ലോക ജനസംഖ്യാ വർദ്ധനവ്—ഒരു പ്രധാന പ്രശ്നം
“ശിശു അഞ്ഞൂറുകോടി.” ചൈനീസ് ഗവൺമെൻറ് 1987 ജൂലൈ 11-ാം തീയതി അർദ്ധരാത്രിക്ക് ബെയ്ജിങ്ങിലെ ഒരു ആശുപത്രിയിൽ ജനിച്ച വാൻ ഹെ എന്ന ഒരു പെൺകുട്ടിയെ വിളിച്ചത് അങ്ങനെയാണ്. ആ ശിശു അപ്പോൾ ലോകജനസംഖ്യയെ യഥാർത്ഥത്തിൽ 500,00,00,000 ആക്കി തികച്ചോയെന്ന് ആർക്കും പറയാൻ കഴിയില്ല. എന്നുവരികിലും, ലോകജനസംഖ്യ ആ അക്കത്തിൽ എത്തുമെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞ കൃത്യസമയത്ത് അവൾ ജനിച്ചു. ചൈനയും ലോകവും നേരിടുന്ന ജനസംഖ്യാ വർദ്ധനവിന്റെ രൂക്ഷപ്രശ്നം നാടകീയമായി അവതരിപ്പിക്കാൻ ചൈനീസ് ഗവൺമെൻറ് ആ സംഭവത്തെ പ്രയോജനപ്പെടുത്തിയെന്നു മാത്രം.
ഭൂമിയിലെ ആളുകളുടെ എണ്ണം ചില വിദഗ്ദ്ധരെ ഞെട്ടിക്കുന്ന ഒരു നിരക്കിൽ വർദ്ധിക്കുകയാണെന്ന് സ്ഥിതിവിവരക്കണക്ക് സൂചന നൽകുന്നു. ഇപ്പോഴത്തെ വളർച്ചാനിരക്കിൽ ഭൂമിയിലെ ജനസംഖ്യ വെറും 40 വർഷംകൊണ്ട് ഇരട്ടിക്കും. അങ്ങനെ പോയാൽ, ലോകജനസംഖ്യയെ തീററിപ്പോററാൻ ആവശ്യമായ ഭക്ഷണത്തിന്റെ അളവ് പെട്ടെന്നുതന്നെ ഉത്പാദനത്തെ കവച്ചുവെക്കുമെന്നും ഫലം ലോക പട്ടിണിയായിരിക്കുമെന്നും വിദഗ്ദ്ധർ നമ്മോടു പറയുന്നു. അതിനുപുറമെ, ലോകത്തിലെ പ്രകൃതിവിഭവങ്ങളുടെ ലഭ്യത ക്ലിപ്തമായതുകൊണ്ട് വർദ്ധിച്ച ജനപ്പെരുപ്പം നിമിത്തം അവ പെട്ടെന്നുതന്നെ കാലിയാകും, കൂടാതെ ഇതിന് ഭൂവ്യാപകമായ അനർത്ഥം മാത്രമേ അർത്ഥമാക്കാൻ കഴിയൂ. ഭക്ഷണത്തിന്റെയും വിഭവങ്ങളുടെയും അഭാവം നമുക്ക് അന്തം വരുത്തുകയില്ലെങ്കിൽ നാം വരുത്തിക്കൂട്ടുന്ന പരിസ്ഥിതിനാശം സുനിശ്ചിതമായും അതു കൈവരുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. നാം വായുവിനോടും വെള്ളത്തോടും കരയോടും ചെയ്തുകൊണ്ടിരിക്കുന്നതിനാൽ അക്ഷരാർത്ഥത്തിൽ നാംതന്നെ ശ്വാസംമുട്ടുകയാണ്, ആളുകളുടെ വർദ്ധനവ് അതിന്റെ ഗതിവേഗം കൂട്ടുകയേയുള്ളു. ഇതെല്ലാം ആസന്നമായ ഒരു വിപത്തുപോലെ തോന്നിക്കുന്നു.
