ലോകത്തെ വീക്ഷിക്കൽ
മെക്സിക്കോയിലെ മദ്യാസക്തി
മെക്സിക്കോയിൽ 1991-ൽ 40 ലക്ഷത്തിലേറെ മദ്യാസക്തരുണ്ടായിരുന്നതായി മെക്സിക്കോയിലെ സാമൂഹികസുരക്ഷാ സ്ഥാപനം നടത്തിയ പഠനങ്ങൾ സൂചിപ്പിച്ചു. എന്നാൽ, 1997-ഓടെ ആ സംഖ്യ ഇരട്ടിയായിട്ടുണ്ടാകാം എന്ന് മെക്സിക്കോ സിറ്റിയിലെ വർത്തമാനപ്പത്രമായ എൽ യൂണിവേഴ്സാൽ റിപ്പോർട്ടു ചെയ്യുന്നു. മെക്സിക്കോയിലെ 80 ലക്ഷം മദ്യാസക്തരിൽ 30 ലക്ഷവും മെക്സിക്കോ സിറ്റിയിലാണെന്ന് മദ്യാസക്തി തരണം ചെയ്യാൻ സഹായിക്കുന്ന ഒരു സ്ഥാപനം പറഞ്ഞതായി ഈ പത്രം പരാമർശിക്കുന്നു. എൽ യൂണിവേഴ്സാൽ പറയുന്നതനുസരിച്ച്, മെക്സിക്കോയിലെ കുറ്റകൃത്യങ്ങളിൽ ഏറിയപങ്കും അരങ്ങേറുന്നത് മദ്യലഹരിയിലാണ്. മദ്യത്തിന്റെ ദുരുപയോഗം ദീർഘകാലം ജോലിക്കു ഹാജരാകാതിരിക്കുന്നതിലും സ്കൂളിലെ പഠന, പാഠ്യേതര പ്രവർത്തനങ്ങളിൽ പിന്നോക്കം പോകുന്നതിലും കലാശിക്കുന്നു. “കുടുംബത്തിലെ അക്രമത്തിന്റെ 50 ശതമാനവും തൊഴിലപകടങ്ങളുടെ അഞ്ചിലൊന്നും മദ്യത്തിന്റെ ഉപയോഗവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു” എന്ന് ആസക്തിക്കെതിരെയുള്ള ദേശീയ കൗൺസിലിന്റെ പ്രതിനിധിയായ ഹോസേ മാനുവെൽ കാസ്ട്രെഹോൺ പറയുന്നു.
വിമാനയാത്രക്കാർക്കുള്ള നിർദേശങ്ങൾ
ദീർഘദൂര വിമാനയാത്ര മനസ്സിനും ശരീരത്തിനും ആയാസം കൈവരുത്തുന്നു. ലണ്ടനിലെ ദ ടൈംസ് എന്ന വർത്തമാനപ്പത്രം ചില പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നു. “മദ്യം കഴിക്കാതിരിക്കുന്നതും ധാരാളം ലഘു പാനീയങ്ങൾ കുടിക്കുന്നതും ലഘുഭക്ഷണങ്ങൾ മാത്രം കഴിക്കുന്നതും ഉല്ലാസപ്രദമായ ഒരു സ്ഥലത്ത് നിങ്ങൾ ആയിരിക്കുന്നതായി സങ്കൽപ്പിക്കുന്നതും” അവയിൽ ഉൾപ്പെടുന്നു. എങ്കിലും, ദീർഘനേരം അനങ്ങാതിരിക്കുന്നത് കാൽപ്പാദം നീരുവെക്കുന്നതിനും വസ്ത്രം ഇറുകിപ്പിടിച്ചിരിക്കുന്നതായി തോന്നുന്നതിനും ഇടയാക്കിയേക്കാം. ആയതിനാൽ, “വസ്ത്രങ്ങൾ അയച്ചിടാനും ഷൂസ് ഊരിമാറ്റാനും ഇടയ്ക്കിടെ കക്കൂസിൽ പോകത്തക്കവിധം ഇടപ്പാതയോടു ചേർന്നുള്ള ഒരു സീറ്റ് ആവശ്യപ്പെടാനും ഡോക്ടർമാർ നിർദേശിക്കുന്നു,” ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. യാത്രചെയ്യവേ, കൈയും കാലും നിവർക്കുന്നതും മടക്കുന്നതും രക്തപര്യയന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. വിമാന യാത്രാസ്വാസ്ഥ്യങ്ങൾ തരണം ചെയ്യാൻ, “പതിവായി യാത്ര ചെയ്യുന്നവർ മിക്കപ്പോഴും യാത്രയ്ക്കു മുമ്പുതന്നെ തങ്ങളുടെ ദിനചര്യയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നു. പൗരസ്ത്യ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ഒരാഴ്ചത്തേക്ക് പതിവിലും നേരത്തേ ഉണരുന്നു. പാശ്ചാത്യ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ താമസിച്ച് ഉറങ്ങുന്നു.”
