യുവജനങ്ങൾ ചോദിക്കുന്നു...
പുകവലിക്കാനുള്ള സമ്മർദ്ദത്തെ എനിക്കെങ്ങനെ ചെറുക്കാൻ കഴിയും?
“അതെനിക്ക് അയവു വരുത്തുന്നു. അതെന്നെ സന്തുഷ്ടനും ശാന്തനുമാക്കുന്നു.”
“അതൊരു നേരമ്പോക്കാണ്.”
“അത് ഒരുവൻ കൂടുതൽ സുരക്ഷിതനാണെന്നു തോന്നിപ്പിക്കുന്നു.”
“അതെന്റെ കരങ്ങൾ കൊണ്ടു ചെയ്യുന്ന ഒരു സംഗതിയാണ്.”
ഇവ തങ്ങൾ പുകവലിക്കുന്നത് എന്തുകൊണ്ടെന്നു ചോദിക്കപ്പെട്ടപ്പോൾ ചില കൗമാരപ്രായക്കാർ നൽകിയ കാരണങ്ങളാണ്. (കൗമാരപ്രായക്കാർ തുറന്നു സംസാരിക്കുന്നു) അതെ, ശ്വാസകോശാർബുദം, ശ്വാസകോശവീക്കം, ഹൃദ്രോഗം എന്നിവയെക്കുറിച്ചുള്ള എല്ലാ മുന്നറിയിപ്പുകളുമുണ്ടായിട്ടും ഇപ്പോഴും പുകവലി അനേകം ചെറുപ്പക്കാർക്ക് അപ്രതിരോധ്യമായി ആകർഷകമാണ്. ഒരുപക്ഷേ, നിങ്ങൾതന്നേയും അതു പരീക്ഷിച്ചുനോക്കാൻ പ്രലോഭിപ്പിക്കപ്പെട്ടിട്ടുമുണ്ടായിരിക്കാം.
എപ്പോഴും പുകവലിച്ചുകൊണ്ടിരിക്കുന്ന മനംകവരുന്ന, നന്നായി വസ്ത്രമണിഞ്ഞ സ്ത്രീപുരുഷൻമാരുടെ ചിത്രങ്ങൾകൊണ്ട് മാധ്യമം നിങ്ങളെ ആക്രമിക്കുന്നു. അവരിലാരും ക്യാൻസർ രോഗികളെപ്പോലെ തോന്നിക്കുന്നില്ല. അല്ലെങ്കിൽ അതൊന്നു പരീക്ഷിച്ചുനോക്കാൻ നിങ്ങളുടെ കൂട്ടുകാരിൽ നിന്നു നിങ്ങൾക്കു സമ്മർദ്ദം ഉണ്ടായേക്കാം. സ്കൂളിൽ നിങ്ങളെ ‘നീയൊരു ഭീരുവാണോ?’, ‘ഉന്നതൻമാരെല്ലാം പുകവലിക്കുന്നുണ്ട്’ എന്നിങ്ങനെയുള്ള വെല്ലുവിളികളാൽ ശല്യപ്പെടുത്തിയേക്കാം. കൂടാതെ നിങ്ങൾ പുകവലിക്കുന്ന ചെറുപ്പക്കാരോടു കൂടെയാണെങ്കിൽ നിങ്ങളുടെ കൈയിൽ ഒരു സിഗരററില്ലെങ്കിൽ നിങ്ങളൊരന്യനെന്നു നിങ്ങൾക്കു തോന്നിയേക്കാം.
പുകവലിക്കാനുള്ള സമ്മർദ്ദം വീട്ടിൽനിന്നുമുണ്ടായേക്കാം. മാതാപിതാക്കളിൽ ഒരാൾ പുകവലി ഒഴിവാക്കുകയും മറേറയാൾ പുകവലിക്കാൻ ഇഷ്ടപ്പെടുകയുമാണെങ്കിൽ നിങ്ങൾ അങ്ങേയററം ആശയക്കുഴപ്പത്തിലായേക്കാം. രണ്ടുപേരും പുകവലിക്കുന്നവരാണെങ്കിൽ സമ്മർദ്ദം ഏറെയായിരിക്കാം. ‘എന്റെ മാതാപിതാക്കൾ ഒരു ദിവസം രണ്ടു കൂടു വലിക്കുന്നു, അതിനാൽ എപ്പോഴും സിഗരററ് ലഭ്യമാണ്.’ എന്നു 14 വയസ്സുകാരി റിബേക്കാ പറയുന്നു. നീ പുകവലിക്കരുതെന്നു അങ്ങനെയുള്ള മാതാപിതാക്കൾ പറയുന്നത് കാപട്യത്തിന്റെ പാരമ്യമായി തോന്നിയേക്കാം! “മാതാപിതാക്കളോടു അവരുടെ അരോഗ്യത്തെക്കുറിച്ച് ഞങ്ങൾക്ക് ചിന്തയുണ്ടെന്നു പറഞ്ഞാൽ അവർ ശ്രദ്ധിക്കില്ല. അതുകൊണ്ട് ഞങ്ങൾ അവരെ ശ്രദ്ധിക്കാൻ അവർക്കെങ്ങനെ പ്രതീക്ഷിക്കുന്നതിനു കഴിയും?” എന്നു യുവതിയായ അലിസൺ പരാതി പറയുന്നു.—അമേരിക്കയിലെ കൗമാരപ്രായക്കാരുടെ രഹസ്യജീവിതം (The Private Life of the American Teenager).
