വംശനാശത്തിനെതിരെ പരിരക്ഷണം
പരിരക്ഷണവും വംശനാശവും തമ്മിലുള്ള പോരാട്ടം ഇന്നും തുടരുന്നു. വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങളെ പരിരക്ഷിക്കാൻ തക്കവണ്ണം കൂടുതൽ കർക്കശമായ പരിരക്ഷണ നിയമങ്ങൾ സ്വീകരിക്കാൻ ഒട്ടേറെ ധർമസ്ഥാപനങ്ങൾ ഗവൺമെൻറുകളുടെമേൽ സമ്മർദം ചെലുത്തുന്നു.
ഉദാഹരണത്തിന്, അടുത്തകാലത്തു വിവിധ സംഘങ്ങൾ ചൈനീസ് അധികാരികളുമായി കൂടിക്കാഴ്ച നടത്തി. അങ്ങനെ അവ ഏഷ്യൻ കരിങ്കരടികളെ കെണിവെച്ചുപിടിക്കുന്നതു നിർത്തലാക്കാനുള്ള ഉദ്യമങ്ങളിൽ അവരുടെ സഹകരണം നേടിയെടുത്തു. പരമ്പരാഗത പൗരസ്ത്യ ഔഷധങ്ങളിൽ ഉപയോഗിക്കപ്പെടുന്ന അവയുടെ പിത്തരസത്തിനും പിത്താശയത്തിനും വേണ്ടിയാണ് ഈ മൃഗങ്ങളെ പിടികൂടിയിരുന്നത്.
അന്താരാഷ്ട്ര സഹായം
ഒരു വർഗത്തെ ഒരു രാജ്യത്തു സംരക്ഷിക്കുകയും എന്നാൽ മറ്റെവിടെയെങ്കിലും നാമാവശേഷമാകുന്നതുവരെ വേട്ടയാടുകയും ചെയ്താൽ അതിനെ സംരക്ഷിക്കുന്നതിൽ വിജയിക്കാനാവില്ല. തത്ഫലമായി, അന്താരാഷ്ട്ര കരാറുകൾ സമയോചിതമാണെന്നു തെളിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി കരാറുകളുണ്ട്. യൂറോപ്പിലെ വാവലുകളുടെ പരിരക്ഷണത്തിനായുള്ള ഒരു കരാറിനു തൊട്ടുപുറകേ, 1993-ന്റെ അവസാനത്തോടെ ജീവശാസ്ത്ര വൈവിധ്യത്തിന്മേലുള്ള കരാറായ റിയോ കരാർ പ്രാബല്യത്തിൽ വന്നു. വലിയ തിമിംഗലങ്ങളെയും മിങ്ക് തിമിംഗലങ്ങളെയും സംരക്ഷിക്കാനുള്ള ശ്രമത്തിൽ ഇന്റർനാഷണൽ വെയ്ലിങ് കമ്മീഷൻ, ഇന്ത്യൻ മഹാസമുദ്രത്തിലുള്ള തിമിംഗല സംരക്ഷണകേന്ദ്രത്തിനുപുറമേ തെക്കൻ സമുദ്രത്തിലും ഒന്നു നിർമിക്കുകയുണ്ടായി. ഒരുപക്ഷേ ഏറ്റവും ശക്തമായ കരാർ, വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങളുടെ അന്താരാഷ്ട്ര വാണിജ്യത്തിന്മേലുള്ള കരാറായിരിക്കാം.—ചതുരം കാണുക.
