നശിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പാറകൾ—മനുഷ്യർ ഉത്തരവാദികളാണോ?
ലോകത്തിലെ ജീവനുള്ള പവിഴപ്പാറകളുടെ 5 മുതൽ 10 വരെ ശതമാനത്തിന്റെ നാശത്തിന് ആളുകൾ പ്രത്യക്ഷമായോ പരോക്ഷമായോ കാരണക്കാരായിരിക്കുന്നുവെന്നും മറ്റൊരു 60 ശതമാനം അടുത്ത 20 മുതൽ 40 വരെ വർഷത്തിനുള്ളിൽ നശിച്ചേക്കാമെന്നും പവിഴപ്പാറകളെക്കുറിച്ചുള്ള 1992-ലെ സാർവദേശീയ സിംപോസിയം റിപ്പോർട്ടു ചെയ്തു. ഓസ്ട്രേലിയൻ സമുദ്രശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലൈവ് വിൽകിൻസൺ പറയുന്നതനുസരിച്ച്, സാമാന്യം ആരോഗ്യമുള്ളതു വിദൂര പ്രദേശങ്ങളിലുള്ള പവിഴപ്പാറകൾക്കു മാത്രമാണ്. നാശം സംഭവിച്ച “പവിഴപ്പാറകൾ” ഉള്ള പ്രദേശങ്ങളിൽ “ഏഷ്യയിലെ ജപ്പാൻ, തയ്വാൻ, ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ഇന്ത്യ എന്നിവയും ആഫ്രിക്കയിലെ കെനിയ, ടാൻസാനിയ, മൊസാമ്പിക്, മഡഗാസ്കർ എന്നിവയും അമേരിക്കകളിലെ ഡോമിനിക്കൻ റിപ്പബ്ളിക്ക്, ഹെയ്റ്റി, ക്യൂബാ, ജമെയ്ക്ക, ട്രിനിഡാഡ്, ടൊബേഗോ, ഫ്ളോറിഡ എന്നിവയും ഉൾപ്പെടുന്നു”വെന്ന് യുഎസ്എ ടുഡേ എന്ന പത്രം പ്രസ്താവിച്ചു. “നാശത്തിന്റെ കാരണങ്ങൾ വ്യത്യസ്തമാണ്, എന്നാൽ ഉയർന്ന തീരദേശ ജനസംഖ്യകളും തീരദേശത്തെ വൻ വികസനവും എല്ലാ രാജ്യങ്ങളും പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.”
പവിഴപ്പാറകൾ സാധാരണമായി അവയുടെ സ്ഥാനമനുസരിച്ച്, 25 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയ്ക്കുള്ള താപനിലകളിലാണു കടൽജലത്തിൽ തഴച്ചുവളരുന്നത്. ആരോഗ്യമുള്ള പവിഴപ്പുറ്റിന് അനുകൂലമായ ചുരുങ്ങിയ താപനിലാ പരിധി മാരകമായ താപനിലയ്ക്കു വളരെ അടുത്താണ്. സാധാരണഗതിയിൽ വേനൽക്കാലത്തുള്ള ഏറ്റവും കൂടിയ താപനിലയെക്കാൾ ഒന്നോ രണ്ടോ ഡിഗ്രി കൂടിയാൽ അതു മാരകമായിരിക്കാൻ കഴിയും. പവിഴപ്പുറ്റിനു പ്രാദേശികമായി സംഭവിക്കുന്ന നിറംമങ്ങലിനും തുടർന്നുണ്ടാകുന്ന നാശത്തിനും ഇടയാക്കുന്ന വിവിധ കാരണങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നിരിക്കെ, ലോകവ്യാപകമായ ഒരു പൊതു കാരണം ആഗോള തപനം ആയിരുന്നേക്കാമെന്ന് അനേകം ശാസ്ത്രജ്ഞൻമാർ സന്ദേഹിക്കുന്നു. സയൻറിഫിക് അമേരിക്കൻ മാഗസിൻ ഈ നിഗമനത്തെക്കുറിച്ച് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “1987-ൽ പവിഴപ്പുറ്റിന്റെ നിറംമങ്ങലിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതും ആഗോള തപനത്തെക്കുറിച്ചു വർധിച്ചുവരുന്ന ഉത്കണ്ഠയുണ്ടായതും ഒരുമിച്ചായിരുന്നു. അതുകൊണ്ട്, ചില ശാസ്ത്രജ്ഞൻമാരും മറ്റുചില നിരീക്ഷകരും കൽക്കരി ഖനിയിലെ കാനറി പക്ഷിയെപ്പോലെയാണു പവിഴപ്പാറകൾ എന്ന നിഗമനത്തിലെത്തിയത് അതിശയമല്ലായിരുന്നു—സമുദ്ര താപനിലകളിലെ ആഗോള വർധനവിന്റെ ആദ്യ സൂചനയാണിത്. നിറംമങ്ങലിനിടയാക്കിയതു പ്രാദേശിക സമുദ്രജല താപനിലകളിലെ വർധനവായിരിക്കുന്നതായി കാണപ്പെടുന്നുവെങ്കിലും അതിനു കാരണം ആഗോള തപനമാണെന്ന നിഗമനത്തിലെത്താൻ ഇപ്പോൾ കഴിയുകയില്ല.
യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് ഇപ്രകാരം പറഞ്ഞു: “അസാധാരണമായ അളവിൽ തപ്തമായ സമുദ്രങ്ങൾ അടുത്തകാലത്തു വലിയ തോതിൽ നിറംമങ്ങലിന് ഇടയാക്കിയിരിക്കുന്നു എന്ന സിദ്ധാന്തത്തെ കരീബിയനിലെ അടുത്തകാലത്തെ പഠനങ്ങൾ പിന്താങ്ങുന്നു.” ഗ്ലോബൽ കോറൽ റീഫ് അലയൻസിന്റെ തലവനായ തോമസ് ജെ. ഗൊറോ പവിഴപ്പാറകളുടെ ദയനീയാവസ്ഥയെ ആമസോൺ മഴക്കാടിന്റെ നാശത്തോടു നിരാശാപൂർവം താരതമ്യപ്പെടുത്തി. “അമ്പതു വർഷം കഴിയുമ്പോൾ മഴക്കാടുകളുടെ കുറച്ചു ഭാഗം ഉണ്ടായിരിക്കും. എന്നാൽ ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്ന നിരക്കിൽ പവിഴപ്പാറകൾ നശിക്കുകയാണെങ്കിൽ അവ അത്രയുംനാൾ നിൽക്കില്ല,” അദ്ദേഹം പറഞ്ഞു.
ലോകവ്യാപക നാശം—അനേകം കാരണങ്ങൾ
1983-ൽ മധ്യ അമേരിക്കയിലെ പസഫിക് തീരത്തുള്ള പവിഴപ്പുറ്റിന്റെ 95 ശതമാനത്തോളം നശിച്ചു. മധ്യ പസഫിക്കിലും പശ്ചിമ പസഫിക്കിലും അതേസമയത്തുതന്നെ അത്ര വിനാശകമല്ലാത്ത സമാനമായ ഒരു നിറംമങ്ങൽ സംഭവിച്ചു. ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിലും പസഫിക് സമുദ്രത്തിന്റെയും ഇന്ത്യൻ സമുദ്രത്തിന്റെയും ഭാഗങ്ങളിലും ഗുരുതരമായ തോതിൽ നിറംമങ്ങൽ സംഭവിച്ചു. തായ്ലൻഡ്, ഇൻഡോനേഷ്യ, ഗാലപ്പഗോസ് ദ്വീപുകൾ എന്നിവയും നാശത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്തു. അതിനുശേഷം, ബഹാമസ്, കൊളംബിയ, ജമെയ്ക്ക, പോർട്ടറിക്കോ എന്നിവിടങ്ങൾക്കു സമീപവും അതുപോലെതന്നെ ദക്ഷിണ ടെക്സാസ്, യു.എസ്.എ.-യിലെ ഫ്ളോറിഡ എന്നിവിടങ്ങളിലും വിപുലമായ അളവിൽ നിറംമങ്ങൽ സംഭവിച്ചു.
