പവിഴപ്പുറ്റ്—അപകടത്തിലും നാശത്തിലും
സമുദ്രം ഏറ്റവും തെളിഞ്ഞു കാണപ്പെടുന്നത് ഉഷ്ണമേഖലാപ്രദേശങ്ങളിലാണ്. അവിടെ അതു പളുങ്കുപോലെ, നീല പളുങ്കുപോലെ വ്യക്തമാണ്. 15 മീറ്റർ താഴെയായി കാണപ്പെടുന്ന വെളുത്ത മണൽത്തട്ടു തൊടാവുന്നത്ര അടുത്താണെന്നു തോന്നിപ്പോകുന്നു! നീന്തുന്നതിനുള്ള കാൽച്ചിറകുകളും മുഖംമൂടിയും ധരിച്ചോളൂ. ഉഷ്ണജലത്തിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ നിങ്ങളുടെ സ്നോർക്ൽ ക്രമീകരിക്കുക. കുമിളകൾ ദൃഷ്ടിപഥത്തെ ഒരു നിമിഷത്തേക്കു മറയ്ക്കുന്നു. ഇനി താഴോട്ടു നോക്കൂ. അതാ! പവിഴപ്പുറ്റിൽ കടിക്കുകയും അതിന്റെ ശകലങ്ങൾ തുപ്പിക്കളയുകയും ചെയ്യുന്ന ചെമപ്പും നീലയും നിറങ്ങളുള്ള വലിയ തത്തമീനിനെ കണ്ടോ. തുപ്പിക്കളയുന്നവ മണൽത്തട്ടിന്റെ ഭാഗമാകുന്നു. പൊടുന്നനെ, ഉഷ്ണമേഖലാ മത്സ്യങ്ങളുടെ ഒരു തിളങ്ങുന്ന മഴവില്ല്—ചെമപ്പ്, മഞ്ഞ, നീല, ഓറഞ്ച്, നീലാരുണവർണം—മിന്നിമറയുന്നു. എവിടെയും ചലനാത്മകമായിരിക്കുന്ന ജീവൻ. അതു നിങ്ങളുടെ ഇന്ദ്രിയങ്ങളെ കുളിരണിയിക്കുന്നു.
അതു പവിഴക്കാടാണ്. ജീവനുള്ള ആയിരക്കണക്കിനു കരങ്ങൾ നീട്ടിപ്പിടിച്ചുകൊണ്ട് അതു താഴെയുള്ള മണൽത്തട്ടിൽനിന്നു വളർന്നുപൊങ്ങുന്നു. തൊട്ടുമുന്നിൽ, ആറുമീറ്ററിലേറെ നീളവും അത്രത്തോളം തന്നെ വീതിയുമുള്ള, കടമാൻകൊമ്പു പവിഴപ്പുറ്റ് പ്രൗഢിയോടെ നിൽക്കുന്നു. കലമാൻകൊമ്പു പവിഴപ്പുറ്റ് ഏതാണ്ട് 23 മീറ്റർ അകലത്തിൽ കാണാം. കടമാൻകൊമ്പു പവിഴപ്പുറ്റിനെക്കാളും ചെറുതായ അവയുടെ ഏറെ ശോഷിച്ച ശാഖകൾ ആ പ്രദേശമാകെ കാടുപോലെ വ്യാപിക്കുന്നു. ഫലത്തിൽ മൃഗക്കൊമ്പുകൾപോലെ കാണപ്പെടുന്ന ഈ പവിഴപ്പുറ്റുകൾക്ക് എത്ര യോജിച്ച പേരുകളാണ് ഇട്ടിരിക്കുന്നത്! മത്സ്യങ്ങളും മറ്റു സമുദ്രജീവികളും അവയുടെ ശാഖകളിൽ ആഹാരവും പാർപ്പിടവും കണ്ടെത്തുന്നു.