ടോക്കിയോയിലെ യാത്രക്കാരായ കാക്കകൾ
ജപ്പാനിലെ ടോക്കിയോയിലുള്ള കാക്കകൾ എല്ലാ ദിവസവും നഗരത്തിലേക്കും തിരിച്ചു പ്രാന്തപ്രദേശങ്ങളിലേക്കും യാത്രചെയ്യുന്ന ശീലം തുടങ്ങിയിരിക്കുന്നു, ദ ഡെയ്ലി യോമിയൂരി റിപ്പോർട്ടു ചെയ്യുന്നു. ഏതാനും വർഷംമുമ്പ് ടോക്കിയോയിലെ പാർക്കുകളിലും ക്ഷേത്രപരിസരങ്ങളിലും കാക്കകളുടെ എണ്ണം വളരെ കൂടിയതിനാൽ, മറ്റെവിടെയെങ്കിലും കൂടുകൂട്ടാൻ അവ നിർബന്ധിതരായിത്തീർന്നതു മുതലാണ് ഈ യാത്ര തുടങ്ങിയതെന്ന് പക്ഷിവിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേത്തുടർന്നാണ് പ്രാന്തപ്രദേശ ജീവിതത്തിന്റെ സുഖം കാക്കകൾ മനസ്സിലാക്കിയത്. എന്നാൽ, ഒരു വസ്തുവിന്റെ—ചപ്പുചവറുകളുടെയും ഉച്ഛിഷ്ടങ്ങളുടെയും ഇടയിൽനിന്ന് തങ്ങൾ കൊത്തിപ്പെറുക്കുമായിരുന്ന രുചികരമായ നഗരഭക്ഷണത്തിന്റെ—അഭാവം അവ തിരിച്ചറിഞ്ഞു. “ശമ്പളക്കാരായ ജോലിക്കാരുടേതിനോടു സമാനമായ ഒരു യാത്രാ പരിപാടി” വികസിപ്പിച്ചെടുത്തുകൊണ്ട് അവ ഈ പ്രശ്നം തരണംചെയ്തു. “ഭക്ഷണംതേടി രാവിലെ അവ പട്ടണപ്രദേശങ്ങളിലേക്കു പറക്കുന്നു. സായാഹ്നമാകുന്നതോടെ അവ പ്രാന്തപ്രദേശങ്ങളിലേക്കു തിരിച്ചു പറക്കുകയായി,” ദ ഡെയ്ലി യോമിയൂരി പ്രസ്താവിക്കുന്നു.
