യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്ക് എന്റെ വസ്ത്രശേഖരം എങ്ങനെ മെച്ചപ്പെടുത്താനാവും?
റോബർട്ട് നിരാശനാണ്! അവന് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കണം. എന്നാൽ ധരിക്കാൻ യാതൊന്നുമില്ല. റോബർട്ട് “നഗ്നാവസ്ഥ” എന്നു ബൈബിൾ വിളിക്കുന്ന അവസ്ഥയിലാണ് എന്നല്ല. (യാക്കോബ് 2:15, NW) എന്നാൽ റോബർട്ട് എന്നും ധരിക്കുന്ന വസ്ത്രങ്ങൾ ഈ ഔപചാരിക സന്ദർഭത്തിനു പററിയതല്ലെന്നു മാത്രം.
യുവതിയായ അഞ്ചെലക്ക് മൂന്നു സാമൂഹിക ചടങ്ങുകളിൽ പങ്കെടുക്കാനുണ്ട്, ഓരോന്നിനും വ്യത്യസ്ത സ്റൈറലിലുള്ള വസ്ത്രവും വേണം. എന്നാൽ അവൾ റോബർട്ടിനെപ്പോലെയല്ല. ധരിക്കാൻ പററിയതു കണ്ടുപിടിക്കാൻ അവൾക്കു ബുദ്ധിമുട്ടില്ല. അഞ്ചെല ധനികയാണെന്നല്ല. വിവിധ സാഹചര്യങ്ങളിൽ നന്നായി ഉടുത്തൊരുങ്ങി പോകാൻ തന്നെ അനുവദിക്കുന്ന ഒരു അടിസ്ഥാന വസ്ത്രശേഖരം അവൾ സംഘടിപ്പിച്ചിട്ടുണ്ടെന്നു മാത്രം.
വുമെൻസ് ഡേ മാഗസിനിലെ ഒരു ലേഖനം ഇപ്രകാരം പറഞ്ഞു: “വസ്ത്രങ്ങൾ പ്രധാനമാണ്. നിങ്ങളേക്കുറിച്ചു തന്നെ യഥാർഥത്തിൽ നല്ലതു തോന്നിക്കാൻ അവയ്ക്കു വളരെയധികം ചെയ്യാൻ കഴിയും.” മററുള്ളവർ നിങ്ങളെ വീക്ഷിക്കുകയും നിങ്ങളോട് ഇടപെടുകയും ചെയ്യുന്ന വിധത്തെയും നിങ്ങളുടെ വസ്ത്രധാരണം ഒരു വലിയ അളവിൽ സ്വാധീനിക്കും. അപ്പോൾ, “യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ” അലങ്കരിക്കാൻ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നത് നല്ല കാരണത്തോടെയാണ്. (1 തിമൊഥെയൊസ് 2:9) നിങ്ങളൊരു ക്രിസ്ത്യാനിയാണെങ്കിൽ യോജ്യമായ ഒരു വസ്ത്രശേഖരം ഉണ്ടായിരിക്കുന്നതു നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമായിരിക്കണം.
എന്നാൽ അലമാരയിൽ വസ്ത്രം കുത്തിനിറച്ചുണ്ടെങ്കിലും നിങ്ങൾക്കു ധരിക്കാൻ ഒന്നുമില്ലെന്നു ചിലപ്പോൾ തോന്നുന്നുവോ? എന്താണ് പ്രശ്നം, കാര്യങ്ങളെ നിങ്ങൾക്ക് എങ്ങനെ നേരെയാക്കാനാവും?