തങ്ങളുടെ കാരണങ്ങൾ എന്തുതന്നെയായിരുന്നാലും അനേകം ചെറുപ്പക്കാർ പുകവലി പരീക്ഷിച്ചുനോക്കാൻ ശ്രമിക്കയും ജീവിതകാലം മുഴുവൻ അതിന് അടിമപ്പെടുകയും ചെയ്യുന്നു.a നിങ്ങൾക്കുതന്നെ മെച്ചപ്പെട്ട എന്തെങ്കിലുമായിരിക്കും നിങ്ങളാഗ്രഹിക്കുക എന്ന് ആശിക്കട്ടെ. പുകവലിയുടെ ദാരുണ പരിണതഫലങ്ങൾ നിങ്ങൾക്കറിയാം, അതു നേരിട്ടനുഭവിക്കുന്നതിനു യാതൊരു ന്യായവും നിങ്ങൾ കാണുന്നുമില്ല. എന്നാലും, പുകവലിക്കാനുള്ള ശക്തമായ സമ്മർദ്ദത്തെ ചെറുത്തുനിൽക്കാൻ എങ്ങനെ കഴിയുമെന്നറിയാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
സാമൂഹിക വൈഷമ്യം
പുകവലിക്കുന്നതിനു ചെറുപ്പക്കാർ നൽകുന്ന കാരണങ്ങൾ ആദ്യമായി നമുക്കു നോക്കാം. തുടക്കത്തിൽ ഉദ്ധരിക്കപ്പെട്ട യുവജനങ്ങളെപ്പോലെ, ഒരു സിഗരററ് പിടിക്കുന്നത് അവരെ “മുതിർന്ന”വരും സമനിലയുള്ളവരുമായി തോന്നിപ്പിക്കുമെന്നു അനേകർ വാദിക്കുന്നു. ഇത് തന്റെ കാര്യത്തിൽ ശരിയാണെന്നു ചെറുപ്പക്കാരനായ ഓറെൺ വിശ്വസിച്ചു. സാമൂഹ്യമായി അങ്ങേയററം വിഷമം തോന്നിയ അവൻ ഇങ്ങനെ അനുസ്മരിക്കുന്നു: “ഞാൻ പ്രത്യേകിച്ചും പാർട്ടികളിൽ വളരെ അസ്വസ്ഥനായിരുന്നു. എങ്ങനെ പ്രവർത്തിക്കണമെന്നോ എന്തു പറയണമെന്നോ എനിക്കൊരിക്കലും അറിയില്ലായിരുന്നു. എന്റെ പ്രശ്നത്തിനു പരിഹാരം പുകവലിയാണെന്നു തോന്നി.”
