ബൈബിളിന്റെ വീക്ഷണം
അശ്ലീലസാഹിത്യം അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്
അശ്ലീലസാഹിത്യം അശ്ലീല കടകളിലോ ലൈംഗിക പ്രദർശനങ്ങളിലോ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നില്ല. അത് പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു. ഒന്നിനു പിന്നാലെ മറെറാരു രാജ്യത്ത് അത് മാസികകളിലൂടെയും, പത്രങ്ങളിലൂടെയും, പുസ്തകങ്ങളിലൂടെയും, ടി.വി. പരിപാടികളിലൂടെയും, സിനിമകളിലൂടെയും, വീഡിയോയിലൂടെയും സാധാരണ പൗരൻമാരുടെ കണ്ണുകൾക്ക് മുമ്പിലേക്ക് തള്ളിവിടപ്പെടുകയാണ്. ഇത്ര വ്യാപകമായിരിക്കുന്ന എന്തിനെങ്കിലും യഥാർത്ഥത്തിൽ അത്ര അപകടകരമായിരിക്കാൻ കഴിയുമോ?
എന്നിരുന്നാലും, അശ്ലീലസാഹിത്യം എന്നാൽ എന്താണ്? അശ്ലീലസാഹിത്യം “ലൈംഗിക ഉത്തേജനം ഉളവാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള കാമചേഷ്ടയുടെ ചിത്രീകരണ”മെന്ന് (ചിത്രങ്ങളിലോ ലേഖനങ്ങളിലോ പോലെ) നിർവചിക്കപ്പെട്ടിരിക്കുന്നു. ആ നിർവചനം വ്യക്തമാണ്. എന്നാൽ ലൈംഗിക ഉത്തേജനത്തെ ഉണർത്തുന്നതെന്ത് അല്ലാത്തതെന്ത് എന്ന് തീരുമാനിക്കുന്നതിലേക്ക് വരുമ്പോൾ വാദങ്ങൾ ഉയരുന്നു. സത്യമായും ഒരു പരിധി വരെ അശ്ലീലസാഹിത്യത്തെ അതാക്കിത്തീർക്കുന്നത് പ്രേക്ഷകരുടെ വീക്ഷണമാണ്. മററു വാക്കുകളിൽ പറഞ്ഞാൽ, ഒരാളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതായിരിക്കില്ല മറെറാരാളെ ഉത്തേജിപ്പിക്കുന്നത്. എന്നിരുന്നാലും, അടുത്ത കാലത്ത് ജർമ്മനിയിൽ 5,000 പേരുടെ സർവ്വെ ചില തലങ്ങളിൽ കാമോദ്ദീപക വസ്തു സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ മിക്കവാറും എല്ലാവരേയും ബാധിക്കും എന്നാണ് വെളിപ്പെടുത്തപ്പെട്ടത്.
അഭിലാഷങ്ങളെ ഉണർത്തുന്നത് തെററാണോ?
ഉചിതമായ അഭിലാഷങ്ങളെ—ഏതു സ്വഭാവത്തിൽ പെട്ടതും—അതിനെ ശരിയായി തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗമില്ലെങ്കിൽ ഉണർത്തുന്നത് ബുദ്ധിശൂന്യമാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് അതീവ താല്പര്യമുള്ള ഭക്ഷണങ്ങളിൽ ഒന്ന് ലഭ്യമല്ലെങ്കിൽ, മാസികകളിലോ പുസ്തകങ്ങളിലോ ഉള്ള അതിന്റെ ചിത്രങ്ങളിൽ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് മിക്കവാറും സംതൃപ്തിയുണ്ടാവില്ല. നേരേ മറിച്ച്—ഒരുപക്ഷേ ആരോഗ്യപരമായ കാരണങ്ങളാൽ—നിങ്ങൾ അത് ഭക്ഷിക്കുവാൻ അനുവദിക്കപ്പെട്ടിട്ടില്ലെങ്കിൽ സ്ഥിരമായി അതേപ്പററി ചിന്തിച്ചുകൊണ്ടിരിക്കുന്നത് മിക്കവാറും അപകടകരമായ ലംഘനങ്ങളിലേക്ക് നയിച്ചേക്കാം. സമാനമായി, പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തി മററുള്ളവർ പുകവലിക്കുന്നത് വാഞ്ഛയോടെ വീക്ഷിച്ചുകൊണ്ട് സമയം ചെലവഴിക്കുകയാണെങ്കിൽ തന്റെ ഉദ്ദേശ്യം നേടുന്നതിനുള്ള സാധ്യത ഒട്ടും വർദ്ധിപ്പിക്കുകയില്ല.