ഫാഷന്റെ ഭാരിച്ച ചെലവ്
പലപ്പോഴും പ്രശ്നം പണമല്ല. പിന്നെയോ ലോകത്തിന്റെ സദാ മാറിക്കൊണ്ടിരിക്കുന്ന സ്റൈറലുകൾക്കും ഫാഷനുകൾക്കും അടിമയാകുന്നതാണ്. “പ്രസിദ്ധമായ കമ്പനിയുടെ ലേബലുള്ള വസ്ത്രങ്ങൾക്കുവേണ്ടി യുവജനങ്ങൾ എന്തുമാത്രം പണം ചെലവഴിക്കുമെന്ന് ബിസിനസ് ലോകത്തിനറിയാം” എന്ന് യുവജനപ്രവണതകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. പണക്കൊതി മൂലം വസ്ത്രവ്യാപാരികൾ യുവാക്കളെ പിന്നെയും പിന്നെയും ചെലവഴിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് മാസികയിലും ടിവിയിലും വശ്യതയാർന്ന പരസ്യങ്ങൾ ഉപയോഗിക്കുന്നു! കൂട്ടുകാരിൽനിന്നുള്ള സമ്മർദം കൂടെയാകുമ്പോൾ തന്ത്രം ഫലിക്കുന്നു. ഒരു അധ്യാപിക ഇപ്രകാരം വിലപിക്കുന്നു: “എല്ലാവരും വസ്ത്രങ്ങൾക്കുവേണ്ടി വൻ തുകകൾ ചെലവഴിക്കുന്നു. അതു താങ്ങാൻ കഴിയാത്ത കുട്ടികൾ . . . ഡിസൈനർ ജീൻസ് വാങ്ങാനായിത്തന്നെ സ്കൂൾ കഴിഞ്ഞുപോയി പണിയെടുക്കുന്നു.”
ഫാഷന് അടിമയാകുന്നതു പണച്ചെലവു വരുത്തുന്നു. അങ്ങനെ നിങ്ങൾക്കു യഥാർഥത്തിൽ ആവശ്യമുള്ള കൂടുതൽ പ്രായോഗികമായ വസ്ത്രങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ ഒന്നുമില്ലാതെ വന്നേക്കാം. റോമർ 12:2 ഇങ്ങനെ പറഞ്ഞുകൊണ്ട് സദുപദേശം നൽകുന്നു: “ഈ ലോകത്തിന്നു അനുരൂപമാകാതെ . . . മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” വ്യത്യസ്തരായി നിലകൊള്ളുന്നത് എല്ലായ്പോഴും എളുപ്പമല്ല. പതിനാറു വയസ്സുകാരിയായ ഷാർലിൻ ഇപ്രകാരം സമ്മതിക്കുന്നു: “സ്കൂളിലെ മററു കുട്ടികളെപ്പോലെ വസ്ത്രം ധരിക്കാത്തപ്പോൾ അവർ നിങ്ങളെ വിചിത്രരായി കാണുന്നു.” എന്നാൽ ചെയ്യേണ്ടതെന്തെന്ന് ഓതിത്തരാൻ നിങ്ങൾ മററുള്ളവരെ അനുവദിക്കുമ്പോൾ നിങ്ങൾ അവരുടെ അടിമയാകുകയാണു ചെയ്യുന്നത്. (താരതമ്യം ചെയ്യുക: റോമർ 6:16.) യുവതിയായ ജോഹന ഇപ്രകാരം സമ്മതിച്ചു പറയുന്നു: “മററാർക്കോവേണ്ടിയാണ് എല്ലായ്പോഴും ഉടുത്തൊരുങ്ങുന്നതെന്നു തോന്നുന്നതുകൊണ്ട് എനിക്ക് അസ്വസ്ഥത തോന്നുന്നു.”
