വികലശേഖരം നിയന്ത്രണാതീതമാകുമ്പോൾ
നിങ്ങളുടെ വീട്ടിലെമ്പാടും നോക്കുക. വികലശേഖരത്താൽ നിങ്ങൾ ഞെരുക്കപ്പെട്ടിരിക്കുകയാണോ? നിങ്ങളുടെ സ്റേറാർമുറിയിലേക്ക് ആരെങ്കിലും എത്തിനോക്കുന്നപക്ഷം നിങ്ങൾ വിഷമത്തിലാകുമോ? നിങ്ങൾ വാങ്ങിച്ചുകൂട്ടിയ സാധനസാമഗ്രികളുടെ കൂനയാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ ഒരു പ്രത്യേക സാധനം കണ്ടുപിടിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നം ഉണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ ഒററക്കല്ല.
“ഞാൻ മാററം വരുത്താനാവാത്ത ഒരു ‘സൂക്ഷിപ്പുകാരൻ’ ആണ്” എന്ന് റാൾഫ് സമ്മതിച്ചു പറയുന്നു. ലിയാൻ കൂട്ടിച്ചേർക്കുന്നു: “കഴിഞ്ഞ 15 വർഷംകൊണ്ട് ഞാൻ ശേഖരിച്ച വസ്ത്രങ്ങളിലും പത്രങ്ങളിലും പുസ്തകങ്ങളിലും ഞാൻ മുങ്ങിത്താഴുകയായിരുന്നു.” “അതു ക്രമീകരിക്കുന്നതിനേക്കുറിച്ചു ചിന്തിക്കുന്നതുതന്നെ ഞാൻ തുടങ്ങുന്നതിനുമുമ്പേ എന്നെ ക്ഷീണിതനാക്കുന്നു,” എന്ന് വികലശേഖരത്തിന്റെ മറെറാരു ഇര വിലപിക്കുന്നു.
ചില കുട്ടികൾ വികലശേഖരത്തിന്റെ ഒരു ചുററുപാടിലാണ് വളരുന്നത്. അങ്ങനെയുള്ള ഒരു വ്യക്തി പറയുന്നു: “എനിക്ക് ഓർമ്മിക്കാൻ കഴിയുവോളം, ആളുകൾ ഞങ്ങളുടെ വീട്ടിലേക്ക് ആദ്യമായി വരുമ്പോൾ അവർക്ക് എന്തു പ്രതീക്ഷിക്കാമെന്ന് ഞാൻ എല്ലായ്പ്പോഴും അവർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അവർക്ക് ഇരിക്കാൻ സ്ഥലമുണ്ടാക്കുന്നതിന് എന്തെങ്കിലും നീക്കുന്നതിൽ കുഴപ്പമില്ലെന്ന് ഞാൻ അവരോടു പറഞ്ഞിരുന്നു.” വീട് അവതരണയോഗ്യമല്ലാത്തതിനാൽ കുടുംബത്തിനു വെളിയിലുള്ള ആരെയെങ്കിലും സന്ദർശിക്കാൻ ക്ഷണിക്കുന്നതിന് മുതിർന്നവർ പോലും വൈമനസ്യം കാണിച്ചേക്കാം.
തങ്ങൾ എത്രമാത്രം വാരിക്കൂട്ടിയിട്ടുണ്ടെന്ന് വീടുമാററത്തെ അഭിമുഖീകരിക്കുന്നതുവരെ ആളുകൾ സാധാരണ തിരിച്ചറിയുന്നില്ല. വികലശേഖരത്തിന്റെ നിയന്ത്രണത്തിന് ഒരുവൻ നിരന്തരമായ ഒരു കർമ്മപരിപാടി പാലിക്കാത്തപക്ഷം വീടുമാററം വളരെയധികം സമയംകൊല്ലുന്നതും ചെലവേറിയതും ആയിരിക്കും.
എന്നാൽ അനേകർക്കും, വികലശേഖരം വൃത്തിയാക്കുന്നത് സാധനങ്ങൾ വെറുതെ എറിഞ്ഞുകളയുന്നതിനേക്കാൾ കവിഞ്ഞതാണ്. ആദ്യം അനേകം തടസ്സങ്ങൾ തരണംചെയ്യേണ്ടതുണ്ട്.