പ്രകൃതി സമ്പത്ത് ഭീഷണിയിൽ
◆ സസ്യമൃഗജാലങ്ങൾ ധാരാളമുള്ള ഇന്ത്യയിലെ ഉത്തരപൂർവ മേഖലയിൽ, 650 ഇനം സസ്യങ്ങളും 70 തരം മൃഗങ്ങളും വംശനാശഭീഷണി നേരിടുന്നതായി പട്ടികപ്പെടുത്തിയിരിക്കുന്നു. ബംഗ്ലാദേശിന്റെ അതിർത്തിയിലുള്ള മേഘാലയ സംസ്ഥാനത്തിലെ ദുർബലമായ ആവാസവ്യവസ്ഥ, ജീവവൈവിധ്യം അപകടത്തിലായതും ‘സത്വരശ്രദ്ധയാവശ്യമുള്ളതുമായ’ 18 സ്ഥലങ്ങളിൽ ഒന്നായി തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു. ഏഷ്യൻ എയ്ജിൽ റിപ്പോർട്ടു ചെയ്തതുപോലെ, മനുഷ്യന്റെ വേട്ടയാടലും കയ്യേറ്റവും മറ്റു ഘടകങ്ങളും നിമിത്തമാണ് ആവാസവ്യവസ്ഥ ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏഴ് ഉത്തരപൂർവ സംസ്ഥാനങ്ങളിലെ ജീവവൈവിധ്യം രാജ്യത്തിന്റെ ഇതര ഭാഗങ്ങളെക്കാൾ പാരിസ്ഥിതികമായി കൂടുതൽ ദുർബലവും ലോലവുമായി കണക്കാക്കപ്പെടുന്നു.
◆ ഇറ്റലിയിൽ, വംശനാശ ഭീഷണിയിലായ സസ്യവർഗങ്ങളുടെയും ഉപവർഗങ്ങളുടെയും എണ്ണം വർധിക്കുകയാണ്. 1992-ൽ, 458 വർഗങ്ങൾ വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കപ്പെട്ടു. എന്നാൽ 1997 ആയപ്പോഴേക്കും അത് 1,011 ആയി വർധിച്ചു. “ഇറ്റലിയിലെ സസ്യാദികളുടെ ഏതാണ്ട് ഏഴിലൊന്ന് ഇനങ്ങൾ ഏതെങ്കിലുമൊരു വിധത്തിൽ വംശനാശഭീഷണി നേരിടുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് 29-ഓളം വർഗങ്ങൾക്ക് വംശനാശം സംഭവിച്ചിരിക്കുന്നു,” കൊറീയെറേ ദേല്ലാ സേറാ വിശദീകരിക്കുന്നു. 120-ലേറെ വർഗങ്ങൾ “തൊട്ടടുത്തഭാവിയിൽ വേരറ്റുപോകുന്നതിന്റെ ഗുരുതരമായ അപകടത്തിലാണ്.” കൂടാതെ 150-ഓളം വർഗങ്ങൾ സമീപഭാവിയിൽ ഇതേ അപകടത്തിലായേക്കാം. കാമെറീനോ സർവകലാശാലയിലെ സസ്യശാസ്ത്രവിദഗ്ധനായ ഫ്രാൻകോ പെഡ്രോറ്റിയുടെ വീക്ഷണത്തിൽ, “ഈ സംഖ്യകൾ അപകടകരമായ ഒരു സാഹചര്യത്തെയാണ് വെളിപ്പെടുത്തുന്നത്.” ഒരു സസ്യത്തിന്റെ പ്രകൃതിദത്തമായ ഏക ആവാസകേന്ദ്രം ഫുട്ബോൾ കോർട്ടാക്കി മാറ്റിയപ്പോൾ അതിന് വംശനാശം ഭവിച്ചു.
