വർഗങ്ങൾ വംശനാശത്തെ അഭിമുഖീകരിക്കുന്നതിന്റെ കാരണം
വർഗങ്ങൾ നാമാവശേഷമാകുന്നതു വിവിധകാരണങ്ങൾ കൊണ്ടാണ്. മൂന്നു പ്രധാനപ്പെട്ട കാരണങ്ങൾ പരിചിന്തിക്കുക. ഇതിൽ രണ്ടെണ്ണത്തിനു മനുഷ്യർ പരോക്ഷമായി ഉത്തരവാദികളാണ്. മറ്റേതിനാകട്ടെ, പ്രത്യക്ഷമായും.
ആവാസ നശീകരണം
വർഗങ്ങളുടെ എണ്ണം കുറയാൻ ഏറെയും കാരണം ആവാസ നശീകരണമാണ്. ദി അറ്റ്ലസ് ഓഫ് എൻഡേഞ്ചേർഡ് സ്പീഷീസ്, “ഏറ്റവും ഗുരുതരമായ ഭീഷണി” എന്നാൽ, “തടുക്കാൻ ഏറ്റവും പ്രയാസകര”മായതും എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. ലോകത്തിന്റെ വർധിച്ചുവരുന്ന ജനസംഖ്യ, മുമ്പ് വന്യജീവികളുടെ ഭവനമായിരുന്ന പ്രദേശം കൂടുതൽ കൂടുതൽ കയ്യേറാൻ മനുഷ്യരെ നിർബന്ധിക്കുന്നു. ലോകത്തിലെ മഴക്കാടുകൾ ഇതിനു ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്.
‘40 വർഷത്തിനുള്ളിൽ മഴക്കാടുകളൊന്നും അവശേഷിക്കില്ല’ എന്നതാണു ഞെട്ടിക്കുന്ന കണക്കുകൂട്ടൽ. വിലയേറിയ വിഭവങ്ങളുടെ ഖേദകരമായ നഷ്ടം എന്നു പലരും വിശേഷിപ്പിക്കുന്ന ഒരു സാഹചര്യത്തിന്മേൽ ഇതു ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യഥാർഥത്തിൽ, പാശ്ചാത്യലോകത്തിൽ അറിയപ്പെടുന്ന എല്ലാ ഔഷധങ്ങളുടെയും ഏതാണ്ട് കാൽഭാഗം ഉഷ്ണമേഖലാ മഴക്കാടുകളിൽനിന്നു വന്നവയാണ്. ഗ്രഹത്തിന്റെ കരയുടെ 7 ശതമാനത്തോളം ഭാഗത്തു മാത്രമേ മഴക്കാടുകളുള്ളുവെങ്കിലും കരയിൽ വളരുന്ന സസ്യങ്ങളുടെ അഞ്ചിൽ നാലു ഭാഗത്തിന്റെ ആവാസമാണിത്.
മരംമുറിക്കലും മാറിക്കൊണ്ടിരിക്കുന്ന കൃഷിരീതികളും പശ്ചിമാഫ്രിക്കൻ മഴക്കാടുകളിൽനിന്ന് അവയുടെ സമൃദ്ധമായ വൃക്ഷ പൈതൃകം അപഹരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തടിയുടെ നഷ്ടം കാലാവസ്ഥപോലും മാറ്റിയിരിക്കുന്നു, ചിലയിടങ്ങളിൽ മഴ കുറച്ചുകൊണ്ടും എന്നാൽ മറ്റിടങ്ങളിൽ വെള്ളപ്പൊക്കം വരുത്തിത്തീർത്തുകൊണ്ടും.
കൃഷി ചെയ്യുന്നതിനു നിലം വെടിപ്പാക്കാൻ മനുഷ്യൻ മരങ്ങൾ വെട്ടിയിടുമ്പോൾ, സസ്യങ്ങൾ, മൃഗങ്ങൾ, പറവകൾ, ഇഴജന്തുക്കൾ, പ്രാണികൾ എന്നിവ ചത്തൊടുങ്ങുന്നു. വർഷത്തിൽ വനത്തിന്റെ ഒരു ശതമാനം വീതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു ഹാർവാർഡ് പ്രൊഫസർ എഡ്വേർഡ് വിൽസൻ കണക്കാക്കുന്നു. ക്രമേണ ഇത് ആയിരക്കണക്കിനു വർഗങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നു. ഒരു ശാസ്ത്രീയ നാമം നൽകുന്നതിനുമുമ്പുതന്നെ ഒട്ടേറെ വർഗങ്ങൾ അപ്രത്യക്ഷമാകുമെന്ന ഭയമുണ്ട്.