എന്നിരുന്നാലും, മാരകമായ പുക വലിച്ചെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുന്നതു യഥാർത്ഥത്തിൽ ഒരുവനെ വിഡ്ഢിയും അരക്ഷിതനും മററുള്ളവരോടു പരിഗണനയില്ലാത്തവനും മാത്രമേ ആക്കുന്നുള്ളു. വളരെയധികം ചെറുപ്പക്കാർ ഇതിനെ ഇപ്രകാരം കാണാൻ തുടങ്ങിയിരിക്കുകയാണ്. ജെയിൻ റിൻസ്ലെർ നടത്തിയ ഒരു സർവ്വെയിൽ അഭിപ്രായം ചോദിക്കപ്പെട്ട പെൺകുട്ടികളിൽ 63 ശതമാനവും ആൺകുട്ടികളിൽ 73 ശതമാനവും പുകവലിയെ നിരാകരിച്ചു! ഒരു 16 വയസ്സുകാരി ഇപ്രകാരം പറഞ്ഞു: “അത് തങ്ങളെ ഗൗരവമുള്ളവരാക്കുന്നുവെന്നാണ് ആളുകൾ വിചാരിക്കുന്നത്, എന്നാൽ യഥാർത്ഥത്തിൽ അവർ അതിനായി വളരെ കഠിനശ്രമം ചെയ്യുന്നുവെന്നാണ് തോന്നുന്നത്.” പുകവലി ഒരുവനെ “ഗൗരവമുള്ളവനാക്കി”യാൽത്തന്നെ വിനാശകരവും അടിമപ്പെടുത്തുന്നതുമായ ഒരു ശീലം വളർത്തിയെടുക്കുന്നതിനെ അതു ന്യായീകരിക്കുമോ?
എന്നിരുന്നാലും രസകരമെന്നുപറയട്ടെ, കുട്ടികളുടെ മനോരോഗചികിത്സയിൽ പ്രൊഫസ്സറായ മോറീസ് ഫോക്ക് ഇങ്ങനെ കുറിക്കൊള്ളുന്നു: “സാമൂഹിക സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്നു അറിയാവുന്ന ചെറുപ്പക്കാർക്കു കുറച്ചേ അസ്വസ്ഥത അനുഭവപ്പെടൂ. . . . [അവർ] പുകവലിക്കാൻ സാധ്യത കുറവാണ്.” ഇത് യഹോവയുടെ സാക്ഷികളുടെയിടയിലെ അനേകം ചെറുപ്പക്കാരെ സംബന്ധിച്ച് ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. അവർ പരസ്യമായുള്ള പ്രസംഗവേലയിൽ എല്ലാ പ്രായത്തിലുമുള്ള ആളുകളോടു സംസാരിച്ചുകൊണ്ട് സമനിലയും ആത്മവിശ്വാസവും വികസിപ്പിച്ചെടുക്കുന്നു. രാജ്യഹാളിലെ ക്രിസ്തീയ യോഗങ്ങളിൽ നൽകപ്പെടുന്ന വിദ്യാഭ്യാസപരിപാടിയെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു സദസ്സിനു മുമ്പാകെ, സാമർത്ഥ്യത്തോടെ, എന്നാൽ ശാലീനമായി സംസാരിക്കാനും അവർ പഠിക്കുന്നു. ഇത് ഒരു സാമൂഹിക ഊന്നുവടിയുടെ ആവശ്യം ഇല്ലാതാക്കുന്നു.
നിങ്ങളേക്കുറിച്ചുതന്നെ നിങ്ങൾക്കു അസന്തുഷ്ടി തോന്നുകയോ, ആളുകളോടൊപ്പമായിരിക്കുമ്പോൾ ലജ്ജയോ അസ്വസ്ഥതയോ അനുഭവപ്പെടുകയോ ആണെങ്കിൽ സത്യക്രിസ്ത്യാനികളുടെ ഒരു സഭയുമായി അടുത്തു സഹവസിക്കാൻ ശ്രമിക്കുക. മററുള്ളവരോടുകൂടെ നിങ്ങൾ സജീവമായി ഉൾപ്പെട്ടിരിക്കവെ, അധികകാലം ലജ്ജയിൽ കഴിയുക അസാദ്ധ്യമാണ്. നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളുമായും നിങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കഴിയും. അതുകൊണ്ട്, മററുള്ളവരുടെ ആദരവു നേടുന്നത് ചുണ്ടുകൾക്കിടയിൽ ഒരു സിഗരററു ഞാത്തിയിട്ടുകൊണ്ടല്ല, മറിച്ച് ബൈബിൾ പ്രോത്സാഹിപ്പിക്കുന്നതുപോലെ: “വാക്കിലും നടപ്പിലും വിശ്വാസത്തിലും നിർമ്മലതയിലും . . . മാതൃക” ആയിരിക്കുന്നതിനാലാണ്.—1 തിമൊഥെയോസ് 4:12.