ഇത് എല്ലായ്പോഴും ജ്ഞാനമാണോ? ഉദാഹരണത്തിന്, തെരുവു സംഘം, ഹിപ്പ്-ഹോപ്പ്, “ഗ്രഞ്ച്” എന്നീ വസ്ത്ര സ്റൈറലുകളുടെ കാര്യമെടുക്കുക. പലരും ഈ സ്റൈറലുകൾ ധരിക്കുന്നത് അവ പ്രസിദ്ധമായതുകൊണ്ടു മാത്രമാണ്. എന്നാൽ, അവ സ്പഷ്ടമായും കോപവും മത്സരവും ഇളക്കിവിടുന്നു. അവ ധരിക്കുന്നത് മററുള്ളവർക്കു നിങ്ങളെ സംബന്ധിച്ചു തെററായ ധാരണ നൽകുമോ? (യോഹന്നാൻ 15:19; താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 6:4.) ഒരു സംഘാംഗമായി കാണപ്പെടുന്നത് നിങ്ങളുടെ കൊലയ്ക്ക് ഇടയാക്കും എന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ഐക്യനാടുകളിലെ ചില സ്കൂളുകളിൽ സംഘ സ്റൈറലുകൾ ധരിക്കുന്നതു നിരോധിച്ചിരിക്കുന്നു. ഇതിൽനിന്നുള്ള പാഠം? വസ്ത്രശേഖരം തിരഞ്ഞെടുക്കാൻ നിങ്ങളുടെ തരപ്പടിക്കാരെ അനുവദിക്കുന്നതു ബുദ്ധിയല്ല, നിങ്ങളുടെ ജീവിതത്തെ ഭരിക്കാൻ അനുവദിക്കുന്നതോ, ഒട്ടുമല്ല. അവരെ പ്രീതിപ്പെടുത്തുന്നത് എന്താണെന്നതു സംബന്ധിച്ച് ഉത്കണ്ഠപ്പെടുന്നതിനു പകരം “കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചു”കൊണ്ടിരിക്കുക!—എഫെസ്യർ 5:10.
നിങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കൽ
ഭ്രമത്തിന്റെയും ഫാഷന്റെയും മർദകഭരണത്തിൽനിന്ന് ഒരിക്കൽ നിങ്ങളെത്തന്നെ സ്വതന്ത്രമാക്കിയാൽ പിന്നെ നിങ്ങളുടെ യഥാർഥ ആവശ്യങ്ങൾ നിറവേററുന്ന ഒരു വസ്ത്രശേഖരം നിങ്ങൾക്ക് ഉണ്ടാക്കിത്തുടങ്ങാം. ഉദാഹരണത്തിന്, നിങ്ങളുടെ സമയത്തിന്റെ സിംഹഭാഗവും നിങ്ങൾ സ്കൂളിലാണു ചെലവഴിക്കുന്നത്. നിങ്ങളുടെ സ്കൂൾ യൂണിഫോം നിഷ്കർഷിക്കുന്നെങ്കിൽ അല്ലെങ്കിൽ വസ്ത്രം സംബന്ധിച്ച കർശനമായ ഒരു നിയമസംഹിത അനുസരിക്കുന്നെങ്കിൽ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ പരിമിതപ്പെട്ടിരിക്കും. എന്നാൽ പല സ്കൂളുകളിലും തിരഞ്ഞെടുക്കാൻ അനുവദിച്ചിരിക്കുന്നു, സാധാരണ വേഷമാണ് അങ്ങനെയുള്ളിടങ്ങളിൽ പ്രമാണം.
ജാക്കററും ടൈയും അല്ലെങ്കിൽ പകിട്ടുള്ള പാവാടയും ഒക്കെ ആർഭാടപൂർവം ധരിച്ചു നിങ്ങളെത്തന്നെ കാഴ്ചവസ്തുവാക്കുന്നത് അത്തരമൊരു സാഹചര്യത്തിൽ ബുദ്ധിയായിരിക്കുകയില്ല. ഭ്രമം പൂണ്ടവരോ പ്രാകൃതരോ ആയി കാണപ്പെടാതെ സാധാരണക്കാരായി കാണപ്പെടാൻ നിങ്ങൾ ആഗ്രഹിക്കും. മിലി എന്നു പേരുള്ള കൗമാരപ്രായക്കാരിയായ ഒരു പെൺകുട്ടി അതാണു ചെയ്തത്. സ്കൂളിലായിരിക്കെ അവൾ ഫാഷന്റെ അങ്ങേയററങ്ങൾ ഉപേക്ഷിച്ചു. നിങ്ങളുടെ സാഹചര്യം സമാനമാണെങ്കിൽ അതുപോലെ സാധാരണമായ കുറെ ലൂസുള്ള പാൻറുകളും ഷർട്ടുകളും ബ്ളൗസുകളും വസ്ത്രശേഖരത്തിലുണ്ടായിരിക്കാൻ നിങ്ങളും ആഗ്രഹിച്ചേക്കാം. പണം കുറവാണെങ്കിൽ ഈ ഇനങ്ങളിൽ കുറച്ചുമാത്രം ഉണ്ടായിരുന്നാൽ മതിയാവും.—താരതമ്യം ചെയ്യുക: ലൂക്കൊസ് 10:42.