◆ അർജൻറീനയിലെ, 2,500 സ്വദേശീയ ജന്തുവർഗങ്ങളിൽ 500 എണ്ണവും അപകടത്തിലാണ്, ബ്യൂണസ് അയേഴ്സിലെ വാർത്താപത്രമായ ക്ലാരീൻ റിപ്പോർട്ടു ചെയ്യുന്നു. വന്യമൃഗ സംരക്ഷണ സ്ഥാപനത്തിന്റെ പരിരക്ഷക വിഭാഗ സംഘാടകനായ ക്ലവുദ്യോ ബെർട്ടോനാറ്റി പറയുന്നതനുസരിച്ച്, “ആളുകളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ക്ഷേമം ഉറപ്പാക്കാനുള്ള ഒരു മുഖ്യഘടകമാണ് ജീവവൈവിധ്യത്തെ പരിരക്ഷിക്കുന്നത്, എങ്കിലും നിരവധി മൃഗങ്ങൾ നാശത്തിന്റെ വക്കിലാണ്.” അർജന്റീനയിൽ ഭീഷണിയിലായ മൃഗങ്ങളിൽ ആർമഡില്ലോ, അമേരിക്കൻ കടുവാ, വിക്കുണ, തിമിംഗലം, കരയാമ തുടങ്ങിയവയുടെ വ്യത്യസ്ത ഇനങ്ങൾ ഉൾപ്പെടുന്നു. ‘അവയുടെ വിൽപ്പന നിരോധിച്ചിട്ടുണ്ടെങ്കിൽപ്പോലും ബ്യൂണസ് അയേഴ്സിൽ ഓരോ വർഷവും ഏകദേശം 1,00,000 ആമകൾ വിൽക്കപ്പെടുന്നതായി’ മേൽപ്പറഞ്ഞ പത്രറിപ്പോർട്ടു പറയുന്നു. ബെർട്ടോനാറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഒട്ടേറെ വർഗങ്ങളെ വംശനാശത്തിന്റെ വക്കത്തെത്തിച്ചിരിക്കുന്ന ഭീഷണികളിൽ മിക്കതിനും ഉത്തരവാദി, ഇത്തരം വിഭവ സ്രോതസ്സുകൾ പരിരക്ഷിക്കാൻ പ്രഥമ കടപ്പാടുള്ള മനുഷ്യൻ തന്നെയാണ്.”
ഉയിർപ്പിക്കപ്പെട്ട യേശുവിനെ ആദ്യം കാണുന്നത് മറിയയോ?
“ഉയിർപ്പിക്കപ്പെട്ട യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടതു സാധ്യതയനുസരിച്ച്, മാതാവിനായിരുന്നു (യേശുവിന്റെ അമ്മയായ മറിയയ്ക്ക്) എന്നു കരുതുന്നത് ന്യായമാണ്” എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ തറപ്പിച്ചുപറഞ്ഞു. (ലൊസെർവാറ്റോറെ റൊമാനോ) യേശുവിന്റെ കല്ലറ ശൂന്യമെന്നു കണ്ടെത്തിയപ്പോൾ, അവന്റെ അമ്മ അവിടെയുണ്ടായിരുന്നതായി നാലു സുവിശേഷ വിവരണങ്ങളിൽ ഒന്നുപോലും പറയുന്നില്ല. എന്നുവരികിലും, പാപ്പാ ഇങ്ങനെയും പറഞ്ഞു: “ശിഷ്യൻമാരുടെ പ്രഥമ ഗണത്തിൽ സന്നിഹിതയായിരുന്ന (പ്രവൃത്തികൾ 1:14 ഒത്തുനോക്കുക) വാഴ്ത്തപ്പെട്ട കന്യക, മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം തന്റെ ദിവ്യ പുത്രനെ ദർശിച്ചവരിൽനിന്ന് എങ്ങനെ ഒഴിവാക്കപ്പെട്ടിരിക്കാനാണ്?” യേശുവും അവന്റെ അമ്മയും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചുള്ള ഒരു സുവിശേഷ വിവരണത്തിന്റെ അഭാവം വിശദീകരിക്കാൻ ശ്രമിച്ചുകൊണ്ട് പാപ്പാ ബഹുവിധമായ വാദഗതികൾ ഉപയോഗിച്ചു. അത്തരമൊരു സന്ദർഭം വിവരിക്കാൻ പരിശുദ്ധാത്മാവ് സുവിശേഷ എഴുത്തുകാരെ നിശ്വസ്തരാക്കിയില്ല എന്നതാണ് യാഥാർഥ്യം. അക്കാരണത്താൽ അപ്പോസ്തലൻമാരുടെ ലേഖനങ്ങളിൽ മറിയയെക്കുറിച്ചു പരാമർശിക്കുന്നതേയില്ല.—2 തിമൊഥെയൊസ് 3:16.
