുന്നു. ഭക്ഷ്യവ്യവസായങ്ങളിൽ എയർകണ്ടീഷനിംഗ് പ്രത്യേകിച്ച് ഒരു മുതൽക്കൂട്ടുതന്നെയാണ്. നാശം വരുത്തുന്ന ബാക്ററീരിയകളുടെ വളർച്ചയെ തടഞ്ഞുകൊണ്ട് വർഷം മുഴുവൻ ആഹാരപദാർത്ഥങ്ങൾ സംഭരിച്ചുവെക്കുന്നത് ഇത് സാദ്ധ്യമാക്കുന്നു. ബേക്കറികളിൽ ധാന്യപ്പൊടികളെ അവ പൂപ്പിൽനിന്നും സംരക്ഷിക്കുന്നു. ചീസ് നിർമ്മിക്കുന്നതിനും ഇതു പ്രയോജനപ്പെടുത്തപ്പെടുന്നു. ഒരു കാലത്ത് റോക്ക്ഫോർട്ട് ചീസ് ഫ്രാൻസിലെ ചില ഗുഹകളിൽ വെച്ചുമാത്രമെ നിർമ്മിക്കാൻ സാധിച്ചിരുന്നുള്ളു. ഇവയിൽ തണുത്ത, ഈർപ്പംനിറഞ്ഞ വായു നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഈ ഗുഹകളിലെ പരിസ്ഥിതികളുടെ നേർപതിപ്പുകൾക്കു രൂപംനൽകുന്ന എയർകണ്ടീഷനിംഗ്മൂലം ഇത്തരം ചീസ് മററുള്ളിടങ്ങളിലും ഉണ്ടാക്കാൻ കഴിയുന്നു.
എന്നിരുന്നാലും, ആധുനിക എയർകണ്ടീഷനിംഗ് പലരുടെയും മരണത്തോടും രോഗത്തോടും ബന്ധപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് 1976ൽ അമേരിക്കൻ ലീജിയണിന്റെ ഒരു കൺവെൻഷൻസമയത്ത് 182 ലീജിയണർമാർക്ക് പിന്നീട് ലീജിയണേഴ്സ് ഡിസീസ് എന്നു തിരിച്ചറിയിക്കപ്പെട്ട അസുഖം പിടിപെടുകയും 29 പേർ മരണമടയുകയും ചെയ്തു. ഈ രോഗത്തിന്റെ വ്യാപനത്തെപ്പററി ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്ക എഴുതി: “കേന്ദ്രീകൃത എയർകണ്ടീഷനിംഗ് യൂണിററുകളിലെ രോഗാണുബാധിത ജലം ചുററുമുള്ള അന്തരീക്ഷത്തിലേക്ക് ലീജിയനെല്ലാ ന്യൂമോഫീലിയയെ ചെറിയ തുള്ളികളിലായി വിതറിയിരിക്കാം എന്നു സംശയിക്കപ്പെടുന്നു.” അപര്യാപ്തമായ വിധം പരിരക്ഷിക്കപ്പെട്ട കേന്ദ്രീകൃത എയർകണ്ടീഷനിംഗ് സംവിധാനങ്ങൾ മററസുഖങ്ങൾക്കു ഇടയാക്കപ്പെട്ട രോഗാണുബാധിത വായവിനും കാരണമായിരുന്നിട്ടുണ്ട്.
