പവിഴപ്പുറ്റുകളുടെ വർണപ്പകിട്ടാർന്ന ലോകം
പാപ്പുവ ന്യൂഗിനിയിലെ ഉണരുക! ലേഖകൻ
പാപ്പുവ ന്യൂഗിനിയുടെ തീരത്ത് പവിഴപ്പുറ്റുകളുടെ നിര ഒരു അസാധാരണ ദൃശ്യമല്ല. പോയനാളുകളിലെ നാവികർ അവയെ അപകടം വരുത്തിവെക്കുന്നവയായി മാത്രമാണു കണ്ടിരുന്നത്. എന്നാൽ പവിഴപ്പുറ്റുകൾക്കു ചുറ്റുമുള്ള ജലത്തിൽ പര്യവേക്ഷണം നടത്തിയിട്ടുള്ളവർക്ക് അവ മികവുറ്റ സൗന്ദര്യത്തിന്റെയും വർണത്തിന്റെയും പ്രശാന്തതയുടെയും ഒരു ലോകത്തിലേക്കുള്ള കവാടമാണ്—ഒരു ജലാന്തർ ബഹുവർണരൂപദർശിനിയാണ്!
ഈ ജലാന്തർലോകത്തെ ഫിലിമിൽ പകർത്തുന്നത് ഒരു യഥാർഥ വെല്ലുവിളിയാണ്. ഒരു കാരണം ജലത്തിനടിയിലുള്ള വസ്തുക്കൾ അവ ആയിരിക്കുന്ന അത്രയും ദൂരത്തിൽ കാണപ്പെടുന്നില്ല എന്നതാണ്, പകരം അവ യഥാർഥ ദൂരത്തിന്റെ ഏതാണ്ടു നാലിൽ മൂന്നു ഭാഗം മാത്രം അകലെയായിരിക്കുന്നതായി കാണപ്പെടുന്നു; അതുകൊണ്ട് ഫോക്കസ് ചെയ്യുക ബുദ്ധിമുട്ടാണ്. ജലം പ്രകാശത്തെ ആഗിരണം ചെയ്യുകയും ചിതറിക്കുകയും അപവർത്തനത്തിനു വിധേയമാക്കുകയും ചെയ്യുന്നു. കൂടാതെ, കാലാവസ്ഥ, സൂര്യരശ്മികൾ പതിക്കുന്ന കോൺ, ആൽഗകളുടെയും പ്ലവകങ്ങളുടെയും സാന്നിധ്യം, വെള്ളത്തിന്റെ ആഴം, കടൽത്തട്ടിന്റെ ഇനം, നിറം എന്നിവ വർണങ്ങളെ വൻതോതിൽ വ്യത്യാസപ്പെടുത്തുന്നു. ജലവും ഫോട്ടോയെടുക്കപ്പെടുന്ന വസ്തുവും ഫോട്ടോഗ്രാഫറും എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നുവെന്നതു സംഗതിയെ ഏറെ ദുഷ്കരമാക്കുന്നു!
എങ്കിലും, ഫോട്ടോഗ്രാഫർമാരിൽ ചിലർക്ക് ഇതിൽ കുറെയൊക്കെ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിങ്ങൾ ഇവിടെ കാണുന്ന ചിത്രങ്ങൾ ജലാന്തർ പര്യടനവേളകളിൽ എടുത്തിട്ടുള്ളവയാണ്. തിരമാലകൾക്കടിയിൽവെച്ചു ഫിലിമിൽ ഒപ്പിയെടുത്ത ഹൃദയഹാരികളായ ജീവികളിൽ നാലെണ്ണത്തെ ഞങ്ങൾ നിങ്ങൾക്കു പരിചയപ്പെടുത്തട്ടെ.