“അതെനിക്കു അയവു വരുത്തുന്നു”
പുകവലി ഒരു സുഖകരമായ അനുഭൂതിയാണെന്നുള്ള ചിലരുടെ അവകാശവാദത്തെ സംബന്ധിച്ചെന്ത്? “ഒരു സിഗരററില്ലാതെ തങ്ങൾക്കു വിശ്രമിക്കാൻ കഴിയില്ലെന്നും അതു പിരിമുറുക്കത്തിനും ആശങ്കയ്ക്കും കോപത്തിനും അയവുവരുത്തുമെന്നും ചില പുകവലിക്കാർ പറയുന്ന”തായി എഴുത്തുകാരനായ അൽവിൻ റോസെൻബോം പറയുന്നു. എന്നിരുന്നാലും, അയവുവരുത്തുന്ന ഒരു ഔഷധമായിരിക്കുന്നതിനു പകരം “നിക്കോട്ടിൻ ഒരു ഉത്തേജകമാണ്” എന്നു റോസെൻബാം കുറിക്കൊള്ളുന്നു.
അപ്പോൾപ്പിന്നെ, ഒരു പുകവലിക്കാരനു അനുഭവപ്പെടുന്ന അയവിനു കാരണമെന്താണ്? വാസ്തവത്തിൽ ഒരു പുകവലിക്കാരനു അനുഭവപ്പെടുന്നതു ഒരു ആസക്തിയെ തൃപ്തിപ്പെടുത്തുന്നതിൽ നിന്നും ലഭിക്കുന്ന ആശ്വാസമാണ്! അതെ, ആളുകൾ പുകയിലയിലുള്ള നിക്കോട്ടിനിൽ ആസക്തരായിത്തീരുന്നു. ഈ ആസക്തി ഏതാണ്ടു ഹെറോയിനിലോ കൊക്കെയിനിലോ ഉള്ള ആസക്തിപോലെയാണ്, അതിനെ അതിജീവിക്കുക അതിലും ദുഷ്കരമാണെന്നാണ് അനേകരും പറയുന്നത്.
ഒരു പുകവലിക്കാരന്റെ ശരീരത്തിൽ നിക്കോട്ടിൻ ഇല്ലാതാവുമ്പോൾ അതിനുവേണ്ടി അതു കൊതിച്ചുതുടങ്ങുന്നു. അയാൾ നിക്കോട്ടിന്റെ മറെറാരു “ഡോസ്” ലഭിക്കുന്നതുവരെ അധീരനും പിരിമുറുക്കമുള്ളവനും ശുണ്ഠിയുള്ളവനും ആയിത്തീരുന്നു. താൽക്കാലികമായി അയാൾക്ക് അയവു തോന്നുന്നു—തന്റെ ശരീരം വീണ്ടും നിക്കോട്ടിനുവേണ്ടി കൊതിക്കുന്നതുവരെ മാത്രം. അതുകൊണ്ട് പുകവലി അയവു വരുത്തുന്നതിനുള്ള ഒരു മൗഢ്യമായ മാർഗ്ഗമാണ്. മധുരമായ സംഗീതം ശ്രവിക്കുന്നതോ, വായനയോ, സാവധാനമുള്ള നടത്തമോ ഒക്കെ ഏറെ സുരക്ഷിതമായ മാർഗ്ഗങ്ങളാണ്.
തരപ്പടിക്കാരിൽ നിന്നുള്ള സമ്മർദ്ദത്തെ ചെറുത്തുനിൽക്കൽ
പതിന്നാലു വയസ്സുകാരനായ ജോർജ്ജ് പറയുന്നു: “എത്രയോ കുട്ടികളാണ് എനിക്ക് സിഗരററു വച്ചുനീട്ടുന്നത്, തന്നിമിത്തം ഞാൻ അവരെ അവഗണിക്കേണ്ടിവരുന്നു.” മിക്ക യുവാക്കളും പുകവലിയാരംഭിക്കുന്നതിന്റെ മുഖ്യകാരണം തരപ്പടിക്കാരിൽ നിന്നുള്ള സമ്മർദ്ദമാണെന്നു തോന്നുന്നു. കൗമാരപ്രായക്കാരുടെ ഒരു സർവ്വെ വെളിപ്പെടുത്തിയത്, ‘തങ്ങളുടെ സുഹൃത്തുക്കളാരും പുകവലിച്ചില്ലെങ്കിൽ 1 ശതമാനത്തിൽ കുറവേ പുകവലിച്ചുള്ളു, തങ്ങളുടെ സുഹൃത്തുക്കളെല്ലാം പുകവലിച്ചെങ്കിൽ 73 ശതമാനം പേർ പുകവലിച്ചു’ എന്നാണ്. നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളുടെമേൽ സമ്മർദ്ദം ചെലുത്തുകയാണെങ്കിൽ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘മററുള്ളവരുടെ ശല്യം ഒന്നൊഴിവാകാൻ ഒരു പുകയെടുക്കുന്നതിൽ എന്താണിത്ര തെററ്?’
