ആ ഹൃദയാപഹാരികളായ ശംഖുകൾ
ഫിലിപ്പീൻസിലെ “ഉണരുക!” ലേഖകൻ
ഫിലിപ്പീൻസിലെ ബോഹോൾ എന്ന ദ്വീപിൽ 1838-ാം വർഷത്തിൽ ഇതു സംഭവിച്ചു. ആ സംഭവം ഒരു ബ്രിട്ടീഷ് ശ്രേഷ്ഠകുലജാതനെ പുളകപ്രവാഹത്താൽ മോഹാലസ്യത്തിന്റെ വക്കിലെത്തിച്ചു. ആ മനുഷ്യൻ കക്കാപ്രാണികളെയും കക്കാകളെയും കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രകാരനായ ഹഗ്ഗ് കുമ്മിംഗ് ആയിരുന്നു. അയാൾ ശംഖുകളെക്കുറിച്ചു പഠനം നടത്തുന്ന ഒരു പ്രകൃതി ശാസ്ത്രജ്ഞനായിരുന്നു. ആ സന്ദർഭത്തിൽ “കടലിന്റെ മഹത്വം” എന്നർത്ഥമുള്ള കോനസ് ഗ്ലോറിയ-മാരിസ് എന്നറിയപ്പെടുന്ന മൂന്നു ശംഖുകൾ കുമ്മിംഗ് കണ്ടെത്തി.
ആ വികാരോജ്വലതയെല്ലാം മൂന്നു കടൽ ശംഖുകളെക്കുറിച്ചായിരുന്നോ? നിശ്ചയമായും, അതെ! അപൂർവ വസ്തുക്കൾ ശേഖരിക്കുന്ന ഒരുവന്റെ സ്വപ്നം ഹഗ്ഗ് കുമ്മിംഗ് നിറവേറ്റി. കടലിന്റെ മഹത്വം എന്നതു അപൂർവവും അനന്യവുമായ വിലയേറിയ ഒരിനം ശംഖാണ്. 1965 വരെ ഇവയിൽ 25 എണ്ണം മാത്രമേ കണ്ടുപിടിക്കപ്പെട്ടിരുന്നുള്ളു. ഏറ്റവും വലുതു ഫിലിപ്പീൻസിലുള്ള ഒരു ശേഖരണത്തിൽ ഉൾക്കൊള്ളുന്നുണ്ട്. അശ്മകമാക്കപ്പെട്ടതാണെങ്കിലും രൂ. 12,000 കൂടുതൽ വില മതിക്കത്തക്കതാണെന്നു പറയപ്പെടുന്നു.
ഫിലിപ്പീൻസ് ശംഖുശേഖരിക്കുന്നവരുടെ ഒരു പറുദീസയാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 13 ശംഖുകളിൽ 3 എണ്ണം ഈ രാജ്യത്തു നിന്നാണു ശേഖരിച്ചിട്ടുള്ളത്. ശംഖുകളും പിലിപ്പീൻസും എന്ന പ്രസിദ്ധീകരണം പ്രസ്താവിക്കുന്നു: “ശംഖുകൾ വഹിക്കുന്ന പ്രാണികളുടെ ഐതിഹാസികമായ നാനാവിധത്വത്തിന് ഇൻഡോ-പസിഫിക്കും ചെങ്കടലിൽനിന്ന് എത്തുന്ന വിശാലമായ ജലാശയങ്ങളും ഇൻഡ്യൻ മഹാസമുദ്രത്തിനു കുറുകെയുള്ള ആഫ്രിക്കയുടെ കിഴക്കെ തീരങ്ങളും ഫസിഫിക്കിലെ ഹാവായ്ക്കപ്പുറമുള്ള സമുദ്ര ഭാഗങ്ങളും ഈസ്റ്റർ ദീപുകളുമാണു പ്രസിദ്ധമായിത്തീർന്നിട്ടുള്ളത്. എന്നാൽ ഈ വിസ്തൃതമായ മേഖലയുടെ മദ്ധ്യത്തിൽ, ശംഖു ശേഖരണം നടത്തുന്നവർക്കു ഒരു മെക്കയായി സ്ഥിതിചെയ്യുന്നതു ഫിലിപ്പീൻസിലെ അർക്കിപ്പെലാഗോയും അതിനോടനുബന്ധിച്ചുള്ള ആയിരക്കണക്കിനു ദ്വീപുകളും സമുദ്രജലപ്പരപ്പിലോ ജലപ്പരപ്പിനു സമീപമോ ഉള്ള കടൽപ്പാറനിരകളും കടലിടുക്കുകളും ഉൾക്കടലുകളും കടലുകളും തീരത്തുനിന്നുകുറെ അകലെയായുള്ള ആഴങ്ങളുമാണ്.”