ജീവികൾ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചു മനുഷ്യന് ഇനിയും കൂടുതൽ പഠിക്കാനുണ്ട്. കിഴക്കൻ ആഫ്രിക്കൻ മീൻപിടിത്തക്കാർ ഭക്ഷ്യ സംഭരണി സൃഷ്ടിക്കുന്നതിനു വിക്ടോറിയ തടാകത്തിലേക്കു നൈൽ പേർച്ചിനെ പ്രവേശിപ്പിച്ചത്, ജന്തുശാസ്ത്രജ്ഞനായ കാളെൻ ടജ് വിശേഷിപ്പിച്ച “ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാരിസ്ഥിതിക വിപത്തിന്” തിരികൊളുത്തി. തടാകത്തിലുണ്ടായിരുന്ന ഏതാണ്ട് 300 മത്സ്യ വർഗങ്ങളിൽ 200-ഓളം നാമാവശേഷമായി. സമീപകാല തെളിവുകൾ, വർഗങ്ങളുടെ സന്തുലനത്തെ താറുമാറാക്കിയതു മണ്ണൊലിപ്പാണെന്നു കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും തടാകത്തിന്റെ അതിർത്തിയിലുള്ള മൂന്നു രാജ്യങ്ങൾ, തടാകത്തിലുള്ളവയെ അപായപ്പെടുത്താത്തതരത്തിലുള്ള ഏതു മത്സ്യവർഗത്തെ പ്രവേശിപ്പിക്കാമെന്നു നിർണയിക്കാൻ ഒരു സംഘടന ഇപ്പോൾ സ്ഥാപിച്ചിട്ടുണ്ട്.
മനുഷ്യ ഇടപെടൽ
വിജയം കൈവരിച്ചതായി റിപ്പോർട്ടു ചെയ്യപ്പെടുന്ന ഒരു മേഖല, ഒട്ടേറെ മൃഗശാലകളിൽ നടത്തപ്പെടുന്ന, കൂട്ടിലാക്കി പ്രജനനം നടത്തുന്ന രീതിയാണ്. ടജ് ഇങ്ങനെ അവകാശപ്പെടുന്നു: “ലോകത്തിലെ മൃഗശാലകളെല്ലാം കൂട്ടിലടച്ചിട്ടുള്ള പ്രജനനത്തെ ശക്തമായി പിന്താങ്ങുകയും പൊതുജനം മൃഗശാലകളെ പിന്താങ്ങുകയും ചെയ്താൽ മുൻകൂട്ടിക്കാണാൻ കഴിയുന്ന ഭാവിയിൽ, കൂട്ടിലടച്ചിട്ടുള്ള പ്രജനനം ആവശ്യമായേക്കാവുന്ന കശേരു വർഗങ്ങളെ എല്ലാറ്റിനെയുംതന്നെ രക്ഷിക്കാൻ കഴിയും.”—മൃഗശാലയിലെ ഒടുവിലത്തെ മൃഗങ്ങൾ (ഇംഗ്ലീഷ്).
ജേഴ്സി എന്ന കൊച്ചു ബ്രിട്ടീഷ് ദ്വീപിലുള്ള മൃഗശാല, വനത്തിലേക്കു പുനഃപ്രവേശിപ്പിക്കുകയെന്ന കാഴ്ചപ്പാടോടെ അപൂർവ മൃഗങ്ങളെ പ്രജനനം ചെയ്യിക്കുന്നു. 1975-ൽ വെറും 100 സെൻറ് ലൂസിയൻ തത്തകൾ മാത്രമേ അവയുടെ കരീബിയൻ ഭവനത്തിൽ അവശേഷിച്ചിരുന്നുള്ളൂ. ഈ പക്ഷികളിൽ ഏഴെണ്ണത്തിനെ ജേഴ്സിയിലേക്കയച്ചു. 1989-തോടെ 14 എണ്ണത്തിനെക്കൂടി മൃഗശാല പ്രജനനം ചെയ്തിരുന്നു. മാത്രമല്ല, ഇവയിൽ ചിലതിനെ സെൻറ് ലൂസിയയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇപ്പോൾ 300-ലധികം എണ്ണം ആ ദ്വീപിനെ അലങ്കരിക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു.