ആവശ്യം നിറവേററുന്നു
അനേകം ആളുകൾക്ക് എയർകണ്ടീഷനിംഗിന്റെ ഒരു യഥാർത്ഥ ആവശ്യം അനുഭവവേദ്യമായിട്ടുണ്ട്. പണ്ടുകാലങ്ങളിൽ നനച്ച പുൽപായകൾ ജനാലകളിലും വാതിലുകളിലും വേനൽക്കാലങ്ങളിൽ തൂക്കിയിടാറുണ്ടായിരുന്നു. ജലാംശം ബാഷ്പീകരിക്കപ്പെടുന്നതിനാൽ ഉള്ളിലേക്കു വരുന്ന വായു ഇതിനാൽ തണുപ്പിക്കപ്പെടുമായിരുന്നു. ഏതാണ്ട് 500 വർഷങ്ങൾക്കുമുമ്പ് ആദ്യത്തെ യന്ത്രവത്കൃത ഫാൻ നിർമ്മിക്കപ്പെട്ടു. അവ വായുവിനെ ചുററിത്തിരിച്ചുകൊണ്ട് ചൂടിൽനിന്നും ആശ്വാസം നൽകി. വേനൽകാലങ്ങളിൽ തണുപ്പു ലഭിക്കാൻ ആവശ്യമായിരിക്കുന്നത് ഒരു നല്ല ഫാൻ നൽകുന്ന വായൂസഞ്ചാരമാണെന്ന് ഇന്നുപോലും അനേകരും കാണുന്നു.
അന്തരീക്ഷ ബാഷ്പാംശം കുറഞ്ഞ മരുഭൂമിപോലെയുള്ള പ്രദേശങ്ങളിൽ അനേകരും ചെലവു കുറഞ്ഞ ഒരുതരം തണുപ്പിക്കലിൽ നിന്നു പ്രയോജനം നേടുന്നു. ഇത്തരം സംവിധാനത്തിൽ നാരുകളാൽ നിർമ്മിതമായ നനഞ്ഞ ഒരു പായിലൂടെ പുറത്തെ വായു വലിച്ചെടുക്കുന്നു. അതിനാൽ കെട്ടിടത്തിനുള്ളിൽ കടക്കുന്നതിനു മുമ്പായി വായു തണുപ്പിക്കപ്പെടുന്നു. എന്നാൽ, ഇത്തരം ശീതീകരണത്തിൽ തണുപ്പിക്കപ്പെട്ട വായു ഉള്ളിലേക്ക് എടുക്കപ്പെടുന്ന അതേ നിരക്കിൽതന്നെ ഉള്ളിലെ വായു പുറത്തേക്കു പോകാൻ അനുവദിക്കപ്പെടേണ്ടതുണ്ട്. ഇതിന് സാധാരണയായി അൽപ്പം തുറന്നിട്ടിരിക്കുന്ന പല ജനാലകൾ മതിയാകും. എന്നിരുന്നാലും വായുവിലെ ജലാംശത്തിന്റെ അളവ് അസുഖകരമായ നിലയിൽ ഉയരുന്നതിനാൽ ഇത്തരം എയർകണ്ടീഷനിംഗ് മിക്കവാറും അസംതൃപ്തികരമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
അതിനാൽ വായുവിനെ ശീതീകരിക്കാൻ ഒരു മാർഗ്ഗം അടുത്തകാലത്ത് വികസിപ്പിച്ചെടുക്കപ്പെട്ടതിനാൽ ഒരാവശ്യം സഫലീകരിക്കപ്പെട്ടു. യഥാർത്ഥത്തിൽ ഒരു ആധുനിക എയർകണ്ടീഷണറിന്റെ പ്രവർത്തനതത്വം വീടുകളിൽ ആഹാരപദാർത്ഥങ്ങൾ തണുപ്പിച്ചു സൂക്ഷിക്കുന്ന റഫ്രിജറേറററിന്റെ തത്വത്തോടു സമാനമാണ്. അതിനാൽ എയർകണ്ടീഷൻ ചെയ്യപ്പെട്ട കെട്ടിടം—ഒരു പക്ഷേ നിങ്ങളുടെ വീടോ ഓഫീസോ ഫലത്തിൽ—ഒരു വലിയ റഫ്രിജറേററർ ആയിത്തീരുന്നു.