അവർക്ക് അവ വെറുതെ എറിഞ്ഞുകളയാൻ കഴിയാത്തതെന്തുകൊണ്ട്?
വികലശേഖരക്കാർ 1930-കളിലെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച പ്രായംചെന്നവർ ആണെന്ന് മനഃശാസ്ത്രജ്ഞയായ ലിൻഡാ ഡബ്ളിയു. വോറനും ആശുപത്രികളിലെ സാമൂഹ്യപ്രവർത്തകയായ ജാനെ സി. ഓസ്ട്രമും കുറെക്കാലത്തേക്ക് നിഗമനം ചെയ്തിരുന്നു. അമിതമായ ശേഖരണം “അപൂർവ്വവും നിരുപദ്രവകരവുമായ ഒരു വൈചിത്ര്യം” ആയിരുന്നുവെന്ന് അവർ കരുതി. എന്നിരുന്നാലും സംഗതി പഠിച്ചശേഷം അവർ ഇപ്രകാരം റിപ്പോർട്ടുചെയ്തു: “1930-കൾക്കുശേഷം വളരെക്കാലം കഴിഞ്ഞ് ജനിച്ച കാട്ടെലികളുടെ ഒരു യുവതലമുറയെ കണ്ടെത്തിയതിൽ ഞങ്ങൾ അതിശയിക്കുകയുണ്ടായി. . . . അത്തരം സ്വഭാവം സാധാരണമാണെന്നും വിശേഷിച്ച് അത് അങ്ങേയററമാകുമ്പോൾ അത് കാട്ടെലികൾക്കും അവരോടടുത്തവർക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ഞങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നു.”a
അത് എത്രമാത്രം അതിർകടന്നുപോകാവുന്നതാണ്? “താറുമാറായ അവസ്ഥ നിമിത്തം വിവാഹങ്ങൾ തകരുന്നത് ഓസ്ട്രം കണ്ടിട്ടുണ്ട്,” എന്ന് ഹെൽത്ത് മാസിക റിപ്പോർട്ട് ചെയ്യുന്നു. ചിലയാളുകൾ സഹായത്തിനായി ഉപദേശം തൊഴിലാക്കിയവരിലേക്ക് തിരിയുന്നു. വാസ്തവത്തിൽ ഹെൽത്ത് മാസിക വ്യക്തിപരമായി സംഘാടനത്തിനുള്ള ഉപദേശത്തെ “നമ്മുടെ അമ്മമാർ നമ്മോട് അടിക്കടി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ചെയ്യാൻ, നമ്മുടെ മുറികൾ വൃത്തിയാക്കാൻ ഉപദേശിക്കുന്നതിന് ഒരു ദിവസം 30,000 രൂപയിലധികം കൂലിചുമത്തുന്ന വളർന്നുവരുന്ന ഒരു മണ്ഡലം” എന്നു വിളിക്കുന്നു.
നിങ്ങൾക്ക് വികലശേഖരത്തിന്റെ അതുപോലെ അതിരുകടന്ന ഒരു പ്രശ്നമുണ്ടായിരിക്കാൻ ഇടയില്ല. എങ്കിൽതന്നെയും പ്രശ്ന ഇനങ്ങൾക്കും ചവററുകുട്ടക്കുമിടയിൽ നിൽക്കുന്ന പിൻവരുന്ന നാലു തടസ്സങ്ങളെ തരണംചെയ്യുകയെന്നത് പ്രയാസകരമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം:
◻ സാദ്ധ്യതയുള്ള ഭാവി ആവശ്യം. (“പിന്നീട് ദുഃഖിക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ സൂക്ഷിക്കുന്നതാണ്.”)
◻ വൈകാരിക ബന്ധം. (“ഇത് മേരി ആൻറി എനിക്കു തന്നതാണ്.”)
◻ ലഭിക്കാൻ സാദ്ധ്യതയുള്ള വില. (“എന്നെങ്കിലും എന്തെങ്കിലും വില കിട്ടിയേക്കാം.”)
◻ ജീർണ്ണതയുടെയോ കേടുപാടുകളുടെയോ അഭാവം. (“എറിഞ്ഞുകളയാൻ കഴിയാതവണ്ണം ഇത് വളരെ നല്ലതാണ്.”)
