“സകലമനുഷ്യ”രോടും സാക്ഷീകരിക്കൽ
1 സാമൂഹികമോ മതപരമോ ആയി വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ കണ്ടുമുട്ടുമ്പോൾ, “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ആണ് യഹോവയുടെ ഇഷ്ടം എന്നു നാം ഓർക്കുന്നു. (1 തിമൊ. 2:4) പ്രത്യേകം തയ്യാറാക്കിയ ധാരാളം ലഘുലേഖകൾക്കും ലഘുപത്രികകൾക്കും പുറമേ, ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള സത്യം പഠിപ്പിക്കാത്ത മതങ്ങളിൽ നിന്നുള്ളവർക്കു സഹായമേകാനായി ഏതൊരു സമയത്തും ഉപയോഗിക്കാൻ കഴിയുന്ന രണ്ടു മികച്ച പ്രസിദ്ധീകരണങ്ങൾ നമുക്കുണ്ട്.
2 യേശുക്രിസ്തുവിന്റെ ജീവിതം വിശേഷവത്കരിക്കുന്നതിലൂടെ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം, ഒന്നാം നൂറ്റാണ്ടിലെ അനേകരെപ്പോലെ, ദൈവപുത്രനുമായി കൂടുതൽ പരിചിതനാകാനും അവനിലേക്ക് ആകർഷിതനാകാനും ഒരുവനെ സഹായിക്കുന്നു. (യോഹ. 12:32) നിത്യജീവന്റെ പ്രത്യാശയും വളരെ ആകർഷകമാണ്. അത്ഭുതകരമായ ഈ പ്രത്യാശയുമായി പരിചിതരാകാൻ ഓരോ വ്യക്തിയെയും സഹായിക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം. മഹാനായ മനുഷ്യൻ പുസ്തകവും എന്നേക്കും ജീവിക്കാൻ പുസ്തകവും കുറഞ്ഞ വിലയ്ക്കു സമർപ്പിക്കാവുന്നതാണ്. ഉചിതമായിരിക്കുന്നിടത്ത്, ഈ പുസ്തകങ്ങൾ പരിചയപ്പെടുത്താനായി പിൻവരുന്ന നിർദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്.
3 “മഹാനായ മനുഷ്യൻ” പുസ്തകം ഉപയോഗിക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്ന പക്ഷം, ഇപ്രകാരം ചോദിക്കാവുന്നതാണ്:
◼ “യേശുക്രിസ്തുവിനെ കുറിച്ച് ചിന്തിക്കുമ്പോൾ താങ്കളുടെ മനസ്സിലേക്കു വരുന്നത് എന്താണ്? [പ്രതികരണത്തിന് അനുവദിക്കുക.] ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനാണ് യേശുവെന്ന് നിരവധി ചരിത്രകാരന്മാർ അംഗീകരിക്കുന്നു. [മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ മുഖവുരയിൽ നിന്നുള്ള ഒരു ഉദാഹരണം ഉദ്ധരിക്കുക.] യേശുവിന്റെ ജീവിതം നമുക്ക് അനുകരിക്കാനുള്ള ഒരു മാതൃകയാണെന്ന് ബൈബിൾ പ്രകടമാക്കുന്നു.” 1 പത്രൊസ് 2:21-ഉം മഹാനായ മനുഷ്യൻ പുസ്തകത്തിലെ മുഖവുരയുടെ അവസാന പേജിലുള്ള ആദ്യ ഖണ്ഡികയും വായിക്കുക. യേശുവിനെ കുറിച്ചു പഠിക്കുന്നതിൽ വീട്ടുകാരനു താത്പര്യമുണ്ടെങ്കിൽ, ആ പുസ്തകം സമർപ്പിക്കുക. അവിടെനിന്നു യാത്ര ചോദിക്കുന്നതിനു മുമ്പായി യോഹന്നാൻ 17:3 വായിച്ചിട്ട് “നിത്യജീവനിലേക്കു നയിക്കുന്ന ഈ പരിജ്ഞാനം നമുക്ക് എങ്ങനെ നേടാനാകും?” എന്നു ചോദിക്കുക. ഉത്തരം കൊടുക്കാനായി മടക്കസന്ദർശനം നടത്താനുള്ള കൃത്യമായ ഏർപ്പാടുകൾ ചെയ്യുക.