ഇത്തരത്തിലുള്ള പദ്ധതികൾ മറ്റിടങ്ങളിലും വിജയകരമായി കാണപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ അവശേഷിക്കുന്ന 17 ചെമന്ന ചെന്നായ്ക്കൾ കൂട്ടിലായിരുന്ന സമയത്തു നന്നായി പെറ്റുപെരുകിയെന്നും അവയിൽ 60-ലേറെയെണ്ണം ഇപ്പോൾ വനത്തിലേക്കു തിരിച്ചുപോയെന്നും നാഷണൽ ജിയോഗ്രഫിക്ക് റിപ്പോർട്ടു ചെയ്യുന്നു.
അങ്ങേയറ്റം വിജയകരമോ?
അപകടത്തിലായിരിക്കുന്ന മൃഗങ്ങൾ എപ്പോഴും വംശനാശ ഭീഷണിതന്നെ നേരിട്ടുകൊള്ളണമെന്നില്ല. വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങൾ—ആനകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച്, 1979-നും 1989-നും ഇടയ്ക്ക്, ആഫ്രിക്കൻ ആനകളുടെ എണ്ണം 13,00,000-ത്തിൽനിന്നും 6,09,000 ആയി കുറഞ്ഞു—ഇവയിൽ ചിലത് അനധികൃതമായി ആനക്കൊമ്പുവേട്ട നടത്തിയതിന്റെ ഫലമായിരുന്നു. ആനക്കൊമ്പു കച്ചവടം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കാനുള്ള പൊതുജന സമ്മർദം അപ്പോൾ ഏറിവന്നു. എന്നിട്ടും, ആനക്കൊമ്പിന്മേലുള്ള നിരോധനത്തിനെതിരെയുള്ള എതിർപ്പുകൾ ഉത്ക്രോശങ്ങളായി. എന്തുകൊണ്ട്?
സിംബാബ്വേയിലും ദക്ഷിണാഫ്രിക്കയിലും പരിരക്ഷണ പദ്ധതികൾ ഏറെ വിജയകരമായതിന്റെ ഫലമായി അവരുടെ ദേശീയ പാർക്കുകളും വന്യജീവി സങ്കേതങ്ങളും ആനകളെക്കൊണ്ടു നിറഞ്ഞു. സിംബാബ്വേയ്ക്ക് അതിന്റെ ഹ്വാങ്കീ ദേശീയ പാർക്കിൽനിന്ന് 5,000 ആനകളെ നീക്കേണ്ടതായി വന്നുവെന്ന് ന്യൂ സയൻറിസ്റ്റ് റിപ്പോർട്ടു ചെയ്തു. ആനകളെ മാറ്റിപ്പാർപ്പിക്കണമെന്നു പരിരക്ഷക ഗ്രൂപ്പുകൾ ശക്തമായി നിർദേശിച്ചു. പാർക്ക് അധികാരികൾ കൂടുതലുള്ള ആനകളെ വിൽപ്പനയ്ക്കു നിർത്തുകയും കൂടുതലുള്ളതിനെയും ശക്തിയില്ലാത്തതിനെയും കൊല്ലുന്നത് എതിർക്കുന്ന പാശ്ചാത്യ ഏജൻസികളോട് “ഉപദേശത്തിനുപകരം പണം നൽകിക്കൊണ്ട് അവയെ മാറ്റാൻ” നിർദേശിക്കുകയും ചെയ്തു.
അനിശ്ചിതമായ ഭാവിപ്രതീക്ഷകൾ
എന്തൊക്കെയായാലും, പരാജയങ്ങൾ സംഭവിക്കുന്നു. വനത്തിലേക്കു പുനഃപ്രവേശിപ്പിക്കപ്പെട്ട വർഗങ്ങളുടെ ദുരവസ്ഥയിൽ അനേകർ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. കൂട്ടിലടച്ചിടുമ്പോൾ സൈബീരിയൻ കടുവ നന്നായി അതിജീവിക്കുന്നു. എന്നാൽ, അതിന് അനധികൃത കയ്യേറ്റക്കാർ പ്രവേശിക്കാത്ത ഏതാണ്ട് 260 ചതുരശ്ര കിലോമീറ്റർ വനം ആവശ്യമാണ്. സർവോപരി, “മൃഗശാലയിൽ വളർത്തിക്കൊണ്ടുവന്ന ഒരു കടുവയെ നേരെ ഈ പരിതസ്ഥിതിയിലേക്കു തിരികെ പ്രവേശിപ്പിച്ചുനോക്കൂ. തീർച്ചയായും അതു പട്ടിണിയുടെ വക്കോളമെത്തും,” ദി ഇൻഡിപ്പെൻഡൻഡ് ഓൺ സൺഡേ അഭിപ്രായപ്പെടുന്നു. തീർച്ചയായും ഖേദകരമായ ഒരു പ്രതീക്ഷതന്നെ!