ഭീഷണി നേരിടുന്ന മറ്റൊരു ആവാസമായ ലോകത്തിന്റെ ആർദ്രനിലങ്ങളിലും അവസ്ഥ ഇതുതന്നെ. വികസനപ്രവർത്തകർ വീടുകൾ പണിയുന്നതിനായി ഈ പ്രദേശങ്ങൾ വറ്റിച്ചെടുക്കുന്നു, അല്ലെങ്കിൽ കൃഷിചെയ്യുന്നതിനായി കർഷകർ ഇവയെ കൃഷിസ്ഥലങ്ങളാക്കി മാറ്റുന്നു. കഴിഞ്ഞ 100 വർഷങ്ങളിലായി യൂറോപ്പിന്റെ ഉണങ്ങിയ പുൽപ്രദേശത്തിന്റെ 90 ശതമാനത്തോളം കൃഷിക്കുവേണ്ടി എടുത്തുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 20 വർഷങ്ങളായി ബ്രിട്ടനിലെ മേച്ചിൽസ്ഥലങ്ങളുടെ നഷ്ടംമൂലം സോങ്ങ് ത്രഷുകളുടെ എണ്ണത്തിൽ 64 ശതമാനം കുറവു വന്നിട്ടുണ്ട്.
ടൈം മാഗസിൻ മഡഗാസ്കർ ദ്വീപിനെ “ഭൂമിശാസ്ത്രപരമായ ഒരു നോഹയുടെ പെട്ടകം” എന്നു വിളിക്കുന്നുണ്ടെങ്കിലും അതിന്റെ ബഹുലമായ വൈവിധ്യമാർന്ന വന്യജീവികൾ അപകടത്തിലാണ്. ജനസംഖ്യ ഉയർന്നുവരികയും അന്താരാഷ്ട്ര ബാധ്യതകൾ വളർന്നുവരികയും ചെയ്യുമ്പോൾ ദ്വീപുവാസികളുടെമേൽ വനങ്ങൾ നെൽപ്പാടങ്ങളാക്കി മാറ്റാനുള്ള സമ്മർദം വർധിച്ചുവരുന്നു. കഴിഞ്ഞ 20 വർഷംകൊണ്ട് ഗോൾഡൻബാംബൂ ലീമറിന്റെ ആവാസത്തിന്റെ മുക്കാൽ ഭാഗം അപ്രത്യക്ഷമായിരിക്കുന്നതിനാൽ ഈ മൃഗങ്ങളിൽ 400 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ.
കര ഉപയോഗിക്കുന്നതിൽ മനുഷ്യൻ വരുത്തിയിട്ടുള്ള സമൂലമാറ്റം തീർച്ചയായും പ്രാദേശിക വന്യജീവികളെ നശിപ്പിക്കുന്നു. മറ്റൊരു ഉദാഹരണമെന്ന നിലയിൽ 1,600 വർഷംമുമ്പ് ഹവായിയിൽ എത്തിയ പോളിനേഷ്യക്കാരെക്കുറിച്ചു പരിചിന്തിക്കുക. അവരുടെ പ്രവർത്തനങ്ങളുടെ ഫലമായി പക്ഷികളിൽ 35 വർഗങ്ങൾ നാമാവശേഷമായി.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും മുൻകാലങ്ങളിൽവന്നു കുടിയേറിപ്പാർത്തവർ വളർത്തുപൂച്ചകളെ ഇറക്കുമതി ചെയ്തു. ഇവയിൽ ചിലതു വന്യമായിത്തീർന്നു. ന്യൂ സയൻറിസ്റ്റ് മാഗസിൻ പറയുന്നതനുസരിച്ച്, മെരുക്കമില്ലാത്ത ഈ പൂച്ചകൾ ഇപ്പോൾ, ഓസ്ട്രേലിയൻ സ്വദേശികളായ സസ്തനികളിൽപ്പെട്ട 64 വർഗങ്ങളെ കൊന്നുതിന്നുന്നു. ഇറക്കുമതി ചെയ്യപ്പെട്ട ചെമന്ന യൂറോപ്യൻ കുറുനരികൾക്കൊപ്പം ഇവ വംശനാശഭീഷണിയിലായിരിക്കുന്ന, അവശേഷിക്കുന്ന വർഗങ്ങളെ ആക്രമിക്കുന്നു.