ഫലമോ? സൈക്കോളജി ററുഡേ പറയുന്നു: “വസ്തുക്കൾ കുന്നുകൂടിക്കൊണ്ടിരിക്കുന്നു, അതുപോലെതന്നെ അതുളവാക്കുന്ന പ്രശ്നങ്ങളും.”
അതുകൊണ്ട് വികലശേഖരത്തെ നിങ്ങൾക്കെങ്ങനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയും?
എവിടെ തുടങ്ങണം
ഒരു കൊടുങ്കാററ് ആഞ്ഞടിച്ച് സമ്പാദ്യങ്ങളിൽ കുറച്ചൊഴികെ സകലവും നശിപ്പിക്കുന്നെങ്കിൽ എന്തു തോന്നുമെന്ന് ഭാവനയിൽ കാണാൻ ഒരു സ്ത്രീയോട് ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞു: “സകലവും നഷ്ടപ്പെട്ടുവെന്ന ഭാവനയിൽ എനിക്ക് ഏററവും അധികം അനുഭവപ്പെട്ടത് ആശ്വാസം ആയിരുന്നു—തരംതിരിക്കുന്നതിലും ഉപേക്ഷിച്ചുകളയുന്നതിലുമുള്ള ഉത്ക്കണ്ഠ കൂടാതെ എന്റെ താറുമാറായ അവസ്ഥയിൽനിന്ന് സ്വതന്ത്രമായതിന്റെ ആശ്വാസംതന്നെ.” തരംതിരിക്കലും ഉപേക്ഷിക്കലും ഒരു വെല്ലുവിളിയായിരുന്നേക്കാമെന്ന് ഇതു നന്നായി ദൃഷ്ടാന്തീകരിക്കുന്നു.
“വികലശേഖരർക്ക് രണ്ടു പ്രശ്നങ്ങൾ ഉണ്ട്,” എന്ന് വിദഗ്ദ്ധോപദേശകനായ ഡാറലി ഷുൽമൻ പറയുന്നു. “ഇപ്പോൾത്തന്നെ വീട്ടിലുള്ള സാധനങ്ങളും വന്നുചേരുന്ന സാധനങ്ങളും.” പരിപൂർണ്ണ ശുദ്ധീകരണത്തിൽ ഏർപ്പെടുന്നതിനുപകരം ഒരു സമയത്ത് ഒരു ഭാഗംമാത്രം ക്രമീകരിച്ചുകൊണ്ട് ദിവസം കുറഞ്ഞപക്ഷം 15 മിനിട്ട് വിനിയോഗിക്കാൻ അവർ ശുപാർശചെയ്യുന്നു. അത് നിങ്ങളുടെ വീടിനുള്ളിലെ വികലശേഖരം കൈകാര്യം ചെയ്യാനുള്ള കൂടുതൽ ഫലകരമായ ഒരു മാർഗ്ഗമാണ്. എന്നാൽ “വന്നുചേരുന്ന സാധനങ്ങൾ” സംബന്ധിച്ചെന്ത്?
നിങ്ങളുടെ വീട്ടിലേക്ക് എന്തെങ്കിലും സാധനം വാങ്ങുന്നതിനുമുമ്പ് നിങ്ങളോടുതന്നെ ചോദിക്കുക: ‘എനിക്ക് വാസ്തവത്തിൽ അത് ആവശ്യമുണ്ടോ? ഞാൻ അത് എവിടെയാണ് സ്ഥാപിക്കാൻ പോകുന്നത്? ഞാൻ അത് ഉപയോഗിക്കുമോ?’ അങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനാൽ “നിങ്ങൾ വീട്ടിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ 75 ശതമാനവും കൊണ്ടുവരികയില്ല” എന്ന് ഡാറലി ഷുൽമാൻ അവകാശപ്പെടുന്നു.
