ദൈവത്തിനായുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണത്തിനു ലഭിച്ച പ്രതികരണം
ദൈവത്തിനായുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം എന്ന പുസ്തകത്തിന്റെ പ്രകാശനം യഹോവയുടെ സാക്ഷികൾ 1990-ന്റെ മദ്ധ്യംമുതൽ 1991-ന്റെ പ്രാരംഭംവരെ നടത്തിയ “നിർമ്മലഭാഷാ” ഡിസ്ട്രിക്ട് കൺവെൻഷനുകളുടെ മുഖ്യ സവിശേഷതകളിലൊന്നായിരുന്നു. അത് ലോകത്തിലെ പ്രമുഖ മതങ്ങളുടെ ഉത്ഭവം, ചരിത്രം, വിശ്വാസങ്ങൾ ഇവയുടെ ഒരു സംക്ഷിപ്തവിവരണം നൽകുകയും സത്യദൈവത്തെ എങ്ങനെ കണ്ടെത്താൻ കഴിയുമെന്നു പറയുകയും ചെയ്യുന്നു. ലോകമെങ്ങുമുള്ള വായനക്കാർ എങ്ങനെ പ്രതികരിച്ചിരിക്കുന്നു?
“ദൈവത്തിനായുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണത്തിന് എന്റെ ആത്മാർത്ഥമായ അഭിനന്ദനം,” എന്ന് ജർമ്മനിയിൽനിന്നുള്ള സാക്ഷിയല്ലാത്ത ഒരു വ്യക്തി, ഈ. ജി. അഭിപ്രായപ്പെട്ടു. “വ്യതിരിക്ത മതങ്ങളെ സംബന്ധിച്ചുള്ള ഇത്തരം വിശദവും സമഗ്രവുമായ സൂക്ഷ്മനിരീക്ഷണം സത്യത്തിൽ ശ്രദ്ധേയവും ഹൃദയഹാരിയായ വായനക്കുതകുന്നതുമാണ്, കൂടാതെ ഈ പുസ്തകം യുക്തിപരതയുടെ കാര്യത്തിൽ കുറവുള്ളതല്ല—തീർത്തും മറിച്ചാണ്. ആളുകൾ ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ അവരവരുടെ മതത്തെ പരിശോധിക്കുന്നതിന് ശുപാർശചെയ്യാൻ മാത്രമെ എനിക്കാവൂ.”
യു.എസ്സ്.എ., ന്യൂയോർക്കിലെ ഫഷ്ളിംഗിൽനിന്നുള്ള ഒരു വായനക്കാരൻ എഴുതി: “ഞാൻ ഒരു മുസ്ലീം ആണ്, അൽ-ഇസ്ലാം ആണ് എന്റെ മതം. ദൈവത്തിനായുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം എന്ന നിങ്ങളുടെ പുതിയ പുസ്തകം ഞാൻ വിലമതിക്കുന്നു. എന്റെ മതത്തിൽ നിങ്ങൾക്കുള്ള അറിവിനെ ഞാൻ വിശേഷാൽ വിലമതിക്കുന്നു.”
നെതർലാൻഡ്സിലെ 17 വയസ്സുള്ള എ.വി.ഡി. ഒരു സഹപാഠിക്ക് ഈ പുസ്തകത്തിന്റെ ഒരു പ്രതി സമർപ്പിച്ചു, അവൾ ഒരു സ്കൂൾ നിയമനം തയ്യാറാകുന്നതിന് അത് ഉപയോഗിക്കുകയും ചെയ്തു. അദ്ധ്യാപകൻ അവളുടെ വിവരങ്ങളുടെ ഉറവിടം അറിയാൻ ആഗ്രഹിച്ചു. പുസ്തകം കണ്ടപ്പോൾ അദ്ദേഹം 3 പ്രതികൾക്ക് ഓർഡർ നൽകി. എ.വി.ഡി. തുടരുന്നു: “പിറേറദിവസം ഞാൻ 3 പുസ്തകങ്ങൾ അദ്ധ്യാപകനു കൈമാറി, അദ്ദേഹം അത് ഉടനെതന്നെ മററുചില അദ്ധ്യാപകരെ കാണിച്ചു. അൽപ്പസമയത്തിനുശേഷം അദ്ദേഹം എന്നോടു പറഞ്ഞു, ‘കൊള്ളാം, ഇത്തരം 35 പുസ്തകങ്ങൾ ഓർഡർ ചെയ്യുന്നതിന് എനിക്ക് സ്കൂൾ അധികാരികളുടെ അംഗീകാരം ലഭിച്ചിരിക്കുന്നു.’”
കാനഡായിലെ ബ്രിട്ടീഷ് കൊളംബിയായിൽനിന്നും ഒരു ദമ്പതികൾ എഴുതി: “ദൈവത്തിനായുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണത്തിന്, മുമ്പുണ്ടായിരുന്ന മറേറതൊരു വാച്ച്ടവർ പ്രസിദ്ധീകരണത്തേക്കാളും കൂടുതൽ സാംസ്കാരിക പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളെ സ്വാധീനിക്കാൻ തികച്ചും സാദ്ധ്യമാകും.”
ഫ്രാൻസിലെ ലേ ഹാവ്റിയിൽനിന്ന് എം.എച്ച്. എഴുതി: “ഈ പുസ്തകം എന്റെ എല്ലാ പ്രതീക്ഷകളെയും കവച്ചുവെച്ചിരിക്കുന്നുവെന്നു പറയാതെ നിവൃത്തിയില്ല; അതു വളരെ വ്യക്തവും സൂക്ഷ്മവും നയനാനന്ദകരവുമാണ്; പ്രൗഢോജ്വലം തന്നെ!
