നിങ്ങളുടെ വിജ്ഞാനമേഖല വിശാലമാക്കാൻ വായിക്കുക
നിങ്ങൾ വിദൂരസ്ഥലങ്ങളിലേക്ക് യാത്രചെയ്യാനും വ്യത്യസ്തസംസ്ക്കാരങ്ങളുള്ള ആളുകളെ പരിചയപ്പെടാനും ഭയാവഹങ്ങളായ വെള്ളച്ചാട്ടങ്ങളും പ്രൗഢ ഗംഭീരങ്ങളായ പർവ്വതങ്ങളും നിഗൂഢങ്ങളായ വനങ്ങളും പോലുള്ള പ്രകൃതിയിലെ അത്ഭുതങ്ങൾ കാണാനും പരിശോധിക്കാനും അതുപോലെ വിചിത്രങ്ങളായ പക്ഷികൾ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാനും എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? അല്ലെങ്കിൽ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടുപോകാൻ, ബാഹ്യാകാശത്തിലേക്ക് പറന്നുയരാൻ, അതിസൂക്ഷ്മജീവികളുടെ ലോകത്തിലേക്ക് എത്തിനോക്കാൻ, തലച്ചോറിന്റെയും കണ്ണിന്റെയും ഹൃദയത്തിന്റെയും അത്ഭുതങ്ങളെക്കുറിച്ച് പഠിക്കാൻ, അഥവാ ജനനത്തിന്റെ അത്ഭുതത്തിനു സാക്ഷ്യം വഹിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? ഒരുപക്ഷേ ഘടികാരത്തെ പുറകോട്ടുതിരിച്ച് ചരിത്രത്തിലൂടെയും പുരാവസ്തുശാസ്ത്രത്തിലൂടെയും ഭൂതകാലത്തിലേക്ക് ചുഴിഞ്ഞുനോക്കാൻ പോലും?
ആവേശകരമായ ഇത്തരം സാഹസങ്ങളെല്ലാം അച്ചടിച്ച താളുകളിലൂടെ നിങ്ങൾക്കു മുമ്പിൽ തുറന്നുകിട്ടുന്നു. എല്ലാ മേഖലകളിൽനിന്നുമുള്ള വിവരങ്ങളുടെ ഒരു സംഭരണിയായ പുസ്തകങ്ങളും മററു പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിലൂടെ നിങ്ങളുടെ ഭവനത്തിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചുപോകാതെതന്നെ ഇവയെല്ലാം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. ബൈബിൾ പറയുന്നതുപോലെ “പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല.” (സഭാപ്രസംഗി 12:12) ഈ സംഭരണിയിൽനിന്ന് യഥേഷ്ടം കോരിയെടുക്കാൻ നല്ല വായന നിങ്ങളെ പ്രാപ്തരാക്കും.
തരണം ചെയ്യുന്നത് മൂല്യവത്തായ ഒരു പ്രതിബന്ധം
സങ്കടകരമെന്നു പറയട്ടെ, ലോകവ്യാപകമായി 15 വയസ്സിനു മുകളിൽ പ്രായമുള്ള 80 കോടി ആളുകൾക്ക് എഴുതാനും വായിക്കാനും അറിയില്ല. പഠിക്കുന്നതിനും ആശയവിനിയമം നടത്തുന്നതിനുമുള്ള അവരുടെ പ്രാപ്തിയെ ഇത് അങ്ങേയററം പരിമിതപ്പെടുത്തുന്നു. അത് അവരുടെ ചിന്താപ്രാപ്തിയെ അടിച്ചമർത്തുകയും അവരെ വായിക്കാനറിയാവുന്നവരുടെ ആശ്രിതരാക്കുകയും ചെയ്യുന്നു, അങ്ങനെ അവരെ ചൂഷണത്തിനോ കൃത്രിമത്തിനോ ഇരയാകുന്നതിനുള്ള ഒരു അപകടസാദ്ധ്യതയിൽ ആക്കിക്കൊണ്ടുതന്നെ.