നിങ്ങളുടെ സ്കൂൾ വസ്ത്രശേഖരം മിതമാക്കി നിർത്തുമ്പോൾ മററാവശ്യങ്ങൾക്കുവേണ്ടി കരുതാൻ നിങ്ങൾക്ക് ആവശ്യത്തിനു പണം ഉണ്ടാവും. ഉദാഹരണത്തിന്, നിങ്ങൾ ഭവനത്തിനു വെളിയിൽ ജോലിനോക്കുന്നുണ്ടോ, അല്ലെങ്കിൽ നിങ്ങൾക്കു വീട്ടുജോലികൾ ചെയ്യാനുണ്ടോ? ഉണ്ടെങ്കിൽ പഴക്കം ചെയ്യുന്നതും കട്ടിയുള്ളതുമായ കുറെ വസ്ത്രങ്ങൾ നിങ്ങൾക്ക് ആവശ്യമാണ്. സ്പോർട്സിനും മററു കളിപരിപാടികൾക്കും യോജിച്ച വസ്ത്രം ആവശ്യമായിവന്നേക്കാം. ഡിസൈനർ നിക്കറുകളും റേറാപ്പുകളും സ്പോർട്സ് ഷൂകളും ഒക്കെ ധരിക്കുന്നതായിരിക്കാം ഫാഷനെങ്കിലും വിലകുറഞ്ഞ ചില വസ്ത്രങ്ങളും തുല്യമായി ഉപയോഗപ്രദമാണെന്നു നിങ്ങൾ കണ്ടെത്തും.
നിങ്ങൾ യഹോവയുടെ സാക്ഷികളിലൊരാളാണെങ്കിൽ ക്രിസ്തീയ യോഗങ്ങൾക്കു ധരിക്കാൻ അനുയോജ്യമായ വസ്ത്രങ്ങളുടെ ആവശ്യവും നിങ്ങൾ പരിഗണിക്കാൻ ആഗ്രഹിക്കും. എന്തുകൊണ്ടെന്നാൽ സാധാരണ വസ്ത്രങ്ങൾ ആരാധനക്കു യോജിച്ചതല്ല. പാശ്ചാത്യ സ്റൈറലിലുള്ള വസ്ത്രം ധരിക്കുന്ന രാജ്യങ്ങളിൽ യുവാക്കൻമാർ സാധാരണമായി ഡീസൻറായ ലൂസുള്ള പാൻറ്സും ഷർട്ടും പിന്നെ ടൈയും ഒരു ജാക്കററും ധരിക്കുന്നു. യുവതികൾ സാധാരണമായി ഒരു ഉടുപ്പ് അല്ലെങ്കിൽ പാവാടയും ബ്ളൗസും ധരിക്കുന്നു. വീടുതോറുമുള്ള പ്രസംഗവേലയിലും അവർ സമാനമായ വസ്ത്രമാണു ധരിക്കുന്നത്. അത്തരം എത്ര വസ്ത്രങ്ങൾ നിങ്ങൾക്കു വാങ്ങാൻ കഴിയുമെന്നുള്ളത് നിങ്ങളുടെ ബജററിനെ ആശ്രയിച്ചിരിക്കും. ഭാഗ്യകരമെന്നു പറയട്ടെ, നിങ്ങൾക്കു വസ്ത്രങ്ങൾ വളരെയധികം ഉണ്ടായിരിക്കണമെന്നില്ല, അവ അത്യാധുനിക ഫാഷനിലുള്ളവയായിരിക്കണമെന്നുമില്ല. അവ വൃത്തിയും വെടിപ്പും ഉള്ളവയായിരിക്കണം.