വാച്ച്ററവർ സൊസൈററിയുടെ മുഖ്യകാര്യാലയത്തിലും ബ്രാഞ്ചാഫീസുകളിലും അന്തേവാസികൾ തങ്ങളുടെ മുറി വികലശേഖരത്തിൽനിന്ന് സ്വതന്ത്രമായി സൂക്ഷിക്കുന്നതിനും ഓരോ ഉപകരണത്തിലും അഥവാ അലമാരിയിലും രണ്ടോ മൂന്നോ അലങ്കാരവസ്തുക്കൾ മാത്രമായി പരിമിതപ്പെടുത്തുന്നതിനും പ്രതീക്ഷിക്കപ്പെടുന്നു. ഇത് ശുചീകരണം ലഘൂകരിക്കുകയും കണ്ണിനു കൂടുതൽ ആകർഷകമായിരിക്കുകയും ചെയ്യുന്നു. പത്രങ്ങളും മാസികകളും പുസ്തകങ്ങളും പുസ്തകസഞ്ചികളും സംഗീതോപകരണങ്ങളും വിനോദസാമഗ്രികളും വസ്ത്രങ്ങളും പാത്രങ്ങളും മററു വസ്തുക്കളും ചിതറിക്കിടക്കാൻ അനുവദിക്കപ്പെടുന്നില്ല. വാസ്തവത്തിൽ ഗൃഹോപകരണങ്ങളല്ലാതെ യാതൊന്നും മുറിയുടെ തറയിൽ ഉണ്ടായിരിക്കുന്നില്ല. വികലശേഖരത്തിൽനിന്ന് സ്വതന്ത്രമായ ഒരു ചുററുപാട് ആർജ്ജിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇത് തീർച്ചയായും ഒരു മാതൃകയാണ്.
കാഴ്ചയിൽനിന്ന് മറഞ്ഞ്—സ്റേറാർ മുറിയിൽ
“തയ്യാറാകുന്നതിന് ഒരു ദിവസം കിട്ടിയാൽ എനിക്ക് താമസസ്ഥലം ക്രമപ്പെടുത്താൻ കഴിഞ്ഞിരുന്നു, എന്നാൽ സ്റേറാർ മുറികൾ എല്ലായ്പ്പോഴും ദാരുണമായിരുന്നു,” എന്ന് ജോവാൻ പറയുന്നു. ചിലർ അനാവശ്യ സാധനങ്ങൾ ഒഴിവാക്കുന്നതിനുള്ള ഒരു സ്ഥാനമായി സ്റേറാർമുറി ഉപയോഗിക്കുന്നു. വലിപ്പവ്യത്യാസം വരാത്ത ഒരു സ്ഥലത്ത് കൂടുതൽ കൂടുതൽ നിക്ഷേപിക്കുന്നത് പ്രശ്നം വഷളാക്കുക മാത്രമേ ചെയ്യുന്നുള്ളു.
കൂനകൂടിയിരിക്കുന്ന വികലശേഖരത്തിൽനിന്ന് നിങ്ങളുടെ സ്റേറാർമുറിക്ക് അല്പം ആശ്വാസം ആവശ്യമാണോ? ഗുഡ് ഹൗസ്കീപ്പിങ്ങ് മാസിക ഇപ്രകാരം നിർദ്ദേശിക്കുന്നു: “ഏതു സ്ഥലത്തും ക്രമീകരിക്കാവുന്ന വിവിധ വസ്തുക്കൾകൊണ്ടുള്ള സ്റേറാർമുറി സജ്ജീകരണങ്ങളും അനുബന്ധ സാമഗ്രികളും ലഭ്യമാണ്. നിങ്ങളുടെ വീട്ടിലെ സംഭരണ പ്രതിസന്ധി തരണംചെയ്യുന്നതിന് അവയിൽ ഒന്ന് ഉപയോഗിക്കുക.” അതുകൊണ്ട് സ്റേറാർമുറി ഉപയോഗശൂന്യമായി തള്ളുന്നവയുടെ ഒരു അഭയകേന്ദ്രമാക്കാതിരിക്കുക. അത് വികലശേഖരത്തിൽനിന്ന് സ്വതന്ത്രമാക്കി ക്രമീകൃതമായി സൂക്ഷിക്കുക.