1-ാമത്തെ ഫോട്ടോ കടുവാ കവടി (സൈപ്രയിയ ടൈഗ്രിസ്) എന്നു വിളിക്കപ്പെടുന്ന സുന്ദരനായ ഒരു സമുദ്ര വാസിയുടേതാണ്. അതിന്റെ മനോഹര മാതൃകയിലുള്ള പുറന്തോടിൽ വരകൾക്കുപകരം പുള്ളികളാണുള്ളതെന്ന കാര്യം പരിചിന്തിക്കുമ്പോൾ ഈ പേര് അസാധാരണമായി തോന്നുന്നു. കടുവാ കവടിയുടെ ആഹാരം പവിഴവും സ്പോഞ്ജുകളും ആയതുകൊണ്ട് അതിനു പറ്റിയ വാസസ്ഥലമാണിത്. ഈ കവടി പുരാതന ചൈനാക്കാരെ വളരെയധികം ആകർഷിച്ചു. അങ്ങനെ അവർ അതിന്റെ പുറന്തോട് ഒരുതരം കറൻസിയായി ഉപയോഗിച്ചു. ഇവിടെ പാപ്പുവ ന്യൂഗിനിയിൽ ഇപ്പോഴും കവടി തോടുകൾ ചില പ്രാദേശിക കമ്പോളങ്ങളിൽ ചില്ലറ നാണയങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്. എങ്കിലും, അവിടുത്തെ നിവാസികൾ അവ ശേഖരിക്കുന്നതു കൂടുതലും മിനുസമാർന്ന ആ തോടുകളുടെ മനോഹാരിത കണ്ടിട്ടാണ്.
2-ാമത്തെ ഫോട്ടോ മനോഹര വർണങ്ങളോടുകൂടിയ കുഴൽപ്പുഴുവിന്റേതാണ് (സ്പൈറോബ്രാഞ്ചസ് ജൈഗാൻറിയസ്). അത് മൃതമായ പവിഴപ്പുറ്റിലോ ജീവനുള്ള പവിഴപ്പുറ്റ് തുരന്ന് അതിനുള്ളിലോ പാർക്കുന്നു. വിശ്രമവേളയിൽ അതിനെ കണ്ടാൽ ഒരു പുഷ്പമാണെന്നു തോന്നും. എന്നാൽ വിശക്കുമ്പോൾ അത് അതിന്റെ ഗ്രാഹികൾ ചുരുട്ടി ഒരു “വല”യുണ്ടാക്കുന്നു. അരികിലൂടെ കടന്നുപോകുന്ന ആഹാരശകലങ്ങൾ വേഗം കുരുക്കിലാക്കുന്നതിനാണിത്. രോമാവൃതമായ ഗ്രാഹികൾ ചലിപ്പിച്ചുകൊണ്ടുനിൽക്കുന്ന അതിനെ കണ്ടാൽ, വിശറികൾ വീശി നൃത്തംചവിട്ടുന്ന കൊച്ചു നർത്തകരുടെ ഒരു നിരയാണെന്നു തോന്നിപ്പോകും. ഫോട്ടോയിൽ കാണുന്ന ഈ കുഴൽപ്പുഴുവിന് 10 മില്ലിമീറ്റർ വണ്ണമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പെട്ടെന്നു ചലനമുണ്ടാക്കാതിരിക്കാൻ ഫോട്ടോഗ്രാഫർ ശ്രദ്ധിക്കണം. അപകടസൂചന എന്തെങ്കിലും കിട്ടിയാൽ മതി, കണ്ണിമയ്ക്കുന്നനേരംകൊണ്ട്, മനോഹരമായ ഈ കൊച്ചു ജീവികൾ തങ്ങളുടെ അസ്ഥികൂട ഭവനത്തിലേക്കു വലിഞ്ഞുകളയും.
3-ാമത്തെ ഫോട്ടോ സ്പോഞ്ജിന്റേതാണ്. നിങ്ങളുടെ ബാത്ത്ടബ്ബിൽ പൊന്തിക്കിടക്കുന്ന കൃത്രിമ സ്പോഞ്ജിനോട് ഇതിനു യാതൊരു സാദൃശ്യവുമില്ല. വാസ്തവത്തിൽ സ്പോഞ്ജ് ഒരു ജന്തുവാണ്, സസ്യമല്ല. തികച്ചും അസാധാരണമായ രീതിയിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന സുഷിരങ്ങളോടുകൂടിയ ഒരു കോശസമൂഹമാണത്. സ്പോഞ്ജുകളിലെ കോശങ്ങൾ “സുസംഘടിതമോ പരസ്പരാശ്രിതമോ അല്ല” എന്ന് സമുദ്രാന്തർഭാഗം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “അതുകൊണ്ട്, ജീവനുള്ള ഒരു സ്പോഞ്ജിനെ കഷണങ്ങളായി പറിച്ചുകീറിയാൽ ഓരോ ഭാഗവും ഒടുവിൽ ഒരു പുതിയ സ്പോഞ്ജായിത്തീരും. വ്യതിരിക്ത കോശങ്ങൾ വേർതിരിക്കപ്പെട്ടാൽക്കൂടി അവ അമീബകളെപ്പോലെ പുളഞ്ഞ് അടുത്തുകൂടുകയും വീണ്ടും പൂർണ സ്പോഞ്ജായി തീരുകയും ചെയ്യും.”