പവിഴപ്പാറകളുടെ ഒരു ലോകവ്യാപക നാശം ഉരുത്തിരിയുകയായിരുന്നു. നാച്ചുറൽ ഹിസ്റ്ററി ഇപ്രകാരം നിരീക്ഷിച്ചു: “പവിഴപ്പാറ ആവാസവ്യവസ്ഥകളെക്കുറിച്ചു പഠിക്കാനുപയോഗിച്ച, താരതമ്യേന ഹ്രസ്വമായ ആ സമയത്ത് അടുത്തകാലത്തെ നിരക്കിൽ നിറംമങ്ങൽ സംഭവിച്ചതായി ഒരിക്കലും കണ്ടില്ല. മിയാമി സർവകലാശാലയിലെ ഒരു ജീവശാസ്ത്രജ്ഞനായ പീറ്റർ ഗ്ലിൻ ഗുരുതരമായ അളവിൽ നിറംമങ്ങൽ സംഭവിച്ച കിഴക്കൻ പസഫിക്കിലെ 400 വർഷം പഴക്കമുള്ള പവിഴപ്പുറ്റുകൾ പരിശോധിക്കുകയുണ്ടായി. കഴിഞ്ഞകാലത്തു സമാനമായ വിപത്തുകൾ സംഭവിച്ചതായുള്ള യാതൊരു തെളിവും അദ്ദേഹം കണ്ടില്ല. 1980-കളിലെ പൊതു തപനത്തിനു പവിഴപ്പാറകളുടെമേൽ ഒരു ഉഗ്രമായ ഫലം ഉണ്ടായിരുന്നിരിക്കാമെന്നു ഗുരുതരമായ അളവിലുള്ള നിറംമങ്ങൽ സൂചിപ്പിക്കുന്നു. ഹരിതഗൃഹ പ്രഭാവം (greenhouse effect) ഇനിയും കൂടിയ താപനിലകൾക്ക് ഇടയാക്കുന്നപക്ഷം പവിഴപ്പാറകളുടെ ഭാവിയെന്താണെന്നും അതു മൂൻകൂട്ടിപ്പറഞ്ഞേക്കാം. ദുഃഖകരമെന്നു പറയട്ടെ, ലോകവ്യാപകമായ നിറംമങ്ങൽ പരിവൃത്തികളുടെ ആവൃത്തി വർധിപ്പിച്ചുകൊണ്ട് ആഗോള തപനവും പാരിസ്ഥിതിക അധഃപതനവും മിക്കവാറും നിലനിൽക്കുകയും കൂടുതൽ തീവ്രമാകുകയും ചെയ്യുമെന്നതു തീർച്ചയാണ്.”
യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് മറ്റൊരു കാരണം ആയിരിക്കാൻ കഴിയുന്നതിലേക്കു വിരൽചൂണ്ടി: “ഹാനികരമായ അൾട്രാവയലറ്റ് വികിരണത്തിൽനിന്നു ജീവനുള്ള സൃഷ്ടികളെ സംരക്ഷിക്കുന്ന ഓസോൺ പാളിയുടെ കട്ടികുറയലും പവിഴപ്പാറകളുടെ അടുത്തകാലത്തെ നാശത്തിനു കുറെ ഉത്തരവാദിത്വം വഹിച്ചേക്കാം.”