ലൈംഗിക അഭിലാഷത്തെ സംബന്ധിച്ചാണെങ്കിൽ, ബൈബിളിന്റെ വീക്ഷണത്തിൽ, സ്നേഹനിർഭരമായ വിവാഹത്തിനുള്ളിൽ അവയെ ഉചിതമായി തൃപ്തിപ്പെടുത്തുന്നതിൽ നിന്ന് സന്തോഷം ഉളവാകുന്നു. (1 കൊരിന്ത്യർ 7:2-5; എബ്രായർ 13:4) അതുകൊണ്ട് തനിക്ക് തൃപ്തിപ്പെടുത്താൻ കഴിയാത്ത അഭിലാഷങ്ങളെ ഒരു ഏകാകിയായ വ്യക്തി ഉണർത്തുന്നത് എത്രയോ ബുദ്ധിശൂന്യമാണ്! ഇത് നിരാശയിലേക്കോ, അതിലും വഷളായി ദിവ്യനിയമങ്ങളും തത്വങ്ങളും ലംഘിച്ച് സ്വയംഭോഗത്തിലോ പരസംഗത്തിലോ ആശ്രയിച്ച് അവയെ തൃപ്തിപ്പെടുത്തുന്നതിലേക്കോ മാത്രമേ നയിക്കുകയുള്ളു.—1 തെസ്സലൊനീക്യർ 4:3-7.
നിങ്ങൾ വിവാഹിതനാണെങ്കിൽ അശ്ലീലസാഹിത്യം അപകടമല്ലെന്ന് ഇത് അർത്ഥമാക്കുന്നുണ്ടോ? ഇല്ല, നടത്തയെ സംബന്ധിച്ച ആ തിരുവെഴുത്തു നിയമം വിവാഹിതർക്കും ബാധകമാണ്. കൂടാതെ, വ്യക്തിപരമായ ഹീനാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ കളമൊരുക്കികൊണ്ട് അശ്ലീലസാഹിത്യം സ്വാർത്ഥവികാരങ്ങളെ പ്രചോദിപ്പിക്കുന്നു, എന്നാൽ സ്നേഹം ഒരുവന്റെ പങ്കാളിയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ കേന്ദ്രീകരിക്കുന്നു. അശ്ലീലസാഹിത്യം പരിഗണനയില്ലാത്തതും സ്വാർത്ഥപരവുമായ ലൈംഗികതയിലേക്ക് നയിക്കുന്നു, അത് വിവാഹബന്ധത്തിനുള്ളിൽപോലും അധഃപതിച്ചതും സ്നേഹരഹിതവുമായിത്തീരുന്നു.—1 കൊരിന്ത്യർ 13:5.
വൈവാഹിക സ്നേഹത്തെ ദൃഢപ്പെടുത്തുന്നതിനു പകരം അശ്ലീലസാഹിത്യം തരംതാഴ്ത്തിക്കൊണ്ടും വികൃതമാക്കിക്കൊണ്ടും അതിനെ നശിപ്പിക്കുന്നു. അശ്ലീലസാഹിത്യത്തിൽ ചിത്രീകരിച്ചിരിക്കുന്ന ലൈംഗിക ബന്ധങ്ങൾ അങ്ങേയററം മോശമായ വിചിത്രഭാവനകളാണ്, കാരണം അത് വൈവാഹിക ലൈംഗികബന്ധത്തെപ്പററി തെററും ഹാനികരവുമായ സന്ദേശങ്ങളാണ് കൈമാറുന്നത്. ഇതുകൂടാതെ, യഥാർത്ഥ-ജീവിതബന്ധങ്ങൾ ലൈംഗികതയേക്കാൾ വളരെയധികമാണ്; അവ ആർദ്രത, രസികത, ആശയവിനിമയം, കരുതൽ എന്നിവയിലൂടെയാണ് പണിയപ്പെടുന്നത്. ഇതിന് വിപരീതമായി, അശ്ലീലസാഹിത്യം വിവാഹ ദമ്പതികൾക്കിടയിൽ അകൽച്ച ഉളവാക്കുന്ന ഒന്നായിപ്പോലും തീർന്നേക്കാം.
അശ്ലീലസാഹിത്യം വെറും സഹജവാസനയാൽ പ്രവർത്തിക്കുന്ന മൃഗങ്ങളുടെ നിരയിലേക്ക് മനുഷ്യരെ തരംതാഴ്ത്തുന്നു. അത് ദൈവത്തിന്റെ ആത്മാവിന്റെ ഒരു ഫലമായ ആത്മനിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. (ഗലാത്യർ 5:22, 23) അത് ലൈംഗിക വൈകൃതങ്ങൾക്ക് വഴിതെളിച്ചേക്കാം. ക്രിസ്ത്യാനികൾ അശ്ലീലസാഹിത്യത്തെ വെറുക്കേണ്ടതിന്റെ ഏതാനും ചില കാരണങ്ങൾ മാത്രമാണിവ.
അതുകൊണ്ട് ബൈബിളിന്റെ ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം ഇതാണ്: “നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക . . . മകനേ, നീ പരസ്ത്രീയേ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം [അക്ഷരീയമായോ നേരിട്ടല്ലാതെ അശ്ലീലസാഹിത്യത്തിലൂടെയോ] തഴുകുന്നതും എന്ത്?”—സദൃശവാക്യങ്ങൾ 5:15-20.