യേശുക്രിസ്തു ഒരു വിവാഹത്തിൽ പങ്കെടുത്തു. നിങ്ങളും ചില സാമൂഹിക ചടങ്ങുകൾക്കു ക്ഷണിക്കപ്പെട്ടേക്കാം. (യോഹന്നാൻ 2:1, 2) അത്തരം ചടങ്ങുകൾക്ക് അണിഞ്ഞൊരുങ്ങുന്നത് നാട്ടുനടപ്പാണെങ്കിൽ അനുയോജ്യമായ ചില വസ്ത്രങ്ങൾ കൈയിലുണ്ടായിരിക്കുന്നതു നല്ലതാണ്. “ഞാൻ സന്ദർഭത്തിനു യോജിച്ച രീതിയിൽ അണിഞ്ഞൊരുങ്ങി പോകാഞ്ഞ സാഹചര്യങ്ങളുണ്ട്. അവ ആസ്വാദ്യവുമല്ലായിരുന്നു,” ജോഹന സമ്മതിക്കുന്നു. മോടിയുള്ള ഒരു വസ്ത്രമെങ്കിലും സ്വന്തമായുള്ളത് അവസാന നിമിഷം കടയിൽ പോകുന്നതിന്റെ സമ്മർദവും ചെലവും ഒഴിവാക്കും.
ഇനവിവരം എടുക്കൽ
നിങ്ങൾ എഴുത്തുകാരനായ ജീൻ പാററൻ പറയുന്നതുപോലെയുള്ള അലമാര ഓഡിററ് നടത്തിയേക്കാം. (Color to Color) സൂക്ഷിച്ചുവെച്ചിരിക്കുന്നവ ഉൾപ്പെടെയുള്ള നിങ്ങളുടെ വസ്ത്രങ്ങൾ ഇനം തിരിക്കുക. നിങ്ങൾ മറന്നുതന്നെ പോയിരിക്കുന്ന വസ്ത്രങ്ങൾ ഒരുപക്ഷേ കണ്ടെത്തിയേക്കാം. അതേ സമയം, ചെറുതായിപ്പോയതോ മേലാൽ നിങ്ങൾ ഇഷ്ടപ്പെടാത്തതോ ആയ ഇനങ്ങൾ നിങ്ങൾക്കു പുറന്തള്ളാനും കഴിയും.
അടുത്തതായി, മുഖ്യ ഇനങ്ങൾ (കോട്ടുകൾ, സൂട്ടുകൾ, ഉടുപ്പുകൾ, ബെയ്ള്സറുകൾ, സ്പോർട്ട് ജാക്കററുകൾ), ജോഡി ഇനങ്ങൾ (ബ്ളൗസുകൾ, സ്വെറററുകൾ, ഡീസൻറ് ഷർട്ടുകൾ), ഉപ ഇനങ്ങൾ (സ്കാർഫുകൾ, ബെൽററുകൾ, കൈയുറകൾ, തൊപ്പികൾ, ഷൂകൾ, ഹാൻഡ്ബാഗുകൾ, ടൈകൾ) എന്നിങ്ങനെ ക്രമപ്പെടുത്തിക്കൊണ്ട് ഒരു ഇനവിവരപ്പട്ടിക തയ്യാറാക്കുക. വസ്ത്രശേഖരം പൂർത്തിയാക്കാൻ നിങ്ങൾക്ക് എന്തെല്ലാം ഇനങ്ങൾ ആവശ്യമുണ്ടെന്ന് എടുത്തുകാണിക്കാൻ അത്തരമൊരു പട്ടിക സഹായിക്കുന്നു.