എങ്കിലും, അതു സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും? ആ വിഷയത്തിൽ പല ആശയഗതികൾ ഉണ്ട്. ജനസംഖ്യാ വർദ്ധനവു കുറക്കാൻ കർശനനടപടി സ്വീകരിക്കാത്തപക്ഷം എല്ലാ മനുഷ്യരുടെയും സൗഭാഗ്യം തകരുമെന്ന് ചിലർ കരുതുന്നു. കഴിഞ്ഞ കാലത്തു സത്യമായിരുന്നതുപോലെ, ഭക്ഷ്യവും വിഭവങ്ങളും മലിനീകരണവും മറെറന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നോ അതും കൈകാര്യം ചെയ്യുന്നതിനു പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തപ്പെടുമെന്നു മററുള്ളവർ വിശ്വസിക്കുന്നു. മൊത്തം ജനസംഖ്യ ഒടുവിൽ ഒരു നിലവാരത്തിൽ ചെന്നുനിൽക്കുമെന്നും അതുകൊണ്ട് അതിനെക്കുറിച്ച് അതിരുകടന്ന് ഉത്ക്കണ്ഠാകുലരാകേണ്ടതില്ല എന്നും മററു ചിലർ കരുതുന്നു. വാസ്തവത്തിൽ വിഷയത്തിന്റെ ഓരോ വശത്തെക്കുറിച്ചും ശക്തമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും ഉണ്ട്. വ്യക്തമായും ലോക ജനസംഖ്യാ വർദ്ധനവ് പ്രധാനമായ ഒരു തർക്കവിഷയമാണ്.
എന്നിരുന്നാലും, ഇപ്പോഴും താരതമ്യേന വിസ്തൃതവും ധനശേഷിയുള്ളതും ആയ ദേശങ്ങളിൽ ജീവിക്കുന്ന ആളുകളാണ്, സാധാരണയായി വരാൻപോകുന്ന നാശത്തെക്കുറിച്ച് വളരെ ശക്തമായി സംസാരിക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം. അവരുടെ ജീവിതനിലവാരം അഥവാ ഭാവിസൗഭാഗ്യം ഭീഷണിപ്പെടുത്തപ്പെടുന്നതായി മനസ്സിലാക്കുന്നതുകൊണ്ട് അവർ ആപത്സൂചന മുഴക്കുന്നു. എന്നാൽ ദരിദ്രവും അവികസിതവും ജനപ്പെരുപ്പമുള്ളതും ആയ ദേശങ്ങളിൽ താമസിക്കുന്നവരെ സംബന്ധിച്ചെന്ത്? ജനസംഖ്യാ പ്രശ്നത്തെക്കുറിച്ച് അവർ എങ്ങനെ വിചാരിക്കുന്നു? ലോകത്തിൽ തിങ്ങിഞെരുങ്ങിയ ഭാഗങ്ങളിലെ ജീവിതം എങ്ങനെയാണ്?
ജനസംഖ്യാ സ്ഫോടനത്തിന്റെ ഞെരുക്കത്തിൽ ജീവിക്കുന്നത് എങ്ങനെയിരിക്കും എന്നതിന്റെ നേരിട്ടുള്ള ഒരു കാഴ്ചപ്പാടു നിങ്ങൾക്കു നൽകുന്നതിനും ഉൾപ്പെട്ടിരിക്കുന്ന ചില പ്രശ്നങ്ങൾ ഗ്രഹിക്കാൻ നിങ്ങളെ സഹായിക്കുന്നതിനും ഉണരുക! നിങ്ങളെ ലോകത്തിലെ ഏററവും ജനപ്പെരുപ്പമുള്ള ചില സ്ഥലങ്ങളിലേക്ക് ആനയിക്കുകയാണ്. (g91 11/8)