ദക്ഷിണാർധ ഗോളത്തിലെ വേനൽക്കാല അപകടം
ദക്ഷിണാർധ ഗോളത്തിൽ അത്യുഷ്ണമുള്ള മാസങ്ങളിലൊന്നാണ് ജനുവരി. ചൂടുകൂടിയ കാലാവസ്ഥയിൽ സൂര്യാഘാതത്തിനെതിരെ മുൻകരുതലെടുക്കേണ്ടത് പ്രധാനമാണെന്ന് എഫ്ഡിഎ കൺസ്യൂമർ മാഗസിൻ വിശദീകരിക്കുന്നു. സൂര്യാഘാതംമൂലം ഓരോ വർഷവും നൂറുകണക്കിനാളുകൾ മരിക്കുന്നുണ്ടെങ്കിലും അതു പൂർണമായും തടയാവുന്നതാണ്, അന്തഃസ്രാവവിജ്ഞാന വിദഗ്ധയായ എലിസബെത്ത് കേളർ പ്രസ്താവിക്കുന്നു. വെയിലത്ത് അധ്വാനിക്കുന്നത് സൂര്യാഘാതത്തിന് ഇടയാക്കിയേക്കാം. എന്നാൽ, എയർ-കണ്ടീഷനിങ് സംവിധാനമില്ലാത്തവരും പ്രമേഹമോ ഹൃദ്രോഗമോ പോലുള്ള അടിസ്ഥാന ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമായ മുതിർന്നവരെയും ഇത് പെട്ടെന്ന് ബാധിക്കുന്നു. ഊഷ്മാവ് ഉയരുമ്പോൾ ധാരാളം വെള്ളം കുടിക്കാൻ—വ്യായാമം ചെയ്യുന്നപക്ഷം മണിക്കൂറിൽ ഒരു ലിറ്റർ വീതം—എഫ്ഡിഎ ഉപദേശിക്കുന്നു. വെയിലത്തായിരിക്കുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുക, വക്കിനു വീതികൂടിയ ഒരു തൊപ്പിയും അയഞ്ഞ വസ്ത്രവും ധരിക്കുക. നിങ്ങൾക്ക് എയർ-കണ്ടീഷനിങ് സംവിധാനമില്ലാതിരിക്കുകയും സൂര്യാഘാതത്തിന്റെ അപകടം ഉണ്ടായിരിക്കുകയും ചെയ്യുന്നപക്ഷം, “തണുത്ത വെള്ളത്തിൽ കുളിക്കുകയും ശരീരത്തിൽ കൂടെക്കൂടെ വെള്ളം തളിക്കുകയും ഒരു ഫാനിന്റെ കാറ്റുകൊള്ളുകയും ചെയ്യുക. അസ്വാസ്ഥ്യം അനുഭവപ്പെടുന്നപക്ഷം അടിയന്തിര വൈദ്യസഹായം തേടുക.” ഡോ. കേളർ മുന്നറിയിപ്പുനൽകുന്നു: “ഒരുവന് സൂര്യാഘാതമുണ്ടാകുന്ന പക്ഷം, ആ വ്യക്തിയെ രക്ഷിക്കാൻ നിങ്ങൾക്ക് ഏതാനും മിനിറ്റുകൾ മാത്രമേയുള്ളൂ.”