4 ജീവദായകമായ പരിജ്ഞാനം എപ്രകാരം നേടാമെന്ന് വിശദീകരിക്കാനായി മടങ്ങിച്ചെല്ലുമ്പോൾ ഇങ്ങനെ പറയാവുന്നതാണ്:
◼ “നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എങ്ങനെ നേടാനാകുമെന്ന് വ്യക്തമാക്കാനായി മടങ്ങിവരാമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ.” പരിജ്ഞാനം പുസ്തകം സമർപ്പിച്ചിട്ട് അതിലെ ആദ്യത്തെ അധ്യായം ഉപയോഗിച്ച് ഒരു അധ്യയനം പ്രകടിപ്പിച്ചു കാണിക്കുക.
5 “നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും” എന്ന പുസ്തകം സമർപ്പിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഇങ്ങനെ പറയാവുന്നതാണ്:
◼ “എന്നേക്കുമുള്ള ജീവിതം വെറുമൊരു സ്വപ്നമാണെന്നാണോ താങ്കൾ കരുതുന്നത്?” അഭിപ്രായം ശ്രദ്ധിച്ചശേഷം എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 7-ാം പേജ് എടുക്കുക. 4-ാം ഖണ്ഡികയിലെ ആശയങ്ങൾ വിശേഷവത്കരിക്കുക. എന്നിട്ട്, ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ എന്നേക്കും ജീവിക്കുന്നത് അഭികാമ്യമായിരിക്കും എന്നതിനോടു യോജിക്കുന്നുണ്ടോ എന്നു വീട്ടുകാരനോടു ചോദിക്കുക. തുടർന്ന് 8, 9 പേജുകളിലെ ചിത്രവും 11-13 പേജുകളിലെ ചിത്രങ്ങളും വിപരീത താരതമ്യം നടത്തുക. 13-ാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളിൽ ഒരെണ്ണം എടുത്തു നോക്കുക. നല്ല താത്പര്യം പ്രകടിപ്പിക്കുന്നെങ്കിൽ പുസ്തകം സമർപ്പിക്കുക. “എന്നേക്കുമുള്ള ജീവിതത്തിന്റെ പ്രത്യാശ താങ്കളെ സംബന്ധിച്ചിടത്തോളം യാഥാർഥ്യമാകുന്നതു കാണാൻ എന്തു ചെയ്യണമെന്നാണ് താങ്കൾ കരുതുന്നത്?” എന്ന് പോരുമ്പോൾ ചോദിക്കുക. ഉത്തരം കൊടുക്കാനായി മടക്കസന്ദർശനത്തിനു ക്രമീകരണം ചെയ്യുക.
6 എന്നേക്കുമുള്ള ജീവിതം എപ്രകാരം ഒരു യാഥാർഥ്യമായിത്തീരും എന്ന് വിശദീകരിക്കാൻ മടങ്ങിച്ചെല്ലുമ്പോൾ, നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്:
◼ കഴിഞ്ഞ പ്രാവശ്യം പോകുന്നതിനു മുമ്പായി ഞാനൊരു ചോദ്യം ചോദിച്ചിരുന്നത് താങ്കൾ ഓർക്കുന്നുണ്ടായിരിക്കും, “എന്നേക്കുമുള്ള ജീവിതത്തിന്റെ പ്രത്യാശ താങ്കളെ സംബന്ധിച്ചിടത്തോളം യാഥാർഥ്യമാകുന്നതു കാണാൻ എന്തു ചെയ്യണമെന്നാണ് താങ്കൾ കരുതുന്നത്?” [പ്രതികരിക്കാൻ അനുവദിക്കുക.] എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 15-ാം പേജ് തുറന്നിട്ട്, 19-ാം ഖണ്ഡികയിൽ ഉദ്ധരിച്ചിരിക്കുന്ന യോഹന്നാൻ 17:3 വായിക്കുക. അദ്ദേഹത്തിനും കുടുംബത്തിനും ഈ പ്രത്യേകതരം പരിജ്ഞാനം ലഭ്യമാണെന്നും അദ്ദേഹത്തിനു സൗകര്യപ്രദമായ ഒരു സമയത്ത് ക്രമമായി മടങ്ങിച്ചെല്ലാൻ നിങ്ങൾക്കു സന്തോഷമുണ്ടെന്നും പറയുക. വീട്ടുകാരനെ ക്രമമായി സന്ദർശിക്കാൻ തുടങ്ങി അധികം താമസിയാതെ ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ അയാൾക്കു പരിചയപ്പെടുത്താവുന്നതാണ്.
