വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങൾ—പ്രശ്നത്തിന്റെ വപ്തി
ഡോഡോകൾ വംശനാശത്തിന്റെ ഒരു പ്രതീകമായിത്തീർന്നിരിക്കുന്നു. 1680-തോടെ മൗറീഷ്യസ് ദ്വീപിൽവെച്ചാണു പറക്കാൻ കഴിയാത്ത ഈ പക്ഷികളിൽ അവസാനത്തേത് അപ്രത്യക്ഷമായത്. ഇപ്പോൾ വംശനാശത്തെ അഭിമുഖീകരിക്കുന്ന ഒട്ടേറെ ജീവിവർഗങ്ങൾ ജീവിക്കുന്നതും ദ്വീപുകളിൽതന്നെ. കഴിഞ്ഞ 400 വർഷംകൊണ്ട് അപ്രത്യക്ഷമായിരിക്കുന്ന 94 പക്ഷിവർഗങ്ങളിൽ 85 എണ്ണം ദ്വീപുകളിൽ കഴിഞ്ഞിരുന്ന പക്ഷികളായിരുന്നു.
വിസ്തൃത ഭൂഖണ്ഡങ്ങളിലുള്ള മൃഗങ്ങളും വംശനാശത്തിന്റെ അപകടത്തിലാണ്. ഒരിക്കൽ റഷ്യയിലെമ്പാടും വിഹരിച്ചിരുന്ന കടുവകളെക്കുറിച്ചു പരിചിന്തിക്കുക. ഇപ്പോൾ ആമുർ ഉപവർഗങ്ങൾ മാത്രമേ സൈബീരിയയിൽ അവശേഷിക്കുന്നുള്ളൂ. മാത്രമല്ല, അതിന്റെ എണ്ണം 180-നും 200-നും ഇടയ്ക്കായി ചുരുങ്ങിയിരിക്കുന്നു. റിപ്പോർട്ടുകളനുസരിച്ച്, തെക്കൻ ചൈനയിലെ കടുവകളുടെ എണ്ണം വെറും 30-നും 80-നും ഇടയ്ക്കാണ്. ഇൻഡോചൈനയിൽ, ഈ മൃഗങ്ങൾക്കു “പത്തുവർഷത്തിനകം” വംശനാശം സംഭവിക്കുമെന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അതുപോലെതന്നെ ലോകത്തെ മൂന്നിൽ രണ്ടുഭാഗത്തോളം കടുവകളുടെ ആവാസമായ ഇന്ത്യയിൽ, ഈ ഗംഭീര ജന്തുക്കൾ ഒരു ദശകത്തിനുള്ളിൽ നാമാവശേഷമായേക്കാമെന്ന് അധികാരികൾ കണക്കാക്കുന്നു.
കാണ്ടാമൃഗങ്ങളുടെയും ചീറ്റപ്പുലികളുടെയും എണ്ണം കുറഞ്ഞുവരികയാണ്. ചൈനയിൽ കൂറ്റൻ പാൻഡകൾ വെറും പത്തെണ്ണമടങ്ങുന്ന കൂട്ടങ്ങളായാണു വിഹരിക്കുന്നത്. വെയിൽസിൽ, പൈൻ മാർട്ടെൻ ഏതാണ്ടു നാമാവശേഷമായിരിക്കുന്നു. കൂടാതെ, ചെമന്ന അണ്ണാൻ “വൻകരകളായ ഇംഗ്ലണ്ടിൽനിന്നും വെയിൽസിൽനിന്നും അടുത്ത 10 മുതൽ 20 വരെ വർഷത്തിനുള്ളിൽ അപ്രത്യക്ഷമായേക്കാം,” ദ ടൈംസ് അവകാശപ്പെടുന്നു. അറ്റ്ലാൻറിക്കിനപ്പുറത്തെ ഐക്യനാടുകളിൽ ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന കരയിലെ സസ്തനി വാവലുകളാണ്.
ലോകത്തിലെ സമുദ്രങ്ങളിലെ സ്ഥിതിയും ആശയറ്റതുതന്നെ. ദി അറ്റ്ലസ് ഓഫ് എൻഡേഞ്ചേർഡ് സ്പീഷീസ് സമുദ്രജീവികളിൽ “ഒരുപക്ഷേ ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന വർഗം” എന്ന് കടലാമകളെ വിശേഷിപ്പിക്കുന്നു. ഉഭയജീവികൾ മെച്ചമായി അതിജീവിക്കുന്നതായി കാണപ്പെടുന്നു. എങ്കിലും, ന്യൂ സയൻറിസ്റ്റ് മാഗസിൻ പറയുന്നതനുസരിച്ച്, കഴിഞ്ഞ 25 വർഷമായി ഉഭയജീവികളിലെ 89 വർഗങ്ങൾ “വംശനാശ ഭീഷണി”യിലാണ്. ലോകത്തിലെ 11 ശതമാനത്തോളം പക്ഷിവർഗങ്ങളും വംശനാശത്തെ അഭിമുഖീകരിക്കുന്നു.a
പക്ഷേ, ചിത്രശലഭങ്ങൾ പോലെ ചെറിയ ജീവികളുടെ കാര്യമോ? സാഹചര്യം വ്യത്യസ്തമല്ല. യൂറോപ്പിലെ 400 ചിത്രശലഭ വർഗങ്ങളിൽ കാൽഭാഗത്തിലേറെ അപകടത്തിലാണ്—19 വർഗം ആസന്നമായ വംശനാശഭീഷണിയിലാണ്. 1993-ൽ ബ്രിട്ടന്റെ വലിയ ആമത്തോടൻ ചിത്രശലഭം ഡോഡോയോടൊപ്പം വംശനാശം സംഭവിച്ച വർഗങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.