എന്നുവരികിലും, ഒരു വ്യക്തിക്ക് അശ്ലീലസാഹിത്യത്തിന്റെ പിടിയിൽ നിന്നും മുക്തനാകുന്നതിനോ അതിനെ ഒഴിവാക്കുന്നതിനോ എങ്ങനെ കഴിയും?
അതിന്റെ പിടി എങ്ങനെ വിടുവിക്കാം
അശ്ലീലസാഹിത്യത്തിന്റെ ആകർഷണീയതയെ പ്രതിരോധിക്കുന്നതിന് “ദുർന്നടപ്പു, അശുദ്ധി, അതിരാഗം . . . ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ” എന്നാണ് ബൈബിൾ ബുദ്ധ്യുപദേശിക്കുന്നത്. (കൊലൊസ്സ്യർ 3:5) ഇവിടെ “മരിപ്പിപ്പിൻ” എന്ന വാക്ക് വ്യക്തമായും ഈ അധർമ്മങ്ങളിൽ ഉപയോഗിക്കപ്പെട്ടേക്കാവുന്ന ഏതെങ്കിലും ശരീരാവയവങ്ങളെ കൊല്ലുക—വെറുതെ അമർത്തിവെക്കുകയല്ല—എന്ന ആശയമാണ് പകരുന്നത്.
എന്നിരുന്നാലും, ഇത് ആലങ്കാരികമായ അർത്ഥത്തിൽ വേണം മനസ്സിലാക്കാൻ, അല്ലാതെ അക്ഷരീയമായിട്ടല്ല. ക്രിസ്ത്യാനികൾ തങ്ങളുടെ ശരീരങ്ങളെ അംഗച്ഛേദം ചെയ്യാൻ പാടില്ല. നാം അനുചിതമായ ലൈംഗിക ചിന്തകളെ ഖണ്ഡിതമായി “കൊല്ലുക”യാണെങ്കിൽ കണ്ണുകൾ പോലുള്ള നമ്മുടെ ശരീരാവയവങ്ങളെ തെററായ രീതിയിൽ ഉപയോഗിച്ചുകൊണ്ട് അശ്ലീലസാഹിത്യത്തിന്റെ വശീകരണത്തിന് വഴങ്ങുകയില്ല. (മത്തായി 5:29, 30 താരതമ്യപ്പെടുത്തുക.) ഈ കാരണത്താൽ തെററായ അഭിലാഷങ്ങൾക്കുപകരം “സത്യമായതൊക്കെയും നിർമ്മലമായതൊക്കെയും” പ്രതിഷ്ഠിക്കുക, തുടർന്ന് “ഇത് ഒക്കെയും ചിന്തിച്ചുകൊൾവിൻ” എന്നു ബൈബിൾ ബുദ്ധിയുപദേശിക്കുന്നു.—ഫിലിപ്പിയർ 4:8.
മറെറന്തിന് നമ്മെ സഹായിക്കാൻ കഴിയും? പിൻവരുന്നതുപോലുള്ള ബൈബിൾ വാക്യങ്ങൾ മനസ്സിൽ വെക്കുന്നതിനാൽ—ഒരുപക്ഷേ മനഃപാഠമാക്കുന്നതിനാൽ പോലും:
“അധർമ്മത്തെ നോക്കുന്നതിൽനിന്ന് എന്റെ കണ്ണുകളെ തിരിച്ചുവിടേണമേ.”—സങ്കീർത്തനം 119:37, NW.
“ജഡമോഹം, കൺമോഹം . . . ഇങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവിൽ നിന്നല്ല, ലോകത്തിൽ നിന്നത്രേ ആകുന്നു.”—1 യോഹന്നാൻ 2:16.
“ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നത് സ്വന്തമോഹത്താൻ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ട് മരണത്തെ പെറുന്നു.”—യാക്കോബ് 1:14, 15.
മരണത്തിൽ കൊണ്ടെത്തിക്കുന്ന പ്രതിപ്രവർത്തനശൃംഖല തുടങ്ങിവെക്കാൻ കഴിയുന്ന എന്തിനെയും ഉചിതമായി അപകടകരം എന്ന് വിളിച്ചേക്കാം, അശ്ലീലസാഹിത്യം ആ വിവരണത്തിന് യോജിക്കുന്നു! ഓർക്കുക: “ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽ നിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും.” നിങ്ങളിൽ നിന്നും നിത്യജീവനെ കവർന്നെടുക്കാൻ അശ്ലീലസാഹിത്യത്തെ അനുവദിക്കരുത്!—ഗലാത്യർ 6:8. (g91 9/8)
[19-ാം പേജിലെ ആകർഷകവാക്യം]
വൈവാഹിക സ്നേഹത്തെ ദൃഢപ്പെടുത്തുന്നതിനു പകരം അശ്ലീലസാഹിത്യം അതിനെ വികൃതമാക്കിക്കൊണ്ടും തരംതാഴ്ത്തിക്കൊണ്ടും നശിപ്പിക്കുന്നു