നമ്മുടെ മഴവനങ്ങൾ അതിജീവിക്കുമോ?
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ വടക്കേ അമേരിക്കയിലെ സഞ്ചാരിപ്രാവ് നാമാവശേഷമായി. ഒരുപക്ഷേ എണ്ണത്തിൽ ഏറ്റവുമധികമുണ്ടായിരുന്ന പക്ഷി അതായിരിക്കാം. രണ്ടു നൂറ്റാണ്ടുമുമ്പുവരെ അതിന്റെ എണ്ണം 500 കോടിക്കും 1,000 കോടിക്കും ഇടയ്ക്കായിരുന്നുവെന്ന് പക്ഷിശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു!
എന്നിരുന്നാലും, വിലകുറഞ്ഞ പക്ഷിമാംസത്തിന്റെ ഒരു അക്ഷയശേഖരംപോലെ തോന്നിച്ച അത് നൂറു വർഷംകൊണ്ട് പൊലിഞ്ഞുപോയി. “ഇന്നോളം സംഭവിച്ചിട്ടുള്ളതിലേക്കും ഏറ്റവും ശ്രദ്ധേയമായ [വംശനാശം]” എന്നു വിശേഷിപ്പിക്കാവുന്ന ഒന്ന്. യു.എസ്.എ.-യിലെ വിസ്കോൺസിനിലുള്ള വ്യാലൂസിങ് സ്റ്റേറ്റ് പാർക്കിൽ സഞ്ചാരിപ്രാവിനുവേണ്ടിയുള്ള ഒരു സ്മാരകത്തിന്മേൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “മനുഷ്യന്റെ അത്യാർത്തിയും ബുദ്ധിശൂന്യതയുമാണ് ഈ ജീവിവർഗം അപ്രത്യക്ഷമാകാൻ കാരണം.”
ലോകത്തിൽവെച്ച് എണ്ണത്തിൽ ഏറ്റവുമധികമുള്ള ജീവികൾപോലും മനുഷ്യന്റെ ആക്രമണത്തിന് എളുപ്പത്തിൽ വിധേയമാകുമെന്ന് സഞ്ചാരിപ്രാവിനു നേരിട്ട ഗതി നമ്മെ അനുസ്മരിപ്പിക്കുന്നു. അത്യാർത്തിയും ബുദ്ധിശൂന്യമായ പ്രവൃത്തികളും ഇന്നും വ്യാപകമാണ്. ഇന്ന് വെറും ഒരു ജീവിവർഗം മാത്രമല്ല പിന്നെയോ മുഴു ആവാസവ്യവസ്ഥതന്നെ അപകടത്തിലാണ്. മഴവനം അപ്രത്യക്ഷമായാൽ അതിലെ നിവാസികളെല്ലാം—അതായത് നമ്മുടെ ഗ്രഹത്തിലെ ജീവിവർഗങ്ങളുടെ പകുതി—അപ്രത്യക്ഷമാകും. അത്തരമൊരു വിനാശം “മനുഷ്യൻ [വരുത്തിവെച്ചിട്ടുള്ളതിലേക്കുംവെച്ച്] ഏറ്റവും വലിയ വിപത്ത്” ആയിരിക്കുമെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു.
പരിസ്ഥിതിയെപ്പറ്റി ഒരു നൂറ്റാണ്ടുമുമ്പ് ഉണ്ടായിരുന്നതിനെക്കാൾ അധികം അറിവ് നമുക്കിപ്പോൾ ഉണ്ടെന്നുള്ളതു ശരിതന്നെ. എന്നാൽ നശീകരണത്തിന്റെ വേലിയേറ്റത്തെ ഇല്ലാതാക്കാൻ ഈ ഉൾക്കാഴ്ചയ്ക്കു കഴിഞ്ഞിട്ടില്ല. “അമൂല്യമായ ഒന്നാണ് നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്” എന്ന് സസ്യശാസ്ത്രജ്ഞനായ ഫിഡാൽഗോ വിലപിക്കുന്നു. “വളരെ സമയമൊന്നും ഇനി ബാക്കിയില്ല. മരംവെട്ടുകാർക്ക് എത്തിപ്പെടാൻ സാധിക്കാത്ത മലഞ്ചെരിവുകളിലുള്ള വനങ്ങൾ മാത്രമേ നശിപ്പിക്കപ്പെടാതെ അവശേഷിക്കുകയുള്ളൂ എന്ന സ്ഥിതിവിശേഷം ഏതാനും വർഷങ്ങൾക്കകം സംജാതമാകുമെന്നു ഞാൻ ഭയക്കുന്നു.”