ഉള്ളിലെ വായുവിന്റെ താപം കുറെക്കാനായി, ചൂടുവായു ചുററിത്തിരിയവേ തണുപ്പിക്കപ്പെടുന്നു. ഇതു നിർവഹിക്കാനായി എളുപ്പം ബാഷ്പമാവുന്ന ദ്രവരൂപത്തിലുള്ള റഫ്രിജറൻറ് ബാഷ്പീകരണ കുഴലുകളുടെ ഒരു ശ്രേണിയിലൂടെ കടത്തിവിടപ്പെടുന്നു. ഒരു കാററാടി ചൂടുവായുവിനെ ഈ കുഴലുകളുടെ മീതെ കടത്തിവിടുമ്പോൾ റഫ്രിജറൻറ് താപത്തെ ആഗിരണം ചെയ്യുകയും ബാഷ്പമാവുകയും ചെയ്യുന്നു. അങ്ങനെ വായു തണുപ്പിക്കപ്പെടുന്നു. ഇപ്പോൾ തണുപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് ഈ ശീതീകരിച്ച വായുവിനെ മടക്കി അയക്കുന്നു. വായു തണുപ്പിക്കപ്പെടുമ്പോൾ കുറച്ചു ജലാംശവും നീക്കംചെയ്യപ്പെടുന്നു, അവ തണുത്ത ബാഷ്പീകരണ കുഴലുകളിൽ ഘനീഭവിക്കുകയും ഒഴുകിപ്പോവുകയും ചെയ്യുന്നു.
ഇതിനിടെ, താപത്തെ വലിച്ചെടുത്തതുമൂലം ബാഷ്പമായിത്തീർന്ന റഫ്രിജറൻറ് ഒരു കംപ്രസ്സറിനുള്ളിലേക്കു കടത്തിവിടപ്പെടുന്നു. അവിടെ അതിനെ മർദ്ദത്തിനു വിധേയമാക്കുന്നു. അതിനുശേഷം അവയെ ഘനീകരണക്കുഴലുകളിലൂടെ കടത്തിവിടുമ്പോൾ അവ താപത്തെ പുറത്തുവിടുകയും ദ്രവരൂപത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നു. കെട്ടിടത്തിനുള്ളിൽനിന്നും ചൂടു പുറന്തള്ളപ്പെടുകയും ശീതീകരണപ്രക്രിയ തുടരുവാനായി റഫ്രിജറൻറ് വീണ്ടും ബാഷ്പീകരണക്കുഴലിലൂടെ ചുററിക്കറങ്ങുകയും ചെയ്യുന്നു.
റഫ്രിജറേഷൻമൂലം വായുവിനെ തണുപ്പിക്കുന്ന പ്രക്രിയ താരതമ്യേന സമീപകാലത്താണു ജൻമംകൊണ്ടത്. മമനുഷ്യന്റെ സുഖത്തിനു മാത്രമായി ഒരു എയർകണ്ടീഷനിംഗ് യൂണിററ് ആദ്യമായി ഉപയോഗിക്കപ്പെട്ടത് 1922ൽ ഒരു സിനിമാ തീയേറററിലായിരുന്നു. തീവണ്ടികൾക്കായുള്ള ആദ്യത്തെ എയർകണ്ടീഷനിംഗ്സംവിധാനം സ്ഥാപിക്കപ്പെട്ടത് 1931ലാണ്, ഓട്ടോമൊബൈൽ വാഹനങ്ങളിൽ അവ ആദ്യമായി 1939ൽ വെക്കപ്പെട്ടു. അതിനടുത്ത വർഷം ബസ്സിനുള്ളിൽ ഇവ വെക്കപ്പെട്ടു. വീടുകളും അപ്പാർട്ടുമെൻറുകളും എയർകണ്ടീഷനിംഗ് ഉപയോഗിക്കാൻ തുടങ്ങിയത് 1930കളിലാണ്.