നേരിട്ടുള്ള ആക്രമണം
നായാട്ട് പുതിയൊരു പ്രതിഭാസമല്ല. ഉൽപ്പത്തിയിലെ ബൈബിൾ വിവരണം 4,000-ത്തിലേറെ വർഷങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന നായാട്ടുകാരനായ, മത്സരിയായ നിമ്രോദിനെക്കുറിച്ചു പ്രതിപാദിക്കുന്നു. അവൻ ഒരു വർഗത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്തതിനെക്കുറിച്ചുള്ള പ്രതിപാദ്യമൊന്നുമില്ലെങ്കിലും അവൻ പരാക്രമശാലികളായ നായാട്ടുകാരുടെ ഒരു മാതൃകയായിരുന്നു.—ഉല്പത്തി 10:9.
നൂറ്റാണ്ടുകളായി നായാട്ടുകാർ ഗ്രീസിൽനിന്നും മെസപ്പൊട്ടേമിയായിൽനിന്നും സിംഹങ്ങളെയും നുബിയയിൽനിന്നു കാണ്ടാമൃഗങ്ങളെയും ഉത്തര ആഫ്രിക്കയിൽനിന്ന് ആനകളെയും ബ്രിട്ടനിൽനിന്നു കരടികളെയും നീർനായ്ക്കളെയും കിഴക്കൻ യൂറോപ്പിൽനിന്നു കാട്ടുപോത്തിനെയും ഉന്മൂലനാശം ചെയ്തിട്ടുണ്ട്. “1870-കളിലും 1880-കളിലുമായി നായാട്ടുകാർ കിഴക്കൻ ആഫ്രിക്കയിൽ മാത്രമായി ഒരു ദശലക്ഷം വരുന്ന ആനകളിൽ കാൽഭാഗത്തിനെ കൊന്നിട്ടുണ്ട്,” ബിബിസി പരിപാടികൾ പട്ടികപ്പെടുത്തുന്ന റേഡിയോ ടൈംസ് എന്ന മാഗസിൻ പറയുന്നു. “അരനൂറ്റാണ്ടോളം, ആഫ്രിക്കയൊട്ടാകെ വെടിയൊച്ചകൊണ്ടു മുഖരിതമായിരുന്നു. പ്രസിദ്ധരും സമ്പന്നരും ഉന്നത പദവിയിലുള്ളവരുമായ ആളുകൾ ആനകൾ, കാണ്ടാമൃഗങ്ങൾ, ജിറാഫുകൾ, വലിയ പൂച്ചകൾ എന്നുവേണ്ട അവരുടെ കണ്ണിൽപെട്ടതിനെയൊക്കെയും വെടിവെച്ചിരുന്നു. . . . ഇന്നു തികച്ചും ഞെട്ടിക്കുന്നതായി കാണപ്പെടുന്നത് അന്നു സ്വീകാര്യമായ പെരുമാറ്റമായിരുന്നു.”
ഗംഭീരനായ കടുവയുടെ അവസ്ഥയെക്കുറിച്ചു വീണ്ടും ചിന്തിക്കുക. പരിരക്ഷണ ശ്രമങ്ങൾ വിജയകരമായിരുന്നതായി 1980-കളിലെ കാനേഷുമാരികൾ സൂചിപ്പിച്ചു. “എങ്കിലും കാര്യങ്ങൾ അവ കാണപ്പെട്ടതുപോലെയായിരുന്നില്ല,” 1995 ബ്രിട്ടാനിക്ക ബുക്ക് ഓഫ് ദി ഇയർ പറയുന്നു. “അനധികൃത മൃഗവേട്ടക്കാരുമായി രഹസ്യധാരണയിലെത്തിയിരുന്നവരോ തങ്ങളുടെ മേലധികാരികളെ പ്രീണിപ്പിക്കാൻമാത്രം ഉത്സുകരായിരുന്നവരോ ആയ ഉദ്യോഗസ്ഥന്മാർ ഊതിവീർപ്പിച്ചിരുന്നവയായിരുന്നു മുൻ കാനേഷുമാരികളെന്നു കൂടുതൽ സൂക്ഷ്മമായ കണക്കുകൾ വെളിപ്പെടുത്തി. . . . ദുർലഭ വസ്തുക്കൾക്കു വില കൂടിയപ്പോൾ കടുവ അവയവങ്ങളുടെ രഹസ്യ വാണിഭം തഴച്ചുവളർന്നു.” അങ്ങനെ 1995-ൽ സൈബീരിയൻ കടുവയുടെ വില, 9,400 ഡോളറിനും 24,000 ഡോളറിനും ഇടയ്ക്കായിരുന്നുവെന്നു കണക്കാക്കപ്പെടുന്നു—വിലയേറിയ അതിന്റെ തുകലിനു മാത്രമായിരുന്നില്ല ഈ വില. അതിന്റെ അസ്ഥികൾ, കണ്ണുകൾ, മീശരോമങ്ങൾ, പല്ലുകൾ, ആന്തരികാവയവങ്ങൾ, ലൈംഗികാവയവങ്ങൾ എന്നിവയ്ക്കുമായിരുന്നു. ഇവയെല്ലാം പരമ്പരാഗത പൗരസ്ത്യ ഔഷധങ്ങളിൽ വളരെ വിലപ്പെട്ടതാണെന്നു കണക്കാക്കപ്പെടുന്നു.