ശംഖകൾ വരുന്നത് എവിടെ നിന്നാണ്?
മിക്കവാറും എല്ലാ ഭാഗങ്ങളിലും കക്കാപ്രാണിക്ക് സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നതാണ് ശംഖുകൾ. ഈ കക്കാപ്രാണികൾ നട്ടെല്ലില്ലാത്ത മാർദ്ദവ ശരീരമുള്ള ജന്തുക്കളാണ്. ഇവയിൽ കടൽ ഒച്ചുകൾ, രണ്ടു ഭാഗങ്ങളുള്ള കക്കാപ്രാണികൾ (ശുക്തികൾ) അഥവാ ചിപ്പികൾ എന്നിവ ഉൾപ്പെടുന്നു. കക്കാപ്രാണികൾ സാധാരണയായി ആന്തരികാവയവങ്ങൾ, തല, പാദം എന്നിവയും തൊലിപോലുള്ള ഒരു പുറങ്കുപ്പായവും ഉള്ളവയാണ്. ഇതിന്റെ പുറങ്കുപ്പായം സ്രവിപ്പിക്കുന്ന ദ്രാവകപദാർത്ഥമാണ് ശംഖായിത്തീരുന്നത്. ഇവ അടുക്കുകളായി രൂപാന്തരപ്പെടുന്നു. ഇവക്കു ഗ്ലാസിനെക്കാൾ കടുപ്പമുണ്ട്. ഈ പദാർത്ഥം മുറിക്കുന്നതിനു പ്രത്യേക പണിയായുധങ്ങൾ ആവശ്യമാണു.
രണ്ടു ശംഖുകൾ ഒരിക്കലും കൃത്യമായും ഒരുപോലെയായിരിക്കയില്ല. ഓരോ ജാതിക്കും അതിന്റേതായ അടിസ്ഥാനപരമായ വംശപാരമ്പര്യ മാതൃകയുണ്ട്. ഇതിനു പാരിസ്ഥിതിക വസ്തുതകളും ഒരു പങ്കുവഹിക്കുന്നുണ്ട്. നിറവും അലങ്കാരവും പറങ്കുപ്പായത്തിലുള്ള പ്രത്യേക ഗ്രന്ഥികളിൽ നിന്നാണുണ്ടാകുന്നത്. പുറമെ ഒരു ശംഖുള്ള ഏറ്റവും വലിയ ജീവിക്കുന്ന നത്തക്കക്ക ജയൻറ് ക്ലാം (Tridacna gigas) ആണ്. ഇത് അഞ്ചടി നീളം വരെ വളരുന്നു. എന്നിരുന്നാലും അശ്മക ശംഖുകൾ 15 അടിവരെ നീളമുള്ളവയായി കാണപ്പെട്ടിട്ടുണ്ട്.