വസ്തുവകകളോടുള്ള ഒരു സന്തുലിതവീക്ഷണം
“എന്റെ വസ്തുവകകൾ എന്റെതന്നെ ഒരു പ്രതിഫലനമാണ്, അവ ഞാൻ ആരാണെന്നുള്ളതിന്റെ ഒരു ഭാഗമാണ്,” എന്ന് ഒരു സ്ത്രീ പറഞ്ഞു. “എന്റെ സ്വർണ്ണാഭരണങ്ങൾ എനിക്ക് അത്ര ആശ്വാസമാണ്,” മറെറാരുവൾ കൂട്ടിച്ചേർത്തു. “എന്റെ മോതിരങ്ങളെയും മാലകളെയും ഞാൻ സ്നേഹിക്കുകതന്നെ ചെയ്യുന്നു.” എങ്കിലും മറെറാരു സ്ത്രീ ധിക്കാരത്തോടെ പറയുന്നു: “ഇതു ഞാനാണ്—ഇത് എന്റെ വ്യക്തിത്വമാണ്, നിങ്ങൾ അത് എറിഞ്ഞുകളയാൻ പോകുന്നില്ല!”
വിപരീതമായി യേശുക്രിസ്തു ഇങ്ങനെ പ്രസ്താവിച്ചു: “ഒരു മനുഷ്യന് ആവശ്യത്തിലധികം ഉള്ളപ്പോൾപോലും അവനുള്ള വസ്തുവകകളാൽ അവന്റെ ജീവിതം സുരക്ഷിതമാക്കപ്പെടുന്നില്ല.”—ലൂക്കോസ് 12:15, ദ ജറുശലേം ബൈബിൾ.
അങ്ങനെ ഒരുവന്റെ വസ്തുവകകളോട് ഒരു സന്തുലിത വീക്ഷണത്തെ ബൈബിൾ പ്രോൽസാഹിപ്പിക്കുന്നു. അത് അടുക്കും ചിട്ടയും അഭിവൃദ്ധിപ്പെടുത്തുന്നു, ഇതിനെ സഭയിൽ മൂപ്പൻമാരായി സേവിക്കുന്നവർക്കുള്ള ഒരു വ്യവസ്ഥയാക്കിക്കൊണ്ടുതന്നെ.—1 തിമൊഥെയോസ് 3:2.
മേൽപ്രസ്താവിച്ച നിർദ്ദേശങ്ങളിൽ ചിലത് നിങ്ങളുടെ വീട്ടിലെ കടന്നുചെല്ലാൻ കഴിയാത്ത ഒരു ഭാഗത്ത് ബാധകമാക്കാൻ തുടങ്ങരുതോ? ദൈനംദിന പരിശ്രമത്താലും നിങ്ങളുടെ വസ്തുവകകളോടുള്ള സന്തുലിത വീക്ഷണത്താലും വികലശേഖരം നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയും. (g91 8/8)
[അടിക്കുറിപ്പുകൾ]
a ഒരു “കാട്ടെലി” ആവശ്യമില്ലാത്ത വസ്തുക്കൾ ശേഖരിച്ചുവെക്കുന്ന ഒരാളാണ്. രോമാവൃതമായ വാലോടുകൂടിയതും ആഹാരവും മററ് വസ്തുക്കളും സംഭരിച്ചുവെക്കാൻ കഴിയുന്ന വികസിതമായ കവിൾ സഞ്ചിയോടുകൂടിയതുമായ ഒരു എലിയിൽനിന്നാണ് അയാൾക്ക് ഈ പേരുകിട്ടിയത്. അപൂർവ്വവസ്തുക്കൾ ശേഖരിക്കുന്ന ഒരാൾ ഒന്നിലോ ഏതാനും തരങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഒരു കാട്ടെലി എല്ലാത്തരം വസ്തുക്കളും വാരിക്കൂട്ടുകയും അപൂർവമായി ഉപയോഗിക്കുകയും ചെയ്യുന്നു.
[24,25 പേജുകളിലെ ചതുരം/ചിത്രം]
തരംതിരിക്കലും നീക്കംചെയ്യലും
നിങ്ങൾ ശ്രദ്ധയുള്ളവനല്ലെങ്കിൽ നിങ്ങളുടെ ഭവനം അലങ്കോലപ്പെടുത്താൻ സാദ്ധ്യതയുള്ള നിശ്ചിത ഇനങ്ങൾ സംബന്ധിച്ച് സഹായകരമായ ചില നിർദ്ദേശങ്ങളാണ് പിൻവരുന്നവ.