കാര്യക്ഷമമായ ഷോപ്പിങ്
ചില രാജ്യങ്ങളിൽ പുതുവസ്ത്രം ഒരു ആഡംബരമാണ്. അങ്ങനെയുള്ളിടങ്ങളിലെ യുവജനങ്ങൾ തങ്ങൾക്കുള്ള വസ്ത്രങ്ങൾ സംരക്ഷിക്കാനും അവ സാമാന്യം വൃത്തിയും വെടിപ്പും ഉള്ളവയായി സൂക്ഷിക്കാനും ശ്രമം ചെലുത്തുന്നു. എന്നാൽ ചില പുതുവസ്ത്രങ്ങൾ വാങ്ങാൻ പററിയ സാഹചര്യത്തിലാണ് നിങ്ങളെങ്കിലോ? “പ്ലാൻ ചെയ്ത് ഉദ്ദേശ്യംവെച്ചു വാങ്ങുകയാണെങ്കിൽ ഒരു സ്ത്രീക്കു സമയവും പണവും ലാഭിക്കാ”മെന്ന് പ്രായോഗികമായ വസ്ത്രശേഖരം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ജാനെററ് വല്ലഷ് പ്രസ്താവിക്കുന്നു. അത് യുവാക്കൻമാരെ സംബന്ധിച്ചും സത്യമാണ്. സാധ്യതയനുസരിച്ച്, നിങ്ങൾക്കു പരിമിതമായ ഒരു ബജറേറ ഉള്ളായിരിക്കാം. അതുകൊണ്ട് നിങ്ങൾ വാങ്ങുന്ന എന്തിന്റെയും ചെലവു കണക്കാക്കേണ്ടതുണ്ട്. (താരതമ്യം ചെയ്യുക: ലൂക്കൊസ് 14:28.) ഏററവും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങാൻ തീരുമാനിച്ചുകൊണ്ട് സാധനങ്ങളുടെ ലിസ്ററ് വെട്ടിച്ചുരുക്കുന്നതിനെ അത് അർഥമാക്കിയേക്കാം. നിങ്ങൾ ഏററവും കൂടുതൽ ധരിക്കുന്ന വസ്ത്രങ്ങൾക്കുവേണ്ടി പണത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നതാണു സാമാന്യബോധത്തോടെയുള്ള നടപടി.
ദ ബെററർ ബിസിനസ് ബ്യൂറോ എ ററു ഇസഡ് ബയിങ് ഗൈഡ് ഈ ഉപദേശം നൽകുന്നു: “നേവി, ചാരം, കരിഞ്ചുവപ്പ്, കറുപ്പ് എന്നിങ്ങനെയുള്ള ഒരു അടിസ്ഥാന വർണഗ്രൂപ്പിൽ വസ്ത്രശേഖരം ഉണ്ടാക്കുക. മുഖ്യ വസ്ത്രയിനങ്ങൾ ആ നിറങ്ങളിൽ തിരഞ്ഞെടുക്കുക. പകിട്ടുള്ള പൂരക നിറങ്ങൾ ഷർട്ടുകൾക്കും ബ്ളൗസുകൾക്കും ഉപ ഇനങ്ങൾക്കുമായി മാററിവയ്ക്കുക.” എന്തിന്റെയും കൂടെ ചേരുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഏറെനാൾ സ്റൈറലായി നിലനിൽക്കും. അടിസ്ഥാന നിറങ്ങളോടു പററിനിന്നുകൊണ്ട് നിങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ എളുപ്പം പരീക്ഷിച്ചുനോക്കാനും സൃഷ്ടിക്കാനും കഴിയും.