നിരക്ഷരരായവർക്ക് അടിസ്ഥാന ദൈനംദിന പ്രവർത്തനങ്ങൾപോലും കെണികളായിത്തീർന്നേക്കാം. ദൃഷ്ടാന്തത്തിന്, ഒരുവന് തെരുവിലെ ചിഹ്നങ്ങളും ബസ്സ്ററാൻറുകളിലെയും റെയിൽവേ സ്റേറഷനുകളിലെയും വിമാനത്താവളങ്ങളിലെയും നിർദ്ദേശങ്ങളും വായിക്കാൻ കഴിയുന്നില്ലെങ്കിൽ യാത്ര കുറഞ്ഞപക്ഷം കുഴക്കുന്നതായിരിക്കും. വ്യക്തിപരമായ കത്തുകളും രേഖകളും വായിക്കുന്നതിനും എഴുതുന്നുതിനും അല്ലെങ്കിൽ ലളിതമായ ഫോറങ്ങൾ പൂരിപ്പിക്കുന്നതിനു പോലും മററാരോടെങ്കിലും ആവശ്യപ്പെടേണ്ടതായി വരുന്നതിന്റെ അസൗകര്യവും ക്ലേശവും ഉണ്ട്. ഭക്ഷണമോ മരുന്നോ സംബന്ധിച്ച നിർദ്ദേശങ്ങൾ വായിക്കാൻ കഴിയാത്ത അമ്മമാർ തങ്ങളുടെ കുട്ടികൾക്ക് അവരെ ദ്രോഹിച്ചേക്കാവുന്ന വസ്തുക്കൾ നൽകുന്നതിനുള്ള അപകടസാദ്ധ്യതയിൻ കീഴിലുമാണ്.
വ്യക്തമായും, നിരക്ഷരത വളരെ വലിയൊരു പ്രതിബന്ധംതന്നെയാണ്. എങ്കിലും അൽപം സഹായം ലഭിക്കുന്നതിലൂടെ അതിനെ തരണംചെയ്യാൻ കഴിയും. സാഹചര്യം മാർത്തയുടെ സംഗതിയിലേതിനോട് ഏറെ സമാനമാണ്. അവൾ 70-ാം വയസ്സിൽ 20 വർഷത്തിലധികം അന്ധത അനുഭവിച്ചുകഴിഞ്ഞിരുന്നു. ഇപ്പോൾ അവൾക്ക് വെളിച്ചത്തിന്റെയും നിറത്തിന്റെയും ലോകം എങ്ങനെ കാണപ്പെട്ടിരുന്നുവെന്നതിന്റെ ഓർമ്മകൾ മാത്രമാണുണ്ടായിരുന്നത്. അങ്ങനെയിരിക്കെ ഒരു ഡോക്ടർ ഒരു ശസ്ത്രക്രിയ നടത്തി. ഇത് കാഴ്ചയുടെ വിസ്മയാവഹമായ ലോകത്തെ അവൾക്കായി വീണ്ടും തുറന്നുകൊടുത്തു—ഒപ്പം വായനയുടെ അനുഗ്രഹങ്ങളും. ഇപ്പോൾ 70 വയസ്സുള്ള കാലു എന്ന മറെറാരു വ്യക്തിയുണ്ട്. യുവാവായിരുന്നപ്പോൾ അച്ചടിച്ച താളുകളോട് അയാൾ “അന്ധ”നായിരുന്നു—അയാൾക്ക് വായിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ അയാൾ ഒരു സാക്ഷരതാ ക്ലാസ്സിൽ പേർ ചാർത്തി. ഇപ്പോൾ അയാൾ മൂന്നു ഭാഷകൾ വായിക്കുകയും എഴുതുകയും ചെയ്യുന്നു.