ക്രിസ്തീയ കുടുംബങ്ങളിൽ വളർത്തപ്പെട്ട ചില ചെറുപ്പക്കാർ അതത്ര തെററല്ലെന്നു ന്യായീകരിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.b ‘മററുള്ളവരെപ്പോലെ ആയിരിക്കുന്നതിനു’വേണ്ടി മാത്രം ഒരു സിഗരററു കൈയിൽ പിടിച്ചതായോ ഒന്ന് തങ്ങളുടെ വായിൽ വച്ചതായോ അവരിൽ ചിലർ സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നാലും, “മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു” എന്നാണു ബൈബിൾ പറയുന്നത്. (സദൃശവാക്യങ്ങൾ 1:10) ക്രിസ്തീയ കുടുംബങ്ങളിൽ വളർത്തപ്പെടുന്ന ചെറുപ്പക്കാരിൽ ഭൂരിപക്ഷവും ഈ വാക്കുകളെ ശ്രദ്ധിക്കുന്നുണ്ടെന്നതാണ് അവരേ സംബന്ധിച്ചു പ്രശംസനീയമായിരിക്കുന്നത്. പതിന്നാലു വയസ്സുകാരി മാരിബെല്ലിനു സുഹൃത്തുക്കൾ ഒരു സിഗരററു വച്ചുനീട്ടി, അവൾ അതു നിരസിച്ചു. “അവരെന്നിൽ നിന്നു പിൻമാറാൻ തുടങ്ങുകയും അവർ എന്നെ കളിയാക്കുകയും ചെയ്തു”വെന്ന് അവൾ അനുസ്മരിക്കുന്നു. ‘ലോകത്തിന്റേതിനേക്കാൾ ദൈവത്തിന്റെ അംഗീകാരമുള്ളതാണു ഏറെ നല്ലതെ’ന്നു അവൾ സ്വയം ഓർപ്പിക്കയും സമ്മർദ്ദത്തിനു വഴങ്ങാതിരിക്കയും ചെയ്തു!
യഥാർത്ഥത്തിൽ, മാരകമായ ഒരു വസ്തു ഉച്ഛ്വസിക്കാൻ ഏതുതരം സുഹൃത്തുക്കളായിരിക്കും നിങ്ങളെ പ്രേരിപ്പിക്കുക? “ഭോഷൻമാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും” എന്നു സദൃശവാക്യങ്ങൾ 13:20 മുന്നറിയിപ്പു നൽകുന്നു. ആവശ്യമെങ്കിൽ ചില പുതിയ സുഹൃത്തുക്കളെ കണ്ടുപിടിക്കുക. എന്തിന്, പുകവലിക്കാരോടൊപ്പമായിരിക്കുന്നതുതന്നെ ആരോഗ്യത്തിനാപത്താണ്! “എന്റെ സുഹൃത്തുക്കളാരും പുകവലിക്കുന്നവരല്ല. അതുകൊണ്ട് എനിക്കു കൂട്ടുകാരിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ യാതൊരു പ്രശ്നവുമില്ല” എന്നു 15 വയസ്സുകാരി ബ്രെണ്ട പറയുന്നു.
ക്രിസ്ത്യാനികളല്ലാത്ത ചെറുപ്പക്കാരെ മുഴുവൻ ഒഴിവാക്കാൻ നിങ്ങൾക്കു ഒരുപക്ഷേ സാദ്ധ്യമല്ലായിരിക്കാം. നിങ്ങളുടെ ദൃഢവിശ്വാസങ്ങൾക്കുവേണ്ടി വാദിക്കുകയും പുകവലിക്കാൻ അസന്ദിഗ്ദ്ധമായി വിസമ്മതിക്കുകയും ചെയ്യേണ്ടിവന്നേക്കാം! പുകയിലയുടെ ദൂഷ്യങ്ങളെപ്പററി അവരോടു ഒരു പ്രസംഗം നടത്തണമെന്നു ഇതു അവശ്യം അർത്ഥമാക്കുന്നില്ല. മിക്കപ്പോഴും ലളിതമായ, “വേണ്ടാ, നിങ്ങൾക്കു നന്ദി” എന്നുമാത്രം പറഞ്ഞാൽ മതിയാവും എന്നു എഴുത്തുകാരിയായ ഷാരോൺ സ്കോട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് പരാജയപ്പെടുമ്പോൾ, “വേണ്ടായെന്നാണ് ഞാൻ പറഞ്ഞത്” എന്ന ശക്തമായ വാക്കുകളിൽ നിങ്ങളുടെ വിസമ്മതം പ്രസ്താവിക്കണമെന്നാണു അവർ ശുപാർശ ചെയ്യുന്നത്.