പവിഴപ്പുറ്റു സസ്യങ്ങളാൽ നിർമിതമാണെന്നാണ് ഒരിക്കൽ വിചാരിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ അറിവ് അതു പവിഴപ്പുഴുക്കൾ എന്നു വിളിക്കപ്പെടുന്ന ജന്തു സമൂഹങ്ങളുടെ സഹായത്താൽ രൂപീകരിക്കപ്പെടുന്ന ചുണ്ണാമ്പുകല്ലാണെന്നാണ്. മിക്ക പവിഴപ്പുഴുക്കളും 2.5 സെൻറിമീറ്ററിൽ താഴെ വ്യാസമുള്ള ചെറുജീവികളാണ്. മൃദുല ശരീരമുള്ള പവിഴപ്പുഴു ശ്ലേഷ്മാവരണത്തോടുകൂടിയ കലയുടെ സഹായത്താൽ അയൽക്കാരന്റെ ശരീരത്തോടു പറ്റിപ്പിടിക്കുന്നു. പവിഴപ്പുഴുക്കൾ പകൽ സമയത്ത് അവയുടെ അസ്ഥിപഞ്ജരങ്ങളിലേക്കു വലിയുന്നതിനാൽ പവിഴപ്പുറ്റ് അപ്പോൾ കല്ലുപോലെയാണു കാണപ്പെടുന്നത്. എന്നാൽ രാത്രിയിൽ അതിനു രൂപമാറ്റം സംഭവിക്കുന്നു. എന്തുകൊണ്ടെന്നാൽ പവിഴപ്പുഴുക്കളുടെ നീണ്ട ഗ്രാഹികൾ (tentacles) പതുക്കെ വീശുമ്പോൾ പവിഴപ്പാറയ്ക്ക് ഒരു മൃദുലമായ, അവ്യക്ത ആകാരം ലഭിക്കുന്നു. പവിഴപ്പുഴുക്കൾ പങ്കിട്ടുപയോഗിക്കുന്ന കല്ലുപോലുള്ള “വൃക്ഷം” ആണ് അവയുടെ സംയുക്ത അസ്ഥിപഞ്ജരം, കടൽവെള്ളത്തിൽനിന്നു വേർതിരിച്ചെടുക്കപ്പെടുന്ന കാൽസ്യം കാർബണേറ്റ് സംയോജിപ്പിച്ചാണ് അതുണ്ടാക്കുന്നത്.
ഓരോ ഇനത്തിലുള്ള പവിഴപ്പുറ്റു സമൂഹവും തനതും അതുല്യവുമായ അസ്ഥിപഞ്ജരാകൃതി രൂപീകരിക്കുന്നു. വിസ്മയാവഹമായ ആകൃതികളിലും വലുപ്പങ്ങളിലും വർണങ്ങളിലുമുള്ള 350-തിലധികം വ്യത്യസ്ത ഇനങ്ങളിലുള്ള പവിഴപ്പുറ്റുകൾ ലോകമെമ്പാടും ഉണ്ട്. അവയുടെ സാധാരണ പേരുകൾ കരയിലെ വസ്തുക്കളെക്കുറിച്ചോ—വൃക്ഷ, സ്തംഭ, മേശ, അല്ലെങ്കിൽ കുട പവിഴപ്പുറ്റ്—സസ്യങ്ങളെക്കുറിച്ചോ—ലവംഗപ്പൂ, പച്ചടിക്കീര, സ്ട്രോബെറി, അല്ലെങ്കിൽ കൂൺ പവിഴപ്പുറ്റ്—നിങ്ങളെ ഓർമിപ്പിക്കുന്നു. ആ വലിയ മസ്തിഷ്ക പവിഴപ്പുറ്റു നിങ്ങൾ കണ്ടോ? അതിന് ആ പേരു കിട്ടിയതെങ്ങനെയെന്നു കാണാൻ എളുപ്പമാണ്!
