ഭൂമിയിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവികൾ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
വന്യജീവികളെ—ഒരു കടുവയെയോ തിമിംഗലത്തെയോ ഗൊറില്ലയെയോ—നേരിട്ടു കാണുന്നതും അവയുടെ ശബ്ദം കേൾക്കുന്നതും നിങ്ങളെ കോൾമയിർക്കൊള്ളിക്കുകയില്ലേ? ഒരു കോയാലയെ പരിപാലിക്കുന്നതോ? നോക്കെത്താ ദൂരത്തിൽ നിരന്നു സഞ്ചരിക്കുന്ന ദേശാടന മൃഗപറ്റങ്ങളുടെ കുളമ്പടിനാദത്താലുള്ള ഭൂമിയുടെ ഗർജനം കേൾക്കുന്നതോ? എന്നാൽ, സങ്കടകരമെന്നു പറയട്ടെ, അനേകർക്കും ഒരു കാഴ്ചബംഗ്ലാവു സന്ദർശിക്കുകയോ പുസ്തകം വായിക്കുകയോ കമ്പ്യൂട്ടർ സ്ക്രീനിൽ കാണുകയോ ചെയ്യാനല്ലാതെ ആവേശജനകമായ അത്തരം അനുഭവങ്ങൾ ഒരിക്കലും നേരിട്ട് ആസ്വദിക്കാൻ സാധിച്ചെന്നു വരില്ല. അതെന്തുകൊണ്ടാണ്?
എന്തുകൊണ്ടെന്നാൽ, നിങ്ങൾ ഈ ലേഖനം വായിക്കുന്ന സമയത്തുതന്നെ ആയിരക്കണക്കിനു സസ്യങ്ങളും ജന്തുക്കളും നിഷ്ഠുരമായി വംശനാശത്തിന് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ വർഷവും 27,000 ജീവിവർഗങ്ങൾക്ക് അല്ലെങ്കിൽ ഓരോ മണിക്കൂറിലും മൂന്നു ജീവിവർഗങ്ങൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു ജീവശാസ്ത്രജ്ഞനായ ഡോ. എഡ്വേർഡ് ഒ. വിൽസൺ കണക്കാക്കുന്നു. ഈ നിരക്ക് തുടർന്നാൽ 30 വർഷംകൊണ്ട് ഭൂമിയിലെ ജീവിവർഗങ്ങളുടെ 20 ശതമാനം നാമാവശേഷമായേക്കാം. എന്നാൽ വംശനാശ നിരക്ക് സ്ഥിരമല്ല; അത് വർധിച്ചുകൊണ്ടിരിക്കുന്നു. അടുത്ത നൂറ്റാണ്ടിന്റെ ആരംഭമാകുമ്പോഴേക്കും ദിവസവും നൂറുകണക്കിനു ജീവിവർഗങ്ങൾ അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു!
ആഫ്രിക്കയിലെ കറുത്ത കാണ്ടാമൃഗം വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. നിയമവിരുദ്ധ വേട്ടയാടൽ മൂലം അതിന്റെ എണ്ണം 65,000-ത്തിൽനിന്ന് 2,500 ആയി കുത്തനെ കുറഞ്ഞുപോകാൻ 20 വർഷം പോലും എടുത്തില്ല. ബോർണിയോയിലെയും സുമാട്രയിലെയും ശോഷിച്ചുവരുന്ന കുറ്റിക്കാടുകളിൽ 5,000-ത്തിൽ താഴെ ഒറാങ് ഉട്ടാൻമാരേ ഉള്ളൂ. വിനാശം ഭൂമിയിലെ ജലജീവികളെയും ബാധിച്ചിരിക്കുന്നു. ചൈനയിലെ യാങ്ട്സി നദിയിലെ അഴകുള്ള ബൈറ്റ്സി ഡോൾഫിൻ അവയിലൊന്നാണ്. മലിനീകരണവും വിവേചനാരഹിതമായ മീൻപിടിത്തവും കാരണം കഷ്ടിച്ചു നൂറെണ്ണം മാത്രമേ ഇപ്പോൾ അവിടെ ശേഷിക്കുന്നുള്ളൂ. ഒരു ദശകത്തിനുള്ളിൽ അവയും നാമാവശേഷമായേക്കാം.
“വ്യത്യസ്ത പഠനമേഖലകളിൽനിന്നുള്ള ശാസ്ത്രജ്ഞന്മാർ പല കാര്യങ്ങളിലും വിയോജിക്കുന്നു. എന്നാൽ ഗ്രഹത്തിലെ ജീവിവർഗങ്ങളെയും അവയുടെ ആരോഗ്യത്തെയും സംരക്ഷിക്കേണ്ടതിന്റെ അടിയന്തിരതയെക്കുറിച്ചു സംസാരിക്കുമ്പോൾ അവർ ഏകാഭിപ്രായക്കാരാണ്: വരുന്ന അമ്പതു വർഷങ്ങൾ നിർണായക വർഷങ്ങളാണ്” എന്ന് ലിൻഡ കോബ്നർ, മൃഗശാലാ ഗ്രന്ഥത്തിൽ (ഇംഗ്ലീഷ്) പറയുന്നു.
ആരെയാണു പഴിക്കേണ്ടത്?