രംഗം വിടുക, അവരുടെ വാഗ്ദാനത്തെ നിരസിക്കുക, അല്ലെങ്കിൽ വെറുതെ വിഷയം മാററുക എന്നിവയാണു മററു തന്ത്രങ്ങൾ. പുകവലിക്കുന്നതിനുള്ള സമ്മർദ്ദത്തെ എങ്ങനെ ചെറുക്കുമെന്നു പൂർവാഭിനയം നടത്താൻപോലും നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്. കൂടാതെ, സവിസ്തരമായ ഒരു വിശദീകരണത്തിനു അവർ അപേക്ഷിച്ചാൽ അതു നൽകുന്നതിനു തയ്യാറായിരിക്കണം. ബൈബിൾ പറയുന്നതുപോലെ: ‘ന്യായം ചോദിക്കുന്ന ഏവനോടും പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.’—1 പത്രൊസ് 3:15.c
യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ നൽകപ്പെടുന്ന ബൈബിൾ വിദ്യാഭ്യാസം പുകവലിയിൽ നിന്നു വിമുക്തരാകുന്നതിന് അനേകരെ സഹായിച്ചിട്ടുണ്ട്. “ശുദ്ധീകരിക്കപ്പെട്ട ഒരു പറുദീസാ ഭൂമിയിൽ പൂർണ്ണാരോഗ്യത്തോടെ എന്നേക്കും ജീവിക്കുന്നതിനേപ്പററി മററുള്ളവരോടു സംസാരിക്കുന്നതിനുള്ള അഭിലാഷം അതുപേക്ഷിക്കുന്നതിനുള്ള ഉത്തേജനം എനിക്കു നൽകി.” ഒന്നാമതുതന്നെ അതിനു തുടക്കമിടാതിരിക്കുക എന്നതാണു ജ്ഞാനമാർഗ്ഗം.—കൊലൊസ്യർ 4:5. (g91 8⁄22)
[അടിക്കുറിപ്പുകൾ]
a ഐക്യനാടുകളിലെ പുകവലിക്കാരിൽ നാലിൽ മൂന്നു ഭാഗവും 21 വയസ്സിനു മുമ്പ് പുകവലിയാരംഭിച്ചവരാണ്. ഒരു അവലോകനത്തിൽ ഒരു കൂട്ടം കൗമാരപ്രായക്കാരായ പുകവലിക്കാരിൽ പാതിപേരും തങ്ങളുടെ ആദ്യത്തെ സിഗരററ് വലിച്ചതു പ്രാഥമിക സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പായിരുന്നു.
b നിങ്ങൾ രഹസ്യമായി പുകയില പരീക്ഷിച്ചുനോക്കിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നം നിങ്ങളുടെ മാതാപിതാക്കളെ അറിയിച്ചുകൊണ്ട് സഹായം തേടുക. (സദൃശവാക്യങ്ങൾ 28:13) നിങ്ങളുടെ പ്രശ്നമറിയുമ്പോൾ അവർ പരിഭ്രമിച്ചേക്കാം. എന്നാൽ അവർ ക്രിസ്ത്യാനികളാണെങ്കിൽ അവരുടെ ആദ്യപരിഭ്രമം കുറയുമ്പോൾ തെററ് ആവർത്തിക്കുന്നതു ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ അവർ ശ്രദ്ധിക്കും. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ മേൽവിചാരകൻമാർക്കും ഇക്കാര്യത്തിൽ നിങ്ങൾക്കു വളരെ സഹായവും പ്രോത്സാഹനവും നൽകാൻ കഴിയും.—യാക്കോബ് 5:14, 15.
c പുകവലിയുടെ അപകടത്തെപ്പററിയുള്ള വിവരങ്ങൾക്കുവേണ്ടി 1991 ഓഗസ്ററ് 8-ലെ എവേക്ക്! കാണുക.
[21-ാം പേജിലെ ചിത്രം]
പുകവലി ഒരുവനെ പക്വതയുള്ളവനായി തോന്നിപ്പിക്കുന്നതിനു പകരം ഒരുവന്റെ അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തിയേക്കാം