ജോലിസ്ഥലത്തെ ‘ക്ലേശങ്ങൾ’
“തലവേദന, തളർച്ച, ഓർമത്തകരാറ്, കാഴ്ചാവൈകല്യം, തലചുറ്റൽ, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, ജലദോഷ സംബന്ധമായ ബധിരത, ടിനിറ്റസ്, [കൂടാതെ] ത്വഗ്രോഗങ്ങൾ” ഇവയെല്ലാം കെട്ടിടത്തിനുള്ളിലെ മോശമായ അവസ്ഥ (sick building syndrome) അഥവാ എസ്ബിഎസ്-ന്റെ ഫലമായിരിക്കാം എന്ന് ജോൺ മൂർസ് സർവകലാശാലയിലെ ഗവേഷകനായ ജാക്ക് റൊസ്ട്രൊൺ പറയുന്നു. 1986-ൽ ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ച എസ്ബിഎസ്-ന്, “ജോലിക്കുപോകുകയെന്ന വിരസതനിറഞ്ഞ സംഗതിയെ പീഡനം നേരിടാൻപോകുന്നതുപോലുള്ള ഒരു ഭീകര സംഗതിയാക്കിമാറ്റാനാകും,” അദ്ദേഹം പറയുന്നു. കേന്ദ്രീകൃതമായി നിയന്ത്രിക്കുന്ന എയർ കണ്ടീഷനുകളുള്ളതും അടച്ചിട്ട ജാലകങ്ങളോടുകൂടിയതുമായ കെട്ടിടങ്ങളിൽ, ഫോട്ടോസ്റ്റാറ്റ് മെഷീനുകളും അച്ചടിയന്ത്രങ്ങളും പുറന്തള്ളുന്ന വിഷവാതകങ്ങളും തരികളുംപോലുള്ള വായുമാലിന്യകാരികൾ കുമിഞ്ഞുകൂടിയേക്കാമെന്ന് ലണ്ടനിലെ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടു ചെയ്യുന്നു. എസ്ബിഎസ് ഒഴിവാക്കാൻ, എയർ കണ്ടീഷനിങ് സംവിധാനങ്ങൾ കൂടെക്കൂടെ പൂർണമായി വൃത്തിയാക്കണം. റൊസ്ട്രൊൺ ഇങ്ങനെ കുറിക്കൊള്ളുന്നു: “ജാലകങ്ങൾ തുറന്നിട്ട ചെറിയ ഓഫീസുകളിൽ കുറച്ചാളുകൾ ജോലിചെയ്യുമ്പോൾ ജോലിക്ഷമത വർധിക്കുന്നു.”
ശിശിരകാല മുന്നറിയിപ്പ്
ശിശിരകാല തണുപ്പും കാറ്റുമേറ്റ് ഭവനത്തിനു വെളിയിൽ സമയം ചെലവഴിക്കുന്ന ഏതൊരുവനും ഹൈപ്പോതെർമിയയ്ക്കുള്ള, അതായത് അപകടകരമാംവണ്ണം ശരീരോഷ്മാവ് കുറയുന്നതിനുള്ള സാധ്യതയുള്ളതായി ദ ടൊറന്റോ സ്റ്റാർ വർത്തമാനപ്പത്രം പ്രസ്താവിക്കുന്നു. “ശരീരത്തിന് ഉത്പാദിപ്പിക്കാൻ കഴിയുന്നതിലും വേഗത്തിൽ താപം നഷ്ടമാകുമ്പോഴാണ്” ഇത് സംഭവിക്കുന്നത്, പ്രസ്തുത റിപ്പോർട്ട് നിരീക്ഷിക്കുന്നു. “ഹൈപ്പോതെർമിയ സംഭവിക്കാൻ ഊഷ്മാവ് പൂജ്യത്തിൽ താഴേണ്ടതില്ല,” ആ റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു. മിക്കപ്പോഴും, നഷ്ടപ്പെടുന്നത്രയും താപം ഉത്പാദിപ്പിക്കാനുള്ള പ്രാപ്തി പ്രായംചെന്നവരിലെ ഉപാപചയപ്രവർത്തനങ്ങൾക്കില്ല. അവർക്കും കുട്ടികൾക്കുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്. “ഒരു വ്യക്തി ആഗ്രഹിക്കുന്നില്ലെങ്കിൽപോലും തണുത്തുവിറച്ച്, വിശന്നുവലഞ്ഞ്, ക്ഷീണിച്ചവശനായി, അസംതൃപ്തനായി വീടിനു വെളിയിലായിരിക്കുമ്പോൾ” അദ്ദേഹം ഹൈപ്പോതെർമിയയുടെ അപകടത്തിലായിരിക്കാമെന്ന് വിൽഡേർനസ് ഫസ്റ്റ് എയ്ഡ് ഹാൻഡ് ബുക്ക് പ്രസ്താവിക്കുന്നു. അത്തരമൊരു വ്യക്തിക്ക് അഭയവും ഉണങ്ങിയ വസ്ത്രവും ഭക്ഷണപാനീയങ്ങളും കൊടുക്കേണ്ടതുണ്ട്. എന്നാൽ മദ്യവും കഫീനും കൊടുക്കരുത്. ആശ്വാസത്തിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.