മാർത്തയെപ്പോലുള്ളവർ വളരെ ചുരുക്കമായിരിക്കാം. എന്നാൽ കാലുവിനെപ്പോലെ വായിക്കാൻ അഭ്യസിച്ചുകൊണ്ട് തങ്ങളുടെ പ്രതിബന്ധത്തെ തരണം ചെയ്തിട്ടുള്ള ആയിരങ്ങളുണ്ട്. സുനിശ്ചിതമായും അത് ഒററ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. അതിന് സമയവും ശ്രമവും ആവശ്യമാണ്, എല്ലാററിനുമുപരി, ഒരു വലിയ അളവിൽ പ്രോൽസാഹനവും സഹായവും വേണം. നിങ്ങൾക്ക് ആരെയെങ്കിലും സഹായിക്കാൻ കഴിയുമോ? കാലുവിനെ സഹായിച്ചതുപോലുള്ള സാക്ഷരതാക്ലാസ്സുകൾ യഹോവയുടെ സാക്ഷികൾ അനേകം രാജ്യങ്ങളിൽ നടത്തുന്നു, സാക്ഷികൾക്കിടയിലെ ഉയർന്ന സാക്ഷരതാനിരക്കിന് ഇത് സംഭാവന ചെയ്തിട്ടുമുണ്ട്. ദൃഷ്ടാന്തത്തിന്, നൈജീരിയായിൽ യഹോവയുടെ സാക്ഷികൾക്കിടയിലെ സാക്ഷരതാനിരക്ക് പൊതുജനങ്ങളുടെ സാക്ഷരതാനിരക്കിന്റെ രണ്ടുമടങ്ങിലധികമാണ്.
ഒരു മെച്ചപ്പെട്ട വായനക്കാരനായിത്തീരുക
ഒരുപക്ഷേ, നിങ്ങൾക്ക് നിരക്ഷരതയുടെ യാതൊരു പ്രശ്നവും ഇല്ലായിരിക്കാം. എന്നാൽ നിങ്ങൾ എത്ര നല്ല ഒരു വായനക്കാരനാണ്? നിങ്ങൾ കഷ്ടപ്പെട്ട് വായിക്കുകയും പ്രത്യാവർത്തനം നടത്തുകയും ചെയ്യുന്നുണ്ടായിരിക്കാം, അതായത് ഒരു വരിയുടെ അഥവാ വാചകത്തിന്റെ പകുതിവെച്ചു നിർത്തുകയും അതു വീണ്ടും വായിക്കുന്നതിന് മടങ്ങിപ്പോകുകയും ചെയ്യുന്ന പതിവുണ്ടായിരിക്കാം. അതുമല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ വാക്കുകൾ തെററായി ഉച്ചരിക്കുകയോ അവയുടെ അർത്ഥം ഗ്രഹിക്കുന്നതിൽ നിങ്ങൾക്ക് പ്രയാസം അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടാവാം. ഈ പ്രശ്നങ്ങളെ തരണംചെയ്യാൻ കഴിയുമോ?
പതിമൂന്നുവയസ്സുകാരിയായ ബാട്രെസ്സിന് വാക്കുകളോട് ആശയങ്ങളെ ബന്ധപ്പെടുത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ഉച്ചാരണത്തിൽ അവൾക്ക് പ്രയാസം അനുഭവപ്പെട്ടിരുന്നു. അവൾ “വ്യക്തി”യെ “ആൾ” എന്നും “കെട്ടിട”ത്തെ “വീട്” എന്നും വായിക്കുമായിരുന്നു. ഒരാൾ അവളെ പദങ്ങളുടെ സ്വരശാസ്ത്രവും—സ്വരാക്ഷരങ്ങളുടെയും വ്യജ്ഞനങ്ങളുടെയും ശബ്ദങ്ങൾ സംയോജിച്ച് മററു ശബ്ദങ്ങൾ ഉണ്ടാകുന്നതെങ്ങനെയെന്ന്—ഏകസ്വര അക്ഷരഗണങ്ങളായി തിരിച്ച് പദങ്ങൾ ഉച്ചരിക്കുന്ന രീതിയും പഠിപ്പിച്ചു. എന്റെ ബൈബിൾ കഥാപുസ്തകത്തിന്റെ റെക്കോർഡിങ്ങ് ശ്രദ്ധിച്ചുകൊണ്ട് ആ പുസ്തകം വായിക്കാനും അദ്ദേഹം അവളെ പ്രോൽസാഹിപ്പിച്ചു.a വാക്കുകളും അവയുടെ ഉച്ചാരണവും സംബന്ധിച്ച അവളുടെ ഗ്രാഹ്യം വർദ്ധിച്ചു, വായനയിൽ അവളിന്ന് വലിയ ഉല്ലാസം കണ്ടെത്തുകയും ചെയ്യുന്നു.