ഈ ജലാന്തര വനത്തിൽ ജീവൻ തുടിച്ചു മറിയുന്നു, സൂക്ഷ്മാണു സസ്യങ്ങളും ജന്തുക്കളുംമുതൽ തിരണ്ടികളും സ്രാവുകളും വലിയ മൊറേ മനിഞ്ഞിലുകളും കടലാമകളുംവരെ അതിലുണ്ട്. നിങ്ങൾ ഒരിക്കലും കേട്ടിരിക്കാനിടയില്ലാത്ത ചില മത്സ്യങ്ങളും ഇവിടെയുണ്ട്: കടും മഞ്ഞനിറമുള്ള കോമാളി മത്സ്യം, നീലാരുണവർണമുള്ള ബ്യൂ ഗ്രിഗോറികൾ, കറുപ്പും വെള്ളയും നിറമുള്ള മൂറിഷ് ഐഡലുകൾ, ഓറഞ്ചു വർണമുള്ള കാഹള മത്സ്യം, കരിനീല നിറമുള്ള സർജൻമത്സ്യം, ഇൻഡിഗോ ഹാംലെറ്റുകൾ, അല്ലെങ്കിൽ തവിട്ടുനിറവും മഞ്ഞകലർന്ന തവിട്ടുനിറവും ഉള്ള സിംഹമത്സ്യം. ബാർബർഷോപ്പ് ചെമ്മീൻ, ചായംതേച്ച ചിറ്റാക്കൊഞ്ച്, കടുംചെമപ്പു നിറമുള്ള പ്രാപ്പിടിയൻ മത്സ്യം എന്നിവയെക്കുറിച്ചെന്ത്? എല്ലാ വർണങ്ങളിലും വലുപ്പങ്ങളിലും ആകൃതികളിലും ഉള്ളവയുണ്ട്. ചിലവ മനോഹരവും ചിലവ വിചിത്രവുമാണ്—എന്നാൽ എല്ലാം രസകരമാണ്. ആ സ്തംഭ പവിഴപ്പുറ്റിനു പിന്നിൽ ഒരു നീരാളി ഒളിച്ചിരിക്കുന്നതു കണ്ടോ! അത് ഒരു കക്ക പൊളിച്ചു തിന്നുകയാണ്. കരയിലെ വനങ്ങളിലെപ്പോലെതന്നെ, ഈ സമുദ്ര ലോകമാകുന്ന ഉടയാടയിൽ ജീവികളുടെ ഒരു വൻ വൈവിധ്യം നെയ്തുചേർക്കപ്പെട്ടിരിക്കുന്നു, എല്ലാം പവിഴക്കാടിന്റെ വൈവിധ്യത്തെ ആശ്രയിച്ചാണു കഴിയുന്നത്. പവിഴപ്പുഴുവിന്റെ പ്രത്യുത്പാദനചക്രവും പുതിയ പവിഴപ്പുറ്റു സമൂഹങ്ങൾ ഉണ്ടാക്കാനായി സമുദ്ര തിരമാലകളിലൂടെ സഞ്ചരിക്കാനുള്ള അതിന്റെ കഴിവും 1991 ജൂൺ 8 ലക്കം ഉണരുക!യിൽ (ഇംഗ്ലീഷ്) വിശദീകരിച്ചിരുന്നു.
പവിഴപ്പാറകൾ ഭൂമിയിലെ ഏറ്റവും വലിയ ജീവശാസ്ത്ര ഘടനകളാണ്. ഇവയിലൊന്നായ ഗ്രേറ്റ് ബാരിയർ റീഫ് ഓസ്ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തുനിന്നു മാറി 2,010 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു, ഇംഗ്ലണ്ടും സ്കോട്ട്ലൻഡും കൂടിയാലുള്ളത്രയും വിസ്തൃതി അത് ഉൾക്കൊള്ളുകയും ചെയ്യുന്നു. ഒരു പവിഴപ്പുറ്റിന് അനേകം ടൺ ഭാരമുള്ളതായിരിക്കാനും കടൽത്തട്ടിൽനിന്ന് ഒൻപതു മീറ്ററിലേറെ ഉയരാനും കഴിയും. പവിഴപ്പാറകൾ ആഴംകുറഞ്ഞ എല്ലാ ഉഷ്ണമേഖലാ ജലാശയങ്ങളിലും 60 മീറ്ററോളം ആഴത്തിൽ വളരുന്നു. അവയുടെ സ്വഭാവസവിശേഷതകൾ പ്രദേശംതോറും വ്യത്യാസപ്പെടുന്നു. അതുകൊണ്ട്, പവിഴപ്പുറ്റിന്റെ ഒരു കഷണം പരിശോധിച്ചാൽ അതു വളരുന്ന സമുദ്രവും സ്ഥലവുംപോലും വിദഗ്ധർക്കു പറയാൻ കഴിയും. പരിമിതമായ അളവിൽ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ജലമാണു പവിഴപ്പാറകളുടെ വളർച്ചയ്ക്ക് ആവശ്യമായ ചുറ്റുപാട്. അവയുടെ സാമീപ്യത്തിൽ സമുദ്രം അസാധാരണമാംവിധം തെളിവുള്ളതായിരിക്കുന്നതെന്തുകൊണ്ടെന്ന് ഇതു വിശദീകരിക്കുന്നു. പവിഴപ്പുറ്റിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതു പവിഴപ്പുഴുവിന്റെ സുതാര്യ ശരീരത്തിൽ ജീവിക്കുന്ന (സൂക്സാൻഥെല്ലേ എന്ന ശാസ്ത്രീയ നാമമുള്ള) ആൽഗകളും പവിഴപ്പുഴുവിന്റെ ഗ്രാഹികളിൽ കുടുങ്ങുന്ന സൂക്ഷ്മാണു ജന്തുക്കളുമാണ്. പവിഴപ്പാറ ഇല്ലായിരുന്നെങ്കിൽ അഭയസ്ഥാനങ്ങളില്ലാതാകുമായിരുന്ന സമുദ്രങ്ങളിൽ അത് ആയിരക്കണക്കിനു സമുദ്രജീവികൾക്ക് പാർപ്പിടമായി ഉതകുന്നു എന്നതാണ് അന്തിമ ഫലം.
കൂടാതെ, സമുദ്രത്തിലെ ആവാസവ്യവസ്ഥകളിൽവെച്ച് ജീവശാസ്ത്രപരമായി ഏറ്റവും ഉത്പാദനക്ഷമതയുള്ളതു പവിഴപ്പാറകൾക്കാണ്. യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് അത് ഈ രീതിയിൽ വർണിച്ചു: “സമുദ്രത്തിലെ, വളരെയധികം ജീവജാലങ്ങളാൽ തിങ്ങിനിറഞ്ഞ പവിഴപ്പാറകൾ ഉഷ്ണമേഖലാ മഴക്കാടുകൾക്കു തുല്യമാണ്. ഇളകിയാടുന്ന കടൽ വിശറികൾ, കടൽ ചമ്മട്ടികൾ, ഫെതറി ക്രൈനോയ്ഡുകൾ, നിയോൺ-ഹ്യൂഡ് മത്സ്യം, സ്പഞ്ചുകൾ, ചെമ്മീൻ, ചിറ്റാക്കൊഞ്ച്, നക്ഷത്ര മത്സ്യം എന്നിവയും ഭയാവഹങ്ങളായ സ്രാവുകളും ഭീമൻമാരായ മൊറേ മനിഞ്ഞിലുകളും ഇവയിൽ പെടുന്നു. ഇവയെല്ലാം വാസസ്ഥലത്തിനുവേണ്ടി പവിഴപ്പുറ്റിന്റെ തുടർച്ചയായ ഉത്പാദനത്തെ ആശ്രയിക്കുന്നു.” കൂടാതെ, തള്ളിക്കയറുന്ന തിരമാലകൾക്കും കടൽത്തീരങ്ങൾക്കും മധ്യേ ഒരു മതിൽപോലെ നിന്നുകൊണ്ടും ആയിരക്കണക്കിന് ഉഷ്ണമേഖലാ ദ്വീപുകൾക്ക് അടിത്തറ പാകിക്കൊണ്ടും പവിഴപ്പാറകൾ കരയിലെ ജീവിതത്തിനു താങ്ങായി വർത്തിക്കുന്നു.