വായനാ സാമഗ്രികൾ: പഴയ മാസികകളും പത്രങ്ങളും നീക്കം ചെയ്യുന്നത് പ്രയാസകരമായി നിങ്ങൾ കണ്ടെത്തുന്നുവോ? “ഞാൻ ഈ ദിവസങ്ങളിൽ എന്നെങ്കിലും ഇതു വായിക്കും” എന്ന് നിങ്ങളോടുതന്നെ പറയാൻ ഇടയാക്കിക്കൊണ്ട് ഒരു തലക്കെട്ട് നിങ്ങൾക്ക് ആകർഷകമായി തോന്നുന്നുവോ? മാസികയോ പത്രമോ മുഴുവനായി സൂക്ഷിക്കുന്നതിനു പകരം താൽപര്യം തോന്നിയ ലേഖനം വെട്ടിയെടുത്ത് “വായിക്കാനുള്ള” ഫയലിൽ വെക്കുക. ഒരു ന്യായമായ കാലയളവിനുള്ളിൽ—ഒരുപക്ഷേ ഏതാനും ആഴ്ചകൾക്കുള്ളിൽ—വായിക്കുന്നില്ലെങ്കിൽ അത് എറിഞ്ഞുകളയുക.
വസ്ത്രങ്ങൾ: നിങ്ങളുടെ വസ്ത്രശേഖരം ഓരോ വർഷവും വലുതായിക്കൊണ്ടിരിക്കുകയും അതേസമയം നിങ്ങൾക്കുള്ളതിന്റെ പകുതിപോലും നിങ്ങൾ ധരിക്കാതിരിക്കുകയും ചെയ്യുന്നുണ്ടോ? ചിലർ തങ്ങളോടുതന്നെ ഇപ്രകാരം പറയുന്നു: “എനിക്ക് മൂന്നു കിലോ തൂക്കം കുറഞ്ഞുകഴിയുമ്പോൾ, ഇത് എനിക്ക് നന്നായി ഇണങ്ങും.” ഇത് എന്തും ഏതും അറയിൽ സൂക്ഷിക്കുന്നതിനുള്ള ഒരു ലൈസൻസായിത്തീരുന്നു. വസ്ത്രങ്ങളുടെ അങ്ങനെയുള്ള വികലശേഖരം ഒഴിവാക്കുന്നതിന്, ഏതെങ്കിലും ഒന്ന് ഒരു വർഷത്തിൽ ഒരിക്കൽപോലും ധരിക്കുന്നില്ലെങ്കിൽ ഒരു “തീരുമാനമാകാത്ത” പെട്ടിയിൽ സ്ഥാപിക്കുക. പിന്നീട് കുറച്ചുകാലത്തിനുശേഷം അത് വീണ്ടും ധരിക്കുന്നില്ലെങ്കിൽ ആർക്കെങ്കിലും കൊടുക്കുകയോ കളയുകയോ ചെയ്യുക.
തപാൽ: ദിവസവും കത്തുകൾ കൈകാര്യം ചെയ്തു മാററുക. നിങ്ങൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിപരമായ കത്തുകളും കത്തിടപാടുകളും ഒരു പ്രത്യേകസ്ഥാനത്ത് ഫയൽ ചെയ്യണം. ഓരോ മാസത്തേതും ഫയൽചെയ്യാൻ നിങ്ങൾക്ക് ഒരു മടക്കുതാൾ ഉപയോഗിക്കാൻ കഴിയും, പുതിയ മാസത്തെ കത്തുകൾക്ക് ഇടം ലഭിക്കാൻ ഒരു വർഷത്തിനുശേഷം അതിൽ വെച്ചിരിക്കുന്നത് നീക്കംചെയ്യുക. അടുക്കുക, എന്നാൽ കൂനകൂട്ടരുത് എന്നതാണ് തത്ത്വം. പരസ്യ തപാലുരുപ്പടികൾ ധാരാളമായി നിങ്ങൾക്കു കിട്ടുന്നെങ്കിൽ നിങ്ങൾക്ക് അത് ആവശ്യമുണ്ടോയെന്ന് അപ്പോൾതന്നെ തീരുമാനിക്കുക. അല്ലാത്തപക്ഷം ദൂരെക്കളയുക. തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു “തീരുമാനമാകാത്ത പെട്ടി”യിൽ ഒരാഴ്ചത്തേക്കു സൂക്ഷിക്കുക. അപ്പോഴേക്കും അതിനനുസരണമായി പ്രവർത്തിച്ചിട്ടില്ലെങ്കിൽ എറിഞ്ഞുകളയുക.