നിങ്ങൾക്കും ഒരുപക്ഷേ സ്വരശാസ്ത്രം ഉപയോഗിക്കുന്ന രീതിയിൽ പുരോഗമിക്കേണ്ടതുണ്ടായിരിക്കാം. നിങ്ങൾ ഈ ലേഖനം വായിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇപ്പോൾത്തന്നെ നിങ്ങൾക്ക് ഏകസ്വരാക്ഷരഗണം എന്താണെന്ന് അറിയാം. ഉച്ചാരണപരിശീലനത്തിൽ ഈ അറിവ് പ്രയോഗത്തിൽ കൊണ്ടുവരിക. ഒരു വാക്കെടുക്കുക, ഏകസ്വരാക്ഷരഗണമായി അതിനെ വേർതിരിക്കുക. പിന്നീട് ഓരോ ഏകസ്വരാക്ഷരഗണവും ഉച്ചരിക്കുക. (ഉദാഹരണം: നി-രു-ൽസാ-ഹി-തൻ.) അതിനുശേഷം ആ പദത്തെ തിരികെ ഒന്നിച്ചുചേർക്കുകയും മുഴുവനായി ഉച്ചരിക്കുകയും ചെയ്യുക. മററുവാക്കുകൾ ഉപയോഗിച്ചും ഇങ്ങനെ ചെയ്ത് അഭ്യസിക്കുകയും അനന്തരം ഓരോ ഏകസ്വരാക്ഷരഗണവും വേർപെടുത്തിയെടുക്കാതെതന്നെ അവ വായിക്കാൻ ശ്രമിക്കുകയും ചെയ്യുക. യഥാർത്ഥത്തിൽ ഉച്ചരിക്കാതെതന്നെ മുഴു വാക്കുകളും തിരിച്ചറിയാൻ പഠിക്കുക.
നല്ല വായനക്കാർ വാക്കുകൾ പെറുക്കി വായിക്കുകയില്ല. അവർ പദസഞ്ചയങ്ങൾ മുഴുവനായി കാണുകയും ആശയക്കൂട്ടങ്ങളായി അഥവാ സമ്പൂർണ്ണ ആശയമായി പദങ്ങൾ ഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഓരോ വാക്കും നിർത്തി നോക്കുന്നതിനുപകരം ഓരോ നോട്ടത്തിലും അനേകം വാക്കുകൾ കാണാൻ ശ്രമിക്കുക. ഓരോ നോട്ടവും കണ്ണിന്റെ ബോധരഹിതമായ ഒരു നിറുത്ത്, ഒരു ക്ഷണികവീക്ഷണം ആയിരിക്കണം. പരിശീലനത്താൽ ഇതു ചെയ്യാൻ നിങ്ങൾ പ്രാപ്തരാകും. എന്നാൽ പ്രത്യാവർത്തനത്തിനുള്ള ഏതൊരു പ്രവണതക്കുമെതിരെ ജാഗ്രത പാലിക്കുക. വാചകങ്ങളുടെ ഭാഗങ്ങൾ വീണ്ടും വായിക്കുന്നതിനായി മടങ്ങിപ്പോകുന്നത് നിങ്ങളുടെ ചിന്തയുടെ ഒഴുക്കിനെ വിഘ്നപ്പെടുത്തുകയും ഗ്രഹണപ്രാപ്തിയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് നേരെ മുമ്പോട്ടുതന്നെ വായിച്ചു പരിശീലിക്കുക.