പെരുകുന്ന ജനസംഖ്യ വംശനാശ നിരക്കിനെ ത്വരിതപ്പെടുത്തിയിരിക്കുന്നു, എന്നാൽ ജനസംഖ്യാ സമ്മർദത്തെ മാത്രം പഴിചാരാനാവില്ല. ജനസംഖ്യ ഒരു ഭീഷണിയായിത്തീരുന്നതിനു വളരെ മുമ്പുതന്നെ അനേകം ജീവികൾ നാമാവശേഷമായിരുന്നു. പാസഞ്ചർ പ്രാവ്, മോവാ, വലിയ ഓക്ക്, തൈലസൈൻ എന്നിവ അവയിൽ ഏതാനുമെണ്ണം മാത്രമാണ്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ജന്തുശാസ്ത്രോദ്യാന ബോർഡിന്റെ ഡയറക്ടറായ ഡോ. ജെ. ഡി. കെല്ലി ആ രാജ്യത്തിന്റെ വംശനാശ രേഖയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “1788-ലെ കോളനിസ്ഥാപനത്തിനുശേഷം ജീവവൈവിധ്യത്തിലുണ്ടായ കുറവ് ദേശത്തെ സംബന്ധിച്ചിടത്തോളം ആക്ഷേപകരമാണ്.” ഈ പ്രസ്താവന മറ്റനേകം രാജ്യങ്ങളുടെ കാര്യത്തിലും സത്യമാണെന്നുള്ളതിനു സംശയമില്ല. വംശനാശത്തിന്റെ കൂടുതൽ കുടിലമായ കാരണങ്ങളിലേക്കും ഇതു വിരൽചൂണ്ടുന്നു—അവഗണനയും അത്യാർത്തിയും.
ആഗോള വംശനാശ പ്രതിസന്ധി ഹേതുവായി, തീരെ പ്രതീക്ഷിക്കാത്ത ഒരു പുതിയ ചങ്ങാതി അപകടത്തിലായ ജന്തുക്കളുടെ രക്ഷയ്ക്കെത്തിയിരിക്കുന്നു—മൃഗശാലകൾ. അനേകം ജീവിവർഗങ്ങളുടെയും അവസാന അഭയസ്ഥാനമെന്ന നിലയിൽ നഗരമധ്യത്തിലെ ഈ പ്രദേശങ്ങൾക്കുള്ള സ്ഥാനം വർധിച്ചുവരുകയാണ്. എന്നാൽ മൃഗശാലകൾക്ക് സ്ഥലപരിമിതിയുണ്ട്, വന്യജന്തുക്കളുടെ പരിപാലനം ചെലവേറിയതും ദുഷ്കരവുമാണ്. കൂടാതെ, അവയെ കൂട്ടിലടച്ചിടുന്നത് ദയാപൂർവകമായിട്ടാണെങ്കിൽ കൂടിയും അതിന് ഒരു നൈതിക വശം ഉണ്ട്. മാത്രമല്ല, മൃഗശാലയിൽ അവ മനുഷ്യൻ എത്രമാത്രം കയ്യയച്ചു പണം ചെലവഴിക്കുന്നുവെന്നതിനെയും അതുപോലെതന്നെ മിക്കപ്പോഴും അസ്ഥിരമായ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥിതികളെയും പൂർണമായി ആശ്രയിച്ചാണു കഴിയുന്നത്. അതുകൊണ്ട്, കാട്ടിൽനിന്നുള്ള ഈ അഭയാർഥികൾ വാസ്തവത്തിൽ എത്രമാത്രം സുരക്ഷിതരാണ്?
[3-ാം പേജിലെ ചതുരം]
വംശനാശം പ്രകൃതിയുടെ ക്രമീകരണമാണോ?
“വംശനാശം പ്രകൃതിയുടെ ഒരു ക്രമീകരണമല്ലേ? അല്ല എന്നതാണ് ഉത്തരം, പ്രത്യേകിച്ചും അടുത്ത കാലത്തു സംഭവിച്ച തോതിലുള്ളത്. കഴിഞ്ഞ 300 വർഷത്തിൽ ഏറെസമയത്തും ജീവിവർഗങ്ങളുടെ വംശനാശ നിരക്ക് വർഷംതോറും ഏതാണ്ട് ഒന്നു വീതമായിരുന്നു. മനുഷ്യരാലുള്ള ജീവിവർഗങ്ങളുടെ വംശനാശ നിരക്ക് ഇപ്പോൾ അതിന്റെ ആയിരം ഇരട്ടിയെങ്കിലും ആയിത്തീർന്നിട്ടുണ്ട്. . . . വംശനാശ നിരക്കിലുണ്ടായ ഈ ശീഘ്ര വർധനവിന്റെ കാരണം മനുഷ്യന്റെ പ്രവർത്തനമാണ്.”—ദ ന്യൂയോർക്ക് പബ്ലിക്ക് ലൈബ്രറി ഡെസ്ക് റഫറൻസ്.
“അപ്രത്യക്ഷമായ അസംഖ്യം അസാധാരണ ജീവികൾ എന്റെ മനം കവർന്നിരിക്കുന്നു, അവയുടെ വംശനാശം എന്നെ ദുഃഖിതനും പലപ്പോഴും കുപിതനുമാക്കിയിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ, മിക്കപ്പോഴും ഈ വംശനാശങ്ങൾക്കു പ്രത്യക്ഷമോ പരോക്ഷമോ ആയ കാരണം മനുഷ്യൻ തന്നെയാണ്. അവന്റെ അത്യാർത്തി അല്ലെങ്കിൽ ക്രൂരത, അശ്രദ്ധ അല്ലെങ്കിൽ നിസംഗതയാണ് അതിനിടയാക്കിയിരിക്കുന്നത്.”—ഡേവിഡ് ഡേ, ജന്തുക്കളുടെ വിനാശദിന ഗ്രന്ഥം (ഇംഗ്ലീഷ്).
“മനുഷ്യന്റെ പ്രവർത്തനംമൂലം, ജീവിവർഗങ്ങൾ രേഖപ്പെടുത്തപ്പെടുന്നതിനു മുമ്പുതന്നെ വംശനാശത്തിനിരയാകുന്നു.”—ജീവസംരക്ഷണം (ഇംഗ്ലീഷ്).