അഞ്ചു പ്രധാന വിഭാഗങ്ങൾ
സാധാരണയായി പറയുകയാണെങ്കിൽ, കക്കാപ്രാണികൾ അഞ്ചുപ്രധാന വിഭാഗങ്ങളായി തരംതിരിക്കപ്പെടാവുന്നവയാണ്. “ചുറ്റും” “ഞരമ്പ്” എന്നർത്ഥം വരുന്ന ഗ്രീക്കു പദങ്ങളിൽ നിന്നുണ്ടായിട്ടുള്ള ആംഫിന്യൂറാ എന്നതാണ് ഒന്ന്. ഈ കക്കാപ്രാണികൾക്ക് അവയുടെ ശരീരത്തിനു ചുറ്റും രണ്ടു ഞരമ്പു പാശങ്ങളുണ്ട്. ഒരു പരുപരുത്ത അരപ്പട്ടയാൽ മടങ്ങിക്കിടക്കുന്ന എട്ടു ശംഖു പിഞ്ഞാണികളെ ഒരുമിച്ചു പിടിക്കുന്ന സവിശേഷതയുള്ള “മാർകവച” ശംഖുകൾ ഇവ ഉല്പ്പാദിപ്പിക്കുന്നു. പുരാതന പടച്ചട്ടയോടു സാമ്യമുള്ളതിനാലാണു ശംഖിന് ഇതിന്റെ പേരു ലഭിച്ചിരിക്കുന്നത്. ആംഫിന്യൂറാ ഇണക്കമുള്ള ജീവികളാണ്. ഇവ പാറപ്പുറത്തു ഇഴഞ്ഞുകയറി സസ്യാദികൾ ചുരണ്ടിത്തിന്നുന്നു. യുദ്ധതന്ത്രരൂപത്തിലുള്ള ഇവയുടെ ഏകസവിശേഷത കപടതന്ത്രം പ്രയോഗിച്ചു ശത്രുവിനെ ഹനിക്കുവാനുള്ള വിശിഷ്ടമായ പ്രാപ്തിയാണ്.
ഏറ്റവും വലിയ വർഗ്ഗത്തിലുള്ള നത്തക്കക്ക ഗാസ് ട്രോപോഡയാണ്. ഈ പേര് “വയറ്” “പാദം” എന്നിവക്കുള്ള ഗ്രീക്കു പദങ്ങളിൽനിന്നു വന്നിരിക്കുന്നു. ഇവ ശരീരത്തിനടിയിലുള്ള ഒരു പാദം കൊണ്ടാണ് ചലിക്കുന്നത്. ഈ പ്രധാന വിഭാഗത്തിൽ 50,000 ഇനങ്ങളുണ്ട്. ഇതിൽ കടലിന്റെ മഹിമയെന്ന പ്രശസ്ത ഇനവും ഉൾപ്പെടുന്നു. ഈ ഇനം കക്കാ പ്രാണിയിലും കടൽ ഒച്ചുകൾ, ഒരിനം ചെറിയ കക്കാപ്രാണികൾ, നത്തക്കാ, കടൽകക്കാ എന്നിവയും ഉണ്ട്.
ഒറ്റ പുറന്തോടുമാത്രമുള്ളതിനാൽ ഗാസ്ട്രോപോഡ യൂനിവാൽവ്സ് എന്നു വിളിക്കപ്പെടുന്നു. ഒച്ചുശംഖുകൾക്കു സർപ്പിളാകാരമായ അഥവാ ചുരുളായ ആകൃതിയുള്ളതായി നിങ്ങൾ ശ്രദ്ധിച്ചിരിക്കും. മിക്കവാറും ഗാസ്ട്രോപോഡകളും ഘടികാരദിശയിൽ ചുറ്റിവളരുന്നു, അല്പം ചില ചുരുളുകൾ ഇടതു വശമായിട്ടും ചുറ്റുന്നു. സാധാരണയായി കർമ്മനിരതനായ ഗാസ്ട്രോപോഡ സസ്യാദികളും മാംസവും ഭക്ഷിക്കുന്നു. ശല്യപ്പെടുത്തുകയാണെങ്കിൽ, അവ അവയുടെ ശംഖുകൾക്കുള്ളിൽ കടന്നു “വാതിൽ” അടക്കുന്നു. കൊമ്പിന്റെ പ്രകൃതമുള്ള ഈ നാളികളെ ഒപ്പർക്കുലം എന്നു വിളിക്കുന്നു.