ആതിഥേയജീവിയായ, സുതാര്യമായ പവിഴപ്പുഴുവിൽ വസിക്കുന്ന ആൽഗയുടെ ഇനമനുസരിച്ച് ആരോഗ്യമുള്ള പവിഴപ്പുറ്റിനു തവിട്ടോ പച്ചയോ ചെമപ്പോ നീലയോ മഞ്ഞയോ നിറമാണുള്ളത്. സൂക്ഷ്മാണു സസ്യങ്ങളായ ആൽഗകൾ അവയുടെ സഹജന്തുവിലൂടെ തിളങ്ങിയിറങ്ങുന്ന സൂര്യപ്രകാശം ഉപയോഗപ്പെടുത്തുകയും കാർബൺ ഡൈ ഓക്സൈഡുൾപ്പെടെയുള്ള, പവിഴപ്പുഴുവിന്റെ വിസർജ്യങ്ങൾ തങ്ങളുടെ പോഷണത്തിനായി വലിച്ചെടുക്കുകയും ചെയ്യുന്നു. അതിനു പകരമായി ആൽഗകൾ പ്രകാശസംശ്ലേഷണത്തിലൂടെ പവിഴപ്പുറ്റിലെ കലകൾക്ക് ഓക്സിജനും ആഹാരവും ഊർജവും പ്രദാനംചെയ്യുന്നു. ആൽഗകളുമായുള്ള ഈ പങ്കാളിത്തം കൂടുതൽ വേഗത്തിൽ വളരാനും പോഷകങ്ങൾ കുറവായ ഉഷ്ണമേഖലാ ജലാശയങ്ങളിൽ അതിജീവിക്കാനും പവിഴപ്പുറ്റിനെ അനുവദിക്കുന്നു. സസ്യ-ജന്തു ലോകങ്ങളിലെ ഏറ്റവും മെച്ചമായവ ഇരുകൂട്ടരും ആസ്വദിക്കുന്നു. എന്തൊരു വിദഗ്ധവും ജ്ഞാനപൂർവകവുമായ രൂപകൽപ്പന!
ജീവനില്ലാത്ത, നിറംമങ്ങിയ അസ്ഥിപഞ്ജരങ്ങൾ
അടിയിൽ വളരെയധികം പ്രവർത്തനം നടക്കുന്നുവെന്നതിനു യാതൊരു സംശയവുമില്ല! നോക്കൂ, അതെന്താണ്? ജീവനില്ലാത്ത, നിറംമങ്ങിയ അസ്ഥിപഞ്ജരങ്ങൾ. ശിഖരങ്ങൾ അടർന്നു പോകുകയും പൊടിയുകയും ചെയ്യുന്നുണ്ട്. ചിലത് ഇപ്പോൾത്തന്നെ പൊടിഞ്ഞുതീർന്നിരിക്കുന്നു. പവിഴക്കാടിന്റെ ഈ ഭാഗം നശിച്ചുകഴിഞ്ഞതോ നശിച്ചുകൊണ്ടിരിക്കുന്നതോ ആണ്. മത്സ്യങ്ങളില്ല. ചെമ്മീനില്ല. ചിറ്റാക്കൊഞ്ചില്ല. യാതൊന്നുമില്ല. അതൊരു ജലാന്തര മരുഭൂമിയാണ്. അവിശ്വാസംകൊണ്ടു നിങ്ങളുടെ കണ്ണു തള്ളിപ്പോകുന്നു. എന്തൊരു ഞെട്ടൽ! നിങ്ങളുടെ സന്തോഷാനുഭവം താറുമാറായിരിക്കുന്നു. നിങ്ങൾ ബോട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞിട്ടും അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു. ഈ വിനാശത്തിന് ഇടയാക്കിയത് എന്തായിരിക്കാം? ഒരു അപകടമോ? രോഗമോ? പ്രകൃതിദത്ത കാരണങ്ങളോ? നിങ്ങൾക്ക് ഉത്തരങ്ങൾ വേണം.