നിങ്ങൾക്ക് ഒഴുക്കോടെ വായിക്കാൻ കഴിയുമ്പോഴും ഒരു നല്ല വായനക്കാരൻ ആയിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മററു ഘടകങ്ങൾ ഉണ്ട്. ഗ്രഹണപ്രാപ്തി, ഓർമ്മിക്കാനുള്ള കഴിവ്, സമ്പന്നമായ ഒരു പദസഞ്ചയം—ഇവയെല്ലാം പിൻപററാൻ തക്ക മൂല്യമുള്ള ലക്ഷ്യങ്ങളാണ്. അവ എങ്ങനെ സമ്പാദിക്കാമെന്നുള്ളതിന്റെ ചില സൂചനകൾ ഇതോടൊപ്പമുള്ള ബോക്സിൽ കാണാവുന്നതാണ്. നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളെത്തന്നെ എന്തുകൊണ്ടൊന്ന് പരിശോധിച്ചുകൂടാ?
ഉചിതമായ വായനാ വിഭവങ്ങൾ തെരഞ്ഞെടുക്കുക
വായനാപ്രാപ്തി വർദ്ധിക്കുന്നതോടെ അറിവിന്റെ ഒരു ലോകം—അച്ചടിച്ച താളിലെ വിവരങ്ങളുടെ ഒരു സമ്പത്ത്—നിങ്ങൾക്ക് സുലഭമാകുന്നു. തീർച്ചയായും ഇവയിൽ ചിലത് നിങ്ങൾക്ക് ടി. വി-യിലൂടെയും വീഡിയോ ടേപ്പുകളിലൂടെയും ഗ്രഹിക്കാൻ കഴിയും, എന്നാൽ വായന നിങ്ങളുടെ ചിന്താപ്രക്രിയയെയും നിങ്ങളുടെ ഭാവനയെയും ആശയവിനിയമം നടത്തുന്നതിനുള്ള നിങ്ങളുടെ പ്രാപ്തിയെയും ഉദ്ദീപിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നു. ഓർമ്മിക്കാനും സംസാരിക്കാനും വ്യത്യസ്തവിഷയങ്ങളെ ആസ്പദമാക്കി വിവേകത്തോടെ എഴുതാനും വക നൽകിക്കൊണ്ട് അത് നിങ്ങൾക്ക് വാക്കുകളും മനച്ചിത്രങ്ങളും പ്രദാനം ചെയ്യുന്നു, നിങ്ങളെ സഹവസിക്കാൻ കൊള്ളാവുന്ന ഒരു ആകർഷണീയ വ്യക്തിയാക്കിത്തീർത്തുകൊണ്ടുതന്നെ.
എന്നിരുന്നാലും ചുഴിഞ്ഞുനോക്കാൻ ഇത്രയധികം വിഷയങ്ങളുണ്ടായിരിക്കെ നിങ്ങൾ എവിടെയാണ് ആരംഭിക്കുക? “പുസ്തകങ്ങൾ ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല” എന്നു പറയുന്ന ബൈബിൾ വാക്യം ഇങ്ങനെയും കൂടെ പറയുന്നു, “അധികം പഠിക്കുന്നത് ശരീരത്തിനു ക്ഷീണംതന്നെ.” (സഭാപ്രസംഗി 12:12) നിങ്ങൾക്ക് സകലതും വായിക്കാൻ കഴിയില്ല—സകലതും ആരോഗ്യാവഹവും സത്യസന്ധവും അല്ലതാനും. അതുകൊണ്ട് തെരഞ്ഞെടുക്കുന്നവർ ആയിരിക്കുക. നിങ്ങളുടെ വ്യക്തിത്വത്തെ മെച്ചമായി കരുപ്പിടിപ്പിക്കുന്നതും നിങ്ങളുടെ ജോലിയിൽ, സ്ക്കൂളിൽ, അല്ലെങ്കിൽ നിങ്ങളുടെ കുടുംബോത്തരവാദിത്തങ്ങൾക്കുവേണ്ടി കരുതുന്നതിൽ നിങ്ങളെ സഹായിക്കുന്നതുമായവ ഏതുവിധേനയും വായിക്കുക. ഉണരുക! പോലെയുള്ള അന്തർദ്ദേശീയ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ വിജ്ഞാനമേഖല അത്യധികം വിശാലമാക്കാൻ കഴിയും. ഏതാനും പേജുകളിൽ ലോകത്തിനു ചുററുംനിന്ന് ശേഖരിക്കപ്പെട്ട വിവരങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.