മറ്റൊരു വർഗ്ഗം കക്കാപ്രാണികൾ പെലിസിപോഡയാണ്. “കൈക്കോടാലി” “പാദം” എന്നിവക്കുള്ള ഗ്രീക്കു പദങ്ങളിൽ നിന്നാണ് ഈ പേരു വന്നിട്ടുള്ളത്. ഇവക്കു കൈക്കോടാലിരൂപത്തിലുള്ള മാംസപേശിയുള്ള പാദമുള്ളതിനാൽ ചലനത്തിനായി ഇതുപയോഗിക്കുന്നു. ഇണക്കമുള്ള രണ്ടു ശംഖുകൾ ഇവക്കുള്ളതിനാൽ ഈ കക്കാ പ്രാണികൾ ബൈവാൽവുകൾ എന്നറിയപ്പെടുന്നു. എല്ലാ ബൈവാൽവുകളും സസ്യഭുക്കുകളാണ്. പാറമേൽ പറ്റിപ്പിടിച്ചോ മണലിലോ ചെളിയിലോ കുഴിച്ചുചെന്നോ അവയിൽ അനേകവും തങ്ങൾക്കു സ്ഥിരമായ ഭവനങ്ങൾ ഉണ്ടാക്കുന്നു.
നാലാമത്തെ വർഗ്ഗം സ്ക്കഫോപോഡയാണ്. ഗ്രീക്കിലുള്ള ഈ വാക്കുകളുടെ അർത്ഥം “ബോട്ടും” “പാദ”വും എന്നാണ്. ഈ കക്കാപ്രാണിയുടെ 350 ഓളം ജാതികളുണ്ട്. ഇവ മഹാസമുദ്രത്തിൽ ജീവിക്കുന്നു. ഏതാണ്ടൊരു ചെറിയ ബോട്ടുപോലെയുള്ള കൂർത്ത പാദങ്ങൾ ഇവയ്ക്കുണ്ട്. ഇതു കൊണ്ട് ഇവ മണൽ തുരന്ന് കക്കായുടെ ഒരറ്റം വെള്ളത്തിലേക്കു കൂർത്തു നില്ക്കത്തക്കവണ്ണം വിടുന്നു. ഇവയുടെ ശരീരം രണ്ടറ്റവും തുറന്ന കുഴൽപോലെയുള്ള ഒരൊറ്റ കക്കകൊണ്ടു മൂടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അനേകരും ഇതിനെ “പല്ല്” അഥവാ “ദന്ത” ശംഖുകൾ എന്നു വിളിക്കുന്നു. ഒരു ചെറിയ ദ്വാരത്തിലൂടെ ഈ ജീവി വെളിയിലേക്കു നീട്ടുന്ന അള്ളിപ്പിടിക്കുന്ന അവയവങ്ങൾ കൊണ്ടു ചെറിയ ജൈവ പദാർത്ഥങ്ങൾ പടിച്ചെടുത്തു ഭക്ഷിക്കുന്നു.
അഞ്ചാമത്തെ വിഭാഗം കക്കാപ്രാണിയായി ഉടനെതന്നെ അംഗീകരിക്കാതിരുന്നേക്കാവുന്നതാണ്. ഇവ കെഫലോപോഡ എന്ന പേരിൽ അറിയപ്പെടുന്നു. “തലയും” “പാദവും” എന്നർത്ഥം വരുന്ന ഗ്രീക്കു വാക്കുകളിൽ നിന്നാണ് ഈ പേരു വന്നിട്ടുള്ളത്. തലക്കു ചുറ്റും മുഖത്തുമായി കൂട്ടമായി കാണപ്പെടുന്ന അള്ളിപ്പിടിക്കുന്ന (സാധാരണയായി എട്ടോ പത്തോ) അവയവങ്ങളാലാണ് ഈ വർഗ്ഗം തിരിച്ചറിയപ്പെടുന്നത്. ഈ വിഭാഗത്തിൽ കണവയും കണവപോലുള്ള ഒരു തരം ജീവിയും കിനാവള്ളിയും ഉൾപ്പെടുന്നു. എന്നിരുന്നാലും കെഫലോപോഡ വിഭാഗത്തിൽ 800 ജാതികളുണ്ട്. ഇവയിൽ മുകളിൽ കാണപ്പെടുന്ന ചേംബേർഡ്നോട്ടിലസിനു മാത്രമേ പുറന്തോടുള്ളു.