സ്വന്തമായി ആഹാരം നിർമിക്കുന്ന സസ്യത്തിൽനിന്നു വ്യത്യസ്തമായി സ്പോഞ്ജ് ആഹാരത്തിനായി “വേട്ടയാടുന്നു.” അത് അതിനു ചുറ്റുമുള്ള വെള്ളം ഉള്ളിലേക്കു വലിച്ചെടുത്തിട്ട് അതിൽനിന്ന് ജൈവ പദാർഥങ്ങളെ അരിച്ചെടുക്കുന്നു. മറ്റേതൊരു ജന്തുവിനെയും പോലെ അത് ആഹാരം ദഹിപ്പിക്കുകയും വിസർജ്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു. പാറകളിലോ കടൽത്തട്ടിൽ കിടക്കുന്ന പുറന്തോടുകളിലോ സ്പോഞ്ജുകൾ പറ്റിപ്പിടിച്ചിരിക്കുന്നതു നിങ്ങൾക്കു കാണാം.
അവസാനമായി, 4-ാമത്തെ ഫോട്ടോ എളിയ ചിപ്പിയുടേതാണ്. പൊതുവേ ചലനശേഷിയില്ലാത്ത അതിനെ പവിഴപ്പാറകളിലോ കടൽത്തറയിലോ അനായാസം കണ്ടെത്താൻ കഴിയും. ഇവയിൽ മിക്കതും വെള്ളത്തിൽനിന്നു പ്ലവകങ്ങളെ അരിച്ചെടുത്തു ഭക്ഷിക്കുന്നു. ചിപ്പിക്കു രണ്ടു കവചങ്ങൾ അഥവാ വാൽവുകൾ ഉള്ളതുകൊണ്ട് അതിനെ ദ്വിവാൽവ് മൊളസ്ക് എന്നു വിളിക്കുന്നു. ഒരു സ്നായു അവയെ ഒന്നിച്ചു നിർത്തുകയും ശക്തിയേറിയ രണ്ടു പേശികൾ അവയെ അടയ്ക്കാനും തുറക്കാനും സഹായിക്കുകയും ചെയ്യുന്നു. ചിപ്പിക്ക് എങ്ങോട്ടെങ്കിലും നീങ്ങേണ്ടിവരുമ്പോൾ അതിന്റെ അടപ്പു തുറക്കുകയും മാംസളമായ പാദം അൽപ്പം പുറത്തേക്കു തള്ളിവരുകയും ചെയ്യുന്നു. എന്നാൽ ശത്രുവിന്റെ തലവെട്ടം കണ്ടാൽ അതു തോടിനുള്ളിലേക്കു വലിയുന്നു!
പവിഴക്കടലുകളിൽ കാണാൻ കഴിയുന്ന മഹനീയ ദൃശ്യങ്ങളുടെ ഒരു മിന്നൊളി ദർശനം മാത്രമേ ഈ ചിത്രങ്ങൾ നമുക്കു പ്രദാനം ചെയ്യുന്നുള്ളൂ. എങ്കിലും യഹോവയുടെ സൃഷ്ടിപരമായ ജ്ഞാനം പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു സ്ഥലമാണ് ഇവിടം.—റോമർ 1:20.
[16,17 പേജുകളിലെ ചിത്രം]
1. കടുവാ കവടിയെ ഇപ്പോഴും പണമായി ഉപയോഗിച്ചുവരുന്നു
2. ഈ “പുഷ്പങ്ങൾ” വാസ്തവത്തിൽ കുഴൽപ്പുഴുക്കളാണ്
3. സ്പോഞ്ജ് ഒരു ജന്തുവാണ്, സസ്യമല്ല
4. ചിപ്പി പ്ലവകങ്ങളെ തിന്നുന്നു (വായ് കാണിച്ചിരിക്കുന്നു)