7 സംഭാഷണം തുടങ്ങുന്നതിനുള്ള നുറുങ്ങുകൾ: പ്രഥമ സന്ദർശനത്തിലോ മടക്കസന്ദർശനത്തിലോ സംഭാഷണം തുടങ്ങുന്നതിനായി ഉപയോഗിക്കാവുന്ന നിരവധി പഠിപ്പിക്കൽ സഹായങ്ങൾ എന്നേക്കും ജീവിക്കാൻ പുസ്തകത്തിലുണ്ട്. അനുയോജ്യമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് നിങ്ങൾക്കു സംഭാഷണം തുടങ്ങാനാകും. ഉദാഹരണത്തിന്, പിൻവരുന്ന ചോദ്യങ്ങളും അവയ്ക്ക് ഉത്തരം നൽകുന്ന അധ്യായങ്ങളും ശ്രദ്ധിക്കുക:
ദൈവം—അവൻ ആരാകുന്നു (4)
ബൈബിൾ യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ളതാണോ? (5)
മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? (8)
ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്? (11)
സ്വർഗത്തിൽ പോകുന്നതാര്, എന്തിന്? (14)
നാം പത്തു കല്പനകളിൻ കീഴിലാണോ? (24)
8 എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെ തിരഞ്ഞെടുത്ത പേജോ പേജുകളോ എടുത്തിട്ട് അവിടെ ചർച്ച ചെയ്തിരിക്കുന്ന ആശയം വിശദീകരിക്കാവുന്നതാണ്. തുടർന്ന്, ആവശ്യം ലഘുപത്രികയിൽ നിന്നോ പരിജ്ഞാനം പുസ്തകത്തിൽ നിന്നോ ഉത്തരം കൊടുക്കാവുന്ന ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചുകൊണ്ട് മടക്കസന്ദർശനം ക്രമീകരിക്കുക. വീട്ടുകാരനെ പരസ്യ യോഗത്തിന് ക്ഷണിക്കാനും അദ്ദേഹത്തിന് നോട്ടീസ് നൽകാനും മറക്കരുത്. മേൽപ്രസ്താവിച്ച പുസ്തകങ്ങൾക്കുള്ള സംഭാവന അവ നിർമിക്കാൻ ചെലവഴിച്ച തുകയെക്കാൾ കുറവാണെന്ന് സൂചിപ്പിക്കുക. നമ്മുടെ മുഴു വേലയും സ്വമേധയാ സംഭാവനകളാലാണ് പിന്താങ്ങപ്പെടുന്നതെന്നും പറയുക.
9 പരമാർഥ ഹൃദയരായ എല്ലാത്തരം ആളുകളും ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുള്ള സത്യത്തിനായി പരതുകയാണ്. ഭൂമിയിൽ ഒരു പറുദീസയിൽ എന്നേക്കും ജീവിക്കുക എന്ന ആശയം അനേകരെയും അത്ഭുതപരതന്ത്രരാക്കുന്നു. സാക്ഷീകരണ വേലയിലൂടെ അത്തരത്തിലുള്ള എല്ലാവരെയും നമുക്കു സഹായിക്കാം. ആയതിനാൽ, ‘സകലമനുഷ്യരുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ച് അദ്ധ്വാനിക്കുന്നതിലും പോരാടുന്നതിലും’ നമുക്കു തുടരാം.—1 തിമൊ. 4:10.