സദൃശവാക്യങ്ങൾ 14:15 ഇപ്രകാരം പറയുന്നു: “സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” നിശ്ചിത പ്ലാനോടുകൂടി സാധനങ്ങൾ വാങ്ങുന്നത് പെട്ടെന്നുള്ള ചെലവേറിയ വാങ്ങൽ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നു. “കടയിൽ പോകുമ്പോഴെല്ലാം ഞാൻ സാധനം വാങ്ങാനുള്ള ലിസ്ററും കൂടെ കൊണ്ടുപോകും,” ഒരു ക്രിസ്തീയ യുവതി പറയുന്നു. ദീർഘനാളത്തേക്ക് ഉപയോഗിക്കാനാകുമ്പോൾ അളവിനെക്കാൾ ഗുണമേൻമ നോക്കുന്നതാണു മൂല്യവത്ത് എന്ന കാര്യവും ഓർമിക്കുക. ഗുണമേൻമയുള്ള ഒരു വസ്ത്രം വർഷങ്ങൾ നിൽക്കും. “കൗമാരപ്രായത്തിൽ എനിക്കുണ്ടായിരുന്ന സ്വെറററുകൾ ഇപ്പോഴും ഉണ്ട്.” എന്നിരുന്നാലും വ്യാപാര നാമം ഗുണമേൻമ ഉറപ്പുനൽകണമെന്നില്ല. അത് വസ്ത്രംതന്നെ ശ്രദ്ധാപൂർവം പരിശോധിച്ചാലേ പൂർണമായും മനസ്സിലാകൂ.a
സ്റൈറലിന്റെ കാര്യം വരുമ്പോൾ യാഥാസ്ഥിതികരുടെ വശത്തായിരിക്കുക. പരമ്പരാഗതരീതിയിലുള്ള വസ്ത്രമോ പുരുഷൻമാരുടെ സൂട്ടോ മിക്കവാറും എല്ലായ്പോഴും സ്റൈറലായി തന്നെ ഇരിക്കും. അമിത ഫാഷൻ സ്റൈറലുകളുടെ ജനപ്രീതി പെട്ടെന്നു മങ്ങിപ്പോകും. അമിൽയാ ഫാററ് തന്റെ പുസ്തകമായ യാഥാസ്ഥിതിക സ്റൈറലിൽ (ഇംഗ്ലീഷ്) ഇപ്രകാരം സൂചിപ്പിക്കുന്നു. “യാഥാസ്ഥിതിക വസ്ത്രങ്ങൾ ലഭിക്കാൻ എളുപ്പമാണ്. തുടർന്നു വരുന്ന വർഷത്തിലും അനായാസം ഉപയോഗിക്കാം, ഒരു മെച്ചമായ നിക്ഷേപം.”
നിങ്ങളുടെ മാതാപിതാക്കൾക്കു വസ്ത്രങ്ങൾ വാങ്ങുന്നതിൽ വർഷങ്ങളുടെ പരിചയമുണ്ടെന്നുള്ള കാര്യം മറക്കാതിരിക്കുക. നിങ്ങളുടെ ചില അഭിരുചികൾക്ക് ഒരു തലമുറയുടെ അന്തരമുണ്ടായിരിക്കാം. എന്നാൽ അടിസ്ഥാനപരമായ കാര്യങ്ങളിൽ വിചാരിക്കുന്നതിനെക്കാൾ അധികം കാര്യങ്ങളിൽ നിങ്ങൾ യോജിച്ചേക്കാം. “വസ്ത്രത്തിൽ നല്ല അഭിരുചി വളർത്തിയെടുക്കാൻ എന്റെ അമ്മ എന്നെയും സഹോദരിയെയും സഹായിച്ചു,” അഞ്ചെല അനുസ്മരിക്കുന്നു. സമയവും ക്ഷമയും ഉണ്ടെങ്കിൽ അനുയോജ്യവും പ്രായോഗികവുമായ ഒരു വസ്ത്രശേഖരം ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്കും കഴിഞ്ഞേക്കാം. ‘എനിക്ക് ധരിക്കാൻ ഒന്നുമില്ല!’ എന്ന് നിങ്ങൾക്കൊരുപക്ഷേ വീണ്ടുമൊരിക്കലും പറയേണ്ടിവരികയില്ലായിരിക്കാം.
[അടിക്കുറിപ്പുകൾ]
a ഞങ്ങളുടെ ഒക്ടോബർ 8, 1989 (ഇംഗ്ലീഷ്) ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ശരിയായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ രഹസ്യമെന്ത്?” എന്ന ലേഖനം കാണുക.
[19-ാം പേജിലെ ചിത്രം]
ആദ്യമായി, ഇപ്പോൾത്തന്നെ നിങ്ങൾക്കുള്ളതിന്റെ ഇനവിവരം എടുക്കുക