കോപത്തിന്റെ ഉയർന്ന വില
നിങ്ങൾ കോപപ്രവണതയുള്ള, ഏററവും ചെറിയ പ്രകോപനത്തിൽപോലും ക്രുദ്ധിച്ച് പൊട്ടിത്തെറിക്കുന്ന, ആളാണോ? ആരെങ്കിലും നിങ്ങളെ നിന്ദിക്കുമ്പോൾ ആഴത്തിൽ വ്രണിതമായ ഒരു ആത്മാവിനെ താലോലിച്ചുകൊണ്ട് നിങ്ങൾ ആന്തരികപ്രക്ഷുബ്ധതയുടെയും കോപത്തിന്റെയും ഒരവസ്ഥയിൽ ദിവസങ്ങളോളം തുടരുന്നുവോ? അങ്ങനെയെങ്കിൽ, നിങ്ങൾ ചുററുപാടുമുള്ളവരെ അകററുന്നതിനേക്കാൾ അധികം ചെയ്യുകയായിരിക്കും; നിങ്ങൾ കോപത്താൽ നിങ്ങളെത്തന്നെ കൊല്ലുകയായിരിക്കും.
കോപത്തിന് മാരകമായിരിക്കാൻ കഴിയുമോ? ദ ന്യയോർക്ക് ടൈംസ് ന്യൂസ് സർവീസിൽനിന്ന് ഈയിടെയുള്ള ഒരു റിപ്പോർട്ട് പറയുന്നതനുസരിച്ച്, സാദ്ധ്യത ഒട്ടുംതന്നെ കുറവല്ല. ഉദാഹരണത്തിന്, “തുടരെയുള്ള കോപം അകാലമരണത്തിന്റെ ശക്തമായ ഒരു അപായഘടകം എന്ന നിലയിൽ പുകവലിയുടെയും പൊണ്ണത്തടിയുടെയും നിരന്തരമായ കൊഴുപ്പുതീററിയുടെയും അതേ അളവിൽ, അല്ലെങ്കിൽ അതിലും അധികം ശരീരത്തിന് ദ്രോഹകരമാണ്” എന്ന് ആ റിപ്പോർട്ട് ഉറപ്പിച്ചുപറയുന്നു.
തെളിവായി, ആ റിപ്പോർട്ട് നിരവധി ശാസ്ത്രീയ പഠനങ്ങളെ പരാമർശിക്കുന്നു. അവയിലൊന്നിൽ, 25 വയസ്സുള്ള കുറെ സർവകലാശാലാ വിദ്യാർത്ഥികൾക്ക് വിവിധങ്ങളായ അനുദിന സാഹചര്യങ്ങളിൽ അവർക്ക് തോന്നിയ പകയുടെ അളവ് അളക്കുന്നതിന് സ്വഭാവ പരിശോധനകൾ നടത്തപ്പെട്ടു. ഗവേഷകർ 25 വർഷം കഴിഞ്ഞ് ഈ വിദ്യാർത്ഥികളെ വീണ്ടും പഠിച്ചു. പക ഏററവും കുറഞ്ഞവർക്ക് മരണനിരക്കും വളരെ കുറവായിരുന്നു. അവരിൽ 4 ശതമാനം മാത്രമേ 50 വയസ്സായപ്പോഴേക്കും മരിച്ചുപോയുള്ളു. എന്നാൽ പക കൂടിയവർ അത്രത്തോളം പിടിച്ചുനിന്നില്ല—20 ശതമാനം മരിച്ചുപോയിരുന്നു! ചെറുപ്രായത്തിൽ ഏററവും അധികം പകയുണ്ടായിരുന്നവർക്ക് പിൽക്കാല ജീവിതത്തിൽ ഹാനികരമായ കൊളസ്ട്രോളിന്റെ വളരെ ഉയർന്ന അളവുണ്ടായിരുന്നതായി മറെറാരു പഠനം കണ്ടെത്തി, അവരെ കൂടിയ ഒരു ഹൃദ്രോഗ അപകടത്തിൽ ആക്കിക്കൊണ്ടുതന്നെ.
തങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വസ്തുനിഷ്ഠമായ വഴികൾ കണ്ടെത്തുന്നതിനുപകരം മനസ്സിൽ ഒതുക്കിയ ക്രോധംകൊണ്ട് തിളച്ചുമറിയുന്നവരെ സംബന്ധിച്ചെന്ത്? മിഷിഗൻ സർവകലാശാലയിലെ ഒരു സാക്രമികരോഗ ശാസ്ത്രജ്ഞയായ ഡോ. മാരാ ജൂലിയസ് 18 വർഷക്കാലം ഒരു സംഘം സ്ത്രീകളിൽ സർവ്വെ നടത്തി. തുടരെത്തുടരെ അടിച്ചമർത്തിയ പകയുടെ സ്പഷ്ടമായ ലക്ഷണങ്ങൾ പ്രകടമാക്കിയവർക്ക് അത്തരം കോപം വെച്ചുപുലർത്താഞ്ഞവരേക്കാൾ മൂന്നുമടങ്ങോളം ഉയർന്ന മരണനിരക്കുണ്ടായിരുന്നുവെന്ന് അവർ കണ്ടെത്തി. അവർ ഇപ്രകാരം നിഗമനം ചെയ്യുന്നു: “പല സ്ത്രീകളുടെ കാര്യത്തിലും, അടിച്ചമർത്തിയ സ്ഥിരമായ കോപം നേരത്തേയുള്ള മരണത്തിന്റെ കാര്യത്തിൽ പുകവലിയേക്കാൾ ശക്തമായ ഒരു അപകടഘടകമാണെന്നു തോന്നുന്നു.”
അത്തരത്തിലുള്ള ഏതെങ്കിലും ശാസ്ത്രീയ പഠനങ്ങൾക്ക് ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ബൈബിൾ കോപത്തിനെതിരെ മുന്നറിയിപ്പു നൽകി. “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്” എന്ന് ഒരു വാക്യം പറയുന്നു. (എഫേസ്യർ 4:26) “കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്ക” എന്ന് മറെറാന്നു ബുദ്ധ്യുപദേശിക്കുന്നു. (സങ്കീർത്തനം 37:8) അതിലും ശ്രദ്ധേയമായി, പിൻവരുന്ന പ്രകാരം പറയുമളവിൽ ബൈബിൾ നമ്മുടെ വൈകാരിക അവസ്ഥയും ശാരീരിക ആരോഗ്യവും തമ്മിലുള്ള ബന്ധത്തിലേക്ക് ശ്രദ്ധയാകർഷിക്കുന്നു: “ശാന്തമനസ്സു ദേഹത്തിനു ജീവൻ.”—സദൃശവാക്യങ്ങൾ 14:30. (g91 7/22)
[14-ാം പേജിലെ ചിത്രം]
ശവസംസ്ക്കാരം ചെയ്യുന്നയാൾ ഒരു കോപിഷ്ഠനെ കാണുന്നു, സന്തോഷപൂർവ്വം ഒരു “കോള്” പ്രതീക്ഷിക്കുന്നു