വർധിച്ചുവരുന്ന ഉത്കണ്ഠ
ഓരോ വർഷവും ജീവികളുടെ എത്ര വർഗങ്ങൾക്കു വംശനാശം സംഭവിക്കുന്നുണ്ട്? ഉത്തരം, ഏതു വിദഗ്ധനോടാണു നിങ്ങൾ ചോദിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശാസ്ത്രജ്ഞന്മാർ വിയോജിക്കുന്നുവെങ്കിലും ഒട്ടേറെ വർഗങ്ങൾ വംശനാശഭീഷണിയിലാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞനായ സ്റ്റുവാർട്ട് പിം പറയുന്നു: “എത്രവേഗത്തിൽ [വർഗങ്ങൾ] നാമാവശേഷമാകുന്നു എന്നതിനെക്കുറിച്ചുള്ള വിവാദം അടിസ്ഥാനപരമായി നമ്മുടെ ഭാവിയെക്കുറിച്ചുള്ള ഒരു തർക്കമാണ്.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “കഴിഞ്ഞ നൂറ്റാണ്ടുകളിലായി നാം, വംശനാശത്തിന്റെ നിരക്ക് സ്വാഭാവിക നിരക്കിനെക്കാൾ എത്രയോ അധികമായി ത്വരിതപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ ഫലമായി മോശമായ ഭാവിയാണു നമുക്കുള്ളത്.”
നമ്മുടെ ഗ്രഹമായ ഭൂമി ഒരു വീടുപോലെയാണ്. വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങളെ പരിരക്ഷിക്കുന്ന ആളുകൾ പരിസ്ഥിതിശാസ്ത്രം പഠിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, “ഒരു വീട്” എന്നർഥമുള്ള ഓയ്കോസ് എന്ന ഗ്രീക്ക് പദത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു പദമാണിത്. ഈ പഠനരംഗം, ജീവജാലങ്ങളും അവയുടെ പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 19-ാം നൂറ്റാണ്ടിൽ പരിരക്ഷണത്തിന്റെ കാര്യത്തിൽ വർധിച്ച താത്പര്യം കണ്ടു. വംശനാശങ്ങളുടെ റിപ്പോർട്ടുകൾമൂലമായിരുന്നു ഇത് ഉന്നതിയിലെത്തിയത് എന്നതിൽ സംശയമില്ല. ഐക്യനാടുകളിൽ, ജന്തുക്കൾക്കു സങ്കേതം പ്രദാനം ചെയ്യുന്ന ദേശീയ പാർക്കുകളും സംരക്ഷണമേഖലകളും സ്ഥാപിക്കപ്പെടുന്നതിലേക്ക് ഇതു നയിച്ചു. ഇപ്പോൾ ലോകവ്യാപകമായി, സാർവദേശീയമായി അംഗീകരിക്കപ്പെട്ട 8,000 വന്യജീവി സംരക്ഷണമേഖലകളുണ്ടെന്നു കണക്കാക്കപ്പെടുന്നു. ആവാസം സംരക്ഷിക്കാൻ സഹായിക്കുന്ന വേറെ 40,000 മേഖലകളോടൊപ്പം ഇവയിൽ ലോകത്തിന്റെ 10 ശതമാനത്തോളം കരപ്രദേശം ഉൾപ്പെടുന്നു.
ഉത്കണ്ഠാകുലരായ ഒട്ടേറെ ആളുകൾ, വംശനാശത്തിന്റെ ഭീഷണികളെ പരസ്യപ്പെടുത്തുകയോ ജീവന്റെ പരസ്പര ബന്ധത്തെക്കുറിച്ച് ആളുകളെ അഭ്യസിപ്പിക്കുകയോ ചെയ്യുന്ന പ്രസ്ഥാനങ്ങളിലൂടെ ഹരിതപക്ഷങ്ങൾ എന്നു വിളിക്കപ്പെടുന്നതിനെ ഇപ്പോൾ പിന്താങ്ങുന്നു. 1992 റിയോ ഭൗമ ഉച്ചകോടിയെത്തുടർന്ന്, ഗവൺമെൻറിന്റെ ചിന്താഗതികളിൽ പരിസ്ഥിതി വിഷയങ്ങളെക്കുറിച്ചുള്ള വർധിച്ച ബോധം നിഴലിക്കുന്നു.
വംശനാശത്തെ അഭിമുഖീകരിക്കുന്ന ജീവികളെ സംബന്ധിച്ച പ്രശ്നം ആഗോളവ്യാപകമാണ്, അത് വളർന്നുകൊണ്ടുമിരിക്കുന്നു. പക്ഷേ എന്തുകൊണ്ട്? വംശനാശം തടയുന്നതിനു നിലവിലുള്ള ഏതെങ്കിലും ശ്രമങ്ങൾ വിജയിക്കുന്നുണ്ടോ? ഭാവിയെ സംബന്ധിച്ചെന്ത്? നിങ്ങൾ എപ്രകാരം ഉൾപ്പെട്ടിരിക്കുന്നു? ഞങ്ങളുടെ അടുത്ത ലേഖനങ്ങൾ ഉത്തരങ്ങൾ നൽകുന്നു.
[അടിക്കുറിപ്പ്]
a 50 വർഷമായി വനത്തിൽ കാണപ്പെടാത്ത വർഗങ്ങളെ വംശനാശം സംഭവിച്ച വർഗങ്ങൾ എന്നു നിർവചിച്ചിരിക്കുന്നു. എന്നാൽ, അപകടത്തിലായ വർഗങ്ങൾ, അവയുടെ നിലവിലുള്ള സാഹചര്യങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാത്തപക്ഷം വംശനാശത്തിന്റെ അപകടത്തിലായവയെ സൂചിപ്പിക്കുന്നു.