ആനക്കൊമ്പും കാണ്ടാമൃഗത്തിന്റെ കൊമ്പും കടുവാത്തോലും മറ്റു മൃഗാവയവങ്ങളും ഇപ്പോൾ കോടിക്കണക്കിനു ഡോളർ വാരിക്കൂട്ടുന്ന—മയക്കുമരുന്നു കള്ളക്കടത്തു കഴിഞ്ഞാൽ അടുത്ത സ്ഥാനമുള്ള—കരിഞ്ചന്ത ബിസിനസാണെന്നു ടൈം പറയുന്നു. മാത്രമല്ല, ഇതു വലിയ സസ്തനികളിൽ മാത്രം ഒതുക്കിനിർത്തപ്പെടുന്നുമില്ല. 1994-ൽ പരമ്പരാഗത ചൈനീസ് ഔഷധത്തിൽ ഞെട്ടിപ്പിക്കുന്നവിധം രണ്ടു കോടി കടൽക്കുതിരകളെയാണ് ഉപയോഗിച്ചത്. ഇത്, തെക്കുകിഴക്കൻ ഏഷ്യയുടെ ചില പ്രദേശങ്ങളിൽ പിടിക്കപ്പെടുന്ന കടൽക്കുതിരകളുടെ എണ്ണത്തിൽ 60 ശതമാനം കുറവുവരുത്തിയിരിക്കുന്നതായി റിപ്പോർട്ടുചെയ്യപ്പെട്ടു.
ഒരു വർഗം നാമാവശേഷമാകുന്നതുവരെ വേട്ടയാടപ്പെടുമ്പോൾ ആരെ കുറ്റപ്പെടുത്തണമെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. ഇനി, പണം വാരുന്നവരുടെ കാര്യമോ? അപകടം നേരിടുന്ന മാക്കത്തത്തയും ഗോൾഡൻ കോണ്യുറും ബ്രസീലിലെ ഒരു കരിഞ്ചന്തവിൽപ്പനക്കാരന് 500 ഡോളർ നേടിക്കൊടുക്കുന്നതായി റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നു. എന്നാൾ അയാൾ അതു വിദേശത്തു വിൽക്കുമ്പോൾ ആ തുകയുടെ മുന്നരയിരട്ടിയിലധികം ലാഭം കൊയ്യുന്നു.
യുദ്ധങ്ങളും അവയുടെ ഉപഫലങ്ങളും വർധിച്ചുവരുന്ന അഭയാർഥിക്കൂട്ടങ്ങളും ഇവയ്ക്കൊപ്പം ഉയർന്നുവരുന്ന ജനനനിരക്കും വർധിച്ചുവരുന്ന മലിനീകരണവും എന്തിന് വിനോദസഞ്ചാരം പോലും വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങൾക്കു ഭീഷണിയാണ്. മോട്ടോർബോട്ടുകളിലിരുന്നു കാഴ്ചകാണുന്നവർ, ഡോൾഫിനുകളെ കാണാൻ തടിച്ചുകൂടുമ്പോൾ അവയ്ക്കു പരിക്കേൽപ്പിക്കുന്നു. ബോട്ടുകളിൽനിന്നുള്ള ജലാന്തര ആരവം ഡോൾഫിനുകളുടെ മൃദുലമായ പ്രതിധ്വനി-ദിശാനിർണയ വ്യവസ്ഥയ്ക്കു കേടുവരുത്തിയേക്കാം.
മനുഷ്യർ വരുത്തിവെക്കുന്ന വിനയുടെ ഈ ഖേദകരമായ പട്ടിക കണ്ടശേഷം, ‘വംശനാശഭീഷണി നേരിടുന്ന വർഗങ്ങളെ സംരക്ഷിക്കാൻ പരിരക്ഷകർ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്, അവർ എത്രമാത്രം വിജയിച്ചിട്ടുണ്ട്?’ എന്നെല്ലാം നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടായിരിക്കാം.
[6-ാം പേജിലെ ചിത്രം]
മനുഷ്യൻ മരംവെട്ടിയിടുമ്പോൾ സസ്യങ്ങൾ, മൃഗങ്ങൾ, പറവകൾ, ഇഴജന്തുക്കൾ, പ്രാണികൾ എന്നിവ ചത്തൊടുങ്ങുന്നു