ലോകജനസംഖ്യയുടെ പകുതിയിലധികവും പാർക്കുന്ന തീരപ്രദേശങ്ങളിൽ മനുഷ്യന്റെ ഉത്തരവാദിത്വമില്ലായ്മ പവിഴപ്പാറകളിൽ ഭാരിച്ച സമ്മർദം ചെലുത്തിയിരിക്കുന്നു. 93 രാജ്യങ്ങളിൽ ആളുകൾ പവിഴപ്പാറയുടെ ഗണ്യമായ അളവിനു ഹാനിവരുത്തുകയോ അതിനെ നശിപ്പിക്കുകയോ ചെയ്തിരിക്കുന്നതായി ലോക സംരക്ഷണ സമിതിയും ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയും നടത്തിയ ഒരു പഠനം കണ്ടെത്തി. മിക്ക വികസ്വര പ്രദേശങ്ങളും തങ്ങളുടെ അസംസ്കൃത മാലിന്യങ്ങൾ നേരിട്ടു സമുദ്രത്തിലേക്കു തള്ളിവിട്ടുകൊണ്ട് അതിനെ മലിനമാക്കുന്നു.
ഉപ്പുവെള്ളത്തിലും അരിച്ചുകളഞ്ഞ മാലിന്യങ്ങളിലും അതിജീവിക്കുന്ന കണ്ടൽവൃക്ഷങ്ങളെ തടിക്കും വിറകിനുമായി വെട്ടുന്നു. പവിഴപ്പാറകളെ വെട്ടിക്കീറുകയും നിർമാണ വസ്തുക്കൾക്കായി ഖനനം ചെയ്യുകയും ചെയ്യുന്നു. ശ്രീലങ്കയിലും ഇന്ത്യയിലും പവിഴപ്പാറയുടെ മുഴുഭാഗങ്ങളും പൊടിച്ചു സിമന്റാക്കിയിരിക്കുന്നു. വലുതും ചെറുതുമായ കപ്പലുകൾ പവിഴപ്പാറകളിൽ നങ്കൂരമിടുകയോ അവയുടെ പുറത്തുകൂടെ ഓടിച്ചുകൊണ്ട് അവയെ പൊടിച്ചു കഷണങ്ങളാക്കുകയോ ചെയ്യുന്നു.
ഫ്ളോറിഡായിലെ ജോൺ പെന്നെകംപ് പവിഴപ്പാറ സംസ്ഥാന പാർക്കിൽ എന്തു സംഭവിക്കുന്നുവെന്നു നാഷണൽ ജിയോഗ്രഫിക്ക് മാഗസിൻ വിവരിക്കുന്നു: “അവരുടെ ബോട്ടുകൾ ജലത്തെയും അതിലുള്ള എല്ലാത്തിനെയും പെട്രോളിയം ഉത്പന്നങ്ങളാലും മാലിന്യങ്ങളാലും മലിനമാക്കുന്നു. ശരിയായി ഓടിക്കാൻ അറിയാത്ത ഡ്രൈവർമാർ പവിഴപ്പാറകളിലേക്കു പാഞ്ഞുകയറുന്നു. അവർ പ്ലാസ്റ്റിക് ഫോം കപ്പുകൾ, അലൂമിനിയം പാത്രങ്ങൾ, ഗ്ലാസ്സുകൾ, പ്ലാസ്റ്റിക് സഞ്ചികൾ, കുപ്പികൾ, മൈലുകളോളം കെട്ടുപിണഞ്ഞു കിടക്കുന്ന ചൂണ്ടച്ചരടുകൾ എന്നിവ സമുദ്രത്തിലാകെ ചിതറിച്ചിടുന്നു. ഈ അവശിഷ്ടങ്ങൾ എളുപ്പത്തിൽ നശിക്കുന്നില്ല—വാസ്തവത്തിൽ അവ നശിപ്പിക്കാനാവാത്തവയാണ്.”
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
By courtesy of Australian International Public Relations
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of Bahamas Ministry of Tourism