സന്തോഷത്തിനു വേണ്ടി ശംഖു ശേഖരിക്കൽ
ശംഖുകൾ ശേഖരിക്കുന്നതു സന്തോഷകരമാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അങ്ങനെയെങ്കിൽ, ആരംഭിക്കാനുള്ള ഒരു നല്ല സ്ഥലം കടൽ തീരമാണ്. കടൽ തീരങ്ങളിലും ആഴം കുറഞ്ഞഭാഗങ്ങളിലും മനോഹരമായ ശംഖുകൾ ധാരാളമുണ്ട്. മോശമായ കാലാവസ്ഥ നിങ്ങളെ നിരുത്സാഹപ്പെടുത്താൻ നിങ്ങൾ അനുവദിക്കരുത്. കൊടുങ്കാറ്റുമൂലം ഉജ്വലപ്രഭയുള്ള ധാരാളം ശംഖുകൾ ബീച്ചിൽ അങ്ങും ഇങ്ങും ചിതറിക്കിടക്കും.
എന്നിരുന്നാലും ആകർഷകത്വമുള്ളവയെ കണ്ടുപിടിക്കുന്നതു കഠിനാദ്ധ്വാനമാണ്. മണലിൽ കുഴിച്ചു നോക്കാനും ചാലുകളിലും കുഴികളിലും പരിശോധിക്കാനും നിങ്ങൾക്കു മനസ്സുണ്ടായിരിക്കണം, തെന്നുന്ന ചില്ലുകളിലും തിരമാലകൾ കയറിയിറങ്ങുന്ന നിരപ്പു സ്ഥലങ്ങളിലും നിങ്ങൾ അന്വേഷിക്കണം. അല്പ ദൂരം നിങ്ങൾ നീന്തിപോകുന്നതിനാലും പവിഴങ്ങളും പാറകളും തിരിച്ചു നോക്കുന്നതിനാലും വിചിത്രമായ കണ്ടുപിടിത്തങ്ങളുടെ ഒരു സമൂഹത്തിൽ നിങ്ങൾ വന്നെത്തിയേക്കാം. നദികളുടെ സമീപത്തും കരയിലും വിവിധ തരത്തിലുള്ള ശംഖുകൾ നിങ്ങൾ കണ്ടേക്കാം. ദൃഷ്ടാന്തത്തിന്, മരത്തിലും കരയിലുമുള്ള നിരവധി ഒച്ചുകൾ മനോഹരരൂപത്തിലും വർണ്ണത്തിലും ഉള്ളവയുണ്ട്.
എന്നാൽ സൂക്ഷിക്കുക! രേണുശംഖു (സൂച്യാകാരമായ) പോലെയുള്ള ചില ശംഖുകൾക്കുള്ളിൽ വിഷമുള്ള കക്കാപ്രാണി ചത്തതുപോലെ മറഞ്ഞിരിക്കും. അവയിൽ ചിലതു മാംസഭുക്കുകളാണ്. അവയുടെ അഞ്ചോ ആറോ ചാട്ടുളിപോലുള്ള തൊലിക്കു തൊട്ടു താഴെ കുത്തിയിറക്കാൻ പര്യാപ്തമായ സൂചികൾ കൊണ്ട് അവ കുത്തി ഇരയെ മരവിപ്പിച്ചുകളയുന്നു. അവ വീര്യമുള്ള ഭക്ഷണത്തിൻമേൽ അഥവാ മാനുഷകരത്തിൽ വിവേചനരഹിതമായ ആഘാതമേൽപ്പിക്കും. ചില ശംഖുശേഖരണക്കാരുടെ മരണങ്ങൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതിൽ നിന്നാണ് ഇതു സംബന്ധിച്ച സത്യം കണക്കാക്കപ്പെട്ടിരിക്കുന്നത്. സൂച്യാകാരശംഖുകളെ ഒരു വലയിലോ അഥവാ ഒരു പാത്രത്തിലോ പിടിച്ചെടുക്കുക. ഇടുങ്ങിയ അഗ്രത്തിലൂടെ അവയെ ഒരിക്കലും പിടിക്കരുത്.