മഴവനങ്ങൾ പുനഃസ്ഥിതീകരിക്കാൻ അങ്ങേയറ്റം പ്രയാസകരമായതിനാൽ വനസംരക്ഷകർ പരിഭ്രാന്തരാണ്. ഹരിതഭാസുരമായ മേഖല: ഭൂമിയുടെ അമൂല്യ മഴവനങ്ങൾ എന്ന പുസ്തകം വനവത്കരണത്തെ “മന്ദഗതിയിലുള്ളതും ചെലവേറിയതും . . . മഴവന നശീകരണത്തോടുള്ള പ്രതികരണമെന്നനിലയിലുള്ള അവസാന പോംവഴി” എന്നൊക്കെ തുറന്നു വിശേഷിപ്പിക്കുന്നു. വനവത്കരണത്തിലൂടെ ഏതാനും ഉഷ്ണമേഖലാ വൃക്ഷയിനങ്ങളെ മാത്രമേ വീണ്ടെടുക്കാൻ കഴിയുകയുള്ളൂ. കൂടാതെ, കളകൾ തൈകളെ ഞെരിച്ചുകളയാതിരിക്കേണ്ടതിന് അവയ്ക്കു നിരന്തര പരിചരണം ആവശ്യമായിരുന്നേക്കാം.
ഒരു വനത്തിന് അതിന്റെ മുമ്പത്തെ കാന്തി എന്നെങ്കിലും വീണ്ടെടുക്കാൻ സാധിക്കുമോ എന്നുള്ളത് തൈകൾ രണ്ടാമതു വെച്ചുപിടിപ്പിച്ച പ്രദേശം കന്യാവനവുമായി എത്ര അടുത്ത് സ്ഥിതിചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അടുത്ത സാമീപ്യം മാത്രമേ വനവത്കരിക്കപ്പെട്ട പ്രദേശത്തെ കാലക്രമത്തിൽ, ഒരു യഥാർഥ മഴവനത്തിനു രൂപംനൽകുന്ന പതിനായിരക്കണക്കിനു ജീവിവർഗങ്ങളാൽ അധിവസിക്കപ്പെടാൻ പര്യാപ്തമാക്കുകയുള്ളൂ. എങ്കിൽപ്പോലും ഇത് നൂറ്റാണ്ടുകൾ വേണ്ടിവരുന്ന ഒരു പ്രക്രിയയാണ്. ആയിരം വർഷംമുമ്പ് മായൻ നാഗരികത തറപറ്റിയപ്പോൾ ഉപേക്ഷിക്കപ്പെട്ട ചില പ്രദേശങ്ങൾ ഇപ്പോഴും മുഴുവനായി പൂർവസ്ഥിതി കൈവരിച്ചിട്ടില്ല.
“ഒരു പുതിയ അന്താരാഷ്ട്രവത്കരണം”
ആവുന്നത്ര ജീവിവർഗങ്ങളെ പരിരക്ഷിക്കാൻ ഇന്നു സ്ഥിതിചെയ്യുന്ന മഴവനങ്ങളുടെ 10 ശതമാനം വരുംതലമുറയ്ക്കായി നീക്കിവെക്കണമെന്ന് വാഷിങ്ടൺ ഡി.സി.-യിലെ സ്മിത്സോണിയൻ സ്ഥാപനത്തിലെ ഒരു ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ 8 ശതമാനത്തോളം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ സംരക്ഷിതവനങ്ങൾ അഥവാ ദേശീയപാർക്കുകൾ പേരുകൊണ്ടു മാത്രമാണ് അങ്ങനെ ആയിരിക്കുന്നത്. കാരണം അവയെ സംരക്ഷിക്കാൻ ആവശ്യമായ നിക്ഷേപങ്ങളോ ചുമതലപ്പെട്ട വ്യക്തികളോ ഒന്നും ഇല്ല. കൂടുതലായ എന്തെങ്കിലും ചെയ്യണമെന്നു വ്യക്തം.