തെരഞ്ഞെടുപ്പ് നിങ്ങളുടെ വായനയെ ഉദ്ദേശ്യപൂർണ്ണമാക്കുകയും നിങ്ങൾക്ക് പ്രായോഗികവും ബുദ്ധിപരവും ആത്മീയവുമായ പ്രയോജനങ്ങൾ കൈവരുത്തുകയും ചെയ്യും. അതുകൊണ്ട് നല്ല തെരഞ്ഞെടുപ്പു നടത്തുക, വീട്ടിൽവെച്ചും നിങ്ങളുടെ ജോലിസ്ഥലത്തു ലഭിക്കുന്ന ഇടവേളകളിലും കാത്തുനിൽക്കുമ്പോഴും യാത്രചെയ്യുമ്പോഴും മററു സന്ദർഭങ്ങളിലും വായിക്കാൻ സമയം വിലക്കു വാങ്ങുക. വായിക്കുക—അത് നിങ്ങളുടെ വിജ്ഞാനമേഖലയെ വിശാലമാക്കും. (g91 7/22)
[അടിക്കുറിപ്പുകൾ]
a വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യയാൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
[29-ാം പേജിലെ ചതുരം]
ഗ്രഹണപ്രാപ്തി എങ്ങനെ മെച്ചപ്പെടുത്താം
● വായിക്കുമ്പോൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും നിഗമനങ്ങളിലെത്തിക്കൊണ്ടും സജീവമായി ചിന്തിക്കുക.
● ലേഖനത്തിന്റെ മുഖ്യ പ്രതിപാദ്യവിഷയവും ഉപശീർഷകങ്ങളുണ്ടെങ്കിൽ അതും മനസ്സിൽ പിടിക്കുക.
● ഓരോ ഖണ്ഡികയും മുഖ്യവിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാൻ ശ്രമിക്കുക.
● വിവരങ്ങൾ നിങ്ങൾക്ക് ഇപ്പോൾത്തന്നെ അറിയാവുന്നവയോട് ബന്ധിപ്പിക്കുക.
● വിവരങ്ങൾ നിങ്ങളുടെ ജീവിതത്തിനും അനുഭവങ്ങൾക്കും ബാധകമാക്കുക.
വിപുലമായ ഒരു പദസഞ്ചയം വളർത്തുക
● നിങ്ങൾ വായിക്കുമ്പോൾ അപരിചിതമായ പദങ്ങൾ അടയാളപ്പെടുത്തുക.
● അത്തരം വാക്കുകൾ ആ സന്ദർഭത്തിൽ എങ്ങനെ ഉപയോഗിക്കപ്പെട്ടിരിക്കുന്നുവെന്ന് ശ്രദ്ധിക്കുക.
● നിങ്ങൾ വായിക്കുമ്പോൾ വാക്കുകളുടെ അർത്ഥങ്ങൾക്കായി ഒരു നിഘണ്ടു നോക്കുക.
● വാക്കുകൾ ശരിയായി ഉച്ചരിക്കാൻ പഠിക്കുക.
● മററുള്ളവരുമായുള്ള സംഭാഷണങ്ങളിൽ പുതിയ വാക്കുകൾ ഉപയോഗിച്ചു ശീലിക്കുക.