എയർകണ്ടീഷനിംഗിനായുള്ള ആളുകളുടെ ആവശ്യം തീർച്ചയായും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും ബഹുഭൂരിപക്ഷം ആളുകളും സുഖകരമെന്നു കാണുന്ന താപത്തിന്റെ ഒരു മേഖലയുണ്ട്. 72 ഡിഗ്രി ഫാറൻഹീററു മുതൽ 78 ഡിഗ്രി ഫാറൻഹീററ് വരെ സാധാരണയായി സുഖകരമായ ഒരു മേഖലയാണ്; ആപേക്ഷിക അന്തരീക്ഷ ബാഷ്പാംശം 40 ശതമാനം മുതൽ 60 ശതമാനം വരെയായിരിക്കണം. ചൂടാക്കേണ്ടതുപോലെ അന്തരീക്ഷം തണുത്തിരിക്കുമ്പോൾ, ഭൂരിപക്ഷം ആളുകൾക്കും സുഖകരമായി അനുഭവപ്പെടുന്നത് താപം 72 ഡിഗ്രി ഫാറൻഹീററിനും 76 ഡിഗ്രി ഫാറൻഹീററിനും ഇടയിലായിരിക്കുമ്പോഴാണ്.
മറുവശത്ത്, പുറത്തു ചൂടായിരിക്കുമ്പോൾ ഭൂരിപക്ഷംപേർക്കും സുഖകരമായിരിക്കുന്നത് എയർകണ്ടീഷനിംഗ് ഉള്ളിലെ താപം 76 ഡിഗ്രി ഫാറൻഹീററിനും 80 ഡിഗ്രി ഫാറൻഹീററിനും ഇടയിൽ നിർത്തുമ്പോഴാണ്. എന്നാൽ പുറത്തെ ചൂട് അങ്ങേയററം ഉയർന്നിരിക്കയും ഒരാൾ കൂടെക്കൂടെ പുറത്തേക്കും അകത്തേക്കും പോകുകയുമാണെങ്കിൽ, ആരോഗ്യത്തിന് ഉചിതമായിരിക്കുന്നത് ഉള്ളിലെ താപം സാധാരണയിലും ഏതാണ്ട് കൂടുതലാക്കി നിർത്തുന്നതായിരിക്കും.
നിങ്ങൾക്ക് അത് ആവശ്യമാണോ?
അതിനാൽ നിങ്ങളുടെ സാഹചര്യത്തെ ആശ്രയിച്ച് എയർകണ്ടീഷനിംഗ് കൂടുതൽ സുഖകരമായ പരിസ്ഥിതി നിങ്ങൾക്കു പ്രദാനം ചെയ്തേക്കാം. എന്നാൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ അത് ആവശ്യമോ ആഗ്രഹിക്കത്തക്കതോ ആയിരിക്കുന്നില്ല എന്നുള്ളതു സത്യമാണ്. അല്ലെങ്കിൽ ഒരു എയർകണ്ടീഷനർ വാങ്ങുന്നത് സാമ്പത്തികമായി നിങ്ങൾക്കു പ്രായോഗികമല്ലാതിരുന്നേക്കാം.
എന്നിരുന്നാലും എയർകണ്ടീഷനിംഗിൽനിന്നു നിങ്ങൾക്കു നേടാൻകഴിയുന്ന പ്രയോജനം അതു കരസ്ഥമാക്കാൻ നിങ്ങൾ മുടക്കുന്ന ചെലവിനു തക്കതാണെന്നു നിങ്ങൾ തീരുമാനിച്ചേക്കാം. ഉപകരണം ഉചിതമായി തിരഞ്ഞെടുക്കപ്പെട്ടതും ഉചിതമായ വലിപ്പത്തിലുള്ളതും ഉചിതമായി സ്ഥാപിക്കപ്പെട്ടതുമാണെങ്കിൽ അത് ഉചിതമായി പ്രവർത്തിപ്പിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയുമാണെങ്കിൽ പരിമിതമായ ചെലവിൽ അതിനു നിങ്ങളെ ദീർഘകാലം സേവിക്കാൻ കഴിയും; തീർച്ചയായും നിങ്ങളുടെ സ്വാസ്ഥ്യം വർദ്ധിപ്പിച്ചുകൊണ്ടു തന്നെ. (g91 6/22)