കല്ലുപോലുള്ള പവിഴപ്പുറ്റു കടുപ്പമുള്ളതായി കാണപ്പെടുന്നെങ്കിലും അതു തീർത്തും ദുർബലമാണ്. മനുഷ്യന്റെ ഒരു സ്പർശനം മതി അതിനു കേടു സംഭവിക്കാൻ. അതുകൊണ്ട് ജ്ഞാനികളായ ഡ്രൈവർമാർ അതിനെ സ്പർശിക്കുന്നത് ഒഴിവാക്കുന്നു, ശ്രദ്ധയുള്ള ബോട്ട് ഡ്രൈവർമാർ അതിൽ നങ്കൂരമിടുന്നില്ല. പവിഴപ്പുറ്റിനുള്ള മറ്റ് അപകടങ്ങൾ രാസ മലിനീകരണം, എണ്ണച്ചോർച്ചകൾ, ഓടകളിൽനിന്നുള്ള മാലിന്യങ്ങൾ, മരം മുറിക്കൽ, കൃഷിസ്ഥലത്തുനിന്ന് ഒഴുകിവരുന്ന മാലിന്യങ്ങൾ, മണ്ണെടുപ്പ്, ചെളി അടിയൽ, ശുദ്ധജലത്തിന്റെ കയറിവരൽ എന്നിവയാണ്. ബോട്ടുകളുടെ അടിഭാഗം നേരിട്ടുവന്ന് ഇടിക്കുന്നതു വിനാശത്തിന് ഇടയാക്കുന്നു. അങ്ങേയറ്റത്തെ താപനിലകൾ പവിഴപ്പുറ്റിനു ഹാനിവരുത്തുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു. സമ്മർദം അനുഭവപ്പെടുമ്പോൾ പവിഴപ്പുറ്റ് അതിന്റെ ആൽഗകളെ കട്ടിയുള്ള പടലങ്ങളായി പുറന്തള്ളുന്നു, മത്സ്യം അതിനെ ഉടൻതന്നെ തിന്നുകളയുന്നു. സമ്മർദപൂർണമായ അവസ്ഥകൾ ആഴ്ചകളോളമോ മാസങ്ങളോളമോ നിലനിൽക്കുന്നെങ്കിൽ നിറംമങ്ങൽ സംഭവിക്കുകയും പവിഴപ്പുറ്റു നശിക്കുകയും ചെയ്യുന്നു. പവിഴപ്പുറ്റു നശിക്കുമ്പോൾ പവിഴപ്പാറ പരിസ്ഥിതിയും നശിക്കുന്നു. ജീവജാലങ്ങൾ വേർപെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
നിറംമങ്ങൽ എല്ലാ ഉഷ്ണമേഖലാ സമുദ്രങ്ങളിലും വ്യാപകമായിത്തീർന്നിരിക്കുന്നു. അതിന്റെ ഫലമായി ലോകമെമ്പാടുമുള്ള സമുദ്രശാസ്ത്ര സമുദായത്തിൽ അപകടമണി മുഴങ്ങുകയാണ്. വൻതോതിൽ നിറംമങ്ങൽ സംഭവിക്കുമ്പോൾ നാശം അപരിഹാര്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ ലോകത്തിലെ ഉഷ്ണമേഖലാ സമുദ്രങ്ങളിലുടനീളം സംഭവിച്ചിരിക്കുന്ന കാര്യങ്ങളിലൂടെ പവിഴപ്പുറ്റിന്റെ നിറംമങ്ങലിന്റെയും തുടർന്നുണ്ടാകുന്ന നാശത്തിന്റെയും വ്യാപ്തി വേദനാകരമായ വിധത്തിൽ ലോകശ്രദ്ധയിലേക്കു വരുത്തപ്പെട്ടിരിക്കുന്നു. പവിഴപ്പുറ്റുകൾക്ക് അനേകവർഷങ്ങളായി കാലാനുക്രമവും പ്രാദേശികവുമായി നിറംമങ്ങൽ സംഭവിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ വിനാശം മുമ്പെന്നത്തെക്കാളും ഗുരുതരവും ഗോളവ്യാപകവുമാണ്. പവിഴപ്പാറകളുടെ പരിസ്ഥിതിയുടെ നാശത്തിന് ഇടയാക്കിക്കൊണ്ടു ലോകമെമ്പാടുമുള്ള മിക്ക വർഗങ്ങളിലെയും ജീവനുള്ള പവിഴപ്പുറ്റുകളെ എന്തോ ഒന്ന് ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.