വാസ്തവികമായി, എല്ലാ വർഗങ്ങൾക്കുംതന്നെ അവയുടേതായ വൈദഗ്ധ്യം നേടിയ സഹായികളുടെ ടീം ഇല്ല. മാത്രമല്ല, പ്രശ്നത്തെ സങ്കീർണമാക്കുന്നതു വെറും ജോലിക്കാരുടെ അഭാവമല്ല. പരിരക്ഷകർ എത്രതന്നെ അർപ്പണബോധമുള്ളവരായിരുന്നാലും ഔദ്യോഗിക അഴിമതി, അത്യാഗ്രഹം, നിസ്സംഗത, എന്നിവയും അതുപോലെതന്നെ യുദ്ധവും മരണഭീഷണിയും നേരിടേണ്ടി വരുമ്പോൾ അവർക്കു വിജയത്തിന്റെ എന്തു പ്രതീക്ഷയുണ്ട്? എങ്കിൽപ്പിന്നെ വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങൾ എന്ന പ്രശ്നത്തിന് എന്തു പരിഹാരമാണുള്ളത്? മാത്രമല്ല, നിങ്ങൾ എങ്ങനെ ഉൾപ്പെട്ടിരിക്കുന്നു?
[7-ാം പേജിലെ ചതുരം]
ഒരു അന്താരാഷ്ട്ര ആയുധം
വംശനാശത്തെ അഭിമുഖീകരിക്കുന്ന മൃഗങ്ങളെ നിയമവിരുദ്ധമായി വിൽക്കുന്നതിനെതിരെയുള്ള പോരാട്ടത്തിലെ ശക്തമായ ഒരു ആയുധമാണു വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങളുടെ അന്താരാഷ്ട്ര വാണിജ്യത്തിന്മേലുള്ള കരാർ. പുള്ളിപ്പുലിയുടെ തുകൽ, ആനക്കൊമ്പ്, കടുവയുടെ അസ്ഥികൾ, കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ, ആമകൾ എന്നിവ നിലവിൽ നിരോധിച്ചിരിക്കുന്ന ഉത്പന്നങ്ങളാണ്. വംശനാശത്തെ അഭിമുഖീകരിക്കുന്ന മരങ്ങളെയും മത്സ്യ വർഗങ്ങളെയും കരാറിൽ ഉൾപ്പെടുത്തുന്നുണ്ട്.
എങ്കിലും, ടൈം ഇപ്രകാരം മുന്നറിയിപ്പു നൽകി: “അംഗരാഷ്ട്രങ്ങൾ, നിയമങ്ങളോടു പറ്റിനിൽക്കാനുള്ള മാർഗങ്ങൾ കണ്ടെത്താത്തപക്ഷം . . . തങ്ങൾ സംരക്ഷിക്കാൻ നോക്കുന്ന മൃഗങ്ങൾ മേലിൽ സ്ഥിതി ചെയ്യുന്നില്ലെന്നതായി അവർ കണ്ടെത്തിയേക്കാം.”
[8-ാം പേജിലെ ചിത്രം]
പരിരക്ഷണ ശ്രമങ്ങൾ അങ്ങേയറ്റം വിജയകരമായിരുന്നിട്ടുണ്ടോ?
[കടപ്പാട്]
Courtesy of Clive Kihn