യു.എസ്.എ.യിലെ ടെക്സാസിൽനിന്നുള്ള എച്ച്.ഡബ്ലിയു. ഡബ്ലിയു. എഴുതി: “ഈ പുസ്തകം വളരെ രസകരവും ഹൃദയാകർഷകവും ആണ്, എനിക്ക് അതു താഴെ വെക്കാൻതന്നെ കഴിഞ്ഞില്ല. ഞാൻ രാവേറെ ചെല്ലുവോളം അതു വായിച്ചുകൊണ്ടിരുന്നു. രചനാമേൻമ അത്യുൽകൃഷ്ടമാണ്. ഈ പുസ്തകം മററുള്ള ആളുകളുടെ വിശ്വാസങ്ങളെ ഒരു ന്യായയുക്തവും ആദരപൂർണ്ണവുമായ വിധത്തിൽ ചർച്ച ചെയ്യുന്നു, അതേസമയം അവരെ സത്യദൈവമായ യഹോവക്കായുള്ള തങ്ങളുടെ അന്വേഷണം തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും ആരോ നിങ്ങളുടെ സമീപമിരുന്ന് ഒരു സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നതുപോലെ വളരെ വ്യക്തിഗതമായ ഒരു വിധത്തിൽ വാക്കുകൾ കടന്നുവരുന്നു.”
പനാമയിൽനിന്നുള്ള ദമ്പതികളായ ജി.യും എസ്സ്.ഉം പറഞ്ഞു: “സ്പാനിഷ് സംസാരിക്കുന്ന ആളുകൾ ഈ പുസ്തകം അനായാസം സ്വീകരിക്കുന്നു. അവർ ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും കളർ ഫോട്ടോകൾ കണ്ട് പുളകിതരാകുന്നു.”
യു.എസ്സ്. നാവികസേനയിലെ ഒരു നാവികനായ ഡി.എം. എഴുതി: “ഞാൻ ഒരു ദിവസം, ‘താങ്കൾക്ക് ഒരു ആത്മീയ ഗ്രന്ഥം വേണോ’ എന്നു ചോദിച്ച ഒരു സ്ത്രീയെ കണ്ടുമുട്ടി. അത് ഏതുതരം പുസ്തകമാണ് എന്നറിയാതെ ‘വേണം’ എന്നു ഞാൻ ഉത്തരം പറഞ്ഞു. അത് ഞാൻ കുറച്ചുകാലമായി അന്വേഷിച്ചുകൊണ്ടേയിരുന്ന പുസ്തകത്തിൽ എന്നെ കൊണ്ടെത്തിച്ചുവെന്നത് എന്നെ ആശ്ചര്യപ്പെടുത്തി.”
ഒരു അമേരിക്കൻ സർവകലാശാലയിൽ ലോകമതങ്ങളെപ്പററി പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു പ്രൊഫസ്സർ എഴുതി: “വിവിധമതങ്ങളുടെ കേന്ദ്ര ഉപദേശങ്ങൾ വിശദീകരിക്കുന്നതിലുള്ള സാർവത്രികമായ കൃത്യതയും ആശയപ്രകാശനത്തിന്റെ കാര്യമാത്രപ്രസക്തമായ സ്പഷ്ടതയും ഹൃദയഹാരിയായിരിക്കുന്നു. ഈ മണ്ഡലത്തിലെ പ്രാമാണികരായ അസംഖ്യം എഴുത്തുകാരെ ഉദ്ധരിച്ചിരിക്കുന്നതിനാൽ സമകാലീന വിജ്ഞാനീയതയെയും പ്രയോഗത്തെയും സംബന്ധിച്ച ഗ്രന്ഥകർത്താവിന്റെ അവബോധം വ്യക്തമാകുന്നു. ഇവിടെ യാതൊരു ഗുപ്തലക്ഷ്യങ്ങളുമില്ലാത്ത, തികഞ്ഞ സത്യസന്ധത പുലർത്തപ്പെടുന്നു.”
ജപ്പാനിലെ നഗോയാ നഗരത്തിൽനിന്നുള്ള ഒരു കൊച്ചുപെൺകുട്ടിയായ എൻ.വൈ. എഴുതി: “എനിക്ക് 12 വയസ്സുണ്ട്. ഞാൻ സ്കൂളിൽ ചരിത്രം പഠിക്കുന്നു. ഈ പുസ്തകം ജപ്പാന്റെ മതങ്ങളെ വിശദമായി കൈകാര്യം ചെയ്യുന്നു. കൂടാതെ ഞാൻ 4-ാം അദ്ധ്യായത്തിലെ ‘മന്ത്രവാദവും ആത്മവിദ്യയും’ എന്നതും 15-ാം അദ്ധ്യായത്തിലെ ‘സത്യദൈവത്തിലേക്കുള്ള മടക്കയാത്ര’ എന്നതും വായിക്കുന്നത് ആസ്വദിച്ചു.”
അർജൻറീന, കൊളംബിയ, ഇംഗ്ലണ്ട്, പ്യൂർട്ടോറിക്കോ, സ്പെയിൻ എന്നിവിടങ്ങളിൽനിന്നും അതുപോലെ മററു രാജ്യങ്ങളിൽനിന്നും വിലമതിപ്പിന്റെ മററനേകം കത്തുകൾ ലഭിച്ചുകൊണ്ടേയിരിക്കുകയാണ്. ഇപ്പോൾ 26 ഭാഷകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ദൈവത്തിനായുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം എന്ന പുസ്തകത്തിന്റെ ഒരു പ്രതി ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ 5-ാം പുറം കാണുക. (g91 7/8)