സൂക്ഷ്മവും സമർത്ഥവുമായ വൃത്തിയാക്കൽ നിങ്ങൾ കണ്ടെടുത്തവയെ മെച്ചപ്പെടുത്തും. ചില രീതികൾ ഇവയാകുന്നു: തിളപ്പിക്കൽ, ചാരവെള്ളത്തിൽ കുതിർത്തുവെക്കൽ, ബ്ലീച്ചുകൊണ്ടു ശുചിയാക്കൽ പൊറ്റ പിടിച്ച വസ്തുക്കൾ ചെത്തിമാറ്റുക, ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിച്ചു കൈകാര്യം ചെയ്യുക. തിളപ്പിച്ചോ അഥവാ ഒരു കൊളുത്തു കൊണ്ടോ അതുപോലെയുള്ള മറ്റു മാർഗ്ഗങ്ങളുപയോഗിച്ചോ മാംസം മുഴുവൻ നീക്കാൻ നിങ്ങൾക്കു സാദ്ധ്യമല്ലെങ്കിൽ എറുമ്പുകൾ സാധാരണയായി ഒരു നല്ലവേല ചെയ്യുന്നതായിരിക്കും. ഏതു പെരുമാറ്റത്തിനു ശേഷവും പ്രത്യേകിച്ചും അതേ സ്ഥലത്തുവെച്ചുതന്നെ നടത്തുന്ന ആസിഡ് ചികിൽസക്കു ശേഷം ശംഖുകൾ വെറും വെള്ളത്തിൽ നന്നായി കഴുകുക. ഇപ്പോൾ നിങ്ങൾക്കു അതിഗംഭീരമായ കുറെ ശംഖുകൾ പ്രദർശിപ്പിക്കാനുണ്ട്.
എന്നിരുന്നാലും ശംഖുകൾ വൃത്തിയാക്കുന്നതിനു ചിന്തിക്കുമ്പോൾ, നിങ്ങൾ ചെയ്യരുതാത്ത ചില കാര്യങ്ങൾ അനുഷ്ഠിക്കണം. ശംഖുകൾ ഒരിക്കലും ആസിഡിൽ കുതിർക്കരുത്. നേരിട്ടു സൂര്യപ്രകാശത്തിൽ വെക്കുന്നതിനെ ഒഴിവാക്കുക. കട്ടിയുള്ള ശംഖുകൾ ഉടഞ്ഞുപോകുമെന്നതിനാൽ തിളക്കുന്ന വെള്ളത്തിൽ ഇടരുത്.
കക്കാപ്രാണികൾ ലോകത്തെമ്പാടും ഉണ്ട്. അവ ഉപരിതലത്തിലോ ആഴമുള്ള വെള്ളത്തിലോ അതുപോലെതന്നെ കരക്കു മുകളിലോ അടിയിലോ കണ്ടെത്തപ്പെടാവുന്നതാണ്. നിരവധി വ്യക്തികൾക്കു ശംഖുശേഖരണം യഥാർത്ഥത്തിൽ സന്തോഷകരമായ ഒരു വിനോദമാണ്. (g85 12/8)
[26, 27 പേജുകളിലെ ചിത്രങ്ങൾ]
ജയൻറ് ക്ലാം
സാധാരണ പെൻറിൽട്രാപ്
കദന്ത ശംഖുകൾ
ചേംബോർഡ് നോട്ടിലസ്