മഴവന പരിരക്ഷണത്തിന്റെ വക്താവായ പീറ്റർ റേവൻ വിവരിക്കുന്നു: “മഴവനങ്ങളെ സംരക്ഷിക്കാൻ ഒരു പുതിയ അന്താരാഷ്ട്രവത്കരണം ആവശ്യമാണ്, ഭൂമിയിലെങ്ങുമുള്ള ആളുകൾക്ക് അതിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു പങ്കുണ്ട് എന്നുള്ള ബോധവത്കരണം. ലോകമൊട്ടുക്ക് പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാനുള്ള വഴികൾ കണ്ടെത്തണം. രാഷ്ട്രങ്ങൾ തമ്മിൽ പുതിയ കരാറുകൾ ആവിഷ്കരിക്കണം.”
അദ്ദേഹത്തിന്റെ നിർദേശം പലർക്കും അഭികാമ്യമായി തോന്നുന്നു. മനുഷ്യവർഗം നേരിടുന്ന മറ്റനേകം പ്രതിസന്ധികളുടെ കാര്യത്തിലെന്നപോലെ മഴവനങ്ങൾ പരിരക്ഷിക്കുന്നതിന് ഒരു ആഗോള പരിഹാരം ആവശ്യമാണ്. ലോകവ്യാപകമായ ഒരു വിപത്ത് സംഭവിക്കുന്നതിനുമുമ്പ്, വരുത്തിവെച്ചിരിക്കുന്ന നാശം അപരിഹാര്യമായ ഒന്നായിത്തീരുന്നതിനുമുമ്പ് “രാഷ്ട്രങ്ങൾ തമ്മിൽ കരാറുകൾ” ഉണ്ടാക്കുകയെന്നതാണ് പ്രശ്നം. പീറ്റർ റേവൻ സൂചിപ്പിക്കുന്നതുപോലെ മഴവനത്തിന്റെ നശീകരണം പട്ടിണിയും ദാരിദ്ര്യവുംപോലെ വികസ്വരരാജ്യങ്ങളിലെ മറ്റ് അപരിഹാര്യമായ പ്രശ്നങ്ങളുമായി അടുത്തു ബന്ധപ്പെട്ടു കിടക്കുന്നു.
ഇതുവരെ, അത്തരം പ്രശ്നങ്ങളുടെ നേർക്ക് തിരിച്ചുവിട്ടിരിക്കുന്ന ശ്രമങ്ങൾക്കു പരിമിതമായ വിജയമേ ഉണ്ടായിട്ടുള്ളൂ. സങ്കുചിതവും പരസ്പരവിരുദ്ധവുമായ താത്പര്യങ്ങളെ മറികടന്നുകൊണ്ട് രാഷ്ട്രങ്ങൾ പൊതുനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുമോ അതോ “ഒരു പുതിയ അന്താരാഷ്ട്രവത്കരണം” വെറുമൊരു സ്വപ്നമായി അവശേഷിക്കുമോ എന്നാണ് ചില ആളുകൾ ചോദിക്കുന്നത്.
ചരിത്രം ശുഭാപ്തിവിശ്വാസത്തിനുവേണ്ട അടിസ്ഥാനം നൽകുന്നില്ല. എങ്കിലും ഒരു ഘടകം മിക്കപ്പോഴും അവഗണിക്കപ്പെടുന്നു—മഴവനത്തിന്റെ സ്രഷ്ടാവിന്റെ വീക്ഷണം. “നാം സൃഷ്ടിയുടെ ഒരു ഭാഗമാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്” എന്ന് ഹാർവാർഡ് പ്രൊഫസറായ എഡ്വാർഡ് ഒ. വിൽസൺ ചൂണ്ടിക്കാട്ടുന്നു. “അങ്ങനെ നമുക്കു കൈമാറി കിട്ടിയ സംഗതികൾ നാം വരുംതലമുറകൾക്കു നിഷേധിക്കുകയാണ്.”
