ഒരു പുറന്തോടിന്റെ നിർമ്മിതി
ഒരു ചായപ്പെൻസിൽ രണ്ടായി മുറിക്കാൻ എത്ര എളുപ്പമാണെന്നു നിങ്ങൾ എന്നെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാൽ ഇപ്പോൾ, ചുവന്ന കടൽചെവിയുടെ പുറന്തോട് രണ്ടായി മുറിക്കാൻ ഒന്നു ശ്രമിക്കൂ. അതു പൊട്ടിക്കാൻ മിക്കവാറും ഒരു ചുററിക വേണ്ടിവരും. എന്നിരുന്നാലും, ഈ കടൽചെവികക്ക ചോക്കുണ്ടാക്കിയിരിക്കുന്ന അതേ വസ്തു—കാൽസിയം കാർബണേററ്—കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ കക്ക വ്യത്യസ്തമായ രീതിയിൽ സംയോജിപ്പിച്ചിരിക്കുന്നുവെന്നുമാത്രം. വാസ്തവത്തിൽ, പൊട്ടലിനെ ചെറുത്തു നിൽക്കാൻ ചോക്കുചായപ്പെൻസിലിനുള്ളതിന്റെ ഏതാണ്ട് 40 മടങ്ങ് ബലം അതിനുണ്ടായിരിക്കാൻതക്കവണ്ണം അത്ര വ്യത്യസ്തമായിത്തന്നെ.
കക്കാപ്രാണി നിർമ്മാണത്തിന്റെ ഈ അത്ഭുതവിദ്യ സാധിക്കുന്നതെങ്ങനെയാണ്? യു.എസ്.എ.യിൽ സീയാററിലിലുള്ള വാഷിംഗ്ടൺ യൂണിവേഴ്സിററിയിലെ ശാസ്ത്രജ്ഞർ സമുദ്രജീവിയായ ഈ ഒച്ചിന്റെ രഹസ്യങ്ങളിൽ ചിലതു വെളിപ്പെടുത്തിയിരിക്കുന്നു. ഈ ജീവി തട്ടംപോലുള്ള അതിന്റെ ഒററയായ പുറന്തോട് പുറംലോകത്തുനിന്നുള്ള ഒരു സംരക്ഷണചുവരായി ഉപയോഗിക്കുന്നു. ബലമുള്ളതാക്കാൻ ഈ തോട് അടുക്കുകളായി വളരുന്നു. പുറത്തെ അടുക്ക് ഒപ്പനിരപ്പില്ലാത്തതും പരുക്കനുമാണ്. എന്നാൽ മുത്തുച്ചിപ്പിയെന്നു വിളിക്കപ്പെടുന്ന അതിന്റെ അകത്തെ അടുക്കു അർദ്ധതാര്യകാന്തിയിൽ സ്ഫുരിക്കുന്നതാണ്, ഇവിടെയാണ് തോടിന്റെ ബലം സ്ഥിതിചെയ്യുന്നത്.
ഈ ആന്തരിക അടുക്കിനു “പാളികളായുള്ള ഇഷ്ടികയുടെയും ചാന്തിന്റെയും ഘടനയുണ്ടെ”ന്നു വാഷിംഗ്ടണിലെ ശാസ്ത്രജ്ഞർ മനസ്സിലാക്കിയതായി സയൻസ് ന്യൂസ് കുറിക്കൊള്ളുന്നു. ഒരു മൈക്രോൺ (ഒരു മീറററിന്റെ പത്തുലക്ഷത്തിലൊന്നു) മാത്രം വീതിയുള്ള ഈ ചെറു ഇഷ്ടികകൾ കക്കതന്നെ നിർമ്മിക്കുന്ന ഒരുതരം ചാന്തുകൊണ്ടു ചേർത്തുപിടിപ്പിച്ചിരിക്കയാണ്, അതു ശാസ്ത്രജ്ഞൻമാർ ഇപ്പോഴും മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തമായ ഒരു പശയാണ്. ഈ സൂക്ഷ്മങ്ങളായ “ഇഷ്ടികകളു”ടെ അടുക്കുകൾ തൊട്ടടുത്ത അടുക്കുകളിലൂടെ തെന്നിമാറിക്കൊണ്ട് ആഘാതത്തെ ആഗിരണം ചെയ്യുന്നുവെന്നു ശാസ്ത്രജ്ഞർ പറയുന്നു. തൽസമയം, ചാന്തിന്റെ ജൈവഅടുക്കുകൾ എങ്ങനെയോ പ്രത്യേകതരം “ബന്ധനവസ്തുക്കൾ” കൊണ്ടു അവിടെയുളവാകുന്ന വിടവുകളടയ്ക്കുന്നു. പൊട്ടലിനെ തടയുവാൻ ഈ പുറന്തോടിന് മൊത്തത്തിൽ അഞ്ച് യാന്ത്രികപ്രക്രിയകളുണ്ടായിരിക്കാം.
സമാനമായ സാങ്കേതികവിദ്യ ഉറപ്പുള്ള കളിമൺപാത്രനിർമ്മാണത്തിൽ വികസിപ്പിച്ചെടുക്കുന്നതിനു ശാസ്ത്രജ്ഞൻമാർ ശ്രമിക്കാൻതക്കവണ്ണം കക്കയുടെ അസാമാന്യ ശക്തിയുള്ള ഈ പുറന്തോട് അവർക്ക് അത്ര ഹൃദയഹാരിയായിത്തീർന്നിരിക്കയാണ്. അവർ വിജയിച്ചാൽ തീർച്ചയായും അവരുടെമേൽ പ്രശംസ വർഷിക്കപ്പെടും. അവർ ആരുടെ നിർമ്മാണത്തെ അനുകരിക്കാൻ പാടുപെടുന്നുവോ ആ വലിയ രൂപസംവിധായകന്റെ നിരുപമ കല്പനാവൈദഗ്ദ്ധ്യത്തിന് എത്ര വിരളമായേ അവനു ബഹുമതി നൽകപ്പെടുന്നുള്ളുവെന്നത് എത്രയോ സങ്കടകരം!—ഇയ്യോബ് 37:14. (g91 9⁄22)