തന്റെ കൈവേലയെ പൂർണമായി നശിപ്പിക്കാൻ ഭൂമിയുടെ സ്രഷ്ടാവ് മനുഷ്യവർഗത്തെ അനുവദിക്കുമോ? അനുവദിക്കുമെന്നു വിശ്വസിക്കാൻ പ്രയാസമാണ്.a പകരം ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും’ എന്ന് ബൈബിൾ മുൻകൂട്ടി പറയുന്നു. (വെളിപ്പാടു 11:18) ദൈവം തന്റെ പരിഹാരം എങ്ങനെ നടപ്പിലാക്കും? ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതും “ഒരുനാളും നശിച്ചുപോകാത്ത”തുമായ ഒരു രാജ്യം—ഒരു ദേശീയാതീത സ്വർഗീയ ഗവൺമെൻറ് സ്ഥാപിക്കുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു.—ദാനീയേൽ 2:44.
ദൈവരാജ്യം, മനുഷ്യൻ ഭൂമിയെ ദുരുപയോഗം ചെയ്യുന്നത് നിർത്തലാക്കുമെന്നു മാത്രമല്ല, ഭൂമിയുടെ പ്രകൃതിസൗന്ദര്യം പുനഃസ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്യും. മുഴുഭൂമിയും ഒടുവിൽ ഒരു ആഗോള ഉദ്യാനമായിത്തീരും, നമ്മുടെ സ്രഷ്ടാവ് ആദിയിൽ ഉദ്ദേശിച്ചിരുന്നതുപോലെതന്നെ. (ഉല്പത്തി 1:28; 2:15; ലൂക്കൊസ് 23:42, 43) എല്ലായിടത്തുമുള്ള ആളുകൾ ‘യഹോവയാൽ പഠിപ്പിക്കപ്പെടും’, മഴവനം ഉൾപ്പെടെയുള്ള അവന്റെ സൃഷ്ടിയെ സ്നേഹിക്കാനും വിലമതിക്കാനും അവർ പഠിക്കും.—യെശയ്യാവു 54:13.
ആ അനുഗൃഹീത കാലത്തെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും. യഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.”—സങ്കീർത്തനം 96:12, 13.
സന്തോഷകരമെന്നു പറയട്ടെ, മഴവനത്തിന്റെ ഭാവി ആശ്രയിച്ചിരിക്കുന്നത് മനുഷ്യന്റെ ശ്രമങ്ങളിലോ അത്യാഗ്രഹത്തിലോ അല്ല. നമ്മുടെ ഉഷ്ണമേഖലാ വനങ്ങളെ സംരക്ഷിക്കാൻ സ്രഷ്ടാവു തന്നെ ഇടപെടുമെന്ന് ഉറപ്പുണ്ടായിരിക്കാൻ ബൈബിൾ കാരണം നൽകുന്നു. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ഭൂമിയിൽ വരുംതലമുറകൾ മഴവനത്തിന്റെ പ്രൗഢി നോക്കിക്കാണും.—വെളിപ്പാടു 21:1-4.
[അടിക്കുറിപ്പ്]
a രസാവഹമായി, വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളിൽ ആവുന്നത്ര എണ്ണത്തെ രക്ഷിക്കാനുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പരിസ്ഥിതിസംരക്ഷണവാദികൾ തങ്ങളുടെ ശ്രമത്തെ “നോഹ തത്ത്വം” എന്നു വിളിക്കുന്നു. കാരണം, “സകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നുംതന്നേ” ഉള്ള ജീവജാലങ്ങളെ പെട്ടകത്തിൽ കയറ്റാൻ നോഹയോടു നിർദേശിക്കപ്പെട്ടിരുന്നു. (ഉല്പത്തി 6:19) “[ജീവിവർഗങ്ങളുടെ] പ്രകൃതിയിലെ ദീർഘനാളായുള്ള നിലനിൽപ്പ്, അവയ്ക്ക് അസ്തിത്വത്തിൽ തുടരാനുള്ള നിസ്തർക്കമായ അവകാശമുണ്ടെന്നു തെളിയിക്കുന്നു” എന്ന് സസ്യശാസ്ത്രജ്ഞനായ ഡേവിഡ് ആറൻഫെൽഡ് വാദിക്കുന്നു.